(രചന : കഥ, സജി തൈപ്പറമ്പ്)
പഴയ പേപ്പറുകളും മാഗസിനുമൊക്കെ ആക്രിക്കാരന് കൊടുക്കാൻ എടുത്ത കൂട്ടത്തിലാണ് ഒരു ഡയറി എൻ്റെ കണ്ണിലുടക്കിയത്
പണ്ട് ഞാൻ പാർട്ടി സമ്മേളനത്തിന് പോയപ്പോൾ കിട്ടിയതാണതെന്ന് കവർ പേജ് കണ്ടപ്പോൾ മനസ്സിലായി.,
പിറ്റേന്ന് മുതൽ ഡയറി എഴുതി തുടങ്ങണമെന്ന തീരുമാനത്തിൽ ഞാനത് ഷെൽഫിൽ ഭദ്രമായി കൊണ്ട് വച്ചതായിരുന്നു
പക്ഷേ പിറ്റേന്നത്
കാണാതെയായി ,വീട്ടിലുള്ളവരാരും അതെടുത്തിട്ടില്ലെന്ന് പറഞ്ഞെങ്കിലും എൻ്റെ മൂത്ത പെങ്ങളുടെ മകള് കവിത എഴുതുന്ന സ്വഭാവമുള്ളത് കൊണ്ട് അവള് കൊണ്ട് പോയിക്കാണുമെന്ന് കരുതി ഞാൻ സമാധാനിച്ചു
പക്ഷേ ,ഇപ്പോഴത് കണ്ടപ്പോൾ ആശ്ചര്യത്തോടെ ഞാനത് തുറന്ന് നോക്കി
2 – 12-2005 മുതൽ ആ ഡയറിയിൽ ആരോ എഴുതിത്തുടങ്ങിയിരുന്നു അതിലെ ഓരോ പേജുകളും വായിച്ച് പോകവേ എഴുതിയ ആളെ പിടി കിട്ടി
അത് എൻ്റെ അമ്മയുടെ അനുഭവ കുറിപ്പുകളായിരുന്നു, അതിൻ്റെ തുടക്കം ഇങ്ങനെ ആയിരുന്നു
എൻ്റെ വിഷമങ്ങളൊക്കെ ഞാൻ ആരോട് പറയാനാണ് ,
കേൾക്കേണ്ടയാൾ എൻ്റെ ഭർത്താവാണ്, പക്ഷേ സ്വബോധത്തോടെ ഒരു രാത്രി പോലും അദ്ദേഹമെൻ്റെയടുത്ത് വന്നിട്ടില്ലല്ലോ
മക്കളോട് പറയാൻ പറ്റുന്ന കാര്യങ്ങളുമല്ല, പക്ഷേ ,എൻ്റെ ഓരോ ദിവസത്തെയും വിശഷങ്ങൾ എനിക്കാരോടെങ്കിലും പങ്ക് വയ്ക്കണം
അങ്ങനെയിരിക്കുമ്പോഴാണ് മോൻ കൊണ്ട് വന്ന ഈ ഡയറി ഞാൻ കണ്ടത് ,അപ്പോൾ പിന്നെ എനിക്ക് പറയാനുള്ളത് തത്ക്കാലം ഡയറിയിൽ കുറിച്ച് വയ്ക്കാമെന്ന് വിചാരിച്ചു, പക്ഷേ ഞാൻ ഡയറി എഴുതുന്നത് ആരുമറിയരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു അത് കൊണ്ടാണ് ഗിരീശനറിയാതെ ഈ ഡയറി ഞാൻ കട്ടെടുത്തത്
എന്താ പറയ്ക, എന്നത്തെയും പോലെ ഇന്നും നേരം പുലർന്നു അടുക്കളയിലെ വിറകടുപ്പിൽ കത്തിപ്പിടിക്കാതെ പുകഞ്ഞ് കൊണ്ടിരുന്ന പച്ച മടലുകൾ ഊതിയൂതി, എൻ്റെ നെഞ്ച് പറിഞ്ഞു
കേടായ മണ്ണെണ്ണ സ്റ്റൗ നന്നാക്കി തരാൻ അങ്ങേരോട് പറയാൻ ഇപ്പോൾ എനിക്ക് തന്നെ ലജ്ജ തോന്നുന്നു, പുക നെറുകയിൽ കയറി ചുമച്ച് ചോര തുപ്പി മരിച്ചാലും സ്റ്റൗവ്വിൻ്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല
ഗിരീശനാണെങ്കിൽ പിന്നെ ഒന്നിനും നേരമില്ല ,അവൻ്റെ തലയിൽ നാട്ടുകാരുടെ തന്നെ നൂറ് പ്രശ്നങ്ങളുണ്ട്, അതിനിടയിലാണ് എൻ്റെ സ്റ്റൗ
7-12-2005
ഇന്ന് ഞാൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു ,ഗിരീശൻ അവരുടെ ഡൽഹിയിലെ നേതാവ് വരുന്നത് കൊണ്ട് രാവിലെ തന്നെ പോയി ,മോള് കൂട്ടുകാരിയുടെ കല്യാണത്തിനും
അപ്പോഴാണ് ഞായറാഴ്ചയായിട്ട് അദ്ദേഹവും എങ്ങോട്ടോ പോകാൻ ഒരുങ്ങുന്നത് ഞാൻ കണ്ടത്
ചോദിച്ചപ്പോഴാണ് പറയുന്നത് സുഹൃത്തിൻ്റെ മകളുടെ കല്യാണത്തിന് പോകുവാണെന്ന്
എന്നാൽ പിന്നെ ഞാനും വരട്ടെ ?ഇവിടെ ഞാൻ തനിച്ചിരിക്കണ്ടല്ലോ ?
