മരിച്ചു പോയ അമ്മയ്ക്ക് പകരമായി അച്ഛന്റെ പിന്നിൽ നാണിച്ചു നിലവിളക്കും പിടിച്ചു..

(രചന: Bhadra Madhavan)

ചേട്ടാ… ഒരു കിനാശേരി.. കണ്ടക്ടർക്ക് നേരെ ഇരുപതുരൂപ നീട്ടി അതിനുള്ള ടിക്കറ്റും വാങ്ങി ഒഴിഞ്ഞൊരു സീറ്റിലേക്ക് അവൻ അമർന്നിരുന്നു…

ബസിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു… ജനൽ കമ്പിയിലേക്ക് കൈകളൂന്നി അവൻ പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്നു

തെരുവുകളെല്ലാം തിങ്ങി നിറഞ്ഞിരിക്കുന്നു… പല വർണങ്ങളിൽ വസ്ത്രം ധരിച്ച സ്ത്രീകളും കുട്ടികളും പൂമ്പാറ്റകളെ പോലെ പാറി നടക്കുന്നത് കണ്ടപ്പോൾ അവന്റെ ഉള്ളിലൊരു ചിരി മിന്നി….

നാളെ വിഷുവാണ്…. അതാണ് ഇന്ന് ഇത്ര തിരക്ക്…. പുതിയ കോടി എടുക്കാനും പൂത്തിരിയും പടക്കങ്ങളും പച്ചക്കറികളും വാങ്ങാനുമൊക്കെയായി ആളുകളുടെ ബഹളമാണ്

അവൻ ഉള്ളിൽ തിങ്ങി വന്നൊരു സന്തോഷത്തോടെ ഷർട്ടിന്റെ പോക്കറ്റിലൊന്നു കൈ വെച്ചു…. തനിക്ക് നല്ലൊരു ജോലി കിട്ടിയതിനു ശേഷമുള്ള ആദ്യത്തെ വിഷുവാണ്…അവൻ പോക്കറ്റ് വിടർത്തി ഒന്നൂടെ നോക്കി…

ഉണ്ട് അവിടെ തന്നെയുണ്ട്….തന്റെ ഒരു മാസത്തെ കഷ്ടപ്പാടിന്റെ ഫലം… പതിനായിരം രൂപ…

ബസ് സ്റ്റോപ്പിൽ ബസ് ഇറങ്ങിയ ശേഷം അവൻ അടുത്തുള്ള തുണികടയിലേക്ക് നടന്നു….

നല്ലൊരു കസവു സാരി വേണം…

കടയിൽ എടുത്തു കൊടുക്കാൻ നിന്നിരുന്ന പെൺകുട്ടിയോട് അവൻ പറഞ്ഞു

അവൾ തനിക്ക് മുന്നിലായി വിരിച്ചിട്ട തിളങ്ങുന്ന സാരികളിൽ നിന്നും വീതിയുള്ള ഒരു കസവുസാരി അവൻ എടുത്തു അവൾക്ക് നേരെ നീട്ടി

ഇതിനു എത്ര രൂപയാവും??

650ആവും

ആം അതെടുത്തോളൂ

വേറെ എന്തെങ്കിലും???

സെയിൽസ് ഗേൾ അവന്റെ നേരെ പുരികമുയർത്തി

ങ്ങാ…. ഒരു വെള്ള ഡബിൾ മുണ്ട്…. പന്ത്രണ്ടുവയസുള്ള പെൺകുട്ടിക്ക് ഒരു ഉടുപ്പ്… ഒരു ഏഴ് വയസ്കാരനുള്ള ഒരു ജോഡി നിക്കറും ഷർട്ടും

എല്ലാം കൂടി മൂവായിരം രൂപ… അവൻ ബില്ലിലേക്കൊന്നു നോക്കി…

കുഴപ്പമില്ല… എന്തിനാ ഇപ്പൊ കുറയ്ക്കണേ… കയ്യിൽ പൈസയുണ്ടല്ലോ… നല്ലത് തന്നെ ഇരുന്നോട്ടെ…

അവൻ പോക്കറ്റിൽ നിന്നും പൈസയെടുത്തു കൊടുത്ത ശേഷം കവറുകളുമായി മുന്നോട്ട് നടന്നു….

