പുതിയതായി വന്ന ഭാര്യയോട് ഒട്ടും നീതിപുലർത്താൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല..

(രചന: ജ്യോതി കൃഷ്ണ കുമാർ)

ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ടതായിരുന്നു ആ കുഞ്ഞിന്… പ്രസവത്തോടെ അവളുടെ അമ്മ ശ്രീദേവി “”” മരിക്കുകയായിരുന്നു…

പ്രണയവിവാഹമായിരുന്നു അവളുടെ അമ്മയുടെയും അച്ഛന്റെയും..
പരസ്പരം സ്നേഹിച്ച് കൊതി തീർന്നിട്ട് ഉണ്ടായിരുന്നില്ല ശ്രീദേവിക്കും മുരളിക്കും….

അതുകൊണ്ടുതന്നെ അവളുടെ മരണം അയാളെ വല്ലാതെ ഉലച്ചു…

അതിന് കാരണക്കാരിയായി അയാളുടെ മനസ്സിൽ ആ കുഞ്ഞു മുഖം നിറഞ്ഞു..

അയാൾ അവളുടെ സംസാരിക്കാതായി…
അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ആയി… അച്ഛമ്മ ആ കുഞ്ഞിനെ ഏറ്റെടുത്തു. അമൃത എന്ന പേരും വെച്ചു…

എന്നാൽ ആ ഭാഗ്യവും ആ കുഞ്ഞിന് അധികകാലം ഉണ്ടായിരുന്നില്ല അഞ്ച് വയസ്സായപ്പോൾ അച്ഛമ്മയും അവരെ വിട്ടു പോയി പിന്നീട് അവളെ ഒന്ന് നോക്കുക പോലും ചെയ്യാത്ത അച്ഛന്റെ കൂടെ അവൾ ജീവിതം തുടങ്ങി…

ആരൊക്കെയോ നിർബന്ധിച്ച് അപ്പോൾ അയാളെ കൊണ്ട് വീണ്ടും ഒരു വിവാഹം കഴിപ്പിച്ചു..

അയാളുടെ മനസ്സിന് ഒട്ടും ഇഷ്ടമല്ലായിരുന്നു എന്നിട്ട് കൂടി..

കാരണം ശ്രീദേവിയിൽ നിന്നും ഇന്നും അയാൾക്ക് ഒരു മോചനം കിട്ടിയിട്ടുണ്ടായിരുന്നില്ല….

അത്രയ്ക്കും അയാൾ അവളെ സ്നേഹിച്ചിരുന്നു. അവൾ പോയത് ഉൾക്കൊള്ളാനാവാതെ അയാൾ അലഞ്ഞു….

പുതിയതായി വന്ന ഭാര്യയോട് ഒട്ടും നീതിപുലർത്താൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല…

അയാൾ തീർത്തും വീട്ടിൽ വരാതായി..
അമൃതയും രണ്ടാംഭാര്യ ശൈലജയും ഉള്ള വീട് അയാൾക്ക് അസ്വസ്ഥതകൾ മാത്രം നൽകി….

അതുകൊണ്ടുതന്നെ അവളുടെ ജീവിതത്തിൽ സംതൃപ്തി അല്ലായിരുന്നു അതെല്ലാം അവൾ തീർത്തിരുന്നത് അമൃതയോടും…

അമൃതയും പുതുതായി വന്ന ആ സ്ത്രീയും തമ്മിൽ യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല….

അവർ തീർത്തും അപരിചിതരായിരുന്നു. അവർ അമൃതയുടെ ഒരു കാര്യത്തിലും ഇടപെടില്ല അമൃത ഒന്നും അവരോട് പറഞ്ഞതുമില്ല…..

പക്ഷേ പുറത്ത് ആരും അറിഞ്ഞിരുന്നില്ല… അല്ലെങ്കിൽ ആരും അവരുടെ ഒരു കാര്യത്തിലും ഇടപെട്ടിരുന്നില്ല…..

കാലത്തിന്റെതായ വളർച്ചകൾ അമൃതയിൽ കൗതുകം നിറച്ചു അവൾ തന്നിൽ ഉണ്ടാവുന്ന മാറ്റങ്ങൾ ചെറിയ ഭയപ്പാടോടെ വീക്ഷിച്ചു…

അത് സ്വാഭാവികമാണെന്നും പെൺകുട്ടികൾക്ക് പറഞ്ഞിട്ടുള്ളതെന്നും അവളെ പറഞ്ഞു മനസ്സിലാക്കാൻ ആരുംതന്നെ ഉണ്ടായില്ല….

അതുകൊണ്ടുതന്നെയാണ്, ഉടുപ്പിൽ കാലം ചുവന്ന പുഷ്പങ്ങൾ വിരിയിച്ചപ്പോൾ അവൾ ഭയന്ന് കരഞ്ഞത്…

അടുത്ത വീട്ടിലെ ആന്റിയോട് പറഞ്ഞു അത്ര പോലും അവൾ ആ രണ്ടാനമ്മയെ ആശ്രയിച്ചില്ല….

അടുത്ത വീട്ടിലെ ആന്റി യോടാണ് പിന്നെയും അമൃത എല്ലാം പറഞ്ഞിരുന്നത്….

അച്ഛമ്മ മരിക്കുന്നതിനു മുമ്പേ ഉള്ള ബന്ധമായിരുന്നു….

ഈ വീട്ടിലെ ഒരംഗത്തെ പോലെ തന്നെ ആയിരുന്നു അവർ…

നന്ദിനി”””‘

നന്ദിനി അവൾ പറഞ്ഞത് കേട്ട് വല്ലാണ്ടായി..

അവൾക്ക് ഒരു അമ്മയുണ്ടായിരുന്നു എങ്കിൽ ഒരിക്കലും മറ്റൊരാളോട് അവൾക്ക് ഇത് പറയേണ്ടി വരില്ലായിരുന്നു എന്ന് നന്ദിനി ചിന്തിച്ചു…

നന്ദിനി അമൃതയെയും കൂട്ടി വീട്ടിലേക്ക് വന്നു….. അവിടെ എത്തി കുറ്റം പറഞ്ഞത് അവരെ ആയിരുന്നു.. ശൈലജയെ..

എല്ലാം ഷൈലജയുടെ തെറ്റായി നന്ദിനി കണക്കാക്കി.. അമ്മയില്ലാത്ത ഒരു കുഞ്ഞിനെ സ്നേഹിക്കാത്തത്. അവളുടെ അച്ഛൻ വീട്ടിൽ പോലും ഒന്ന് വരാതെ കണ്ടപോലെ നടക്കുന്നത്..

അവരുംകൂടി കുറ്റപ്പെടുത്തിയപ്പോൾ ഷൈലജ ആകെ തകർന്നു പോയിരുന്നു…

കാര്യങ്ങൾ ഒന്നും പറയാതെ ഉള്ള മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾ അല്ലെങ്കിലും തുളച്ചു കയറുന്നത് ഹൃദയത്തിലേക്കാണ്..

ഇത്രയും കാലം ഉള്ളിലൊതുക്കി വെച്ചത് എല്ലാം കൂടി സഹിക്കാതെ വന്നപ്പോൾ അവൾ അങ്ങ് പൊട്ടിത്തെറിച്ചു…

താൻ പടികയറി വന്ന വീട്ടിൽ ഒരു ഭാര്യയെ പോയിട്ട് ഒരു വേലക്കാരിയുടെ പരിഗണന പോലും കിട്ടാത്തത്…

മകൾ ഒരു അമ്മയായി പോലും തന്നെ കണക്കാക്കാത്തത്..

എല്ലാം പറഞ്ഞു തീർന്നപ്പോഴേക്കും അവൾ കിതച്ചിരുന്നു….

കുറ്റം പറഞ്ഞവൾ അവളെ നോക്കി..

