ദിവ്യയെ പഴയതുപോലെ തിരിച്ചുകിട്ടണമെങ്കിൽ ഇനിയും കാത്തിരിക്കണം അതു എത്ര നാൾ വേണ്ടിവരും എന്നൊന്നും..

കാത്തിരിപ്പ്
(രചന: ഷൈനി വർഗീസ്)

അച്ഛാ… അമ്മയ്ക്ക് എന്താ അച്ഛാ പറ്റിയത്..? എന്താ അച്ഛാ അമ്മ കണ്ണു തുറന്ന് നമ്മളെ നോക്കാത്തത്..? അമ്മയ്ക്ക് വയ്യാഞ്ഞിട്ടാണോ അച്ഛാ?

വെൻ്റിലേറ്ററിൽ കിടക്കുന്ന ദിവ്യയെ കണാൻ മകനേയും കൂട്ടി ഐ സി യു വിൽ എത്തിയതാണ് ദിനേശൻ..

മോൻ ‘അമ്മേ’ എന്നു വിളിച്ചേ അമ്മ കണ്ണു തുറക്കും ഇടറിയ സ്വരത്തിൽ ദിനേശൻ കുഞ്ഞിനോട് പറഞ്ഞു.. കുഞ്ഞിനെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞതാണങ്കിലും ചെറിയ ഒരു പ്രതീക്ഷ ദിനേശനും ഉണ്ടായിരുന്നു ..

ദിവ്യയുടെ ജീവൻ്റെ പാതിയാണല്ലോ മോൻ … ബാക്കി പാതി താനും .. ദിവ്യ എപ്പോഴും പറയും മോനൂട്ടനും ദീനേശേട്ടനും കൂടുന്നതാ തൻ്റെ ജീവനെന്ന്…

“അമ്മേ’….. അമ്മ കണ്ണു തുറക്കമ്മേ കണ്ണുതുറന്ന് മോനുട്ടനെ നോക്കമ്മേ…അമ്മേ….

മോനൂട്ടൻ്റെ വിളി കേട്ടിട്ടും ദിവ്യയിൽ ഒരു ചലനവും ഉണ്ടായില്ല… ദിനേശൻ തൻ്റെ മൂന്നു വയസുള്ള മകനെ തൻ്റെ നെഞ്ചോടു ചേർത്തമർത്തി പിടിച്ചു..

ദിനേശനിൽ നിന്നൊരു തേങ്ങലുയർന്നു… കണ്ണുകളിൽ പൊടിഞ്ഞ നീർകണങ്ങൾ കവളിലൂടെ ചാലുകളായി ഒലിച്ചിറങ്ങി.. ദിനേശൻ കരയുന്നതു കണ്ടപ്പോൾ മോനൂട്ടനും വിങ്ങിപൊട്ടാൻ തുടങ്ങി…

അച്ഛാ കരയണ്ട അമ്മ കണ്ണു തുറക്കും.. അമ്മ ഉറങ്ങുകയാണന്നേ ..ദിനേശൻ്റെ കണ്ണുനീർ തുടച്ചു കൊണ്ടു മോനൂട്ടൻ പറഞ്ഞു.. പെട്ടന്നാണ് മോനൂട്ടൻ്റെ വിങ്ങി കരച്ചിൽ ഉച്ചത്തിലായത്

സാർ …. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു നേഴ്സ് ദിനേശൻ്റെ അരികിലെത്തി പതിഞ്ഞ സ്വരത്തിൽ വിളിച്ചു..ദിനേശൻ തൻ്റെ കണ്ണുകൾ കൈ കൊണ്ട് അമർത്തി തുടച്ചു കൊണ്ട് തിരിഞ്ഞ് സിസ്റ്ററിൻ്റെ നേരെ നോക്കി

ക്ഷമിക്കണം സാർ ..ഇവിടെ വേറേയും രോഗികൾ ഉള്ളതാണ് അവർക്ക് ബുദ്ധിമുട്ടാകും മോനേയും കൊണ്ട് പുറത്തേക്ക് പൊയ്ക്കോ..

സോറി സിസ്റ്റർ….

എനിക്ക് മനസ്സിലാകും നിങ്ങളുടെ സങ്കടം… ഇവിടെ അധികം നേരം അനുവാദം ഇല്ല അതു മറ്റുള്ള രോഗികൾക്ക് ഡിസ്റ്റർബെൻസ് ആകും..

ഞങ്ങൾ പോവുകയാ സിസ്റ്റർ… എൻ്റെ ദിവ്യ കണ്ണു തുറക്കുമ്പോൾ ഞങ്ങളെ അറിയിക്കണേ സിസ്റ്ററേ.. എൻ്റെ മോനൂട്ടൻ്റെ അമ്മയെ ഞങ്ങൾക്ക് വേണം സിസ്റ്റർ…ദിനേശൻ യാചനപൂർവ്വം ആ നേഴ്സിൻ്റെ മുന്നിൽ കേണു…

നിങ്ങൾ പ്രാർത്ഥിക്ക് … മോനൂട്ടൻ്റെ കവിളിൽ ഒന്നു തട്ടിയതിന് ശേഷം നേഴ്സ് മറ്റൊരു രോഗിയുടെ അടുത്തേക്ക് നീങ്ങി…

മോനെ നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് ദിവ്യയുടെ നെറ്റിയുടെ നേരെ കുനിഞ്ഞു.. മോനെ അമ്മയ്ക്ക് ഉമ്മ കൊടുക്ക്…

