നിന്റെ അമ്മയ്ക്കും പെങ്ങൾക്കും എന്നെ കണ്ട് കൂടാ. വെറുതെ വഴക്കിനു വരും. ഒരു സമാധാനം കിട്ടുന്നില്ല ഇവിടെ. മര്യാദക്ക്..

(രചന: ഹേര)

വൈകുന്നേരം നാല് മണിക്ക് മരുമകന്റെ കാൾ വരുന്നത് കണ്ട് അങ്കലാപ്പോടെയാണ് വാസുദഫോൺ എടുത്തത്.

“ഹലോ… എന്താ മോനെ…”

“അച്ഛാ… നിങ്ങള് പെട്ടെന്ന് മെഡിക്കൽ കോളേജിലേക്ക് വരണം. നീതുവിനെ ഇവിടെ അഡ്മിറ്റ് ചെയ്തേക്കാ.”

“ഏഹ്.. നീതുവിന് എന്താ മോനെ. രാവിലെ വിളിച്ചു വച്ചപ്പോ കൂടി കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഇപ്പൊ പെട്ടെന്ന് എന്ത് പറ്റിയതാ.”

“അവളൊരു അബദ്ധം കാണിച്ചു. ഫാനിൽ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചതാ. അച്ഛൻ പെട്ടെന്ന് വരൂ.” അയാളെ മറുപടി കേൾക്കാൻ നിക്കാതെ നിതിൻ ഫോൺ വച്ചു.

ഫോണും കൈയ്യിൽ പിടിച്ച് വാസു കുറച്ചു സമയം ഒരേ നിൽപ്പ് നിന്നുപോയി. രാവിലെ മോള് വിളിച്ചപ്പോൾ ഭർത്താവിന്റെ വീട്ടിലുള്ള പ്രശ്നങ്ങളും അവിടെ പിടിച്ചു നിൽക്കാൻ പറ്റുന്നില്ലെന്നൊക്കെ ഭാര്യയോട് പറയുന്നത് കേട്ട് ചെന്ന് ചോദിച്ചെങ്കിലും അതൊന്നുമില്ലെന്ന് പറഞ്ഞ് അവർ ഉഴപ്പി വിടുകയായിരുന്നു.

“ബിന്ദൂ… നീ വേഗം റെഡിയായി വന്നേ. നമുക്ക് മെഡിക്കൽ കോളേജ് വരെ ഒന്ന് പോണം. നീതുവിനെ അവിടെ അഡ്മിറ്റ്‌ ചെയ്തിരിക്കുകയാണെന്ന് നിതിൻ വിളിച്ചു പറഞ്ഞു. എന്തോ സുഖമില്ലെന്നാ പറഞ്ഞത്.” വാസു അടുക്കളയിൽ ചെന്ന് ഭാര്യയോട് പറഞ്ഞിട്ട് വസ്ത്രം മാറാനായി മുറിയിലേക്ക് പോയി.

“എന്റെ മോൾക്കെന്ത് പറ്റി. രാവിലെ വിളിക്കുമ്പോ പോലും അസുഖമുണ്ടെന്ന് ഒന്നും പറഞ്ഞില്ലല്ലോ.” വേവലാതിയോടെ ബിന്ദു തന്റെ ഫോൺ എടുത്ത് മരുമകനെ വിളിച്ചു. അവൻ പക്ഷേ കാൾ എടുത്തില്ല.

“നീ നേരം കളയാതെ വരുന്നെങ്കിൽ വാ.” അയാൾ ധൃതി കൂട്ടി.

അത് കേട്ടതും ബിന്ദു ഓടിച്ചെന്ന് കാലും കൈയ്യും മുഖവും കഴുകി ഇട്ടിരുന്ന മാക്സി മാറ്റി ഒരു സാരിയും ബ്ലൗസും വാരിചുറ്റി വെപ്രാളത്തിൽ പുറപ്പെട്ട് വന്നു.

