അയാള്‍ക്കൊപ്പമുള്ള രാത്രികള്‍ നരകത്തില്‍ ചെലവഴിക്കുന്നതിനെക്കാള്‍ ഭീകരമാണ്, പകല്‍..

അഭിമുഖം
(രചന: Anish Francis)

ട്രെയിന്‍ നീങ്ങിത്തുടങ്ങിയിട്ടും സുചിത്രയുടെ ടെന്‍ഷന്‍ കുറഞ്ഞില്ല. ഇടയ്കിടെ അവള്‍ പുറകോട്ടു തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. അയാള്‍ തന്റെ പുറകെയുണ്ടോ ?

താന്‍ നഗരം വിട്ടത് ഇതിനകം അയാള്‍ അറിഞ്ഞിട്ടുണ്ടാകും. പത്രമോഫിസില്‍ തന്നെ പിക്ക് ചെയ്യാന്‍ അയാള്‍ വരുന്നത് അഞ്ചു മണിക്കാണ് .

അയാള്‍ വന്നാല്‍ താന്‍ ഫ്ലാറ്റിലേക്ക് പോയി എന്ന് പറയാന്‍ നൈറ്റ് ഷിഫ്റ്റിലെ സബ് എഡിറ്റര്‍ രവിയോട് പറഞ്ഞിട്ടുണ്ട്. തന്റെ മൊബൈല്‍ ഓണ്‍ ആകുന്നില്ല എന്ന കള്ളവും പറഞ്ഞു.

ഫ്ലാറ്റില്‍ എത്തി താനില്ല എന്ന് അറിഞ്ഞുകഴിയുമ്പോള്‍ അയാള്‍ക്ക് കലിയിളകും.

വയ്യ. ഇനി വയ്യ.

അയാള്‍ക്കൊപ്പമുള്ള രാത്രികള്‍ നരകത്തില്‍ ചെലവഴിക്കുന്നതിനെക്കാള്‍ ഭീകരമാണ്. പകല്‍ ,മറ്റുള്ളവരുടെ മുന്‍പില്‍ അയാള്‍ ഒരു മാലാഖയായി അഭിനയിക്കും. രാത്രി..

“സുചിത്ര യൂവാര്‍ ലക്കി ടൂ ഗ് ഗേറ്റ് എ ഹസ്ബന്‍ഡ് ലൈക്ക് ഹിം.”..

കുറച്ചുദിവസം മുന്‍പ് ചീഫ് എഡിറ്റര്‍ വാസവന്‍ സര്‍ പറഞ്ഞത് അവള്‍ ഓര്‍മ്മിച്ചു.

പത്രത്തില്‍ പുതിയതായി തുടങ്ങുന്ന ഒരു പരമ്പരക്ക് അവളെ അസൈന്‍ ചെയ്യുമ്പോഴായിരുന്നു ചീഫ് എഡിറ്റര്‍ അങ്ങിനെ പറഞ്ഞത്.

നഗരത്തിലെ റിട്ടയര്‍മെന്റ് ലൈഫ് . അതായിരുന്നു പരമ്പരയുടെ തീം. എഴുത്തും ഒപ്പം പത്രത്തിന്റെ ചാനലില്‍ വീഡിയോ അഭിമുഖങ്ങളും.

റിട്ടയര്‍ ചെയ്തു ജീവിക്കുന്ന സമൂഹത്തിലെ ഉന്നതരായ ഒരു പറ്റം വ്യക്തികളുമായുള്ള അഭിമുഖം.

തനിക്ക് മടിയായിരുന്നു. അല്ല ഭയം. ഒരിക്കല്‍ ഒരു യുവ സിനിമാനടനുമായി പത്രത്തിനുവേണ്ടി അഭിമുഖം നടത്തി. അതിന്റെ അഭിമുഖം യൂട്യൂബില്‍ കണ്ടതിനുശേഷം അയാള്‍…

“രക്തയോട്ടമുള്ള ചെറുപ്പക്കാരെ കണ്ടാല്‍ നീ വിടില്ല അല്ലേടി…” അത് പറഞ്ഞതിനുശേഷം അയാള്‍ തന്റെ ലാപ്ടോപ്പ് ഭിത്തിയിലെക്ക് വലിച്ചെറിഞ്ഞു. അത് നാല് കഷ്ണമായി ചിതറി.

