അത് കേട്ട് എന്തോ ഒരു ഭയം ഉള്ളിൽ നിറഞ്ഞു സാധാരണയായി ഇങ്ങനെ പ്രിൻസിപ്പൽ നേരിട്ട് വീട്ടിലേക്ക് വിളിക്കാറില്ല ഉണ്ടെങ്കിലും..

(രചന: J. K)

“””സോനുവിന്റെ അമ്മയല്ലേ????”””

ഉച്ചക്ക് ഒന്ന് മയങ്ങാൻ വേണ്ടി പോയപ്പോഴാണ് സുനിത ഫോൺ അടിക്കുന്നത് കേട്ടത് പരിചയം ഇല്ലാത്ത നമ്പർ എടുത്തപ്പോൾ ആണ്…

അതെ എന്ന് പറഞ്ഞപ്പോൾ പറഞ്ഞു സോനു പഠിക്കുന്ന സ്കൂളിലെ പ്രിൻസിപ്പൽ ആണ് എത്രയും പെട്ടെന്ന് ഇവിടെ ഒന്ന് വരണം എന്ന്…..

അത് കേട്ട് എന്തോ ഒരു ഭയം ഉള്ളിൽ നിറഞ്ഞു സാധാരണയായി ഇങ്ങനെ പ്രിൻസിപ്പൽ നേരിട്ട് വീട്ടിലേക്ക് വിളിക്കാറില്ല ഉണ്ടെങ്കിലും ആവശ്യത്തിന് ടീച്ചേഴ്സ് മാത്രമേ വിളിക്കാറുള്ളൂ…..

പ്രിൻസിപ്പൽ നേരിട്ട് തന്നെ വിളിച്ചു എന്ന് പറഞ്ഞപ്പോൾ സുനിതയ്ക്ക് ഭയമായി..

രാവിലെ സ്പെഷ്യൽ ക്ലാസ്സ് ഉണ്ട് എന്ന് പറഞ്ഞ് നേരത്തെ പോയതാണ് സോനു.. അവളുടെ മനസ്സിലേക്ക് ഓരോ കാര്യങ്ങൾ ഇങ്ങനെ വെറുതെ കയറി വന്നു… ഒന്നും നടന്നിട്ട് ഉണ്ടാവില്ല എന്ന് കരുതി വേഗം വസ്ത്രം മാറി സ്കൂളിലേക്ക് പുറപ്പെട്ടു….

പ്രവാസിയായ അരവിന്ദന്റെ യും സുനിതയുടെയും ഏകമകളാണ് സോനു അരവിന്ദന് ദുബായിൽ നല്ല ജോലിയാണ്..

സുനിതയെ യും സോനുവിനെ യും കൂടി ദുബായിലേക്ക് കൂടെ കൂട്ടണം എന്നായിരുന്നു അരവിന്ദന്റെ മോഹം പക്ഷേ വീട്ടിൽ അമ്മ തനിച്ചാവും എന്നതുകൊണ്ട് മാത്രമാണ് കൊണ്ടു പോകാത്തത്…

അതുകൊണ്ടുതന്നെ നാട്ടിലെ ഏറ്റവും നല്ല സ്കൂളിൽ തന്നെ മകൾക്ക് സീറ്റ് മേടിച്ചു കൊടുത്തു അവിടെത്തന്നെ പഠിപ്പിച്ചു…

അവരുടെ പ്രതീക്ഷയ്ക്കൊത്ത് തന്നെ സോനു ആദ്യമൊക്കെ നന്നായി പഠിച്ചിരുന്നു….. അതുകൊണ്ട് തന്നെയാണ് അമ്മയുടെ മരണശേഷവും തിരിച്ച് അരവിന്ദന്റെ അടുത്തേക്ക് പോകാതെ അവിടെ തന്നെ അവർ നിന്നത്…..

പക്ഷേ ഇപ്പോൾ വെറും ഉഴപ്പാണ്….
മാസം അച്ഛൻ പൈസയിൽ നല്ലൊരു തുക അമ്മയുടെ കയ്യിൽ നിന്ന് സോപ്പിട്ട് കൈപ്പറ്റുമായിരുന്നു…..