മോനുട്ടൻ ദിവ്യയ്ക്ക് ഉമ്മ കൊടുത്തു ദിനേശിൻ്റ ചുണ്ടുകൾ ദിവ്യയുടെ നെറ്റിയിലമർന്നതിനൊപ്പം രണ്ടു തുള്ളി ചുടുകണ്ണീരും അടന്നുവീണു ദിവ്യയുടെ നെറ്റി തടത്തിൽ

മോനെ നെഞ്ചോടു ചേർത്തു പിടിച്ചു കൊണ്ട് ദിനേശൻ ഐ സി യു വിൽ നിന്ന് പുറത്തേക്കിറങ്ങി.. ചുറ്റിനും നോക്കി …. തങ്ങൾ ഇരുന്നിടം മറ്റാരൊക്കെയോ സ്ഥാനം പിടിച്ചിരുന്നു…. മോനേയും കൊണ്ടു ദിനേശൻ വെറും തറയിലേക്കിരുന്നു….

മോനിവിടെ ഇരിക്ക് അച്ഛൻ ബാഗ് എടുത്തു കൊണ്ടു വരാം മോനെ തറയിൽ ഇരുത്തിയതിന് ശേഷം തങ്ങൾ മുൻപിരുന്ന ചാരു ബഞ്ചിൻ്റെ അടിയിൽ നിന്ന് ബാഗും ഫ്ലാസ്കും എടുത്ത് കൊണ്ടുവന്ന് മോൻ്റെ അരികിൽ വെച്ചു…

ഫ്ലാസ്കിൽ നിന്ന് ചായ ഊറ്റിഎടുത്ത് മോനു കൊടുത്തു…

ദിനേശാ… കണ്ടോ…?

കണ്ടു

എന്തെങ്കിലും മാറ്റം ഉണ്ടോ…

ഇല്ല ചേട്ടാ അതുപോലെ തന്നെ ..ദിനേശൻ ഇടറിയ സ്വരത്തിൽ പറഞ്ഞു..

നീ വിഷമിക്കാതെ ദിനേശാ ആ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരും.. ഞാനും പ്രാർത്ഥിക്കുന്നുണ്ട്….. വന്ന അന്നു പരിചയപ്പെട്ടതാണ് ജോസേട്ടനെ …

ജോസേട്ടൻ്റെ ഭാര്യയ്ക്ക് സ്ടോക്ക് വന്ന് ഐ സി യുവിൽ കിടക്കുന്നുണ്ട്.. ഞങ്ങൾ വന്നതിന് ശേഷം വന്നവരെല്ലാം പോയി.. ചിലരെ മരണം തേടിയെത്തിയെങ്കിൽ ചിലർ സുഖ പ്രാപിച്ചു മറ്റു റൂമുകളിലേക്കും വീടുകളിലേക്കും പോയി…

ദിനേശൻ അദ്ദേഹത്തിൻ്റെ ഇരു കൈകളിലും അമർത്തി പിടിച്ചു കൊണ്ടു തേങ്ങി…

അച്ഛൻ കരയണ്ട … മോനൂട്ടനും വിതുമ്പാൻ തുടങ്ങി…

കണ്ടോ… നീ കരഞ്ഞാൽ അത് ഈ കുഞ്ഞിന് സഹിക്കാൻ പറ്റില്ല നീ സമാധാനപ്പെട് നിൻ്റെ പ്രാർത്ഥനയും ഈ കുഞ്ഞിൻ്റെ കണ്ണീരും ദൈവം കാണാതിരിക്കില്ല….

ജോസ് ദിനേശനെ സമാധാനിപ്പിച്ചു.. മോൻ വാ നമുക്ക് പുറത്തൊക്കെ പോയി ഒന്നു കറങ്ങീട്ട് വരാം… മോനുട്ടനെ എടുക്കാൻ ശ്രമിച്ചു കൊണ്ട് ജോസ് പറഞ്ഞു…

ഇല്ല ഞാൻ വരില്ല.. മോനൂട്ടൻ പോയാൽ അച്ഛൻ കരയും… അമ്മ ഉറങ്ങീട്ട് വരുമ്പോൾ മോനൂട്ടനെ കണ്ടില്ലങ്കിൽ അമ്മയും കരയും….. മോനുട്ടൻ നിഷേധാർത്ഥത്തിൽ തലയാട്ടി കൊണ്ടു പറഞ്ഞു…

ജോസ് ദിനേശൻ്റെ പുറത്തു തട്ടി ആശ്വസിപ്പിച്ചിട്ട് ആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്നു മറഞ്ഞു.. ജോസ് പോകുന്നതും നോക്കി നിന്ന മോനുട്ടൻ ജോസ് കണ്ണിൽ നിന്ന് മറഞ്ഞതും ഓടി വന്ന് ദിനേശൻ്റെ മടിയിൽ വന്നു ഇരുപ്പുറപ്പിച്ചു…

മകനെ മടിയിലിരുത്തി താളം പിടിച്ചു കൊണ്ട് ദിനേശൻ ഭിത്തിയിലേക്ക് ചാരിയിരുന്നു….ദിനേശൻ തൻ്റെ മനസ്സിനെ പഴയകാലത്തിലേക്ക് മേയാൻ വിട്ടു കൊണ്ട് തൻ്റെ കണ്ണുകൾ ഇറുകിയടച്ചു

പ്ലസ് ടുവിന് പഠിക്കുന്ന കാലം… പത്താം ക്ലാസ്സിൽ നല്ല മാർക്കു വാങ്ങിയാണ് പാസ്സായത് അതുകൊണ്ടുതന്നെ സയൻസാണ് പ്ലസ് ടുവിന് എടുത്തത്…

