കല്യാണം കഴിഞ്ഞപ്പോൾ നിന്റെ ഭാവം മാറി നിനക്ക് എന്റെ അമ്മ അതികപറ്റ് ആയി..

അമ്മമനം
(രചന: Jolly Shaji)

“മോനെ അമ്മയുടെ ഒരു ആഗ്രഹം ആണിത്‌, നിന്റെ നാലാം പിറന്നാൾ ദിവസം ഞാനും നിന്റച്ഛനും നിന്നെയും കൊണ്ടു ഗുരുവായൂരപ്പന്റെ മുന്നിൽ തൊഴുതിറങ്ങുമ്പോൾ

നിന്റെ അച്ഛൻ എന്നോട് പറഞ്ഞു, ” മാലതി ഇവന്റെ നാല്പതാം പിറന്നാളിന് ഇവൻ നമ്മളെ കൈപിടിച്ച് ഈ നട കയറ്റും ” എന്ന് ”

അത് നടക്കുമോ എന്നറിയില്ല എങ്കിലും മോനെ അമ്മക്ക് മോനെയും മക്കളെയും കാണാൻ അതിയായ ആഗ്രഹം ഉണ്ട്…

പിന്നെ ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നിട്ടുണ്ട് തൊണ്ണൂറു ദിവസം ആണ് കാലാവധി അതുകഴിഞ്ഞാൽ നടപടി എടുക്കുമത്രേ…..

മോനെ വിഷമിപ്പിക്കാൻ അല്ല കേട്ടോ അമ്മ പറയുന്നത്… എനിക്ക് മറ്റാരോടും പറയാൻ ഇല്ലാത്തതു കൊണ്ടാണ്..

കഴിഞ്ഞ മൂന്നുകത്തിനും മറുപടി കിട്ടിയില്ല എഴുതാൻ സമയം ഇല്ലായിരിക്കും അല്ലെ… ഇതിനെങ്കിലും ഒരു മറുപടി അയക്കണേ മോനെ..

പടിഞ്ഞാറേലെ ഉണ്ണിക്കുട്ടൻ ആണ് അർജുൻചേട്ടാ കത്തെഴുതുന്നത്
ഇത് അമ്മൂമ്മ പറഞ്ഞ വരികൾ അല്ലാട്ടോ ആ സങ്കടം കണ്ടപ്പോൾ എഴുതി പോകുവാ. ഏട്ടാ ഇനിയും ഈ അമ്മയെ വേദനിപ്പിക്കല്ലേ ”

കത്ത് വായിച്ച അർജുൻ ഞെട്ടിപ്പോയി സുനിതയുടെ അലമാരയിൽ നിന്നും ഒരു ടർക്കി എടുക്കാൻ തുറന്ന് തപ്പിയപ്പോൾ കിട്ടിയതാണ് കത്ത്…

മൂന്നുമാസം കഴിഞ്ഞിരിക്കുന്നു കത്ത് കിട്ടിയിട്ട് അവൾ ഇതുവരെ തന്നോട് പറഞ്ഞില്ല

“സുനിതേ എടി സുനിതേ”

“എന്താ നിങ്ങൾ ഒച്ചവെക്കുന്നതു
ഞാൻ നാളെ സബ്മിറ്റ് ചെയ്യാനുള്ള ചില പേപ്പർ തയ്യാറാക്കുന്ന തിരക്കിൽ ആണ്,

പിന്നെ അടുക്കളയിൽ ആ പെണ്ണുണ്ട് ഇവിടെ കിടന്ന് ഒച്ചവെച്ചാൽ അവൾ കേട്ടു അപ്പുറത്തെ സന്ധ്യെടെ അടുത്ത് പണിക്കു ചെല്ലുമ്പോൾ അവിടെ പറയും,

പിന്നെ ക്ലബ്ബിൽ എങ്ങാനും ചർച്ച വരുമ്പോൾ അവൾ ഇത് എടുത്തോണ്ട് വരും സുനിതേടെ വീട്ടിൽ എന്നും വാഴക്കാണെന്നു,, അതോണ്ട് തത്കാലം അവൾ പോയിട്ട് പറയാം ”

രാത്രി കിടക്കാൻ നേരം അയാൾ ചോദിച്ചു കത്തിന്റെ കാര്യം

“നീ എന്തുകൊണ്ട് അമ്മയുടെ കത്ത് എനിക്ക് തന്നില്ല ”

“അത് ഞാൻ അത്ര സീരിയസ് ആയി
കണ്ടില്ല, മാത്രമല്ല ഇതൊക്കെ അന്വഷിപ്പാൻ എനിക്കെവിടെ സമയം, ഇപ്പോൾ തന്നെ വീട്ടിൽ എത്തുന്ന സമയം എത്ര മണിക്കെന്ന് അർജുന് അറിയില്ലേ…

അല്ല ആരോട് പറയാൻ രാവിലെ പത്തുമുതൽ വൈകിട്ടു അഞ്ചുവരെ ഓഫീസിൽ ടൈപ്പിസ്റ്റായ അർജുന് ഒരു കൺസ്ട്രക്ഷൻ കമ്പനി മാനേജർ അനുഭവിക്കുന്ന വിഷമം അറിയില്ലല്ലോ ”

“എടി നീ ഇന്ന് ഈ പദവിയിൽ ഇരിക്കുന്നതിന് കാരണം ആരെന്നു കൂടി നീ ഓർക്കണം ”

“അർജുന്റെ അമ്മ എന്ന് പറയും എനിക്കറിയാം ”

“അതേടി അന്ന് ആ വാഹനാപകടത്തിൽ നിന്റെ മാതാപിതാക്കൾക്കൊപ്പം എനിക്കെന്റെ അനുജത്തിയെ കൂടിയാണ് നഷ്ടമായത്…

പാതി ബോധത്തോടെ ജീവൻ കിട്ടിയ നിന്നെ എന്റമ്മ സ്വന്തം മോളെ പോലെ അല്ലെ ഏറ്റെടുത്തത് ”

“കിടപ്പിലായ നിന്നെ സംരക്ഷിക്കാൻ എന്റമ്മ എത്ര കഷ്ടപ്പെട്ടു… അവർ നിന്നിൽ സ്വന്തം മോളെ അല്ലെ കണ്ടത്.
നിനക്കുവേണ്ടി അമ്മയെത്ര ഉറക്കം കളഞ്ഞു…

“എനിക്ക് എട്ടുവയസും അനിയത്തിക്ക് അഞ്ചു വയസ്സും ഉള്ളപ്പോൾ അച്ഛൻ മരിച്ചത്…

അച്ഛൻ നടത്തിക്കൊണ്ടിരുന്ന പലചരക്കു കടയിലെ ചുമതല അമ്മ ഏറ്റെടുത്തു നടത്തി തുടങ്ങിയപ്പോൾ ആണ് വിധി വീണ്ടും പരീക്ഷിച്ചത്… എന്റനുജത്തിയും നിന്റെ മാതാപിതാക്കളും മരിക്കുന്നതു ”

“നീ ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ നിന്നെ സ്കൂളിൽ വിട്ടു പഠിപ്പിച്ചു നിന്നെ സ്വന്തം മോളെ പോലെ കൊണ്ടു നടന്നില്ലേ എന്റെ അമ്മ എവിടെങ്കിലും കൂട്ടുകാരിയുടെ മകൾ എന്നപേരിൽ നിന്നെ പരിചയപെടുത്തിയോ ”

“നീ വളർന്നു ഒപ്പം നിനക്ക് എന്നോടുള്ള പ്രണയവും ”

“അപ്പോൾ എനിക്ക് നഷ്ടമായതോ
എന്നെ ആത്മാർഥമായി സ്നേഹിച്ച ഒരു പെൺകുട്ടിയെ ”

“ഞാൻ കാരണം ആണോ നിങ്ങളുടെ സ്നേഹം തകർന്നത് ”

“അല്ലെന്നു പറയാൻ നിനക്കാവുമോ.
നീ വളരും തോറും നിനക്ക് എന്നോടുള്ള ഇഷ്ടവും വളർന്നു,

അത് പക്ഷെ ഞാൻ അങ്ങനെ ഒരു ബന്ധം ആയി കണ്ടില്ല ഒരിക്കലും, കാരണം അപ്പോളേക്കും ശ്രീദേവി എന്റെ മനസ്സിൽ കയറി കൂടിയിരുന്നു,

അമ്മാവന്റെ മകൾ എന്റെ മുറപ്പെണ്ണ് എന്ന് തന്നെ കരുതിയാണ് ഞങ്ങൾ ചെറുപ്പം മുതൽ വളർന്നത് ”

“പക്ഷെ നിനക്ക് അവളോട്‌ അന്നേ ദേഷ്യം ആയിരുന്നു.. അവൾ വീട്ടിൽ വരാൻ പാടില്ല, വന്നാൽ എന്നോട് മിണ്ടാൻ പാടില്ല, എന്തൊക്കെ വാശികൾ ആയിരുന്നു, അതിനെല്ലാം നിനക്ക് എന്റമ്മ കൂട്ടുനിന്നിലേ ”

മാതാപിതാക്കളോ ബന്ധുക്കളോ ഇല്ലാത്ത കുട്ടിയാണ് അതിനെ വിഷമിപ്പിക്കല്ലേ മോനെ എന്ന് എന്നോട് എപ്പോളും പറയുമായിരുന്നു ആ പാവം..

