തനിക്കു ഒരിക്കലും എന്നെ പ്രണയിക്കാൻ കഴിയില്ലേ രുദ്ര, വിവാഹം കഴിഞ്ഞു ഇത്ര ആയിട്ടും..

ചെമ്പരത്തി
(രചന: Uthara Harishankar)

തനിക്കു ഒരിക്കലും എന്നെ പ്രണയിക്കാൻ കഴിയില്ലേ രുദ്ര, വിവാഹം കഴിഞ്ഞു ഇത്ര ആയിട്ടും

അതൊരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നല്ലേ…

അതല്ല രുദ്രാ തനിക്കു…

മാറൂ… എനിക്കു ജോലിയുണ്ട്…

എന്ത് ജോലി… ഇന്ന് സൺ‌ഡേ അല്ലെ…ദേവ മോളെ ഇന്നലെ തന്നെ മുത്തശ്ശിയുടെ അടുക്കൽ ആക്കി…

ഇന്നൊരു ഫങ്ഷനു പോലും പോകേണ്ടതില്ല… ഇനിയും എന്ത് പറഞ്ഞു ഒഴിയാൻ ആണ് ഭാവം…?

സിങ്കിൽ തല്ലി വീണ പാത്രങ്ങൾ മെല്ലെ നിശബ്ദമായി…അത്രയും നേരം അലകൾ തല്ലി നിശബ്ദതയാർന്ന ഹൃദയം പോലെ

നുണകൾ മേഞ്ഞോരു കെട്ടുകഥ എനിക്കായി മനസ്സിൽ കൊരുക്കേണ്ട രുദ്ര, സ്വപ്നങ്ങൾ ഏറെ ഉണ്ടാകുമല്ലോ അതിലെല്ലാം നിങ്ങൾ ഇരുവരും മാത്രം അല്ലെ?

ഒരിക്കലും അല്ല, ഞാൻ എന്നെതന്നെ നുണയുടെ ഒരു ചട്ടക്കൂടിൽ പിടിച്ചു കെട്ടിയിരിക്കുകയാണ്, സ്വപ്നങ്ങൾ എന്താണ്ന്ന് വരെ മറന്നു പോയിരിക്കുന്നു അരവിന്ദ്

അല്ലെങ്കിൽ തന്നെ ഇപ്പോൾ ഈ ചോദ്യങ്ങൾ വരുവാൻ എന്താണ് കാരണം എന്നിട്ട് മറുപടി തീരുമാനിക്കാമല്ലോ…

നീണ്ട മൂന്നാല് വർഷങ്ങൾ ഉണ്ടായിരുന്നു പിന്നിലേക്ക് നടക്കാൻ… പെട്ടന്നൊരു ദിനം വന്നിട്ട് ഇങ്ങനെ ചോദിച്ചാൽ…???

മനസ്സിലാക്കി തരാം… രുദ്രാക്ഷ ദാ താൻ എഴുതിയ ഡയറി ആണിത് പ്രണയം നിറഞ്ഞു തുളുമ്പുന്നു…. വിരഹ വേദനിയിൽ പൊള്ളി പിടയുന്നു…

ഇനി ഒരു ദിവസം എന്നെ വിഷം തന്നു കൊന്നിട്ട് അവന്റെ ഒപ്പം പോകാനാണോ? പറഞ്ഞാൽ മതി ഞാനും മകളും ഒഴിഞ്ഞു തരാം

ഓഹോ പക്ഷെ എനിക്കു അങ്ങനെ ഒരു ബന്ധം ഇല്ലെങ്കിലോ… അങ്ങനെ ഒരു വ്യക്തി ജീവനോടെ ഇല്ലെങ്കിലോ

പിന്നെ ചുവന്ന റോസാപൂക്കൾ കൊണ്ടൊരു പൂന്തോപ്പ് പണിതു അതിൽ കുടിയിരിത്തിയിരിക്കുന്ന വിഗ്രഹം ആയിരിക്കും

നിങ്ങൾക്ക് തെറ്റു പറ്റിപ്പോയി അരവിന്ദ്, ഇതുവരെ താൻ എന്നെ മനസ്സിലാക്കിയിട്ടില്ല ഇനിയും വൈകിട്ടില്ല ഒന്ന് കേൾക്കാനുള്ള മനസ്സ് എങ്കിലും ഉണ്ടായിരുന്നു എങ്കിൽ…

കലാലയത്തിലെ ജീവിതം അവിടെയാണ് എല്ലാത്തിന്റെയും വേരുകൾ ഓടുന്നത് അല്ലെ അരവിന്ദ്?

