ഞാൻ സ്വന്തം മകൾ അല്ല എന്നുപറഞ്ഞ് എന്നും ഉപദ്രവം ആയിരുന്നു, അതിന്റെ പേരിൽ..

(രചന: J. K)

അച്ഛൻ മരിച്ചപ്പോൾ നാട്ടുകാർ പോകുന്നത് പോലെ ഒന്ന് പോയി…

വെള്ള പുതച്ചു അനക്കം ഒന്നും ഇല്ലാതെ കിടക്കുന്ന അച്ഛനെ കണ്ടിട്ട് കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ പോലും വന്നില്ല..

അമ്മ അടുത്ത് തന്നെ ഇരിപ്പുണ്ട്..

“”””അനുമോളെ നിന്റെ അച്ഛൻ “””‘ എന്നു പറഞ്ഞ് അമ്മ വിതുമ്പുന്നുണ്ട്.. പക്ഷേ എന്തു പറഞ്ഞിട്ടും ഒരു സങ്കടത്തിന്റെ അംശം പോലും വന്നില്ല…

അല്ലെങ്കിലും ഒരു തുള്ളി സ്നേഹം തരാത്തവർ എന്നെ വിട്ടു പോകുമ്പോൾ ഞാനെന്തിന് സങ്കടപ്പെടുന്നു…

ജീവിതത്തിൽ എപ്പോഴെങ്കിലും മോളെ എന്ന് പറഞ്ഞ് അച്ഛൻ ചേർത്ത് പിടിച്ചിട്ടുണ്ടോ? അതായിരുന്നു ഒരു നിമിഷം ഞാൻ ചിന്തിച്ചു കൂട്ടിയത് ….

ഏറ്റവും നല്ല ഓർമ്മകളിൽ പോലും അങ്ങനെയൊരു നിമിഷം ഉണ്ടായിട്ടില്ല..
പിന്നെന്തിനാ ആ ഒരാൾ മരിക്കുമ്പോൾ കരയണം…

ആളുകളെ ബോധിപ്പിക്കാൻ വേണ്ടി വേണമെങ്കിൽ എനിക്കങ്ങനെ അഭിനയിക്കാം….

പക്ഷേ അപ്പോഴും എനിക്ക് പറ്റിക്കാൻ പറ്റാത്ത ഒന്നും ഉണ്ടല്ലോ എന്റെ മനസ്സാക്ഷിയെ….

അവിടുത്തെ കാര്യങ്ങളെല്ലാം ഭംഗിയായി ചെയ്തു തീർത്തു.. അവസാനമായി എടുക്കുകയാണ് എന്ന് പറഞ്ഞു…

അപ്പോൾ മാത്രം….അപ്പോൾ മാത്രം… ഉള്ളിലെവിടെയോ ഒരു നോവ് പടരുന്നത് അറിഞ്ഞിരുന്നു… അതു പക്ഷേ എന്റെ മിഴിയിൽ നിന്നും ഒരു തുള്ളി കണ്ണുനീര് ഉല്പാദിപ്പിക്കാൻ മാത്രം കരുത്തുള്ളത് ആയിരുന്നില്ല…

പെണ്ണുങ്ങൾ അന്ത്യ കർമം ചെയ്യുക പതിവില്ല അതുകൊണ്ടുതന്നെ എന്റെ മകൻ ആ കർമ്മം ഏറ്റെടുത്തു..

അപ്പൂപ്പന് വേണ്ടി അവൻ എല്ലാം ചെയ്തു.. അവസാനത്തെ ഒരു തുള്ളി നീര് ഞാനും നൽകി… രാത്രി മുറിയിൽ ഞാൻ തനിച്ചു കിടന്നു…

മേലേക്ക് നോക്കി കിടന്നപ്പോൾ ഈ വീട് എനിക്ക് തികച്ചും അന്യമാണെന്ന് തോന്നി… ഓർമ്മകൾ പുറകിലേക്ക് ഓടി..
ഓർമ്മവെച്ച നാൾ മുതൽ കണ്ടു വളർന്നതാണ് സംശയരോഗിയായ അച്ഛനെ…

ഞാൻ സ്വന്തം മകൾ അല്ല എന്നുപറഞ്ഞ് എന്നും ഉപദ്രവം ആയിരുന്നു…..

അതിന്റെ പേരിൽ അമ്മയെ ഒരിക്കൽപോലും അയാൾ ഉപദ്രവിച്ചില്ല എന്നത് എനിക്ക് അത്ഭുതമായിരുന്നു…

കണ്ണിൽ കാണുന്നതെല്ലാം എടുത്ത എന്നെ മാത്രം അയാൾ ഉപദ്രവിച്ചു… അച്ഛൻ എന്ന പേരിന്റെ നേരെ ഭയം എന്ന് എഴുതിച്ചേർത്തത് അന്നായിരുന്നു…

അതിന്റെ അളവ് കൂടിയപ്പോഴാണ് അമ്മ എന്നെ അമ്മയുടെ വീട്ടിലേക്ക് കൊണ്ടുചെന്നാക്കിയത്….