“ഇനി മേലില്‍…” തന്റെ മുടിക്കുത്തില്‍ പിടിച്ചു വലിച്ചിഴച്ചു ഭിത്തിയിലെക്ക് ചാരിനിര്‍ത്തി ഇരുചെവിടിനും മാറിമാറി തല്ലിയ ശേഷം അയാള്‍ മുരണ്ടു.

“ഇനി മേലില്‍ എന്നോട് പറയാതെ ഒരുത്തനുമായും അഭിമുഖം നടത്താന്‍ പോകരുത്.”

സുചിത്ര ട്രെയിന്‍ വിന്‍ഡോയിലേക്ക് തല ചായിച്ചു. ട്രെയിനില്‍ തിരക്ക് കുറവാണ്. പക്ഷേ അവളുടെ ഭയം അപ്പോഴും മാറിയിരുന്നില്ല.

“സര്‍ എന്റെ ഭാര്യ ജോലിക്ക് വേണ്ടി ആളുകളെ കാണുന്നതിലും യാത്ര ചെയ്യുന്നതിലും എനിക്കൊരു പരാതിയുമില്ല. ജേര്‍ണലിസം അങ്ങിനെയൊരു പ്രഫഷനാണല്ലോ. ആം നോട്ട് എ മേല്‍ ഷോവനിസ്റ്റ്.”

അയാള്‍ എഡിറ്ററോട് പറയുന്നു. എഡിറ്റര്‍ അയാളെ ആദരപൂര്‍വ്വം നോക്കുന്നു.

രാത്രിയില്‍ പതിവ് ബ ലാ ല്‍ ക്കാരത്തിനുശേഷം അയാള്‍ ചെവിയില്‍ പിറുപിറുക്കുന്നു.

“നീ വല്ല കിളവന്‍മാരെയും ഇന്റര്‍വ്യൂ ചെയ്യുന്നതില്‍ എനിക്കൊരു വിരോധോമില്ല.

പക്ഷേ അഭിമുഖോം കോപ്പുമെല്ലാം വൈകുന്നേരം അഞ്ചിനു മുന്‍പ് തീര്‍ക്കണം. അല്ലെങ്കില്‍ എന്റെ സ്വഭാവം നീ അറിയും..”

അതിനുശേഷം അയാള്‍ തിരിഞ്ഞു കിടകുന്നു കൂര്‍ക്കം വലിച്ചുറങ്ങുന്നു. ഒരു വന്യമൃഗത്തിന്റെ മുരളല്‍പോലെ അയാളുടെ കൂര്‍ക്കംവലിയുടെ സ്വരം.

അത് കേട്ടാണ് സുചിത്ര മയക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നത്. അപ്പുറത്തെ ബര്‍ത്തില്‍ ഒരു വൃദ്ധന്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു.

അവള്‍ വെറുപ്പോടെ വൃദ്ധനെ നോക്കി. ഒരു കറുത്ത തോള്‍ ബാഗ് ബര്‍ത്തിന്റെ മൂലയില്‍ വച്ച് അത് തലയിണയാക്കിയാണ് അയാള്‍ കിടക്കുന്നത്.

കറുത്ത പാന്റ്സും തവിട്ടു നിറമുള്ള ഷര്‍ട്ടുമാണ് വേഷം. നല്ല ഉയരവും മെലിഞ്ഞ ശരീരവും. അയാളുടെ കിടപ്പിന് എന്തോ പ്രത്യേകത സുചിത്രക്ക് തോന്നി.

ഒരു യന്ത്രമനുഷ്യന്‍ ഉറങ്ങാന്‍ കിടക്കുന്നത് പോലെ.

ഒട്ടും വളയ്ക്കാതെ നിവര്‍ന്നു. ഇരു കൈകളും നെഞ്ചില്‍ പിണച്ചു വച്ച്…

കഴിഞ്ഞ കുറെ ദിവസങ്ങള്‍ സുചിത്ര പല തരത്തിലുള്ള വൃദ്ധരെ കണ്ടു. പക്ഷേ അവരൊക്കെ വളരെ മാന്യരായിരുന്നു.

അധ്യാപകരായിരുന്നവര്‍, ബാങ്ക് മാനേജര്‍മാര്‍ ,ദീര്‍ഘകാലം ഡോക്ടര്‍മാരായിരുന്നവര്‍ ..

ചിലരൊക്കെ ഇപ്പോഴും കര്‍മ്മമമണ്‌ഡലങ്ങളില്‍ സജീവമാണ്. എഴുത്തും വായനയും കൊണ്ട് നടക്കുന്നവര്‍.

ഫെയ്സ്ബുക്കിലും യൂട്യൂബിലും ചെറുപ്പക്കാരെക്കാള്‍ സജീവമായിട്ടുള്ളവര്‍ . അവരുമായുള്ള ഇടപെടല്‍ പുതിയ ഒരു അനുഭവമായിരുന്നു.

ഒരുപക്ഷേ അയാളെ വിട്ടു ഓടിപ്പോകാന്‍ തന്നെ പ്രേരിപ്പിച്ചതും ആ വൃദ്ധരുമായുള്ള ഇടപെടല്‍ അല്ലെ…

ജീവിതം എത്ര ചെറുതാണ് എന്ന് താന്‍ തിരിച്ചറിഞ്ഞു. സഹിച്ചു ജീവിക്കണ്ട ഒന്നല്ല ജീവിതം.

തികച്ചും സ്വച്ഛമായി ,സ്വത്രന്ത്രമായി ജീവിക്കേണ്ട ഒന്നാണ് ജീവിതം. ഒരു കിളിയെപോലെ…അതിനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. തനിക്കുമുണ്ട്.

തനിച്ചു ജീവിക്കുന്ന പ്രമുഖ ഫെമിനിസ്റ്റായ ശോശാമ്മ കുര്യന്‍ എന്ന ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി തന്നോട് തന്നോട് ചോദിച്ചത് സുചിത്ര ഓര്‍മ്മിച്ചു.

“മോള്‍ക്കറിയാമോ പത്തു കല്പനകളില്‍ , മോഷ്ടിക്കരുത് , കൊല്ലരുത് , വ്യഭിചാരം ചെയരുത് എന്നൊക്കെയുണ്ട്.. പക്ഷെ ബ ലാ ല്‍സംഗം ചെയ്യരുത് എന്നില്ല.. കാരണമെന്താ ?”

“കാരണമെന്താ മേഡം ?” അവള്‍ ചോദിച്ചു.

“മനുഷ്യന്‍ സൃഷിച്ച ദൈവം പോലും സ്ത്രീകളെ രണ്ടാം തരമായിട്ടാ കാണുന്നത്. എ പാട്രിയാര്‍ക്കല്‍ ഗോഡ്. സ്ത്രീയുടെ ദൈവം സ്ത്രീ തന്നെയായിരിക്കണം.”

അവര്‍ പറഞ്ഞു.

അപ്പുറത്തെ ബര്‍ത്തില്‍ കിടന്നുറങ്ങുന്ന വൃദ്ധന്റെ കൂര്‍ക്കം വലി ഇപ്പോള്‍ കൂടിയിരിക്കുന്നു. സുചിത്ര വര്‍ധിച്ച വെറുപ്പോടെ അയാളെ നോക്കി. അവിടെനിന്ന് മാറി വേറെയോരിടത്തു ഇരുന്നാലോ..അവള്‍ ചിന്തിച്ചു.

പെട്ടെന്ന് അവളുടെ ചിന്ത സ്പര്‍ശിച്ചത് പോലെ വൃദ്ധന്‍ കണ്ണ് തുറന്നു അവളെ നോക്കി.

സുചിത്ര ഒന്ന് ഞെട്ടി. വികാര രഹിതമായ ,തുളച്ചു കയറുന്ന നോട്ടം.

വൃദ്ധന്‍ ഒന്നും മിണ്ടാതെ എഴുന്നേറ്റു. അയാളുടെ ചലനങ്ങള്‍ക്ക് അപ്പോഴും ഒരു യാന്ത്രികത ഉള്ളത് പോലെ അവള്‍ക്ക് തോന്നി.

ആ മെല്ലിച്ച വൃദ്ധന്‍ ബര്‍ത്തിന്റെ മൂലയിലേക്ക് നീങ്ങിയിരുന്നു. പിന്നെ തലയില്‍ അവശേഷിച്ച മുടി ഒതുക്കി വച്ചു.

രണ്ടു കൈകളും രണ്ടു മടിയില്‍ പിണച്ചുവച്ചു സീറ്റില്‍ നിവര്‍ന്നിരുന്നു വൃദ്ധന്‍ അവളെ ഒന്ന് കൂടി നോക്കി. പിന്നെ ബാഗില്‍നിന്ന് ഒരു പുസ്തകമെടുത്തു നിവര്‍ത്തി മടിയില്‍ വച്ചു .

അയാളുടെ ഇന്‍സര്‍ട്ട് ചെയ്ത ചുളിവുകളില്ലാത്ത വരയന്‍ ഷര്‍ട്ടും , ശരീര ചലനങ്ങളും കണ്ടപ്പോള്‍ അവള്‍ക്ക് താന്‍ പണ്ട് പഠിച്ച കോളേജിലെ ലൈബ്രേറിയനെ ഓര്‍ത്തു. അതും ഒരു മെല്ലിച്ച വൃദ്ധനായിരുന്നു. യാന്ത്രികമായ ചലനങ്ങള്‍.

ഇയാള്‍ ഒരു പക്ഷെ വിരമിച്ച ഒരു ലൈബ്രേറിയനായിരിക്കാം. പുസ്തകങ്ങളെ ഇഷ്ടപെടുന്നത് കൊണ്ടാകും ഇപ്പോഴും അതും കൊണ്ട് നടക്കുന്നത്. അയാള്‍ നോക്കുന്നത് കണ്ട് സുചിത്ര ഒന്ന് ചിരിച്ചു.

പക്ഷേ അയാള്‍ പുഞ്ചിരി മടക്കി നല്‍കിയില്ല. പകരം ഒരു പൊള്ളയായ നോട്ടം കൊണ്ട് അവളെ ആപാദചൂഡം ഒന്ന് അളന്നു. അതോടെ സുചിത്രയുടെ ദേഷ്യം ഇരട്ടിച്ചു.

വെറുപ്പോടെ കിളവനെ ഒന്ന് നോക്കിയശേഷം അവള്‍ സീറ്റ് മാറാനായി എഴുന്നേറ്റു. നടക്കാന്‍ തുടങ്ങിയപ്പോള്‍ പുറകില്‍ നിന്നൊരു വിളി കേട്ടു.

വിളിയല്ല ,ഒരു മുരളല്‍.

എടീ ..”

അയാള്‍.

താന്‍ ആരില്‍നിന്നാണോ ഓടിപ്പോകുന്നത് അയാള്‍.
തന്നില്‍ ഒരു കനത്ത ഭാരം നിറയുന്നത് സുചിത്ര അറിഞ്ഞു. അവളുടെ ദേഹം തളര്‍ന്നു. ഒരു ബലത്തിനായി അവള്‍ ബര്‍ത്തില്‍ മുറുകെ പിടിച്ചു.

അയാള്‍ അവളുടെ കയ്യില്‍ പിടിച്ചു വലിച്ചു സീറ്റിലേക്കിട്ടു. പിന്നെ അവളുടെ കരണം തീര്‍ത്ത്‌ ഒറ്റയടി.

സുചിത്ര തല കറങ്ങിതാനിരുന്ന സീറ്റിലേക്ക് തന്നെ വീണു.

“നീ എന്താടി വിചാരിച്ചത് .അങ്ങ് കടന്നു കളയാമെന്നോ ?” അയാള്‍ ആക്രോശിച്ചു.

ട്രെയിന്‍ ഇപ്പോള്‍ കടന്നു പോകുന്നത് ഉണങ്ങി വരണ്ടുകിടക്കുന്ന പാടങ്ങള്‍ക്കിടയിലൂടെയാണ്. പുറത്തുനിന്ന് ചൂട്കാറ്റ് ട്രെയിനുള്ളിലെ തുരുമ്പ് ഗന്ധവുമായി കലരുന്നു.

