കുഞ്ഞിന് പാല് കൊടുത്തിരിക്കുമ്പോഴാണ് അയാൾ പെട്ടന്ന് റൂമിലേക്ക്‌ കയറിവന്നത്, എന്തു ചെയ്യണമെന്ന് അറിയാതെ ഒരുവേള..

(രചന: അനു)

ഈ കാര്യവും പറഞ്ഞു ഇനിയാരും ഇങ്ങോട്ടേക്ക് വരരുത്. കൈകൂപ്പി തൊഴുതുകൊണ്ട് മായ പറഞ്ഞു. അവളെ പറഞ്ഞു തിരുത്താനുള്ള യോഗ്യതപോലും മുന്നിൽ നിൽക്കുന്നവർക്ക് ഉണ്ടായിരുന്നില്ല.

രാജേഷിന്റെ വാക്കുകൾ കേട്ട് ഒരുപാടു വേദനിപ്പിച്ചിട്ടുണ്ട് കുത്തുവാക്കുകൾ കൊണ്ട് മൂടിയിട്ടുണ്ട് പക്ഷെ ഇന്നതെല്ലാം കള്ളം ആണെന്ന് തിരിച്ചറിയുമ്പോൾ, അറിയാൻ കഴിയുന്നുണ്ട് ചെയ്തുപോയ തെറ്റിന്റെ ആഴം.

മകളുടെ ഭർത്താവിന്റെ ഭാഗം മാത്രം കേട്ട് മകന്റെ ഭാര്യയെ തെറ്റുകാരിയായി കണ്ടു . പക്ഷെ സത്യങ്ങൾ അറിഞ്ഞു വന്നപ്പോഴേക്കും മകന്റെ ജീവിതം കൈവിട്ട് പോയിരുന്നു .അവസാന ശ്രമമെന്നോണം ആണ് ഇവിടേക്ക് ഇന്ന് വന്നത്.

മായയെ വീട്ടിലേക്ക് വിവാഹം കഴിച്ചു കൊണ്ടുവന്നപ്പോൾ ഏറെ സന്തോഷിച്ചത് അച്ഛനും അമ്മയും ആയിരുന്നു.കാണാൻ സുന്ദരിയും നല്ല വിദ്യാഭ്യാസ യോഗ്യതയുമൊക്കെയുള്ളയൊരു പെണ്ണ്. ജീവന് പറ്റിയ പെൺകുട്ടി.

അവനും അവളെ ജീവനായിരുന്നു.

ജീവന് കപ്പലിൽ ആയിരുന്നു ജോലി. ആറുമാസം കൂടിയിരിക്കുമ്പോൾ നാട്ടിലേക്ക് വരും.അങ്ങനെ സമാധാനത്തോടെയും സന്തോഷത്തോടെ കഴിഞ്ഞുപോയിക്കുണ്ടിരുന്നു നാളുകൾ.

ജീവന് ഒരു സഹോദരിയാനുള്ളത് ജിനി. കൂടെപിറപ്പിനെ പ്രാണനെ പോലെയാണ് ജീവൻ കൊണ്ട് നടന്നത്.

സ്വകാര്യാ ആശുപത്രിയിലെ ഡെന്റൽ ഡോക്ടർ ആണ് ജിനിയുടെ ഭർത്താവ് രാജേഷ് .അവർക്ക് രണ്ടു കുട്ടികളും .

കല്യാണം കഴിഞ്ഞ് ഒന്നര മാസം ആയപ്പോൾ ജീവൻ തിരികെ ജോലി സ്ഥലത്തേക്ക് പോയി. മായ ബാങ്ക് കൊച്ചിങ്ങിനും പോയി തുടങ്ങി.

ജിനിയും ഭർത്താവും കുട്ടികളുമൊക്കെ അവധിയുള്ളപ്പോൾ വീട്ടിൽ വന്നു നിൽക്കും.രണ്ടു ദിവസമൊക്കെ കഴിഞ്ഞേ തിരികെ പോകാറുള്ളൂ.

ആദ്യമൊക്കെ ചേച്ചിയും കുട്ടികളും ചേട്ടനും ഒക്കെ വരുമ്പോൾ സന്തോഷമായിരുന്നു. പിന്നീട് ചേട്ടന്റെ ഭാഗത്തുനിന്നും മോശമായ പ്രവർത്തികൾ കണ്ടു തുടങ്ങി.

