മീനിന്റെ ഉളുമ്പുമണമല്ല അവർക്ക്, അവർക്ക് എന്റെ അമ്മച്ചിയുടെ മണമാണ്..

അമ്മ മണം
(രചന: Jinitha Carmel Thomas)

ഡോട്ടറെ… ഡോട്ടറെ… ആരെങ്കിലും ഡോട്ടറെ വിളിച്ചിട്ട് വരണെ…

ഡോക്ടർ പഠനത്തിന്റെ അവസാനവർഷം.. മെഡിക്കൽ കോളേജിൽ നിന്നും നൈറ്റ് പ്രാക്റ്റിസ് കഴിഞ്ഞു പുറത്തിറങ്ങവേ കേൾക്കാനിടയായ ശബ്ദം തെല്ലെന്നെ അലോസരപ്പെടുത്തി..

എന്തെങ്കിലും ആകട്ടെ എന്നു കരുതി ഒ. പി കടന്ന് മുന്നോട്ടു നീങ്ങി..

ഫ്ലാറ്റിൽ ചെന്ന് നന്നായി ഉറങ്ങിയ ശേഷം ക്രിസ്തുമസ് ആഘോഷിക്കാൻ നാട്ടിൽ ചെല്ലണം എന്ന ചിന്തയിലായിരുന്ന എന്റെ കയ്യിൽ പെട്ടെന്ന് ആരോ കടന്നുപിടിച്ചു..

“ഡോട്ടറെ എന്റെ മോളെ രെഷിക്കണേ…”

തിരിഞ്ഞു നോക്കി.. അല്പം ത ടിച്ച ഒരു മീൻ വില്പനക്കാരി.. അമ്മച്ചിയേക്കാൾ പ്രായം വരും.. അവരുടെ കൈത്തണ്ടയിൽ മീനിന്റെ ചെതുമ്പൽ പറ്റിപിടിച്ചിരിപ്പുണ്ട്..

മീനിന്റെ വല്ലാത്ത ഉളുമ്പുമണം.. മീൻമണമുള്ള അവരുടെ കൈകളാൽ പിടിച്ചിരിക്കുന്നത് എന്റെ അലൻസോളി ഷർട്ടിന്റെ മുകളിൽ എന്നത് ഹൃദയഭേദകമായ വസ്തുത..

ഈശോയെ, എന്റെ ഷർട്ട് എന്നാത്മഗതിക്കും മുൻപെ വീണ്ടും അവരെന്നെ പിടിച്ചു കുലുക്കി..

“ഡോട്ടറെ എന്റെ മോളെ രെഷിക്കണേ.. പൈസ എത്രയായാലും ഞാൻ തരാം..”

പറഞ്ഞതും ഇടുപ്പിൽ വച്ചിരുന്ന ചെറിയ തുണി സഞ്ചിയിൽ നിന്നും മീൻമണമുള്ള ചുരുട്ടികൂട്ടിയ നോട്ടുകൾ എനിക്ക് മുന്നിലേക്ക് നീട്ടി..

അവരുടെ ചെയ്തികൾ എന്നെ വിഷമത്തിലാക്കി..

“ഞാൻ ഡോക്ടർ അല്ല.. ഡോക്ടറിന് പഠിക്കുന്നതാ..”

എന്റെ വാക്കുകൾ കേട്ടതും ആ തടിച്ച ശരീരവുമായി അവരെന്റെ കാലിൽ വീണു.. അപ്പോഴും അവർ പറയുന്നുണ്ട്..

“എന്റെ മോളെ രെഷിക്കണേ ഡോട്ടർ സാറേ.. ഏതോ വണ്ടിയിടിച്ചതാ അവളെ.. അവക്ക് വേണ്ടിയാ വെളുപ്പിനേ എണീറ്റ് മീൻകുട്ട ഞാൻ ചുമക്കുന്നെ..

