പതിവുപോലെ അയാൾ കട്ടിലിന്റെ ഒരു വശം ചേർന്ന് കിടക്കുമ്പോഴും ഇടയ്ക്ക്..

ഇച്ചേച്ചി ഫ്രം ഫെയ്സൂക്ക്
(രചന: ശ്യാം കല്ലുകുഴിയിൽ)

തലേദിവസം ബാക്കി വന്ന വെള്ളമൊഴിച്ചിട്ടിരുന്ന ചോറിൽ, ചക്ക ഉടച്ചതും, മോര് കറിയും, അതിലേക്ക് എരിവുള്ള ഒരു പച്ചമുളകും ഉടച്ച്,

വറുത്ത ഉണക്കമീനും കൂട്ടി തട്ടിയതിന്റെ ക്ഷീണത്തിൽ ഹാളിലെ തറയിൽ മലർന്നടിച്ചു കിടക്കുയാണ് ഫെയ്സൂക്കിൽ പാവം രാധ എന്ന ഐ ഡി യിൽ ജീവിക്കുന്ന രാധാമണി…

കുടുംബശ്രീയിൽ നിന്ന് ലോണെടുത്ത് വാങ്ങിയ മൊബൈലിൽ തുടരെ തുടരെ മെസ്സേജ് നിട്ടിഫിക്കേഷൻ വന്നെങ്കിലും,

ഉറക്കം പിടിച്ച കണ്ണുകൾ തുറക്കാനുള്ള മടികൊണ്ട് രാധാമണി പാതി മയക്കത്തിൽ അങ്ങനെ കിടന്നു…

രാധമണിയുടെ ഉറക്കത്തിന് ഭംഗം വരുത്തിക്കൊണ്ട് നോട്ടിഫിക്കേഷൻ ശബ്ദം വീണ്ടും വീണ്ടും ചെവിയിൽ പതിഞ്ഞപ്പോൾ,

അവർ ദേഷ്യത്തോടെ കൈതപ്പി അടുത്തിരുന്ന മൊബൈൽ കയ്യിലെടുത്തു. പാതി അടഞ്ഞ കണ്ണുകളൊടെ അവർ മൊബൈലിലെ നോട്ടിഫിക്കേഷൻ നോക്കി കുറെ ഹായ്.. കൂയി…

പിന്നെ കുറെ ചുണ്ട് കോട്ടിയ ഇമോജിയും വന്നടിഞ്ഞു കിടപ്പുണ്ട്. ഇനിയും ഓപ്പൻ ആക്കിയല്ലേ കാൾ വരും എന്നറിയാവുന്നത് കൊണ്ട് രാധാമണി ആ മെസ്സേജ് ഓപ്പൻ ആക്കി…

” ഹായ് കുട്ടൂഷ്…”

ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തോടെ അവർ അത് ടൈപ്പ് ചെയ്ത് അയച്ചു…

” ഇച്ചേച്ചി ഇതെവിടെയ… വാവ എത്ര നേരം കൊണ്ട് മെസേജ് അയക്കുന്നു…”

രാധമണി അങ്ങോട്ട് അയക്കും മുന്നേ തന്നെ മറു തലയിൽ നിന്ന് മെസ്സേജ് വന്നു. ഓ ഈ പെണ്ണിനൊന്നും വേറൊരു പണിയും ഇല്ലാതെ ഫുൾ ടൈം ഇതിൽ കുറ്റീം പറിച്ചിരിക്കുക അണല്ലോ എന്ന ചിന്തയോടെ രാധാമണി വീണ്ടും ടൈപ്പ് ചെയ്ത് തുടങ്ങി…

” ഇച്ചേച്ചി പറഞ്ഞിരുന്നില്ലേ വാവേ ഇന്ന് സെർവെന്റ്‌ ലീവ് ആണെന്ന്, കിച്ചണിൽ കുറെ ജോലികൾ ഉണ്ടായിരുന്നു…”

അത് ടൈപ്പ്‌ ചെയ്ത് ഒരു കോട്ടുവായോടെ രാധാമണി ചരിഞ്ഞു കിടന്നു..