വഷളത്തരം നിറഞ്ഞ നേട്ടങ്ങളും അർഥം വെച്ചുള്ള ചില സംസാരങ്ങളുമൊക്കെ തുടങ്ങിയപ്പോൾ അയാളിൽ നിന്ന് അകലം പാലിച്ചു തുടങ്ങിയിരുന്നു.

അടുക്കളയിലേക്ക് കയറി വരുമ്പോഴും ഭക്ഷണം വിളമ്പുമ്പോഴുമൊക്കെ ചെറിയ തട്ടലും ഉരസ്സലുമൊക്കെ അയാളിൽ നിന്നു ഉണ്ടായി തുടങ്ങിയപ്പോൾ ജീവനോട് തന്നെ പറയാൻ തീരുമാനിച്ചു.

രാജേഷേട്ടനെ കുറിച്ച് എനിക്കൊരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ ആള് ഇങ്ങോട്ട് പറഞ്ഞു. ഞാൻ എല്ലാം അറിഞ്ഞുന്നു.

ഒരു നിമിഷം ഒന്ന് പകച്ചു പോയി. രാജേഷേട്ടനെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടും ഇങ്ങനെ സംസാരിക്കാൻ എങ്ങനെ കഴിയുന്നു ജീവേട്ടന്…ഞാൻ ചിന്തിച്ചു.

നിനക്ക് അളിയനോട് എന്തോ ദേഷ്യം ഉണ്ടെന്ന് ,അവരൊക്കെ വന്നാൽ നീ റൂമിൽ കയറി അടച്ചിരിക്കുമെന്നും… അവര് അവിടെ വരുന്നത് നിനക്ക് ഇഷ്ടമല്ലന്നോക്കെ അളിയൻ പറഞ്ഞു.

ജീവൻ പറയുന്നത് കേട്ട് മായ ഞെട്ടിപ്പോയി. ഇങ്ങനെയും ആളുകൾ നുണ പറയുമോ.?

അന്ന് ഫോൺ വയ്ക്കുന്നതിനുമുമ്പ് ജീവൻ കുറെ ഉപദേശങ്ങളൊക്കെ കൊടുത്തു . ജിനിയും അളിയനും മക്കളുമോന്നും വരുമ്പോൾ അങ്ങനെ കാണിക്കരുത്. അവര് വരുമ്പോൾ മുറിയടച്ചു ഇരിക്കരുന്നത് എന്നൊക്കെ.

തർക്കിക്കാനോ തെളിവ് നിർത്താനോ എന്റെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല.

കല്യാണം കഴിഞ്ഞു ഒന്നര വർഷം കഴിഞ്ഞപ്പോൾ മായ്ക്കും ജീവനും ഒരു ആൺകുട്ടി ജനിച്ചു. ഇതിനിടയിൽ ഒന്ന് രണ്ടു വെട്ടം ജീവൻ നാട്ടിൽ വന്നിട്ട് തിരികെ പോയി.

മോന്റെ നൂല് കെട്ട് കഴിഞ്ഞു പ്രസവത്തിനു പോയവളെ തിരികെ വീട്ടിൽ വിളിച്ചു കൊണ്ടുവന്ന ശേഷമാണ് ജീവൻ തിരികെപോയത്.

അങ്ങനെയിരിക്കെ ഒരു ദിവസം ചേച്ചിയും കുടുംബവും വീട്ടിലെത്തി. ഉച്ച ഊണ് കഴിഞ്ഞു എല്ലാവരും വിശ്രമിക്കാനായി മുറികളിലേക്ക് കയറി കുട്ടികൾ രണ്ടും ഹാളിലിരുന്നു ടിവി കാണുന്നത് കണ്ടാണ് മുറിയിലേക്ക് കയറി പോരുന്നത്. കതക് ചാരിയിട്ടിരുന്നതേയുള്ളൂ.

കുഞ്ഞിന് പാല് കൊടുത്തിരിക്കുമ്പോഴാണ് അയാൾ പെട്ടന്ന് റൂമിലേക്ക്‌ കയറിവന്നത്. എന്തു ചെയ്യണമെന്ന് അറിയാതെ ഒരുവേള പകച്ചുപോയി…

മോളും കൊച്ചുമക്കളും വരുമ്പോൾ വാതിലടച്ചിരിക്കുമെന്ന പരാതിയുള്ളതിനാൽ പകൽ സമയങ്ങളിൽ കതകു ലോക്ക് ചെയ്യാറില്ല.