തമ്പുരാൻ വൈകിതന്ന മോളാ.. അവളല്ലാതെ എനിക്കാരുമില്ല.. എന്റെ മോളെ രെഷിക്കണേ..”

പ്രാക്ടിസ് കഴിഞ്ഞു മടക്കി തോളിലിട്ട വെള്ളകോട്ടും കയ്യിലെ സ്റ്റതെസും അവരെ തെറ്റിദ്ധരിപ്പിച്ചത് ആണ്..

അവരുടെ കണ്ണീർ എന്റെ ഉറക്കക്ഷീണം കളഞ്ഞു.. അവരോടു എഴുന്നേൽക്കാൻ പറഞ്ഞതിന് ശേഷം അവരുടെ മകൾക്കരുകിൽ ഞാൻ ചെന്നു..

അല്പം തടിച്ച ഒരു പെൺകുട്ടി കിടക്കുന്നു.. എന്റെ കുഞ്ഞിപെങ്ങളുടെ പ്രായം ഉണ്ടാകും.. അവളുടെ വസ്ത്രമെല്ലാം ര ക്ത ത്തിൽ മുങ്ങിയിരുന്നു.. അവളുടെ പൾസ്‌ നോക്കി.. സീരിയസ് ആണ്..

അറ്റൻഡറിനെ വിളിച്ചു അവളെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റാൻ പറഞ്ഞശേഷം ഞാനോടി ഡ്യൂട്ടി ഡോക്ടറുടെ മുറിയിലേക്ക്.. അവളെ രക്ഷിക്കണം എന്ന ചിന്ത എന്റെ ഉറക്കത്തെ നാടുകടത്തിയിരുന്നു..

കാര്യം അവതരിപ്പിച്ചപ്പോൾ അവർ നിസാരമായി പറഞ്ഞു..

“എബി, മണ്ടത്തരം പറയാതെടോ.. ഈ വെള്ളകോട്ടും സ്റ്റെതസും കയ്യിൽ കിട്ടുന്ന ദിവസം മുതൽ നീയും ഡോക്ടർ ആണ്.. പോയി പണി നോക്കടോ..”

അന്ധാളിച്ചു നിന്ന എന്റെ തോളിൽ തട്ടിയതിന് ശേഷം..

“ഗോ മാൻ.. ഓപ്പറേഷൻ തീയേറ്ററിൽ നീയാണ് ചെല്ലേണ്ടത്.. വൈകണ്ട പൊയ്ക്കോ..”

അന്ധാളിപ്പ് മാറിയില്ലെങ്കിലും പഠിച്ചതും പരീശീലിച്ചതും എല്ലാം ഞൊടിയിടയിൽ ഓർത്തുകൊണ്ട് ഞാൻ തീയേറ്ററിൽ ചെന്നു… എന്നെ കാത്തെന്നപോലെ ഹെഡ്നഴ്സും മറ്റു പ്രവർത്തകരും..

ദൈവത്തെ മനസ്സിൽ വിളിച്ചുകൊണ്ടു ആ പെൺകുട്ടിയ്ക്ക് വേണ്ട ശുശ്രൂഷകൾ നൽകി ഓപ്പറേഷൻ പൂർത്തിയാക്കി മുറിവുകൾ തുന്നികെട്ടി..

സന്തോഷത്തോടെ തിരിയുമ്പോൾ കണ്ടു പുറകിൽ ചിരിയുമായി ഡ്യൂട്ടിഡോക്ടർ നിൽക്കുന്നു.. ഹെഡ്നഴ്സ് പറഞ്ഞു

“എബി, താൻ സർജിക്കൽ നൈഫ് എടുത്തപ്പോൾ തന്നെ ഡോക്ടർ വന്നിരുന്നു..”

സംശയത്തോടെ അദ്ദേഹത്തെ നോക്കുമ്പോൾ അദ്ദേഹം പറഞ്ഞു..

