താൻ ഏറ്റവും വെറുക്കുന്ന അച്ഛന്റെ ആദ്യഭാര്യയാണെന്ന് ഒറ്റ നോട്ടത്തിൽ അവൾക്ക് മനസ്സിലായി, ചേട്ടത്തി നീട്ടിയ..

കാക്കഭുവനേശ്വരി
(രചന: Nisha Pillai)

വിദൂര പഠന കേന്ദ്രത്തിൽ വച്ചാണ് അർജുൻ ആദ്യമായി ഭുവനേശ്വരിയെ കാണുന്നത്. ക്യൂവിൽ നിൽക്കുകയായിരുന്ന പത്തിരുപതു വിദ്യാർത്ഥികളുടെ ഇടയിലേക്ക് അവൾ ഇടിച്ചു കയറി നിന്നു.

ഫോം പൂരിപ്പിച്ചു കൊണ്ടിരുന്ന അർജുൻ , പെട്ടെന്ന് ആൺകുട്ടികൾ നാലുപാടും ചിതറി മാറിയത് ശ്രദ്ധിച്ചു. വിദ്യാർത്ഥികളുടെ പെട്ടെന്നുള്ള നിശബ്ദത ഫീസ് കൗണ്ടറിൽ ഇരുന്ന ചേച്ചിയെ തല ഉയർത്തി നോക്കാൻ പ്രേരിപ്പിച്ചു.

“കാര്യം മനസിലായി” എന്ന അർത്ഥത്തിൽ വാ പൊത്തി, തലകുലുക്കി അവർ കുനിഞ്ഞിരുന്നു. സാധാരണ പെൺകുട്ടികളുടെ ആഗമനത്തിൽ ഉണ്ടാകേണ്ട “ദർശന സുഖം സ്പർശന സുഖം ” വേണ്ടെന്നു വയ്ക്കാനുള്ള കാരണമാണ് അർജുൻ അന്വേഷിച്ചത് .

ഒരു തമിഴ് ലുക്കുള്ള ഇരു നിറത്തിലുള്ള പൊക്കം കുറഞ്ഞ സാമാന്യത്തിലധികം തടിയുള്ളൊരു പെണ്ണ്.

കാക്ക എന്ന് വിശേഷിപ്പിക്കാനുള്ള കറുപ്പ് അവൾക്കുണ്ടായിരുന്നില്ല .അവിടെ കൂടി നിന്ന പലരും അവളെക്കാൾ കറുപ്പ് നിറമായിരുന്നു.

അല്ലെങ്കിലും നിറം കൊണ്ടൊരാളെ പേരെടുത്തു വിശേഷിപ്പിക്കുന്നത് അർജുൻ ഇഷ്ടപ്പെട്ടിരുന്നില്ല.പിന്നെ ശരീര വണ്ണം കൂടുതലായിരുന്നു.

“ഗോപുര ശരീരിണി” എന്നൊക്കെ വിശേഷിപ്പിക്കാം . ഒരു പക്ഷെ തല എന്ന ഭാഗമില്ലായിരുന്നില്ലെങ്കിൽ ശരീരത്തിന്റെ മുൻഭാഗവും പിൻഭാഗവും വശങ്ങളും തിരിച്ചറിയാൻ പ്രയാസപ്പെടും.

പാവം ബോഡി ഷെയിമിങ്ങിനു ഇരയായിട്ടുണ്ടാകും. ഇപ്പോൾ തന്റെ കൺമുൻപിൽ നടന്നതും അതല്ലേയെന്ന് അർജുന് തോന്നി.

വെറും ബോഡി ഷെയിമിങ് അല്ല ഫാറ്റ് ഷെയിമിങ് . അവനവളോട് അനുകമ്പ തോന്നി. തന്റെ വിവാഹിതയായ കുഞ്ഞനുജത്തിക്കും ഇതേ പ്രശനങ്ങൾ ഉണ്ടായിരുന്നു.അത് കാരണം വളരെ പാടുപെട്ടാണ് അവൾക്കു വിവാഹം തരപ്പെട്ടതു.

