ആദവ് ഉണ്ടായതിന് ശേഷമാണ് പ്രശ്നങ്ങളുടെ തുടക്കം, കുഞ്ഞിനെ നോക്കുന്നതിനായി..

തിരിച്ചറിവ്
(രചന: Jils Lincy)

ഗേറ്റ് അടച്ചിട്ടില്ല ഭാഗ്യം, വീടിന്റെ മുറ്റത്തേക്ക് കാർ ഓടിച്ചു കയറ്റി മുൻ വശത്തെ നെല്ലി മരത്തിന്റെ ചുവട്ടിലായി നിർത്തി…..

നെറ്റിയിൽ നിന്ന് വിയർപ്പ് കണങ്ങൾ ഉരുണ്ടു വീഴുന്നുണ്ടായിരുന്നു….. ആദ്യമായിട്ടാണ് ഇത്രയും ദൂരം തനിച്ചൊരു യാത്ര….

ആദവിനെ നോക്കി അവൻ ഇതൊന്നും അറിയാതെ മുൻസീറ്റിൽ ഉറക്കമാണ്…

പതിയെ അവനെ എടുത്തു ഡോർ അടച്ചു… ഫോൺ എടുത്തു സമയം നോക്കി…

രാത്രി 11 മണി കഴിഞ്ഞിരിക്കുന്നു…. വീടിന്റെ അകത്തു ചെറിയ വെട്ടം കാണാനുണ്ട്…. ഭാഗ്യം അമ്മ ഉറങ്ങിയിട്ടില്ല….

ആദവിന്റെ ഉറക്കം കളയാതെ തോളത്തിട്ടു.. പിന്നെ കാളിങ് ബെൽ അടിച്ചു…

അസമയത്തുള്ള ശബ്ദം കേട്ടിട്ടാവാം അമ്മ കർട്ടൻ നീക്കി നോക്കിയതും തന്നെ കണ്ട പാടെ ഓടി വന്ന് കതക് തുറന്നു….

ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ എടുത്ത് പുറത്തേക്ക് നോക്കി…. ആ നോട്ടം കണ്ടിട്ടാവാം ഞാൻ പറഞ്ഞു നോക്കണ്ട കൂടെ ആരും ഇല്ല ഞാൻ തനിച്ചാണ് വന്നത്….

ഒരു നിമിഷം അമ്മ ഒന്ന് ഞെട്ടിയ പോലെ… രോഹിത് എവിടെ?
അമ്മയുടെ ശബ്ദം ഒന്ന് കനച്ചു…
കുഞ്ഞിനെ കൂട്ടി ഈ രാത്രിയിൽ നീ തനിച്ചു ഇത്രയും ദൂരം വന്നോ??

പറഞ്ഞിരുന്നു എങ്കിൽ ആരെയെങ്കിലും കൂട്ടാൻ വിടുമായിരുന്നല്ലോ… നീ ഡ്രൈവിംഗ് പഠിച്ചു വരുന്നതല്ലേ ഉള്ളു ഇതല്പം സാഹസം ആയി പോയി…..

എന്തെങ്കിലും അപകടം പറ്റിയിരുന്നെങ്കിലോ??? ലൈ സൻസ് പോലും ഇല്ല അതോർമ്മ വേണം….

തന്റെ മുഖത്തെ നിർവികാരത കണ്ടിട്ടാവാം പിന്നീട് അമ്മ ഒന്നും പറഞ്ഞില്ല…

വാ അമ്മ ഭക്ഷണം എടുത്ത് വെക്കാം…
കുഞ്ഞിനെ അമ്മ മുറിയിൽ കൊണ്ട് പോയി കിടത്തി…. മുറിയിൽ പോയി ഡ്രസ്സ്‌ മാറ്റി…

കട്ടിലിൽ വന്ന് കിടന്നു… ഫോൺ വൈബ്രേറ്റ് ചെയ്യുന്നുണ്ട് നോക്കിയപ്പോൾ രോഹിത് ആണ്… അവിടെ കിടന്ന് അടിക്കട്ടെ നോക്കാൻ പോയില്ല….

