നിങ്ങൾക്ക് ആവശ്യമുള്ളപ്പോ കിടന്ന് തരാനും ഭക്ഷണം വച്ച് വിളമ്പാനും ഈ വീട് തൂത്തും തുടച്ചും നിങ്ങടെ അമ്മേടേം പെങ്ങളേം ആട്ടും കൊണ്ട്..

(രചന: ഹേര)

“ഇത് എന്റെ കൈകൊണ്ടുള്ള അവസാനത്തെ ചായയാ നിങ്ങൾക്ക്. എനിക്കീ ബന്ധം പിരിഞ്ഞാൽ കൊള്ളാമെന്നുണ്ട്.” ഓഫീസിൽ നിന്നെത്തി മേല് കഴുകി ചായ കുടിക്കാനിരുന്നതാണ് എബി. അപ്പോഴാണ് അവന്റെ കൈയ്യിലേക്ക് കാപ്പി കപ്പ് കൊടുത്തു കൊണ്ട് ഭാര്യ ലില്ലി അങ്ങനെ പറഞ്ഞത്.

“ആയിക്കോട്ടെ…” ഇതൊക്കെ എത്ര കേട്ടിരിക്കുന്നു എന്ന ഭാവത്തിൽ അവനത് കാര്യമാക്കാതെ ചായ മൊത്തി കുടിക്കാൻ തുടങ്ങി.

“നിങ്ങളുടെ കൂടെ ജീവിച്ച് എനിക്ക് മതിയായി. എനിക്ക് നിങ്ങളിൽ നിന്ന് ഡിവോഴ്സ് വേണം.”

“ഓഹ്… ഇതായിരുന്നല്ലേ കുറച്ച് ദിവസായി നിലത്ത് പായ വിരിച്ച് കിടന്നതിന്റെയും പിണങ്ങി നടന്നതിന്റെയും പിന്നിൽ.”

“ഞാനൊന്ന് മിണ്ടാതിരുന്നാലോ മാറി കിടന്നാലോ ഒന്നും നിങ്ങൾക്കത് പ്രശ്നമല്ലെന്ന് എനിക്ക് മനസ്സിലായി. നിങ്ങൾക്ക് ആവശ്യമുള്ളപ്പോ കിടന്ന് തരാനും ഭക്ഷണം വച്ച് വിളമ്പാനും ഈ വീട് തൂത്തും തുടച്ചും നിങ്ങടെ അമ്മേടേം പെങ്ങളേം ആട്ടും കൊണ്ട് കിടക്കാൻ ആണല്ലോ എന്നെ വേണ്ടത്.”

“നിന്ന് അധിക പ്രസംഗം നടത്താതെ അകത്ത് കേറിപോടി. ഇതും പറഞ്ഞ് കുറേ പ്രശ്നം ഉണ്ടാക്കി നീയിവിടുന്ന് പെട്ടീം കിടക്കേം എടുത്ത് വീട്ടിൽ പോകും. എന്നിട്ട് ഒരാഴ്ച കഴിയുമ്പോ തിരിച്ചു വരും. വീണ്ടും ഓരോ നാടകം കാണിച്ച് ഇവിടുത്തെ പണിയെടുക്കാതെ നിന്റെ വീട്ടിലേക്ക് പോകാനുള്ള ഐഡിയ കൈയ്യിൽ വച്ചാൽ മതി.”

“ഓരോ തവണ ഇനിയീ പടി ചവിട്ടരുത് എന്ന് കരുതി തന്നെയാ ഇവിടുന്ന് ഇറങ്ങി പോയിട്ടുള്ളത്. അപ്പോഴൊക്കെ കൊച്ചിനെ ഓർത്ത് ക്ഷമിക്കാനും കെട്ടിച്ചു വിട്ട മോള് വീട്ടുകാർക്ക് ബാധ്യതയാണെന്നൊക്കെ പറഞ്ഞ് എന്റെ അച്ഛനും അമ്മയും ഉന്തി തള്ളിയ ഇവിടെ കൊണ്ട് വിട്ടിരുന്നത്.

അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല എന്റെ നാത്തൂന് ഞാനവിടെ ചെന്ന് നിന്നാൽ എന്റെ ചിലവ് കൂടി ആങ്ങള നോക്കേണ്ടി വരുമോന്ന് പേടിച്ചു ഇറക്കി വിടുന്നതാണ്.

