പക്ഷേ അച്ഛനെക്കാൾ വലിയ ക്രൂരതയാണ് അവൻ അവന്റെ ഭാര്യയോട്..

തോറ്റവർ
(രചന: Jils Lincy)

രാവിലത്തെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് പറമ്പിലെ തേങ്ങ പെറുക്കി കൊണ്ടിരിക്കെയാണ് ഫോൺ ബെല്ലടിക്കുന്നത് പത്മാവതിയമ്മ കേട്ടത്….

താൻ പതുക്കെ നടന്നു ഇവിടുന്ന് ചെല്ലുമ്പോഴേക്കും കാൾ കട്ട്‌ ആയിപ്പോകും.. അവിടെ കിടന്ന് അടിക്കട്ടെ അനിരുദ്ധനെ വിളിച്ചിട്ട് കിട്ടാത്ത ആരെങ്കിലും വിളിക്കുന്നതാവും…

അല്ലാതെ ഈ വയസ്സിയെ ആരു വിളിക്കാൻ?

ഇനി വിമലയോ മറ്റുമാണോ? കുറച്ചു നാളുകളായി അവരുടെ ഒരു വിവരവും ഇല്ല…. കുട്ടികളെ കണ്ടിട്ട് നാളുകൾ കഴിഞ്ഞു.. ങ്ഹാ ..അവരും അച്ഛമ്മയെ മറന്നിട്ടുണ്ടാവും.. പത്മാവതിയമ്മ നെടുവീർപ്പിട്ടു….

വീണ്ടും ഫോൺ ബെല്ലടിക്കുന്നത് കേട്ടപ്പോൾ വാതം പിടിച്ച കാൽ വലിച്ചു വെച്ചവർ ധൃതിയിൽ ഫോൺ എടുക്കാനായി നടന്നു….

ഹലോ… കിതപ്പു കാരണം സംസാരിക്കാൻ ആകുന്നില്ല…

അമ്മേ… മറു വശത്തു ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു…. ആരാ വിമല മോളാണോ? എന്ത് പറ്റി മോളെ കുട്ടികൾക്കെന്തെങ്കിലും?

വയ്യ അമ്മേ..” എനിക്ക് വയ്യ..ഇനി എനിക്ക് പിടിച്ചു നിൽക്കാൻ വയ്യ…

ഇന്നലെ ഞാൻ ജോലിക്ക് നിൽക്കുന്ന കടയിൽ വന്ന് അനിയേട്ടൻ കുറെ ചീത്തവിളിച്ചു….

സഹികെട്ടു കഴിഞ്ഞപ്പോൾ കടയിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞ മുതലാളിയെ തല്ലി… എന്നെയും മുതലാളിയെയും ചേർത്ത് കുറെ വൃത്തികേട് പറഞ്ഞു….

എനിക്ക് മതിയായി അമ്മേ.. ഈ ജോലിയും പോയി… ഇതെത്രാമത്തെ ജോലിയാണ് അങ്ങേര് വന്ന് കളയുന്നത്. ഇനി ഞാനെങ്ങനെ എന്റെ മക്കളെ വളർത്തും…

അയാള് അറിയാതിരിക്കാനായി ദൂരെ കണ്ട് പിടിച്ച ഒരു ജോലിയായിരുന്നു ഇത്…

ഇനി എങ്ങോട്ട് പോകും ഞാൻ. മ രിക്കാൻ എനിക്ക് മടിയില്ല.. പക്ഷെ എന്റെ മക്കൾ എന്നോടിപ്പോൾ പറയുന്നത് ഞങ്ങളെ കൊ ന്ന് മ രിക്കല്ലേ അമ്മേ എന്നാണ്…

പത്രങ്ങളിൽ വരുന്ന വാർത്തകൾ അവരും വായിക്കുന്നതല്ലേ. ഞങ്ങൾ പഠിച്ചു അമ്മേടെ കഷ്ടപ്പാട് മാറ്റും എന്നവർ പറയുമ്പോൾ….