കുറച്ചു കഴിഞ്ഞപ്പോൾ അമ്മയുടെ ഫോൺ റിങ് ചെയ്യുന്നത് കേട്ടു….
ആ അവളിവിടെ എത്തി എന്ന് അമ്മ പറയുന്നത് കേട്ടപ്പോൾ മനസ്സിലായി രോഹിത് ആണെന്ന്….

കുറച്ചു കഴിഞ്ഞപ്പോൾ അമ്മ മുറിയിലേക്ക് വന്നു കൂടെ ചൂട് പാൽ കാപ്പിയും ചക്ക അടയും… വാ എഴുന്നേറ്റ് വന്ന് കാപ്പി കുടിക്ക് മോളേ…..

തൊണ്ട വരളുന്നുണ്ടായിരുന്നു പതുക്കെ കാപ്പി എടുത്തു ആറ്റി കുടിച്ചു… ഇന്ന് നമ്മുടെ അടുക്കള വശത്തെ പ്ലാവിലെ ചക്ക പഴുത്തു ചാടി ..

ഇതുണ്ടാക്കിയപ്പോൾ ഞാൻ നിന്നെ ഓർത്തു…. നിനക്കിഷ്ടാണല്ലോ ചക്ക അട….. ഞാൻ വൈകിട്ട് വിളിച്ചിരുന്നു മോള് ഫോൺ എടുത്തില്ലായിരുന്നല്ലോ…..

ഞാൻ പതുക്കെ അമ്മയുടെ മുഖത്തേക്ക് നോക്കി അങ്ങിങ്ങായി നര കയറിയെങ്കിലും പ്രസാദമുള്ള മുഖം…. സ്ഥിരമായ ചന്ദന കുറി ഇപ്പോഴും മുഖത്തുണ്ട്….

വെറും ഏഴാം ക്ലാസ്സ്‌ മാത്രമേ ഉള്ളു വിദ്യാഭ്യാസം എന്ന് തോന്നിക്കില്ലാത്ത വിധമുള്ള പ്രൌഡി മുഖത്തുണ്ട്….

അമ്മയെ കുറിച്ചോർക്കുമ്പോൾ എന്നും അഭിമാനമാണ്…

അപ്രതീക്ഷിതമായിരുന്നു അച്ഛന്റെ മരണം വീടിന്റെ ഗേറ്റിന് മുൻപിൽ വെച്ച് അച്ഛന്റെ സ്കൂട്ടറിലേക്ക് കാർ വന്നിടിക്കുകയായിരുന്നു…

ശബ്ദം കേട്ട് ഓടിച്ചെന്ന അമ്മയുടെ മടിയിൽ കിടന്നാണ് അച്ഛൻ പോയത്…. അമ്മയ്ക്ക് അന്ന് കഷ്ടിച്ച് നാല്പത് വയസ്സ്….

താനന്ന് പ്ലസ് ടു വിന് പഠിക്കുന്നു… പിന്നീടങ്ങോട്ട് ഒരു പോരാട്ടം തന്നെയായിരുന്നു അമ്മയുടെ ജീവിതം…

അച്ചാറുകളും പലഹാരങ്ങളും ഉണ്ടാക്കി വിൽപ്പന നടത്തിയും… കുറിയിൽ ചേർന്നും..

വലിയ വീടിന്റെ ഒരു ഭാഗം paying ഗസ്റ്റുകൾക്ക് നൽകിയും അച്ഛൻ ബാക്കി വെച്ച വീടിന്റെ ലോണും എന്റെ പഠിപ്പും ഒക്കെ നടത്തി….

ഡിഗ്രി കഴിഞ്ഞപാടെ തനിക്ക് ബാങ്കിൽ ജോലി കിട്ടി ഏറെ താമസിയാതെ രോഹിതുമായിട്ടുള്ള കല്യാണവും കഴിഞ്ഞു. കോളേജ് മുതലുള്ള ഇഷ്ടം വെച്ചു താമസിപ്പിക്കേണ്ട എന്നായിരുന്നു അമ്മയുടെ തീരുമാനം….

