തന്റെ ജീവിതത്തിൽ അമ്മയേക്കാൾ സ്വാധീനം അച്ഛനായിരുന്നു, ചിലപ്പോഴെക്കെ..

സ്നേഹപൂർവ്വം അച്ഛന്റെ ദേവൂട്ടി
(രചന: Pradeep Kumaran)

” ആഹാ , കത്ത് എഴുത്ത് തുടങ്ങിയോ?. ഈ കാലഘട്ടത്തിലും മുടങ്ങാതെ കത്തെഴുതുന്ന രണ്ടേ രണ്ട് പേരെയേ എനിക്കറിയൂ. അത് നീയും അച്ഛനുമാണ്.”

അത്താഴവും കഴിഞ്ഞ് ആദിമോനെ താരാട്ട് പാടിയുറക്കി കിടത്തി , രാജീവേട്ടന് കിടക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി,

കുടിക്കാൻ വെള്ളവുമെടുത്തു വച്ച ദേവിക ടേബിളിൽ നിന്നും പേനയും പേപ്പറുമെടുക്കുമ്പോളാണ് രാജിവിന്റെ ചോദ്യം കേട്ട് മുഖമുയർത്തിയത്.

തന്റെ ചോദ്യത്തിലെ പരിഹാസം മനസ്സിലായെന്നോണമുള്ള ദേവികയുടെ മുഖം വാടിയത് കണ്ടപ്പോൾ രാജിവിന്റെ മനസ്സലിഞ്ഞു.

“ഞാൻ ചുമ്മാ പറഞ്ഞതെല്ലേ?. നീയെഴുതിക്കോ. എനിക്കുറക്കം വരുന്നു .ശരിയെന്നാൽ ഞാനുറങ്ങട്ടെ.”

തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഉറങ്ങാനാനായി പോകുന്ന രാജിവിനെ കണ്ട് ദേവികക്ക് ചിരി വന്നു. പാവം രാജിവേട്ടൻ , പറഞ്ഞത് അബദ്ധമായി തോന്നിയിട്ടുണ്ടാകും.

അല്ലെങ്കിലും പട്ടണത്തിൽ അച്ഛനും അമ്മക്കുമൊപ്പം വളർന്ന രാജിവേട്ടന് ഇന്റർനെറ്റും വീഡിയോകോളുമുള്ള ഈ കാലഘട്ടത്തിലും തന്റെയും അച്ഛന്റെയും കത്തെഴുതലുകൾ തമാശയായി തോന്നുന്നതിൽ കുറ്റം പറയാൻ കഴിയില്ല.

പക്ഷെ തനിക്കങ്ങനെയല്ലല്ലോ?. അച്ഛന്റെ കത്തുകൾ തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം ,

അതനുഭവിച്ച തനിക്ക് മനസ്സിലാകുന്ന പോലെ വേറെയാർക്കും മനസ്സിലായിക്കൊള്ളാണമെന്നില്ല. മനസ്സ് അറിയാതെ കുറച്ച് പിന്നിലോട്ട് ചലിച്ചു തുടങ്ങിയപ്പോൾ ദേവികയുടെ ഹൃദയവും ആർദ്രമായി.

തനിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് അച്ഛൻ ഗൾഫിലേക്ക് പോയതെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട് .

അമ്മക്ക് അച്ഛനെഴുതുന്ന കത്തുകളിൽ തനിക്ക് പ്രത്യകമായി കുറച്ച് ഭാഗം മാറ്റിവയ്ക്കാൻ അച്ഛൻ ശ്രദ്ധിച്ചിരുന്നുയെന്നും ആ ഭാഗങ്ങൾ അമ്മ വായിച്ച് കേൾപ്പിക്കുമ്പോൾ ഞാൻ പൊട്ടിചിരിക്കാറുമുണ്ടെന്നും അമ്മ പറയാറുണ്ട്.

രണ്ട് വർഷങ്ങൾക്ക് ശേഷം അച്ഛൻ ലീവിന് വന്നതും കുറച്ച് നാളുകൾക്ക് ശേഷം മടങ്ങി പോയതും തനിക്ക് ചെറിയൊരു ഓർമയുണ്ട്.

തനിക്ക് ആറ് വയസ്സായപ്പോൾ അനിയൻകുട്ടൻ ജനിച്ചതും പിന്നീട് ചേച്ചിയമ്മയെന്ന ഉത്തരവാദിത്തം ഇഷ്ടത്തോടെ അനുഭവിച്ചതും ഓർമകളിൽ നിറഞ്ഞ് നിൽക്കുന്നു.

തിരിച്ചറിവായപ്പോൾ, എഴുത്തും വായനയും പഠിച്ചപ്പോൾ വീട്ടിലേക്ക് വരുന്ന അച്ഛന്റെ കത്തുകളുടെ എണ്ണം രണ്ടായി. ഒന്ന് അമ്മയ്ക്കും ഒന്ന് തനിക്കും.

വാത്സല്യവും ലാളനകളും നിറഞ്ഞ അച്ഛന്റെ വരികൾ പിന്നീട് തന്റെ വളർച്ചക്കനുസരിച്ചു കരുതലുകളുടെയും ആകുലതലയുടെയുമായ് മാറുന്നത് താൻ ശ്രദ്ധിച്ചിരുന്നു.

മലയോര മേഖലയിലെ ആൾതാമസം കുറഞ്ഞ തന്റെ വീടിന്റെ ചുറ്റുപാടുകളിൽ പേടിപ്പെടുത്തുന്ന പല രാത്രികളിലും ധൈര്യം കിട്ടിയിരുന്നത് അച്ഛന്റെ നിർദ്ദേശങ്ങളും കാഴ്ചപാടുകളുമായിരുന്നു.

ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും അച്ഛന്റെ കൃത്യമായ നിർദ്ദേശങ്ങൾ തന്റെ ജീവിതത്തിൽ നല്ലത് മാത്രമേ വരുത്തിയിട്ടൊള്ളു.

തന്റെ വിദ്യാഭ്യാസവും ജോലിയും പിന്നെ രാജിവേട്ടനുമായുള്ള കല്യാണവും അച്ഛന്റെ കരുതലുകളായിരുന്നു.

ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്യാൻ അച്ഛന്റെ മാർഗനിർദ്ദേശങ്ങൾ തനിക്ക് നൽകിയ ആത്മധൈര്യം ചെറുതൊന്നുമല്ലായിരുന്നു.

ആദിമോൻ ജനിച്ചിട്ട് ഒൻപത് വർഷമായെങ്കിലും ഇപ്പോഴും അച്ഛന് തന്നോടുള്ള മനോഭാവത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ലയെന്നത് അത്ഭുതമായ് തോന്നിയിട്ടുണ്ട്.

തന്റെ ജീവിതത്തിൽ അമ്മയേക്കാൾ സ്വാധീനം അച്ഛനായിരുന്നു . ചിലപ്പോഴെക്കെ ഓർക്കാറുണ്ട് അച്ഛൻ ജീവിച്ചത് ശരീരം മണലാരണ്യത്തിലും മനസ്സ് ഞങ്ങൾക്കൊപ്പവുമായിട്ടാണെന്ന്.

കുടുംബത്തിന് വേണ്ടി ജീവിതം ഹോമിച്ച അച്ഛന്റെ മകളായി ജന്മ്മുണ്ടെങ്കിൽ ഇനിയും തനിക്ക് ജനിക്കണം.

ഓർമകളുടെ നിറക്കൂട്ടിൽ നിന്നും യഥാർഥ്യത്തിലേക്ക് തിരിച്ചു വന്ന ദേവിക ക്ലോക്കിലേക്ക് നോക്കി. സമയം ഒരുപാട് ആയെന്ന തിരിച്ചറിവിൽ അച്ഛനുള്ള കത്ത് എഴുതുവാൻ തുടങ്ങി.

” പ്രിയപ്പെട്ട അച്ഛന് ,

അച്ഛൻ അയച്ച കത്ത് കിട്ടി. വിവരങ്ങൾ അറിഞ്ഞ് ഒരുപാട് സന്തോഷമായി. അച്ഛനോട് ജോലി മതിയാക്കി നാട്ടിലേക്ക് വരാൻ ഞാനെത്ര പ്രാവശ്യം പറഞ്ഞതാ.

ഇപ്പോഴെങ്കിലും അതിന് തയ്യാറായല്ലോ. അതാണ്‌ എനിക്കിപ്പോൾ ഏറ്റവും സന്തോഷമായി തോന്നുന്നത്. അമ്മക്ക് വയ്യാതെയായിരിക്കുന്നു.

അച്ഛൻ വന്നാൽ അമ്മ ഉഷാറാകും കേട്ടോ. പിന്നെ അനിയൻകുട്ടന്റെ ജോലി അവനിഷ്ടമായെന്ന് എന്നോട് പറഞ്ഞു. അച്ഛൻ വന്നിട്ട് വേണം നമ്മൾക്ക് അവന് കല്യാണം ആലോചിക്കാൻ.

പിന്നെ രാജിവേട്ടനും ആദിമോനും വേറെ വിശേഷം ഒന്നും തന്നെയില്ല. സുഖമായിരിക്കുന്നു.

ഇപ്പോൾ രാത്രി ഒരുപാടയ് അച്ഛാ. വെളുപ്പിന് തന്നെ എഴുനേൽക്കണമല്ലോ. അതുകൊണ്ട് വിശദമായ കത്ത് അടുത്ത് തന്നെ അയക്കാട്ടോ.

പിന്നെ അച്ഛൻ മരുന്നുകൾ മുടങ്ങാതെ കഴിക്കണം കേട്ടോ. ഒരു കാര്യം കൂടി പറഞ്ഞ് കൊണ്ട് കത്ത് ചുരുക്കുന്നു. ഒരുപാട് ഇഷ്ടത്തോടെ ശുഭരാത്രി .”

സ്നേഹപൂർവ്വം, അച്ഛന്റെ ദേവൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *