അധികാരത്തിൽ പരിധി വിട്ടു എന്തെങ്കിലും ഞാൻ ചെയ്ത് പോയാലോ എന്നൊരു പേടിയായിയിരുന്നു. അത് കാരണമാണ്..

(രചന: അപൂർവ്വ ആനന്ദ്)

“”ആ വാലിനോട് ഒന്ന് എവിടെയെങ്കിലും അടങ്ങിയിരിക്കാൻ പറ അമ്മേ… ഇന്ന് ലൈബ്രറിയിലും വാല് പോലെ എന്റെ പുറകെ തന്നെയുണ്ടാരുന്നു.

കുട്ടന്റെ വാലാണോ എന്ന് വിഷ്ണു ചോദിച്ചതും, നീ പോടാ പറ്റിയെന്നു അവളെ ചീത്തയും വിളിച്ചു.. ഇതിനെ കൊണ്ട് ഞാൻ എന്താ ചെയ്യുക??കുറച്ചൊക്കെ മര്യാദ കാണിക്കാൻ പറ അമ്മയുടെ പുന്നാര അമ്മുവിനോട്. പൊട്ടി പെണ്ണ്…””

വീട്ടിലേക്ക് വന്നു കയറിയ ഉടനെ കിരൺ പറഞ്ഞതും, ഇന്നും അമ്മു അവന്റെ പുറകെ നടനെന്ന് മനസിലായി. എത്രയൊക്കെ പറഞ്ഞാലും ശങ്കരൻ പിന്നെയും തെങ്ങിൽ എന്ന് പറഞ്ഞ അവസ്ഥയാണ്. അവൾ നന്നാവില്ല.

ആകെയുള്ള ഒരു ആങ്ങളയുടെ മോളായത് കൊണ്ട് ആവിശ്യത്തിലധികം അവളെ ലാളിച്ചാണ് വളർത്തിയത്.

ഇപ്പോൾ അവളെ ചീത്ത വിളിച്ച കിരണിന് ഒരു സമയം ഏറ്റവും പ്രിയപ്പെട്ടതായിരുന്നു അമ്മു. അവന്റെ അമ്മുസ്… ചെറുപ്പം മുതൽ പറയുന്നതാണ് കുട്ടന്റെയാണ് അമ്മുട്ടിയെന്ന്. പക്ഷെ ആഗ്രഹിക്കുന്നത് നടക്കണമെന്നില്ലല്ലോ. വളർന്നു വരുന്നതിനു അനുസരിച്ചു കിരൺ അമ്മുവിൽ നിന്നും അകലാൻ തുടങ്ങി.

ആദ്യമൊക്കെ അമ്മുവിനോട് എന്തെങ്കിലും പറഞ്ഞു വഴക്കിടുന്നവൻ, പിന്നീട് അവൾ എന്ത് ചെയ്താലും അതിലെല്ലാം കുറ്റങ്ങൾ മാത്രം കണ്ട് പിടിക്കാൻ തുടങ്ങി. ആദ്യമൊക്കെ അതെല്ലാം കേട്ടു കരഞ്ഞു നടന്നവൾ, പിന്നീട് അവൻ എന്തൊക്കെ പറഞ്ഞാലും, ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമേയല്ല എന്ന പോലെ വീണ്ടും വീണ്ടും ഓരോ കാര്യം പറഞ്ഞു ശല്യം ചെയ്യും.

എത്രയൊക്കെ വഴക്കാണെങ്കിലും, ഒരു ദിവസം അവൾ സംസാരിക്കാതിരുന്നാൽ, പുറകെ നടന്നു പിണക്കം മാറ്റാൻ നടക്കുന്നതും കാണാം…

കാണുന്നവർക്ക് അതൊരു രസമാണ്. അതെല്ലാം സ്നേഹകൂടുതൽ കൊണ്ടാണെന്ന് വീട്ടുകാർ കരുതിയപ്പോൾ, അത് അങ്ങനെയൊന്നുമല്ലെന്ന് അവളും ആരോടും പറഞ്ഞില്ല. കാരണം, എന്തൊക്കെ പറഞ്ഞാലും, കിരണിന് അവൾ ജീവനാണെന്നു എല്ലാവർക്കും അറിയുന്ന പരസ്യമായ രഹസ്യവും.!

രാവിലെ തന്നെ കോളേജിലേക്ക് പോകാൻ ഇറങ്ങിയപ്പോഴേക്കും അമ്മു ഒരു ബാഗുമായി കിരണിന്റെ ബൈക്കിന്റെ മുന്നിലേക്ക് ചാടിയിരുന്നു.

“”എവിടെ നോക്കിയാണെടി പുല്ലേ നീ നടക്കുന്നത്??? ബൈക്കിന്റെ മുന്നിൽ നിന്നു സർക്കസ് കളിക്കാതെ മര്യാദക്ക് മാറാൻ നോക്ക് അമ്മു….””

കിരൺ അലറിയതും, അമ്മു അതിനു അവനെ നോക്കി നന്നായി ചിരിച്ചു കാണിച്ചു. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഞാൻ നന്നാവില്ല മനുഷ്യാ എന്ന് പറയുന്നത് പോലെ.

“”എന്തിനാ കുട്ടേട്ടാ എന്നോട് ഇങ്ങനെ ദേഷ്യം?? ഞാനൊരു പാവമായത് കൊണ്ടല്ലേ പിന്നെയും ഒരു ഉളുപ്പുമില്ലാതെ നിങ്ങളുടെ പുറകെ വരുന്നത്. സ്മരണ വേണം മനുഷ്യാ സ്മരണ. ഇനി എന്തൊക്കെ പറഞ്ഞാലും, ഈ ശല്യം ഒഴിഞ്ഞു പോകില്ല. അങ്ങനെ പോകുന്നെങ്കിൽ, അത് ഞാൻ തട്ടി പോകുമ്പോഴായിരിക്കും. അല്ല, ഞാൻ തട്ടി പോയാൽ കുട്ടേട്ടൻ കൂട്ടുകാർക്ക് ട്രീറ്റ് കൊടുത്തു ആഘോഷിക്കുമെന്നറിയാം. എങ്കിലും പറഞ്ഞതാ…””

പ്രത്യേകിച്ച് വികാരമൊന്നുമില്ലാതെ അമ്മു പറഞ്ഞതും, കിരൺ അതിനു ഒന്നും തന്നെ തിരിച്ചു പറഞ്ഞില്ല.

“”നിന്റെ ഡയലോഗ് കഴിഞ്ഞെങ്കിൽ വണ്ടിയുടെ മുന്നിൽ നിന്നും മാരടി. എനിക്ക് കോളേജിൽ പോകണം….””

“”അയ്യടാ മനമേ… അങ്ങനെയിപ്പോൾ ഒറ്റയ്ക്ക് കോളേജിൽ പോകണ്ട. ഞാനും വരും കൂടെ. കഷ്ടപ്പെട്ട് കുട്ടേട്ടന്റെ കോളേജിൽ തന്നെ ഡിഗ്രിക്ക് അഡ്മിഷൻ വാങ്ങിയത് അത്ര നേരം കൂടി കുട്ടേട്ടന്റെ കണ്ടിരിക്കാനാണ്. പോകുന്നെങ്കിൽ ഞാനും വരും കൂടെ…””

അത്ര മാത്രം പറഞ്ഞു പിന്നീടൊരു സംസാരത്തിനു നിൽക്കാതെ അമ്മു ബൈക്കിനു പുറകിൽ കയറിയതും, അവൻ ദയനീയമായി അമ്മയെ നോക്കി. അവിടെ പക്ഷെ പ്രത്യേകിച്ച് ഒരു ഭാവവുമില്ല…

അവസാനം കിരണിന്റെ കൂടെ തന്നെ അമ്മു കോളേജിലേക്ക് പോയതും, അവൾക്ക് എന്തോ നേടിയ സന്തോഷമായിരുന്നു. അഡ്മിഷൻ എടുക്കാനല്ലാതെ ആദ്യമായിട്ടാണ് കോളേജിലേക്ക് പോകുന്നത്. അതിന്റെ എല്ലാ കൗതുകവുമുണ്ട് അവൾക്ക്…

കിരണിന്റെ കൂടെ കോളേജിലേക്ക് ചെന്നതിനു ശേഷം അവൾ അവനെ ചുറ്റി പറ്റി നിന്നെങ്കിലും, അവസാനം ചെക്കന്റെ കണ്ണുരുട്ടലിൽ പെണ്ണ് ക്ലാസ്സിലേക്ക് പൊയി. തിരിച്ചു വന്നതും അവനൊപ്പം തന്നെയാണ്. തന്നെ കാത്തു നിൽക്കാതെ പോകുമെന്ന് അമ്മു പ്രതീക്ഷിച്ചെങ്കിലും, ബൈക്കുമായി അവൻ നിൽക്കുന്നത് കണ്ടപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു അവൾക്ക്. എന്തൊക്കെയോ നേടിയ പോലെ.

പിന്നീട് ഓരോ ദിവസവും ഇത് തന്നെയാരുന്നു. വരുന്നതും പോകുന്നതും കിരണിന്റെ കൂടെ. ആരാണെന്ന് ചോദിക്കുമ്പോൾ, ഇതെന്റെ കുട്ടേട്ടനാണെന്ന് പറയാൻ അവൾക്ക് വല്ലാത്ത ഉത്സാഹമായിരുന്നു.

പതിവ് പോലെ ഒരു ദിവസം കിരണിന്റെ ബൈക്കിൽ കയറാൻ വന്നപ്പോൾ കണ്ടു അവൻ മറ്റൊരു പെണ്ണിനെ ബൈക്കിന്റെ പുറകിൽ കയറ്റിയത്. അടുത്തേക്ക് വന്നപ്പോൾ തന്നോട് പറഞ്ഞത് കേട്ടു വീണ്ടും സങ്കടമായി.

“”ഇന്ന് എനിക്ക് കാവ്യയുടെ കൂടെ ഒരിടം വരെ പോകണം അമ്മു. നീ ബസിനു പോ. ഞാൻ വരാൻ അല്പം വൈകും. കൈയിൽ പൈസയുണ്ടല്ലോ???””

കിരൺ ചോദിച്ചതും, അതിനു വെറുതെ തലയാട്ടി. പിന്നീട് ഒന്നും ചോദിക്കാതെ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ കണ്ടു, അവന്റെ തോളിൽ പിടിച്ചിരുന്നു പോകുന്ന കാവ്യയെ… നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതെ തുടയ്ക്കുമ്പോൾ, എങ്ങനെയും വീട്ടിലെത്തിയാൽ മതിയെന്നായിരുന്നു അവൾക്ക്…

പിന്നീടുള്ള ദിവസങ്ങൾ അമ്മു മനപ്പൂർവം കിരണിൽ നിന്നും അകന്നു. കോളേജിൽ പോകുന്നത് അവനൊപ്പമാണെങ്കിലും, ഒരു വാക്ക് കൊണ്ട് പോലും അമ്മു അവളുടെ കുട്ടേട്ടനെ ശല്യപ്പെടുത്തിയില്ല. ഇതെല്ലാം കിരൺ ശ്രദ്ധിച്ചെങ്കിലും, അവനായി ഒന്നും ചോദിക്കാനും നിന്നില്ല.

പക്ഷെ ഓരോ ദിവസവും കൂടി വരുന്ന അവളുടെ മൗനം സഹിക്കാൻ പറ്റില്ലെന്നായപ്പോഴേക്കും അവന്റെ ഒച്ച ഉയർന്നിരുന്നു.

“”നിന്റെ വായിൽ ആരെങ്കിലും എന്തെങ്കിലും കുത്തി കയറ്റിയോടി പുല്ലേ?? കുറെ ദിവസമായി ഞാൻ കാണുന്നു നിന്റെ ഈ മൗനവൃതം. നേരുത്തേ ഇല്ലാത്ത കാര്യം പറഞ്ഞു അടിയിടാൻ നല്ല മിടുക്കയിരുന്നെല്ലോ. എന്നിട്ടിപ്പോൾ അവൾക്കൊന്നും സംസാരിക്കാൻ പോലും പറ്റില്ല. എന്താ ശെരിക്കും നിന്റെ പ്രശ്നം???””

കാര്യമായി തന്നെ കിരൺ ചോദിച്ചതും, അതിനു മറുപടിയായി ഒന്നും പറയാതെ വെറുതെ അവനെ തന്നെ നോക്കി നിന്നവൾ.

“”എന്തായാലും പറയാതെ ഞാൻ എങ്ങനെ അറിയും അമ്മുസേ???””

ദയനീയമായിരുന്നു അവന്റെ വാക്കുകൾ…

“”എന്തിനാ ഞാൻ സംസാരിച്ചിട്ട്?? അല്ലെങ്കിലും കുട്ടേട്ടന് ഞാൻ എപ്പോഴും ശല്യമല്ലേ… വഴക്ക് പറയാനല്ലാതെ എന്നോട് ഒന്ന് സംസാരിക്കുക പോലുമില്ല. ആദ്യമൊക്കെ ഞാൻ കരുതി, എന്നെ ഇഷ്ടമായിരിക്കും, വെറുതെ കളിപ്പിക്കുന്നതായിരിക്കും ഇങ്ങനെയെന്ന്..

പക്ഷെ കുട്ടേട്ടന് കാവ്യ ചേച്ചിയെ ഇഷ്ടമായത് കൊണ്ടല്ലേ എന്നെ ഇങ്ങനെ അവഗണിക്കുന്നത്?? ഒരു ദിവസം എന്നെ കേറ്റാതെ ചേച്ചിയുടെ കൂടെ കറങ്ങാൻ പോയില്ലേ?? എന്നിട്ടിപ്പോൾ ഞാൻ സംസാരിക്കണം പോലും. സൗകര്യമില്ല. പൊയി നിങ്ങളുടെ കാവ്യയോട് പറ….””

