അവർക്കാർക്കും തന്റെ കൂടെ ചെലവഴിക്കാൻ ഒട്ടും സമയമില്ല എന്ന്, അവരെല്ലാം..

(രചന: ജ്യോതി കൃഷ്ണ കുമാർ)

മുറ്റത്തേക്കിറങ്ങിയ ആാ വൃദ്ധയെ അവർ വലിച്ചു അകത്തേക്ക് കയറ്റി കൊണ്ടുപോയി… അതെ ചെയ്തുകൊണ്ടിരുന്നത് അവരുടെ മരുമകളും മകനും കൂടിയായിരുന്നു..

സ്വന്തം മകനാണെന്ന് അവകാശപ്പെടുന്നവൻ അപ്പുറത്ത് എല്ലാം കണ്ട് നിശബ്ദനായി സമ്മതത്തോടെ നിൽക്കുന്നുണ്ടായിരുന്നു .. എല്ലാത്തിനും മേൽനോട്ടം വഹിച്ച് എന്നനിലയിൽ…

“”” ന്നെ വിട് എനിക്ക് പോണം ‘””” എന്നാ വൃദ്ധ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു…

അതിന് അവർ കണ്ണ് പൊട്ടുന്ന ചീത്തയാണ് അവർക്ക് മറുപടിയായി നൽകിയത്…

വൃദ്ധയുടെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകിയിരുന്നു.. വലിച്ചിഴച്ച് വീണ്ടും ഇരുട്ടുമുറിയിൽ തന്നെ അവരെ കൊണ്ടു വന്ന് തള്ളി….

അവിടെ ഏറെനാളായി തന്റെ ഏകാന്തവാസത്തിൽ കൂട്ടു കിടന്ന നാല് ചുവരിനോട് അവർ അവരുടെ സാങ്കേത സങ്കടം ഓതി…

നാലു ചുമരുകൾ അതുകേട്ട് വേദനിച്ചു..

പാവം ഒരു അമ്മയുടെ നിസ്സഹായത ഓർത്ത് അവർ തേങ്ങി.. ഒപ്പം വിദ്യാസമ്പന്നരായ മക്കളുടെ പ്രവർത്തി ഓർത്ത് ലജ്ജിക്കുകയും..

മൂന്ന് ആൺകുട്ടികൾ ആയിരുന്നു ആയമ്മക്ക് …

മൂത്തത് രവീന്ദ്രൻ… രണ്ടാമത്തെ ഹരിദാസ്… മൂന്നാമത്തേതാണ് വിനയൻ…ഹെഡ്മിസ്ട്രസ് ആയി വിരമിച്ച അമ്മയ്ക്ക് മൂത്ത രണ്ടുമക്കളെ പറ്റി പറയാൻ വലിയ നാവായിരുന്നു..

ഹെഡ്മാസ്റ്റർ ആയിരുന്ന വേലായുധൻ മാഷിന്റെയും ലക്ഷ്മി ടീച്ചറുടേയും പേരും യശസ്സും ഉയർത്താൻ മൂത്ത രണ്ടു മക്കളും പരിശ്രമിച്ചു…

മൂത്ത മകൻ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ്റിൽ ഓഫീസർ ആയപ്പോൾ ഇളയ ആൾ വെറ്റിനറി ഡോക്ടർ ആയി..

ഇതിലൊന്നും പെടാത്ത ഒരാളായിരുന്നു മൂന്നാമൻ വിനയൻ….

എപ്പോഴും മാഷിനും ടീച്ചർക്കും കുറ്റം പറയാൻ ഒരാൾ… പഠിക്കാതെ വെറുതെ തെണ്ടീ നടന്ന് മാഷിനെയും ടീച്ചറെയും പറയിപ്പിക്കാൻ….

ചെറുപ്പത്തിലെ അവൻ മഹാ നിഷേധിയായിരുന്നു സ്വയം തോന്നിയത് മാത്രമേ ചെയ്യൂ പഠിക്കാൻ ഒക്കെ നല്ല മിടുക്കുണ്ട്…

എന്നാൽ പഠിക്കാനായി ശ്രെമിക്കുകയോ അല്ലെങ്കിൽ മാർക്ക് വാങ്ങി പാസ് ആവണമെന്ന് ഒരു മോഹമോ ഒന്നുമില്ല… എന്നും ചീത്ത പറയാനും തല്ലാൻ മാത്രമായിരുന്നു ടീച്ചർക്കും മാഷിനും ആ ഒരു മകൻ…

അവനും തിരിച്ച് അവർ പറയുന്നതൊന്നും അനുസരിക്കാതെ അവരുടെ ഇഷ്ടപ്രകാരം അങ്ങനെ നടന്നു..

