മൂപ്പര് വിടാൻ ഭാവമില്ല ഇങ്ങനെ പോവാണെങ്കിൽ ഇനി മുതൽ നിന്റെ ഫോൺ..

(രചന: കനിമൊഴി വാസുദേവ്)

ഇത് എന്താണ് മീനോ അതോ കരിക്കട്ടയോ… അതിയാന്റെ ശബ്ദം ഊണ്മുറിയിൽ മറ്റൊലികൊണ്ടു ദൈവമേ…

രണ്ടു മീൻ കരിഞ്ഞാർന്നു അത് മാറ്റിവയ്ക്കാൻ വിട്ടും പോയി . അത് കൃത്യമായി അങ്ങേർക്ക് തന്നെ കിട്ടിയിരിക്കുന്നു അല്ലെങ്കിലും എന്റെ സമയം ഇപ്പോ വളരെ വളരെ മോശമാണ്

അടുക്കളയിൽ ആയിരുന്ന ഈ പാവം ഞാൻ വിനീത വിധേയയായി ഊണ് മുറിയിൽ പറന്നെത്തി എന്തേ…. ഞാൻ പൂർവ്വധികം വിനയത്തോടെ
ആരാഞ്ഞു….

അല്ല നിനക്കിവിടെ എന്താ ഇത്ര മലമറിക്കാൻ കാശുകൊടുത്തു വാങ്ങിക്കൊണ്ടു വരുന്നതല്ലേ ഇത്..

ഇതിങ്ങനെ കരിച്ചു കളയാൻ നിനക്ക് ചേതമൊന്നുമില്ലല്ലോ..അല്ല അതെങ്ങനെ ആ ഫോൺ തല്ലിപൊട്ടിച്ചു കളയാതെ ഇവിടെ ഒന്നും ശരിയാകാൻ പോവുന്നില്ല…

ദേ വന്നു വിഷയത്തിലേക്ക് ഇതാണ് ഇവിടുത്തെ പ്രശ്നം മീനൊന്നു ചെറുതായ് കരിഞ്ഞാൽ പാലൊന്നു തിളച്ചുതൂവിയാൽ ചോറിനു വേവ് കൂടുകയോ കുറയുക ചെയ്താൽ

എന്നുവേണ്ട വീട്ടിലെ സകലമാനപ്രശ്നങ്ങൾക്കും പ്രതിയാവുന്നത് എന്റെ പാവം ഫോണാണ്…

പാവത്തിന്റെ ആയുസ്സ് കുറയ്ക്കണ്ടല്ലോ എന്ന് കരുതിയാണ് മുൻപ് പറഞ്ഞ ആ വിനീത വിധേയത്വം മാത്രമല്ല ഹൈ ബിപി ഉള്ള മനുഷ്യനാണ്

സത്യമായിട്ടും ഇന്ന് മീൻ കരിയാൻ കാരണം ഫോണല്ല മീൻ അടുപ്പത്തു വച്ചതോർക്കാതെ ബാത്തുറൂമിൽ പോയതാണ് അതൊന്നും ഇപ്പൊ പറഞ്ഞാൽ വിലപോവില്ല അതോണ്ട് മിണ്ടാതെ കേട്ടോണ്ട് നിന്നു

മൂപ്പര് വിടാൻ ഭാവമില്ല ഇങ്ങനെ പോവാണെങ്കിൽ ഇനി മുതൽ നിന്റെ ഫോൺ ചാർജ് ചെയ്യുന്നില്ല ദൈവമേ…

ന്റെ നെഞ്ചത്തൊരു ആണി അടിച്ചു കേറ്റിയ ഫീൽ.. എനിക്ക് സങ്കടം വന്നു എന്റെ വിനീത വിധേയത്വം എവിടെയോ പോയ്‌ മറഞ്ഞു

അതേയ് ഞാനിവിടെ എടുക്കുന്ന പണി പുറത്തെവിടേലും പോയിചെയ്താലേയ് എനിക്ക് നല്ല ശമ്പളം കിട്ടും കാണണോ ഞാൻ രൗദ്ര ഭാവം പൂണ്ടു…

അച്ഛനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലമ്മ അമ്മ ഇപ്പൊ ഒരു ഫോൺ അഡിറ്റായിട്ടുണ്ട് അതുവരെ മിണ്ടാതിരുന്നു ഭക്ഷണം കഴിച്ചോണ്ടിരുന്ന മോൾടെ വാക്കുകൾ കേട്ട് ഞാൻ ഞെട്ടി തരിച്ചു

പാമ്പിൻ കുഞ്ഞുങ്ങളെയാണോ പാലുകൊടുത്തു വളർത്തിയത് ഈശ്വരാ…

അതേടീ പത്തുമസം…. പറഞ്ഞു മുഴുമിക്കാൻ സമ്മതിച്ചില്ല ദേ വന്നു മോൾടെ കമെന്റ് പത്തുമാസം ചുമന്നതിന്റെ കണക്കൊക്കെ ഇപ്പൊ ഓൾഡ്‌ ആണമ്മാ..

അവള് കുറച്ച് ആക്കി ചിരിച്ചു. ന്നാ വേണ്ട പുതിയ കണക്കുണ്ടല്ലോ
നിന്റെയൊക്കെ ജെട്ടിവരെ കഴുകിയിടുന്നതിന്റെയെങ്കിലും നന്ദി വേണമെടി.. ഞാൻ അലറി അതോടെ അവൾ ഫ്ലാറ്റ്.

ഈ അമ്മയെ ഡിവോഴ്സ് ചെയ്തേക്കച്ചാ ജെട്ടി നാളെമുതൽ ഞാൻ കഴുകിക്കോളാം എന്നുടെ പറഞ്ഞിട്ടേ അവള് എണീറ്റു പോയൊള്ളു

എവിടെ തുടങ്ങി എവിടെ അവസാനിച്ചു എന്നുപോലും മനസ്സിലാവാതെ ഊണുമുറി ശാന്തമായി

ഇപ്പൊ ഞാനും എന്റെ ചോറും മത്തിക്കറിയും മാത്രം ഊണുമേശയിൽ ശേഷിച്ചു പാമ്പിൻ കുഞ്ഞുങ്ങളോടുള്ള ദേഷ്യം മൊത്തം മത്തിക്കുഞ്ഞുങ്ങളോട് തീർത്തു

ഒറ്റയെണ്ണത്തിന്റെ മുള്ളുപോലും ബാക്കിവയ്ക്കാതെ വളരെയധികം ശാന്തമായ്‌ ഭക്ഷണം കഴിച്ചുതീർത്തു..

എന്നാലും ഞാനൊരു ഫോൺ അഡിറ്റാണോ എന്ന ചിന്ത എന്നെ അലട്ടി കൊണ്ടിരുന്നു ഹേയ് അല്ല ഒരിക്കലുമല്ല

ഈ വീട്ടിലെ ജോലികൾ മൊത്തം ഞാനൊറ്റക്കല്ലേ ചെയ്യുന്നത് ബാക്കി വരുന്ന സമയത്തല്ലേ ഫോൺ ഉപയോഗം എന്ന് സ്വയം ആശ്വാസിച്ചു നിൽക്കുമ്പോ കൊർച്ച്‌ അപ്പുറത്തു നിന്നും ഒരു പല്ലി ചിലച്ചു……

ഫോണിൽ നോട്ടിഫിക്കേഷൻ വന്നതാണ് ഞാൻ ഫോണിനരികിലേക്ക് നടന്നു (സ്വഭാവീകം)

Leave a Reply

Your email address will not be published. Required fields are marked *