അവളെ തടിച്ചി എന്ന് വിളിച്ചു പരിഹസിച്ചവർ ധാരാളം.അതവൾക്കു ഉണ്ടാക്കിയ അപകർഷതാ ബോധം ചെറുതായിരുന്നില്ല.ഇന്നും അതൊന്നും അവളെ വിട്ടൊഴിഞ്ഞു പോയിട്ടില്ല.

മറ്റുള്ളവരെ അഭിമുഖീകരിക്കാൻ അവൾക്കു ഇന്നും പ്രയാസമാണ്.. മെലിഞ്ഞല്ലോ, തടിച്ചല്ലോ, കരുവാളിച്ചല്ലോ ഇങ്ങനെ അധിക്ഷേപിക്കുന്നവർ അറിയുന്നില്ലല്ലോ,അത് കേൾകുന്നവർക്കുണ്ടാകുന്ന നൊമ്പരങ്ങൾ.

പതിനാലു വയസ്സിൽ മേജർ രവിയുടെ പട്ടാള സിനിമകൾ കണ്ടു പട്ടാളക്കാരനാകാൻ തയാറെടുത്തു നടന്നതാണ് അർജുൻ .അന്ന് മുതൽ പട്ടാള ചിട്ടയുള്ള ജീവിതം.ഒട്ടും മേദസ്സ് ഇല്ലാത്ത ഉറച്ച ശരീരം.

പട്ടാളക്കാരെ പോലെ പറ്റെ വെട്ടിയ മുടി.ചിട്ടയായ ദിനചര്യകൾ.പട്ടാളക്കാരനാകാൻ കഴിഞ്ഞില്ലെങ്കിലും ,എല്ലാത്തിലും കൃത്യനിഷ്ഠ.ഒരേയൊരു അനിയത്തി ഭർതൃ മതിയായി.വീട്ടിൽ മാതാപിതാക്കൾക്കൊപ്പം താമസം.

ഡിഗ്രി കഴിഞ്ഞു മെഡിക്കൽ റെപ്രെസെന്ററ്റീവ് ആയി ജോലിക്കു കയറി.കഠിനാധ്വാനം കൊണ്ട് നല്ല കമ്മിഷൻ കിട്ടുന്നുണ്ട്.തുടർപഠനത്തിനായി ഇപ്പോൾ ഇഗ്നോ യൂണിവേഴ്സിറ്റിയിൽ എം ബി എ യ്ക്ക് ചേർന്നു.അന്നാദ്യമായി അവിടെ വച്ച് ഭുവനയെ കണ്ടു.

പിന്നെ അവളെക്കുറിച്ചു അവൻ മറന്നു.ഒന്നും പഠിക്കാതെ ഒരു വഴിപാടായിട്ടാണ് ഫസ്റ്റ് സെമസ്റ്റർ പരീക്ഷക്ക് പോയത്.ഭാഗ്യത്തിന് അവന്റെ അതെ ബെഞ്ചിൽ തന്നെയായിരുന്നു അവളുടെയും ഇരിപ്പിടം.

ഒന്നും എഴുതാതെ ചുറ്റുപാടും നോക്കിയിരുന്ന അവന്റെ നേരെ തന്റെ ഉത്തര കടലാസ്സ് നീക്കി വച്ച് അവൾ ഉദാര മനസ്കയായി.അത് ഒരു ആഴത്തിലുള്ള സൗഹൃദത്തിന് തുടക്കം കുറിച്ചു.ബാക്കി പരീക്ഷകൾ കൂടി കഴിഞ്ഞപ്പോഴേക്കും ഭുവനേശ്വരി അവന്റെ നല്ലൊരു സുഹൃത്തായി മാറി.