മാത്രമല്ല ഒരു കല്യാണത്തിന് ഞാൻ പങ്കെടുത്തിട്ട് എത്ര നാളുകളായി
പ്രതീക്ഷയോടെയാണ് ഞാൻ ചോദിച്ചത് ,അതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു ,കഴിഞ്ഞയാഴ്ച ഇൻസ്റ്റാൾമെൻ്റ്കാരൻ വന്നപ്പോൾ ഞാൻ ഒരു കളർസാരി വാങ്ങിയിരുന്നു, എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ട വെള്ളയിൽ നിറയെ പോളപ്പൂക്കൾ ഡിസൈനുള്ള വോയിൽ സാരി ആയിരുന്നത്
അത് ഉടുത്ത് പോകാൻ ഒരവസരം കാത്തിരിക്കുകയായിരുന്നു ഞാൻ
നീയവിടെ വന്നാൽ ശരിയാവില്ല അവര് കുറച്ച് സ്റ്റാൻഡേർഡ് ഉള്ള ഫാമിലിയാണ് ,അവിടെ വരുന്നവരൊക്കെ ഹൈ ലെവൽ ടീമാണ് ,അങ്ങനെയൊരിടത്തേയ്ക്ക് നിന്നെ കൊണ്ട് പോയാൽ, അത് ശരിയാവില്ല ,അത് മാത്രമല്ല നീയിവിടെയില്ലെങ്കിൽ പൈക്കളുടെ കാര്യങ്ങളൊക്കെ ആര് നോക്കും ,പശുവിനെ കുളിപ്പിക്കണ്ടേ? തൊഴുത്ത് വൃത്തിയാക്കണ്ടേ ?ഉച്ചയ്ക്ക് അവറ്റകളെ കറക്കണ്ടേ?
നീരസത്തോടെ അദ്ദേഹം ചോദിച്ചു.
അത് ശരിയാണ് ,ഞാൻ പോയാൽ പൈക്കളുടെ കാര്യങ്ങളൊന്നും നടക്കില്ല ,പക്ഷേ കല്യാണ വീട്ടിൽ കൊണ്ട് പോകാൻ കൊള്ളാത്ത കോലമാണോ എൻ്റേത്?
സംശയം തീർക്കാൻ ഞാൻ കിടപ്പ്മുറിയിലെ തടി അലമാരയുടെ കണ്ണാടിയിൽ വന്ന് നോക്കി
ശരിയാണ്, എനിക്കൊരു മനുഷ്യക്കോലമില്ല, കൊയ്ത്തരിവാള് പോലെ വളഞ്ഞ ഒരു സ്ത്രീരൂപം, പക്ഷേ പണ്ട് ഞാൻ ഇങ്ങനെ അല്ലായിരുന്നല്ലോ ? ഇവിടെയുള്ളവർക്ക് വച്ച് വിളമ്പിയും തുണി അലക്കിയും പൈക്കളെ മേച്ചുമൊക്കെയല്ലേ ഞാൻ ഇങ്ങനെ ആയത്?
കല്യാണസദ്യ കഴിക്കാൻ പറ്റാത്തതിലല്ലായിരുന്നു വിഷമം ,എൻ്റെ പോളപ്പൂക്കളുള്ള വോയിൽ സാരി ഉടുക്കാൻ കഴിയാത്തതിലായിരുന്നു എനിക്ക് ദണ്ഡം
10-12-2005
ഇന്ന് ഞാൻ രാവിലെ അദ്ദേഹത്തോട് ഒരു ആഗ്രഹം പറഞ്ഞു ,ഇതിന് മുൻപ് പറഞ്ഞിട്ടുള്ള ആഗ്രഹങ്ങളൊന്നും സാധിച്ച് തന്നിട്ടില്ല ,എന്നിട്ടും നാണംകെട്ട് ഞാനെൻ്റെ പൂതി അങ്ങേരോട് പറഞ്ഞു
അടുത്ത ഒന്നാം തീയതി എനിക്ക് ഗുരുവായൂരൊന്ന് പോകണമെന്ന്
അതിന് ഒന്നാം തീയതിക്ക് ഇനിയും ദിവസങ്ങളുണ്ടല്ലോ ?അപ്പോൾ ആലോചിക്കാം,,
അദ്ദേഹം മറുപടി പറഞ്ഞു
അത്രയും മതിയായിരുന്നെനിക്ക്
പിന്നെ എൻ്റെ കാത്തിരിപ്പ് ഒന്നാം തീയതി ആകാനായിരുന്നു, അവിടെ പോകുമ്പോൾ പോളപ്പൂക്കൾ സാരി എന്തായാലും ഉടുക്കാമെന്നതായിരുന്നു
എൻ്റെ സന്തോഷം
പക്ഷേ എല്ലാത്തിനും വിധി എന്ന
ഒന്ന് വേണമല്ലോ?
ഒന്നാം തീയതി വരെ അദ്ദേഹത്തിൻ്റെ ആയുസ്സ് നീണ്ടില്ല ,എന്നെ വിധവയാക്കിക്കൊണ്ട് അദ്ദേഹം പോയി
അതോടെ ഞാനെൻ്റെ ആഗ്രഹങ്ങൾ എൻ്റെ മനസ്സിൽ തന്നെ കുഴിച്ച് മൂടി
കട്ടിലിനടിയിലെ തകരപ്പെട്ടിയുടെ ഉള്ളിൽ ഏറ്റവും മുകളിലിരുന്ന വോയിൽ സാരി ഞാനെടുത്ത് ഏറ്റവും താഴെ വച്ചു ,ഇനി ഒരിക്കലും അതിൻ്റെ ആവശ്യം വരില്ലല്ലോ ?അതിന് മുകളിലായി നിറം മങ്ങിയ കോട്ടൺ മുണ്ടും നേര്യതും സ്ഥാനം പിടിച്ചു
ഇനിയെന്ത് വിശേഷമാണ് എനിക്കുള്ളത് ,അത് കൊണ്ട് ഡയറി എഴുത്തും ഞാൻ നിർത്തുന്നു.
ആ ഡയറിയിൽ അത്രയേ ഉണ്ടായിരുന്നുള്ളു ,അമ്മ വർഷങ്ങൾക്ക് മുമ്പ് എഴുതിയത് വെറുമൊരു കുത്തിക്കുറിക്കലല്ലായിരുന്നു,
എൻ്റെ അമ്മയുടെ അടക്കിപ്പിടിച്ച ആഗ്രഹങ്ങളുടെയും ദൈന്യതയുടെയും നേർചിത്രമായിരുന്നു അതെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും എൻ്റെ നെഞ്ചിനകത്ത് ഭാരം നിറഞ്ഞു
അന്ന് ഞാൻ ഉറങ്ങുന്നതിന് മുമ്പ് ആദ്യമായി അമ്മയുടെ അടുത്ത് ചെന്നു ,പാവം ആരോടും പരിഭവമില്ലാതെ ഉറക്കത്തിന് കാത്ത് ചരിഞ്ഞ് കിടക്കുകയായിരുന്നു
അടുത്തിരുന്നിട്ട് ഞാൻ അമ്മയുടെ മെല്ലിച്ച കൈത്തണ്ടയിൽ തൊട്ടു
അമ്മേ,,നാളെ ഒന്നാം തീയതിയാണ് നേരത്തെ ഉണരണം, നമുക്ക് ഗുരുവായൂര് വരെ ഒന്ന് പോകണം
പിന്നെ ആ തകരപ്പെട്ടിയിൽ സൂക്ഷിച്ച് വച്ചിരിക്കുന്ന പോളപൂക്കളുള്ള വോയിൽ സാരിയുടുത്തോളു ,അത് അമ്മയ്ക്ക് നന്നായി ചേരും
ഞാൻ അത്രയും പറഞ്ഞിട്ടും അമ്മ പ്രതികരിക്കാത്തത് കൊണ്ട് സംശയത്തോടെ ഞാൻ അമ്മേ എന്ന് ഉറക്കെ വിളിച്ചു
ഇല്ല, അമ്മ കേൾക്കുന്നില്ല
അപ്പോഴാണ് ഞാനറിയുന്നത് ,
ആ മെല്ലിച്ച കൈ വിറങ്ങലിച്ചിട്ടുണ്ടായിരുന്നു.