തന്നിലുള്ള സ്ത്രീത്വം പൂർണ്ണമാകാൻ കൊതിക്കുന്ന സമയം അപ്പോഴുള്ള നഷ്ട്ടം അവളെ വല്ലാതെ അങ്ങ് തളർത്തി..

(രചന: J. K)

അതിഗംഭീര മാരത്തൺ 100 കി.മീ ആർക്കും പങ്കെടുക്കാം എന്ന പരസ്യം കുറേ നേരം നോക്കി ഇരുന്നു മായ, അവളുടെ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു.

കാരണം ഇരുകാലുകളും ഒരു അപകടത്തിൽ നഷ്ടപെട്ടിട്ട് രണ്ടു വർഷമേ ആയിരുന്നുള്ളൂ ,

അവളുടെ ഓർമ്മകൾ പുറകിലെക്കു പോയി വളരെ മോഹിച്ചിട്ടായിരുന്നു താൻ ഒരു ടൂ വീലർ സ്വന്തം ആക്കിയത്, അതും കിട്ടുന്ന പൈസ പിശുക്കി മാറ്റി വച്ച് , സ്കൂട്ടർ വാങ്ങിയപ്പോൾ വലിയ സന്തോഷമായിരുന്നു,

അച്ഛന് കൂലി പണി ആയത് കൊണ്ട് അതിനൊന്നും സാധിക്കില്ല എന്ന് പൂർണ്ണ ബോധ്യം ഉണ്ടായിരുന്നു അവൾക്ക്. തനിക്കുള്ളത് ഓക്കേ താൻ തന്നെ ഉണ്ടാക്കണമെന്നും,

അങ്ങിനെയാണ് ജോലിക്ക്പോയതും കിട്ടുന്ന പണമെല്ലാം ചിലവ് കഴിഞ്ഞു കൂട്ടി കൂട്ടി വച്ചതും, പറയാൻ അത്ര വലിയ ജോലി ഒന്നുമല്ല ഒരു ഹോസ്പിറ്റലിന്റെ റിസപ്ഷൻ സ്റ്റാഫെന്ന ജോലിയിൽ ചുട്ടു കിട്ടുന്ന അപ്പം പോലെ പണം,

അതിൽ നിന്ന് വീട്ടിൽ ആവശ്യം ഉള്ളത് കൊടുക്കും ബാക്കി ആയിരമോ രണ്ടായിരമോ പിന്നെയും കൂട്ടി കൂട്ടി വക്കും വർഷങ്ങൾ ഒരുപാടായി ഈ പരിപാടി തുടരുന്നു ഇപ്പോഴാണ് ഒരു സെക്കൻഡ് ഹാൻഡ് സ്കൂട്ടർ എങ്കിലും വാങ്ങാമെന്ന സ്ഥിതി ആയത് ,

എന്തെന്നില്ലാത്ത ഒരു അഭിമാനം തോന്നിയിരുന്നു കാരണം ഇത് തന്റെ വിയർപ്പിന്റെ പങ്കു കൊണ്ട് മാത്രം വാങ്ങിയതാണ് അവളുടെ സന്തോഷം അവളുടെ മിഴികളിൽ കണ്ണ് നീരായി പുറത്തേക്കു വന്നു

എന്നും തന്റെ സ്കൂട്ടർ തുടച്ചു മിനുക്കി അവൾ വെക്കുമായിരുന്നു സ്വന്തം അധ്വാനത്തിൻറെ ഫലം എല്ലാവര്ക്കും അങ്ങിനെയാണല്ലോ വളരെ പ്രിയപ്പെട്ടത് ,

ഒരിക്കൽ സ്കൂട്ടറിൽ ഹോസ്പിറ്റലിലേക്കുള്ള യാത്രാ മദ്ധ്യേ ഒരു കുഞ്ഞ് പെട്ടന്നാണ് റോഡ് ക്രോസ് ചെയ്തത് പെട്ടെന്ന് ബ്രേക്ക് ചെയ്തു നിർത്തിയ സ്കൂട്ടർ പിന്നിൽ നിന്ന് വന്നു കാർ ഇടിച്ചതും

അപ്പുറത്തു കൂടി ക്രോസ് ചെയ്തിരുന്ന ബസിന്റെ ചക്രം കാലുകളിലൂടെ കയറി യിറങ്ങിയതും ഒരുമിച്ചായിരുന്നു പിന്നീട് എന്താണ് നടന്നതെന്നൊന്നും ഓർമയുണ്ടായിരുന്നില്ല.

