അയാൾ അവളെ സ്വന്തം മകളെ പോലെ കരുതുമെന്നും അവളും ബന്ധുക്കളും കരുതി, അവൾക്കു ഉറപ്പു നൽകി അത് തുടക്കത്തിൽ..

മുഖം മറയ്ക്കുന്ന പെൺകുട്ടി
(രചന: Nisha Pillai)

ഒരു ഇരട്ട വരയിട്ട നോട്ട് ബുക്കായിരുന്നു അത്.അവളിരുന്ന സീറ്റിൽ അത് അനാഥമായി കിടന്നു.

അവളതു കയ്യിലെടുത്തു. ആരുടെയോ ബുക്ക് മറന്നു വച്ചതാകാം. ഓപ്പോസിറ്റ് ബെർത്തിൽ കിടന്ന യുവാവിനോടവൾ ചോദിച്ചു.

“ഇത് നിങ്ങളുടെയാണോ.”

ചെവിയിൽ തിരുകി വച്ച എയർ ഫോൺ കാരണം അവൻ അവൾ ചോദിച്ചത് കേട്ടതേയില്ല.അവൾ അടുത്ത് ചെന്ന് തട്ടി വിളിച്ചു .

“അത് എന്റെയല്ല.ചിലപ്പോൾ ഇവിടെയിരുന്ന കുട്ടിയുടേതാകാം. D4 ആണെന്ന് കരുതി അവർ D1 ആണ് കയറിയത്.ഞാൻ പറഞ്ഞപ്പോൾ അവർ അങ്ങോട്ടേയ്ക്ക് പോയി.ഒരു അമ്മയും മകളും.”

ഇത്രയും പറഞ്ഞിട്ട് അവനവളെ ഒന്ന് നോക്കി .പൊതു പ്രവർത്തകയും പക്കാ ഫെമിനിസ്റ്റായി അറിയപെടുന്നവളെങ്കിലും ഒരിക്കലും ബാഹ്യരൂപത്തിൽ അത് പ്രകടമാകാതെയിരിക്കാൻ അവൾ ശ്രമിച്ചിരുന്നു.

ഉയർത്തിക്കെട്ടിയ മുടിക്ക് പകരം പിന്നി മെടഞ്ഞ മുടിയും ,വല്യ പൊട്ടുകളോ വെള്ളി മൂക്കുത്തിയോ അവൾ ഉപയോഗിക്കാതിരിക്കാൻ ശ്രമിച്ചു.ഫെമിനിസത്തിന്റെ ബ്രാൻഡ് ഐറ്റംസ് ആണ് അതൊക്കെയും .

വലിയ ഫ്രെയിമുള്ള കണ്ണടകൾ പണ്ടേ അവൾക്കിഷ്ടമില്ലായിരുന്നു.ചുരിദാർ ധരിക്കുമ്പോൾ ദുപ്പട്ട കൊണ്ട് മാറിടം പൂർണമായും മറക്കാനും ശ്രമിച്ചു.

“എന്തേലും പ്രശ്നമുണ്ടോ.മാഡം ടീന ആന്റണിയല്ലേ ,ഞാൻ ടി വി യിൽ കണ്ടിട്ടുണ്ട്.”

“ഒന്നുമില്ല ,നഷ്ടപെട്ടത് തിരിച്ചു കൊടുക്കാനാണ്.”

ആ ചെറുപ്പക്കാരനോട് യാത്ര ചോദിച്ചിട്ടു അവൾ സ്വന്തം സീറ്റിൽ ഇരുന്നു.ട്രെയിനിന്റെ വാതിലിൽ പരസ്പരം സംസാരിച്ചു കൊണ്ടുനിന്ന രണ്ടു ചെറുപ്പക്കാർ അവളെ നോക്കി പിറുപിറുത്തു.

“എന്തെങ്കിലും കുഴപ്പമുണ്ടോ ,പിന്നെ എന്തിനാണീ ഫ്രീക്കന്മാർ ചിരിക്കുന്നത് ” അവൾ സ്വയം ചോദിച്ചു.