പോകാൻ ഒരിടമില്ലാത്തത് കൊണ്ടും ഒരു ജോലിയില്ലാത്തത് കൊണ്ടും ആരും സപ്പോർട്ട് ന് ഇല്ലാത്ത കൊണ്ടും മാത്രം ആണ് ഞാനെല്ലാം സഹിച്ച് ഇറങ്ങി പോയിട്ടും നാണം കെട്ട് പിന്നെയും തിരിച്ചു വന്നിരുന്നത്.” കിതപ്പോടെ ലില്ലി ഭർത്താവിനെ നോക്കി.

“ഈ പുരാണം കുറെ കേട്ടതാ. മര്യാദക്ക് ഇവിടെ അടങ്ങി ഒതുങ്ങി കിടന്നാൽ നിനക്ക് കൊള്ളാം. കേറി ചെല്ലാൻ ഒരു വീട് പോലുമില്ലെന്ന ഓർമ്മയിൽ വേണം ഓരോന്ന് പറയാൻ. എനിക്ക് നീ പോയാലും വേറെ പെണ്ണിനെ കിട്ടാൻ പഞ്ചമില്ല.” എബി പുച്ഛിച്ചു ചിരിച്ചു.

“ഹ്മ്മ്… എങ്കിൽ പിന്നെ അങ്ങനെ ചെയ്യ്. കൂടെ കിടക്കാൻ പെണ്ണിനെ വേണോങ്കി അതിനു കെട്ടണമെന്നില്ല നിങ്ങൾ. പണം കൊടുത്താൽ ഇഷ്ടം പോലെ പെണ്ണിനെ കിട്ടും. പിന്നെ ഇവിടുത്തെ ജോലിക്ക് ഒരു ജോലിക്കാരിയെ വച്ചാൽ മതി.

അങ്ങനെയെങ്കിലും ഒരു ഒരു പെൺകുട്ടി കൂടി രക്ഷപ്പെട്ടോട്ടെ. ഇത്രയും കാലം നിങ്ങളുടെ കൂടെ ജീവിച്ച എക്സ്പീരിയൻസ് വച്ച് ഒരു കാര്യം പറയട്ടെ, ഈ വീട്ടിൽ ഒരു മരുമകളെയോ നിങ്ങൾക്ക് ഒരു ഭാര്യയുടെയോ ആവശ്യമില്ല.”

“ഛീ നിർത്തടി… പറഞ്ഞ് പറഞ്ഞ് നീയെങ്ങോട്ടാ കത്തി കയറുന്നത്.” കലിപൂണ്ട എബി അവൾടെ കരണം നോക്കി ഒരെണ്ണം കൊടുത്തു.

ശക്തമായ അടിയിൽ അവളുടെ വായിൽ നിന്ന് കൊഴുത്ത ചോര ഒഴുകി. ഒപ്പം മുൻപ് അവനിൽ നിന്ന് കിട്ടിയ അടിയിൽ ഇളകി ഇരുന്ന അണപ്പല്ലിൽ ഒരെണ്ണം ഇളകി പോരുകയും ചെയ്തു.

വേദനയാൽ നീറിപ്പുകഞ്ഞവൾ കൈ കൊണ്ട് കവിൾ പൊത്തി തറയിലിരുന്നു.

“ഒരെണ്ണം അവൾക്കിട്ട് കൊടുക്കാൻ നിന്നോട് പറയാൻ വരുവായിരുന്നു ഞാൻ. അഹങ്കാരി പറഞ്ഞതൊക്കെ കേട്ടില്ലേ. ഒരെണ്ണം കൊടുക്കാൻ എന്റെ കൈ തരിച്ചു വന്നതാ.” എബിയുടെ അമ്മ സൂസൻ അവരുടെ അടുത്തേക്ക് വന്നു.

“എന്റെ എബിച്ചാ… ഇച്ഛൻ പോയി കഴിഞ്ഞ പിന്നെ ചേച്ചിയുടെ ഭരണമാണ് ഇവിടെ. എന്നിട്ട് മറ്റുള്ളവരോട് ഞങ്ങളെ കുറിച്ച് നൂറു കുറ്റവും പറഞ്ഞ് നടക്കും. ഇവർക്ക് കാര്യമായ എന്തോ കുഴപ്പമുണ്ട്. എന്റെ ഭർത്താവ് ഗൾഫിൽ ആയത് കൊണ്ടല്ലേ ഞാനിവിടെ വന്ന് നിൽക്കുന്നത്.

