അപ്പൊ പിന്നെ ഈ ആലോചന മുന്നോട്ട് കൊണ്ടു പോകുന്നതിൽ അർത്ഥമില്ലെന്നാണ്..

കാണലും സങ്കല്പവും
(രചന: Haritha Harikuttan)

“ഇനി ചെറുക്കനും പെണ്ണിനും എന്തെകിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കട്ടെ, അല്ലേ…. ”

എന്നെ ഒരുകൂട്ടർ കാണാൻ വന്നിരിക്കുകയാണ്…….. അതിന്റെ സംസാരമാണ് ഇപ്പൊ കേട്ടത്…….

കല്യാണാലോചന… അല്ലെങ്കിലും 23വയസു കഴിഞ്ഞാൽ പിന്നെ പെൺകുട്ടികളെ വീട്ടിൽ നിർത്തുന്നത് മാതാപിതാക്കൾക്ക് ഒരു കുറച്ചിൽ അല്ലേ… ചീത്തപ്പേര് ഉണ്ടാകാതെ നോക്കണം…

അപ്പോൾ പിന്നെ പെട്ടെന്ന് കെട്ടിച്ചു വിടുക…അത്രേതന്നെ…. ഇന്നു ആ അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല..

അപ്പൊ അവരിങ്ങനെ ഓരോരുത്തരെയായി ആലോചിച്ചു കൊണ്ടുവരും ……..

ആരുടെയോ ദയ എന്നപോലെ പയ്യനോട് സംസാരിക്കുവാൻ എനിക്ക് അനുവാദം ലഭിച്ചു….. വന്ന പയ്യന്റെ കാര്യവും അങ്ങനെയൊക്കെ തന്നെ………

മാട്രിമോണി വഴി വന്ന ആലോചനയാണ്…… എല്ലാ വിവരങ്ങളും കിറുകൃത്യം ആയിട്ടാണ് അച്ഛനും അമ്മയും അതിൽ രജിസ്റ്റർ ചെയ്തത് …

ജാ തിയും മ തവും എല്ലാം വിശദമായി കൊടുത്തിട്ടുണ്ട്… ഒരക്ഷരംകൂടി മാറിയിട്ടില്ല… അത്ര ശ്രദ്ധേയാ….

വീടിന്റെ ടെറസിൽ ആണ് ഞങ്ങൾ സംസാരിക്കാൻ നിന്നത്….. ആദ്യം തന്നെ പയ്യൻ അറിയാതെ ഞാൻ പയ്യനെ അടിമുടി ഒന്നുവീക്ഷിച്ചു…

ചിലപ്പോൾ ഞാനങ്ങനെ നോക്കുന്നത് അയാൾ ശ്രദ്ധിച്ചിട്ടുണ്ടാകും… എനിക്കറിയില്ല….. എന്റെ കാഴ്ചയിൽ പയ്യൻ കാണാൻ സുന്ദരനാണ്…….

” ജോലിയൊക്കെ എങ്ങനെ പോകുന്നു….. ” ഹരീഷ് തന്നെ ആദ്യം സംസാരം തുടങ്ങി വെച്ചു……

“കുഴപ്പമൊന്നുമില്ല…. നല്ല രീതിയിൽ പോകുന്നു”….. ഞാൻ മറുപടി പറഞ്ഞു …..

“അമൃതക്ക് എന്നെ ഇഷ്ടമായോ…. ” തെല്ലു നാണത്തോടെ പുഞ്ചിരിയോടെ അയാൾ എന്നോട് ചോദിച്ചു….

“കാഴ്ചയിൽ എനിക്കിഷ്ടമായി…… പക്ഷെ ”

“എന്താ…, ” അയാൾ സംശയത്തോടെ എന്നെ ഉറ്റുനോക്കി…..

“എന്നെ ഇഷ്ടമായോ…. “…. ഉത്തരത്തിന് പകരമായി ഞാൻ ഒരു മറുചോദ്യമാണ് ഹരീഷിനോട് ചോദിച്ചത് ….

“എനിക്കും കാഴ്ചയിൽ ഇഷ്ടമായി……. ” അയാൾ പറഞ്ഞു….

