എനിക്കും ഉണ്ടല്ലോ ഒരമ്മായി അമ്മ മൂന്ന് കൊല്ലമായി എന്നോട് മിണ്ടിയിട്ട്, നിനക്ക് അങ്ങോട്ട് മിണ്ടിക്കൂടെ സൂസി..

(രചന: Jolly Varghese)

ആഹാ , ങ്ഹാ.. സൂസിയോ.? വരൂ…, എത്ര കാലമായി കണ്ടിട്ട്..!

അതേ ചേച്ചീ..കോവിഡിന് മുന്നേ കണ്ടതാ നമ്മൾ.

അതൊക്ക പോട്ടെ.. എന്തുണ്ട് പിന്നെ നിന്റെ വിശേഷങ്ങൾ. ജീവിതമൊക്കെ എങ്ങനെ പോകുന്നു.?

ഓ.. പ്രേത്യകിച്ചു വിശേഷം ഒന്നൂല്ല്യ..!
ചേട്ടായി രാവിലെ വാർക്കപണിക്കുപോയി. മോൻ ഈ കൊല്ലം പത്തിലായി, മോള് എട്ടിലും, അവര് സ്കൂളിലും പോയി.

ഉം..

നീ തനിയെ ഇരിക്കുമ്പോ ഇടയ്ക്കൊക്കെ ഇങ്ങോട്ട് വരരുതോ.. നമുക്ക് വല്ലതുമൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കാം.
അതൊക്ക ഞാനും ആലോചിക്കാറുണ്ട്.. ഇങ്ങോട്ടൊന്നു വരണമെന്ന്.

പക്ഷേ വീട്ടിലെ പണിയൊക്കെ തീർത്തു കഴിയുമ്പോ മടുക്കും. അന്നേരം ഫോണെന്നെടുത്തു യൂ ട്യൂബ് നോക്കും. ഒരു വീഡിയോ കാണാൻ തുടങ്ങിയാൽ പിന്നെ..അടുത്തത്.. അതിന്റടുത്ത്.. എന്നിങ്ങനെ കണ്ടുപോകും.

ങ്ഹും.. അത് ശരി.

ചേച്ചി കാണാറില്ലേ യൂ ട്യൂബ് വീഡിയോ.?
ഇടയ്ക്കൊക്കെ കാണാറുണ്ട്. കൂടുതലും പഴയ സിനിമകളാണ് കാണാറ്. പിന്നെ ചില ഇന്റർവ്യൂകൾ, ചർച്ചകൾ ഒക്കെ കാണാറുണ്ട്.
അയ്യേ.. ഞാനതൊന്നും കാണില്ല.. !
പിന്നെ.??

ഞാൻകാണുന്നതു ഫാമിലി വ്ലോഗുകൾ ആണ്. അതിലെ അപ്പനും, അമ്മയ്ക്കും, മക്കൾക്കും,മരുമക്കൾക്കും ഒക്കെ എന്താ സ്നേഹം എന്നറിയാമോ.?

അമ്മായിയമ്മയും മരുമകളും തമ്മിലുള്ള സ്നേഹം കാണണം നമ്മുടെ കണ്ണ് നിറഞ്ഞുപോകും. അമ്മ.., മകനും, മരുമകൾക്കും വാരികൊടുക്കുന്നു. മരുമകൾ അമ്മായി അമ്മയ്ക്ക് വാരിക്കൊടുക്കുന്നു.

ഉമ്മകൊടുക്കുന്നു. എത്ര സ്നേഹമാണെന്നോ അവർക്കൊക്കെ.

ആഹാ… കൊള്ളാല്ലോ. !

ങ്ങാ…ചേച്ചി. ഞാനോർക്കാറുണ്ട് ആ വീട്ടിൽ ജനിച്ചാൽ മതിയായിരുന്നു എന്ന്.

എനിക്കും ഉണ്ടല്ലോ ഒരമ്മായി അമ്മ മൂന്ന് കൊല്ലമായി എന്നോട് മിണ്ടിയിട്ട്. നിനക്ക് അങ്ങോട്ട് മിണ്ടിക്കൂടെ സൂസി..?