അപ്പുറത്തെ ബര്‍ത്തിലിരുന്ന വൃദ്ധന്‍ ഭാവഭേദങ്ങള്‍ ഒന്നുമില്ലാതെ രംഗം കണ്ടുകൊണ്ടിരിക്കുകയാണ്. അയാളുടെ നോട്ടം മുന്‍പത്തെ പോലെ വികാരശൂന്യം തന്നെയാണ്.

അപ്പോഴാണു അയാള്‍ വൃദ്ധനെ ശ്രദ്ധിച്ചത്.

“ഓ ,അത് ശരി ഇയാള്‍ ആയിരുന്നോ നിന്റെ കമ്പനി. കിളവന്‍മാരുടെ അഭിമുഖം നടത്തി അവരുടെ കൂടെ കടന്നു കളയാം എന്ന് കരുതി അല്ലേടി ?” അയാള്‍ വീണ്ടും അവളെ തല്ലി.

ഇപ്രാവശ്യം അപ്പുറത്തെ സീറ്റിലെ വൃദ്ധന്റെ നോട്ടത്തില്‍ ചെറുതായി ഒരു മാറ്റമുണ്ടായി. തന്റെ സ്വകാര്യത നഷ്ടപ്പെടുത്തരുത് എന്ന് അര്‍ത്ഥമുണ്ടായിരുന്നു ആ നോട്ടത്തില്‍..

“എന്താടോ താന്‍ ചെറയുന്നെ ?തനിക്കിഷ്ടപ്പെട്ടില്ലേ?” അയാള്‍ വൃദ്ധന് നേരെ തിരിഞ്ഞു.

വൃദ്ധന്‍ അപ്പോഴും ഒന്നും മിണ്ടിയില്ല. പകരം അയാളെ നോക്കുക മാത്രമേ ചെയ്തുള്ളൂ.

“അപ്പുറത്തോട്ടു മാറിയിരിക്കടോ?ഇത് കേട്ടിയോനും കെട്ടിയോളും തമ്മിലുള്ള പ്രശ്നമാ..” അയാള്‍ വൃദ്ധനോട് ആജ്ഞാപിച്ചു.

വൃദ്ധന്‍ ചലിച്ചില്ല. അയാള്‍ ഒരു യന്ത്രമനുഷ്യനെപ്പോലെ ഇരുന്നിടത്ത് തന്നെയിരുന്നു.

“എടൊ തന്നോടാ പറഞത് , മാറിയിരിക്കടോ ? അല്ലേല്‍ എന്റെ കയ്യുടെ ചൂട് താനും അറിയും ?” അയാള്‍ കോപാക്രാന്തനായി മുന്നറിയിപ്പ് നല്‍കി.

വൃദ്ധന്റെ ഒരു വിരല്‍ പോലും ചലിച്ചില്ല. പാട മൂടിയ കണ്ണുകള്‍ വൃദ്ധന്‍ എന്താണ് ചിന്തിക്കുന്നതെന്ന് ഒരൂഹം പോലും നല്‍കിയില്ല. അയാള്‍ ഒരു പ്രതിമപോലെ തന്റെയിരുപ്പ് തുടര്‍ന്നു.

“തന്നെ ഞാന്‍ ..” അയാള്‍ വൃദ്ധന്റെ അരികിലേക്ക് നടന്നടുത്തു.

“എന്താടോ താന്‍ എന്നെ അങ്ങ് വിഴുങ്ങുമൊ ?” കിഴവന്റെ താടിക്ക് വലതുകൈകൊണ്ട് ആഞ്ഞു തട്ടിക്കൊണ്ട് അയാള്‍ ചോദിച്ചു.

അതിനുശേഷം ഇടതു കൈകൊണ്ട് കിഴവന്റെ കോളറിനുകൂട്ടി പിടിച്ചുയര്‍ത്താന്‍ ശ്രമിച്ചു.

ഒരു യന്ത്രമനുഷ്യന്‍ സ്വിച്ചോണ്‍ ചെയ്യപ്പെട്ടത് പോലെയായിരുന്നു വൃദ്ധന്റെ നീക്കം. വൃദ്ധന്‍ ഇടതുമുഷ്ടി ചുരുട്ടി അയാളുടെ വാരിയെല്ലിനു കീഴെ ആഞ്ഞു പ്രഹരിച്ചു.