“ഗുഡ് മാൻ.. നിന്നിൽ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു.. എങ്കിലും ഒരു പിഴവ് ഉണ്ടാകാതെ നോക്കേണ്ടതും ഞാനാണ്.. അതിനാൽ വന്നു.. ഡോക്ടർ എന്ന നാമത്തിന്റെ അർഹത നിനക്കുണ്ട്..”

ഡോക്ടർക്കൊപ്പം പുറത്തിറങ്ങുമ്പോൾ കണ്ടു നിറകണ്ണുമായി ഞങ്ങളെ തൊഴുതു നിൽക്കുന്ന ആ മീൻകാരിയെ..

ഡോക്ടർ അവരോട്,

“ഉറങ്ങാൻ ഓടിയ ചെറുക്കനെയാ നിങ്ങൾ പിടിച്ചു ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയത്..”

കേട്ടതും അവർ എന്നെ ചേർത്തു പിടിച്ചു നന്ദി അറിയിച്ചു….

ഫ്ലാറ്റിലെ ഷവറിന് ചുവട്ടിൽ ഏറെനേരം നനഞ്ഞു നിൽക്കുമ്പോൾ ആ മീൻകാരിയുടെ ചേർത്തുപിടിക്കലിൽ അനുഭവപ്പെട്ട ഉളുമ്പുമണം എന്നെ വല്ലാതെ ആലോസരപ്പെടുത്തിയിരുന്നു… എത്ര കഴുകിയിട്ടും പോകാതെ ആ മണം എന്നിൽ നിറഞ്ഞു നിന്നു..

നാട്ടിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ശേഷം വീണ്ടും പഠനത്തിലേയ്ക്ക് മുഴുകി.. പരിശീലനഭാഗമായി വാർഡിൽ ചെല്ലുമ്പോൾ അവരെ ഞാൻ കാണാറുണ്ട്..

കുശലം ചോദിക്കാറുമുണ്ട്.. അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.. സിറ്റിയ്ക്ക് അടുത്തുള്ള കടൽത്തീരവാസികൾ ആണവർ..

കൂട്ടുകാരോടൊപ്പം ഇടയ്ക്കിടെ ഞാൻ പോകാറുള്ള ബീച്.. അവൾ ഡിസ്ചാർജ് ആയി പോകുന്ന ദിവസം എന്നെയും കാത്ത് ഒ. പിയ്ക്ക് മുന്നിൽ അവർ നിന്നു, അവരുടെ വീട്ടിലേക്കുള്ള ക്ഷണവുമായി..

ഒരിക്കൽ ബീച്ചിൽ ചെല്ലുമ്പോൾ അവർ എന്നെയും സുഹൃത്തുകളെയും കണ്ടു.. നിർബന്ധിച്ചു ഞങ്ങളെ അവരുടെ കുഞ്ഞു വീട്ടിൽ കൊണ്ടുപോയി കുടുംബത്തിനും അയൽക്കാർക്കും പരിചയപ്പെടുത്തി…

തീരദേശവാസികളുടെ സ്നേഹം ആദ്യമായി അനുഭവിച്ചറിഞ്ഞ നാൾ..

ആ നഗരത്തോട് വിടപറഞ്ഞൊരു കുട്ടിഡോക്ടർ ആയി നാട്ടിലേക്ക്…

പി. ജി. യ്ക്കും സർജൻ അഭിമുഖവേളകളിലും ആ മീൻകാരി എനിക്കുള്ള ചില ചോദ്യങ്ങളുടെ ഉത്തരം ആയിരുന്നു..

ഏറെ വർഷങ്ങൾക്ക് ശേഷം, ആ നഗരത്തിന്റെ മരുമകനായി ഭാര്യയ്‌ക്കൊപ്പം ഇന്ന് വീണ്ടും ഞാനാ കടൽക്കരയിൽ എത്തി..