ഒറ്റ മകളെ ഉള്ളൂ അതുകൊണ്ട് തന്നെ അവൾക്ക് ഒരു കുറവും വരരുത് എന്നും എന്തുവേണമെങ്കിലും ചെയ്യാനുള്ള സ്വാതന്ത്ര്യവും കൊടുത്തു, പൈസയും..

ആദ്യമൊക്കെ മകളുടെ കാര്യത്തിൽ സുനിതയ്ക്ക് ഭയങ്കര ശ്രദ്ധ ആയിരുന്നു അപ്പോഴാണ് അവളെ എല്ലാവരുംകൂടി വുമൺസ്‌ ക്ലബ്ബിൽ ഉൾപ്പെടുത്തിയത്…

അവിടെത്തെ ഓരോ സ്ഥാനമാനങ്ങൾ അവളുടെ കണ്ണഞ്ചിപ്പിച്ചു….ഓരോന്ന് ചെയ്യുമ്പോഴും അവിടെ നിന്ന് കിട്ടുന്ന അഭിനന്ദനങ്ങൾ മനസ്സുനിറഞ്ഞ് ആസ്വദിച്ചു അവൾ….

കൂടുതൽ അതിലേക്ക് ഇറങ്ങി പ്രവർത്തിക്കാനും അത് പ്രേരകമായി.. അതുകൊണ്ടുതന്നെ മറ്റ് എല്ലാത്തിൽനിന്നും ശ്രദ്ധ തിരിഞ്ഞ് അവളുടെ ശ്രദ്ധ വുമൺസ് ക്ലബ്ബിൽ ശ്രദ്ധാകേന്ദ്രമാകുന്നതിൽ മാത്രമായി…..

സോഷ്യൽ സ്റ്റാറ്റസിന് വേണ്ടി ഡ്രൈവിംഗ് പഠിച്ചതും പട്ടിയെ വളർത്താൻ തുടങ്ങിയതും എല്ലാം അവിടെ നിന്നാണ്…

സ്വന്തമായി തന്നെ ഡ്രൈവ് ചെയ്ത് അവൾ സ്കൂളിൽ എത്തി അവിടെ പ്രിൻസിപ്പൽ മുറിയിലേക്ക് നടന്നു….

പ്രിൻസിപ്പലിനോട് സോനുവിനെ അമ്മയാണ് എന്ന് പറഞ്ഞപ്പോൾ വരും എന്ന് പറഞ്ഞ് എന്നെ അടുത്തുള്ള ഒരു മുറിയിലേക്ക് കൊണ്ടുപോയി അവിടെ സോനുവും ഒപ്പം മൂന്നാല് കൂട്ടുകാരികളും,

ഉറക്കച്ചടവോടെ തൂങ്ങി ഇരിക്കുന്നുണ്ടായിരുന്നു എന്താ പറ്റിയത് എന്ന് അറിയാതെ ഞാൻ പ്രിൻസിപ്പലിന്റെ മുഖത്തേക്ക് നോക്കി….

എന്തോ ക്രിസ്റ്റൽ പോലത്തെ ഒരു സാധനത്തിന്റെ പാക്കറ്റും സ്പൂണുകളും സിറിഞ്ചും ലൈറ്ററും അടങ്ങിയ ഒരു പാക്കറ്റ് എടുത്തു തന്ന എന്നോട് പറഞ്ഞു അവളുടെ ബാഗിൽ നിന്ന് കിട്ടിയതാണ് എന്ന്….

എന്തോ ഡ്രഗ് ആണെന്ന് മനസ്സിലായി സുനിത ഭയത്തോടെ അയാളെ നോക്കി…

കുട്ടികളുടെ മുന്നിൽ നിന്നും ഒന്നും പറയാതെ അയാൾ സുനിതയെ അയാളുടെ ക്യാബിനിലേക്ക് കൂട്ടിക്കൊണ്ടുപോയി ഒപ്പം ടീച്ചേഴ്സും അവരുടെ കൂടെ വന്നു…..