പിന്നെ എന്തോ ഓർമ വന്ന പോലെ നിന്നു…. പതിയെ പടക്കങ്ങൾ വിൽക്കുന്ന കടയിലേക്ക് നടന്നു…. ഒരു കവർ നിറയെ മത്താപൂക്കളും കമ്പിതിരിയും വാങ്ങി

ഇനിയെന്തെങ്കിലും വാങ്ങാനുണ്ടോ അവനൊന്നു ആലോചിച്ചു…

ഇല്ല…. പച്ചക്കറിയൊക്കെ നാളെ രാവിലെ തന്നെ വാങ്ങാം…. ഇന്നിപ്പോ ഇത്രയും മതി…

രണ്ട് കൈകളിലും കവറുകളുമായി അവൻ മുന്നോട്ട് നടന്നു

ഇതെല്ലാം കൊണ്ട് ചെല്ലുമ്പോൾ എളേമയ്ക്കും പിള്ളേർക്കും ഭയങ്കര സന്തോഷമായിരിക്കും….

അപ്പുറത്തെ വീട്ടിലെ പിള്ളേരൊക്കെ ഇന്നലെ പടക്കം പൊട്ടിക്കുന്നത് വാടിയ മുഖത്തോടെ നോക്കി നിന്ന അപ്പുവിനെയും അമ്മുവിനെയും അവന് ഓർമ വന്നു

ഇനി വല്ലവന്റെയും വീട്ടിലേക്ക് എത്തി നോക്കേണ്ടേ കാര്യമില്ലല്ലോ… ഈ വാങ്ങിയവയെല്ലാം അവർക്ക് മാത്രമുള്ളതാണ്… അവരുടെ മുഖത്തെ സന്തോഷം കാണാനുള്ളതാണ്

അവൻ വീട്ടിൽ ചെന്ന് കേറുമ്പോൾ സമയം ഇരുട്ടിയിരുന്നു…. തിണ്ണയിലേക്ക് കേറിയപ്പോഴേ അവന്റെ മൂക്കിലേക്ക് മദ്യത്തിന്റെ മണം തുളച്ചു കയറി…

തറയിൽ കമിഴ്ന്നു കിടന്നു പിറുപിറുക്കുന്ന അച്ഛനെ നോക്കി ഒരു നെടുവീർപ്പോടെ അവൻ അകത്തേക്ക് നടന്നു….

കയിലിരുന്ന കവറുകൾ മേശപുറത്തേക്ക് വെച്ചു കൊണ്ട് അവൻ അടുക്കളയിലേക്ക് എത്തി നോക്കി…. അടുക്കളചുമരിന്റെ മറവിൽ നിന്നും രണ്ട് കുഞ്ഞികണ്ണുകൾ തന്നെ നോക്കുന്നതവൻ കണ്ടു….

അവൻ കൈ നീട്ടി വിളിച്ചതും നാണത്തോടെ ആ കുഞ്ഞിക്കണ്ണുകളുടെ ഉടമയായ അപ്പു അവന്റെ അടുത്തേക്ക് നടന്നു….

താൻ വാങ്ങിയ കവറുകളിൽ ഒന്ന് അവൻ അപ്പുവിന്റെ കൈകളിൽ വെച്ചു കൊടുത്തു….

അപ്പുനുള്ള പുതിയ ഉടുപ്പാ….അവൻ അപ്പുവിന്റെ തലയിൽ തഴുകി

അപ്പുവിന്റെ മുഖം തെളിഞ്ഞു….