പഠനത്തിൽ മിടുക്കൻ ആണെങ്കിലും വരയുടെ എ ബി സി ഡി പോലും അറിയില്ല.. റെക്കോർഡും വരയ്ക്കാൻ എല്ലാവരും ക്ലാസ്സിലെ തന്നെ ദിവ്യയെ ആണ് ആശ്രയിക്കുന്നത് എന്നറിഞ്ഞാണ് ഞാനും റെക്കോർഡ് വരയ്ക്കാൻ ദിവ്യയെ ഏൽപ്പിച്ചത്…

വടിവൊത്ത അവളുടെ കൈയ്യക്ഷരവും കൈയ്യക്ഷരം പോലെ ഭംഗിയുള്ള അവളു വരച്ച ചിത്രങ്ങളുമാണ് അവളെ ശ്രദ്ധിക്കാൻ എന്നെ പ്രേരിപ്പിച്ചത്…

അവളറിയാതെ അവളെ നോക്കുമ്പോളെല്ലാം അവളും എന്നെ നോക്കും ഞങ്ങളുടെ കണ്ണുകൾ പരസ്പരം കോർക്കും.. ..

അപ്പോഴെല്ലാം എന്നിൽ എന്തോ ഒരു അനുഭൂതി വന്നു നിറഞ്ഞ് മനസ്സിനെ കുളിരണിയിക്കും … അവളെ ആരെങ്കിലും നോക്കുന്നതോ.. മിണ്ടുന്നതോ ഒക്കെ എന്നിൽ അസ്വസ്ഥത ഉണ്ടാക്കാൻ തുടങ്ങി…

വീട്ടിൽ ചെന്നു പഠിക്കാൻ ഇരിക്കുമ്പോൾ പാഠപുസ്തകത്തിൽ അവളുടെ മുഖം തെളിയും രാത്രി ഉറങ്ങാൻ കിടന്നാൽ ഉറങ്ങുന്നതു വരെ അവളായിരിക്കും മനസ്സിൽ ഉറക്കം ഉണർന്ന് കഴിഞ്ഞാൽ ആദ്യം മനസ്സിലേക്ക് വരുന്നത് അവളുടെ മുഖമായിരിക്കും…..

എന്തേ ഇങ്ങനെ എന്നു പലവട്ടം ചിന്തിച്ചു…. അവൾ ക്ലാസ്സിൽ വരാത്ത ദിവസങ്ങൾ. വെറുക്കപ്പെട്ട ദിനങ്ങളായി…

ക്ലാസ്സിലേക്കു ചെന്നു കയറുമ്പോൾ എൻ്റെ കണ്ണുകൾ അവളെ തേടും.. അവളെ കണ്ടു കഴിയുമ്പോൾ പ്രണയ പരവശയായി ശരീരം തളരുന്ന പോലെ തോന്നും പലരാത്രികളും അവളെത്തി എൻ്റെ സ്വപ്നത്തിലെ രാജകുമാരിയായി…

പതുക്കെ ഞാൻ തിരിച്ചറിഞ്ഞു എനിക്ക് അവളോട് പ്രണയമാണന്ന്… പക്ഷേ അതു തുറന്നു പറയാൻ ഞാൻ ഭയന്നു..

അവൾ ആരെന്നോ എന്താണന്നോ അറിയില്ല ഇനി എൻ്റെ പ്രണയം തുറന്നു പറഞ്ഞാൽ അവൾക്ക് ഇഷ്ടമായില്ലങ്കിലോ.. അതോടെ റെക്കോർഡു വരയും നിലയ്ക്കും.. വേണ്ട പറയണ്ട തൻ്റെ മനസ്സിലെ പ്രണയം ആരോടും തുറന്നു പറയാനും പോയില്ല…

പ്ലസ് ടു പരീക്ഷ കഴിഞ്ഞ ദിവസം എല്ലവരോടും യാത പറഞ്ഞ ക്കൂട്ടത്തിൽ അവളോടും യാത്ര പറയാൻ അവളുടെ അടുത്തുചെന്നു… ഇതാണ് എൻ്റെ പ്രണയം തുറന്നു പറയാൻ പറ്റിയ സമയം ഇന്നു പറഞ്ഞില്ലങ്കിൽ ഇനി എന്നു പറയും?

തൻ്റെ പ്രണയം പറയാനായി അവളുടെ മുന്നിൽ എത്തിയ ഞാൻ അവളെ കണ്ടതും അവളോട് പറയാൻ കാത്തു വെച്ചെതെല്ലാം മറന്നു പോയി വാക്കുകൾ കിട്ടാതെ ഞാൻ വിഷമിച്ചു. നാവിറങ്ങി പോയതുപോലെ തോന്നി

ഒരു വിധം യാത്ര പറഞ്ഞു പോരാൻ പിന്തിരിഞ്ഞപ്പോളാണ് അവൾ പിന്നിൽ നിന്നു വിളിച്ചത്..

ഹലോ ദിനേശ്….