“എനിക്കും അങ്ങനെതന്നെ ആണ്……. പക്ഷെ അതുമാത്രം പോരല്ലോ….
നമുക്ക് നോക്കാം ഇപ്പൊ ഉള്ള ഇഷ്ടം നമ്മൾ സംസാരിച്ചു തീർന്നുകഴിഞ്ഞും കാണുമോ എന്ന്….. ”

ഞാൻ ഒരു ചെറുപുഞ്ചിരിയോടെ ഹരീഷിനോട് പറഞ്ഞു…..

ഞാൻ പറഞ്ഞതും മനസിലാവാത്ത രീതിയിലെന്നപോലെ അവൻ എന്നെ നോക്കി…….

“അപ്പൊ താൻ പറയുന്നത് നമ്മൾ സംസാരിച്ചു തീർന്നു കഴിയുമ്പോൾ നമ്മുടെ ഇഷ്ടം മാറാമെന്നാണോ…… അത്ര വല്യ എന്തുകാര്യമാ അമൃത ഇപ്പൊ സംസാരിക്കാൻ പോകുന്നത്.. ”

കളിമട്ടിൽ എന്ന രീതിയിൽ അവൻ ചോദിച്ചു…..

“അല്ല, ഞാൻ പറഞ്ഞതാണ്.. ചിലപ്പോൾ നമ്മൾ സംസാരിച്ചു കഴിയുമ്പോൾ നമ്മുടെ സങ്കല്പങ്ങൾ തമ്മിൽ നല്ല വ്യത്യാസം ഉണ്ടെങ്കിലോ…..

എല്ലാവർക്കും അവരുടേതായ ജീവിത സങ്കൽപ്പങ്ങൾ ഉണ്ടാകുമല്ലോ….. അത് ചേർന്ന് വന്നില്ലെങ്കിൽ
ചിലപ്പോൾ ഇപ്പോ തോന്നിയ ഇഷ്ടം ഒക്കെ മാറിയേക്കാം…. ” ഞാനും വീട്ടുകൊടുത്തില്ല.

“എന്ന പിന്നെ തന്റെ സങ്കല്പങ്ങൾ എന്തൊക്കെയാണെന്ന് കേൾക്കട്ടെ…..” ഹരീഷ് തമാശമട്ടിൽ പിന്നെയും പറഞ്ഞു…..

“ഹരീഷിന് അങ്ങനെ പ്രത്യേകിച്ച് സങ്കല്പങ്ങൾ ഒന്നുമില്ലേ
കല്യാണജീവിതത്തെ കുറിച്ച്……” ഞാൻ ആകാംക്ഷയോടെ അവന്റെ മറുപടി അറിയുവാനായി ചോദിച്ചു…….

” ഇതെന്താ ചോദ്യങ്ങൾക്കൊക്കെ മറുചോദ്യം ആണോ ഉത്തരം… ആ…. പറയാം… എന്റെ സങ്കൽപത്തെപറ്റി പറയുകയാണെങ്കിൽ എന്റെ പാർട്ണർ എന്നിക്കു നല്ലൊരു കൂട്ടായിരിക്കണം…

എന്റെ ഉത്തരവാദിത്വങ്ങൾ ഷെയർ ചെയ്യാൻ പറ്റുന്ന ഒരാൾ അയ്യിരിക്കണം…

പിന്നെ എന്റെ അച്ഛനും അമ്മയ്ക്കും നല്ലൊരു കൂട്ടായിരിക്കണം….. അവരെ നന്നായി നോക്കണം….. അങ്ങനെ എല്ലാവരെയുമൊക്കെ പോലെ തന്നെയാണ് എന്റെ സങ്കല്പവും…”….

ഞാൻ ഹരീഷിനെ തന്നെ നോക്കി കുറച്ചുനേരം അങ്ങനെനിന്നു……

“താൻ എന്താ ഇങ്ങനെ നോക്കി നില്കുന്നത്…. സ്വപ്നം കാണുവാണോ….. ”

“ഏയ്യ്….., അല്ല, ഞാൻ ഇയ്യാൾ പറയുന്നത് ശ്രദ്ധിക്കുകയായിരുന്നു….”