ശൈലജ ആരെയും നോക്കാതെ തലയും താഴ്ത്തി ഇരുന്നു…

പിന്നീട് നന്ദിനി അമൃതയോട് ആയിരുന്നു ബാക്കി ചോദിച്ചത്…

അവൾക്കും പറയാനുണ്ടായിരുന്നു ഒന്ന് ചേർത്ത് പിടിക്കാത്ത രണ്ടാനമ്മയെ പറ്റി…

ശൈലജ അവൾക്ക് പറയാനുള്ളത് മുഴുവൻ കേട്ടു അവളുടെ അമ്മയുടെ സ്നേഹം ആഗ്രഹിക്കുന്ന മനസ്സ് അപ്പോൾ അവൾ അറിഞ്ഞു…
ഒപ്പം അമൃതയ്ക്കും ശൈലജയുടെ നിസ്സഹായാവസ്ഥ മനസ്സിലായിരുന്നു..

അവരെ രണ്ട് പേരെയും പരിഗണിക്കാത്ത മുരളിയെ നന്ദിനി വിളിച്ചുവരുത്തി…

അയാളോട് അമൃതയെ പറ്റിയും ശൈലജയെ പറ്റിയും സംസാരിച്ചു..
ഒരു നിസ്സംഗത മതി അയാൾ എല്ലാം കേട്ടു നിന്നു അപ്പോൾ നന്ദിനി അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു…

ശ്രീദേവി മരിച്ചു എന്നത് സത്യമാണെന്നും ഇനി അങ്ങനെ ഒരു ആള് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുകയില്ല എന്നും…..

ഇപ്പോൾ ഉള്ളത് ഷൈലജയും അമൃതയും മാത്രമാണെന്നും അവരെ ഉൾക്കൊണ്ട് ജീവിക്കണമെന്നും….

അത് കേട്ട മാത്രയിൽ മുരളിയുടെ തല താഴ്ന്നു…

“”” ശ്രമിക്കാഞ്ഞിട്ടല്ല നന്ദിനി ചേച്ചി എനിക്ക് കഴിയുന്നില്ല…. അവളെ എന്റെ ശ്രീദേവിയെ അറിയാലോ ചേച്ചിക്ക് ഞാൻ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന്….

അവൾ പോയത് എനിക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറത്താണ്….

അതിന് കാരണക്കാരിയായി എന്റെ മനസ്സിൽ എന്റെ പൊന്നുമോൾ ആണ്.. എത്ര ഞാനവളോട് അടുക്കാൻ ശ്രമിക്കുമ്പോഴും അവൾ കാരണമാണ് എന്റെ ശ്രീ പോയതെന്ന് ബോധം എന്നെ അതിൽനിന്നും പിൻവലിക്കുന്നു….”””

ഇത് കേട്ട് നന്ദിനിക്ക് ശരിക്കും ദേഷ്യം പിടിച്ചിരുന്നു…

“”” ശ്രീദേവി മരിച്ചതിന് അമൃത കാരണമോ???? കൊള്ളാം കണ്ടുപിടിത്തം നന്നായിരിക്കുന്നു….

അവൾ ഗർഭിണി ആയതു കൊണ്ടല്ലേ ഇതെല്ലാം സംഭവിച്ചത് അങ്ങനെയാണെങ്കിൽ നീയും തെറ്റുകാരൻ അല്ലേ അവളുടെ മരണത്തിന് യഥാർത്ഥ കാരണം നീയല്ലേ???? “”””

അയാൾക്ക് മറുപടി ഉണ്ടായിരുന്നില്ല…

നന്ദിനി തുടർന്നു…

“”” രണ്ടാംകെട്ട് ആണെങ്കിലും ആ കുട്ടി, ഷൈലജ ഒത്തിരി പ്രതീക്ഷയോടെ ആയിരിക്കില്ല ഈ പടി കയറിവന്നത്?? എന്തിനാണ് നീ ആ ഒരു പാവം കൂടി ചെയ്തത്?? “””

മുരളിക്ക് അതിനു മറുപടി ഉണ്ടായിരുന്നില്ല അയാൾ അയാളുടെ തല താഴ്ത്തി നിന്നു..