തനിക്ക് തൻ്റെ ഹൃദയതാളം നിലച്ചുപോകുന്ന പോലെ തോന്നി… ഇനി അവൾ അവളുടെ ഇഷ്ടം തുറന്നു പറയാൻ വേണ്ടിയാണോ തിരിച്ചുവിളിച്ചത് എന്നോർത്തു കൊണ്ട് ഞാൻ തിരിഞ്ഞു നോക്കി…

ഉം

മോനേ ദിനേശാ ഒരു കടം ബാക്കി കിടക്കുന്നുണ്ട് അതു കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു…

ങേ കടമോ..? ഞാനിവളോട് കടമൊന്നും വാങ്ങിയിട്ടില്ലാലോ.. എന്നോർത്തു കൊണ്ട് ഞാനവളുടെ കണ്ണുകളിലേക്കു നോക്കി.. ആ കണ്ണുകളിൽ ഞാനവിടെ കണ്ടത് അവൾക്ക് എന്നോടുള്ള പ്രണയമായിരുന്നില്ല …. നിശ്ചദാർഢ്യം ആയിരുന്നു കണ്ണുകളിൽ കണ്ടത്

എന്തു കടം ?ഞാൻ വിക്കി വിക്കി ചോദിച്ചു..

റെക്കോർഡു വരച്ചു തന്നതു ഫ്രീ ആയിട്ടല്ല.. ക്ലാസ്സിലെ എല്ലാവരും എനിക്കു പൈസ തന്നു നീ മാത്രമേ തരാത്തതായിട്ടുള്ളു….

ങേ നീ പൈസക്കാണോ റെക്കോർഡു വരച്ചു തന്നത്… അതെന്താ നീ നേരത്തെ പറയാതിരുന്നത്.. പൈസക്ക് ആണന്ന് അറിഞ്ഞിരുന്നെങ്കിൽ…

അറിഞ്ഞിരുന്നെങ്കിലോ…

മറ്റ് ആരെ കൊണ്ടെങ്കിലും വരപ്പിച്ചേനെ….

മര്യാദയ്ക്ക് എൻ്റെ പൈസ തന്നിട്ടുപോയാ മതി…

എനിക്ക് മനസ്സില്ല.. ഇതൊക്കെ നേരത്തെ പറഞ്ഞ് ഡീൽ ഉറപ്പിക്കണമായിരുന്നു….

നീ എന്തുകൊണ്ട് ചോദിച്ചില്ല… എൻ്റെ വിലപ്പെട്ട സമയം മെനക്കെടുത്തി വരച്ചു തരുന്നത് വെറുതെയാണന്ന് ഓർത്തോ…

എന്തായാലും ഇപ്പോ എൻ്റെ കൈയിൽ ഇല്ല അഡ്രസ്സ് തന്നാൽ ഞാനവിടെ എത്തിച്ചോളാം…

അവൾ പറഞ്ഞ അഡ്രസ്സും കുറിച്ചെടുത്തു ഞാനവിടുന്ന് പോരുമ്പോൾ എനിക്ക് ഈർഷ്യയാണ് തോന്നിയത്…..

അപ്പോൾ അവൾ എന്നെ നോക്കിയത് കാശിനു വേണ്ടി ആയിരുന്നല്ലേ പ്രേമം മണ്ണാങ്കട്ട .. അവളെ കണ്ടാൽ പറയില്ല കാശിന് ആർത്തിയുള്ളവളാണന്ന്…

ഓരോന്ന് ഓർത്തു വീടെത്തി അമ്മയോട് വിവരം പറഞ്ഞ് കാശും വാങ്ങി പിറ്റേന്നു തന്നെ അവളുതന്ന അഡ്രസ്സും തേടി അവളുടെ വീട്ടിലെത്തി…. അവളുടെ വീടും പരിസരവും ഭാവനയിൽ കണ്ട ഞാൻ അവളുടെ വീടു കണ്ട് ഞെട്ടി….. പുറമ്പോക്കിൽ വെച്ചു കെട്ടിയ ഒരു കുടിലു ..

എൻ്റെ സ്വപനത്തിലെ രാജകുമാരി ആ കുടിലിനുമുന്നിലിരുന്ന് ഈറ്റ പൊളി ഉപയോഗിച്ച് കൊട്ട നെയ്യുന്നതാണ് ഞാനവിടെ കണ്ടത്… എന്നെ കണ്ടതും യാതൊരു സങ്കോചവും നാണവും കൂടാതെ അവളോടി എൻ്റെ മുന്നിൽ എത്തി…

ഹായ് ദിനേശ്… അവൾ പുഞ്ചിരിയോടെ വിഷ് ചെയ്തു

ഹായ് ഞാൻ തിരിച്ചും വിഷ് ചെയ്തു…

വരു ദിനേശ് എൻ്റെ കൊട്ടാരത്തിലേക്ക് സ്വാഗതം… ഞാൻ എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം വിറങ്ങലിച്ചു നിന്നു..

എന്താ ദിനേശ്…? എൻ്റെ കൊട്ടരത്തിലേക്ക് വരാൻ മടിയാണങ്കിൽ വരണ്ട കേട്ടോ… എനിക്കു തരാനുള്ളത് കൊണ്ടുവന്നിട്ടുണ്ടങ്കിൽ തന്നിട്ടുപൊയ്ക്കോ… അവൾ കൈ നീട്ടികൊണ്ടു പറഞ്ഞു..

