ഞാനിതുവരെ ആരെയും പ്രേമിച്ചിട്ടില്ല, നാൽപതു കഴിഞ്ഞുള്ള പ്രേമം അടിപൊളിയാന്നാ പറയപ്പെടുന്നെ എന്നാപ്പിന്നെ എന്റെ..

പ്രേമം
(രചന: Jolly Varghese)

എനിക്കൊന്നു പ്രേമിക്കണം ചേട്ടാ..

ങ്‌ഹേ.. ഇവൾക്കെന്താ വട്ടായോ എന്ന രീതിൽ ചേട്ടൻ ചുഴിഞ്ഞു നോക്കി.

വട്ടായോന്നല്ലേ നോട്ടത്തിന്റെ അ ർത്ഥം അതെനിക്ക് മനസ്സിലായി. വട്ടായതല്ല.

ഞാനിതുവരെ ആരെയും പ്രേമിച്ചിട്ടില്ല. നാൽപതു കഴിഞ്ഞുള്ള പ്രേമം. അടിപൊളിയാന്നാ പറയപ്പെടുന്നെ.

എന്നാപ്പിന്നെ എന്റെ പ്രായമിപ്പോ കറക്റ്റാ. “മധുരനാൽപത്തി ഒന്ന് ”
ങേ.. മധുര പതിനേഴു എന്നല്ലേയത്..?

പ്രേമം മധുരമാണല്ലോ..പതിനേഴിൽ ആണെങ്കിൽ അങ്ങനെ പറയാം. നാല്പത്തൊന്നിൽ ഇങ്ങനെയും പറയാം.
അപ്പോ.. ഞാൻ പ്രേമിക്കാൻ പോകുവാ.. ട്ടോ.

എന്റെ പ്രേമം സ്വീകരിക്കാനായി പുള്ളി ഗംഭീര്യത്തോടെ ഒരിരുപ്പ്. പോരാത്തതിന് മനസ്സിൽ ലഡു പൊട്ടി. ഇന്നെന്തെകിലുമൊക്കെ നടക്കുമെന്ന പ്രതീക്ഷയിൽ കൂടെയൊരു ശൃംഗാരചിരിയും.

അമ്പടാ.. കേമാ..അപ്പോഴേ കൂടുതൽ വെള്ളം തിളപ്പിക്കണ്ട. ..ട്ടോ

അല്ല നീ പ്രേമിക്കാൻ പോകുവന്നാല്ലേ പറഞ്ഞേ.. ഞാനാണേൽ നിന്റെ പ്രേമ ഭാവങ്ങൾ കണ്ടിട്ടും ഇല്ല.

ഒന്ന് പോ.. മനുഷ്യാ. നിങ്ങളെ പ്രേമിച്ചാൽ അതിലൊരു ത്രിൽ ഇല്ല. “പ്രേമം എപ്പോഴും ഒളിച്ചും പാത്തും ആയിരിക്കണം.

ആരും അറിയാതെ വേണം പരസ്പരം നോട്ടം പോലും കൈമാറാൻ. മാത്രമല്ല, കാ ണാൻ കാത്തിരിക്കണം, മിണ്ടാൻ കൊതിക്കണം. ഓരോ നിമിഷവും മനസ്സിൽ ഒരുമുഖമിങ്ങനെ നിറച്ചു സ്വപ്‌നങ്ങൾ കാണണം.

ആരുമറിയാതെ ഒളിഞ്ഞിരുന്നു ഫോണിൽ സംസാരിക്കണം, ചാറ്റണം, ഫോട്ടോ കൈമാറണം, വഴക്കിടണം,പിണങ്ങ ണം..

വല്ലാത്ത ഹൃദയവേദന അനുഭവിക്കണം.. കരയണം.. പിന്നീട് ഇ ണങ്ങണം.. അങ്ങനെ ഇണക്കത്തിനും പിണക്കത്തിനുമിടയിൽ പ്രേമ തീവ്രത അളക്കണം.,

പിന്നെ ഒരായിരം പ്രേമ ചുംബനങ്ങൾ വായുവിൽ പറത്തി വിടണം. കൂടാതെ കൊച്ചുകൊച്ചു സ മ്മാനങ്ങൾ കൈമാറണം., ആഹാ.. അങ്ങനെ സുന്ദരമായ അനുഭൂതിയിൽ ഭാരമില്ലാതെ ഒഴുകിയൊഴുകി… യങ്ങനെ.. യങ്ങനെ… !

ചേട്ടൻ എന്നെനോക്കി കിളിപോയപോലെയിരുന്നു. ഞാൻ പ്രേമവർണ്ണന തുടർന്നു. കട്ട് തിന്നുന്നതിനു സുഖം കൂടുതലാണെന്നു പറയുവല്ലോ.. അതുതന്നെയിത്.

അതായത്, ഇപ്പോ ചേട്ടൻ എന്റെ സ്വന്തം അല്ലേ..എനിക്ക് ചേട്ടനെ എ പ്പോവേണേലും കാണാം, അടുത്തിരിക്കാം, കെട്ടിപ്പിടിക്കാം, ഉമ്മവെക്കാം, എന്തും ആവാലോ..

ലൈസൻസ് ഉള്ള ഭാര്യഭർത്താക്കൻമ്മാരല്ലേ നമ്മൾ. പക്ഷേ പ്രേമിക്കുന്നവർ റിസ്ക് എടുക്കണം. ബുദ്ധി പ്രയോഗിക്കണം, ശ്രദ്ധാലു ആയിരിക്കണം.

കാരണം, വീട്ടുകാര്, നാട്ടുകാര്, സദാചാരക്കാര് ഇത്രയും പേരെ ബ്ലോക്ക് ചെയ്തിട്ടുവേണം ഒന്ന് പ്രേമിക്കാൻ. അപ്പോ അങ്ങനൊരു സാഹസത്തിനു ഞാനും മുതിരുകയാണ്.. ചേട്ടാ. !

എന്റെ ഇതുപോലുള്ള പൊട്ടവർത്തനം ഇടയ്ക്കൊക്കെ കേൾക്കുന്നതിനാൽ ചേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

സംഭവം കൊള്ളാം മോളേ…പക്ഷേ, ട്രോഫി മേടിച്ചോണ്ട് വരരുത്.. !

കൂടെ മറ്റൊരു ഉപദേശവും “കൈയിലിരിക്കുന്നതിന്റെ വില മ നസ്സിലാക്കാതെ വല്ലവന്റെയും കൈയിലേക്ക് ചാടിയാൽ..

പിന്നീട് നിലയില്ലാ കയത്തിൽ കിടന്നു കൈകാലിട്ടടിച്ചു മുങ്ങിചാവുമ്പോ ഒരു പ്രേമകൈയും ഉണ്ടാവില്ല രക്ഷിക്കാൻ. കടിച്ചതും പോയി,പിടിച്ചതും പോയി, മാനവും ജീവനും പോയി അതായിരിക്കും അവസ്ഥ. ”

ശ്ശോ…എന്നെ നിരുത്സാഹപ്പെടുത്താതെ..ചേട്ടാ.. !
ഇല്ല.. ഞാനിപ്പോ ഉത്സാഹിപ്പിക്കാല്ലോ..

നിന്നെയിപ്പോ കാണാൻ എന്താ ഭംഗി…നിന്നോടെനിക്ക് പ്രേമം വന്താച്ചു്..
ഞാൻ നാണിച്ചു തലതാഴ്ത്തി.
പിന്നീട് അവിടെ നടന്നതൊന്നും പറയണില്ല.

എന്റെ പ്രേമിക്കാനുള്ള ആഗ്രഹം ഇങ്ങനെ അവസാനിച്ചതിൽ എനിക്കൽപം ഖേദമുണ്ട്.. എങ്കിലും…

ഈ പ്രേമത്തിനും സുരക്ഷിതമായൊരു സുഖമുണ്ടല്ലോന്നോർത്തു മനം നിറഞ്ഞു.