ആശുപത്രിയിൽ ചെന്നപ്പോളാണത്രെ അറിഞ്ഞത് അവൾ അഞ്ചു മാസം..

കാലം കരുതി വെച്ചത്
(രചന: Jils Lincy)

ചുടല വരുന്നുണ്ടെടാ ഓടിക്കോ… വൈകുന്നേരം കോളേജ് വിട്ട് വരുന്ന വഴിക്കാണ് ആ ഒച്ച കേട്ടത് നോക്കിയപ്പോൾ തൊട്ടടുത്ത ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികളാണ്…

ഇതാരെയാണപ്പാ… ഇങ്ങനെ വിളിക്കുന്നത്… നോക്കിയപ്പോൾ കണ്ടു ഒരു സ്ത്രീ രൂപം…

രണ്ടു കൈ നിറയെ സാധനങ്ങൾ തൂക്കി പിടിച്ചു… പാറിപറന്ന തലമുടിയും അലസമായ വസ്ത്രധാരണവും പിന്നെ നിസ്സംഗമായ മുഖവുമായി ഒരു സ്ത്രീ…

ആരാണവർ ഇതിന് മുൻപ് ഞാനവരെ കണ്ടിട്ടേ ഇല്ല… കുട്ടികളുടെ ആക്രോശവും..

കുക്കി വിളിയൊന്നും ശ്രദ്ധിക്കാതെ ഈ ലോകത്തെ കുറിച്ച് പാടെ മറന്നു പോയ പോലുള്ള അവരുടെ നടത്തം എന്നിലെന്തോ വലിയ അത്ഭുതം ഉണ്ടാക്കി…..

വൈകുന്നേരം ചായ കുടിക്കുന്നതിനിടയിൽ ഞാനമ്മയോട് ചോദിച്ചു? അമ്മേ ഞാനിന്ന് വരുന്ന വഴിക്ക് ഒരു സ്ത്രീയെകണ്ടു കുട്ടികളവരെ ചുടല എന്ന് വിളിക്കുന്ന കേട്ടു… ആരാ അത്?

ഓ അതാ അമ്മുവാ…

അമ്മുവോ അവരെ എന്താ ചുടല എന്ന് വിളിക്കുന്നത്?

അതോ ഓ അതൊക്കെ ഒരു കഥയാണ്….

അമ്മുവിന്റെ അച്ഛൻ നമ്മുടെ ശ്മശാനം സൂക്ഷിപ്പ്കാരനായിരുന്നു… അമ്മ നേരത്തെ മരിച്ചു പോയ അമ്മുവിനെ അച്ഛൻ നാരായണേട്ടൻ പൊന്നു പോലെ യാണ് വളർത്തിയത്….

പഠിക്കാനായി കോളേജിൽ പോയപ്പോൾ കൂടെ പഠിച്ച ഒരു പയ്യനുമായി അവൾ ഇഷ്ടത്തിലായി…

വിടർന്ന കണ്ണുകളും മുട്ടൊപ്പം മുടിയും ഇരു നിറവും ഉള്ള അമ്മുവിനെ കണ്ടാൽ തന്നെ ഏതൊരാളും ഇഷ്ടപ്പെട്ടു പോകുമായിരുന്നു… അത്ര ഭംഗിയായിരുന്നു അവൾക്ക്…

നാളുകൾ നീണ്ട് നിന്ന പ്രണയത്തിനിടക്ക് പയ്യന് ജോലികിട്ടി..

പെണ്ണാലോചിക്കുന്നതിനിടക്ക് പയ്യന്റെ വീട്ടുകാർക്ക് അമ്മുവിന്റെ അച്ഛന്റെ ജോലിയും സാഹചര്യങ്ങളും കുറച്ചിലായി തോന്നി…

ആ പയ്യൻ വേറെ കല്യാണം കഴിച്ചു… അമ്മുവിന്റെ പഠിത്തവും നിന്നു… പിന്നൊരു ദിവസം കേട്ടത് അമ്മു പുഴയിൽ ചാ ടി ചാ കാൻ നോക്കി എന്ന വാർത്തയാണ്…

മ രണാസന്നയായ അമ്മുവിനെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു ആശുപത്രിയിൽ ചെന്നപ്പോളാണത്രെ അറിഞ്ഞത് അവൾ അഞ്ചു മാസം ഗർഭിണിയായിരുന്നു …

മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലെ ശ്വാസം മുട്ടിക്കുന്ന ഇടവേളകളിലെപ്പോഴോ അവൾ ആ കുഞ്ഞിനെ പ്രസവിച്ചു അതൊരു ചാ പി ള്ള യായിരുന്നു……

താലോലിച്ചു വളർത്തിയ ഏക മകൾക്ക് പറ്റിയ ദുര്യോഗത്തിൽ ഹൃദയം തകർന്ന അച്ഛൻ അപമാനവും വേദനയും താങ്ങാനാവാതെ ഒരു രാത്രിയിൽ ഒരു മു ഴം ക യറിൽ തന്റെ ജീവിതം അ വസാനിപ്പിച്ചു…

അച്ഛന്റെ മരണത്തോടെ തനിച്ചായിപോയ അമ്മു അച്ഛന്റെ ജോലി ഏറ്റെടുത്ത് ശ്മശാനത്തിന്റെ കാവൽക്കാരിയായി…

ചുടലപ്പറമ്പിന് കാവൽ നിൽക്കുന്നവളായത് കൊണ്ട് നാട്ടുകാരവളെ ചുടല എന്ന് വിളിക്കാൻ തുടങ്ങി….