അവളുടെ നീട്ടിയ കൈയിൽ തൻ്റെ കൈ കോർത്തു പിടിച്ചു കൊണ്ട് ഞാനവളുടെ കുടിലിനുള്ളിലേക്ക് പ്രവേശിച്ചു…. ഓലകൊണ്ട് കെട്ടിമറച്ച ഒരു ഒറ്റമുറി ഷെഡ് ആയിരുന്നെങ്കിലും നല്ല വൃത്തിയും വെടിപ്പുമുണ്ടായിരുന്ന ആ കൊച്ചുമുറിയിൽ…

ഇവിടെ വേറെ ആരും ഇല്ലേ…

ഇവിടെ ഞാനും എൻ്റെ അച്ഛനും മാത്രം അമ്മ ഞങ്ങളെ വിട്ടു പോയി അതു പറഞ്ഞപ്പോൾ അവളുടെ കണ്ഠം ഇടറി…

അച്ഛൻ…

അവൾ ചൂണ്ടി കാണിച്ചിടത്തേക്കു നോക്കിയപ്പോളാണ് ഞാനതു ശ്രദ്ധിച്ചത്… മുറിയുടെ ഒരു മൂലയിലിയായി ചെറിയ ഒരു കട്ടിലിൽ ആ കട്ടിലിൽ ഒരു മനുഷ്യ കോലം എന്നു തോന്നിപ്പിക്കുന്ന ഒരു ആൾ…

ഇതാണ് എൻ്റെ അച്ഛൻ.. പന്ത്രണ്ടു വർഷമായി ഈ കിടപ്പു തുടങ്ങിയിട്ട്… തെങ്ങിൽ നിന്നും വീണതാണ്… ജീവൻ ഉണ്ടന്നേയുള്ളു…

ആ ജീവൻ്റെ തുടിപ്പാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.വീടിനടുത്തുള്ള രണ്ടു വീടുകളിൽ വീട്ടുപണി ചെയ്തും റെക്കോർഡു വരച്ചും കൊട്ട നെയ്തുമാണ് ഉപജീവനം കഴിച്ചു കൂട്ടുന്നത്…

പിന്നെ അവളോടൊന്നും ചോദിക്കാൻ തോന്നിയില്ല…. അച്ഛൻ്റെ കട്ടിലിൻ്റെ എതിർ വശത്തായി ഒരു ഇരുമ്പു ക്കട്ടിലും അതിനോട് ചേർന്ന് പ്ലാസ്റ്റിക്കിൻ്റെ ടീപ്പോയിയും ..

ആ ടീപ്പോയിയുടെ മുകളിലായി അടുക്കി വെച്ചിരിക്കുന്ന റെക്കോർഡുകൾ .. അതിൽ നിന്ന് ഒന്നെടുത്ത് ഞാൻ മറിച്ചു നോക്കി…

ബി എസ് സി എം എസ് സി ക്കാരുടെ മുതൽ എം ടെക്കാരുടെ വരെ റെക്കോർഡുകൾ ഉണ്ട് അതിൽ… ദിവ്യ പറഞ്ഞു

ഞാനെടുത്ത റെക്കോർഡ് തിരികെ അവിടെ തന്നെ വെച്ചു… പല സിനിമാ നടൻ മരുടെയും നടിമാരുടെയും വരച്ച പടങ്ങൾ ഓലമറയിൽ തൂക്കിയിട്ടിക്കുന്നതു കണ്ടു

വെറുതെ ഇരിക്കുമ്പോൾ വരയ്ക്കുന്നതാ ഒരു ഗ്ലാസ്സ് ചൂടു കട്ടൻ കാപ്പി എൻ്റെ കൈയിലേക്ക് തന്നു കൊണ്ട് അവൾ പറഞ്ഞു..

അവൾ തന്ന കട്ടൻ കാപ്പി ഊതി കുടിക്കുമ്പോൾ എൻ്റെ കണ്ണുകൾ അവളിലായിരുന്നു… അവളായിരിക്കുന്ന അവസ്ഥയിലും അവൾ അഭിമാനം കൊള്ളുന്നു..

കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം മാത്രം… ആരുടെയും അനുകമ്പയോ സഹതാപമോ അവൾക്കാവശ്യം ഇല്ലന്നു വിളിച്ചോതുന്ന അവളു മുഖത്തെ പുഞ്ചിരി…

അവളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ രണ്ടു നൂറു രൂപ നോട്ട് കൂടുതൽ വെയ്ക്കാൻ ഞാൻ മറന്നില്ല… എന്നാൽ ഞാൻ കൊടുത്ത പൈസ എണ്ണി തിട്ടപ്പെടുത്തി അവൾക്ക് അർഹമായതു മാത്രമെടുത്ത് ബാക്കി തിരികെ എൽപിച്ചപ്പോൾ ഞാൻ ചെറുതായി പോയതുപോലെ തോന്നി..

ഞാൻ ചിന്തിച്ചപ്പോൾ അവൾ ചെയ്തതാണ് ശരിയെന്നു തോന്നി… അവൾക്ക് ആരുടെയും ഔദാര്യം വേണ്ട അർഹമായതു മതി അതാണ് ശരിയും…

അവിടെ നിന്ന് ഇറങ്ങുമ്പോൾ ഞാൻ മനസ്സിലൊരു തീരുമാനമെടുത്തു.. ഇവളാണ് എൻ്റെ പെണ്ണ് ഇവൾക്ക് തണലാകണം…

പ്ലസ് ടു റിസൽട്ടു വന്നു നല്ല മാർക്കോടെ പാസ്സായ ഞാൻ എഞ്ചിനിയറിംഗിന് ചേർന്നു.. അവൾ ഡ്രിഗ്രിക്കും… പിന്നീട് അവളെ കാണാനുള്ള അവസരങ്ങൾ കുറഞ്ഞു…

പക്ഷേ കാണാതെയും അവൾ അറിയാതെയും പ്രണയിക്കാം എന്നു മനസ്സിലായി… അവളെ കാണാൻ അവസരം ഉണ്ടാക്കി കൂടെ പഠിക്കുന്ന എല്ലാ കുട്ടികളുടെയും റെക്കോർഡു വരയ്ക്കാൻ അവളെ ഏൽപ്പിച്ചു…

