തന്റെ കല്യാണം കഴിഞ്ഞത് മുതൽ കാണുന്നതാണ് എവിടെയും ഇല്ലാത്ത ഓരോ ആചാരങ്ങൾ, ഇവർക്ക് എന്തൊക്കെയോ..

(രചന: J. K)

”’ സന്ധ്യ ചേച്ചിക്ക് ഒട്ടും വയ്യ മനുവേട്ടാ നമുക്ക് ഡോക്ടറുടെ അടുത്ത് ഒന്ന് കൊണ്ടുപോയാലോ””

സ്മിത മനുവിനോട് അത് ചോദിച്ചതും അവളെ രൂക്ഷമായി ഒന്ന് നോക്കി മനു…

“”അവളുടെ വയ്യായ്കയ്ക്ക് ആവശ്യമുള്ളതൊക്കെ അമ്മ ചെയ്തോളും നീ ഭാരിച്ച കാര്യങ്ങൾ ഒന്നും ആലോചിക്കാൻ നിൽക്കണ്ട നിന്റെ കാര്യങ്ങൾ നോക്കി ഇരുന്നോ എന്ന് പറഞ്ഞ് അയാൾ വേഗം ഓഫീസിലേക്ക് പോകാനായി പുറപ്പെട്ടു….

മനുവിന്റെ ബൈക്കിന്റെ ശബ്ദം അകന്നു പോയതും സന്ധ്യയുടെ മുറിയിലേക്ക് എത്തി സ്മിത…

വാടിയ താമര തണ്ട് പോലെ കിടപ്പുണ്ട് അവർ…
അവരെ കണ്ടതും പാവം തോന്നി സ്മിതയ്ക്ക് ഒരുപക്ഷേ നല്ല ചികിത്സ കൊടുത്തിട്ടുണ്ടെങ്കിൽ അവർ ആരോഗ്യവതിയായി തീരും എന്ന് സ്മിതയ്ക്ക് തോന്നി മെല്ലെ വിളിച്ചു.

“””സന്ധ്യ ചേച്ചി””” എന്ന് ഒരു മറുപടിയും ഉണ്ടായിരുന്നില്ല.. ഇന്നലെ വിളിക്കുമ്പോൾ അതിന് റെസ്പോണ്ട് ചെയ്യുന്നെങ്കിലും ഉണ്ടായിരുന്നു ഇന്നിപ്പോ അതും ഇല്ല…

അപ്പോഴേക്കും ഒരു പാത്രത്തിൽ എന്തൊക്കെയോ വെള്ളം കലക്കി കൊണ്ടുവന്നിരുന്നു അമ്മ..

തന്നോട് പുറത്തേക്ക് നിൽക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു.. മിണ്ടാതെ ആ വെള്ളത്തിൽ ഒരു തിരിയിട്ട് കത്തിച്ച് സന്ധ്യ ചേച്ചിയുടെ ദേഹത്താകെ ഉഴിഞ്ഞ് പുറത്തു കൊണ്ട് കളഞ്ഞു അവർ….

അതുകഴിഞ്ഞ് എന്റെ അടുത്തേക്ക് ആയിരുന്നു വരവ് ദേഷ്യത്തോടെ…

“”” നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേടി ആ മുറിയിൽ കയറരുത് എന്ന്… “” എന്ന് ചോദിച്ച് ക്ഷോഭിച്ചു…

“” അമ്മേ ചേച്ചിക്ക്, ബിപി കുറഞ്ഞതോ മറ്റോ ആണെന്ന് തോന്നുന്നു… അവരെ എടുത്ത് നമുക്ക് ആശുപത്രിയിലേക്ക് പോകാം. ഇപ്പോൾ കൊണ്ടുപോയാൽ പെട്ടെന്ന് തന്നെ അസുഖം മാറും”””

എന്ന് പറഞ്ഞതും ദേഷ്യത്തോടെ അമ്മ അവൾക്ക് നേരെ ചീറി…

“”” എന്റെ മോളെ എവിടെ കൊണ്ട് പോകണമെന്നും എന്ത് ചെയ്യണം എന്നും എനിക്ക് നന്നായി അറിയാം നിന്റെ ഉപദേശം വേണ്ട…

എന്ന് പറഞ്ഞ് വീണ്ടും സന്ധ്യ ചേച്ചിയുടെ മുറിയിലേക്ക് കയറി വാതിൽ അടച്ചു…

ആകെക്കൂടെ എന്തോ വല്ലായ്മ തോന്നി സ്മിതയ്ക്ക്…. തന്റെ കല്യാണം കഴിഞ്ഞത് മുതൽ കാണുന്നതാണ് എവിടെയും ഇല്ലാത്ത ഓരോ ആചാരങ്ങൾ.. ഇവർക്ക് എന്തൊക്കെയോ അന്ധവിശ്വാസങ്ങളാണ്..