രോഹിത് ഐ. ടി ഫീൽഡിൽ വർക്ക്‌ ചെയ്യുന്നു.. ആദവ് ഉണ്ടായതിന് ശേഷമാണ് പ്രശ്നങ്ങളുടെ തുടക്കം….

കുഞ്ഞിനെ നോക്കുന്നതിനായി രോഹിത്തിന്റെ അമ്മ വന്നിട്ടുണ്ടായിരുന്നു.

തനിക്കൊരു സ്വാതന്ത്ര്യവും തരാതെയുള്ള അമ്മയുടെ നിലപാടുകൾ ആദ്യമൊക്ക കാര്യമാക്കിയില്ലെങ്കിലും പിന്നീട് അത് കൂടി വന്നു…

കുഞ്ഞിന് പാൽപ്പൊടി കൊടുക്കാൻ പാടില്ല.. നേരത്തെ കുളിപ്പിക്കണം.. ഫോൺ കാണിക്കാൻ പാടില്ല ടി. വി കാണിക്കരുത് എന്ന് തുടങ്ങി. നിയന്ത്രണങ്ങൾ ഏറി വന്നു…

സഹിക്കുന്നതിനു ഒരു പരിധിയില്ലേ ഇന്നെന്തോ കാര്യത്തിന് അമ്മയുടെ അഭിപ്രായത്തിനു ഞാൻ ഒന്ന് മിണ്ടാതിരിക്കമ്മേ ഞാൻ ഒന്ന് സമാധാനമായിരിക്കട്ടെ എന്ന് അല്പം ദേഷ്യത്തിൽ പറഞ്ഞത് രോഹിതിനു ഇഷ്ടപ്പെട്ടില്ല…

പിന്നെ അതിനെ തുടങ്ങി വഴക്കായി അവസാനം മോനെയും കൂട്ടി താൻ വണ്ടിയെടുത്തു ഇങ്ങോട്ട് പോന്നു…..

തന്റെ ആലോചന കണ്ടിട്ടാവാം അമ്മ ചോദിച്ചു? എന്താ മോളേ പ്രശ്നം…

ഒന്നൊഴിയാതെ അമ്മയോടെല്ലാം പറഞ്ഞു…. ജോലിയുടെ സ്‌ട്രെസ്, മോന്റെ വഴക്കുകൾ , അമ്മയുമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങൾ… രോഹിതുമായിട്ടുള്ള പ്രശ്നങ്ങൾ എല്ലാം….

അമ്മ എല്ലാം കേട്ടിരുന്നു….

പിന്നെ പറഞ്ഞു മോളേ കുടുംബ ജീവിതം, മക്കളെ വളർത്തൽ സ്വന്ത ബന്ധങ്ങളെ നില നിർത്തൽ എല്ലാം വളരെ ശ്രമകരമായ ഒരു ഉത്തരവാദിത്തമാണ്….

അതിൽ ചിലപ്പോഴൊക്കെ വിള്ളലുകൾ വന്നേക്കാം പക്ഷേ അതിനെ കൂട്ടി യോജിപ്പിക്കാനാണ് നമ്മൾ നോക്കേണ്ടത്…

രോഹിത്തിന്റെ അമ്മ അച്ഛനെ തനിച്ചാക്കി നിങ്ങളുടെ ജോലി സ്ഥലത്തു വന്നു നിൽക്കുന്നത് നിങ്ങളോടുള്ള സ്നേഹം കൊണ്ടല്ലേ…

അനുഭവവും ജീവിത പരിചയവും ഉള്ള അവരുടെ വാക്കുകളെ തള്ളി കളയാതെ ഒന്നനുസരിച്ചു നോക്ക് എന്തായാലും ദോഷം ഉണ്ടാവില്ല…..