പക്ഷെ… അയാൾ അയാളെന്നോട് ഒരിക്കൽ പോലും ഇഷ്ടമാണെന്നു പറഞ്ഞിട്ടില്ലായിരുന്നു നേരിട്ട് വീട്ടിൽ വന്നു കല്യാണം കഴിപ്പിച്ചു തരുമോ എന്നു ചോദിച്ചു അതും ജോലി കിട്ടിയതിനു ശേഷം

പക്ഷെ ഇവിടെ വില്ലൻ ജോലി തന്നെ ആയിരുന്നു ഒരു പട്ടാളക്കാരന് കല്യാണം കഴിച്ചു കൊടുക്കാൻ കഴിയില്ല അത്രേ…

നീണ്ട കാര്യകാരണങ്ങൾ ഉണ്ടായിരുന്നു
ചെല്ലുന്ന ഇടത്ത്‌ എല്ലാം ബന്ധം കാണും അതു കൊണ്ടു തന്നെ കൈകാശൊന്നും കാണില്ല കുട്ടി പിന്നെ മരണത്തെ ഉള്ളം കയ്യിൽ വച്ചുകൊണ്ട് നടക്കുന്നവരല്ലേ ഈ കൂട്ടർ,

വെള്ള ഉടുക്കേണ്ടി വരും വൈധവ്യം യോഗം അതും പെൺകുട്ടിയുടെ തലയിൽ ആകും

കെട്ടികൊണ്ട് വന്ന പെണ്ണിനെ പഴിക്കാൻ ആളുകൾക്ക് ഉത്സാഹം ഇത്തിരി കൂടുതൽ തന്നെ ആണ്

എനിക്കതിനൊന്നും മറുപടി ഇല്ലായിരുന്നു, പക്ഷെ ഒന്ന് മാത്രം അറിയാം ഞാനൊക്കെ ഇവിടെ സമാധാനത്തോടെ ഉറങ്ങുന്നത് ഇവരൊക്കെ അങ്ങനെ തണുപ്പ് ചൂടും വക വയ്ക്കാതെ അങ്ങനെ ഉറങ്ങാതെ ഇരിക്കുന്നത് കൊണ്ടാണ്

പിന്നെ ഞാൻ അയാളെ കാണുന്നത് നമ്മുടെ നിശ്ചയത്തിന് ശേഷമാണ്, അന്നെനിക്കൊരു കത്ത് തന്നു കൂടെ ഒരു സമ്മാനവും

എന്ത് സമ്മാനം?

ഞെട്ടേണ്ട… പറയുന്നത് മുഴുവൻ ആകട്ടെ… പഠിക്കുന്ന കാലത്തു ചെറുതായിട്ട് കുത്തി കുറിക്കുമായിരുന്നു…,

ഞെട്ടലും അത്ഭുതവും തമ്മിൽ വല്യ വ്യത്യാസമൊന്നും ഇല്ലാ അരവിന്ദ്

സൊ അയാളെനിക്ക് ഒരു മഷി പേന ഒരു കത്ത് അതിൽ കുനു കുനു എഴുതിയിരുന്നു

“””എനിക്ക് നിങ്ങളെ ഇഷ്ടമാണ്

കാരണമൊന്നുമില്ല, വഴിയിൽ തടഞ്ഞു നിർത്തില്ല, പ്രേമലേഖനമെഴുതില്ല, ഒന്നും ചെയ്യില്ല, ഒരു ബന്ധവും സങ്കല്പിക്കാതെ,

വെറുതെ

എനിക്ക് നിങ്ങളെ ഇഷ്ടമാണ് “””

പിന്നെ ഒരു ചുവന്ന ചെമ്പരത്തിയും

ഞാനിപ്പോളും ചെമ്പരത്തി പൂവ് കാണുമ്പോഴെല്ലാം അയാളെ വല്ലാതെ അങ്ങ് ഓർത്തു പോകും…

പിന്നെ നിങ്ങൾ കണ്ടിട്ടുണ്ടോ…?

മ്മ്… കണ്ടു… കണ്ടിരുന്നു… വീരമൃത്യു വരിച്ച ജവാനെ കാണാൻ പോകുന്നത് ഒരിക്കലുമൊരു തെറ്റാല്ലലോ അല്ലെ?