ഒരു ദിവസം വരച്ച റെക്കോർഡുവാങ്ങാനായി ഞാനും ഒരു കൂട്ടുകാരനും അവളുടെ വീട്ടിൽ ചെന്നപ്പോൾ മുറ്റം നിറയെ ആളുകൾ വീടിനുള്ളിൽ നിന്ന് അടക്കിപിടിച്ച തേങ്ങലുകൾ…. എന്നെ കണ്ടതും കരച്ചിലടക്കി കൊണ്ടു അവൾ പറഞ്ഞു അച്ഛൻ പോയി…

ദിവ്യയെ ആരോ അടുത്തുള്ള ഒരു കന്യാശ്രീ മഠത്തിലാക്കി.. അവിടുത്തെ അടുക്കള ജോലിയോടൊപ്പം പഠനവും… അപ്പോഴും അവൾ ഏറ്റെടുത്ത ജോലി പൂർത്തിയാക്കുന്നതിൽ ഒരു മടി കാണിച്ചില്ല…. രാത്രിയെ പകലാക്കി റെക്കോർഡുകൾ വരച്ചു പൂർത്തിയാക്കി

ഞാൻ എഞ്ചിനിയറിംഗ് കഴിഞ്ഞ് ദുബ്ബായിലേക്കു പോകുന്നതിന് ഒരാഴ്ച മുൻപ് അവളെ കാണാനെത്തി.. കന്യാശ്രി മഠത്തിൽ നിന്ന് അവളൊരു പാർട്ട് ടൈം ജോലിയിലേക്ക് മാറി ഒപ്പം പഠനവും.. താമസം ഒരു ലേഡീസ് ഹോസ്റ്റലിലും…

അന്ന് ആദ്യമായി ഞാനെൻ്റെ പ്രണയം തുറന്നു പറഞ്ഞു… കാത്തിരിക്കണമെന്നു പറഞ്ഞു… എൻ്റെ പ്രണയം സ്വീകരിക്കാൻ അവൾ തയ്യാറാല്ലായിരുന്നു…

ജാതിയിൽ താഴ്ന്നവൾ, അനാഥ , സാമ്പത്തികമായി പിന്നോക്കം ഇതൊക്കെയായിരുന്നു അതിന് അവൾ പറഞ്ഞ കാരണം… പ്ലസ് ടു മുതൽ ഞാൻ മനസ്സിൽ കൊണ്ടു നടക്കുന്നതാണന്ന് പറഞ്ഞ് അവളെ കൊണ്ട് സമ്മതിപ്പിച്ച് ഞാൻ ദുബ്ബായിക്ക് പോയി…

ദിവ്യയുമായുള്ള പ്രണയം വീട്ടിൽ അറിഞ്ഞാൽ ഭൂകമ്പം നടക്കും എന്നുറപ്പാണ്…

വീട്ടുകാർ നോക്കുമ്പോൾ തറവാടിൻ്റെ പാരമ്പര്യത്തോട് ചേർത്തുവെയ്ക്കാൻ മാത്രം ഒന്നും ഇല്ല ദിവ്യയ്ക്ക്.. പക്ഷേ എന്നോടു ചേർന്നു നിൽക്കാൻ അവളെക്കാൾ നല്ലൊരാൾ ഇല്ല എന്നു ഞാൻ മനസ്സിലുറപ്പിച്ചു….

അതു കൊണ്ടു തന്നെ എത്ര കഷ്ടപ്പെട്ടിട്ടാണങ്കിലും ഒരു ചെറിയ വീടും സ്ഥലവും സ്വന്തമാക്കുക അവളേയും കൂട്ടി ജീവിതം ആരംഭിക്കുക… ആ ഉറച്ച തീരുമാനത്തോടെയാണ് ദുബ്ബായിൽ ചെന്നിറങ്ങിയത്….

അവളെ കാണാതെ അവളുടെ വിവരങ്ങൾ അറിയാതെ രണ്ടു വർഷം വിശ്രമമില്ലാതെ ജോലി ചെയ്തു… ഒറ്റ ലക്ഷ്യമെ ഉണ്ടായിരുന്നുള്ളു എൻ്റെ പെണ്ണിനെ എൻ്റേതാക്കണം…

രണ്ടു വർഷം കഴിഞ്ഞ് നാട്ടിലെത്തി ആദ്യം ചെയ്തതു രജിസ്റ്റർ മാര്യേജ് നടത്തുക എന്നതായിരുന്നു… പത്തു സെൻ്റ് സ്ഥലവും ചെറിയ ഒരു വീടും വാങ്ങി അവളേയും കുട്ടി അവിടേക്ക് മാറുമ്പോൾ നാലു വശത്തു നിന്നും എതിർപ്പുകൾ മാത്രമായിരുന്നു….

അതിനെയൊന്നും വകവെച്ചില്ല… അമ്മാവൻമാരും ചേട്ടൻമാരും ദുരഭിമാനത്തിൻ്റെ പേരിൽ ദിവ്യയെ കൊല്ലാൻ ശ്രമിച്ചു.. അതിൽ നിന്നെല്ലാം അത്ഭുതകരമായി അവൾ രക്ഷപ്പെട്ടു അല്ല അവളെ രക്ഷപ്പെടുത്തി….

അവളുടെ നിഷ്കളങ്കമായ സ്നേഹം മാത്രം മതിയായിരുന്നു എനിക്ക് മുന്നോട്ട് ജീവിക്കാൻ… ഞങ്ങളുടെ പ്രണയം മഴയായ് ഞങ്ങളുടെ ജിവിതത്തിൽ പെയ്തിറങ്ങി… നല്ലൊരു കമ്പനിയിൽ എനിക്കും അവൾക്കും ജോലി കിട്ടി മോനുട്ടൻ ജനിച്ചു…

ആർക്കും ആസൂയ തോന്നുന്ന ഒരു ജീവിതമായിരുന്നു ഞങ്ങളുടേത് പരസപരം പഴിചാരാതെ മത്സരിച്ചു സ്നേഹിച്ചു. ഞങ്ങളുടെ ജീവിതത്തിൽ കരിനിഴൽ വീഴത്തി കൊണ്ടാണ് ആ പനി വന്നത് ഒരാഴ്ച നീണ്ടു നിന്ന പനി മാറാതെ വന്നപ്പോളാണ് വിശദമായൊരു ചെക്കപ്പിന് ഇവിടെ എത്തിയത്..

ചെക്കപ്പുകൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴെക്കും അവളുടെ തലച്ചോറിനെ പനി ബാധിച്ച് അവൾ അബോധാവസ്ഥയിലായത്….

ദിവ്യയുടെ കൂടെ ഉള്ളതാരാണ് ഐ സി യു വിൻ്റെ വാതിക്കൽ നിന്ന് സിസ്റ്ററിൻ്റെ വിളി കേട്ട് ദിനേശ് ഞെട്ടിയുണർന്നു….

ജോസേട്ടൻ്റെ മോൾ വന്ന് ദിനേശിൻ്റെ മടിയിൽ നിന്ന് മോനൂട്ടനെ വാരിയെടുത്തു… ഞാനാണ് സിസ്റ്റർ… എന്താ സിസ്റ്റർ മിടിക്കുന്ന ഹൃദയത്തോടെ ദിനേശ് സിസ്റ്ററിനെ നൊക്കി

ഡോക്ടർ വിളിക്കുന്നു അകത്തേക്കു വന്നോളു… ദിനേശ് വിറയ്ക്കുന്ന കാലടികളോടെ പ്രാർത്ഥന മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ടു ആ നേഴ്സിനെ പിൻതുടർന്നു….

ദിനേശ് അകത്തു ചെല്ലുമ്പോൾ രണ്ടു മൂന്ന് ഡോക്ടർമാരും നേഴ്സുമാരും വട്ടം കൂടി നിൽക്കുന്നുണ്ട് അതിലൊരു ഡോക്ടർ ചാർട്ടു മറിച്ചു നോക്കി കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്….

ഇതാണ് ദിവ്യയുടെ ഹസ്ബൻ്റ്..

ഡോക്ടർ… എന്താ ഡോക്ടർ

രണ്ടാഴ്ച ആയില്ലേ ഈ കിടപ്പു കിടക്കുന്നു… നമുക്ക് ഈ വെൻ്റിലേറ്റർ മാറ്റിയാലോ… പേഷ്യൻ്റ് മരുന്നുകളോട് പ്രതികരിക്കുന്നില്ല.. ഇനിയും ഇങ്ങനെ തുടരുന്നതിൽ അർത്ഥമില്ല

വേണ്ട ഡോക്ടർ.. വേണ്ട..ദിനേശൻ നിഷേധാർത്ഥത്തിൽ തലയാട്ടി.. അവളെ മരണത്തിന് വിട്ടുകൊടുക്കല്ലേ ഡോക്ടർ എനിക്കും മോനൂട്ടനും വേറെ ആരും ഇല്ല… ഒരു ഭ്രാന്തനെ പോലെ ദിനേശ് അലറി..

ദിനേശ്… താൻ ആത്മസംയമനം പാലിക്കണം ഇനിയും എത്ര നാൾ ഇങ്ങനെ….?

എനിക്ക് ഇങ്ങനെ കാണാലോ ഡോക്ടർ… എൻ്റെ മോനൂട്ടന് അവൻ്റെ അമ്മ ജീവിച്ചിരിക്കുന്നുണ്ട് എന്ന് പറയാലോ…

ദിനേശ് താൻ കരുതുംപോലെയല്ല കാര്യങ്ങൾ ഇപ്പോ തന്നെ ലക്ഷങ്ങൾ ചിലവായില്ലേ… ഈ കിടപ്പു തുടർന്നാൽ താങ്കൾക്കു താങ്ങാൻ കഴിയില്ല ഇവിടുത്തെ ചിലവ്…

സാരമില്ല ഡോക്ടർ അവളില്ലങ്കിൽ ഞങ്ങളും ഇല്ല വീടും സ്ഥലവും ഞാൻ വിൽക്കാം..

ദിനേശ് താൻ ശാന്തമായി ആലോചിക്ക് യഥാർത്ഥ്യവുമായി പൊരുത്തപെടാൻ ശ്രമിക്ക്…

എനിക്ക് ആലോചിക്കാൻ ഒന്നും ഇല്ല ഡോക്ടർ…

എന്നാൽ താങ്കൾ പുറത്തിരുന്നോളു…

ഡോക്ടർ ഞാൻ അവളോട് ഒന്നു മിണ്ടിയിട്ട് പൊയ്ക്കോളാം

ദിനേശൻ ദിവ്യയുടെ അടുത്തെത്തി അവളുടെ കൈവിരലുകൾ തൻ്റെ കൈവിരലുകളുമായി കോർത്തു പിടിച്ചു മുടിയിഴകളിൽ തലോടി ..