ചില പെൺകുട്ടികൾ വിവാഹം കഴിഞ്ഞ പാടെ ഭർത്താവിന്റെ വീട്ടുകാരെയും സ്വന്തക്കാരെയും ഒക്കെ അകറ്റി ജീവിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..

പക്ഷേ അവരൊക്കെ ഒരു കാലഘട്ടത്തിൽ തിരിച്ചറിയും പണം കൊണ്ട് നേടാനാവാത്ത പലതും സ്വന്ത ബന്ധങ്ങളിൽ നിന്ന് കിട്ടുമെന്ന്….

നിന്റെ അച്ഛൻ പോയപ്പോൾ അച്ഛന്റെ വീട്ടുകാർ എനിക്ക് തന്ന ഒരു സപ്പോർട്ട് ഉണ്ടല്ലോ അതൊരു രാത്രി കൊണ്ട് ഉണ്ടായതല്ല ചിലതൊക്കെ സഹിച്ചും വിട്ടു കൊടുത്തും നേടിയത് തന്നെയാണ്….

മോളേ എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കണമെന്നല്ല അമ്മ പറയുന്നത് ചില തോൽവികൾ വലിയ വിജയത്തിലേക്കെത്തിക്കുമെങ്കിൽ.. ഒന്ന് തോൽക്കുന്നതല്ലേ നല്ലത്….

അവന്റെ അമ്മയെ അവഹേളിച്ചു നീ പറഞ്ഞതിന് അവൻ നിന്നെ വഴക്ക് പറഞ്ഞെങ്കിൽ അവൻ ആ അമ്മയുടെ വയറ്റിൽ കിടന്നതിന്റെ നന്ദി കാണിച്ചുവെന്നേ ഞാൻ പറയു…..

ചെറുതായി ഒന്ന് തോറ്റു കൊടുത്താൽ ഒന്നും സംഭവിക്കില്ല മോളേ…… പിന്നെ ഒട്ടും ചേർന്ന് പോകാൻ പറ്റില്ലെങ്കിൽ വഴക്ക് കൂടേണ്ട…

നീയും രോഹിത്തും ആലോചിച്ചു ഒരു ജോലിക്കാരിയെ വെക്ക്… സ്നേഹമായിട്ട് അമ്മയെ വീട്ടിലേക്ക് പറഞ്ഞു വിട്….. ചില ബന്ധങ്ങൾ അകന്ന് നിൽക്കുമ്പോൾ നന്നായി പോകും…

പിന്നെ രോഹിത് എന്നെ വിളിച്ചിരുന്നു… അവന് വിഷമമുണ്ട് നിന്നോട് ദേഷ്യപ്പെട്ടതിൽ രാവിലെ അവരു നിന്നെ കൂട്ടാൻ വരും…

എന്റെ മോള് അവരുടെ കൂടെ പോകണം വേണമെങ്കിൽ രണ്ടു ദിവസം കഴിഞ്ഞ് രോഹിതിനെ കൂട്ടി ഇങ്ങോട്ട് വാ….അതല്ലേ നല്ലത്…..

ബെഡിൽ തല കുനിച്ചിരുന്ന തന്റെ മുഖം അമ്മ കയ്യിലെടുത്തു.. പതുക്കെ മൂർദ്ധാവിൽ തലോടി …

രോഹിത് നല്ല പയ്യനാണ് മോളേ.. ഒറ്റ ജീവിതമേ ഉള്ളൂ അതിങ്ങനെ വഴക്ക് അടിച്ചു തീർക്കരുത്….

സന്തോഷമായിട്ടിരിക്ക്….. ഞാൻ പതുക്കെ അമ്മയെ കെട്ടിപിടിച്ചു അപ്പോൾ ശരിക്കും എന്റെ പ്രശ്നങ്ങൾ നിസ്സാരം എന്ന് തോന്നി എനിക്ക് കരച്ചിൽ വന്നു…….

Leave a Reply

Your email address will not be published.