ഇന്നലെ എന്റെ ചിന്നു എന്നെ കെട്ടിപിടിച്ചു നമ്മുടെ അച്ഛൻ മരിച്ചു പോകാൻ ഞാൻ പ്രാർത്ഥിക്കുന്നുണ്ട് എന്ന് എന്നോട് പറയുമ്പോൾ എന്ത് ചെയ്യണം അമ്മേ… പറഞ്ഞു താ അമ്മേ…

നെഞ്ചു പൊട്ടിയുള്ള മരുമകളുടെ കരച്ചിൽ പത്മാവതി അമ്മയുടെ ഹൃദയം മുറിച്ചു….

ആകെയുള്ള ഒരു മോനാണ് അനിരുദ്ധൻ… അവന് അഞ്ചു വയസ്സുള്ളപ്പോൾ അവന്റെ അച്ഛൻ പോയതാണ്…. തന്റെ പതിനെട്ടാമത്തെ വയസ്സിലായിരുന്നു കല്യാണം…

അച്ഛനും അമ്മയും പോയപ്പോൾ തന്നെ വളർത്തിയ അമ്മാവൻ കണ്ടു പിടിച്ച ബന്ധം… വേണ്ടുവോളം പണവും പ്രതാപവും ഉള്ള തറവാട്…

തന്റെ ഭാഗ്യം എന്നെല്ലാവരും പറഞ്ഞു… പക്ഷെ കല്യാണം കഴിഞ്ഞു കുറച്ചു നാളുകൾക്കുള്ളിൽ തന്നെ മനസ്സിലായി.. മനുഷ്യത്വം എന്നൊരു സാധനം ഇല്ലാത്ത കൂട്ടരാണെന്ന്…..

കഴുത പണിയെടുക്കുന്നപോലെ പണിയെടുത്താലും രാത്രിയിൽ പരിഹാസവും ചീത്തവിളിയും, ദേ ഹോപദ്രവും മാത്രം…

മ രിക്കാൻ പലതവണ തോന്നിയിട്ടുണ്ട്… പക്ഷെ മോനെ ഓർത്തു വേണ്ടെന്ന് വെച്ചു…

മോന് നാലു വയസ്സുള്ളപ്പോളായിരുന്നു ഒരാക്സിഡന്റിൽ അദ്ദേഹം
കിടപ്പിലാകുന്നത്… തന്റെ പ്രാർത്ഥന ദൈവം കേട്ടിട്ടാണോ എന്തോ… കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ ആളു പോയി…

ഒരു വിഷമവും തോന്നിയില്ല….കാരണം ആ നാല് വർഷം കൊണ്ട് തന്നെ ഒരായുസ്സിന്റെ വേദന തിന്നിരുന്നു…..
പിന്നെയെല്ലാം മോനായിരുന്നു അവന് വേണ്ടിയാണ് ജീവിച്ചത്..

പക്ഷേ വളരും തോറും അവൻ അച്ഛന്റെ അതേ സ്വഭാവം കാട്ടി തുടങ്ങി…. അവന്റെ അച്ഛൻ ബാക്കി വെച്ച പറമ്പ് ഓരോന്നായി വിറ്റു തീർത്തു…..

വിമലയെ സ്വന്ത ഇഷ്ടപ്രകാരം വിളിച്ചിറക്കി കൊണ്ട് വരുമ്പോൾ ആശ്വസിച്ചിരുന്നു ഇനി നന്നാകുമെന്ന്….

പക്ഷേ അച്ഛനെക്കാൾ വലിയ ക്രൂരതയാണ് അവൻ അവന്റെ ഭാര്യയോട് കാണിക്കുന്നതെന്ന് കുറച്ചു കഴിഞ്ഞപ്പോഴേ മനസ്സിലായി…

തനിക്കൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.. അ ടിയും ത ല്ലും സഹിക്കാൻ കഴിയുന്നതിന്റെ അപ്പുറം ആയപ്പോഴാണ് അവൾ മക്കളെയും കൊണ്ട് ഇറങ്ങി പോയത്…

താനും മറുത്തൊന്നും പറഞ്ഞില്ല… പോയി അന്തസ്സായി ജീവിച്ചു കാണിച്ചു കൊടുക്കാൻ പറഞ്ഞു…..