ഹൊ.. പിന്നെ.. ആ തള്ളയ്ക്ക് ഞാനെന്തു ചെയ്താലും കുറ്റമാ.

അങ്ങനെ എന്നോട് വഴക്കിട്ടു മോക്കടെ വീട്ടിൽ പോയി നിൽക്കുവല്ലേ.. അവിടെ നിക്കട്ടെ.
സൂസി.. കലിപ്പോടെ പറഞ്ഞു.

എന്നാലും പ്രായമായവരല്ലേ സൂസി.. നമ്മള് കണ്ടില്ല.. കേട്ടില്ലാ എന്ന് വിചാരിച്ചു പോകൂ.

ങു..ഹും ചേച്ചിക്ക് അങ്ങനെ പറയാം കാരണം ചേച്ചിയുടെ ടീച്ചറമ്മ പാവമല്ലേ.

നമ്മൾ വന്ന പെൺകുട്ടികൾ കണ്ടും കേട്ടും സ്നേഹത്തോടെ നിന്നാൽ അവര് നമ്മളെയും സ്നേഹിച്ചോളും.
പിന്നേ..കൊറെ നടക്കും.

അതിനൊക്കെയെന്റെ ചേച്ചി….മന്താരം വ്ലോഗിലെ അമ്മായി അമ്മയെയും മരുമകളെയും കാണണം. അമ്മായി അമ്മയെ മരുമകൾ വിളിക്കുന്നത്‌ പോലും. അമ്മക്കുട്ടാ.. ന്നാ..അവര് മരുമകളെ വിളിക്കുന്നത്‌ ചിന്നൂസേ..ന്നാ.

അതുപോലെയുള്ള എത്രയെത്ര ചാനലുകൾ ഉണ്ടന്നോ .

അതിലൊക്കെ അവര് പരസ്പരം വിളിക്കുന്ന ചെല്ലപ്പേര് കേക്കണം ചേച്ചി.

സുന്നപ്പൻ,പൊന്നപ്പൻ, ചക്കപ്പൻ, ചിന്നാപ്പി, തക്കുടു, പക്കുടു, കുക്കുടു, അച്ഛകുട്ടൻ, അപ്പക്കുട്ടൻ, അമ്മകുട്ടി, അമ്മപൊന്ന്, അമ്മക്കിളി..എന്നല്ലാമാണ്.

കേൾക്കുമ്പോ കൊതിയാവും. നമ്മുടെ കെട്ടിയവൻ നമ്മളെ വിളിക്കുന്നത്‌ പുറത്തു പറയാൻ കൊള്ളാത്ത ഭാഷയാണ്.

അങ്ങനെ സൂസി അവളുടെ യൂ ട്യൂബ് വേദനകൾ പങ്ക്‌ വെച്ചിട്ടു പോയി. അവളുടെ പ്രിയപ്പെട്ട കുറച്ചു ചാനലുകളുടെ പേരുകൾ എന്നോട് പറഞ്ഞിട്ടാണ് പോയത് സമയം കിട്ടുമ്പോ കേറികാണണം എന്നും പറഞ്ഞിട്ടുണ്ട്..

എന്തായാലും അവള് പറഞ്ഞതല്ലേ… ഒന്നുരണ്ടെണ്ണം കണ്ടുകളയാം. അങ്ങനെ അവളുപറഞ്ഞ ഒരു ചാനൽ എടുത്തു നോക്കി., ശരിയാണ് അവള് പറഞ്ഞത്.. സ്നേഹത്തിൽ പൊതിഞ്ഞ ആലുവ കഷ്ണം പോലുള്ള വീഡിയോകൾ.