മുന്നിലുള്ള കസേരയിൽ ഇരിക്കു, എന്ന് പറഞ്ഞു… അവിടെ മറ്റു കുട്ടികളുടെയും പാരൻസ് എത്തിയിരുന്നു…

പ്രിൻസിപ്പൽ പറഞ്ഞു തുടങ്ങി… ഈ ഇരിക്കുന്നത് മുഴുവൻ നിങ്ങളുടെ കുഞ്ഞുങ്ങളുടെ,

ടി. സി യാണ് ഇവിടെ നല്ല രീതിയിൽ പഠിച്ചു വന്നിരുന്ന മക്കളായിരുന്നു അവർ പക്ഷേ ഇപ്പോൾ ഈ സ്കൂളിൽ തന്നെ അപമാനമെന്ന രീതിക്ക് എത്തി ഇനിയും ഇവരെ ഇവിടെ വച്ചു കൊണ്ടിരിക്കാൻ ആവില്ല…

നിങ്ങൾ ഈ കാണുന്ന drug ഇന്ന് വളരെ വലിയ തുക കൊടുക്കേണ്ടിവരും അതൊക്കെ ഈ കുഞ്ഞുങ്ങൾ ഒപ്പിക്കുന്നത് വളരെ നിസ്സാരമായി ആണ് അതിനർത്ഥം വീട്ടിൽ നിന്ന് അവർക്ക് പണം യഥേഷ്ടം കിട്ടുന്നു എന്ന് തന്നെയാണ്….

ഒരുപക്ഷേ നാളെ അത് ഇല്ലാതായിട്ട് ഉണ്ടെങ്കിൽ പണം കിട്ടാൻ അവർ മറ്റ് തെറ്റിലേക്ക് തിരിയും…..

കാരണം ഇത് അവരെക്കൊണ്ട് പെട്ടെന്ന് നിർത്താൻ കഴിയില്ല അത്രയ്ക്ക് അടിമപ്പെട്ടു പോയിട്ടുണ്ടാവും…. ഒന്നോ രണ്ടോ തവണ ഉപയോഗിച്ചാൽ അടിമകളാകാൻ ഉള്ള കഴിവ് ഉണ്ട് ആ മരുന്നിന്….

ഇതിൽ ഒന്നോ രണ്ടോ പേരുടെ കാര്യത്തിൽ മുൻപ് ടീച്ചർക്ക് സംശയം തോന്നി അവരുടെ വീട്ടിലേക്ക് വിളിച്ചതാണ്…..

പക്ഷേ ഒന്ന് ഇതു വരെ വരാൻ പോലും ആർക്കും സാവകാശമില്ല… കുഞ്ഞുങ്ങളെ സ്കൂളിലേക്ക് വിട്ടു കഴിഞ്ഞാൽ എല്ലാം തീർന്നു എന്ന് കരുതുന്ന നിങ്ങളോട് ഞങ്ങൾ എന്ത് പറയാനാണ്….

അതുകൊണ്ട് നിങ്ങൾക്ക് ഡി അഡിക്ഷൻ സെന്ററിൽ കൊണ്ടുപോയി ചികിത്സയും അതിനുശേഷം മറ്റൊരു സ്കൂളും നോക്കാം ഇനി ഈ സ്കൂളിൽ അവർ തുടർന്ന് പഠിക്കുക ഇല്ല…

പൊലീസിനും ഞങ്ങൾ പരാതിപ്പെട്ടിട്ടുണ്ട് ഞങ്ങളുടെ ഇനിയൊരു കുട്ടി പോലും ഇതുപോലെ ഒരു അവസ്ഥയിൽ ചെന്ന് പെടരുത്…..

ഇനിയും അവിടെ നിന്നിട്ട് കാര്യമില്ല എന്ന് സുനിതയ്ക്ക് മനസ്സിലായി പദവിയും താങ്ങിപ്പിടിച്ച് അവൾ വീട്ടിലേക്ക് പോയി….

സുനിത ആലോചിച്ചുനോക്കി ശരിയാണ് തന്നെ ഒരാഴ്ച മുന്നേ സ്കൂളിലേക്ക് വിളിപ്പിച്ചിരുന്നു പക്ഷേ അന്ന് ക്ലബ്ബിൽ ഡോഗ് ലവേർസിന്റെ ഷോ ആയിരുന്നു…

ഒരു നായക്ക് കൊടുക്കുന്ന പ്രാധാന്യം പോലും തന്നെ മകൾക്ക് താൻ നൽകിയില്ല എന്ന് ഓർത്തു സുനിത..

പലപ്പോഴും സ്പെഷ്യൽ ക്ലാസ് ഉണ്ട് ഫ്രണ്ട്സിന്റെ വീട്ടിലേക്ക് പോവുകയാണ് എന്നൊക്കെ പറഞ്ഞു അവൾ വീട്ടിൽ നിന്നിറങ്ങിയിരുന്നു…. എന്തിനാണ് ഏതിനാണ് എന്ന് പോലും താൻ ചോദിക്കാറില്ല പണം എത്ര ചോദിച്ചാലും എന്തിനാ എന്ന് ചോദിക്കുക പോലും ചെയ്യാതെ കൊടുക്കാറുണ്ട്…

സ്കൂളിന്റെ പരിസരത്ത് തന്നെ ഉള്ള ചില കടകളിൽ ഈ ഡ്രഗ് ധാരാളമായി കിട്ടുമത്രേ സ്കൂളിൽ തന്നെയുള്ള ചില കുട്ടികളാണ് മറ്റുള്ള കുട്ടികളെ ഇതിൽ പെടുത്തുന്നത്. .

ആദ്യമൊക്കെ വളരെ ചെറിയ പണം ഈടാക്കി കുട്ടികൾക്ക് നൽകുന്നു പിന്നീട് അവർ അതിന് അടിമപ്പെടുമ്പോൾ ചോദിക്കുന്ന പണം കൊടുത്ത് വാങ്ങാൻ കുട്ടികൾ നിർബന്ധിതരാകുന്നു…

പോലീസ് അന്വേഷണത്തിൽ എല്ലാം വ്യക്തമായി തെളിഞ്ഞു അവിടെയുള്ള ഒരു റാക്കറ്റിനെ അവർ അറസ്റ്റ് ചെയ്തു… അവർ വെറും മുൻനിരക്കാർ ആണെന്ന് അറിയാം അതിന്റെ പിന്നിൽ ഒരുപാട് മാഫിയകൾ ഉണ്ടെന്നും….

എല്ലാം അറിഞ്ഞ അരവിന്ദ് ദുബായിൽ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയിരുന്നു ജോലിയെക്കാട്ടിലും, പണത്തെക്കാളും വലുത് മകൾ മാത്രമാണെന്ന തിരിച്ചറിവിൽ….

സുനിതയും എല്ലാം ഉപേക്ഷിച്ച് മകളുടെ കാര്യം മാത്രമായി മുന്നോട്ടു നീങ്ങി..

ആദ്യമൊക്കെ വളരെ വയലന്റ് ആയാണ് സോന പ്രതികരിച്ചത് ക്രമേണ അവൾ, സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു….

ആവശ്യത്തിന് ശ്രദ്ധയും സ്നേഹവും സാന്ത്വനവും വാത്സല്യവും ഒക്കെ നൽകിയാൽ, കുഞ്ഞുങ്ങൾ ഒരു തെറ്റിലേക്കും പോയി പോവില്ല എന്ന വലിയൊരു പാഠം അവർ പഠിക്കുകയായിരുന്നു…

പണത്തേക്കാൾ സൗകര്യത്തെക്കാൾ കുഞ്ഞുങ്ങൾക്ക് വേണ്ടത് അവയൊക്കെ ആണെന്ന വലിയൊരു പാഠം…