” ന്റെ ഇച്ചേച്ചി ആകെ ക്ഷീണിച്ചു കാണുമല്ലോ… ഇന്ന് പുറത്ത് നിന്ന് ഫുഡ് അടിക്ക് ഇച്ചേച്ചി….”

വന്ന മെസ്സേജ് വായിച്ച് രാധാമണി നിറഞ്ഞ വയർ ഒന്ന് തടവി…

” ഏട്ടൻ ഒന്നും പുറത്ത് നിന്ന് കഴിക്കില്ല കുട്ടൂഷ്, സരമില്ല ഞാൻ ബാക്കി ജോലികൂടെ ചെയ്തിട്ട് വരാട്ടോ…”

” ശരി ഇച്ചേച്ചി….”

അപ്പുറത്ത് നിന്ന് മെസ്സേജ് വന്നപ്പോഴേക്കും മൊബൈൽ വീണ്ടും മാറ്റി വച്ച് രാധമാണി കണ്ണുകൾ അടച്ച് കിടന്നു. കിടന്നയുടനെ അവർ കൂർക്കം വലിച്ചുറങ്ങാനും തടങ്ങി…

പിന്നെയും നിർത്താതെയുള്ള നോട്ടിഫിക്കേഷൻ ശബ്ദം മുഴങ്ങിയപ്പോഴാണ് രാധാമണി ഉണർന്നത്.

ഉറക്കച്ചടവോടെ മൊബൈൽ നോക്കിയിട്ട് അവർ വീണ്ടും കണ്ണടച്ചപ്പോഴേക്കും കാൾ വന്നിരുന്നു…

” ഹലോ….”

പകുതി തുറന്ന കണ്ണുകൾ കൊണ്ട് കാൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വച്ച് ഉറക്കച്ചവയോടെ രാധാമണി പറഞ്ഞു…

” ഇച്ചേച്ചി ഉറക്കമാണോ…”

മറുതലയിൽ നിന്ന് ശബ്ദം കേട്ടപ്പോ പേൻ പുഴുത്ത് കിടക്കുക തല മുടിയിൽ ചൊറിഞ്ഞു കൊണ്ട് അവർ ഒന്ന് മൂളി..

” ഇച്ചേച്ചി…..” വീണ്ടും മറുതലയിൽ നിന്ന് ശബ്ദം കേട്ടപ്പോൾ രാധാമണിക്ക് ദേഷ്യം കയറി എങ്കിലും അത് പുറത്ത് കാണിച്ചില്ല…

” ജോലി ചെയ്ത് ക്ഷീണിച്ച് ഒന്ന് കിടന്നതാ വാവേ ഉറങ്ങിപ്പോയി….” അവർ വീണ്ടും തലമുടിയിൽ മാന്തിക്കൊണ്ട് പറഞ്ഞു…

” എഴുന്നേൽക്ക് ഇച്ചേച്ചി… സമയം കുറെ ആയി ഇച്ചേച്ചിക്ക് നിലവിളക്ക് കത്തിച്ച് നാമം ജപിക്കേണ്ടേ….” അത് പറഞ്ഞപ്പോഴാണ് രാധാമണി സമയം നോക്കുന്നത്…

” അയ്യോ സമയം പോയി,, ഇനിയും ഒരുപാട് പണി ബാക്കി കിടക്കുന്നു എന്നാ ഇച്ചേച്ചി പിന്നെ വരാട്ടോ കുട്ടൂഷ്…”

അത് പറഞ്ഞ് കാൾ കട്ട് ആക്കി രാധാമണി മുടി വാരി കെട്ടി, മുറ്റമടിക്കാൻ പോയി, മുറ്റമടി കഴിഞ്ഞ് തുണിയും അലക്കി കുളിയും കഴിഞ്ഞ് വന്നപ്പോ സമയം ഏഴ് കഴിഞ്ഞു….

” ഹോ ഈ വീട്ടിൽ എന്നേലും ഒന്ന് നിലവിളക്ക് കത്തിക്കുമോ …”

രാധാമണി കുളിയും കഴിഞ്ഞ് വന്നപ്പോൾ ജോലി കഴിഞ്ഞ് മധുവും എത്തിയിരുന്നു…..

” ഓ… ഇന്ന് ഇച്ചിരി വൈകിപ്പോയി,, ”

ഉമ്മറത്ത് നിന്ന് നനഞ്ഞ മുടി തോർത്തി കൊണ്ടിരുന്ന രാധാമണി അതും പറഞ്ഞ് തോർത്ത് മുടിയിൽ ചുറ്റി അത് ഉച്ചിയിൽ കെട്ടി വച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയി….

” അല്ലേപ്പിന്നെ നി ദിവസവും ഇവിടെ നിലവിളക്ക് കത്തിക്കുക അല്ലെ, വെറുതെ അല്ല കുടുംബത്തിന് ഒരു ഉയർച്ചയും ഇല്ലാതെ….”

” ഓഹ് അല്ലേപിന്നെ വച്ചടി കയറ്റം അല്ലെ വീട്ടിൽ…”

മുറിയിൽ നിന്ന് മുഖത്ത് പൗഡർ വാരി പൂശുന്ന കൂട്ടത്തിൽ രാധാമണി അത് പറഞ്ഞപ്പോൾ മധു പിന്നെ ഒന്നും മിണ്ടാൻ പോയില്ല…

പണ്ടൊക്കെ സന്ധ്യതൊട്ട് പാതിരാത്രി വരെ സീരിയലും കണ്ട് ഇരുന്ന ആളിപ്പോ മുറിയിൽ നിന്ന് പുറത്ത് ഇറങ്ങാതെ മൊബൈലും നോക്കി ഇരിക്കുന്നത് കാണുമ്പോൾ

മധുവിനെ ദേഷ്യം ഉണ്ടേലും രാധമണിയുടെ വായിൽ നിന്ന് ഒന്നും കേൾക്കേണ്ട എന്ന് കരുതി മധു മിണ്ടാതെ ഇരിക്കും….

” നിനക്ക് കഴിക്കുമ്പോൾ എങ്കിലും ഈ കുന്ത്രാണ്ടം താഴത്ത് വച്ചൂടെ രാധാമണി….”

” ദേ.. മനുഷ്യാ ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ ഇങ്ങനെ രാധാമണി എന്ന് നീട്ടി വിളിക്കരുത് എന്ന്.. രാധ അത് മതി…”

കഞ്ഞിയുടെ സൈഡിൽ ഇരുന്ന അച്ചാർ തൊട്ട് നക്കി കൊണ്ട് മൊബൈലിൽ നിന്ന് കണ്ണെടുക്കാതെ തന്നെയാണ് രാധാമണി അത് പറഞ്ഞത്….

അവരെ ഒന്ന് ദയനീയമായി നോക്കി ഒന്നും മിണ്ടാതെ മധു ബാക്കി കഞ്ഞി കൂടി കിടിച്ച് എഴുന്നേറ്റ് പോയി…

രാത്രി മുറിയിൽ കിടക്കാൻ വരുമ്പോഴും രാധാമണി മൊബൈലും പൊക്കി പിടിച്ച് മുഖത്ത് ഒരോ ഭാവങ്ങൾ മാറ്റി മറിച്ച് ഫോട്ടോ എടുക്കുന്നത് കണ്ടപ്പോ കുറച്ചു നേരം മധു നോക്കി നിന്ന് പോയി,

ഈ കലാപരുപടി തുടങ്ങിയിട്ട് കുറെ ദിവസം ആയി എന്തേലും ചോദിക്കാൻ ചെന്ന ഒന്ന് പറഞ്ഞ് രണ്ടാമത്തെതിന് രാധാമണി വായ് അടപ്പിക്കും എന്നുള്ളത് കൊണ്ട് മധു പിന്നെ ഒന്നും മിണ്ടറില്ല….

പതിവുപോലെ അയാൾ കട്ടിലിന്റെ ഒരു വശം ചേർന്ന് കിടക്കുമ്പോഴും ഇടയ്ക്ക് ഇടയ്ക്ക് രാധമണിയുടെ ചിരിയും, ചെറിയ അടക്കി പിടിച്ച സംസാരവും കേൾക്കുന്നുണ്ടായിരുന്നു….

അന്ന് രാത്രി മധുവിന് രാധമണിയോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി, അയാൾ അൽപ്പനേരം കിടന്ന ശേഷം എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി.

രാധാമണി കാണാതെ ഒളിപ്പിച്ചു വച്ചിരിക്കുന്ന മ ദ്യ കുപ്പിയിൽ നിന്ന് കുറച്ച് മ ദ്യം ബാത്റൂമിലെ കപ്പിലേക്ക് ഒഴിച്ച് വെള്ളവും ചേർത്ത് ഒറ്റ വലിക്ക് കുടിച്ചു,

ടച്ചിങ്‌സിന് ഒന്നും ഇല്ലാത്തത് കൊണ്ട് ബാത്റൂമിൽ ഇരുന്ന രാധസ് സോപ്പ് ഒന്ന് മണപ്പിച്ച് കൊണ്ട് അയാൾ ഒന്ന് കൂടി അടിച്ചു…

ഇതേ സമയം രാധാമണി ഒന്നും അറിയാതെ ഫെയ്സൂക്കിൽ ഓടി നടന്ന് ചാറ്റ് ചെയത് മറിക്കുക ആയിരുന്നു….

” ഇച്ചേച്ചി…..”

” എന്താ കുട്ടൂഷ്….”

” ഇച്ചേച്ചി ഇത്തവണ വാവയ്ക്ക് ഭയങ്കര വയറു വേദന ഇച്ചേച്ചി ഒരു പാട്ട് പാടി തരുവോ.. ”

” അച്ചോടാ വാവേ… ദേ ഏട്ടൻ ഉറങ്ങുകയ ഇനി പാടിയാൽ ഏട്ടൻ വഴക്ക് പറയും കുട്ടൂഷ്….”

രാധാമണി അത് അയക്കുമ്പോഴും മനസ്സിൽ അവൾക്ക് ഇനി പാട്ട് പാടി കൊടുക്കാത്ത കുറവെയുള്ള എന്നായിരുന്നു അവരുടെ മനസ്സിൽ ….

” അതൊന്നും പറ്റില്ല ഇച്ചേച്ചി… വാവയ്ക്ക് പാട്ട് കേൾക്കണം, ഇപ്പൊ തന്നെ കേൾക്കണം,,, പാടി താ വാവയ്ക്ക് പാടി താ….”

മറുവശത്ത് ഇരിക്കുന്ന മറ്റൊരു ഫേക്ക് ഐഡിയിൽ നിന്നുള്ള ശൃംഗാരം കേട്ടപ്പോ വീണ്ടും ഉറക്കം വന്ന് കണ്ണടഞ്ഞു പോകുന്ന രാധാമണിക് വീണ്ടും ദേഷ്യം വന്നു, അവർ വീണ്ടും രണ്ടു കയ്യും കൊണ്ട് തല മുടി ചൊറിഞ്ഞു….

” പാടി താ ഇച്ചേച്ചി…….” ആ മെസ്സേജ് തുടരെ തുടരെ വന്നപ്പോ രാധാമണി പാടാമെന്ന് സമ്മതിച്ചു….

” മിഴിയിൽ നിന്നും മിഴിയിലേക്ക് തോണി തുഴഞ്ഞേ പോയീ,,,യീ,,,യീ,,,, നാം……”

കട്ടിക്ക് അടിച്ചത് കൊണ്ട് പെട്ടെന്ന് തലയ്ക്ക് പിടിച്ച് മുറിയിലേക്ക് വരുമ്പോൾ മധു കേൾക്കുന്നത് രാധാമണിയുടെ പാട്ടാണ്…

കല്യാണം കഴിഞ്ഞിട്ട് പത്ത് ഇരുപത്തി അഞ്ചു വർഷം കഴിഞ്ഞു എന്നിട്ട് ഒരു മൂളിപ്പാട്ട് പോലും പാടി തരാത്ത ആളാണ് പാതിരാത്രി ആർക്കോ പാട്ട് പാടി കൊടുക്കുന്നത് അത് കൂടി കേട്ടപ്പോ മധുവിന് ദേഷ്യം പിടിച്ചു നിർത്താൻ കഴിഞ്ഞില്ല….

