അതെ എന്‍റെ അമ്മ വയസ്സാവും തോറും ഒരു കൊച്ചുകുട്ടിയായി മാറുകയാണ്..

(രചന: Magesh Boji)

എല്ലാ അമ്മമാരും ഇങ്ങനെയൊക്കെ തന്നെ ആവും അല്ലേ….?

കഴിഞ്ഞ ദിവസം ഞാന്‍ നല്ല തൂവെള്ള കോട്ടണ്‍ ഷര്‍ട്ട് ഒന്ന് വാങ്ങിയിരുന്നു. ഒരു ദിവസമേ അത് ധരിച്ചുള്ളൂ.

പിന്നെ ആ ഷര്‍ട്ടു കാണുമ്പോള്‍ തൂവെള്ള നിറത്തിന് പകരം ആകാശത്തിന്‍റെ നീല നിറം..

ആ ഷര്‍ട്ട് കയ്യിലെടുത്ത് ” ഇതെന്താ അമ്മേ ഇങ്ങനെ ” എന്ന് ചോദിച്ചപ്പോള്‍ ഒരു കൊച്ചുകുട്ടിയുടെ നിഷ്ക്കളങ്കതയോടെ അമ്മ പറയുകയാണ്

” ഞാനതില്‍ ഉജാല മുക്കിയെന്നും, പണ്ടുമുതലേ അച്ചന്‍റെ എല്ലാ വെള്ള ഷര്‍ട്ടുകള്‍ക്കും ഉജാല മുക്കാറുണ്ടെന്നും’..

അതുമാത്രമല്ല വീട്ടില്‍ വാഷിംങ്ങ് മെഷീന്‍ ഉണ്ടായിട്ടും അതിലിട്ട് അലക്കാതെ ഷര്‍ട്ടിന്‍റെ കോളറിലെയൊക്കെ അഴുക്ക് പോവണമെങ്കില്‍

നന്നായി കല്ലിലിട്ട് കുത്തി പിഴിയണമെന്ന് പറഞ്ഞ് കുത്തി അലക്കിയിട്ട് എന്‍റെ എല്ലാ ഷര്‍ട്ടിന്‍റെയും ബട്ടണ്‍സ് അമ്മ പൊട്ടിക്കും..

രാവില പോവ്വാന്‍ നേരം ഷര്‍ട്ടിടാന്‍ നോക്കുമ്പോള്‍ ഇത് കണ്ടിട്ട്

‘ ഇതെന്താ അമ്മേ ഇങ്ങനെ ‘ എന്ന് ചോദിച്ചാല്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ കൊച്ചുകുട്ടിയുടെ ഭാവത്തോടെ ഒന്നും മിണ്ടാതെ എന്‍റെ കണ്ണിലേക്ക് നോക്കി നില്‍ക്കും.

ഉള്ളില്‍ പൊട്ടിച്ചിരിച്ച് കൊണ്ട് പുറമെ ഒരു ഗൗരവം വിടാതെ ആ രണ്ട് കണ്ണുകളിലേക്കും ഞാന്‍ മാറിമാറി നോക്കുമ്പോള്‍ കാണുന്നതോ ഒരു കൊച്ചുകുട്ടിയുടെ കുസൃതിയും നിഷ്കളങ്കതയും.

അതെ എന്‍റെ അമ്മ വയസ്സാവും തോറും ഒരു കൊച്ചുകുട്ടിയായി മാറുകയാണ്…

ഈ കൊച്ചുകുട്ടി തൊട്ടടുത്ത നിമിഷം വീണ്ടും ഒരു ഗൗരവക്കാരി അമ്മയായി മാറും…

ഒരുമിച്ചിരുന്ന് ടിവി കാണുമ്പോള്‍ , ടിവിയില്‍ പ്രേമരംഗങ്ങള്‍ കാണുമ്പോള്‍ ,

ഇതെങ്കിലും കണ്ടിട്ട് എന്നെയൊന്ന് കെട്ടിച്ച് വിടട്ടെ എന്ന് കരുതി കണ്ണെടുക്കാതെ ഞാന്‍ അതില്‍ തന്നെ നോക്കിയിരിക്കുമ്പോള്‍

അത് കണ്ട് അമ്മ ഒന്നും മിണ്ടാതെ മെല്ലെ അവിടെ നിന്നെണീറ്റ് ഇല്ലാത്ത ഒരു ജോലിയെടുക്കാന്‍ നേരെ അടുക്കളയിലേക്ക് പോവ്വും… ഈ സമയം അമ്മയുടെ മുഖത്ത് ഭയങ്കര ഗൗരവമായിരിക്കും……

തൊട്ടടുത്ത സമയം ഇതാ എന്‍റെ ഫോണിലേക്കൊരു കാള്‍ വരുന്നു. അമ്മാവനാണ്.. അമ്മക്കുള്ള കാള്‍ ആണ്…

സംസാരിക്കാന്‍ ഫോണ്‍ അമ്മക്ക് കൈമാറിയാല്‍ പതിവുപോലെ ഫോണ്‍ തലതിരിച്ചു പിടിച്ചാണ് അമ്മ സംസാരിച്ച് തുടങ്ങുക.. എത്ര വട്ടം പറഞ്ഞുകൊടുത്താലും അമ്മ അങ്ങനെയാണ് സംസാരിച്ച് തുടങ്ങുക.

അങ്ങനെ അല്ല അമ്മേ ഇങ്ങനെ എന്ന് പറയുമ്പോള്‍ വീണ്ടും ആ മുഖത്ത് നിഷ്കളങ്കതയും അങ്കലാപ്പുമാണ്… ഇപ്പോള്‍ ആ മുഖത്ത് പഴയ ഗൗരവം ലവലേശമില്ല….

അതെ, എന്‍റെ അമ്മ വയസ്സാവും തോറും കുട്ടിയാവുകയാണ്…

ഇതാണവസരം…

കുഞ്ഞുനാളില്‍ ഞാന്‍ കാട്ടിയ കുസൃതികളും വികൃതികളും സഹിച്ച് , എന്‍റെ അറിവില്ലായ്മകള്‍ കൗതുകത്തോടെ നോക്കി നിന്ന് ആസ്വദിച്ച്,

സ്നേഹം മാത്രം തന്ന് വളര്‍ത്തിയ എന്‍റെ അമ്മക്ക് അതില്‍ നിന്ന് കുറച്ചെങ്കിലും തിരിച്ചു കൊടുക്കാനുള്ള സുവ്വര്‍ണ്ണാവസരം..

അതെ… ഞാനിനിയും വാങ്ങികൊടുക്കും ന്‍റെ അമ്മക്ക് ഉജാല മുക്കി കളിക്കാന്‍ തൂവെള്ള കോട്ടണ്‍ ഷര്‍ട്ടുകള്‍….

ഞാനിനിയും വാങ്ങിക്കൊടുക്കും ന്‍റെ അമ്മക്ക് അലക്കി കുത്തി പൊട്ടിക്കാന്‍ നിറയെ ബട്ടണ്‍സുള്ള ഷര്‍ട്ടുകള്‍…

Leave a Reply

Your email address will not be published. Required fields are marked *