നീ പ്ലസ് ടൂ പാസ്സായപ്പോൾ നിന്നെ തുടർന്നു പഠിപ്പിക്കാൻ എന്റെ അമ്മ കാണിച്ച മണ്ടത്തരം നിനക്കറിയില്ലേ
ആകെ ഉണ്ടായിരുന്നു പത്തുസെന്റ്‌ സ്ഥലത്തിന്റെ ആധാരം ബാങ്കിൽ പണയം വെച്ചു…

നീ വലിയ എൻജിനീയർ ആയപ്പോൾ അതൊക്കെ മറന്നു..

അന്യ പെൺകുട്ടിയെ വീട്ടിൽ പാർപ്പിക്കുന്നതിനു നാട്ടുകാർ കുറ്റങ്ങൾ കണ്ടെത്തിയപ്പോൾ ആ പാവം അതിൽ നിന്നും രെക്ഷപെടാൻ നിന്നെ എന്റെ തലയിൽ തന്നെ കെട്ടിവെച്ചു

കല്യാണം കഴിഞ്ഞപ്പോൾ നിന്റെ ഭാവം മാറി നിനക്ക് എന്റെ അമ്മ അതികപറ്റ് ആയി, നാട്ടിൽ കിട്ടിയ ജോലി പോരാഞ്ഞിട്ട് കമ്പനി മാനേജരെ പോയി കണ്ടു നീ ഈ വലിയ പട്ടണത്തിലേക്കു സ്ഥലം മാറ്റം വാങ്ങി…

എന്നെ നിന്റെ വിരൽത്തുമ്പിൽ തളച്ചിടാൻ അല്ലെ നിന്റെ മുതലാളിയുടെ കമ്പനിയിൽ വെറും ടൈപ്പിസ്റ്റ് ആയി എനിക്ക് ജോലി വാങ്ങി തന്നത്…

നിനക്ക് വേണ്ടത് ഭർത്താവിനെ അല്ലല്ലോ ഒരു വീട്ടുവേലക്കാരനെ അല്ലെ…. മക്കളെ നോക്കാൻ ഒരാൾ.. എല്ലാം ഞാൻ സഹിച്ചത് എന്റെ അമ്മയെ ഓർത്തിട്ടായിരുന്നു..

ആ പാവം ഇതൊക്കെ അറിഞ്ഞാൽ ഹൃദയം പൊട്ടി മരിക്കും…

പിന്നേ എന്റെ മക്കൾ… അവർക്കു ഒന്നും അറിയില്ല അവർ വളർന്നു വരുമ്പോൾ അച്ഛൻ ഇല്ല എന്ന വിഷമം ഉണ്ടാവാതിരിക്കാൻ മാത്രമാണ് ഞാൻ ഇവിടം വിട്ടു പോകാത്തത്…

പക്ഷെ ഇന്ന് ഞാൻ പോകയാണ് എന്റെ അമ്മയുടെ അടുത്തേക്ക്… നിനക്ക് വേണമെങ്കിൽ വരാം….

ഇല്ലെങ്കിൽ നിന്റെ ഇഷ്ടം പോലെ… ഇനി ഒരു തിരിച്ചു വരവു ഉണ്ടെങ്കിൽ അത് അമ്മയെയും കൊണ്ടു മാത്രം ആയിരിക്കും… ഇല്ലെങ്കിൽ ശിഷ്ടകാലം അമ്മയോടൊപ്പം….