ഹാളിലേക്ക് വന്ന അമ്മുവിനെയും അടുത്ത് വിളിച്ചു അവൻ കോടി കൊടുത്തു…

ഇഷ്ട്ടായോ രണ്ടാൾക്കും??

ആം… കുട്ടികൾ ചിരിയോടെ തല കുലുക്കി

ചെല്ല്… ചെന്ന് ഉടുപ്പ് അമ്മയെ കാണിച്ചിട്ടു വാ…. എന്നിട്ട് നമുക്ക് കമ്പിതിരിയൊക്കെ കത്തിക്കാം…

കുട്ടികൾ ഉത്സാഹത്തോടെ അടുക്കളയിലേക്കോടി

അവൻ പുഞ്ചിരിയോടെ മേശ പുറത്തിരുന്ന ജഗിൽ നിന്നും വെള്ളമെടുത്തു കുടിച്ചു

പെട്ടന്ന് അവനെ ഞെട്ടിച്ചു കൊണ്ട് വലിയ ഒച്ചയോടെ ഹാളിലേക്ക് എന്തോ വന്നു വീണു

അവൻ ഞെട്ടി വിറച്ചു ശബ്ദം കേട്ടിടത്തേക്ക് നോക്കിയതും അവന്റെ നെഞ്ച് പൊള്ളി

കുറച്ചു മുൻപ് താൻ അപ്പുവിനെയും അപ്പുവിനെയും ഏല്പിച്ച കവറുകളാണ് ചിതറി തെറിച്ചു കിടക്കുന്നത്

അവൻ അടുക്കളഭാഗത്തേക്ക്‌ നോക്കിയതും തീ പാറുന്ന കണ്ണുകളോടെ അവനെ നോക്കി പല്ലിറുമ്മുകയാണ് എളേമ

നീ ആരാടാ എന്റെ കുഞ്ഞുങ്ങൾക്ക് ഉടുപ്പ് വാങ്ങി കൊടുക്കാൻ??ഞാൻ പറഞ്ഞോ നിന്നോട് അവർക്ക് ഉടുപ്പ് വാങ്ങികൊടുക്കാൻ…. അവർ അവന് നേരെ ചീറി

അത് എളേമേ… വിഷു ആയോണ്ട്…. ശബളം കിട്ടിയപ്പോൾ എല്ലാർക്കും വാങ്ങിയതാ…. ആ ഇരുപത്തിരണ്ട് വയസിലും എളേമേയുടെ മുഖത്ത് നോക്കി സംസാരിക്കുമ്പോൾ അവന് വിറയല് വന്നു

ഓ… അവന്റെയൊരു കിമ്പളം…. പറച്ചില് കേട്ടാൽ തോന്നും ഏതോ വലിയ കമ്പനിലെ മാനേജർ ആണെന്ന്….

വല്ലവന്റെയും എച്ചില് പാത്രം കഴുകുന്ന പണിയല്ലേടാ നാണം കെട്ടവനെ നിനക്ക്…. എളേമ പുച്ഛത്തോടെ അവനെ നോക്കി

അവന്റെ കണ്ണ് കലങ്ങി….അവൻ ഉള്ളിലെ വിങ്ങൽ മറച്ചു പിടിച്ചു കവറുകൾ വാരിയെടുത്തു

എടാ അപ്പു പോയി തുണി മാറ്…. മാമനിപ്പോ വരും നമുക്ക് അമ്മവീട്ടിൽ പൂവാ… അവന്റെ എളേമ മകനോട് പറഞ്ഞു കൊണ്ട് ഒന്നൂടെ പുച്ഛത്തോടെ അവനെ നോക്കികൊണ്ട് അകത്തേക്ക് പോയി

നെഞ്ചിൽ ഉരുണ്ടു കൂടുന്ന സങ്കടം ഒരു കുഞ്ഞുമാരി കണക്കെ അവന്റെ കണ്ണിലൂടെ ചാലിട്ടൊഴുകി…