അത് പോലും മനസ്സിലാക്കാതെ ദിവസവും എന്നോട് ഇവിടുന്നിറങ്ങി പോടീ എനിക്കിതിൽ ഒരു അവകാശവും ഇല്ലെന്ന് പറഞ്ഞ് എന്നെ വേദനിപ്പിക്കും.” എരി തീയിൽ എണ്ണ ഒഴിക്കും പോലെയുള്ള എബിയുടെ പെങ്ങൾ എലീനയുടെ പറഞ്ഞു.

“എന്റെ പെങ്ങൾക്ക് ഈ വീട്ടിൽ അവകാശമില്ലെന്ന് പറയാൻ നീയാരാടി. ഈ നിമിഷം വേണമെങ്കിലും അവൾ ചോദിച്ചാ ഞാനിത് അവൾക്ക് എഴുതി കൊടുക്കും. അതുകൊണ്ട് നീ കൂടുതൽ നെഗളിച്ചാലുണ്ടല്ലോ..” എബി കയ്യോങ്ങി കൊണ്ട് പറഞ്ഞു.

ലില്ലി ഒന്നും മിണ്ടാതെ മുകളിലെ മുറിയിലേക്ക് കയറിപ്പോയി വാതിലടച്ച് അതിനുള്ളിൽ ഇരുന്നു.

പതിനേഴ് വർഷമായി എബിയുടെയും ലില്ലിയുടെയും വിവാഹം കഴിഞ്ഞിട്ട്. പതിനഞ്ചു
വയസ്സുള്ള ഒരു മോളുണ്ട് അവൾക്ക്. കെട്ടിക്കേറി അവിടെ ചെന്നപ്പോ മുതൽ നാത്തൂൻ പോരും അമ്മായി അമ്മ പോരും വീട്ടിലെ പണികൾ മുഴുവനും ചെയ്ത് അവളാകെ മടുത്തിരുന്നു.

പലപ്രാവശ്യം എബിയുമായി വഴക്കിട്ട് ബന്ധം പിരിഞ്ഞ മതിയെന്ന് പറഞ്ഞ് അവൾ വീട്ടിൽ പോകും. അപ്പോഴൊക്കെ അവളുടെ വീട്ടുകാർ കുറേ ഉപദേശം നൽകി മകളെ മടക്കി കൊണ്ട് വിടും.

എബിക്ക് എകെ എസ് ഇ ബിയിൽ ആണ് ജോലി. കിട്ടുന്ന ശമ്പളം പകുതിയും അമ്മയെ ഏൽപ്പിക്കും. ലില്ലിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അമ്മായി അമ്മക്ക് മുന്നിൽ കൈ നീട്ടണം.

എബിയുടെ പെങ്ങളും രണ്ട് കുട്ടികളും ഭർത്താവ് ഗൾഫിൽ ആയതുകൊണ്ട് എബിക്കൊപ്പം ആണ് താമസം
അവരുടെ ചിലവ് നോക്കുന്നതും എബിയാണ്. എലീന ഭർത്താവ് അയക്കുന്ന കാശൊക്കെ ബാങ്കിൽ തന്നെ ഇട്ടിട്ടുണ്ട്.

ലില്ലിക്ക് മാത്രമാണ് കഷ്ടപ്പാട്. പത്താം ക്ലാസ്സിൽ പഠിക്കുന്ന മോൾക്ക് പോലും ഇഷ്ട കൂടുതൽ അച്ഛനും അച്ഛൻ വീട്ടുകാരോടുമാണ്. പ്ലസ് ടു കഴിഞ്ഞു കൊല്ലം ഒന്ന് കഴിഞ്ഞപ്പോൾ എബിയോടൊപ്പം കെട്ടിച്ചു വിട്ടതാണ് ലില്ലിയെ. ഒരു വർഷം കഴിഞ്ഞു മോളും വന്നു.