നഗരത്തിൽ വച്ച് പലയിടത്തും വച്ച് അവിചാരിതമായി അവർ കണ്ടു മുട്ടി. മാളിന്റെ മുന്നിൽ കൂട്ടുകാരനെ കാത്തു നിന്നപ്പോഴാണ് പിന്നെയവൾ കണ്ടു മുട്ടിയത്.

എന്താണ് ഇവിടെയെന്നു ചോദിച്ചപ്പോൾ അവൾ തിരിഞ്ഞു നിന്ന് അവളുടെ സാമാന്യം വണ്ണമുള്ള മുടിയിഴകളിൽ വിരലോടിച്ചു.

“മൊത്തം നര ആണെടോ,ഒന്ന് കറുപ്പിക്കാനാ,അല്ലെങ്കിൽ അതും കൂടെ കളിയാക്കലിന് കാരണമാകും ”

അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് മിന്നി മറഞ്ഞ സങ്കടത്തിന്റെ സൂക്ഷ്മ ഭാവങ്ങൾ അവൻ കണ്ടു പിടിച്ചു.അവനവളോടൊപ്പം നടന്നു.മൂന്നാം
നിലയിലെത്താൻ ലിഫ്റ്റിന്റെ ബട്ടൺ അമർത്തി കാത്തു നിന്ന അവളെ അവൻ ബലമായി പിടിച്ചു കൊണ്ട് നീണ്ട പടിക്കെട്ടിനു മുന്നിൽ കൊണ്ട് നിർത്തി.

“വാ നമുക്ക് നടന്നു കയറാം,അല്ലെങ്കിൽ നീ അങ്ങ് മടിച്ചിയാകും.”

“നീ എങ്ങോട്ടാ? ”

“ഞാൻ എങ്ങോട്ടുമില്ല,നിനക്ക് കൂട്ടിനു വേണ്ടി മാത്രം.”

ഒരു ഞായറാഴ്ച തുണി അലക്കി വിരിക്കുമ്പോഴാണ് ,അയൽ വക്കത്തു ആംബുലൻസ് വന്നത് കണ്ടത്.

ദീനം മൂലം കിടപ്പിലായ പണിക്കരച്ചനെ ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ വന്നതാണ് പാലിയേറ്റീവ് കെയർ എന്നെഴുതിയ വണ്ടി.അതിൽ നിന്നിറങ്ങിയ സിസ്റ്ററിന്റെ സഹായിയായി ഭുവനയും ഉണ്ടായിരുന്നു.അവൾ അർജുൻ കണ്ടു അടുത്തേക്ക് വന്നു .

“ഇവിടത്തെ അച്ഛന് കൂടുതലാണ്.ഇനിയിപ്പോൾ ചികിത്സയൊന്നുമില്ല.കൊണ്ട് പോകുകയാണ്. എല്ലാവരെയും അറിയിക്കാൻ ഡോക്ടർ പറഞ്ഞു.”

അവൾ ഞായറാഴ്ചകളിലും ഒഴിവു ദിവസങ്ങളിലും അവളെ കൊണ്ട് ആകുന്ന വിധത്തിൽ സൗജന്യമായി സേവനം നടത്താറുണ്ടെന്നു ഡ്രൈവർ പയ്യൻ പറഞ്ഞാണറിഞ്ഞത്.അതവന് അദ്ഭുതമായിരുന്നു.

പ്രത്യേകിച്ച് സേവനം .അവളുടെ വീടിന്റെ നട്ടെല്ല് അവളായിരുന്നു.രോഗിയായ അമ്മയും മെഡിക്കൽ സ്റ്റുഡന്റ് ആയ അനിയത്തിയും അവളുടെ സംരക്ഷണയിലായിരുന്നു.