ഇപ്പോൾ വർഷങ്ങളായി ശ്മശാനത്തിന്റെ അടുത്തുള്ള വീട്ടിൽ കുറച്ചു പട്ടികളും അമ്മുവും തനിയെ ആണ് താമസം….അമ്മ പറഞ്ഞു നിർത്തി……

എനിക്കെന്തോ വല്ലാത്തൊരു വിഷമം പോലെ തോന്നി നെഞ്ചിനൊരു കനം പോലെ….

രാവിലെ പട്ടികൾക്കുള്ള ഭക്ഷണം കൊടുക്കുന്നതിനിടയിലാണ് കണ്ടത് ശ്മശാനത്തിലേക്ക് കയറി വരുന്ന ഒരു കൂട്ടം വാഹനങ്ങൾ….

ധൃതിയിൽ അങ്ങോട്ട് ചെല്ലവേ കൂട്ടത്തിലുള്ള കരയോഗം പ്രമാണി പറഞ്ഞു ചിതയ്ക്കുള്ള സാധനങ്ങൾ തയ്യാറാക്കി കൊള്ളൂട്ടോ വൈകിക്കണ്ട….

എന്ത്‌ വൈകാൻ …എത്രയോ വർഷങ്ങളായി താനിത് നിത്യ വ്രതമായി ചെയ്യുന്നു…. ഒട്ടും വൈകാതെ തന്നെ…

അല്ലെങ്കിലും മരിച്ചവരോട് കാണിക്കുന്ന നീതി തനിക്ക് വളരെ പ്രധാനപെട്ടതാണ് കാരണം ശവത്തിന്റെയും ആത്മാവിന്റെയും സൂക്ഷിപ്പുകാരിയാണ് താൻ….

വിറകടുക്കി തീരുന്നതിനിടയിൽ കൂടെ വന്നതിലൊരാൾ കുഴഞ്ഞു വീണു… അല്പം വെള്ളം… ആരോ പറഞ്ഞു.. അടുത്തുള്ള കലത്തിൽ പൂജക്കായി എടുത്തു വെച്ച വെള്ളം താൻ എടുത്തു കൊടുത്തു….

കുട്ടിയുടെ അച്ഛനാണ്…. ആരോ പറഞ്ഞു താങ്ങാൻ പറ്റുന്നുണ്ടാവില്ല..
ആരു സഹിക്കും?

പഠിച്ചോണ്ടിരുന്ന കുട്ടിയാണ് കാമുകൻ ചതിച്ചപ്പോൾ ജീ വ നൊടുക്കി. വ യ റ്റിലുണ്ടായിരുന്നത്രെ… പാവം…ഒറ്റ മോളായിരുന്നു.

ആ സമയം എന്തോ…ഉത്തരത്തിൽ തൂ ങ്ങിയാടുന്ന അച്ഛന്റെ ശ രീരത്തിലെ തു റിച്ച കണ്ണുകൾ അവൾക്കോർമ്മ വന്നു….

ചിതക്ക് തീ കൊടുക്കാനായി ആളുകൾ താങ്ങി പിടിച്ചയാളെ കൊണ്ടു വന്നപ്പോഴാണ് അയാളെ കണ്ടത്….
പ്രായത്തിന്റെ മങ്ങൽ ഏൽക്കാത്ത ഇടതു കണ്ണിനു താഴെ കാക്ക പുള്ളിയുള്ള അയാളുടെ മുഖം….

എന്റെ അമ്മുവിനെ കിട്ടിയില്ലെങ്കിൽ ഞാൻ പിന്നെ ജീ വിച്ചിരിക്കില്ല. മ രിച്ചു കളയും…

എന്നയാളുടെ വർഷങ്ങൾക്ക് മുൻപേയുള്ള വാക്കുകളോർക്കവേ അവൾക്ക് ഒന്ന് ചിരിക്കണമെന്ന് തോന്നി… ഇരുപതാമത്തെ വയസ്സിൽ നഷ്ടപ്പെട്ടു പോയ ചിരി…

അപ്പോഴേക്കും ആ പത്തൊൻപത് വയസ്സുകാരിയെ അഗ്നി നാളങ്ങൾ ഏറ്റു വാങ്ങിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *