ഒൻപതു വർഷത്തെ ദാമ്പത്യം രണ്ടു കുഞ്ഞുങ്ങളെ തന്നു സുമ പോയി..

(രചന: Anitha Raju)

പാതിമയക്കത്തിൽ കിടന്ന ഹരി ശബ്‍ദം കേട്ട് ഞെട്ടി ഉണർന്ന്…

“എന്താ അവിടെ..” എന്ന ചോദ്യത്തിന് എട്ട് വയസ്സുള്ള അനഘ മോൾ പറഞ്ഞു “കാപ്പിപത്രം താഴെ വീണതാ അച്ഛാ.. അഖിൽ മോനു കാപ്പി വേണമെന്നു..”

“അച്ഛൻ ദേ വരുന്നു മോളെ… ”

ഇടറിയ സ്വരത്തോടെ ഹരി അത് പറഞ്ഞു പതുക്കെ എഴുന്നേറ്റിരുന്നു കട്ടിലിൽ നോക്കി വിരിച്ചിട്ട ഷീറ്റു ചുളിവുപോലും ഇല്ലാതെ കിടക്കുന്ന പകുതി ഭാഗം.

ഇനി അതെന്നും അങ്ങനെ ആയിരിക്കും എന്ന് അയാൾ നെടുവീർപ്പോടെ മനസ്സിൽ ഓർത്തു…

തെക്കുവശത്തെ പകുതി ചാരി ഇട്ട ജനൽ പാളി തുറന്നു.. അതെ എന്റെ സുമ അവളിപ്പോഴും ചൂട് മാറാതെ ആ തണുത്ത മണ്ണിൽ നീണ്ടു നിവർന്നു കിടക്കുവല്ലേ…

ഇനി അവൾക്കെന്തിനാ ഈ കട്ടിലിന്റെ പകുതി ബലിചോറു തിന്നു വയറു നിറഞ്ഞ ബലികാക്കൾ അവിടെ അവിടെ ഓരോ മരച്ചില്ലകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു നിലത്തു പിടി വലി കൂടി കൊത്തി കീറി ഇട്ടിരിക്കുന്ന വാഴയില.

വയറു നിറയുന്ന കാക്കക്കു അറിയില്ലല്ലോ മനുഷ്യൻ കൈകൊട്ടി വിളിച്ചു എന്തിനാ ഈ ചോറുരുള തരൂന്നതെന്ന്… അവർക്കു അറിയില്ലലോ ഒറ്റപെടുന്നതിന്റെ ഹൃദയവേദന…

അയാൾ വേഗം അടുക്കളയിൽ ചെന്നു..
കാപ്പി പത്രം കയ്യിൽ പിടിച്ചു നിസ്സഹായതയോടെ നിൽക്കുന്നു അനഘമോളെ നോക്കി കാപ്പി ഉണ്ടാക്കി ഗ്ലാസ്സുകളിൽ പകർന്നു അയാളും മകളെ ചേർത്ത് പിടിച്ചു വരാന്തയിലെത്തി…

അവിടെ നിലത്തു തടിക്കു കയ്യും കൊടുത്തു ഇരിക്കുന്നു ഇളയമകൻ അഖിൽ അവനു കാപ്പി കൊടുത്തിട്ട് അരതിണ്ണയിൽ ഇരുന്നു. ആകാശം കാർമേഘം കൊണ്ട് ഇരുണ്ടു മൂടി മഴ ഉടൻ പെയ്യും.

എന്റെ മനസ്സും ഇരുണ്ടു കിടക്കുന്നു. ഒന്ന് പൊട്ടിക്കരയാൻ കഴിഞ്ഞെങ്കിൽ ഹരി ആഗ്രഹിച്ചു…. പക്ഷേ”” തന്റെ കുഞ്ഞുങ്ങൾ

ഒൻപതു വർഷത്തെ ദാമ്പത്യം രണ്ടു കുഞ്ഞുങ്ങളെ തന്നു സുമ പോയി, പോയതല്ല താൻ അടർത്തിക്കളഞ്ഞതല്ലേ.

അഖിലിന് നാലു വയസ്സ് പ്രായം ഉള്ളപ്പോൾ തുടങ്ങിയതാ സുമക്കു നടുവേദന താനത് കാര്യമാക്കിയില്ല.

ജോലി ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്തൊരു നടുവേദന സുമ പറയുമ്പോൾ താൻ മനസ്സിൽ പിറുപിറുക്കും രാപകലോളം പറമ്പിലും പാടത്തും പണി ചെയ്യുന്ന എനിക്ക് ഇല്ലാത്ത വേദനയാണ് അടുക്കളയിൽ നിന്ന് തിരിയുന്ന ഇവൾക്ക്.

ദിവസങ്ങൾ കടന്നു പോയി വേദനയുടെ കാഠിന്യം കൂടി വന്നു.

രാത്രി കാലങ്ങളിൽ കട്ടിലിൽ എഴുന്നേറ്റു ഇരുന്നു ബാം പുരട്ടുന്നത് കാണാം. അയാൾ തിരിഞ്ഞു കിടന്നു സുഖമായി ഉറങ്ങും. രാവിലെ കാപ്പിയുമായി വരുന്ന സുമ പറയും

“വേദന കൊണ്ട് ഇന്നലെ ഉറങ്ങിയില്ല ഏട്ടാ..

“അടുത്ത ആഴ്ച്ച ഡോക്ടറെ കാണിക്കാം സുമേ..”

തന്റെ ആ മറുപടിയിൽ ശരി എന്ന ഭാവത്തിൽ തലയാട്ടി ആശ്വാസത്തോടെ അവൾ അടുക്കളയിലേക്കു പോകും.
അടുത്തിടെ കലശലായ വേദന വന്നു. സുമയെ ആശുപത്രിയിൽ എത്തിച്ചു..

അവൾ വേദന കൊണ്ട് പുളയുക ആയിരുന്നു. പരിശോധനകൾ പലതും നടത്തി. ഒടുവിൽ ഡോക്ടർ തന്നെ വിളിച്ചു പറഞ്ഞപോഴാണ്

“നിങ്ങളുടെ ഭാര്യക്ക് ന ട്ടെല്ലിന് ക്യാ ൻസർ ആണ് ഒരുപാടു വൈകി പോയി ഇനിയൊന്നും ചെയ്യാനില്ല വേദന സംഹാരിയും ഉറക്കത്തിനുള്ള മരുന്നും കൊടുത്തു ഇവിടെ കിടത്താം.

ഇനിയുള്ള നാളുകൾ അത്രയും കുറച്ചു വേദന സഹിച്ചാൽ മതിയല്ലോ..”

താനൊന്നും മറുപടി ഒന്നും പറയാതെ തലകുനിച്ചു ഡോക്ടറുടെ മുറിവിട്ടു. സുമയുടെ അടുത്തെത്തി. അവൾ മയങ്ങി കിടക്കുന്നു.

അവളുടെ നെറുകയിൽ പതുക്കെ തലോടി. കണ്ണ് തുറന്നു. തലോടിയ കയ്യിൽ സുമ മെല്ലെ പിടിച്ചു…

“ഏട്ടാ ഡോക്ടർ എന്തു പറഞ്ഞു…. ”

“അവളുടെ മുഖത്തു നോക്കാൻ ശക്തി ഇല്ലാതെ ദൂരേക്ക് നോക്കി പറഞ്ഞു

“സാരമില്ല നടുവേദനയാണ് ഒറ്റക്ക് അടുക്കള പണി ചെയ്യുന്നതല്ലേ മരുന്ന് എഴുതി കഴിച്ചാൽ മതി മാറും… ”

അവളെന്നെ സംശയത്തോടെ നോക്കി..

ദിവസങ്ങൾ കടന്നു പോയി മരുന്നും മന്ത്രവുമായി വിളിക്കാത്ത ദൈവങ്ങളില്ല..

അങ്ങനെ ഒരു ദിവസം ഹരി ഓഫീസിൽ ആയിരുന്നു മൊബൈൽ റിംഗ് ചെയ്തു വിട്ടിൽ നിന്നാണ്.. ഭയത്തോടെ ഹരി കാൾ ബട്ടൺ അമർത്തി ചെവിയിൽ വെച്ചു

“അച്ഛാ… മോളാണ് അമ്മ തലകറങ്ങി വീണു വേഗം വാ അച്ഛാ..

ഓടി പാഞ്ഞു വിട്ടിൽ എത്തിയപ്പോൾ സുമയെ ഹോസ്പിറ്റലിൽ കൊണ്ട് പോയിന്നു അറിഞ്ഞു..

ഹരി ഹോസ്പിറ്റലിൽ ബൈക്ക് അവിടെ ഇട്ടിട്ടു സ്റ്റെപ്പുകൾ പാഞ്ഞു കയറി..

ഐസീയൂ വിൽ ട്രിപ്പ്‌ കൊടുത്തു കിടത്തിയിരിക്കുന്ന സുമയെ വിൻഡോയിലൂടെ ഹരി നോക്കി…

കരഞ്ഞു തളർന്നു കുട്ടികൾ ഹരി അവരെ ചേർത്ത് പിടിച്ചു..

“അച്ഛാ അമ്മ… ”

“ഒന്നുല്ലടാ അമ്മക്ക് ഒന്നുല്ല… ”

പെട്ടന്ന് ഡോക്ടർ പുറത്തു വന്നു ഹരിയെ വിളിച്ചു..

“ഹരി ഞങ്ങൾക്ക് ഇനിയൊന്നും ചെയ്യാനില്ല ഒരുപാട് താമസിച്ചു പോയി ഈശ്വരാനെ വിളിക്കുക…. ഹരിക്ക് പോയി കാണാം സുമയെ…. ”

ഹരി കുട്ടികളെ ചേർത്ത് പിടിച്ചു അകത്തേക്ക് കയറി

സുമടെ അടുത്തെത്തി..

സുമ ഹരിയെ ദയനീയമായി നോക്കി ആ കൈയിൽ അമർത്തി പിടിച്ചുക്കൊണ്ട് ചോദിച്ചു…

“ഏട്ടാ ഈ കാരുണ്യം കുറച്ചുകൂടെ നേരത്തെ എന്നോട് കാണിച്ചുകുടാരുന്നോ എങ്കിൽ ഈ ഭൂമിയിൽ എന്റെ കുഞ്ഞുങ്ങൾക്കൊപ്പം കുറച്ചുകാലം കൂടി ജീവിക്കില്ലാരുന്നോ?? എന്നോട് എന്തിനാ…….”

ആ വാചകം മുഴുവനാക്കിയില്ല കയ്യിലെ പിടിത്തം ഒന്നുടെ മുറുകി പിന്നെ പതുക്കെ പതുക്കെ ആ പിടി അയഞ്ഞു സുമയുടെ ആ ശ്വാസം വേഗത്തിലായി

ഒടുവിൽ ഹരിയെ തന്നെ നോക്കി ആ ശ്വാസം നിലച്ചു കണ്ണിലെ കൃഷ്ണമണികൾ നിശ്ചലം.. കുട്ടികൾ ഉറക്കെ നിലവിളിച്ചു..

അടുത്തുണ്ടായിരുന്ന നേഴ്സ് ഡോക്ടറെ വിളിക്കനോടി അപ്പോഴേക്കും പോയിക്കഴിഞ്ഞിരുന്നു തന്റെ സുമ…

താൻ നിഷേധിച്ച കാരുണ്യം തേടി അവൾ ദൈവത്തിന്റെ അടുത്തെത്തി…. ഒൻപതു വർഷം മുൻപ് എന്റെ കൈ പിടിച്ചു ജീവിതത്തിൽ വന്നവൾ ഇന്നു എന്റെ കൈ പിടിച്ചു യാത്രയായി…

ഹരി ഓർമകളിൽ നിന്ന് തിരിച്ചു വന്നു നോക്കുമ്പോൾ അഖിലിനെ ചേർത്ത് പിടിച്ചു നിലത്തു കിടന്നു ഉറങ്ങുന്നു അനഘ……

അയ്യാൾ മക്കളെ ചേർത്ത് പിടിച്ചു അവരുടെ കൂടെ ചേർന്ന് കിടന്നു..

നഷ്ട്ടമാക്കുന്നതൊന്നും ഒരിക്കലും നമുക്ക് തിരിച്ചു കിട്ടില്ല… ആരുടെയും ജീവിതം ഹരിയുടെ പോലെ ആകാതിരിക്കട്ടെ….

Leave a Reply

Your email address will not be published. Required fields are marked *