പത്താം ക്ലാസ് പരീക്ഷ പാസ്സാവാത്തതിന് വേലായുധൻ മാഷ് വിനയനെ വീട്ടിൽ നിന്നും ഇറക്കിവിട്ടു..

അയാൾ എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പോയി… അവർ അവന്റെ കാര്യം അന്വേഷിച്ചതുമില്ല പുകഞ്ഞകൊള്ളി പുറത്ത് എന്ന നയമായിരുന്നു മാഷിനും ടീച്ചർക്കും…

മക്കൾ പഠിച്ചു ഒരു നിലയിൽ ആയപ്പോൾ അവരുടെ കാര്യം നോക്കി പോയി…

മൂത്ത കല്യാണം കഴിച്ച അധ്യാപികയും രണ്ടാമത്തെ ആൾ കല്യാണം കഴിച്ച ഡോക്ടറും വീട്ടിലേക്ക് കയറി വന്നപ്പോൾ അവർ ഏറെ സന്തോഷിച്ചു

തങ്ങളുടെ മക്കളുടെ ജീവിതം മാത്രമേ സുഖകരമായിരിക്കും എന്നും തങ്ങളുടെ അഭിമാനം അവർ ഉയർത്തി കാട്ടി എന്നും ഓർത്ത്…

മൂത്തവൻ വേറെ വീട് വെച്ചു മാറിയതും ഇളയവൻ തറവാട് പൊളിച്ച് പുതുക്കിപ്പണിഞ്ഞതും അവർ അഭിമാനത്തോടുകൂടി തന്നെ നോക്കി കണ്ടു… ഇതിനിടയിൽ വേലായുധൻ മാഷ് അവരോട് വിടപറഞ്ഞു പോയി..

അത് അവർക്ക് താങ്ങാവുന്നതിലും അധികമായിരുന്നു… വർഷങ്ങളായി അവർ തമ്മിൽ പിരിഞ്ഞിട്ട് ഇല്ല എപ്പോഴും വേലായുധൻ മാഷ് എന്തിനും ഒപ്പം കാണും..

എന്നെന്നേക്കുമായുള്ള ഈ നഷ്ടപ്പെടൽ അവരുടെ ഉള്ളിൽ വല്ലാത്തൊരു തളർച്ച സമ്മാനിച്ചു…

അപ്പോഴാണ് അഭയം കണ്ടെത്താൻ മറ്റുള്ളവരെ അവർ തെരഞ്ഞത്..

പിന്നീട് വലിയൊരു സത്യം അവർ മനസ്സിലാക്കുകയായിരുന്നു….. അവർക്കാർക്കും തന്റെ കൂടെ ചെലവഴിക്കാൻ ഒട്ടും സമയമില്ല എന്ന്….

അവരെല്ലാം അവരുടേതായ ലോകത്താണ്…. സത്യത്തിൽ താനും മാഷും മാത്രമേ തങ്ങളുടെ ലോകത്ത് ഉണ്ടായിരുന്നുള്ളൂ…. മറ്റുള്ളവരൊക്കെ ഉണ്ട് എന്ന് വെറുമൊരു തോന്നൽ മാത്രമായിരുന്നു….

ഇത് അവരെ ഏറെ വിഷമിപ്പിച്ചു ഒരിടത്ത് നിൽക്കുമ്പോൾ അക്കരപ്പച്ച എന്ന തോന്നലിൽ രണ്ടു മക്കളുടെയും ഇടത്ത് മാറിമാറി അവർ നിന്നു…
പക്ഷെ രണ്ടിടത്തും അവർക്ക് ലഭിച്ചത് അവഗണന മാത്രമായിരുന്നു..

ആദ്യമൊക്കെ അത് അവർക്ക് ശീലമായി.. പക്ഷേ പിന്നീട് അത് അവരുടെ മാനസിക നില തന്നെ താറുമാറാക്കി…

ഇപ്പോൾ വേലായുധൻ മാഷ് മരിച്ചെന്ന് അവരുടെ ബോധമണ്ഡലത്തിൽ ഇല്ല ജീവിച്ചിരിക്കുന്ന വേലായുധ മാഷ് എവിടെയോ തനിക്കായി കാത്തിരിക്കുകയാണ് എന്നായിരുന്നു അവരുടെ മനസ്സിൽ തോന്നിയത്….

മാഷിന്റെ അടുത്തേക്ക് പോകാൻ ഉള്ള പ്രയത്നങ്ങൾ ആയിരുന്നു ഈ ഓരോ ഇറങ്ങി ഓട്ടവും…

അതിൽ അവർക്കെല്ലാം ടീച്ചറോട് ദേഷ്യം തോന്നിയിരുന്നു…. ക്രൂരമായി വലിച്ചിഴച്ച് മുറിയിൽ കൊണ്ടുപോയി പൂട്ടിയിട്ട് അവരതിന് പ്രതികാരം ചെയ്തു…

പിന്നീട് ഒന്നു അവരുടെ കാലിൽ ഒരു ചങ്ങല പ്രത്യക്ഷമായി… ഒറ്റപ്പെട്ടവൾക്ക് കൂട്ടായി അതിന്റെ നാദം മാത്രമായി…

അവർ അവിടെ ഒതുങ്ങിക്കൂടി.. ഒരുദിവസം അവരെ തിരഞ്ഞു മെലിഞ്ഞ ഒരാൾ വന്നിരുന്നു…

വിനയൻ “””

ഒരിക്കലും അച്ഛനുമമ്മയും ആഗ്രഹിക്കാത്ത ഒരു മകൻ…. അച്ഛന്റെ മരണവാർത്ത പോലും അപ്പോഴാണ് അയാൾ അറിഞ്ഞത് അവിടെ എത്തിയതിനു ശേഷം മാത്രം….

തെക്കേ തൊടിയിലെ മാഷിന്റെ ശവകല്ലറ നോക്കി അയാൾ ഒന്ന് നെടുവീർപ്പിട്ടു പതിയെ അതിന്റെ അടുത്തേക്ക് നടക്കുമ്പോൾ പണ്ടത്തെ കാലം അയാൾക്ക് ഓർമ്മ വന്നു… ആ ചൂരലിന്റെ വേദനയും….

തനിക്ക് അവർക്കായി ഒന്നും നൽകാൻ ആയില്ലല്ലോ എന്ന കുറ്റബോധവും..

ഒരിക്കൽ പോലും അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഒന്ന് വളരാൻ പോലും താൻ ശ്രമിച്ചിരുന്നില്ല… എന്നും മറ്റുള്ളവർക്ക് പറഞ്ഞു ചിരിക്കാനുള്ള ഒരാൾ മാത്രമായിരുന്നു….

അന്ന് താൻ, അന്നവരുടെ വേദനയുടെ ആഴം മനസ്സിലാക്കാൻ കഴിഞ്ഞില്ല…
ഇപ്പോൾ ആലോചിക്കുമ്പോൾ അവർക്ക് താൻ കാരണം ഉണ്ടായ അപമാനം എത്രയാണെന്ന് ഊഹിക്കാമായിരുന്നു….

ആരുമില്ലായിരുന്നു ഏട്ടന്റെ വീട്ടിൽ അയാൾ എത്തിയപ്പോൾ… ഒരു ഹോം നഴ്സിനെ മാത്രം അവിടെ നിർത്തി അവരെല്ലാം ജോലിക്ക് പോയിരുന്നു….

നഴ്സിനോട് അമ്മ എന്ന് ചോദിച്ചപ്പോൾ അവർ ഒരു റൂമിലേക്ക് വിരൽ ചൂണ്ടി…

“” ഞാൻ ആാ അമ്മയുടെ മകൻ തന്നെയാ.. വിനയൻ,നിങ്ങളെന്നെ അകത്തുകയറ്റി എന്നുവിചാരിച്ച് പേടിക്കേണ്ട ട്ടോ”””

എന്ന് നഴ്സിനോട് അവൻ പറഞ്ഞു കാരണം ഏറെക്കാലം മുമ്പ് നാടുവിട്ടത് ആയിരുന്നല്ലോ ആർക്കും തന്നെ അവിടെ പരിചയം ഇല്ല എന്ന് അയാൾക്കറിയാമായിരുന്നു…

എന്നാൽ നഴ്സ് ഒന്ന് തിരിച്ചു ചിരിക്കുകയാണ് ചെയ്തത്…

“”””എനിക്ക് കണ്ടപ്പോഴേ മനസ്സിലായി ഇവിടുത്തെ അച്ഛന്റെ ഫോട്ടോയിൽ ഉള്ള അതേ മുഖം “”” എന്നവർ പറഞ്ഞപ്പോൾ വിനയൻ വേദനയോടെ ഒന്ന് പുഞ്ചിരിച്ചു…

അമ്മയുടെ മുറി തുറന്നതും രൂക്ഷമായ മൂത്രത്തിന്റെ ഗന്ധം അയാളുടെ മൂക്കിലേക്ക് തുളഞ്ഞുകയറി…..

ഇങ്ങനെ ഒരു അവസ്ഥയിൽ തന്റെ അമ്മയെ അയാൾക്ക് സങ്കൽപ്പിക്കാൻ പോലുമാകുമായിരുന്നില്ല….

“””എന്താ അമ്മക്ക് പറ്റിയത്”” എന്ന് അവൻ ഹോം നഴ്സിനോട് ചോദിച്ചു..

“”” മാഷ് മരിച്ചതിൽ പിന്നെ ഇങ്ങനെ ആണത്രേ…

ഞാൻ വരുമ്പോൾ ഇതുതന്നെയായിരുന്നു അവസ്ഥ.. ഒന്ന് കണ്ണുതെറ്റിയാൽ അപ്പോൾ മുറ്റത്തേക്കിറങ്ങി മാഷിന്റെ അടുത്തേക്ക് പോവുകയാണ് എന്ന് പറഞ്ഞു ഓടും… അതാണ് ഇവിടെ ഇങ്ങനെ ബന്ധിച്ചിരിക്കുന്നത് “””

അതു കാണേ കണ്ണുനിറഞ്ഞു വിനയന്..

“”” അമ്മേ “”

എന്നു വിളിച്ചതും അവർ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..

“”” വിനയാ “””

എന്നായിരുന്നു തിരിച്ചുവിളിച്ചത് അയാൾക്ക് ആകെ അത്ഭുതമായി എത്രയോ വർഷങ്ങൾക്ക് ശേഷം തന്നെ കണ്ടിട്ടും അമ്മ തിരിച്ചറിഞ്ഞത് അയാൾക്ക് ഏറെ ആഹ്ലാദമായിരുന്നു…

ഇത്തിരി നേരം അമ്മയോട് സംസാരിച്ചപ്പോൾ… മാനസികമായി അമ്മയ്ക്ക് അത്രയേറെ പ്രശ്നങ്ങളൊന്നും ഇല്ല എന്ന് തന്നെ അയാൾക്ക് മനസ്സിലായി….

ഒപ്പം ഹോംനേഴ്സ് പറഞ്ഞതിൽ നിന്നും അയാൾ ചിലതെല്ലാം വേർതിരിച്ച് എടുത്തിരുന്നു…

ഏട്ടന്മാരുടെ സമ്മതം കിട്ടിയാൽ അമ്മയെ കൂടെ കൊണ്ടു പോകാം എന്നും

ആരോരുമില്ലാത്ത അമ്മയ്ക്കും ആരോരുമില്ലാത്ത തനിക്കും പരസ്പരം സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും ഇനിയുള്ള കാലം ജീവിക്കാം എന്നും അയാൾ അമ്മയ്ക്ക് ഉറപ്പുകൊടുത്തു…

അമ്മയെ കൊണ്ടു പോകട്ടെ എന്ന് ചേട്ടന്മാരോട് ചോദിച്ചപ്പോൾ അവർ എതിർത്തു…

“””ജോലിയും കൂലിയും ഇല്ലാത്ത നിന്റെ ഒപ്പം പറഞ്ഞയച്ച് ഞങ്ങൾ ആളുകളുടെ പഴി കേൾക്കണോ??””” എന്ന് അവർ തിരിച്ചു ചോദിച്ചു..

വിനയന് മറുപടി ഇല്ലായിരുന്നു…

ഞാൻ അമ്മയെ പൊന്നുപോലെ നോക്കിക്കോളാം “”” എന്നയാൾ പറഞ്ഞു..

അവസാനം ഇറങ്ങി പോയ്ക്കോളാൻ പറഞ്ഞിട്ടാണ് ചേട്ടൻമാർ അയാളെ യാത്രയാക്കിയത്…

വേദനയോടെ അയാൾ ഇറങ്ങി നടന്നപ്പോൾ അമ്മ പ്രതീക്ഷയോടെ അയാളെ നോക്കിയിരിക്കുകയായിരുന്നു…

അവർക്ക് മുഖം കൊടുക്കാതെ അയാൾ നടന്നു നീങ്ങി…

അമ്മ ഏറെ നേരം കാത്തിരുന്നു പിന്നെ മനസ്സിലായി ആരും ഇനി വരാനില്ല എന്ന്..
ഒന്ന് കണ്ണടച്ചപ്പോൾ മാഷ് വന്നു തന്നെ വിളിക്കുന്നതായി തോന്നി…

ഇത്തവണ ശരിക്കും മാഷ് വന്നിരുന്നു.. അവരെ വിളിച്ചിരുന്നു.. മറ്റൊരു ലോകത്തേക്ക്…

Leave a Reply

Your email address will not be published. Required fields are marked *