മനുവേട്ടന് സന്ധ്യ ചേച്ചിക്ക് എന്തെങ്കിലും അസുഖം വന്നാൽ പിന്നെ പ്രാർത്ഥനയാണ്.. മന്ത്രവാദവും… ഫാമിലി ഡോക്ടർ എന്നൊക്കെ പറയുന്നതുപോലെ ഇവർക്ക് ഒരു ഫാമിലി മന്ത്രവാദി തന്നെയുണ്ട്…

അയാൾ ഇടയ്ക്ക് വരും എന്തൊക്കെയോ ഹോമം ചെയ്യും അതോടെ എല്ലാം മാറി എന്നും പറഞ്ഞ് ഇവർ നടക്കും…

ഇതിപ്പോ ചേച്ചിക്ക് കുറേ ദിവസമായി എന്തൊക്കെയോ പ്രശ്നങ്ങൾ തുടങ്ങിയിട്ട്… ഇപ്പോൾ അത് നല്ല രീതിക്ക് കൂടിയിട്ടും ഉണ്ട് വിളിച്ചിട്ട് മിണ്ടുന്നതു പോലുമില്ല…

വിവാഹം കഴിഞ്ഞത് മുതൽ കാണുന്നതാണ് ഇവിടുത്തെ ഏർപ്പാട്. കുറെ എതിർത്തുനോക്കി പക്ഷേ തന്നെ എല്ലാവരും ചേർന്ന് ഉപദ്രവിക്കാൻ വരും എന്നല്ലാതെ അതിനൊന്നും ഒരു മാറ്റവും ഉണ്ടായില്ല…

മനുവേട്ടന് നല്ല വിദ്യാഭ്യാസവും അത്യാവശ്യം നല്ലൊരു ജോലിയും ഉണ്ടായിരുന്നു അത് കണ്ടിട്ടാണ് തന്നെ ഇവിടേക്ക് കല്യാണം കഴിച്ചു കൊടുത്തത് പുറമേക്കാർക്ക് നോക്കിയാൽ വലിയ കുഴപ്പം ഒന്നും ഇല്ലാത്ത കുടുംബമാണ് പക്ഷേ ഉള്ളിൽ ഇത്തരം ആരാധനകളും പൂജകളും ആണ് എന്ന് മാത്രം…

വന്നത് മുതൽ താൻ എതിർക്കുന്നതാണ് ഇതൊക്കെ.. വിശ്വാസം ആവാം പക്ഷേ അന്ധവിശ്വാസം ഒന്നിനും നല്ലതല്ല എന്നൊക്കെ പറഞ്ഞത് ഇവർക്ക് ആർക്കും ഇഷ്ടപ്പെട്ടില്ല അന്നുമുതൽ അമ്മ എന്നെ ഒരു ശത്രുസ്ഥാനത്താണ് നിർത്തിയത്..

സന്ധ്യ ചേച്ചിക്ക് മനുവേട്ടനും അമ്മ പറയുന്നതായിരുന്നു വേദവാക്യം.. അത്യാവശ്യം വിദ്യാഭ്യാസം കിട്ടിയിട്ടുള്ള ആളാണ് തന്റെ ഭർത്താവ് അദ്ദേഹം പോലും ഇതിലൊക്കെ വിശ്വസിക്കുന്നത് കാണുമ്പോഴാണ് അത്ഭുതം..

ഇനിയും ഇങ്ങനെ കിടന്നാൽ ചേച്ചിയുടെ ജീവന് തന്നെ ആപത്താവും എന്ന് മനസ്സിലാക്കി കൊണ്ടാണ്, അവിടുത്തെ വാർഡ് മെമ്പറെ വിവരമറിയിച്ചത്…

അടുത്തുള്ളവർക്കും മെമ്പർക്കും ഏകദേശം ആ വീട്ടിലെ എല്ലാവരുടെയും സ്വഭാവം അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവർ നേരിട്ട് വന്നിട്ടുണ്ടെങ്കിൽ ഒരു പ്രയോജനവും ഉണ്ടാവില്ല എന്ന് മുൻകൂട്ടി മനസ്സിലാക്കി, ഒരു ഡോക്ടറെയും പോലീസിനെയും കൂട്ടിയാണ് അവർ വന്നത്..

ഡോക്ടർ പരിശോധിച്ചു നോക്കിയപ്പോൾ സന്ധ്യ ചേച്ചിയുടെ ഷുഗർ ലെവലും പ്രഷർ ലെവലും ഒക്കെ നന്നായി താണിട്ടുണ്ട് എന്ന് മനസ്സിലായി..

ഇനിയും എന്തൊക്കെയോ നോക്കാൻ ഉണ്ടത്രേ…
എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യാനും അവർ പറഞ്ഞു..

പക്ഷേ അമ്മയ്ക്ക് അതൊന്നും സമ്മതമായിരുന്നില്ല ആരോ കൂടോത്രം ചെയ്തതാണ് എന്നും അതിന്റെ സമയം കഴിയുമ്പോളെ അസുഖം കുറയു എന്നും ഒക്കെ പറഞ്ഞ് അമ്മ അവരുടെ മുന്നിൽ വാദിച്ചു നിന്നു.