കുഞ്ഞിനെ അകറ്റി മാറ്റികൊണ്ട് വസ്ത്രം നേരെയാക്കി ബെഡിൽ നിന്നു ചാടിയെഴുന്നേറ്റ് അയാളോട് ദേഷ്യത്തിൽ എന്തൊക്കെയോ സംസാരിച്ചു.

ഒച്ചയും ബഹളവും കേട്ട് അമ്മയും അച്ഛനും ചേച്ചിയുമൊക്കെ കയറി വന്നു. അത്രയും നേരം കാമം നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്ന അയാളുടെ മുഖം നിഷ്കളങ്കതയുടെ നിറകുടമായി മാറി.

കുഞ്ഞു കരയുന്ന സൗണ്ട് കേട്ട് നോക്കാൻ വന്നതാണ് അത് ഇഷ്ടപ്പെടപ്പെടാതെ ഞാൻ കിടന്നു ബഹളം വെച്ചതെന്നു പറഞ്ഞു പഴി മുഴുവൻ എന്നിലേക്ക്‌ ചാരി. അച്ഛനും അമ്മയ്ക്കുമൊക്കെ കുറച്ച് നാളുകളായി എന്നോട് മാറി നിന്ന അകൽച്ച വീണ്ടും പഴയതുപോലെ ഉടലെടുത്തു.

അതിനെ തുടർന്നു ചെറിയ ചെറിയ വഴക്കുകൾ വീട്ടിൽ ഉണ്ടായികൊണ്ടിരുന്നു. ജീവേട്ടനും എന്റെ കയ്യിലെ കുഴപ്പമാണെന്ന് പറഞ്ഞു ശകാരിച്ചു. വേദന തോന്നിപോയി.

ആരോടും പറയാൻ…. ചെറുപ്പത്തിലേ അമ്മ നഷ്ടമായി പോയിരുന്നു. ഏട്ടൻ കല്യാണം കഴിച്ചു കുടുംബവുമായി കഴിയുന്നു. വല്ലപ്പോഴും വിളിച്ചു തിരക്കിയാൽ ആയി.

ആകെയുള്ളത് അച്ഛനാണ്. വയസ്സായിരിക്കുന്ന അച്ഛനെ വിഷമിപ്പിക്കേണ്ടെന്നു കരുതി ഒന്നും പറയാൻ പോയില്ല. ഇടക്ക് വീട്ടിൽ വന്നാലും പിന്നീട് അയാളോട് മിണ്ടാൻ നിൽക്കാറില്ല അതിന്റെയൊക്കെ ദേഷ്യം ചേച്ചിക്കും ഉണ്ടായിരുന്നു.

ജീവേട്ടന് നാട്ടിലെത്താൻ കഴിഞ്ഞില്ലെങ്കിലും അച്ചുട്ടന്റെ ഒന്നാം പിറന്നാള് ആർഭാടമായി തന്നെ ആഘോഷിച്ചിരുന്നു.

അന്ന് രാത്രിയിൽ കുഞ്ഞിന് പാലുകൊടുത്തു ഉറക്കിയ ശേഷം വെള്ളം കുടിക്കായി ജഗ്ഗ് കയ്യിലെടുത്തു നോക്കിയപ്പോഴാണ് വെള്ളം തീർന്നിരിക്കുന്നത് കണ്ടത്.

ഡൈനിംഗ് ടേബിളിന് അരികിലേക്ക് നടന്നു ചെന്നു ജഗ്ഗ് എടുത്തതും പിറകിൽ നിന്നാരോ വട്ടം ചുറ്റിപിടിച്ചു കയ്യിലുണ്ടായിരുന്ന ഗ്ലാസ്സ് ജഗ്ഗ്‌ താഴെ വീണുടുഞ്ഞു പോയിരുന്നു

അതിന്റെ ശബ്ദം കേട്ടുകൊണ്ട് ഇറങ്ങി വന്ന അച്ഛനും അമ്മയും കാണുന്നത് അയാളുടെ കൈകളിൽ പിടിച്ചു നിൽക്കുന്ന എന്നെയാണ്.

അയാളിൽ നിന്ന് കുതറി മാറി കൊണ്ട് എന്നെ വീണ്ടും കയറി പിടിക്കാൻ വന്ന കൈകളെ ബലമായി പിടിച്ചു നിർത്താൻ ശ്രമിച്ചതാണ്. പക്ഷെ അവരുടെ മുന്നിൽ…. ഞാൻ തെറ്റുകാരിയായി.