മക്കൾ എണീക്കുമ്പോൾ എന്ത് വീണെങ്കിലും പറയാം നിനക്ക്… പറഞ്ഞു മനസ്സിലാക്കിക്കാൻ സമൃദ്ധ ആണല്ലോ എന്നും നീ…

മുറ്റത്തേക്ക് കാലുകുത്തിയപ്പോൾ തന്നെ അർജുന്റെ മനസ്സിൽ ഒരു അരുതായ്ക അനുഭവപ്പെട്ടു… മുറ്റം ആകെ കാടുകയറി കിടക്കുന്നു…

അയാൾ തിണ്ണയിലേക്കു കയറാൻ കാള്യത്തിയപ്പോൾ ശെരിക്കും ഞെട്ടിപ്പോയി … ഇറയത്താകെ പൊടി പിടിച്ചു കിടക്കുന്നു… വാതിലുകൾ അടഞ്ഞു കിടക്കുന്നു…

കോളിങ് ബെൽ അടിക്കാൻ സ്വിച്ചിൽ തൊട്ടു പക്ഷെ അനക്കം കേൾക്കുന്നില്ല.. കറന്റ്‌ പോയിരിക്കും…. വാതിലിൽ മുട്ടി വിളിച്ചു കുറേ പ്രാവശ്യം.. പക്ഷെ ഒരു മറുപടിയും ഇല്ല..

എന്നാലും അമ്മ എവിടെ പോയി.. ചെറിയൊരു പേടി അവനിൽ ഉടലെടുത്തു…

വീടിനു ചുറ്റും നടന്നു നോക്കി… ഇല്ല ഇവിടെ ആരും ഉള്ളതിന്റെ ലക്ഷണങ്ങൾ ഇല്ല…

അടുത്ത വീട്ടിലെ ലക്ഷ്മിയേടത്തി ഇതെല്ലാം ശ്രദ്ധിച്ചു പുറത്തു നിൽപ്പുണ്ടായിരുന്നു….. അവൻ അവർക്കു അടുത്തേക്ക് ചെന്നു ലക്ഷ്മിയേടത്തി അവനെ ക്രുദ്ധമായി നോക്കി..

“എന്തിനാ അർജൂട്ടൻ വന്നത്”

“ലക്ഷ്മിയേടത്തി എന്റെ അമ്മ ”

“നിന്റെ അമ്മയോ എവിടെ നിന്റെ അമ്മ, നീയാര്, എന്താ ഇപ്പോൾ അമ്മയെ തേടി ഇറങ്ങിയത്… പെട്ടെന്ന് ഒരു അമ്മ മോഹം ”

“ഏട്ടാ ”

വിളികേട്ടാണ് തിരിഞ്ഞു നോക്കിയത്
ഉണ്ണിക്കുട്ടൻ ആണ്…

“ഉണ്ണിക്കുട്ടാ അമ്മുമ്മ എവിടെ… എന്റെ അമ്മ ”

“അമ്മുമ്മ പോയി ”

“എവിടെ പോയി എന്റെ അമ്മ ”

“അമ്മുമ്മയെ ബാങ്കുകാര് ഇറക്കി വിട്ടു, എവിടെ പോണം എന്നോർത്തു വിഷമിച്ചുപോയി ആ പാവം രണ്ടുദിവസം ലക്ഷ്മി അമ്മുമ്മടെ കൂടെ ആയിരുന്നു… പിന്നെ ദേവിയേച്ചി വന്നു കൊണ്ടുപോയി”

“ഏതു ദേവി, ശ്രീദേവി ആണോ ”

“അതെ ദേവിയേച്ചിയും ദാസേട്ടനും കൂടി വന്നു അമ്മുമ്മയെ കൊണ്ടുപോയി … പാവം എത്ര കത്ത് അയച്ചു ഏട്ടന്… എന്തിനാ ഏട്ടാ ആ പാവത്തിനെ ഇത്ര വേദനിപ്പിച്ചത് ”

അർജുന് വാക്കുകൾ ഇല്ലായിരുന്നു
അവൻ ഇറങ്ങി നടന്നു… പാവം എന്റെ അമ്മ… എന്നെ ശപിക്കുന്നുണ്ടാവും…

“മോൻ ആരാണ് ”

“ഇത് ശ്രീദേവിയുടെയും ദാസിന്റെയും വീടല്ലേ അമ്മേ ”

“അതെ, ഞാൻ ദാസിന്റെ അമ്മയാണ്
മോൻ ആരാണ് എനിക്ക് അത്ര അങ്ങട് പിടികിട്ടിയില്ല ”

“ഞാൻ അർജുൻ എന്റെ അമ്മയെ തിരക്കി വന്നതാണ് ഞാൻ ”

“മാലതിയുടെ മകൻ ആണല്ലേ എനിക്ക് മനസ്സിലായില്ല,, മോൻ കയറിവരു, അവര് ഗുരുവായൂർ പോയിരിക്കുവാണ്, എപ്പോൾ വരും എന്ന് അറിയില്ല ”

“ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം ”

അർജുൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ആണ് ഒരു ഓട്ടോ താഴെ വന്നു നിന്നത്… ഓട്ടോയിൽ നിന്നും അമ്മയും അമ്മയുടെ വിരലിൽ തൂങ്ങി രണ്ടു പെൺകുട്ടികളും…

അവർക്കു പിറകിലായി ശ്രീദേവിയും ദാസനും… അമ്മ ഭയങ്കര സന്തോഷവതിയായി തോന്നി…

“ആഹാ മോനോ… മോൻ എപ്പോൾ വന്നു. എവിടെ സുനിതയും കുട്ടികളും ”

അമ്മയുടെ സാദാ രീതിയിലുള്ള സംസാരം കേട്ടപ്പോൾ അവന്റെ ഉള്ളൊന്നു നീറി..

“അവർ വന്നില്ല അമ്മ… ഞാൻ അമ്മയെ കൂട്ടികൊണ്ട് പോകാൻ വന്നതാണ് ”

“എവിടേക്ക്… ഞാൻ എന്റെ മക്കളോടൊപ്പം ഇവിടെ കഴിഞ്ഞോളാം മോൻ പൊയ്ക്കോളൂ….”

“പിന്നെ ഇന്ന് എന്റെ മകൻ അർജുന്റെ നാല്പതാം പിറന്നാൾ ആയിരുന്നു…. ഞാൻ എന്റെ മകളുടെയും കൊച്ചുമക്കളുടെയും കൈപിടിച്ച് ന്റെ ഗുരുവായൂരപ്പനെ തൊഴുതിട്ടു വരികയാണ് ”

“അമ്മേ…. ഈ മകനെ ശപിക്കരുത്
എന്റെ അവസ്ഥ അമ്മ മനസ്സിലാക്കണം ”

“ഇല്ല മോനെ നിന്നെ ഞാൻ ഒരിക്കലും ശപിക്കുകയോ വെറുക്കുകയോ ഇല്ല.. ഒരിക്കൽ ഞാൻ അകറ്റി മാറ്റിയവൾ ഇന്നെന്റെ മകൾ ആണ്… ഇനിയുള്ള കാലം ഞാൻ ഇവർക്കൊപ്പം കഴിഞ്ഞു കൊള്ളാം..”

“അമ്മക്ക് ഇനിയും ഒരാഗ്രഹം കൂടിയുണ്ട് മോനെ ”

“എന്റെ കണ്ണടയുമ്പോൾ എന്റെ ചിതക്ക് കൊള്ളിവെക്കാൻ എങ്കിലും എന്റെ മോൻ വരണം ”

അമ്മ അകത്തേക്ക് പോയി… ഒന്നും മറുപടി ഇല്ലാതെ അവൻ ഉരുകി

“അർജുവേട്ടാ വിഷമിക്കരുത് അമ്മായി വിഷമങ്ങൾ ഉള്ളിൽ ഒതുക്കി പറയുന്നതാണ് ഇതൊക്കെ… ഏട്ടൻ പൊയ്ക്കോളൂ അമ്മായി ഇവിടെ എന്റെ സ്വന്തം അമ്മയെ പോലെ ആണ്.. ഒന്നിനും ഒരു കുറവും ഉണ്ടാവില്ല ”

“നിനക്ക് സുഖം ആണോ ”

“അതെ ഏട്ടാ എനിക്ക് ഇവിടം സ്വർഗം ആണ്… എന്റെ ദൈവം ആണ് എന്റെ ദാസേട്ടൻ…. ഏട്ടന് ”

“എന്റെ സ്വർഗം ഞാൻ നിന്നെ ഏൽപ്പിക്കുകയാണ് ദേവി… എനിക്ക്പോവണം എന്റെ മക്കളെ എനിക്ക് വേണം…

പിന്നെ സുഖം ആണോ എന്ന് ചോദിച്ചാൽ ഒന്നും പറയുവാൻ ഇല്ല.. ഞാൻ പോട്ടെ.. എന്തെങ്കിലും വിശേഷങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക”

അവൻ ദാസന് നേരെ തിരിഞ്ഞു..

“ദാസാ നീ പുണ്യം ചെയ്തവൻ ആണെടാ… എനിക്ക് യോഗമില്ലെടാ ഈ അമ്മയുടെ സ്നേഹം അനുഭവിക്കാൻ… എന്റെ അമ്മ ഇനി എന്നും നിന്റെ കൂടി ആണ് ” അർജുൻ ഇറങ്ങി നടന്നു…

Leave a Reply

Your email address will not be published. Required fields are marked *