അത്രയും നാൾ മിച്ചം കൂട്ടി വെച്ച ഒരു തുക വിമലയുടെ കയ്യിൽ കൊടുത്തു …

കഴുത്തിൽ കിടന്ന കുഞ്ഞു സ്വർണമാല ചിന്നുവിന്റെ കഴുത്തിലിട്ട് കൊടുത്ത് അച്ഛമ്മയെ മറക്കല്ലേ മക്കളേ എന്ന് പറഞ്ഞപ്പോൾ സങ്കടം കൊണ്ട് സ്വരമിടറിപോയിരുന്നു…

പോയി സമാധാനത്തോടെ ജീവിക്കട്ടെ എന്നാശിച്ചിരുന്നു….. പക്ഷേ അനിരുദ്ധൻ അടങ്ങിയിരുന്നില്ല.. പറ്റാവുന്നിടത്തെല്ലാം അവൻ പോയി അവളെയും മക്കളെയും ചീത്ത വിളിക്കുകയും ഉപദ്രവിക്കുകയും ചെയ്തു..

ഒന്ന് രണ്ടു കേസ് കൊടുത്തെങ്കിലും… അത് കഴിഞ്ഞവൻ അതിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി തുടങ്ങി…. വീടും കൂടും ഇല്ലാത്തവന് എന്ത് കേസ്…

മോള് വിഷമിക്കേണ്ട…അമ്മ വഴിയുണ്ടാക്കാം…. പത്മവാതിയമ്മ ഫോൺ വെച്ചു….

എന്ത് ചെയ്യാൻ കഴിയും തനിക്ക്… മ ദ്യ പിച്ചു വരുന്ന ചില ദിവസങ്ങളിൽ അവൻ തന്നെ പോലും കൊ ല്ലാൻ മടിക്കില്ല എന്ന് ചിലപ്പോൾ തോന്നാറുണ്ട്…

താനിപ്പോൾ ഒന്നും ചെയ്തില്ലെങ്കിൽ ഒരുപക്ഷേ ഒരു തെറ്റും ചെയ്യാത്ത ഒരു പെണ്ണും രണ്ട് കുഞ്ഞു മക്കളും ആ ത്മ ഹത്യ ചെയ്യുന്നത് കാണേണ്ടി വരും….

അവരെ അവരുടെ പാട്ടിനു വിട്ടേരെ മോനെ എന്നവനോട് ഒരു നൂറു വട്ടം പറഞ്ഞിരിക്കുന്നു….

അപ്പോഴൊക്കെ നിങ്ങളെന്നെ പഠിപ്പിക്കാൻ വരേണ്ട തള്ളേ എന്നാണവന്റെ മറുപടി…. കൂടാതെ പല്ല് ഞെരിച്ചു കൊണ്ട് അവളെ അങ്ങനെ സുഖിക്കാൻ ഞാൻ അനുവദിക്കില്ല എന്ന ഭീഷണിയും…..

ചിലരങ്ങനെയാണ് താൻ നശിച്ചിട്ടായാലും മറ്റുള്ളവർ നശിക്കണം എന്നാഗ്രഹിക്കുന്നവർ…. തന്നെ കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചും ചിന്തിക്കാത്തവർ…

അന്ന് രാത്രി അല്പം ഇരുട്ടിയാണ് അനിരുദ്ധൻ വന്നത്… കതക് തുറന്ന് അകത്തേക്ക് കയറിയപ്പോഴേക്കും മ ദ്യ ത്തിന്റെ രൂക്ഷ ഗന്ധം വീടാകെ നിറഞ്ഞു…

എന്താ കതക് തുറക്കാൻ ഇത്ര താമസം തള്ളേ… നിങ്ങളുടെ രഹസ്യക്കാരൻ അകത്തുണ്ടായിരുന്നോ? അവൻ ആക്രോശിച്ചു…

ആ നിമിഷം താൻ മരിച്ചു പോയിരുന്നെങ്കിൽ എന്ന് അവർ ആശിച്ചു…..

നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചവർ അടുക്കളയിൽ കയറി.. മകന് വേണ്ടി തയാറാക്കിയ ഭക്ഷണം എടുത്ത് മേശ പുറത്ത് വെച്ചു…

അവനേറ്റവും ഇഷ്ടപെട്ട ചിക്കൻ കറിയിലേക്ക് വാങ്ങി വെച്ച വി ഷം മുൻപേ കരുതിയത് പോലെ ചേർത്തിളക്കി….

കുഞ്ഞു ന്നാളിൽ അവൻ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ അല്പം കൂടി മധുരം ചേർത്തിളക്കുന്നത് ഒരു നിമിഷം ഓർക്കവേ… വീണ്ടും ഒരു പേറ്റ് നോവ് വന്നപോലെ അവർ കണ്ണിറക്കി അടച്ചു…..

ഭക്ഷണത്തിന്റെ മുൻപിൽ വന്നവൻ ഇരിക്കവേ പത്മാ വതിയമ്മയുടെ ഹൃദയം സ്തംഭിച്ച പോലെ ആയി….

ഓ തള്ള ഇന്ന് ചിക്കൻ കറി ഒക്കെ വെച്ചോ… അവൻ പരിഹാസത്തിൽ ചുണ്ട് മലർത്തി……

ചെറുപ്പത്തിൽ തന്റെ തോളത്തു കയ്യിട്ടവൻ അമ്മയെ അനികുട്ടന് ഒത്തിരി ഇസ്തവാ എന്ന് പറയാറുള്ളത് അവരോർത്തു….

നീയിത് അമ്മയെ കൊണ്ട് ചെയ്യിച്ച പാപമാണ് മോനെ…

ആരേതുമില്ലാതെ ജീവിക്കുന്ന ആ പെണ്ണിന്റെയും പിന്നെ നിന്റെ തന്നെ രണ്ട് ജീവനുകളെയും രക്ഷിക്കാൻ അമ്മയ്ക്കിത് ചെയ്യേണ്ടി വന്നു….

അമ്മയോട് ക്ഷമിക്കൂ മോനെ അവർ കണ്ണീരോടെ മനസ്സിൽ പറഞ്ഞു….

മുഴുവൻ ചോറും കഴിച്ചു കഴിയു ന്നതിന് മുൻപേ അവൻ ശർദിച്ചു തുടങ്ങി… തളർന്ന അവന്റെ ശരീരം അവർ തന്റെ മടിയിലേക്ക് ചായ്ച്ചു കിടത്തി…..

തളർന്നു….നീലച്ച അവന്റെ മുഖത്തവർ ഉമ്മ വെച്ചു കൊണ്ട് അമ്മയോട് ക്ഷമിക്കൂ അനികുട്ടാ എന്ന് പറഞ്ഞ്
ഏങ്ങി ഏങ്ങി കരഞ്ഞു….

ജീവന്റെ അവസാന കണികയും നഷ്ടമായ ആ ശരീരത്തെ തന്നോട് ചേർത്ത് നിർത്തി തന്നെയവർ ബാക്കി വന്ന കറിയും ചോറും പൂർത്തിയാകാത്ത ഏതോ ആഗ്രഹം തീർത്തു വെക്കുന്നപോലെ കഴിച്ചു തീർത്തു….

പിന്നെ പതിയെ… പതിയെ തന്റെ മടിയിൽ കിടക്കുന്ന മകന്റെ മുഖത്തോട് മുഖം ചേർത്ത് അവനെ ചുംബിക്കുന്ന പോലെ നിത്യ നിദ്രയിലേക്കാണ്ടു പോയി…

Leave a Reply

Your email address will not be published. Required fields are marked *