ട്രെയിനിൽ ഓടി കയറുന്നതിനിടയിൽ കാലുകളിലെ ഒരു ഓപ്പൺ ഷൂ മിസ്സിംഗ്,ട്രെയ്‌നിന്റെയും പ്ലാറ്റഫോമിന്റെയും ഇടയിൽ വീണു പോയതാണ് .

ഇനിയിപ്പോൾ എന്ത് ചെയ്യും.? അവശേഷിച്ച ഒരെണ്ണം അവൾ ഊരി വാതിലിലൂടെ പുറത്തേക്കെറിഞ്ഞു .ഷൂ കൊണ്ടത് അവരുടെ മുഖത്താണെന്ന മട്ടിൽ ഫ്രീക്കന്മാർ അവളെ തുറിച്ചു നോക്കി .

അവൾ വിശാലമായി സീറ്റിലിരുന്നു ആ ബുക്ക് തുറന്നു നോക്കി.ഇരട്ടവരിയിൽ മനോഹരമായ കയ്യക്ഷരത്തിൽ ,എന്നാൽ പെൻസിൽ കൊണ്ട് അത്ര തെളിയാത്ത മട്ടിൽ എഴുതി നിറച്ച ഒരു ബുക്ക്.

കൊല്ലത്തെ ഒരു കശുവണ്ടി മുതലാളിയുടെ മൂന്നുപെണ്മക്കളിൽ ഏറ്റവും ഇളയവൾ ,സൗമ്യ .അയാളുടെ ഭാഗ്യം അവളുടെ ജനനത്തോടെയായിരുന്നു.വിഭാര്യൻ .

മൂത്ത പെൺകുട്ടികളുടെ വിവാഹ ശേഷം വീട് വിട്ടു പോയപ്പോൾ കോളേജ് കുമാരിയായ സൗമ്യയുടെ യാത്രക്ക് അയാൾ കാർ വാങ്ങുകയും ഡ്രൈവറിനെ നിയമിക്കുകയും ചെയ്തു.ആറ്റിങ്ങൽകാരനായ നിയാസ്.

സൽസ്വഭാവിയും സത്യസന്ധനും.ഫൈനൽ ഇയർ പഠിക്കുന്ന സമയത്തു വിവാഹ ആലോചനകൾ തുടങ്ങിയപ്പോൾ സൗമ്യ നിയാസിന്റെ കൂടെ ഒളിച്ചോടി വിവാഹം ചെയ്തു.അവളുടെ വീട്ടുകാർ അവളെ ഉപേക്ഷിച്ചു.

നിയാസിന്റെ ഉമ്മയുടെ കൂടെ അവർ സന്തോഷകരമായ ജീവിതം തുടങ്ങി.അഫ്രീൻ എന്ന ഒരു കുഞ്ഞു മിടുക്കി ജനിച്ചു.സൗമ്യ പഠനം മുന്നോട്ടു കൊണ്ട് പോയി.നിയാസ് ഡ്രൈവറായി ജോലി നോക്കി.

കാലക്രമേണ നിയാസ് സ്വന്തമായി കാർ വാങ്ങുകയും,ടാക്സി സർവീസ് തുടങ്ങുകയും ചെയ്തു ,പക്ഷെ ആ സന്തോഷം നീണ്ടു പോയില്ല .

വേളാങ്കണ്ണിയിൽ ഒരു കുടുംബത്തോടൊപ്പം യാത്ര പോയ നിയാസിൻ്റെ കാറിൽ ഒരു ടാങ്കർ ലോറിയിടിച്ചു നിയാസടക്കം അഞ്ചു പേര് മരിക്കുകയും ചെയ്തു.

കുടുംബം അനാഥമായി.സൗമ്യ ഒരു താത്കാലിക ജോലിയിൽ കയറി.നിയാസിന്റെ ഉമ്മയുടെയും ബന്ധുക്കളുടെയും സമ്മർദ്ദത്തിന് വഴങ്ങി വീണ്ടുമൊരു കല്യാണത്തിന് തയാറായി.