മെഡിക്കൽ കോളേജിലേക്കുള്ള യാത്രയിൽ ഇരുവരും പരസ്പരം ഒന്നും ഉരിയാടിയില്ല. പല വിധ ചിന്തകളിൽ അലഞ്ഞു നടക്കുകയാണ് അവരുടെ മനസ്സ്.

ഒരു മാസം മുൻപാണ് നീതുവിന്റെയും നിതിന്റെയും കല്യാണം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു. കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഓരോ പ്രശ്നങ്ങൾ പറഞ്ഞ് അവൾ അമ്മയെ വിളിച്ചു കരയാൻ തുടങ്ങി.

ജാതിയിൽ താഴ്ന്നു പോയ അവളെ അധിക്ഷേപ്പിക്കുകയും കൊടുത്ത സ്വർണം കുറഞ്ഞു പോയെന്നും തന്റെ മകനെ വശീകരിച്ചു പാട്ടിലാക്കി എന്നൊക്കെ നിരന്തരം പറഞ്ഞ് കൊണ്ട് അമ്മായി അമ്മ അവളെ പുലഭ്യം പറയും. തന്റെ ഭാര്യയെ അമ്മ എന്തൊക്കെ പറഞ്ഞാലും നിതിൻ അതൊക്കെ തന്നെ ബാധിക്കുന്നില്ലെന്ന മട്ടിലിരിക്കും.

അതിന്റെ പേരിൽ മധുവിധു കഴിയുന്നതിന് മുൻപേ ഇരുവരും വഴക്ക് തുടങ്ങി. അത് ശാരീരിക മർദ്ദനത്തിൽ വരെ എത്തി. നീതുവിനോട് തർക്കിച്ചും വഴക്കടിച്ചും ജയിക്കാൻ കഴിയാതാകുമ്പോൾ അവളെ അടിച്ച് നിശബ്ദയാക്കാൻ അവൻ ശ്രമിക്കും.

രണ്ട് വർഷം പ്രേമിച്ചു വിവാഹം കഴിച്ചവർക്കിടയിൽ അടിയും വഴക്കും മാത്രമായി. ആ വീട്ടിൽ ഒരു തരത്തിലും സന്തോഷവും സമാധാനവും കിട്ടില്ലെന്ന്‌ അറിഞ്ഞത്തോടെ സ്വന്തം വീട്ടിൽ പോകാൻ അവൾക്ക് ആഗ്രഹമായി.

ഒറ്റ മോൾ ആയതുകൊണ്ട് നീതുവിന്റെ ഒറ്റ വാശിയിലാണ് കല്യാണം നടന്നത്. അവളുടെ വീട്ടുകാർക്ക് ആ ബന്ധത്തിനോട്‌ ഒട്ടും താല്പര്യവുമുണ്ടായിരുന്നില്ല.

മകളുടെ നിർബന്ധം കൊണ്ട് കെട്ടിച്ചു വിട്ടതിനാൽ അവൾക്കവിടെ നിൽക്കാൻ പറ്റുന്നില്ലെന്നും വീട്ടിൽ വരണമെന്നും പറഞ്ഞ് നിരന്തരം നീതു അമ്മയെ വിളിച്ചു പരാതി പറയുമ്പോൾ നീയായിട്ട് കണ്ട് പിടിച്ച ബന്ധമല്ലേ അതുകൊണ്ട് അവിടെ തന്നെ പിടിച്ച് നിൽക്കാൻ നോക്ക് അച്ഛൻ അറിഞ്ഞാൽ പ്രശ്നമാകുമെന്നും പറഞ്ഞ് ഉപദേശിച്ചു.