ഒരു ആർക്കിടെക്ട് കമ്പനിയുടെ ഫ്രന്റ് ഓഫീസിലായിരുന്നു അവളുടെ ജോലി.പഠിക്കാൻ മിടുക്കിയായിരുന്നെങ്കിലും പഠനം ബിരുദം കൊണ്ട് നിർത്തി.അച്ഛന് അവളെ ഒരു ആർക്കിടെക്ട് ആക്കാനായിരുന്നു ഇഷ്ടം.

നല്ലതു പോലെ പ്ലാനും ഡിസൈനും വരക്കുന്ന അവൾ രഹസ്യമായി പ്ലാൻ വരച്ചു നൽകി കമ്പനി അറിയാതെ വരുമാനം ഉണ്ടാക്കിയിരുന്നു. അർജുൻ മുഖാന്തരവും അവൾക്കു ക്ലൈന്റിനെ കിട്ടിയിരുന്നു കമഴ്‌ന്നു വീണാൽ കാൽപണം എന്ന വേദവാക്യമാണവൾക്കു .

അവളുടെ അച്ഛൻ ആദ്യഭാര്യയെയും രണ്ടു ആണ്മക്കളെയും ഉപേക്ഷിച്ചു തമിഴ് നാട്ടിൽ പോയതാണ്. അവിടെ വച്ച് അദ്ദേഹം കണ്ടു മുട്ടിയ അരുണമലർ ആയിരുന്നു ഭുവനയുടെ അമ്മ . അവർക്കു രണ്ടു പെൺകുട്ടികളായിരുന്നു. നാട്ടിൽ വീട് വച്ച് താമസം ആരംഭിച്ചു .

നല്ല സന്തോഷകരമായ ദിവസങ്ങൾ .ഒരിക്കൽ അവിചാരിതമായി അച്ഛനെ നാട്ടിൽ വച്ച് കണ്ടു മുട്ടിയ ആദ്യഭാര്യയും ആങ്ങളമാരും ചേർന്ന് അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കി.പതിയെ പതിയെ അദ്ദേഹത്തെ മാനസിക രോഗിയുമാക്കി.

രണ്ടു പെൺകുട്ടികളെ വളർത്തി വലുതാക്കാൻ അരുണമലർ വല്ലാതെ പാടുപെട്ടു.അച്ചപ്പവും മുറുക്കും ജിലേബിയുമൊക്കെ ഉണ്ടാക്കി വീടുവീടാന്തരം അവർ കയറിയിറങ്ങി.

രണ്ടു പെൺകുട്ടികളും പഠിക്കാൻ ഒന്നിനൊന്നു മിടുക്കികളായി. ഭുവന നന്നായി പടം വരയ്ക്കുമായിരുന്നു.

അമ്മക്ക് ഹൃദയ സംബന്ധിയായ രോഗം വന്നപ്പോൾ അവൾ പഠനം ഉപേക്ഷിച്ചു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു കയറി.അതിൽ നിന്നുള്ള വരുമാനമായിരുന്നു ആകെ ആശ്രയം.

അമ്മയുടെ ചികിത്സയും അനിയത്തിയുടെ പി ജി പഠനവുമാണ് അവളുടെ സ്വപ്നം.ടെൻഷൻ വരുമ്പോൾ അവൾ കൂടുതൽ ആഹാരം കഴിക്കും ,അതാകും അവളുടെ അമിതവണ്ണത്തിന്റെ കാരണം.

ഓരോ ദിവസം കഴിയും തോറും ഭുവനേശ്വരിയോട് അവനു സ്നേഹം കൂടി വന്നു.തന്റേടിയായ ,ആത്മാർത്ഥതയുള്ള പെണ്ണ്,അവളോട് ചെറിയൊരു ഇഷ്ടവും തോന്നി തുടങ്ങി.

ഒരു പിറന്നാൾ ദിവസം അവളെ വീട്ടിലേക്കു ക്ഷണിച്ചു.അമ്മ അവൾക്കൊരു സൂപ്പർ സദ്യ തയാറാക്കി നൽകി.

സദ്യവട്ടം കണ്ടപ്പോഴാണ് പിറന്നാൾ ആണെന്ന് അവൾക്കു മനസിലായത്.സമ്മാനം ഒന്നും തരാത്തതിനാൽ അവൾക്കു ഒരു ചെറിയ ചമ്മലുണ്ടായിരുന്നു.അവളെ ക്ഷണിച്ചതിൽ അവളെ അമ്മയെ പരിചയപ്പെടുത്തുക എന്ന ഗൂഢ ഉദ്ദേശം കൂടി അർജുന് ഉണ്ടായിരുന്നു.

വൈകിട്ട് അവൾക്കു വീണ്ടും ഒരു സർപ്രൈസ് നല്കാൻ അവനായി.നഗരത്തിലെ മാളിലെ തീയേറ്ററിൽ രണ്ടു മൂവി ടിക്കറ്റ് അവനെടുത്തിരുന്നു. വളരെയധികം നിർബന്ധിച്ചിട്ടാണ് അവൾ അവന്റെ കൂടെ സിനിമയ്ക്ക് കയറിയത്.

സിനിമ കണ്ടു പുറത്തിറങ്ങുന്നത് വരെ അവളവനെ സംശയിച്ചിരിക്കും ഒരു പക്ഷെ അവളെ മിസ് യൂസ് ചെയ്യാനുള്ള ശ്രമം ആയിരുന്നോയെന്ന്.

അവനാകട്ടെ അവളെ വളരെയധികം കെയർ ചെയ്തിരുന്നു.ഒരു പക്ഷേ അവളുടെ പ്രായത്തിലുള്ള ഏതൊരു പെൺകുട്ടി യെയും പോലെ സുഹൃത്തുക്കൾ ഔട്ടിംഗ് ഒക്കെ അവളും ആഗ്രഹിച്ചിരിക്കും.

അവൻ്റെ കൂടെ തിയേറ്ററിൽ ഇരിക്കുമ്പോൾ ചുറ്റുമുള്ളവരെ ഓർത്തു അവൾ ആകുലപ്പെട്ടു.അവളുടെ അപകർഷതാബോധം ഇല്ലായ്മ ചെയ്യാൻ അവനാകട്ടെ അവൻ്റെ പരമാവധി ശ്രമിയ്ക്കുകയും ചെയ്തു.

പിരിയുമ്പോൾ അവളോട് തൻ്റെ ഇഷ്ടം തുറന്നു പറയണമെന്ന് കരുതിയെങ്കിലും അവ്യക്തമായ ഒരു സന്ദേശം നൽകാൻ മാത്രമേ അവനു കഴിഞ്ഞുള്ളൂ.

“ഇനിയുമുള്ള എൻ്റെ പിറന്നാൾ ദിനങ്ങളിലും നീ ഇതു പോലെ കൂടെയുണ്ടാകണം.” അവൾ സന്തോഷത്തോടെ തലയാട്ടി.

സാധാരണ വെള്ളിയാഴ്ചകളിൽ സന്ദർശിക്കാറുള്ള ഡോക്ടറുടെ സ്വകാര്യ ഓ പി യിൽ ഇരിക്കുമ്പോഴാണ് കരഞ്ഞു നിലവിളിച്ച നിലയിൽ ഭുവനയെ കാണുന്നത് .

ഹൃദ്രോഹിയായ അമ്മയെ കാർഡിയോളജിസ്റിനെ കാണിക്കാൻ വന്നതാണ്. ഇന്നത്തെ ടോക്കൺ കഴിഞ്ഞെന്നു പറഞ്ഞു അവരെ പുറത്തു വിടുമ്പോഴാണ് അർജുനവളെ കാണുന്നത്.