വസ്ത്രം മാറി മക്കളെയും കൊണ്ട് പുറത്തേക്ക് പോവുന്ന എളേമയുടെ മുൻപിലേക്കവൻ കേറി നിന്നു

പോവല്ലേ എളേമേ… നല്ലൊരു ദിവസം ആയിട്ട് നമുക്ക് എല്ലാർക്കും ഇവിടെ നിന്നുടെ…അവന്റെ സ്വരത്തിൽ ദയനിയത നിറഞ്ഞിരുന്നു

വഴീന്ന് മാറെഡാ ചെക്കാ… ദേ തിണ്ണയിൽ നിന്റെ തന്തപടി കിറുങ്ങി കിടപ്പുണ്ട്…. തന്തേം മോനും കൂടിയങ്ങു വിഷു ആഘോഷിച്ചേച്ചാൽ മതി…

ദേഷ്യത്തോടെ കുട്ടികളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവർ മുറ്റത്തു വന്ന ഓട്ടോയിൽ കേറിപോയി

അവൻ ഇടറുന്ന കാലടികളോടെ തിണ്ണയിലേക്കിറങ്ങി പടികെട്ടിൽ ഇരുന്നു….

ആ ഇരുപ്പിൽ അവൻ വീണു കിടക്കുന്ന അച്ഛനെ പാളി നോക്കി….സ്വന്തം ഛർദിയിൽ തന്നെ മുഖമർത്തി ഉടുതുണിയില്ലാതെ കിടക്കുന്ന അച്ഛനെ കണ്ടപ്പോൾ അവന് സങ്കടം ഇരട്ടിച്ചു….

അവൻ നോട്ടം പുറത്തെ ഇരുളിലേക്ക് മാറ്റി

എളേമ ഇങ്ങനെ ഒന്നും ആയിരുന്നില്ല… തനിക്ക് പത്തു വയസുള്ളപ്പോൾ…

മരിച്ചു പോയ അമ്മയ്ക്ക് പകരമായി അച്ഛന്റെ പിന്നിൽ നാണിച്ചു നിലവിളക്കും പിടിച്ചു തങ്ങളുടെ വീട്ടിലേക്കും ജീവിതത്തിലേക്കും കയറി വന്നവളാണ് എളേമ…. അന്ന് അച്ഛൻ പറഞ്ഞു… ഇനി ഇതാണ് നിന്റെ അമ്മയെന്ന്….

അമ്മയെ പോലെ തന്നെയാണ് തന്നെ നോക്കിയതും… പിന്നീട് എപ്പോളോ വെറുപ്പായി തന്നോട്…. ദിവസം ചെല്ലും തോറും ആ വെറുപ്പങ്ങനെ കൂടി വന്നു….

ഒരു കാരണവുമില്ലാതെ തല്ലും വഴക്കും തുടങ്ങി… ഓരോരോ നുണകൾ പറഞ്ഞു കൊടുത്തു അച്ഛനെ കൊണ്ട് തന്നെ തല്ലിച്ചു…പട്ടിണിക്ക് ഇട്ടു… നാട് നീളെ തന്റെ കുറ്റം പറഞ്ഞു നടന്നു

വെറുതെയിരുന്നു തിന്നു സുഖിക്കണ്ടാന്ന് പറഞ്ഞു പത്തു കഴിഞ്ഞപ്പോൾ മുതൽ ഓരോരോ പണിക്ക് പറഞ്ഞു വിട്ടു… എന്നിട്ടോ കിട്ടുന്ന പൈസ ഒരു രൂപ പോലും ബാക്കി വെയ്ക്കാതെ പിടിച്ചു പറിച്ചോണ്ട് പോവുകയും ചെയ്യും….

പിന്നീട് ഗതി കെട്ടിട്ടാണ് പൈസ താൻ കൊടുക്കാതെ ആയത്….