പിണങ്ങി അമ്മു പറഞ്ഞതും, ആദ്യം കാര്യം മനസിലായില്ലെങ്കിലും, അതൊരു ചിരിയാകാൻ അധിക സമയം വേണ്ടി വന്നില്ല..

“”ടി പൊട്ടി… നിന്നെ ഇഷ്ടമല്ലെങ്കിൽ എന്റെ കൂടെ തന്നെ ദിവസവും ഞാൻ കൊണ്ട് നടക്കുമോ?? ഓരോ തവണ നിന്നോട് ദേഷ്യപ്പെടുമ്പോഴും, പിന്നീട് മിണ്ടാതെ നടക്കുന്നവളെ ഞാൻ തന്നെ എന്തെങ്കിലും പറഞ്ഞു ചൊറിയാറില്ലേ?? ഒരു അകലം പാലിച്ചു എന്നത് ശെരിയാണ്. അത് നിനക്ക് സങ്കടമാണെന്നും അറിയാം..

പക്ഷെ എന്തോ അങ്ങനെ ചെയ്യാൻ തോന്നി.. എന്റെയാണ് നീയെന്ന് എല്ലാവരും പറയാറുണ്ടെങ്കിലും, ആ അധികാരത്തിൽ പരിധി വിട്ടു എന്തെങ്കിലും ഞാൻ ചെയ്ത് പോയാലോ എന്നൊരു പേടിയായിയിരുന്നു. അത് കാരണമാണ് ഇങ്ങനെ അവഗണിച്ചത്.. ചെയ്തത് തെറ്റാണ്.. സോറി ടി…

പക്ഷെ നീയിങ്ങനെ സംസാരിക്കാതെ നടക്കുമ്പോൾ… അത് മാത്രം എനിക്ക് സഹിക്കില്ല. നിന്നോട് വഴക്കിടാതെ ഒരു ദിവസം പോലും എനിക്ക് പറ്റില്ല പൊന്നെ…””

അമ്മുവിനെ ചേർത്തു പിടിച്ചു കിരൺ പറഞ്ഞതും, അമ്മു അവനിൽ നിന്നും കുതറി മാറി.

“”കൂടുതൽ കൊഞ്ചാൻ വരല്ലേ. എന്തൊക്കെ പറഞ്ഞാലും എന്നോട് ബസിൽ പോകാൻ പറഞ്ഞിട്ടു ആ കാവ്യാ ചേച്ചിയെ ബൈക്കിൽ കയറിയില്ലേ.. അതോ???””

ദേഷ്യത്തോടെ അമ്മു പറഞ്ഞതും, കിരൺ അറിയാതെ തലയിൽ കൈ വെച്ചു.

“”എന്റെ പൊന്ന് മോളെ… അവളുടെ അപ്പുപ്പൻ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി. പെട്ടെന്ന് ഹോസ്പിറ്റലിൽ പോകണമെന്ന് പറഞ്ഞപ്പോൾ ഞാനാണ് പറഞ്ഞത്, കൊണ്ട് വിടാമെന്ന്. ആ ഒരു ദിവസമല്ലാതെ ഒരിക്കലെങ്കിലും നിന്നെ ഞാൻ ഒറ്റയ്ക്ക് വീട്ടിട്ടുണ്ടോ?? എന്നിട്ടാണ് ഇങ്ങനെ പിണങ്ങുന്നത്…””

“”അത് പിന്നെ.. എന്റെ പ്രോപ്പർട്ടിയിൽ മറ്റൊരാൾ അവകാശം പറയുന്നതൊന്നും എനിക്കിഷ്ടമല്ല. അത് കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല.. അതാണ്‌…””

“”മ്മ്മ്… ഇനി ഇങ്ങനെ പിണങ്ങുമോ???””

കിരൺ ചോദിച്ചതും, അതിനു അമ്മുവിന്റെ ഉത്തരം തിരിച്ചൊരു ചോദ്യമായിരുന്നു.

“”പിണങ്ങില്ല. പക്ഷെ ഇനി എന്നോട് എപ്പോഴും ദേഷ്യപ്പെടുമോ????””

പറയാനുള്ളതെല്ലാം അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ ശേഷം, കിരണിന്റെ നെഞ്ചിൽ ചേർന്നു നിൽക്കുമ്പോൾ എന്തൊക്കെയോ നേടിയ സന്തോഷമായിരുന്നു അവൾക്ക്….