അവന്റെ ശുപാർശയിൽ ഡോക്ട്ടർ അവളുടെ അമ്മയെ പരിശോധിക്കുകയും എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ ചെന്ന് വിശദമായ പരിശോധനക്ക് വിധേയ ആകാനും പറഞ്ഞു.

പിറ്റേന്ന് അവൻ തന്നെ മുൻകൈ എടുത്തു ആ അമ്മയെ ആശുപത്രിയിലാക്കി.ബൈ പാസ് സർജറി ആയിരുന്നു ഡോക്ടർമാരുടെ നിർദേശം.

“താൻ ഒന്ന് കൊണ്ടും വിഷമിക്കണ്ട ,സർജറി എത്രയും പെട്ടെന്ന് നടത്തണം.പണത്തിന്റെ കാര്യമോർത്തു വിഷമിക്കണ്ട.എന്റെ കയ്യിൽ കുറച്ചു പണമുണ്ട്.”

സർജറി നടത്തിയെങ്കിലും അമ്മയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.അനാഥരായ പെൺകുട്ടി കൾക്ക് താങ്ങായി അർജുൻ കൂടെ നിന്നു.അനുജത്തി ഹോസ്റ്റലിൽ പോയപ്പോൾ അവളൊറ്റപ്പെട്ടു.

അവൻ്റെ കൂടെ വീട്ടിൽ നിന്നിറങ്ങുമ്പോൾ എങ്ങോട്ടാണ് യാത്രയെന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല. ചെന്ന് കയറിയത് കൊട്ടാര സമാനമായ ഒരു വീട്ടിലാണ്.

തന്നെ സ്വാഗതം ചെയ്ത ഗൃഹനാഥൻ തൻ്റെ സ്വന്തം ചേട്ടനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഇറങ്ങിയോടാൻ ആഗ്രഹിച്ഛതാണ്.

“ഭുവന ക്ഷമിക്കണം.എൻ്റെ അമ്മയ്ക്ക് പറ്റിയ അബദ്ധം. അച്ഛൻ്റെ മനസ്സ് നിങ്ങളുടെ കൂടെയായിരുന്നു.അറിയാത്ത പ്രായത്തിൽ ഞങ്ങളും എല്ലാത്തിനും കൂട്ടുനിന്നു. അച്ഛൻ്റെ ആഗ്രഹപ്രകാരം നിങ്ങളുടെ കാര്യങ്ങൾ ഞാൻ നോക്കും. അർജുനെ എനിക്കിഷ്ടായി.

അനിയത്തികുട്ടി ഇഷ്ടം പോലെ പഠിക്കട്ടെ . ഇതെല്ലാം നിങ്ങൾക്കും കൂടിയുള്ളതാണ്. എൻ്റെ അനിയനും അതാണ് ആവശ്യപ്പെട്ടത്.”

ഭുവനയെ ഗൃഹനായികയായ ചേട്ടത്തിയമ്മ ഒരു മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി.താൻ ഏറ്റവും വെറുക്കുന്ന അച്ഛൻ്റെ ആദ്യഭാര്യയാണെന്ന് ഒറ്റ നോട്ടത്തിൽ അവൾക്ക് മനസ്സിലായി.

ചേട്ടത്തി നീട്ടിയ പാത്രത്തിൽ നിന്നും ഓട്ട്സ് കോരി കൊടുക്കുമ്പോൾ അവരുടെ കണ്ണിൻ്റെ വശങ്ങളിൽ നിന്നും നീർചാലുകൾ ഒഴുകികൊണ്ടേയിരുന്നു.ആദ്യം ഉണ്ടായ ദേഷ്യം ഒരു അനുകമ്പയായി മാറുന്നത് അവളറിഞ്ഞു.

“ഒന്നും തിരിച്ചു പറയാൻ പറ്റില്ലെന്നേയുള്ളു. എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്.ഭുവന വന്നത് നന്നായി,നിങ്ങൾക്കു മറക്കാനും പൊറുക്കാനും കഴിഞ്ഞതും നന്നായി .