” പ്ഭാ….. ഏവന്റെ അടുത്തേക്ക് ആണടി നി പാതിരാത്രി തോണിയും തുഴഞ്ഞ് പോകുന്നത്…”

മുണ്ടും മടക്കി കുത്തി തന്റെ മുന്നിൽ നിൽക്കുന്ന മധുവിന്റെ ഉച്ചത്തിൽ ഉള്ള ശബ്ദം കൂടി കേട്ടപ്പോൾ സത്യത്തിൽ രാധാമണി ഞെട്ടിപ്പോയി.

അവർ ചെവിയിൽ തിരുകിയിരുന്ന ഹെഡ്സെറ്റ് ഊരി ബെഡിലേക്ക് ഇട്ടുകൊണ്ട് ഇങ്ങേർക്ക് എന്താ സംഭവിച്ചത് എന്നറിയാതെ മധുവിനെ നോക്കി ഇരുന്നു….

” അവളുടെ ഒരു മൊബൈലും പാട്ടും…” അത് പറഞ്ഞ് മധു മൊബൈൽ എടുക്കാൻ നോക്കിയത് രാധാമണി വേഗം അത് കൈക്കലാക്കി…

” നിങ്ങൾക്ക് എന്തോന്ന് മനുഷ്യ ഭ്രാന്ത് പിടിച്ചോ…” മൊബൈൽ പിന്നിലേക്ക് ഒളിപ്പിച്ചു കൊണ്ട് രാധാമണി ചോദിച്ചു…

” അതേടി ഇനി നി എന്നെ ഭ്രാന്തൻ കൂടി ആക്കിക്കോ എന്നിട്ട് നിനക്ക് മറ്റവനും ആയി സുഖിച്ചു ജീവിക്കാല്ലോ…”

ദേഷ്യവും ഉള്ളിലെ മദ്യവും കാരണം ശരീരം മൊത്തം വിറച്ചുകൊണ്ട് മധു രാധമണിയുടെ മുന്നിൽ നിന്നു…

” അത് മറ്റവൻ ഒന്നും അല്ല, എന്റെ കുട്ടൂഷ് ആണ്… ”

” കുട്ടൂസൻ ആയാലും ഡാങ്കിനി ആയാലും ഇന്നത്തോടെ ഞാൻ തീർക്കും എല്ലാം…” അത് പറഞ്ഞ് മധു അവരുടെ കയ്യിൽ നിന്ന് മൊബൈൽ വാങ്ങാൻ ശ്രമിച്ചു…

” മനുഷ്യാ അതൊരു പെണ്ണാണ്, ഫേസ്ബുക്കിൽ ഉള്ളത്….” മധുവിനെ പിടിച്ചു തള്ളിക്കൊണ്ട് രാധാമണി പറഞ്ഞു…

” ആഹാ ഇവിടെ തടിവടി പോലെ ഒരുത്തൻ ഉണ്ടായിട്ടും.. നിനക്കിപ്പോ പെണ്ണുങ്ങളോട് ആണല്ലെ താൽപര്യം….”

തറയിൽ വീണ മധു ഒരു വിധം എഴുന്നേറ്റ് ഭിത്തിയും ചാരി നിന്ന് കൊണ്ട് പറഞ്ഞു….

ഇതേ സമയം ഇച്ചേച്ചിയുടെ പാട്ട് കേൾക്കാൻ കാത്തിരുന്ന അങ്ങേത്തലയിലെ ഫേക്ക് ക്ഷമ നശിച്ച് അവസാനം ഇച്ചേച്ചിയെ കാൾ ചെയ്തു…

ദേഷ്യത്തോടെ രാധമണിയും മധുവും മുഖത്തോട് മുഖം നോക്കി ഇരിക്കുമ്പോൾ ആണ്, അവരുടെ ഇടയിലേക്ക് ആ കാൾ വരുന്നത്.

രാധാമണി മൊബൈലിലേക്ക് മധുവിന്റെ മുഖത്തേക്കും മാറി മാറി നോക്കി….