ലില്ലിക്ക് ഇപ്പൊ വയസ്സ് മുപ്പത്തി അഞ്ചു. വേലക്കാരിയെ പോലെ ആ വീട്ടിൽ പണിയെടുത്തു എല്ലും തോലുമായി അവൾ. ഇത്ര വർഷത്തെ ജീവിതം കൊണ്ട് താനൊന്നും നേടിയില്ലെന് അവൾക്ക് തോന്നി തുടങ്ങിയിട്ട് കുറച്ചായി. ഒരർത്ഥവുമില്ലാത്ത ജീവിതം. ഒന്ന് കിടപ്പായാൽ പോലും ആരും നോക്കാനുണ്ടാവില്ല.

തന്നോട് സ്നേഹമില്ലാത്ത ഭർത്താവിനും വീട്ടുകാർക്കും വേണ്ടതൊക്കെ ചെയ്ത് നൽകി ഇനിയും ഒരു വേലക്കാരിയെ പോലെ തുടരാൻ അവൾക്ക് മടുപ്പ് തോന്നി. നൊന്ത് പ്രസവിച്ച മോൾക്കും അമ്മ വേണമെന്ന് നിർബന്ധമില്ല.

പിറ്റേന്ന് രാവിലെ ഒരു എഴുത്ത് എഴുതി വച്ച് ലില്ലി ആ വീട് വിട്ടു. കല്യാണ സമയം തനിക്ക് വീട്ടുകാർ തന്ന സ്വർണം അമ്മായി അമ്മ അലമാരയിൽ വച്ച് പൂട്ടിയിരുന്നതും എടുത്തുകൊണ്ടാണ് അവൾ പോയത്. ഒരു ചെറിയ കമ്മൽ പണയം വച്ച് കൈ ചിലവിന് കാശ് എടുത്ത് വച്ചു.

എബിയുടെ വീട്ടിൽ നിന്നിറങ്ങി ലില്ലി നേരെ പോയത് വിമൻസ് ഹോസ്റ്റലിലേക്കാണ്. അതിന് അടുത്തുള്ളൊരു തുണിക്കടയിൽ അവൾ സെയിൽസ് ഗേളായി കയറി.

വീട്ടുകാർ അവളെ മടക്കി വിളിച്ച് എബിയുടെ അടുത്ത് കൊണ്ട് വിടാൻ ശ്രമിച്ചെങ്കിലും അവൾ പോയില്ല. തന്നിഷ്ടം കാട്ടി ഇറങ്ങി പോയവൾ സ്വയം തോന്നി വരട്ടെ എന്ന് പറഞ്ഞ് എബിയും അവളെ വിളിക്കാൻ പോയില്ല.

എപ്പോഴായാലും പട്ടിയെ പോലെയവൾ തിരിച്ചു വരുമെന്നും വന്ന് കഴിഞ്ഞാൽ ഇനി ആ വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത രീതിയിൽ തല്ലി ചതച്ചു അവിടെ തന്നെ നിർത്തണമെന്ന് മനസ്സിൽ കണക്ക് കൂട്ടി വച്ചു. എത്ര നാൾ ലില്ലി ഒറ്റയ്ക്ക് ജീവിക്കുമെന്ന് കാണട്ടെ എന്ന് അവൻ കരുതി.

പക്ഷേ ലില്ലി പിന്നെ തിരികെ പോയില്ല… ബന്ധനങ്ങളാകുന്ന ബന്ധങ്ങൾ ഉള്ളതിനേക്കാൾ നല്ലത് ആരുമില്ലാത്ത സമാധാനം നിറഞ്ഞ ഇപ്പോഴത്തെ ജീവിതമാണെന്ന തിരിച്ചറിവിൽ തനിക്ക് കിട്ടിയ സ്വാതന്ത്ര്യം നിറഞ്ഞ ജീവിതം അവൾ ആസ്വദിച്ചു തുടങ്ങിയിരുന്നു. ഈ തീരുമാനം കുറച്ച് നേരത്തെ ആകാമായിരുന്നു എന്ന് ലില്ലിക്കപ്പോൾ തോന്നി.

ഇതുപോലെ അനേകം ലില്ലിമ്മാർ നമ്മൾക്ക് ചുറ്റുമുണ്ട്. മക്കളെ ഓർത്തും വീട്ടുകാരെ ഓർത്തും സ്വന്തം ജീവിതം ഹോമിക്കാതെ ഒരു ജോലി കണ്ടെത്തി സ്വന്തം കാലിൽ നിൽക്കാനും സ്വയം തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ളവളു മാകണം പെണ്ണ്.