ദിവ്യ നിനക്ക് എന്നെ വേണ്ടങ്കിൽ നീ പൊയ്ക്കോ….എനിക്കു നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ല.. നീ പോകുന്നതിൻ്റെ പിന്നാലെ ഞാനും വരും പിന്നെ നമ്മുടെ മോനൂട്ടൻ തനിച്ചാവും ഈ ലോകത്ത്…

നിനക്ക് തീരുമാനിക്കാം എന്തു വേണമെന്ന്… തിരിച്ചു വന്നാൽ നമ്മുടെ മോനൂട്ടനോടൊപ്പം സന്തോഷമായി നമുക്ക് ജീവിക്കാം… അതും പറഞ്ഞ് ദിവ്യയുടെ കൈ ബെഡി ലേക്കു വെച്ചിട്ട് ദിനേശ് നടന്നു…

പുറത്തെത്തി പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നു… രണ്ടു ദിന രാത്രങ്ങൾ പിന്നിട്ടു രണ്ടു ദിവസം കഴിഞ്ഞൊരു ദിവസം രാവിലെ ഐ സി യു വി ൻ്റെ വാതിൽ തുറന്നു സിസ്റ്റർ വിളിച്ചു

ദിവ്യയുടെ കൂടെയുള്ള ആളെ ഡോക്ടർ വിളിക്കുന്നു… പ്രതീക്ഷയോടെയാണ് ദിനേശ് ഐ സി യു വിനുള്ളിലേക്ക് പ്രവേശിച്ചത്… ഡോക്ടറുടെ മുഖത്തെ പുഞ്ചിരി കണ്ട് ദിനേശ് ദീർഘമായൊരു നെടുവീർപ്പിട്ടു

ദിനേശ് നിങ്ങളെ ഞാൻ സമ്മതിച്ചിരിക്കുന്നു….. നിങ്ങളുടെ പ്രണയം സത്യമായിരിക്കുന്നു… നിങ്ങളുടെ ആത്മവിശ്വാസവും പ്രാർത്ഥനയും നിങ്ങളെ രക്ഷിച്ചിരിക്കുന്നു… ദിവ്യ കണ്ണു തുറന്നു മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി….

ദിനേശിൻ്റെ കവളിലൂടെ ചുടുകണ്ണുനീർ ഒലിച്ചിറങ്ങി…

ദിനേശ് … ദിവ്യ കണ്ണു തുറന്നു എന്നേയുള്ളു… ദിവ്യയെ പഴയതുപോലെ തിരിച്ചുകിട്ടണമെങ്കിൽ ഇനിയും കാത്തിരിക്കണം അതു എത്ര നാൾ വേണ്ടിവരും എന്നൊന്നും പറയാൻ പറ്റില്ല…

സാരമില്ല ഡോക്ടർ ഞങ്ങൾ കാത്തിരുന്നോളാം… എൻ്റെ മരണം വരെ ഞാൻ കാത്തിരിക്കും…

അത്രയൊന്നും വേണ്ടി വരില്ലടോ… ഡോക്ടർ ദിനേശിൻ്റെ പുറത്തു തട്ടികൊണ്ടു പറഞ്ഞു….

മോൻ എവിടെ ..?

അവൻ പുറത്തു കിടന്നു ഉറങ്ങുകയാണ്…

ഐ സി യു വിന് മുന്നിലുള്ള കാത്തിരിപ്പ് ഇന്നത്തോടെ അവസാനിപ്പിക്കാം നാളെ റൂമിലേക്ക് മാറ്റാം…

താങ്ക് യു ഡോക്ടർ…

ആ താങ്ക് യു ദിവ്യ ക്ക് കൊടുത്തേക്കു…അതു പോലെ ദൈവത്തിനും ഡോക്ടർ ചിരിച്ചു കൊണ്ട് മറ്റൊരു രോഗിയുടെ അടുത്തേക്ക് പോയി.. ദിനേശൻ ദിവ്യയുടെഅടുത്തെത്തി. കുനിഞ്ഞ് ആ മൂർദ്ധാവിൽ ചുംബിച്ചു.

താങ്ക് യു ദിവ്യ നീ എന്നെയും മോനേയും തോൽപ്പിച്ചു കളഞ്ഞില്ലല്ലോ… ഇനി ഞാൻ കാത്തിരുന്നോളാം ആ കാത്തിരിപ്പിന് ഇത്രയും വേദനയില്ലല്ലോ ….

പഴയ ദിവ്യയായി ദിവ്യ തിരിച്ചു വന്ന് തങ്ങളുടെ ജീവിതം വസന്തക്കൊണ്ട് നിറയുന്നത് സ്വപ്നം കണ്ടു മോനൂട്ടനേയും തൻ്റെ നെഞ്ചോടു ചേർത്തു പിടിച്ചു കൊണ്ട് ദിനേശൻ ആ രാത്രി ശാന്തമായി ഉറക്കത്തിലേക്കു വഴുതി വീണു…

ഉദയ സൂര്യൻ്റെ സൂര്യകിരണങ്ങളേറ്റ് ദിവ്യയുടെയും മോനൂട്ടൻ്റേയും കൈകൾ കോർത്തു പിടിച്ചു കൊണ്ട് പുത്തൻപുലരികളെ വരവേൽക്കാനായി പ്രതീക്ഷയോടെ ദിനേശിൻ്റെ കാത്തിരിപ്പു തുടരുകയാണ്