” എടുക്കടി എടുക്ക്,,, നിന്റെ കുട്ടൂസന്റെ ശബ്ദം ഞാൻ കൂടി കേൾക്കട്ടെ….”

മൊബൈലിലേക്കും തന്നെയും മാറി മാറി നോക്കുന്ന രാധമണിയോട് അതും പറഞ്ഞ് മധു രാധമണിയുടെ അടുത്തേക്ക് നീങ്ങി നിന്നു…

വിറയ്ക്കുന്ന കയ്യോടെയാണ് രാധമാണി കാൾ അറ്റൻഡ് ചെയ്ത് ലൗഡ് സ്പീക്കറിൽ ഇട്ടു…

” ഇച്ചേച്ചി എവിടെ പാട്ട് എനിക്ക് പാട്ട് പാടി താ……”

കാൾ അറ്റൻഡ് ചെയ്തപ്പോഴേക്കും മറുതലയിൽ നിന്നുള്ള മോങ്ങൽ കൂടി കേട്ടപ്പോൾ രാധമണിക്ക് ദേഷ്യം ഇരച്ചു കയറി….

” ഒന്ന് വച്ചിട്ട് പോയേടി പെണ്ണേ, പാതിരാത്രി അവളുടെ ഒരു പാട്ട്…” രാധമണിയുടെ ശബ്ദം ഉയർന്നപ്പോൾ മധുവും ഒന്ന് പേടിച്ചു….

” ഇച്ചേച്ചി ഇത്‌ ഞാനാ വാവ… എനിക് വയറു വേദന എടുക്കുന്നു ഇച്ചേച്ചി …..”

“ദേ പെണ്ണേ വയറുവേദന എടുക്കുന്നേൽ അവിടെയെവിടെ എങ്ങാനും അടങ്ങി ഒതുങ്ങി കിടന്നോളണം,, കിന്നരിച്ചോണ്ട് എന്റെ അടുത്തോട്ട് വന്നേക്കാരുത്,,, നിനക്ക് പാട്ട് കേൾക്കണമെങ്കിൽ വല്ല ചിത്രയോടും പോയി പറ പെണ്ണേ…”

” ഇച്ചേച്ചി….”

” ഒന്ന് പോയെടി പെണ്ണേ….”

അത് പറഞ്ഞ് രാധാമണി കാൾ കട്ട് ചെയ്ത് മൊബൈൽ കട്ടിലേക്ക് ഇട്ടപ്പോഴേക്കും മധു കട്ടിലിന്റെ ഒരു മൂലയിൽ കൂർക്കം വലിച്ചു തുടങ്ങിയിരുന്നു….

രാധമണി രണ്ടു കയ്യും തലയിൽ വച്ച് ചൊറിഞ്ഞു കൊണ്ട് വീണ്ടും മൊബൈൽ എടുത്തു. അൽപ്പനേരം ആലോചിച്ചിരുന്ന ശേഷമാണ് വാവയ്ക്ക് വീണ്ടും കാൾ ചെയ്തത്…

” കുട്ടൂഷേ….”

രാധാമണി മെല്ലെ വിളിച്ചു. മറു തലയിൽ നിന്ന് അനക്കം ഒന്നും ഇല്ലാതെ ഇരുന്നപ്പോൾ രാധാമണി ഒന്നൂടെ മെല്ലെ വിളിച്ചു…

” പ്ഭാ…. പരട്ട കിളവി… എന്നോട് പലരും പറഞ്ഞിട്ടുണ്ട് നിങ്ങടെ സ്വഭാവം ശരിയല്ല ന്ന് ഇന്നത്തോടെ എനിക്ക് അത് മനസ്സിലായി…”

മറു തലയിൽ നിന്നുള്ള സംസാരം കേട്ടപ്പോ രാധാമണി ഉറങ്ങി കിടക്കുന്ന മധുവിനെ ഒന്ന് നോക്കി…

” മോളെ അത്….”