“എന്ന ഇനി തന്റെ സങ്കല്പങ്ങൾ എന്തൊക്കെയാണെന്ന് കേൾക്കട്ടെ… എന്നിട്ട് വേണമല്ലോ തന്നെ ഇഷ്ടപ്പെടണോ അതോ വേണ്ടയോ എന്ന് തീരുമാനിക്കാൻ… “…. ഹരീഷ് തമാശ രീതിയിൽ പറഞ്ഞു നിർത്തി….

“അല്ല, ഇനി എന്നെ ഒഴിവാക്കാൻ നോക്കുന്നതാണോ…. വേറെ ആരെയെങ്കിലും ഇഷ്ടമാണോ തനിക്ക്.. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞോ…… ”

ഇതു ചോദിക്കുമ്പോൾ കുറച്ചു ഗൗരവം ഹരീഷിന്റെ മുഖത്ത് വന്നതായി എന്നിക്ക് തോന്നി…… ആളു സീരിയസ് ആയി തന്നെ ചോദിച്ചതാണ്…..

“അങ്ങനെ ഒന്നുമില്ല….. അങ്ങനെയാണെങ്കിൽ ഇപ്പൊ ഇങ്ങനെ ഒരു ചടങ്ങ് ഇവിടെ നടക്കേണ്ട ആവശ്യം ഇല്ലായിരുന്നു….. ” ഞാൻ മുഖത്തെ ചിരി മാറ്റാതെ തന്നെ പറഞ്ഞു…..

“അല്ല… ഞാൻ വിചാരിച്ചു ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ ഒഴിഞ്ഞു പോയേക്കാമെന്ന്……. ആ.. അത്പോട്ടെ, തന്റെ സങ്കല്പങ്ങളെപറ്റി പറ…… “ഹരീഷ് അക്ഷമനായി പറഞ്ഞു…

” പറയാം…….., എന്റെ സങ്കല്പം എന്താണെന്നുവെച്ചാൽ, ഇപ്പോൾ ഞാനും ഹരീഷും കല്യാണം കഴിക്കുകയാണെങ്കിൽ ഞാനും താനും മാത്രമായി ഒരു വീട്ടിൽ താമസിക്കാൻ ആണ് എനിക്കിഷ്ടം…

വേറെ ആരും നമ്മുടെ കൂടെ ഉള്ളതിനോട് എന്നിക്ക് താല്പര്യം ഇല്ല….. ഹരീഷിനു ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായോ……..”

“എന്നു വെച്ചാൽ… ” ഹരീഷ് ഒന്ന് പരുങ്ങി….

“എന്നുവെച്ചാൽ നമ്മൾ മാത്രമായി താമസിക്കുമെന്ന്… “.. ഞാൻ വീണ്ടും പറഞ്ഞതാവർത്തിച്ചു…

കുറച്ചുനേരത്തേക്ക് ഞങ്ങൾക്കിടയിൽ നിശ്ശബ്ദത തളം കെട്ടി നിന്നു…..

“അല്ല.., അങ്ങനെ പറഞ്ഞാൽ, എന്റെ അച്ഛനും അമ്മയും കൂടെ വേണ്ടേ.. അവരെ നോക്കാൻ ഞാൻ മാത്രമേയുള്ളൂ……”……ഹരീഷ് കുറച്ചു വെപ്രാളത്തോടെ പറഞ്ഞു….

“എന്റെയും അച്ഛനും അമ്മയ്ക്കും ഞാൻ മാത്രമേ ഉള്ളു….. പക്ഷെ ഞാൻ അവരിൽ നിന്നു മാറി താമസിക്കുക അല്ലേ കല്യാണത്തിനു ശേഷം…..”

“എന്നാലും,….. അങ്ങനെയാണോ ഇത്…. നമ്മുടെ നാട്ടുനടപ്പ് അനുസരിച്ചു സാദാരണ ഇങ്ങനെ അല്ലേ…. “ഹരീഷ് പറഞ്ഞു…

“ഞാൻ നാടുനടപ്പിന്നെ പറ്റി പറഞ്ഞതല്ല….. എന്റെ താല്പര്യം അങ്ങനെയാണ്….. അച്ഛനും അമ്മയിൽനിന്നും മാറി താമസിക്കുകയെന്നുവെച്ചാൽ അവരെ ഉപേക്ഷിക്കുകയാണെന്നാണോ അർത്ഥം…….

ഹരിഷ് ടെൻഷൻ ആവണ്ട…ഞാൻ ഒരിക്കലും ഒന്നും ആരെയും കൊണ്ട് നിർബന്ധിച്ച് ചെയ്യിപ്പിക്കുവാൻ ആഗ്രഹിക്കുന്നില്ല……

ഞാൻ ആദ്യമേ പറഞ്ഞതല്ലേ സംസാരിച്ച തീരാറാകുമ്പോൾ ചിലപ്പോൾ ആദ്യം തോന്നിയ ഇഷ്ടം ഒക്കെ കുറഞ്ഞു വരാൻ സാധ്യതയുണ്ടെന്ന്…….”

“അതുപിന്നെ……., എന്നിക്ക് അവരെ പിരിയാൻ കഴിയില്ല……. ”

“അപ്പൊ പിന്നെ ഈ ആലോചന മുന്നോട്ട് കൊണ്ടുപോകുന്നതിൽ
അർത്ഥമില്ലെന്നാണ് എനിക്ക് തോന്നുന്നത്…”ഞാൻ പറഞ്ഞു നിർത്തി…..

“എന്നാലും…., അച്ഛനും അമ്മയും കൂടെ ഉള്ളത് നല്ലതല്ലേ….. ഇങ്ങനെ ഒരാഗ്രഹം…. ഇത് മാറ്റിക്കൂടെ….. ” ഹരീഷ് ശാന്തമായി എന്നോട് ചോദിച്ചു…….

” എനിക്കങ്ങനെ ജീവിക്കാനാണ് ഇഷ്ടം….. ഇതിപ്പോ, ഞാനെന്റെ വീട്ടുകാരോട് ഈ ആഗ്രഹത്തെപറ്റി പറഞ്ഞാലും അവർ ഇതൊന്നും അംഗീകരിക്കാൻ പോകുന്നില്ല…

ഈ ആഗ്രഹം മാറ്റാൻ തന്നെയേ അവരും പറയുകയുള്ളൂ……പക്ഷെ എനിക്കതിനു കഴിയില്ല… ” ഞാനുറപ്പിച്ചു പറഞ്ഞു….

” എന്നിക്ക് ഇതിനോട് യോജിക്കാൻ പറ്റില്ല….. ” ഹരീഷ് തീർത്തുപറഞ്ഞു….

“അപ്പൊ ഇഷ്ടം ഒക്കെ പോയോ… ഞാൻ പറഞ്ഞതല്ലേ സങ്കല്പങ്ങൾക്ക് തമ്മിൽ വ്യത്യാസം ഉണ്ടെങ്കിൽ ഇങ്ങനെയൊക്കെ ആകുമെന്ന്……. ഒരുമിച്ച് ജീവിക്കുമ്പോൾ അതൊക്കെ നോക്കണ്ടത് അത്യാവശ്യമല്ലേ….”

“ഇത് ഇഷ്ടത്തിന്റെ കാര്യമല്ല…. എന്നിക്ക് താൻ പറഞ്ഞത് അംഗീകരിക്കാൻ പറ്റില്ല…… ഞാൻ മാത്രമല്ല, ഒരു പയ്യന്മാരും ഈ സങ്കല്പം അംഗീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല…

തന്നെ പെണ്ണുകാണാൻ വരുന്നവരൊക്കെ ഇത് അംഗീകരിച്ചില്ലെങ്കിലോ….. അപ്പൊ കല്യാണമേ വേണ്ടെന്നുവെക്കുമോ…..” സീരിയസ് ആയിട്ട് തന്നെയാണ് ഹരീഷ് ചോദിച്ചത്…….

“അങ്ങനെ അടച്ചുപറയണ്ട…… എന്റെ സങ്കൽപ്പവുമായി ഒത്തുപോകുന്ന ആളുകളും ഉണ്ടായിരിക്കും…. അവർ ഒരുപക്ഷേ എണ്ണത്തിൽ കുറവായിരിക്കും..