“””” ഇതെല്ലാം കണ്ടാൽ ശ്രീദേവി സന്തോഷിക്കും എന്ന് കരുതുന്നുണ്ടോ????

അവൾ ജീവൻ നൽകി അവൾ നൊന്തുപെറ്റ കുഞ്ഞിനെ ഇങ്ങനെ അവഗണിക്കുന്ന് കണ്ടാൽ അവൾക്ക് അവിടെ സമാധാനം കിട്ടും എന്ന് നീ വിചാരിക്കുന്നുണ്ടോ ???? “””

ഒരു പൊട്ടി കരച്ചിൽ ആയിരുന്നു മുരളിയുടെ മറുപടി ..

കരയട്ടെ എന്ന് വിചാരിച്ചു നന്ദിനി…
കരഞ്ഞ് കാർ നീങ്ങിയ മാനം പോലെ അയാളുടെ മനസ്സ് ശുദ്ധം ആവട്ടെ എന്ന്…

അന്ന് നന്ദിനി അവിടെ നിന്നിറങ്ങുമ്പോൾ മൂന്നു പേരിൽ നിന്നും ഒരു വാക്ക് വാങ്ങിച്ചിരുന്നു…

മരിച്ച തലയ്ക്കുമുകളിൽ നില്ക്കുന്ന ശ്രീദേവിക്ക് വേണ്ടി എങ്കിലും പരസ്പരം സ്നേഹിച്ച് ജീവിക്കാൻ..

അവർ വാക്ക് കൊടുത്തു….

മൂന്നു പേർക്കും പരസ്പരം അത്ര പെട്ടെന്നൊന്നും ഉൾക്കൊള്ളാൻ കഴിയില്ലെങ്കിലും അവർ ആത്മാർത്ഥമായി അതിനു പരിശ്രമിച്ചു…

ഇന്ന് അവർ തമ്മിൽ ഒരു സ്നേഹബന്ധം നിലനിൽക്കുന്നുണ്ട്… അതിൽ ഒരാൾക്ക് നൊന്താൽ മറ്റു രണ്ടുപേരെയും ബാധിക്കുന്ന വിധം…

ഓരോ ദിവസം ചെല്ലുംതോറും അവർ പരസ്പരം അറിയുകയും അടുക്കുകയും ചെയ്തു കൊണ്ടിരുന്നു…

അമൃതയ്ക്ക് ശൈലജ യും മുരളിയും ഒരു നല്ല അച്ഛനും അമ്മയും ആയി തീർന്നു..

പ്രത്യേകിച്ച് ശൈലജ അമൃതയ്ക്ക് എന്തും തുറന്നു പറയാനുള്ള ഒരു കൂട്ടുകാരി കൂടി ആയിത്തീർന്നു…
ഇടയ്ക്ക് ശൈലജ നന്ദിനിയെ കാണാൻ ചെല്ലും…

നന്ദിയോടെ അവരെ നോക്കി പറയും.. “” ചേച്ചി ഇല്ലായിരുന്നെങ്കിൽ ഇത്രയും മനോഹരമായ ഞങ്ങളുടെ കുടുംബം താറുമാറായേനെ”””

അതിന് നന്ദിനി ചിരിയോടെ പറയും മൂന്നുപേരുടെയും ഉള്ളിൽ ഉരുട്ടി കേറ്റി വച്ചിരിക്കുന്ന ഈഗോ അല്ലേഡി ഞാൻ ഇങ്ങു കൊണ്ടുപോന്നത് എന്ന്….

അതങ്ങനെയാണ് ഇത്തിരി ഈഗോ മാറ്റിവച്ചാൽ തകർച്ചയുടെ വക്കിൽ ഉള്ള പല ബന്ധങ്ങളും മനോഹരമായ ഒരു ചേർച്ച കൈവരിക്കും…

ഈഗോ നമുക്ക് മാറ്റി വെക്കാം. ബന്ധങ്ങൾക്ക് പ്രാധാന്യം നൽകാം…

Leave a Reply

Your email address will not be published. Required fields are marked *