കല്യാണം കഴിഞ്ഞു മാസമൊന്ന് ആയപ്പോൾ തന്നെ പ്രശ്നം തുടങ്ങിയെന്ന് നാട്ടുകാരും ബന്ധുക്കളും അറിഞ്ഞാൽ നാണക്കേട് ആവുമല്ലോ എന്നാണ് ബിന്ദു ഓർത്തത്. ഒപ്പം ഭർത്താവ് അറിഞ്ഞാലും നല്ലൊരു പൊട്ടിത്തെറി ഉണ്ടാകും. അതൊക്കെ പേടിച്ച് മരുമകന്റെ വീട്ടിൽ മകൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ബിന്ദു അയാളിൽ നിന്ന് മറച്ചു.

മെഡിക്കൽ കോളേജിന് മുന്നിൽ വാസുവും ബിന്ദുവും ഓട്ടോയിൽ ചെന്നിറങ്ങുമ്പോൾ ധൃതിയിൽ തന്റെ ബൈക്കും സ്റ്റാർട്ട്‌ ചെയ്ത് പുറത്തേക്ക് വരുകയായിരുന്നു നിതിൻ. അവരെ കണ്ടതും വണ്ടിയൊന്ന് നിർത്തുക കൂടി ചെയ്യാതെ പൊയ്ക്കളഞ്ഞു. അതൊക്കെ കണ്ടപ്പോൾ ഇരുവർക്കും എന്തോ പന്തികേട് തോന്നി.

ആരോടാ എന്താ അന്വേഷിക്കുക എന്നൊന്നും അറിയാതെ വാസു അവിടെ നിന്ന് വിയർത്തു. അയാളുടെ ഉള്ളിൽ ഭയത്തിന്റെ ആഴകടൽ അലയടിച്ചു കൊണ്ടിരുന്നു.

ഭാര്യയുടെ കൈയ്യും പിടിച്ച് വാസു അത്യാഹിത വിഭാഗത്തിലേക്ക് നടന്നു. അവിടെ ചോദിച്ചാൽ ഒരുപക്ഷേ വിവരങ്ങൾ അറിയാൻ കഴിഞ്ഞേക്കുമെന്ന് അയാൾ ഊഹിച്ചു. അതിനിടയിൽ ഫോൺ എടുത്ത് നിതിനെയും അച്ഛനെയും അമ്മയുമൊക്കെ മാറി മാറി വിളിച്ചെങ്കിലും ഫോണെടുത്തില്ല.

അത്യാഹിത വിഭാഗത്തിന് മുന്നിലെത്തിയപ്പോൾ അവിടെ ഭയന്ന് പരിഭ്രമിച്ചിരിപ്പുണ്ട് നിതിന്റെ അച്ഛൻ മുകുന്ദൻ.

“ചേട്ടാ… എന്റെ മോളെവിടെ? അവൾക്കെന്താ പറ്റിയത്. ഇവിടെ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ടെന്ന് മോൻ വിളിച്ചു പറഞ്ഞു.” വാസുവിനോട് എന്ത് മറുപടി പറയണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് മുകുന്ദൻ.

“നിതിനെ ഞങ്ങൾ ഇങ്ങോട്ട് കേറുമ്പോൾ കണ്ടിരുന്നു. ഞങ്ങളെ കണ്ടിട്ട് കൂടി അവനൊന്ന് നിർത്തി കാര്യം പറയാതെ എങ്ങോട്ടോ പോയി. നീതുവിനെ എവിടെയാ കാണിച്ചത്. അവൾക്ക് സുഖമില്ലേ?” ബിന്ദുവിനു പരവേശമായി.

“അത്‌ പിന്നെ… നീതു… നീതു ഒരബദ്ധം കാണിച്ചു. ഉച്ചക്ക് അവർ തമ്മിൽ ചെറിയൊരു വഴക്കുണ്ടായി. അവൻ കൊച്ചിനെ ഒന്ന് തല്ലുകയും ചെയ്തു. ആ നേരം മുതൽ അവൾ ഒരേ കരച്ചിലായിരുന്നു. നിതിൻ അതൊന്നും മൈൻഡ് ചെയ്യാതെ ചോറും കഴിച്ചു കിടന്നുറങ്ങി.