പിന്നെ ഇനി അങ്ങനെ ആരും വന്നില്ലെങ്കിലത്തെ അവസ്ഥ…

അതു സാരമില്ല… എന്റെ കാര്യമല്ലേ, അത് ഞാൻ എന്താണെന്നുവെച്ചാൽ നോക്കിക്കൊള്ളാം…” ഞാൻ ആത്മവിശ്വാസത്തോടെ പറഞ്ഞുനിർത്തി….

ഹരീഷ് കുറച്ചുനേരത്തേക്കൊന്നും സംസാരിച്ചില്ല…..

“എന്ന പിന്നെ ഞാൻ പോട്ടെ…… തന്റെ സങ്കൽപങ്ങൾ ആയി ചേർന്നുപോകുന്ന ഒരാളെ കിട്ടട്ടെ എന്ന് ഞാൻ ആശംസിക്കുന്നു…..”

“ആയിക്കോട്ടെ…. ഹരീഷിനും മനസിന്‌ പറ്റിയ ഒരാളെ കിട്ടാൻ ഞാൻ ആശംസിക്കുന്നു..”

ഇത്രയും പറഞ്ഞു ഞങ്ങൾ താഴേക്ക് നടക്കുവാനായി ഒരുങ്ങി……

“ഇതിപ്പോ എത്രാമത്തെ ചെക്കൻ കാണലാണ് “… ഹരീഷ് എന്നോട് നടക്കുന്നതിന് ഇടയിൽ ചോദിച്ചു……

“കുറയെ ആയി… ” ഞാൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു..

“അവരോടും ഇത് തന്നെയാവും പറഞ്ഞിട്ടുണ്ടാവുക, അല്ലേ….. ” വീണ്ടും അവൻ എടുത്തു ചോദിച്ചു…

“അല്ലാതെ പിന്നെ “…..ഞാൻ പറഞ്ഞു…

” തന്നെ ഇഷ്ടപ്പെടാത്തതിന്റെ കാരണമായി താൻ പറഞ്ഞ കാര്യങ്ങൾ തന്നെ ഞാൻ എല്ലാവരോടും പറഞ്ഞോട്ടെ…”

ഹരീഷിന്റെ ഈ ചോദ്യത്തിന് മറുപടിയായി ഞാൻ ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളൂ……

ഹരീഷും വീട്ടുകാരും പോയിക്കഴിഞ്ഞപ്പോൾ
അച്ഛനും അമ്മയും എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് അകത്തേക്ക് കയറിപ്പോയി…..ഞാൻ അവരെ നോക്കി എപ്പോഴത്തെയും പോലെ ചിരിച്ചു……

“ഞാൻ പറഞ്ഞതല്ലേ അവർ തമ്മിൽ സംസാരിക്കണ്ട എന്ന്… മുമ്പ് ഇതുപോലെ അനുഭവങ്ങൾ ഉണ്ടായിരുന്നതല്ലേ…

എന്നിട്ടും…. ഇപ്പൊ കണ്ടില്ലേ അവൾ ഇതും മുടക്കി…. അവളുടെ നശിച്ച ഒരു സങ്കല്പം… ഇതിപ്പോ എത്രാമത്തെ ആലോചനായ ഇങ്ങനെ പോണത്… ”

“അതിപ്പോ ഞാനെന്തു ചെയ്യാനാണ്…. പണ്ടത്തെകാലമൊന്നുമല്ലല്ലോ…. ചെറുക്കനും പെണ്ണും പരസ്പരം സംസാരിക്കണമെന്നുള്ളതൊക്കെ ഇപ്പൊ പതിവാണ്…. ഞാൻ അത് എങ്ങനെ വേണ്ടെന്നു പറയും……”

അച്ഛന്റെയും അമ്മയുടെയും അകത്തുനിന്നുള്ള സംസാരമാണ് ഇതൊക്ക….

മുറ്റത്തുനിന്ന് ഞാൻ പതിയെ വീടിനകത്തേക്ക് കയറി… എന്തോ എന്നിക്ക് ഇതിപ്പോ ശീലമാണ്….

Leave a Reply

Your email address will not be published. Required fields are marked *