ഇനിയെങ്കിലും അമ്മക്ക് സമാധാനത്തോടെ കണ്ണടക്കാല്ലോ.നിങ്ങളോടു ചെയ്തതൊക്കെ അപരാധമായി പോയി എന്ന് പലവട്ടം പറഞ്ഞു.”

“ഒന്നും മറന്നിട്ടില്ല ചേട്ടത്തി,പക്ഷെ പൊറുക്കാൻ കഴിഞ്ഞു.”

നിറഞ്ഞ കണ്ണുകളോടെ അവൾ എഴുന്നേറ്റു വല്യമ്മയുടെ കാലിൽ തൊട്ടു വന്ദിച്ചു.ആ വലതു കാൽ കൊണ്ടാണ് തന്റെ അമ്മയെ ചവിട്ടി പുറത്താക്കിയതെന്നോർത്തു .

പ്രകൃതിയുടെ നയചാതുര്യം അവർണനീയമാണ്. എത്ര നിഷ്പ്രയാസമാണ് കരുത്തനെ ദുർബലനാക്കി മുന്നിൽ അവതരിപ്പിക്കുന്നത്,അത് പോലെ തിരിച്ചും.

യാത്ര പറഞ്ഞു അർജുനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ അവനെ കെട്ടിപിടിച്ചു അവൾ കരയുകയായിരുന്നു.

തന്റെ ഷർട്ടിന്റെ പിൻവശം നനയുന്നത് അവനറിയുന്നുണ്ടായിരുന്നു. അവന്റെ വീടിന്റെ മുന്നിൽ വണ്ടി നിർത്തുമ്പോഴാണ് അവൾ ഓർമകളിൽ നിന്നുണർന്നത്.

ഉമ്മറത്ത് അവരെ കാത്തു അർജുന്റെ അച്ഛനും അമ്മയും അനിയത്തിയും ഭർത്താവും കുട്ടിയും ഒക്കെ നിന്നിരുന്നു.അമ്മയുടെ കയ്യിലെ കത്തിച്ച നിലവിളക്കു അവളുടെ കയ്യിലേൽപിക്കുമ്പോൾ അമ്മ അവളെ സ്നേഹപ്പൂർവം നോക്കി.

“ഇവിടേയ്ക്ക് നിന്നെ സ്വാഗതം ചെയ്യാൻ ഇതിനേക്കാൾ നല്ല ശുഭമുഹൂർത്തംഇല്ല. ഒന്നും നോക്കാനില്ല.കയറി വാ മോളെ.”

അർജുന്റെ കൈ പിടിച്ചു മുറിയിലേക്ക് നടക്കുമ്പോൾ അവളെ സ്വാഗതം ചെയ്യാൻ മുറിക്കു മുന്നിൽ എഴുതി വച്ചിരുന്ന പോസ്റ്റർ അവൾ ശ്രദ്ധിച്ചു.

“കാക്ക ഭുവനേശ്വരിക്ക് എന്റെ മനസ്സിലേക്കും ഈ ഗൃഹത്തിലേക്കും സ്വാഗതം.” അവളവന്റെ അടുത്തേക്ക് നീങ്ങി നിന്നപ്പോൾ പുറത്തു അച്ഛന്റെ ശബ്ദം കേൾക്കാമായിരുന്നു.

“നാളെ തന്നെ വേണം ചടങ്ങു്.എല്ലാം ലളിതമായിരിക്കണം.കുട്ടികൾക്ക് അതാണിഷ്ടം.

ആഡംബരം കൂടുംതോറും ജീവിതത്തിന്റെ നൈർമല്യം കുറഞ്ഞു വരും.അതങ്ങനെയാണ് . പത്തെഴുപതു വർഷത്തെ അനുഭവമാണെന്ന് കൂട്ടിക്കൊള്ളൂ.”