പക്ഷേ അതൊന്നും അവരാരും കേട്ടില്ല… ബലം പ്രയോഗിച്ചു തന്നെ സന്ധ്യ ചേച്ചിയെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി…..

ആശുപത്രിയിലെത്തി കുറച്ചു സമയം കൊണ്ട് തന്നെ ആള് കണ്ണു തുറന്നു…

അമ്മയ്ക്കെതിരെ കേസ് വരും എന്നൊക്കെ കേട്ടു… ചികിത്സ നിഷേധിച്ചതിന്…
അതുകൊണ്ടുതന്നെ വീട്ടിൽ ആകെ സീനായിരുന്നു.. മനുവേട്ടൻ ഓഫീസിൽ നിന്ന് വന്നതും അമ്മ എന്തൊക്കെയോ പറഞ്ഞുകൊടുത്തു..

അദ്ദേഹം എന്നെ ഉപദ്രവിക്കാൻ വന്നു. നിന്നോട് നിന്റെ കാര്യം നോക്കിയാൽ മതി എന്ന് പറഞ്ഞിട്ടല്ലേ ഞാൻ പോയത് പിന്നെ എന്തിനാണ് അനാവശ്യമായി ഓരോ കാര്യങ്ങൾ ചെയ്തത് എന്ന് പറഞ്ഞു…

അപ്പോഴും ഞാൻ ചെയ്തതിലെ നന്മയല്ല അത് എന്തോ വലിയ തെറ്റായിട്ടാണ് ഇവർ കാണുന്നത്..

ഇത് അന്ധവിശ്വാസമല്ല അതിലും അപ്പുറത്തെത്തി ഒരുതരം ഭ്രാന്താണ് എന്ന് എനിക്ക് മനസ്സിലായി…

ഇനിയും അവിടെ നിന്നാൽ എന്റെ ജീവനും അത് ആപത്താണ്…

എടുക്കാനുള്ളത് എടുത്ത് ഞാൻ അവിടെനിന്നും എന്റെ വീട്ടിലേക്ക് തിരിച്ചു..

കാരണം എനിക്ക് അവിടെ ഒന്നും ചെയ്യാനില്ലായിരുന്നു. അവർക്ക് വിശ്വാസം കൂടിക്കൂടി അതൊരു ഭ്രാന്തായി മാറിയിരിക്കുകയാണ്..

നേരത്തിന് ചികിത്സ കിട്ടിയാൽ ഒരുപക്ഷേ അതിൽനിന്നും മാറ്റം വരുമായിരിക്കും പക്ഷേ അതിന് അവരും കൂടി തയ്യാറാവണല്ലോ..

അത് ഒരിക്കലും ഉണ്ടാവില്ല… ഇനിയും അതിനിടയിൽ കിടന്നാൽ എന്റെ ജീവിതം കൂടി തകരും എന്ന് എനിക്ക് മനസ്സിലായി… മനുവേട്ടനോട് ഞാൻ ഇറങ്ങുന്നു എന്ന് പറഞ്ഞതും അദ്ദേഹം ഒന്നും പറഞ്ഞില്ല..

അല്ലെങ്കിലും അദ്ദേഹത്തിന് ഒരു ആത്മാർത്ഥത ഇല്ലാത്തത് പോലെയാണ്..

അതുകൊണ്ടും കൂടിയാണ് ഇനി അവിടെ നിൽക്കുന്നതിൽ ഒരു അർത്ഥവുമില്ല എന്ന് ഞാൻ തീരുമാനിച്ചത്….

അല്ലെങ്കിലും ഒരു കുഞ്ഞു വേണമെന്ന് ഞാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ രണ്ടു വർഷത്തിന് കുഞ്ഞുങ്ങൾ പാടില്ല ദോഷമാണ് എന്നാണ് അമ്മ പറഞ്ഞത് എന്ന് മറുപടി പറഞ്ഞയാൾക്ക് എന്ത് ആത്മാർത്ഥതയാണ്….

അവിടെ നിൽക്കുവാനും കഴിയില്ലായിരുന്നു
കാരണം ഒരാൾ വയ്യാതെ ബോധം പോയി കിടന്നിട്ടും പൂജക്കൊണ്ടും പ്രാർത്ഥന കൊണ്ടും മാറും എന്ന് കരുതുന്നവരോട് എന്തുപറയാനാണ്…

വീട്ടിലെത്തി എല്ലാവരോടും എല്ലാം തുറന്നു പറഞ്ഞപ്പോൾ അവരും ഇനിയങ്ങോട്ട് പോകേണ്ട എന്ന് തന്നെയാണ് പറഞ്ഞത്…

വിശ്വാസം ആവാം അത് ഒരു പരിധിവരെ അതിലും കൂടിയാൽ അതിന് ഭ്രാന്തിന്റെ നിറമാണ്…