എന്റെ തോളിൽ തലചായ്ച്ചു വാചാലമായും അതിലേറെ മൗനമായും ഞങ്ങൾ സംസാരിക്കവെ ഭാര്യ,

“ഇച്ചേ, അലൻസോളി ഷർട്ടിൽ പിടിച്ചവരെ നമുക്കൊന്നു കണ്ടാലോ??”

“ഇല്ലടോ.. എത്രയോ കാലം ആയി.. അവരൊക്കെ മറന്നിരിക്കും..”

“അവർ മറന്നാലും നമ്മൾ അലൻസോളി മറക്കില്ലല്ലോ.. അന്ന് അലൻസോളി ആണെങ്കിൽ ഇന്ന് പീറ്റർ ഇംഗ്ലണ്ടിലും പിടിക്കാൻ അവസരം കൊടുക്കാം.. വന്നേ..”

എന്നെയും പിടിച്ചുവലിച്ചു ആൾ മുന്നോട്ട് വച്ചുപിടിച്ചു.. മീൻകാരുടെ വാസസ്ഥലം എന്ന് വിളിച്ചു പറയുന്ന രീതിയിൽ ഓരോ വീടിന് മുന്നിലും മീൻവലകളും ഉണങ്ങാൻ വച്ചിരിക്കുന്ന പലതരം മൽസ്യങ്ങളും..

പണ്ട് കണ്ട ഓർമ്മയിൽ പള്ളിക്കടുത്തുള്ള ആ വീട് പലരോടും ചോദിച്ചു ഞാൻ കണ്ടെത്തി..

പഴയ വീടിന്റെ സ്ഥാനത്ത് ഒരു കുഞ്ഞു ടെറസ് വീട്.. വീടിന് മുന്നിൽ അല്പം വലിയ മത്സ്യങ്ങൾ ഉണക്കാൻ വച്ചിരിക്കുന്നു.. കുറച്ചു കുട്ടികൾ മണലിൽ കളിക്കുന്നു..

വീടിനു മുന്നിൽ നിന്നും വിളിച്ചു.. ആദ്യം ഒരു ത ടിച്ചവളും പുറകിലായി വെള്ളികെട്ടിയ മുടിയുമായി ആ പഴയ മീൻകാരിയും..

അവരെ കണ്ടതും പുഞ്ചിരി നൽകി വിശേഷം ചോദിച്ചു.. ആ വൃദ്ധനയനങ്ങളിൽ ഒരു സംശയം.. കാലം, കൗമാരക്കാരനിൽ നിന്നും ഇന്നത്തെ എന്നിലേയ്ക്കും മാറ്റങ്ങൾ നൽകിയിരിക്കുന്നു..

എന്റെ പേര് പറഞ്ഞതും അവർ വിളിച്ചു കൂവി..

“അന്തോണീസ് പുണ്യാളാ ദേ ഡോട്ടർ മോൻ..

ടി മേരിയേ, ഇതാണ് അന്ന് നിന്നെ രെഷിച്ച ഡോട്ടർ മോൻ.. മറന്ന് പോയ?”

അവർ പറഞ്ഞു നിർത്തിയതും അവളും എനിക്ക് നേരെ കൈകൾ കൂപ്പി..

ക്ഷണം സ്വീകരിച്ചു വീടിനുള്ളിലേയ്ക്ക് കയറാൻ ഷൂസ് പുറത്തിട്ട ഞങ്ങളോട് അവർ..

“ചിലപ്പോ പട്ടിയെങ്ങാനും വന്ന് നക്കും മോനെ.. ചെരുപ്പ് കാലിൽ കിടക്കട്ട്.. കയറി വരീൻ..”

കേട്ടതും ഭാര്യ,

“അതൊന്നും സാരമില്ല..”

അവൾ ആരെന്ന ഭാവത്തിൽ അവരെന്നെ നോക്കി..

“എന്റെ ഭാര്യ..”

ആ ചെറിയ വീടിനുള്ളിലെ പരുപരുത്ത സിമന്റ് തറയിൽ ചവിട്ടുമ്പോൾ അറിഞ്ഞു, വീട്ടിലെ ഇറക്കുമതി മാർബിളിനെക്കാൾ മൂല്യം ഉണ്ട് ആ പരുപരുത്തതറയ്‌ക്ക്..

കുറച്ചു സമയം അവർക്കൊപ്പം ചിലവിട്ടു അവിടുന്ന് ഇറങ്ങുമ്പോൾ വലിയൊരു മീനും കുറെയേറെ ഉണക്കമീനും അവർ നൽകി.. പേഴ്സിൽ നിന്നുമെടുത്ത് ഞാൻ നീട്ടിയ കാശ് സ്വീകരിക്കാൻ അവർ കൂട്ടാക്കുന്നില്ല..

തൊഴുകൈകളോടെ,

“ഡോട്ടർ മോന്റെ കയ്യീന്നും കാശ് വാങ്ങിയാൽ ദൈവം പൊറുക്കൂല..

എന്റെ സന്തോഷം ആണ്.. മോൻ ഇത്രേയും കാലത്തിന് ശേഷവും ഞങ്ങളെ ഓർമ്മിച്ചു ഇവിടെ വന്നതേ വലിയപുണ്യം.. മേരിമാതാവ് മോനെയും കുടുംബത്തെയും അനുഗ്രഹിക്കും…”

അവരുടെ വാക്കുകൾ എന്റെ മനംനിറച്ചു എങ്കിലും സൗജന്യമായി ആ ഉപഹാരം സ്വീകരിക്കാൻ ഞാൻ മടിച്ചു.. എന്റെ വിഷമം മനസിലാക്കി പത്നി പറഞ്ഞു..

“നാട്ടുനടപ്പ് അനുസരിച്ചു മക്കൾ അമ്മയ്ക്ക് കാശ് കൊടുക്കുന്നതിൽ തെറ്റില്ല.. മീനമ്മ ധൈര്യമായി വാങ്ങിക്കോ.. മോനാ തരുന്നെ..”

മീനമ്മ എന്ന പ്രയോഗം കേട്ട് ഭാര്യയെ നോക്കിയപ്പോൾ എനിക്കവൾ കണ്ണുകൾ ഇറുക്കിയൊരു കള്ളചിരി സമ്മാനിച്ചു..

കാശ് മനസില്ലാമനസ്സോടെ വാങ്ങി വിതുമ്പികൊണ്ട് എന്നെയവർ കെട്ടിപ്പിടിച്ചു…

ആ അമ്മയെ ഞാനും ആദ്യമായി ചേർത്തു പിടിച്ചു.. ഗ്രഹിക്കാൻ കഴിയാത്ത ഏതോ വികാരത്തിൽ ഞങ്ങളുടെ മിഴികൾ നിറഞ്ഞിരുന്നു..

ആദ്യമായി എനിക്ക് തോന്നി.. മീനിന്റെ ഉളുമ്പുമണമല്ല അവർക്ക്.. അവർക്ക് എന്റെ അമ്മച്ചിയുടെ മണമാണ്..

അതേ.. ലോകത്തിലെ എല്ലാ അമ്മമാർക്കും ഒരു മണമേയുള്ളൂ.. സ്നേഹത്തിന്റെ വാത്സല്യത്തിന്റെ മണം.. അമ്മമണം… ആ വാത്സല്യത്തിന് മുന്നിൽ ബ്രാൻഡഡ് വസ്ത്രങ്ങൾ ഒന്നുമല്ല..

തിരികെ പാർക്കിങ് നോക്കി വരുമ്പോൾ എനിക്ക് ലജ്ജ തോന്നി..

മുന്നിൽ വരുന്നവർക്ക് പുഞ്ചിരി നൽകാൻ പിശുക്കിയായ ഭാര്യയെ ഞാൻ കളിയാക്കാറുണ്ട്.. അപ്പോഴൊക്കെ അവൾ കണ്ണിറുക്കി കാണിക്കും.. ഇന്ന് വലിയൊരു തിരിച്ചറിവ് അവൾ നൽകിയിരിക്കുന്നു..