കുറച്ചു കഴിഞ്ഞു നീതുവും മുറിയിലേക്ക് പോയി. ഇടയ്ക്കിടെ രണ്ടുപേരും തമ്മിൽ വഴക്കും അടിയും പതിവായോണ്ട് ഞാൻ കാര്യമാക്കിയില്ല. കുറച്ചു കഴിഞ്ഞു കോംപ്രമൈസ് ആവുമെന്ന് കരുതി.

പക്ഷേ വൈകുന്നേരം മുറിയിൽ നിന്ന് അലറി വിളിച്ചു കൊണ്ട് നിതിൻ പുറത്തേക്ക് വന്നു. ഉറക്കംഎണീറ്റ് നോക്കിയ അവൻ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന നീതുനെയാ. ഇവിടെ കൊണ്ട് വരുമ്പോ തന്നെ മോള്…. മോള് മരിച്ചിരുന്നു. പേടിച്ചിട്ടാ അവൻ പോയത്. അവനൊരു തെറ്റും ചെയ്തില്ല.

നീതു മോള് അവനോടുള്ള ദേഷ്യത്തിന്റെയും വാശിയുടെയും പുറത്ത് ഇങ്ങനെയൊരു അബദ്ധം കാണിക്കുമെന്നും വിചാരിച്ചില്ല.” അറച്ചറച്ചാണ് മുകുന്ദൻ പറഞ്ഞത്.

ഒക്കെ കേട്ട് കഴിഞ്ഞപ്പോ എന്റെ മോളെ എന്ന് നെഞ്ചത്തടിച്ചു കരഞ്ഞു കൊണ്ട് ബിന്ദു താഴേക്ക് വീണു. ഭാര്യയെ താങ്ങി പിടിച്ച് വാസുവും വിതുമ്പി പോയി.

എന്തെങ്കിലും ചെറിയ പ്രശ്നമായിരിക്കുമെന്ന് കരുതി ഓടിവന്ന തങ്ങൾ കേട്ടത് ഒരേയൊരു മകളുടെ മരണ വാർത്ത. അതും ആത്മഹത്യ. അവർക്കത് താങ്ങാനായില്ല…

വെള്ള പുതപ്പിച്ച നീതുവിന്റെ ശരീരം സ്ട്രച്ചറിൽ കൊണ്ട് വരുമ്പോൾ വലിയ വായിൽ കരഞ്ഞുകൊണ്ട് ബിന്ദു ബോധം കെട്ട് വീണു. വാസു മകളുടെ ശരീരത്തിൽ വീണ് പൊട്ടിക്കരഞ്ഞു.

കേസും വഴക്കും പേടിച്ച് നിതിൻ ഒളിവിൽ പോയിരുന്നു. മുൻകൂർ ജാമ്യം എടുത്ത ശേഷമാണ് അവൻ നാട്ടിൽ ഇറങ്ങിയത്.

നീതുവിന്റെ വീട്ടുകാർ കൊലപാതകമാണെന്ന് സംശയം ഉന്നയിച്ച് കേസ് കൊടുത്തു. പോലീസ് വിചാരണയും കോടതിയും ഒക്കെയായി അത് നീണ്ടു പോയി. ഒടുവിൽ തെളിവുകളുടെ അഭാവത്തിൽ നിതിനെ കോടതി വെറുതെ വിട്ടു.

നഷ്ടം പെണ്ണിന്റെ വീട്ടുകാർക്ക് മാത്രമായി.

കോടതി നിരപരാധി എന്ന് ചൊല്ലി വിട്ടയച്ച ദിവസം രാത്രി ഫാനിലേക്ക് നോക്കി കിടക്കുകയായിരുന്നു നിതിൻ. അവന്റെ മനസ്സിൽ ഫാനിൽ തൂങ്ങിയാടുന്ന നീതുവിന്റെ ശരീരവും അന്നത്തെ സംഭവങ്ങളും ഓർമ്മ വന്നു.