സ്കൂൾ വെക്കേഷൻ തുടങ്ങിയാൽ അമ്മ വീണ്ടും അങ്ങോട്ടേക്ക് കൂട്ടിക്കൊണ്ടുപോകും…

അവിടെ പണ്ടത്തെ പടി തന്നെ…

എന്റെ താഴെ ഒരു അനിയൻ ഉണ്ടായിരുന്നു… അച്ഛന്റെ ഓമന പുത്രൻ..

എന്റെ കൺമുന്നിൽ വച്ച് അവനെ താലോലിക്കുമ്പോൾ പലപ്പോഴും ഞാൻ അവൻ ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയിട്ടുണ്ട്..

പല രാത്രിയിലും ഞാൻ അമ്മയോട് കണ്ണുനീരോടെ ചോദിച്ചിട്ടുണ്ട് ഞാൻ അച്ഛന്റെ മകൾ അല്ലേ എന്ന്…

നീ അച്ഛന്റെ പൊന്നുമോള് തന്നെയാ എല്ലാം മാറും ഒരു ദിവസം അച്ഛൻ നിന്നെ സ്നേഹിക്കാൻ തുടങ്ങും എന്ന് പറഞ്ഞ് ആശ്വസിപ്പിക്കും ആയിരുന്നു അമ്മ…
ആ ഒരു നാളിനായുള്ള കാത്തിരിപ്പായിരുന്നു പിന്നെ…

ഒരിക്കലും ഒരിക്കലും അങ്ങനെ ഒന്ന് ഉണ്ടാവില്ല എന്നറിയാതെ…

ഒരിക്കൽ വെക്കേഷന് ഇതുപോലെ ചെന്നപ്പോഴാണ് അച്ഛൻ അവന് ബിരിയാണിയും ആയി വന്നത്…

എനിക്ക് കൊണ്ടുവന്നിട്ടില്ല എന്നറിയാതെ കയ്യും കഴുകി കഴിക്കാൻ ഇരുന്നു…

എന്റെ കുഞ്ഞിന് കൊതി പറ്റിക്കാതെ എണീറ്റു പോ അസത്തെ”””‘

എന്നു പറഞ്ഞ് അച്ഛൻ ആട്ടിയത് മാത്രമേ ഓർമ്മയുണ്ടായിരുന്നുള്ളൂ….
പിന്നീട് ഒന്നും എന്റെ കണ്ണിൽ തെളിഞ്ഞില്ല മിഴിനീർ ആയിരുന്നു കണ്ണുനിറയെ….

അതിന്റെ പരിഹാരത്തിനായി അമ്മ അപ്പോൾ തന്നെ വേറെ മേടിച്ചു തന്നെങ്കിലും ഒരു വറ്റ് പോലും ഇറക്കാൻ എനിക്കാവുന്നുണ്ടായിരുന്നില്ല….
ഒരു പന്ത്രണ്ടുകാരിയുടെ ഹൃദയം അത്രമേൽ നുറുങ്ങി പോയിരുന്നു..

അതിനുശേഷം എത്ര നിർബന്ധിച്ചിട്ടും ഒരു വെക്കേഷന് പോലും ഞാൻ ആ വീട്ടിലേക്ക് ചെന്നില്ല..

അമ്മയെ കെട്ടിപ്പിടിച്ചു കിടക്കണം എന്ന് ഏറെ ആഗ്രഹമുണ്ടായിരുന്നു എന്നിട്ട് കൂടി…

ഒടുവിൽ ഡിഗ്രി കഴിഞ്ഞതിനുശേഷം അമ്മാവന്മാർ തന്നെയാണ് ഒരാളെ കണ്ടുപിടിച്ചതും കല്യാണം കഴിപ്പിച്ചു തന്നതും…

അന്നവിടെ പറയുന്നത് കേട്ടിരുന്നു, ഏറെ നിർബന്ധിച്ചിട്ടാണ് അത്രേ കൈപിടിച്ചു നൽകാൻ അച്ഛൻ വരാമെന്ന് സമ്മതിച്ചത്…

അച്ഛൻ ജീവിച്ചിരിക്കുമ്പോൾ മറ്റാർക്കും അതിന് അവകാശമില്ലല്ലോ…

എന്റെ മുഖത്ത് പോലും നോക്കാതെ തികച്ചും അനിഷ്ടത്തോടെ കന്യാദാനം നടത്തിയ അച്ഛന്റെ മുഖം ഇന്നും ഓർമ്മയിൽ മായാതെ തെളിഞ്ഞു കിടപ്പുണ്ട്…

എന്റെ ആത്മാഭിമാനത്തിന് ഏറ്റ മുറിവുകൾ ആയിരുന്നു അവയോരോന്നും…

എന്റെ കുഞ്ഞുങ്ങൾ ഒക്കെ വാശിയോടെ ഞാൻ സ്നേഹിച്ചു…
ഭർത്താവിനെ കൊണ്ട് എന്നെക്കാൾ സ്നേഹിപ്പിച്ചു…

ഒരു വടിയെടുത്ത് പോലും അവരെ തല്ലാൻ ഞാൻ അദ്ദേഹത്തെ അനുവദിച്ചില്ല…

മുറിവേറ്റ എന്റെ ഹൃദയത്തിന്റെ മധുരമുള്ള പകരം വീട്ടൽ ആയിരുന്നു അവയെല്ലാം.. അദ്ദേഹത്തിനും കുഞ്ഞുങ്ങൾ എന്നുപറഞ്ഞാൽ ജീവനായിരുന്നു..

ഒരിക്കൽ ഉദിച്ച സൂര്യൻ പിന്നൊരിക്കൽ അസ്തമിക്കണമല്ലോ…

അച്ഛന് വയസ്സായി വയ്യായ്കൾ തുടങ്ങി…. ഓമനിച്ചു വളർത്തിയ സീമന്തപുത്രൻ സ്വന്തം ഭാര്യയും കുഞ്ഞുങ്ങളോടുമൊപ്പം മാറി താമസിച്ചു ഒരിക്കൽപോലും ഒന്ന് കാണാൻ പോലും വന്നില്ല….

അമ്മ ഓരോതവണ അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുപോകുമ്പോഴും എന്റെ അരികിൽ വന്ന് പണം മേടിച്ചു കൊണ്ടുപോയി…

ചേട്ടനോട് പറഞ്ഞ് ഞാൻ ആ പണം മേടിച്ചു കൊടുക്കുമ്പോൾ ഒക്കെ എന്തോ ആരോടൊക്കെയോ ജയിച്ച പ്രതീതിയായിരുന്നു എന്റെ മനസ്സിൽ….

തീരെ വയ്യ എന്നു പറഞ്ഞ് അമ്മ കഴിഞ്ഞതവണ വിളിച്ചപ്പോഴും കാണാൻ വന്നു…

യാതൊരു ഭാവവും കൂടാതെ തന്നെ നോക്കി കണ്ടു…

ശ്വാസമെടുക്കാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു അച്ഛൻ…. ഞാൻ വന്നത് അറിഞ്ഞു കാണും… അതാവാം എന്റെ മുഖത്തേക്ക് നോക്കി പെട്ടെന്ന് ആ മിഴികൾ മറ്റെങ്ങോട്ടോ ചലിപ്പിച്ചത്….

വയ്യാത്ത സമയത്ത് ഹോസ്പിറ്റലിൽ പോകാൻ എന്നെ ആശ്രയിച്ചു എന്നതല്ലാതെ അച്ഛന്റെ ജീവിതത്തിൽ അച്ഛന്റെ ശത്രുവിനു മേൽ പൂർണ വിജയമായിരുന്നു അച്ഛന്….

ദുരിതപൂർണ്ണമാക്കിയ ഒരു ബാല്യകൗമാരം….

അമ്മയുടെ സ്നേഹം പോലും നിഷേധിച്ച്… ഇതിൽ കൂടുതൽ സ്വന്തം ശത്രുവിന്റെ മേൽ എന്ത് വിജയം കാണാനാവും ഒരാൾക്ക്..

എല്ലാം ഓർത്തു കിടന്നപ്പോൾ എന്തോ ശ്വാസം മുട്ടുന്നത് പോലെ തോന്നി…

ഇല്ല ഈ വീട് എന്നെ ആഗ്രഹിക്കുന്നില്ല എന്ന് ആരോ പറയുംപോലെ.. ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും ശ്വാസം കഴിക്കാൻ പോലും ഇനി ബുദ്ധിമുട്ടാണെന്ന് എനിക്ക് മനസ്സിലായി….

ഏട്ടനോട് ഈ രാത്രി തന്നെ നമുക്ക് പോകാം എന്ന് പറഞ്ഞപ്പോൾ എന്നെ മനസ്സിലാക്കി കൊണ്ടാവണം മറുത്തൊന്നും പറയാതെ തയ്യാറായത്…

രാത്രി അമ്മയോട് യാത്ര പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ അമ്മ മിഴിനീർ പൊഴിച്ചു…

പതിനഞ്ച് കഴിഞ്ഞാൽ എന്റെ കൂടെ വന്ന നിന്നോളാം എന്ന് അമ്മയോട് വാക്ക് വാങ്ങിച്ചു…. മക്കളെയും കൂട്ടി ചേട്ടന്റെ കൂടെ ആ പടിയിറങ്ങിയപ്പോൾ ഒരു ദീർഘശ്വാസം ഞാൻ എടുത്തിരുന്നു……

അപ്പോൾ പതുക്കെ ഞാൻ ഉണ്ടെന്നു പറഞ്ഞ എന്റെ ചേട്ടൻ എന്നെ ചേർത്തുപിടിച്ചു….

ചിലതൊന്നും മരണത്തിനും മായ്ക്കാൻ ആവില്ലെന്ന് ആ നിമിഷം അറിയുകയായിരുന്നു ഞാൻ……

Leave a Reply

Your email address will not be published. Required fields are marked *