അതോടെ ദേഷ്യവും വെറുപ്പും കൂടി…. ജോലി കഴിഞ്ഞു വന്നു കഴിക്കാൻ നോക്കുമ്പോൾ ചോറിൽ വെള്ളം ഒഴിച്ചിടുക, കറികൾ തീർത്തു വെയ്ക്കുക അങ്ങനെ എന്തെല്ലാം….

നിസാരകൂലിക്ക് പണിക്ക് പോയി മടുത്തപ്പോഴാണ് ഒരു കൂട്ടുകാരൻ വഴി ടൗണിലെ ഹോട്ടലിൽ സപ്ലൈറുടെ ജോലിക്ക് കേറിയത്….

അതാവുമ്പോൾ നല്ല പോലെ കഷ്ടപ്പെട്ടാലും അതിനുള്ള ഫലം കിട്ടുമെന്ന് ഉറപ്പായിരുന്നു… പിന്നെ രണ്ട് നേരം വയർ നിറയെ ഭക്ഷണവും….

അതിനും കളിയാക്കലുകൾ താൻ കേട്ടു…. വല്ലവന്റെയും എച്ചില് പെറുക്കലാണ് പണിയെന്നും അവനോട് ഒന്നും വാങ്ങരുതെന്നും എളേമ കുട്ടികളോട് പറയുന്നത് എത്ര തവണ താൻ കേട്ടിരിക്കുന്നു

എല്ലാം കേട്ട് സഹിച്ചു നിന്നിട്ടേയുള്ളു… കാരണം ഈ ലോകത്ത് ഇവർ അല്ലാതെ തനിക്ക് ആരുമില്ല…. വേറെ കേറി ചെല്ലാൻ ഒരിടമില്ല…

അവൻ നിറഞ്ഞ കണ്ണും മുഖവും അമർത്തി തുടച്ചു…. ഇടയ്ക്കുള്ള അച്ഛന്റെ പിറുപിറുക്കലുകൾ മാറ്റി നിർത്തിയാൽ ആ വീട്ടിൽ വല്ലാത്തൊരു നിശബ്ദത നിറഞ്ഞു നിന്നു… അവനവിടെ ഇരുന്നു വീർപ്പുമുട്ടി

മെല്ലെ എഴുന്നേറ്റു മുണ്ട് കുടഞ്ഞെടുത്തു അവൻ ഇടവഴിയിലേക്ക് ഇറങ്ങി നടന്നു….

നാടെങ്ങും വിഷു ആഷോഷത്തിൽ ആണെന്ന് ഇടയ്ക്ക് കേൾക്കുന്ന പടക്കങ്ങളുടെ ശബ്ദവും വെളിച്ചവും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു….

അവന് വല്ലാത്ത ദാഹം അനുഭവപ്പെട്ടു… താൻ വീട്ടിൽ നിന്നും നടന്നു ഒരുപാട് ദൂരെ എത്തിയതും വഴി തെറ്റിയതും അപ്പോൾ മാത്രമാണ് അവനറിയുന്നത്….

അടുത്ത് കണ്ടൊരു ചെറിയ വീട്ടിലേക്ക് അവൻ നടന്നു….

ആ വീടിന്റെ ഉമ്മറത്ത് നിലവിളക്ക് കത്തുന്നുണ്ടായിരുന്നു…. ആ വിളക്കിന്റെ മഞ്ഞപ്രഭയിൽ ആരോ പതിയെ നടന്നു വരുന്നതവൻ കണ്ടു

ആരാ??

മുണ്ടും ബ്ലൗസും ധരിച്ചു മുടിയെല്ലാം നരച്ചോരമ്മ അവനോട് ചോദിച്ചു

ഞാൻ….. അത് പിന്നെ…. എനിക്കിച്ചിരി വെള്ളം വേണം… അവൻ നിന്നു വിക്കി

വാ ഇവിടെ കേറിയിരിക്ക്…. ആ അമ്മ അവനെ നോക്കി ഉമ്മറത്ത് കിടന്ന വള്ളികസേരയിലേക്ക് വിരൽ ചൂണ്ടി…..

മടിച്ചു നിന്ന അവനെ നോക്കി ഒരു ചിരിയോടെ അവർ അകത്തേക്ക് പോയി…. അല്പസമയം കഴിഞ്ഞപ്പോൾ വെള്ളമെത്തി…. പക്ഷെ വെള്ളം കൊണ്ട് വന്നത് ആദ്യം കണ്ട അമ്മയായിരുന്നില്ല… പഞ്ഞി പോലെ മീശയും താടിയും നരച്ചൊരു വൃദ്ധൻ

കുടിച്ചോ…. ആ വൃദ്ധൻ അവന്റെ തോളിൽ തട്ടി

ഭാർഗവി….. വിളക്ക് കെടുത്താറായില്ലേ… അയാൾ അകത്തേക്ക് വിളിച്ചു ചോദിച്ചു

ആദ്യം കണ്ട വൃദ്ധ നടന്നു വന്നു വിളക്ക് അണച്ചു കൊണ്ട് അതുമായി അകത്തേക്ക് നടന്നു….

മോൻ ഏതാ എവിടുന്നാ…?

അവന് ഉത്തരം മുട്ടി… തൊണ്ടയിലൊരു കരച്ചിൽ വന്നു കുടുങ്ങി…

എന്തിനെന്നറിയാതെ അവൻ ആ വൃദ്ധന്റെ ചുള്ങ്ങിയ കൈകളിൽ കൂട്ടി പിടിച്ചു പൊട്ടി കരഞ്ഞു

ആദ്യമൊന്നു പകച്ച അയാൾ പിന്നെ അവന്റെ തോളിൽ പതിയെ തലോടി

കരയാതെ കാര്യം പറ…

വർഷങ്ങളായി തന്റെ ഉള്ളിൽ അടിഞ്ഞു കൂടിയിരുന്ന സങ്കടങ്ങളെ, വേദനകളെ, അവൻ അയാൾക്ക് മുൻപിൽ കരഞ്ഞു പറഞ്ഞു…

നീ എന്തെങ്കിലും കഴിച്ചായിരുന്നോ??

ഇല്ല… അവന്റെ തൊണ്ടയിടറി

എന്നാ വാ… ഞങ്ങള് സന്ധ്യ ആവുമ്പോഴേ രാത്രിക്കുള്ളത് കഴിക്കും

ഉള്ളിൽ കാളി കത്തുന്ന വിശപ്പ് കൊണ്ട് അവനും അറിയാതെ അകത്തേക്ക് നടന്നു

അവർക്കൊപ്പം ഇരുന്നു ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ അവൻ അവരോട് യാത്ര പറഞ്ഞു…

നീ ഇന്നിനി പോണ്ടടോ…. ഇവിടെ കിടന്നോ… ആ വൃദ്ധൻ അവനോട് പറഞ്ഞു….

വേണ്ടെന്നോ കിടന്നോളാമെന്നോ അവൻ പറഞ്ഞില്ല….

അവൻ ഉമ്മറത്തെ ഇളം തിണ്ണയിലേക്ക് വെറുതെ ചാരിയിരുന്നു…..എപ്പോളോ അവന്റെ കണ്ണടഞ്ഞു….രാത്രി ഒരുപാട് കനത്ത ശേഷം ആ വൃദ്ധൻ അവനെ വന്നു നോക്കിയ ശേഷം വീണ്ടും അകത്തേക്ക് നടന്നു

നേരം പുലർന്നു തുടങ്ങിയ സമയം എപ്പോഴോ അകത്ത് നിന്നു ആ വൃദ്ധ വന്നു അവനെ തട്ടി വിളിച്ചു

തിടുക്കത്തിൽ കണ്ണ് തുറന്ന അവന്റെ മുഖത്ത് അവരുടെ തണുത്ത കൈ അമർന്നു

കണി കാണണ്ടേ… കണ്ണ് തുറക്കേണ്ട…

അവരുടെ കയ്യിൽ പിടിച്ചു അവരുടെ പിന്നാലെ അവൻ അകത്തേക്ക് നടന്നു

മ്മ് ഇനി തുറന്നോ….

പുളിച്ച കണ്ണുകൾ ഒന്ന് ചിമ്മിയ ശേഷം അവൻ കണ്ണ് വിടർത്തി…

മഞ്ഞകോടി ഉടുത്ത കൃഷ്ണഭഗവാന്റെ വിഗ്രഹം… കണികൊന്നപൂക്കൾ… ചക്ക മാങ്ങാ വാല്കണ്ണാടി നെല്ല് വെള്ളരി ഞൊറിയിട്ട കസവുമുണ്ട് തെളിഞ്ഞു കത്തുന്ന നിലവിളക്ക്…

അവൻ കൈകൾ കൂപ്പി… അവന്റെ കൺകോണിലൂടെ കണ്ണുനീർ ഒഴുകി

അവൻ കണ്ണുനീറിനെ അവരിൽ നിന്നും മറച്ചു പിടിച്ചു പുറത്തേക്കിറങ്ങി

പോവാണോ നീ?? ആ വൃദ്ധൻ ചോദിച്ചു

ഉം… അവൻ മൂളി

പോയിട്ടോ??

അവൻ മിണ്ടിയില്ല

ഉച്ചക്ക് ഇവിടുന്നു കഴിച്ചൂടെ…. വിഷുവല്ലേ… മടിയൊന്നും കാട്ടണ്ട…

അവന്റെ ഉള്ളിൽ വീണ്ടും സങ്കടം ഉറപൊട്ടി

രാവിലെ പ്രഭാതഭക്ഷണം കഴിച്ച ശേഷം അവൻ പുറത്തേക്കിറങ്ങി….

ഒരു മണിക്കൂറിനു ശേഷം തിരികെ വന്ന അവന്റെ കയ്യിൽ ഒരു സദ്യക്കുള്ള പച്ചക്കറികളും രണ്ട് കോടിമുണ്ടും ഉണ്ടായിരുന്നു….

ഉച്ചക്ക് താൻ വാങ്ങിയ കോടിമുണ്ട് ആ വൃദ്ധദമ്പതികൾക്ക് നേരെ നീട്ടുമ്പോൾ അവന്റെ ഉള്ളിൽ ഒരായിരം പൂത്തിരികൾ ഒന്നിച്ചു കത്തുന്നുണ്ടായിരുന്നു….

ഉച്ചക്ക് രണ്ടാൾക്കും നടുവിലിരുന്നു ഊണ് കഴിക്കുമ്പോൾ അവന് തോന്നി താനൊരു കൊച്ച് കുഞ്ഞാണെന്ന് ഇത് തന്റെ ആദ്യവിഷുവാണെന്ന്….

കുറച്ചു നിമിഷങ്ങളും കൂടി കഴിഞ്ഞാൽ കുറ്റപ്പെടുത്തലുകളും വെറുപ്പും നിറഞ്ഞു നിൽക്കുന്ന തന്റെ വീട്ടിലേക്ക് തന്നെ

താൻ തിരിച്ചു പോകണമെന്നുള്ള കയ്പ് നിറഞ്ഞ സത്യത്തെ രുചികരമായ ആ ഭക്ഷണത്തോടൊപ്പം ചവച്ചിറക്കികൊണ്ട് അവൻ സന്തോഷത്തോടെ സദ്യ കഴിച്ചു

ഒരു പക്ഷെ ഇനിയൊരിക്കലും ലഭിക്കാത്ത സന്തോഷത്തോടെയും സമാധാനത്തോടെയും…..

Leave a Reply

Your email address will not be published. Required fields are marked *