വെളുത്ത തുണിക്കെട്ട്… മുകളിൽ നമ്മുടെ പതാക ചുളുക്കുകൾ ഇല്ലാതെ അങ്ങനെ…

എനിക്കൊന്നു കാണാൻ കഴിഞ്ഞില്ല അയാൾ ആ അശോകചക്രത്തിനു ഉള്ളിൽ അയാളുടെ ഹൃദയം ഒളിപ്പിച്ചിരുന്നു… ഞാനൊരു പനിനീർ റോസാ അയാളുടെ കാൽ ചുവട്ടിൽ വച്ചിരുന്നു

പിന്നെ കാത്തുപൊട്ടുന്ന വെടിയൊച്ച മുഴങ്ങിപ്പോൾ,

തെക്കേ തൊടിയിൽ നേർത്ത പുക ചുരുളുകൾ പൊങ്ങിയപ്പോൾ ഞാൻ അവിടെന്ന് മടങ്ങി വേലിക്കരികിലേ ചുവന്ന ചെമ്പരത്തി പോസ്റ്റിൽ പതിച്ചിരുന്ന അയാളുടെ ചിത്രത്തിനു ചാരെ ഇട്ടു മടങ്ങി…

പിന്നെ…???

പിന്നെ ന്താ ഒരിക്കൽ പോലും പ്രണയം തോന്നാത്ത ഒരാളോട് ഒത്തു കഴിയുന്നു,

പിന്നെ നമ്മളെ തമ്മിൽ പിടിച്ചു നിർത്തുന്നത് എന്താണ് രുദ്രാ…?

എനിക്കുമത് അറിയില്ല… ഒരുപക്ഷെ… ഒരുപക്ഷെ വീട്ടുവീഴ്ചകൾ മാത്രം…നമ്മുടെ കല്യാണം പോലും അങ്ങനെ അല്ലെ, കുട്ടികൾ പോലും?

അതു തനിക്കു അയാൾ ഇപ്പോളും ഉള്ളിൽ ഉള്ളത് കൊണ്ടു…

ശെരിയാണ്… പക്ഷെ ഒന്ന് മാത്രം നമ്മുടെ ബെഡ്‌റൂമിൽ പത്രം വെച്ചു ചില കലാവിരുതുകൾ ഇല്ലേ…

“ആർട്ട്‌ ക്രാഫ്റ്റുകൾ”, പക്ഷെ എനിക്കവയെ കണ്ടിട്ട് ഒരു ശവപറമ്പ് പോലെയാണ് തോന്നുന്നത്… നഷ്ട്ടപെട്ട ഇന്നലകളുടെ നരച്ച ശവപ്പറമ്പ്

തിരിച്ചു വരുമെന്ന് ഉറപ്പുള്ള പൂച്ചാകുഞ്ഞിനെ കളയാൻ വെമ്പുന്നത് പോലെ

പക്ഷെ അതിൽ ഒളിഞ്ഞിരിക്കുന്ന മുഖം ചിലപ്പോൾ നിങ്ങൾ എന്നിൽ തിരയാറുണ്ട്… ചില രാത്രികളിൽ, ദേവ എന്നിൽ വേരിട്ട അന്ന് വരെ തിരഞ്ഞിരുന്നു

പക്ഷെ ഒന്ന് പറയാതെ വയ്യ സത്യത്തിൽ ഗർഭിണി ആയപ്പോൾ ആണ് നിങ്ങൾക്ക് എന്നെ വികാരങ്ങൾ ഉള്ള ഒരു ജീവിയായി തോന്നിയത് തന്നെ

അപ്പോൾ എനിക്കു ശർദ്ധലിനോട് കാലിലെ നീരിനോട് എന്തിനു ക്ഷീണത്തിനോട് പോലും എനിക്കൊരു ഇഷ്ട്ടം തോന്നിപോയി

അമ്മ… മ്മ് നിങ്ങളുടെ അമ്മ മുത്തശ്ശിയായി മാറുന്നത് വരെ നിങ്ങൾ എനിക്കു ദാനം നൽകിയ കരുതൽ

പിന്നെ ഞാൻ ഒരർത്ഥത്തിൽ പറഞ്ഞാൽ

പ്രണയം പട്ടാളക്കാരനോട്…

ഇഷ്ട്ടം ഗർഭവസ്ഥയോട്…

പിന്നെ നിങ്ങളോട് അതൊരു നിർവികാരതയാണ്… ഞാനും പലപ്പോഴും ചിന്തിക്കാറുണ്ട് പക്ഷെ അതങ്ങനെ നീണ്ടു പോകാറില്ല അച്ഛന്റെ അമ്മയുടെ പിന്നെ നമ്മുടെ മകളുടെയും പുഞ്ചിരിക്കുന്ന മുഖങ്ങൾ

പക്ഷെ അതിലൊരിക്കലും നിങ്ങളുടെ സ്നേഹത്തോടെയുള്ള മുഖം വരാറില്ല അരവിന്ദ്,

പക്ഷെ നിങ്ങളുടെ ഉള്ളിൽ പലപ്പോഴും ചിലങ്കയുടെ താളം കേട്ടിട്ടുണ്ട്…നൃത്തം ചെയ്യുന്ന ഒരുവളോട് തോന്നിയ പ്രണയമോ അതോ…മറ്റൊരു കാരണമോ…

അതൊന്നും എനിക്കറിയേണ്ട പക്ഷെ ആ മുഖം മനസ്സിൽ അത്ര ആഴത്തിൽ പതിഞ്ഞിരുന്നു എങ്കിൽ… പിന്നെ ന്തിനാണ് ആ “ആർട്ട്‌ ആൻഡ് ക്രാഫ്റ്റ്” ഇങ്ങനെ സൂക്ഷിക്കുന്നത്

കരവിരുത്കൾ നല്ലതു തന്നെ പക്ഷെ നിങ്ങളുടെ എല്ലാ പത്രത്തിന്റെയ് കീറി മുറിച്ചു ഒട്ടിച്ച താളുകളിൽ നൃത്തം ചെയ്യുന്ന പെൺകുട്ടി ഉണ്ട് “ഒരേ മുഖമുള്ളവൾ”

ഇതിനൊന്നും മറുപടി ഇല്ലാ എങ്കിൽ നിങ്ങൾ നിങ്ങളെ തന്നെ ചതിക്കുകയാണ് അരവിന്ദ്

ഒരു പക്ഷെ നിങ്ങളെ പേര് വിളിക്കുകയും മറ്റുള്ളവരുടെ മുന്നിൽ ബഹുമാനത്തോടെ ഏട്ടാ നോക്കെ വിളിക്കുന്ന എന്നെക്കാളും ഉപരി നിങ്ങൾ നിങ്ങളെ തന്നെ ചതിക്കുന്നു…

സ്നേഹമൊരു വിശ്വാസമാണ് അരവിന്ദ്, സ്വയം വിശ്വാസ വഞ്ചന ചെയ്യാതെ ഇരിക്കു

എനിക്കു തന്നോട് പ്രണയം തോന്നുന്നുണ്ടോ എന്നു ആലോചിക്കും മുൻപേ സ്വയം ചോദിക്കണമായിരുന്നു എന്നെങ്കിലും അരവിന്ദ് എന്നെ സ്നേഹിച്ചിട്ടുണ്ടോന്നു ചുരുങ്ങിയ പക്ഷം ഒന്ന് മനസ്സിലാക്കാൻ എങ്കിലും

മറുപടിക്ക് കാത്തു നിന്നില്ല റേഡിയോ ഓൺ ആക്കി, ചായക്ക് വെള്ളം വെച്ചു

പിന്നണിയിൽ പാട്ടു ഒഴുകി നടന്നു

“””അകലെയൊരു കാടിന്റെ, നടുവിലൊരു പൂവിൽ..നുകരാതെ പോയ മധു മധുരമുണ്ടോ..അവിടെ വന്നിളവേറ്റ നാട്ടു പെൺപക്ഷിതൻ, കഥ കേൾക്കുവാൻ.. കാതു കാടിനുണ്ടോ…”””

ഇനിയെങ്കിലും നമുക്ക് നമ്മുടെ കഥ എഴുതി തുടങ്ങി കൂടെ രുദ്ര…?

എനിക്കായാളോട് ഒരു നന്ദി പറയണം എന്നുണ്ടായിരുന്നു, മാപ്പ് പറയണം എന്നും ഉണ്ടായിരുന്നു, പിന്നെ… പിന്നെ… ഇഷ്ട്ടം ആണെന്ന് പറയണം എന്നും ഉണ്ടായിരുന്നു, പക്ഷെ ഒന്നും പറഞ്ഞില്ല

ഒരു പക്ഷെ ചിലപ്പോൾ മൗനമാണ് നല്ലത് കണ്ടുപിടിക്കാൻ പറ്റുമെങ്കിൽ കണ്ടു പിടിക്കട്ടെ… ആത്മാർത്ഥമാണെങ്കിൽ മാത്രമേ അതും സാധിക്കു…

Leave a Reply

Your email address will not be published. Required fields are marked *