കണ്ണ് തുറന്നു നോക്കുമ്പോൾ രണ്ടു കാലിന്റെയും മുട്ടിനു താഴെ ശൂന്യമായിരുന്നു അതും തന്റെ 22 മത്തെ വയസ്സിൽ, മോഹങ്ങൾ പൂക്കുന്ന സമയം തന്നിലുള്ള സ്ത്രീത്വം പൂർണ്ണമാകാൻ കൊതിക്കുന്ന സമയം അപ്പോഴുള്ള നഷ്ട്ടം അവളെ വല്ലാതെ അങ്ങ് തളർത്തി.

രണ്ടു കാലുമില്ലാതെ ഈ ഒരു ജീവിതം ഇനി എന്തിനാണു എന്ന് ചിന്തിച്ച നാളുകൾ പക്ഷെ അപ്പോഴും അവൾക്കു പ്രചോദനമായി നിന്നതു അവിടത്തെ ഡോക്ടർ ആയിരുന്നു.

അയാൾ ഒരു പാട് പേരെ കാണിച്ചു തന്നു ജന്മനാ കലില്ലാത്തവർ അല്ലെങ്കിൽ ഉള്ള കാലിനു ശേഷി ഇല്ലാത്തവർ അവർക്കെല്ലാം പറയാനുള്ളത് വിജയത്തിന്റെ കഥകളായിരുന്നു.

തനിക്കും ഇത് കഴിയും എന്ന് പറഞ്ഞു ഒത്തിരി മോട്ടിവേറ്റ് ചെയ്‌തു അങ്ങിനെയാണ് ഇത് പോലെ ജീവിതത്തിലേക്ക് തിരിച്ചു വന്നത് , അപ്പോഴും തനിക്കു മറ്റുള്ളവരെ ഫേസ് ചെയ്യാനോ മറ്റുള്ളവരോട് സംസാരിക്കാനോ ഒന്നും തോന്നിയിരുന്നില്ല ,

രണ്ടു കാലില്ലാത്തവളെ എപ്പോഴും സമൂഹം പുറകിലേക്കാക്കും എന്നുള്ള ചിന്താഗതി അവളെ തളർത്തി കൂലി പണിക്കാരനായ അച്ഛനെയും അസുഖ ബാധിത യായ അമ്മയെയും പഠിച്ചു കൊണ്ടിരിക്കുന്ന സഹോദരിയെയും ഇനി എങ്ങനെ സഹായിക്കു മെന്നതായിരുന്നു മറ്റൊരു വലിയ പ്രശ്നം

അവൾ അതിനായി ഒരു മാർഗവും കണ്ടു പിടിച്ചു.

വീട്ടിലിരുന്ന് തനിക്കു തന്നെ ചെയ്യാവുന്ന പല കാര്യങ്ങളും അവൾ തെരെഞ്ഞെടുത്തു പക്ഷെ അതൊന്നും അവരുടെ അവസ്ഥയെ മറികടക്കാൻ പോന്നതായിരുന്നില്ല.

പണത്തിന്റെ ബുദ്ധിമുട്ടു ധാരാളമായി ആ കുടുംബം അനുഭവിച്ചു തുടങ്ങി ഇനിയും എന്തെകിലും നല്ല ജോലിക്കു പോകാതെ തരമില്ല എന്നവൾക്കു ബോധ്യമായി പിന്നീടൊരു വിവാഹത്തെ കുറിച്ചൊന്നും അവൾ ചിന്തിച്ചിരുന്നില്ല പണ്ടുണ്ടായിരുന്നെങ്കിൽ കൂടി,

ഒരാളോട് ഇഷ്ടം തോന്നിയിരുന്നു അത് തുറന്നു പറയാനിരിക്കെ യാണ് ഇതെല്ലാം സംഭവിച്ചത് ഇനി എന്തിനാണ് ഞാൻ അയാളുടെ ജീവിതത്തിൽ എന്നവൾ ചിന്തിച്ചു , ഇനി തനിക്കെപ്പോഴും മറ്റുള്ളവർക്ക് ഒരു ഭാരമാവാനേ കഴിയു എന്നായിരുന്നു അവളുടെ ചിന്താഗതി,

അങ്ങനെയിരിക്കെ ആണ് അവളുടെ ജീവിതത്തിലേക്കാ ഒരാൾ കടന്നു വരുന്നത് സാജൻ, ഒരു അപകടത്തിൽ രണ്ടു കാലുകളും ഒരു കൈയും നഷ്ടപ്പെട്ടയാൾ തന്നെക്കാൾ നഷ്ടങ്ങളുടെ പട്ടിക കൂടുതലുള്ളവൻ.