ചേച്ചിയും മുറിയിൽ നിന്നിറങ്ങി വന്നു.

പകച്ചു നിൽക്കുന്ന എന്റെ മുഖത്തേക്കും വിളറിയ മുഖത്തോടെ നിൽക്കുന്ന അയാളുടെ മുഖത്തേക്കും മാറിമാറി നോക്കികൊണ്ട്‌ കാര്യം തിരക്കി.

എന്റെ ജിനി എത്ര തവണ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചതാണെന്നു അറിയോ.. സഹോദരന്റെ സ്ഥാനത്തു കാണേണ്ട എന്നെയാണ് ഈ മായ…. നിനക്കറിയാല്ലോ എന്നെ, നീയും മക്കളും കഴിഞ്ഞിട്ടേയുള്ളു മറ്റാരും എനിക്ക്.

അയാളുടെ പൊതുവായുള്ള പാവത്തം നിറഞ്ഞ പതിഞ്ഞ സ്വരത്തിൽ അവരെല്ലാം വിശ്വസിച്ചു.

ഞാൻ പറയാനായി വന്നതു അയാൾ മൊബൈൽ എടുത്തു ചേച്ചിയെ കാണിച്ചു. അതിൽ രാത്രിയിൽ മുറിയിലേക്ക് വരണമെന്നുള്ള msg എന്റെ ഫോണിൽ നിന്നും ചെന്നു കിടക്കുന്നു .

എന്റെ തല കറങ്ങുന്ന പോലെ തോന്നി. മെസ്സേജ് അയച്ചെന്നോ കണ്ണുകളിലേക്ക് ഇരുട്ട് കേറുന്നപോലെ പോലെ തോന്നി. മുഖത്തൊരു തരിപ്പും. ജിനി ചേച്ചിയുടെ കൈവിരൽ പതിഞ്ഞ കവിളിൽ അവൾ കൈ ചേർത്തുവെച്ചു.

കുറ്റവാളിയെ പോലെ എല്ലാവരുടെയും മുന്നിൽ തലകുനിച്ചു നിൽക്കേണ്ടി വന്നു. കേട്ടാൽ അറക്കുന്ന വാക്കുകളൊക്കെ എന്റെ ചെവിയിലേക്കു മുഴങ്ങി കേട്ടു.

ആശ്രയമില്ലാതെ ഭിത്തിമേൽ പിടിച്ചുകൊണ്ടു താഴേക്ക്‌ ഉർന്നിറങ്ങിയിരുന്നു.

എന്റെ ഭർത്താവിനെയല്ലാതെ നിനക്ക് വേറെ ആരെയും കിട്ടിയില്ലെടി പിഴച്ചവളെ.

നിസ്സഹായതയോടെ ചേച്ചിയുടെ മുഖത്തേക്ക് നോക്കി വിലങ്ങനെ തല ചലിപ്പിച്ചു. എന്തു പറഞ്ഞാണ് ഇവരെ വിശ്വസിപ്പിക്കേണ്ടത്.

എല്ലാം മാർഗ്ഗങ്ങളും അടച്ചുകൊണ്ടാണ് അയാൾ തന്നെ കുടുക്കിയിരിക്കുന്നത്. പിറന്നാൾ ആഘോഷത്തിന്റെ തിരക്കിനിടയിൽ ഫോൺ നോക്കിയതു പോലുമില്ല.

അടുക്കളയിൽ ഇരുന്നു ഫോണിൽ നിന്ന് അയാൾ തന്നെയാണ് മെസ്സേജ് അയച്ചത് എന്ന് എനിക്ക് മനസ്സിലായി. പക്ഷേ ഞാനെന്തു പറഞ്ഞാലും അത് ആരും വിശ്വസിക്കില്ലന്ന് അറിയാമായിരുന്നു.

പിറ്റേന്ന് രാവിലെ ജീവേട്ടൻ വിളിച്ചു. അമ്മയും അച്ഛനും സഹോദരിയും പറഞ്ഞതൊക്കെ കേട്ടിട്ടാണ് വിളിച്ചത്.

എന്റെ ഭാഗം കേൾക്കാനോ എന്നോട് വിവരങ്ങൾ തിരക്കാനോ തയ്യാറായില്ല.