രാധാമണി വിനയത്തോടെ വിളിച്ചു…

” ഒന്ന് പോയെ പെണ്ണുമ്പിള്ളേ…”

അത് കൂടി കേട്ടപ്പോ രാധമണിക്ക് വീണ്ടും ചൊറിഞ്ഞു വന്നു….

” ഒന്ന് പോയേടി പെണ്ണേ…. കുറെ ഫെക്കും കൊണ്ട് ഇറങ്ങിക്കോളും ഇതിന്റെയൊക്കെ തനി സ്വഭാവം അടുക്കുമ്പോൾ അല്ലെ അറിയുക…”

” അതേ കിളവി, നിങ്ങൾ പിന്നെ ഒരു മാന്യ അണല്ലോ.. വയസ്സ് പത്ത് അമ്പത് ആകുമ്പോൾ നാട്ടുകരെ പറ്റിക്കാൻ അല്ലെ കൊച്ചു പിള്ളേരുടെ ഫോട്ടയും വച്ച് ഇറങ്ങുന്നത്,

കുഴിയിലേക്ക് എടുക്കാറായാലും അഹങ്കാരത്തിന് കുറവില്ല.. ഇതിന്റെയൊക്കെ തനി സ്വഭാവം ചന്ത പിള്ളേരെക്കളും കൂതറ അണല്ലോ…”

അത് കേൾക്കുമ്പോഴേക്കും രാധാമണി ഒരു കൈ കൊണ്ട് തലയിൽ മാന്തിക്കൊണ്ട് ഇരിക്കുക ആയിരുന്നു…

” എടി…എടി….” രാധമാണി സംസാരിച്ചു തുടങ്ങുമ്പോഴേക്കും ഒരു ബീപ് ശബ്ദത്തോടെ കാൾ കട്ട് ആയി..

രാധാമണി വീണ്ടും വീണ്ടും വിളിച്ച് നോക്കുമ്പോഴും രാധാമണിയെ ബ്ലോക്കി കഴിഞ്ഞിരുന്നു…

കഴിഞ്ഞ കുടുംബശ്രീ മീറ്റിങ്ങിൽ പോലും ശോശാമ്മയെ വാക്കുകൾ കൊണ്ട് മലത്തിയടിച്ച രാധാമണിക്ക്,

എവിടെയോ കിടക്കുന്ന ഒരു പെണ്ണ് ഇത്രേം പറഞ്ഞിട്ട് തിരികെ ഒന്നും പറയാൻ പറ്റാത്ത ദേഷ്യത്തിൽ തന്റെ മൊബൈൽ ഒറ്റ എറിക്ക് പതിനൊന്ന് കക്ഷണം ആക്കി,

പിന്നെയും ദേഷ്യം മാറാതെ അവർ രണ്ട് കയ്യും കൊണ്ട് തലയിൽ മാറി മാറി ചൊറിഞ്ഞു കൊണ്ടിരുന്നു..

” കുട്ടൂസ് അല്ലടി ഡാങ്കിനി..ഡാങ്കിനി അങ്ങനെ പറ… അങ്ങനെ… അതേ ശരിയാകുള്ളൂ….”

ഉറക്ക പിച്ചിൽ മധു അത് കൂടി പറയുന്നത് കേട്ടപ്പോ ഉള്ളിൽ ഉള്ള ദേഷ്യം എല്ലാം കൂടി കാലിൽ ആവാഹിച്ച് രാധാമണി ഒറ്റ ചവിട്ട് ആയിരുന്നു മധുവിന്റെ നടുവിന്….

താഴെ വീണ മധു ഒന്ന് കൂടി കട്ടിലിന്റെ ചുവട്ടിൽ ഒതുങ്ങി കൂടി കിടന്ന് സുഖമായി ഉറങ്ങി. തൽക്കാലം ദേഷ്യം തീർത്ത നിർവൃതിയിൽ കൂർക്കം വലിച്ച് രാധാമണിയും ഉറങ്ങി….

(ഈ ഇച്ചേച്ചിയും കുട്ടൂഷും നിങ്ങളിൽ ആരെങ്കിലും ആയി തോനുന്നു എങ്കിൽ തികച്ചും സങ്കല്പികം മാത്രം)

Leave a Reply

Your email address will not be published.