അയാൾ എത്ര സന്തോഷവാനാണ് ഇപ്പോൾ ഒരു മോട്ടിവേറ്റർ ആയി ജോലി ചെയ്യുന്നു അയാൾ അയാൾക്ക്‌ വേണ്ട പണം ഉണ്ടാക്കുന്നുണ്ട്

ജീവിതം മറ്റു സാധാരണക്കാരെ പോലെ സാധാരണയിൽ സാധാരണമായി കൊണ്ട് നടക്കുന്നുമുണ്ട് ഇതെങ്ങനെ സാധിക്കുന്നു എന്ന് നോക്കി അത്ഭുതപ്പെട്ടു.

അയാളുടെ മോട്ടിവേഷൻ ക്ലാസ്സിൽ അറ്റൻഡ് ചെയ്യാൻ പോയതായിരുന്നു വീൽ ചെയറിൽ ഇരുന്നു ആരൊക്കെയോ ഉന്തികൊണ്ടു പോയി ,

മോട്ടിവേഷൻ ക്ലാസ്സ് കഴിയാൻ നേരം “മായാ ഒന്ന് നിൽക്കണേ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്” എന്ന് പറഞ്ഞപ്പോൾ അത്ഭുതത്തോടു കൂടി അവിടെ നിന്നു

“തനിക്കെന്തിനാടോ ഈ വീൽ ചെയറും അംഗരക്ഷകരും ഒക്കെ, തനിക്കു ഒറ്റയ്ക്ക് എഴുന്നേറ്റു നടന്നു കൂടെ” എന്ന് പറഞ്ഞപ്പോൾ ഞാൻ മെല്ലെ എന്റെ രണ്ടു കാലുകളിലേക്കും നോക്കി പുച്ഛത്തോടെ ഒരു ചിരിയാണ് അയാൾ തന്നത്,

തനിക്കു ഇതിൽ നിന്ന് എഴുനേറ്റു നിൽക്കാൻ കഴിയില്ല എന്നായിരുന്നു അവൾ പറഞ്ഞത് അപ്പോൾ അയാൾ പറഞ്ഞത് ഇതിലും ക്രൂരമായിരുന്നെടോ എൻറെ വിധി,

തനിക്കു മുട്ടിനു താഴെ അല്ലെ പോയുള്ളു മുട്ടിനു താഴെ പോയവർക്ക് നടക്കാൻ അത്ര ബുദ്ധിമുട്ടു കാണില്ല പക്ഷെ എന്റെ കാല് അതിനു മുകളിൽ വെച്ചാണ് എനിക്ക് നഷ്ടപെട്ടത്, എന്നിട്ട് ഞാനിപ്പോൾ നടക്കുകയാണ് ഓടും അത് എന്റെ മനസ്സിന്റെ ധൈര്യം ഒന്ന് കൊണ്ട് മാത്രമാണ് ,

തനിക്കു വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ല അതിനു ശേഷം അദ്ദേഹം എന്നെ ട്രെയിൻ ചെയ്യിപ്പിച് ചെയ്യിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന്റെയും ഡോക്ടറിന്റെയും നമ്പർ തന്നു എല്ലാ കോണ്ടക്ടസും നൽകി.

അദ്ദേഹം പറഞ്ഞത് പോലെ അവിടെ പോയി കുറെ മാസം ചെലവഴിച്ചു അപ്പോൾ എന്റെ കോൺഫിഡൻസ് ലെവൽ വളരെ അധികം വർദ്ധിച്ചു.

ഇനിയും കൂടുതൽ എന്തൊക്കെയോ ചെയ്യാനുണ്ടെന്ന വിശ്വാസവും എന്നിലുണ്ടായി, അവിടെ നിന്ന് ഒരു കൃത്രിമ കാൽ വച്ചുതന്നു ആദ്യമൊക്കെ വീണു വീണ് പിന്നീട് ഞാനും അതിൽ പിച്ച വച്ച് പഠിച്ചു,

ഒടുവിൽ ഞാൻ ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിൽ തന്നെ വീണ്ടും ജോലി തുടങ്ങി റിസെപ്ഷനിസ്റ് തന്നെ ആയിരുന്നു.

ഒരിക്കലും എന്റെ അവസ്ഥ കണ്ടുള്ള സഹതാപം കൊണ്ടല്ല അവർ ജോലി തന്നത് എന്റെ കഴിവ് കൊണ്ട് തന്നെ ആണ്. എരിഞ്ഞടങ്ങിയിട്ടും അതിൽ നിന്നും പറന്നുയർന്ന ഒരു ഫീനിക്സ് പക്ഷിയെ പോലെ വീണ്ടും ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു.

അപ്പോഴാണ്‌ എനിക്ക് സാജന്റെ കാൾ വീണ്ടും വന്നത് എന്നോടെന്തോ കാര്യം പറയാനുണ്ടെന്ന് പറഞ്ഞു,

അദ്ദേഹത്തിന് എന്താണ് പറയാനുള്ളതെന്നു എനിക്ക് അറിയില്ലായിരുന്നു അദ്ദേഹം എന്റെ കയ്യിൽ ഒരു പരസ്യം കൊണ്ട് തന്നു നീ ഇതിൽ പങ്കെടുക്കണം 100 കിലോ മീറ്റർ മാരത്തൺ ,

എനിക്ക് എന്നിൽ അത്ര വിശ്വാസമില്ല എന്നായിരുന്നു എന്റെ മറുപടി . പക്ഷെ തനിക്കു അതിനു കഴിയും എന്ന് പറഞ്ഞു അദ്ദേഹം എന്നെ പാകപ്പെടുത്തി തന്നു.

പിന്നീട് എനിക്കും ബോധ്യമായി, എനിക്കിതിന് കഴിയും എനിക്ക് ഇതിനു കഴിഞതില്ലെങ്കിൽ പിന്നെ ആർക്കാണ് കഴിയുക കാരണം ഒന്നുമല്ലായ്കയിൽ നിന്ന് ഇത്രയുമൊക്കെ എത്തിയില്ലേ , എനിക്ക് ഇതിനു സാധിക്കും എന്ന് എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു .

പോകാൻ നേരം അദ്ദേഹം ഒന്ന് കൂടി പറഞ്ഞിരുന്നു എനിക്ക് ചുണയുള്ളൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ താല്പര്യമുണ്ട്,

വീട്ടുകാരുമായി വീട്ടിൽ അന്വേഷിച്ചാൽ സമ്മതിക്കുമോ എന്ന് അത്ഭുതത്തോടെ ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി

ചുണക്കുട്ടിയോ ഞാനോ ഒരു ചെറിയ അവസ്ഥയിൽ പോലും തകർന്നു കിടന്ന ഞാൻ ആണോ ചുണക്കുട്ടി , അദ്ദേഹം പറഞ്ഞു “തന്റെ അത്ര ധൈര്യം വേറെ ആരിലും ഞാൻ കണ്ടിട്ടില്ലടോ,

തനിക്കു കാലുകൾ നഷ്ടപെട്ടത് അത്രയും ചെറിയ പ്രായത്തിലാണ് ഒരു സ്ത്രീയുടെ ജീവിതത്തിൽ അവൾ പൂക്കുകയും പുഷ്പിക്കുകയും ചെയ്യുന്ന പ്രായത്തിൽ എന്നിട്ടുപോലും അതൊക്കെ പിന്തള്ളി തന്റെ മനസ്സാനിധ്യത്തിൽ പിടിച്ചുനിന്നില്ലേ” ,

തന്റെ അത്രയും മനക്കരുത്തുള്ള ഒരാളെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ലടോ, ഞാൻ ഒഴികെ” അപ്പോൾ ഞാൻ അങ്ങോട്ട് ചിന്തിച്ചു ഈ മനക്കരുത്തുള്ളവർ അങ്ങ് ഒന്നായാലോ എന്ന് .

കുസൃതി കലർന്നൊരു ചിരിയോടെ എന്നോടത് പറയുമ്പോൾ ഒരു ചിരി ഞാനും നൽകിയിരുന്നു 100 കിലോ മീറ്റർ മാരത്തൺ വിജയിച്ചു നിൽക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന അദ്ദേഹത്തിന് നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനമായി നൽകി .

അങ്ങനെ അത് ഓടിക്കയറിയത് അദ്ദേഹത്തിന്റെ ജീവിതത്തിലേക്കായിരുന്നു , തീർന്നു എന്ന് വിചാരിച്ചിരുന്നേടത്തു നിന്ന് പുതിയൊരു യാത്ര …….