നിന്നെ പോലെയൊരു ഭാര്യയെ എനിക്ക് വേണ്ടാ. ഞാൻ നാളെ രാവിലെ അവിടെയെത്തും കണ്ടുപോകരുത് എന്റെ വീട്ടിൽ . ഒരു താക്കിയതോടെ ഫോൺ സംഭാഷണം അവസാനിപ്പിച്ചു .

അച്ഛന്റെ അരികിലേക്ക് ചെന്ന് വിവരങ്ങൾ പറഞ്ഞു എന്നാൽ ഏട്ടനും ഏട്ടത്തിക്കും ഞാൻ പറഞ്ഞതൊക്കെ വിശ്വാസമായിരുന്നില്ല. അമ്മ അവരോടും വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു

ഞാൻ അയച്ച മെസ്സേജ് സ്ക്രീൻഷോട്ട് എടുത്തു ഏട്ടനും ഏട്ടത്തിക്കും അയച്ചു കൊടുത്തു.

പേര്ദോഷം കേൾപ്പിച്ചിട്ട് വന്ന എന്നെ അവിടെ നിർത്താൻ അവർക്ക് പറ്റില്ലെന്ന് പറഞ്ഞു.

മകനെ ആശ്രയിച്ച് കഴിയുന്ന അച്ഛനും മറ്റൊരു തീരുമാനം എടുക്കാൻ കഴിയില്ലായിരുന്നു. എന്നാൽ എന്നെ ഒറ്റയ്ക്ക് വിടാനും മനസ്സ് വന്നില്ല.

എനിക്കും മോനും ഒപ്പം അച്ഛനുംട അവിടെ നിന്നിറങ്ങി. അച്ഛന്റെ പഴയ സുഹൃത്ത് വഴി ഒരു വാടക വീട് കിട്ടി.

മോന്റെ സ്വർണവും അച്ഛൻ എനിക്കായി തന്നെ സ്വർണവും എല്ലാം വിറ്റു അതിൽ നിന്നും വീടിന് അഡ്വാൻസ് കൊടുത്തു അന്ന് തന്നെ താമസവും ആരംഭിച്ചു.

നാട്ടിലെത്തിയിട്ട് എന്നെ തിരക്കാനോ മോനെ കാണാനോ ജീവേട്ടൻ വന്നില്ല.

ഡിവോഴ്സ് നോട്ടീസ് അയച്ചു തന്നു വിശ്വാസമില്ലാത്ത ഒരിടത്ത് കടിച്ചു തൂങ്ങിക്കിടക്കാൻ ഇനിയും കഴിയില്ലായിരുന്നു ഞാനും ഒപ്പിട്ടു നൽകി.

കേസും കാര്യങ്ങളൊക്കെ ഒരു വഴിക്ക് നടന്നു കൂടെ എന്റെ കോച്ചിംങ്ങും

മ്യൂച്ചൽ ഡിവോഴ്സ് ആയോണ്ട് കാര്യങ്ങളെല്ലാം പെട്ടെന്ന് നടന്നു. ജീവിതത്തിന്റെ ഏറ്റവും മനോഹരമായ ഒരറ്റത്തു നിന്നും താഴ്ച്ചയിലേക്ക് കൂപ്പുകുത്തി വീണ അവസ്ഥയിലായിരുന്നു ഞാൻ.

തകർന്നു പോയെടുത്തു നിന്നും എല്ലാം തിരിച്ചുപിടിക്കണമായിരുന്നു എനിക്ക്…എന്റെ മോന് വേണ്ടി…ഒപ്പം എന്റെ അച്ഛനും.

കോച്ചിങ്ങിനൊപ്പം ജോലിക്കും പോയി തുടങ്ങി അത്യാവശ്യം കഴിഞ്ഞു കൂടാനുള്ള വരുമാനം അവിടെ നിന്ന് കിട്ടിത്തുടങ്ങി .

ആറുമാസം കഴിഞ്ഞപ്പോൾ ബാങ്കിൽ ജോലി കിട്ടിയെന്നുള്ള അറിയിപ്പ് കിട്ടി. ജീവിക്കാൻ ഒരു പുതുവെളിച്ചം.

ഇനി ആരെയും ആശ്രയിക്കേണ്ട കാര്യമില്ല മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാതെ അന്തസ്സോടെ ജീവിക്കാൻ കഴിയുമെന്ന തോന്നൽ ശകതമായി.അതെന്നെ ഓരോ നിമിഷവും ജീവിക്കാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു

ഇതിനിടയിൽ ഡിവോഴ്സും കഴിഞ്ഞിരുന്നു.
ഇപ്പോൾ സമാധാനം…അച്ഛൻ മോൻ ഞാൻ സന്തുഷ്ടമായ ജീവിതം.

ഇടക്ക് അച്ഛൻ പറഞ്ഞറിഞ്ഞിരുന്നു ജിനിചേച്ചിയുടെ കുടുംബബന്ധവും തകർന്ന വിവരം. ഹോസ്പിറ്റലിലെ നേഴ്സുമായിട്ട് അയാൾക്ക് വഴിവിട്ട ബന്ധമുണ്ടെന്ന്… അവരുടെ കൂടെയാണ് ഇപ്പോൾ താമസമെന്ന്. അതിശയമൊന്നും തോന്നിയില്ല കേട്ടപ്പോൾ.

വാഴ്ത്തപ്പെട്ടവനായി കരുതിയവന്റെ സ്വഭാവം അറിഞ്ഞു വന്നപ്പോഴേക്കും മകന്റെ ജീവിതം കൈവിട്ടു പോയിരുന്നു.

എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ തെറ്റു മനസ്സിലാക്കി ജീവേട്ടൻ തിരിച്ചു വിളിക്കാൻ വന്നു. എല്ലാം മറന്ന് ഒന്നിച്ചോരു കുടുംബം. കുഞ്ഞിനുവേണ്ടി എങ്കിലും സമ്മതിക്കണം പോലും.

പുച്ഛം തോന്നിപ്പോയി സ്വന്തം ഭാര്യയുടെ ഭാഗം കേൾക്കാനോ വിശ്വസിക്കനോ തയ്യാറാകാത്ത ഒരാളുടെ ഒപ്പം ഇനി ജീവിക്കാൻ കഴിയില്ലെന്ന് തീർത്തു പറഞ്ഞു.

എന്റെ കണ്ണീരും സങ്കടങ്ങളും കണ്ടു വളർന്ന അച്ചൂട്ടനും അച്ഛന്റെ ഒപ്പം പോണമെന്നില്ലായിരുന്നു. അവനും അമ്മയെ മതിയെന്ന്.

എന്നെങ്കിലും ഒരിക്കൽ അവന് അവന്റെ അച്ഛന് വേണമെന്ന് തോന്നുമ്പോൾ പോകട്ടെ തടയില്ല. പക്ഷേ ഇനിയൊരു കുടുംബ ജീവിതം ജീവേട്ടനോടൊപ്പം പറ്റില്ല. തീർത്തു പറഞ്ഞു.

അവസാന ശ്രമമെന്നാണ് ഇന്ന് അമ്മയെ അച്ഛനെയും പറഞ്ഞുവിട്ടത്.

കുറ്റപ്പെടുത്തിയും ഒറ്റപ്പെടുത്തിയും ഇറക്കി വിട്ട സമയത്ത് ഞാനും എന്റെ കുഞ്ഞും എന്തെങ്കിലും കടുംകൈ ചെയ്തിരുന്നെങ്കിൽ… എന്ത് ചെയ്യുമായിരുന്നു.

ദാമ്പത്യം ബന്ധത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് പരസ്പരമുള്ള വിശ്വാസമാണ്. അതില്ലെങ്കിൽ പിന്നെ എന്ത് ജീവിതം. ഇത്രയും നാൾ കുഞ്ഞിനെ പോലും അന്വേഷിച്ചിട്ടില്ല. മറക്കാൻ കഴിയില്ല ആ വേദനകളൊക്കെ.

എന്റെ കണ്ണിരും ഞാൻ അനുഭവിച്ച വേദനയുടെ ആഴവും എന്തെന്ന് നന്നായി അറിയുന്ന അച്ഛനും എന്റെ തീരുമാനത്തിന് ഒപ്പം നിന്നും.

മുന്നോട്ട് ജീവിക്കാൻ അച്ചുട്ടൻ എന്നൊരു പ്രതീക്ഷയുണ്ട്. അവനു വേണ്ടിയുള്ളതാണ് ഇനി എന്റെ ജീവിതം അവനെ ചേർത്തു പിടിച്ചുകൊണ്ടു മായ മനസ്സിൽ ഉരുവിട്ടും.