ചിരി എല്ലാവർക്കും നൽകുന്നതോ, ചിരിക്കുന്നവർക്കൊപ്പം കൂടുന്നതോ അല്ല, മറിച്ച്‌ മനംനിറഞ്ഞ ചിരി ചുറ്റുമുള്ളവരിൽ ജനിപ്പിക്കുന്നതാണ് മേന്മ..

ഒരുപക്ഷേ മകൻ എന്നത് ഭാര്യ ഉറപ്പിച്ചു പറഞ്ഞിരുന്നില്ലെങ്കിൽ ആ അമ്മമണം എനിക്ക് നഷ്‌ടമായേനെ.. ഒരിക്കലും ഞാൻ അവരെ ചേർത്ത് പിടിക്കില്ലായിരുന്നു..

ഞാനെന്നും അവരിലെ മീൻമണം മാത്രമേ ഓർമ്മയിൽ സൂക്ഷിക്കൂ.. അതുപോലെ ഞാൻ തേടി ചെന്നതും, ചേർത്ത് പിടിച്ചതും ആ കുടുംബത്തിന് ഒന്നടങ്കം സന്തോഷം നൽകിയിരിക്കുന്നു…

ഭാര്യ നിർബന്ധിച്ചു എന്നെ അവർക്ക് മുന്നിൽ എത്തിച്ചത് കാരണം മനസ്സിൽ ഇത്രേയും കാലം കെട്ടിക്കിടന്ന മീനിന്റെ ഉളുമ്പുമണം ഒഴുകിപോയി മനം ശുദ്ധമായി..

ഞാൻ അത്ഭുതപെട്ടിട്ടുണ്ട് ചിലപ്പോഴൊക്കെ ഞാൻ പഠിച്ച മനശ്ശാസ്ത്രം അവളുടെ മുന്നിൽ വഴുതി പോകുന്നത്.. തീർത്തും വ്യത്യസ്തയാണ് അവൾ എല്ലാ കാര്യങ്ങളിലും..

“ഇച്ചേ, നമുക്കിത് അടുത്ത മാർക്കറ്റിൽ ചെന്ന് വിറ്റാലോ?? അല്ലാതെ ഇത്രേയും വലിയ മീൻ ഒരാഴ്ചകൊണ്ടൊന്നും കഴിച്ചു തീരില്ല ട്ടാ.. ഹോ, എന്തു വലിയമീനാ.. ദേ നോക്കിയേ, എന്റെ അത്രേം ഉണ്ട്..”

കുറുമ്പ് പറഞ്ഞുതുടങ്ങിയവളെ പിടിച്ചു നിർത്തി ആ മൂർദ്ധാവിൽ അധരങ്ങൾ സമർപ്പിച്ചു..

“സോറി ടാ..”

ചോദ്യഭാവത്തിൽ നോക്കിനിന്ന പെണ്ണിനോട്..

“അമ്മമണം എന്നത് എന്താണെന്ന് ഇന്ന് എന്നെ നീ പഠിപ്പിച്ചു.. വലിപ്പചെറുപ്പമേതും ഇല്ലാതെ സ്നേഹത്തിന്റെ മണമാണ് എല്ലാ അമ്മമാർക്കും..”

അവളെയും ചേർത്തു നടക്കുമ്പോൾ മനസ്സ് വെമ്പൽ കൊള്ളുകയായിരുന്നു അമ്മച്ചിയ്ക്ക് അരുകിൽ ചെല്ലാൻ.. അല്പം മുൻപ് അനുഭവിച്ച അതേ അമ്മമണം വീണ്ടും വീണ്ടും നുകരാൻ…

Leave a Reply

Your email address will not be published. Required fields are marked *