ഇലക്ട്രീഷ്യനായ സലിം.അഫ്രീന് ഒരു അച്ഛനെ ആവശ്യമുണ്ടെന്നും,അയാൾ അവളെ സ്വന്തം മകളെ പോലെ കരുതുമെന്നും അവളും ബന്ധുക്കളും കരുതി.

അവൾക്കു ഉറപ്പു നൽകി.അത് തുടക്കത്തിൽ അങ്ങനെ തന്നെയായിരുന്നു.എപ്പോഴാണ് മാറ്റം തുടങ്ങിയതെന്നറിയില്ല സൗമ്യയും നിയാസിന്റെ ഉമ്മയും കണ്ണിലെണ്ണ ഒഴിച്ച് അവളെ സംരക്ഷിച്ചു.

വയസായ ഉമ്മ രാത്രിയിൽ ഉറങ്ങാറുപോലുമില്ലായിരുന്നു. എന്നിട്ടും ആ ദുഷ്ടൻ ആ കുഞ്ഞിനെ പിച്ചി ചീന്തി ,അപമാനിച്ചു.

ആ സംഭവത്തിനു ശേഷം അവളാകെ ഭയ ചകിതയാണ്. ആരോടും മിണ്ടാറേയില്ല. അപരിചിതരെ കാണുമ്പോഴും ഭയം കൊണ്ട് വയലന്റ് ആകും.അല്ലാത്തപ്പോൾ ഒരു തരം നിർവികാരത.അനുഭവം പോലെ കുത്തികുറിച്ച വരികൾ.

ബുക്ക് മടക്കി ബാഗിൽ വച്ചിട്ട് അവൾ D4 ലേക്ക് നടന്നു.അവിടെ ഇരിക്കുന്ന അമ്മയെയും മകളെയും അവൾ കണ്ടു പിടിച്ചു.

അവർക്കു കുറച്ചു ദൂരത്തായി അവൾ ഇരുന്നു .കാലിൽ ചെരുപ്പില്ലാതെ ഒരു കാലൻ കുടയും ബാഗുമായി വന്ന അവളെ സഹയാത്രികർ അവഗണിച്ചു.ആരും ആരെയും ശ്രദ്ധിക്കുന്നില്ല.

അവളെ തന്നെ നോക്കിയിരിക്കുന്ന രണ്ടു വലിയ കണ്ണുകൾ ശ്രദ്ധയിൽ പെട്ടു.നിർവികാരമായ രണ്ടു കണ്ണുകൾ.കണ്ണുകൾ ഒഴിച്ചുള്ള മുഖഭാവങ്ങൾ നല്ലതു പോലെ മറച്ചിരുന്നു.ആദ്യം കരുതി മതപരമാണെന്നു.

അടുത്തിരിക്കുന്ന സ്ത്രീ സാധാവേഷധാരിയായിരുന്നു. അവരുടെ അടുത്തിരുന്ന യുവാവിനോട് സീറ്റ് പരസ്പരം വെച്ച് മാറാമോയെന്നു ചോദിച്ചു.സ്ത്രീകളുടെ അടുത്തിരുന്നു മുഷിഞ്ഞത് കൊണ്ടാകും അയാൾ സന്തോഷത്തോടെ സമ്മതിച്ചു.

അവൾ കുശലാന്വേഷണം തുടങ്ങി

“എവിടെയിറങ്ങാനാ .ഞാൻ തിരുവനന്തപുരമാണ് .എവിടെ പോയതാ ”

“ചിറയിൻകീഴ് .തൃശൂർ ഒരു ഡോക്ടറെ കാണാൻ വന്നതാ .”

“മോൾടെ പേരെന്താ ”

കുട്ടി ഒന്നും മിണ്ടിയില്ല.അവർ അടുത്തേക്ക് നീങ്ങിയിരുന്നു.

“അവളുടെ പേര് അഫ്രീൻ,അവൾക്കൊരു കൗൺസിലിങ് വേണമായിരുന്നു.”

വളരെ മെല്ലെയാണ് സൗമ്യ എന്ന ആ സ്ത്രീ സംസാരിച്ചത്.ഏകദേശം സമപ്രായക്കാർ ആണിരുവരും.

സൗമ്യയുടെ മനോഹരങ്ങളായ കണ്ണുകളും ചുവപ്പു രാശിയുള്ള കവിളിണകളും ഒരു കാലത്തു അവർ സുന്ദരിയായിരുന്നു എന്നതിന്റെ ബാക്കി പത്രങ്ങളായിരുന്നു.

“ചേച്ചിയെ എനിക്കറിയാം .ഞാൻ ടി വി യിൽ കണ്ടിട്ടുണ്ട്.”

ചേച്ചിയോ അവളൊന്നു ചൂളിപ്പോയി.പലപ്പോഴും പ്രായമായ അപ്പാപ്പന്മാർ പോലും അവളെ അങ്ങനെ വിളിക്കാറുണ്ട്.ഇപ്പോളതൊക്കെ കേട്ടൊരു ശീലമായി.

പക്ഷെ സമപ്രായക്കാർ ,അതും വിവാഹിതരും മക്കളുള്ളവരുമൊക്കെ വിളിക്കുമ്പോൾ അവളൊന്നു ഞെട്ടാറുണ്ട്.ഇതൊക്കെ നേരിടാൻ തയാറായി തന്നെയാണ് ഈ ഫീൽഡ് തെരെഞ്ഞെടുത്തത് .

“അഫ്രീൻ ഒന്നും മിണ്ടുന്നില്ലല്ലോ ”

പെട്ടെന്ന് സൗമ്യയുടെ കണ്ണുകൾ നിറഞ്ഞു .

“അവളിപ്പോൾ ഇങ്ങനെയാണ് .എല്ലാം കാണുകയും കേൾക്കുകയും ചെയ്യുമെങ്കിലും പ്രതികരിക്കാറില്ല.അതിനാണ് ഇത്ര ദൂരം കൗൺസിലിങ്ങു് നു കൊണ്ട് വന്നത്.പതിയെ മാറിക്കൊള്ളുമെന്നാണ് ഡോക്ടർ പറഞ്ഞത്.”

വീണ്ടുമെന്തോ പറയാൻ വന്ന സൗമ്യ ചുറ്റും നോക്കി .സങ്കോചത്തോടെ കുനിഞ്ഞിരുന്നു.ആ പെണ്കുട്ടിയാകട്ടെ പ്രതിമയെ പോലെ പുറത്തേക്കു നോക്കിയിരുന്നു.

തീവണ്ടിയിൽ വർക്കല ഇറങ്ങുന്നതുവരെ അവർ പരസ്പരം സംസാരിക്കുകയോ ജലപാനം നടത്തുകയോ ചെയ്തില്ല.

സ്റ്റേഷനിൽ ഇറങ്ങി വെയ്റ്റിംഗ് റൂമിലേക്ക് പോയ അവരെ അവൾ പിന്തുടർന്നു. അവിടെയെത്തിയപ്പോൾ സൗമ്യയുടെ പരിഭ്രമം ഒന്നും കൂടെ കൂടിയപോലെ.

“എങ്ങനെ പോകും.”

“ഇപ്പോൾ പോകില്ല.ഇവിടെയിരുന്ന് നേരം വെളുപ്പിക്കും .ഫസ്റ്റ് ബസിനു പോകും.”

“സമയം 9 .30 അല്ലെ ആയുള്ളൂ.വരൂ ഞാൻ കൊണ്ട് വിടാം.ഇപ്പോൾ കാർ വരും.”

“വേണ്ട ചേച്ചി,അസമയത്ത് ഞങ്ങളവിടെ കാറിൽ ചെന്നിറങ്ങിയാൽ അയാളുടെ കൂട്ടാളികൾക്ക് പറഞ്ഞു ചിരിക്കാനും ശല്യപെടുത്താനും ധാരാളമാകും.”

അവൾ മൊബൈലിൽ സഹോദരനെ വിളിച്ചു രാവിലെ വിളിക്കാൻ വന്നാൽ മതിയെന്നും ഇപ്പോൾ ഒരു പ്രശ്നത്തിലാണെന്നും പറഞ്ഞു.

അഫ്രീൻ വിശ്രമമുറിയിലെ കസേരയിൽ ചുരുണ്ടു കൂടി കിടന്നുറക്കം തുടങ്ങി. നിഷ്കളങ്കമായി കിടന്നുറങ്ങുന്ന അവളോട് വാത്സല്യം തോന്നി.

വർഷങ്ങൾക്കു മുൻപ് സഹപാഠിയാൽ അപമാനിതയായ ഒരു പതിമൂന്നുകാരിയെ അവൾക്കോർമ വന്നു. കടകൾ എല്ലാം അടച്ചു തുടങ്ങി. പകുതി ഷട്ടർ ഇട്ട കടയിൽ നിന്നും ബിസ്ക്കറ്റും ഒരു കുപ്പി വെള്ളവും സംഘടിപ്പിച്ചു.

വെള്ളവും ബിസ്ക്കറ്റും സൗമ്യയെ ഏല്പിച്ചെങ്കിലും കുട്ടിയെ ഉണർത്താനോ കഴിക്കാനോ അവൾ തയാറായില്ല.

അവളുടെ അടുത്തുള്ള ഒഴിഞ്ഞ കസേരയിൽ കൂട്ടിരുന്നു. കുറെ കഴിഞ്ഞപ്പോൾ അവൾ സംസാരിക്കാൻ തയാറായി.

“ഞങ്ങൾ മൂന്നുപേരും മരിക്കുകയെ നിവൃത്തിയുള്ളു. ജീവിക്കാൻ അവർ സമ്മതിക്കില്ല. എന്റെ അച്ഛൻ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ…….”

“ആര്”

“അയാൾ ”

“സലിം ജയിലിലല്ലേ.”

“പക്ഷെ അയാളുടെ ആൾകാർ ചുറ്റുമുണ്ട്. ഇവിടെയുമുണ്ട്.പുറത്തു നരച്ച താടിയുള്ള ഒരാൾ ആ ബെഞ്ചിൽ ഇരിക്കുന്നുണ്ട്. അഫ്രീൻറെ കാര്യം അയാൾ നോക്കിക്കൊള്ളാമെന്നു.എന്റെ കുഞ്ഞിന് പതിനാലു വയസ്സ് ആയുള്ളൂ. ”

“പക്ഷെ അവൾ തീരെ ചെറുതല്ലേ,അവളുടെ ഭാവിയാണ് വലുത് .നമ്മുടെ നാട്ടിൽ നിയമങ്ങളുണ്ട് .ഞാനുണ്ട് നിങ്ങളുടെ കൂടെ .

അഫ്രീൻ പെട്ടെന്ന് ഇവിടെ നിന്ന് മാറ്റണം. ചികിത്സ നൽകണം.വിദ്യാഭ്യാസം നൽകണം. ഞാനൊരു വക്കീലിനെ വിളിക്കട്ടെ. സൗമ്യ മനസ്സ് കൊണ്ട് പൊരുതാൻ തയ്യാറായിക്കോളു.”

അവൾ അഡ്വക്കേറ്റിനെയും പോലീസിനെയും വനിതാ കമ്മീഷനെയും വിവരങ്ങൾ അറിയിക്കുമ്പോൾ ഒന്നുമറിയാതെ ഉറങ്ങുന്ന മകളുടെ ഭാവിയെ കുറിച്ച് സ്വപ്‌നങ്ങൾ നെയ്യുകയായിരുന്നു സൗമ്യയെന്ന അമ്മ .

മകളുടെ കയ്യിൽ ചുരുട്ടി വച്ചിരുന്ന ഇരട്ട വരയിട്ട നോട്ടുബുക്ക് വാങ്ങി വായിച്ചപ്പോൾ. എല്ലാം ശെരിയാകുമെന്ന പ്രതീക്ഷ അവളിലുണ്ടായി. പ്രത്യാശയുടെ പുസ്തകം.