നീതുവുമായി വഴക്ക് പതിവായപ്പോൾ രണ്ടെണ്ണം വീശിയിട്ട് ഇത്തിരി സ്വൈര്യം കിട്ടാൻ വേണ്ടി ഉറങ്ങാനായി കിടന്നതാണ് അവൻ. ഒന്ന് മയങ്ങി വരുമ്പോൾ നീതു പിന്നെയും ഓരോന്ന് പറഞ്ഞ് കരഞ്ഞു കലങ്ങിയ കണ്ണോടെ അവനരികിൽ വന്നിരുന്നു.

“എനിക്കിവിടെ നിൽക്കാൻ പറ്റില്ല നിതിൻ. നീ എന്തെങ്കിലുമൊന്ന് ചെയ്യ്. നിന്റെ അമ്മയ്ക്കും പെങ്ങൾക്കും എന്നെ കണ്ട് കൂടാ. വെറുതെ വഴക്കിനു വരും. ഒരു സമാധാനം കിട്ടുന്നില്ല ഇവിടെ. മര്യാദക്ക് നീയിനി എന്നെയും കൊണ്ട് ഇവിടുന്ന് എങ്ങോട്ടെങ്കിലും പോയില്ലെങ്കിൽ സത്യമായും ഞാൻ ചത്ത്‌ കളയും.”

“തല്ക്കാലം ഇവിടുന്ന് എങ്ങോട്ടും പോവാൻ ഉദ്ദേശമില്ല എനിക്ക്. നിനക്ക് വേണ്ടി ഇവരെ ഉപേക്ഷിക്കാൻ പറ്റില്ലെനിക്ക്. അവര് വല്ലോം പറഞ്ഞാ കേട്ടില്ലെന്ന് നടിച്ചു ജീവിക്കാൻ നോക്ക്. പറ്റൂലെങ്കിൽ എങ്ങോട്ടെങ്കിലും ഇറങ്ങി പൊയ്ക്കോ.”

“കാണിച്ചു തരാം നിനക്ക് ഞാൻ.” അലമാരയിൽ നിന്നൊരു സാരി വലിച്ചെടുത്ത് അവൾ ഫാനിൽ കുടുക്കിട്ടു. ഇതുപോലെ മുൻപ് രണ്ട് തവണ അവനെ പേടിപ്പിക്കാൻ അവളിങ്ങനെ ചെയ്തിട്ടുള്ളത് കൊണ്ട് നീതുവിനെ മൈൻഡ് ചെയ്യാതെ അവൻ തിരിഞ്ഞു കിടന്നു.

അവനെ ഭയപ്പെടുത്താൻ കഴുത്തിൽ കുടിക്ക് മുറുക്കി അവനെ കാണിക്കാനായി അവൾ വിളിച്ചെങ്കിലും മദ്യ ലഹരിയിൽ അവന്റെ ബോധം കെട്ട് ഉറങ്ങിയിരുന്നു. കഷ്ടകാലത്തിനു കാലിലെ പിടുത്തം വിട്ടവൾ ഫാനിൽ കിടന്ന് ജീവന് വേണ്ടി പിടഞ്ഞു മരിക്കുമ്പോൾ അവനൊന്നും അറിഞ്ഞതുമില്ല.

ഒടുവിൽ ബോധം വരുമ്പോൾ തൂങ്ങിയാടുന്ന ഭാര്യയുടെ ശരീരം കണ്ടവൻ ഞെട്ടി തരിച്ചു പോയി. തന്റെ തലയ്ക്കൽ തന്നെ മരണ വെപ്രാളമെടുത്തവൾ പിടഞ്ഞിട്ടും താനത് അറിയാതെ പോയല്ലോ എന്നുള്ള കുറ്റബോധത്താൽ എന്തോ ഒരു ഉൾപ്രേരണയാൽ അലമാരയിൽ നിന്ന് മറ്റൊരു സാരി എടുത്ത് കുടുക്കിട്ട് അവനും അവൾക്ക് പിന്നാലെ യാത്രയായി.