ഇത്രയും സ്നേഹ സമ്പന്നമായ കുടുംബങ്ങളാണ് നമ്മുടെ നാട്ടിൽ ഉള്ളതെങ്കിൽ ഇന്നീ കാണുന്ന അക്രമവും, അതിക്രമവും സ്ത്രീധനപീഡനങ്ങളും, ആത്മഹത്യയും ഒന്നും ഉണ്ടാവില്ലായിരുന്നു എന്നാണ് ഞാൻ ആലോചിച്ചത്.

എന്തായാലും ഞാനതിന്റെ കമന്റ്ബോക്സിൽ നോക്കി മൂവായിരം നാലായിരമോക്കെ കമന്റുകൾ. വീഡിയോയെക്കാൾ രസമാണ് കമന്റുകൾ.

” എത്ര സ്നേഹമുള്ള അമ്മ, തക്കുടുവിന്റെ ഭാഗ്യമാണ് ഈ അമ്മ, അമ്മയുടെ ഭാഗ്യമാണ് തക്കുടു, തക്കുടുവിനെ കിട്ടിയ പൊന്നപ്പേട്ടൻ…, നിങ്ങളുടെ കുടുംബത്തിന്റെ സ്നേഹം കാണുമ്പോൾ എന്റെ മനസ്സ് നിറയുന്നു.

കണ്ണ് നിറയുന്നു. , ആ വീട്ടിൽ ജനിക്കാൻ പറ്റിയിരുന്നെങ്കിൽ, പൊന്നപ്പട്ടന്റെ ചിരി..പൊന്നപ്പേട്ടനോട് സ്നേഹം തോന്നുന്നു, ഹോ.., തക്കുടു എന്ത് സുന്ദരിയാ..,

കിളിനാദം പോലുള്ള ശബ്‌ദം, നിങ്ങുളുണ്ടാക്കിയ കപ്ലങ്ങക്കറി കണ്ടിട്ട് വായിൽ വെള്ളം നിറഞ്ഞു. എന്നുതുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത കമന്റുകൾ.

ഞാനപ്പോ ഓർത്തുപോയി. അന്യന്റെ വീട്ടിലെ സ്നേഹം കണ്ട് കണ്ണും മനസ്സും നിറയ്ക്കാതെ സ്വന്തം വീട്ടിലെ ഇല്ലായ്മയും വല്ലായ്മയും മനസ്സിലാക്കി പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിച്ചാൽ

അന്യന്റെ കുടുംബത്തിലെ സ്നേഹം കണ്ട് മനസ്സ് നിറയ്‌ക്കേണ്ട കാര്യമില്ലല്ലോ. തന്നെയുമല്ല ഈ വ്ലോഗറുമ്മാരുടെ പിന്നാമ്പുറ ജീവിതം നമുക്കറിയുകയും ഇല്ലല്ലോ.?

എന്തായാലും സൂസിയെ പോലുള്ളവർക്ക് സന്തോഷം കൊടുക്കാൻ വ്ലോഗർമ്മാർക്ക് കഴുയുന്നതു അവരുടെ കഴിവും അതിൽകൂടുതൽ വരുമാനമാർഗ്ഗവുമാണ്. അത് മനസ്സിലാക്കിയാൽ മാത്രം മതി.
ലോകം മാറുകയാണല്ലോ അനുനിമിഷം.

ഓരോത്തർത്തർക്കും ഇഷ്‌ടമുള്ള വിഭവങ്ങൾ ഒരുക്കി വച്ച് ഓൺലൈനുകൾ മാടിവിളിക്കുമ്പോൾ .ഇഷ്‌ടമുള്ളത് തിരഞ്ഞെടുക്കുക സ്വകാര്യതയിൽ ഇരുന്ന് കാണുക. ആഹാ..എത്രയോ സുന്ദരം അല്ലേ..?

അപ്പോ.ഗെയ്‌സ് ഇത്രയും കാഴ്ചയും ചിന്തയും തന്ന സൂസിയെ സ്മരിച്ചുകൊണ്ട്.. ഞാനങ്ങോട്ട് ..ഇഷ്‌ടപ്പെട്ടാൽ ലൈക്ക്, കമന്റ്, ഷെയറ്.. ബൈ.. ബാ..യ്…