ടക്ക് എന്ന ശബ്ദം സുചിത്ര കേട്ടു. ഒപ്പം അയാള്‍ പുറകോട്ടു ചായുന്നതും. അയാള്‍ പിറകോട്ടു മറിഞ്ഞു വീഴുന്നതിനു മുന്‍പ് വൃദ്ധന്‍ മിന്നല്‍ പോലെ ചാടിയെഴുന്നേറ്റു

രണ്ടു കണ്ണുകള്‍ക്കിടയിലെ മര്‍മ്മഭാഗത്തു ചൂണ്ടു വിരല്‍ കൊണ്ട് ആഞ്ഞു കുത്തി. അയാള്‍ പിറകോട്ടു മറിഞ്ഞു വീണു.

വൃദ്ധന്റെ നീക്കങ്ങള്‍ മിന്നല്‍ പോലെയായത് കൊണ്ട് എന്താണ് സംഭവിച്ചതെന്നു പോലും മനസ്സിലാക്കാന്‍ സുചിത്രക്ക് കഴിഞ്ഞില്ല.

നിലത്തു വീണ തന്റെ ഭര്‍ത്താവിനെ വൃദ്ധന്‍ ബര്‍ത്തിലേക്ക് കിടത്തുന്നത് സുചിത്ര കണ്ടു.

അതിനുശേഷം അയാളുടെ രണ്ട് കണ്ണുകളും വൃദ്ധന്‍ ചേര്‍ത്തടച്ചു. ഇപ്പോള്‍ ആരെങ്കിലും കണ്ടാല്‍ ഒരു യാത്രക്കാരന്‍ സീറ്റില്‍ കിടന്നു ഉറങ്ങുകയാണെന്നെ തോന്നു.

വൃദ്ധന്‍ തന്റെ സീറ്റില്‍ത്തന്നെ വീണ്ടുമിരുന്നു. സംഘര്‍ഷത്തിനിടയില്‍ താഴെ വീണ ബുക്ക് മാര്‍ക്ക് എടുത്തു വായിച്ചു നിര്‍ത്തിയയിടത്തു തന്നെ കൃത്യമായി തിരകെ വച്ച് അയാള്‍ അയാള്‍ പുസ്തകമടച്ചു ബാഗില്‍ വച്ചു..

അതിനുശേഷം ഉലഞ്ഞു പോയ തന്റെ മുടി ഒന്നുകൂടി ഒതുക്കി വച്ചു. പിന്നെ ഒട്ടും ധൃതി കൂടാതെ എഴുന്നേറ്റു മെല്ലെ നടന്നു. ഒരിക്കല്‍ പോലും അയാള്‍ സുചിത്രയുടെ നേര്‍ക്ക് നോക്കിയില്ല.

സുചിത്ര വേഗം ബാഗില്‍നിന്ന് ഫോണെടുത്തു അവള്‍ ഓണ്‍ ചെയ്തു. ഓണ്‍ ചെയ്തതും ഒരു കോള്‍ വന്നു. പത്രമോഫിസില്‍ നിന്ന് എഡിറ്ററാണ്.

‘അതെ സുചിത്ര എനിക്കൊരു ഐഡിയ..” എഡിറ്റര്‍ പറഞ്ഞു.

“നമ്മള്‍ സമൂഹത്തിലെ വെല്‍ റിട്ടയര്‍ഡായ ആളുകളെ മാത്രമായി നോക്കിയിട്ട് കാര്യമില്ല. അത്ര നല്ല പ്രൊഫൈല്‍ അല്ലാത്തവരും ഉണ്ടാകില്ലേ..അറിയപെടാത്ത ആളുകള്‍..?”

ട്രെയിനിന്റെ വേഗം കുറഞ്ഞു. അകലെ ആ വൃദ്ധന്‍ ഇറങ്ങാന്‍ തയ്യാറായിനില്‍ക്കുന്നത് അവള്‍ മിന്നായം പോലെ കണ്ടു.

“സര്‍ ആരെയാ ഉദ്ദേശിക്കുന്നത് ?”
“ഫോര്‍ എക്സാമ്പിള്‍ ..വാടക കൊലയാളികള്‍ .. ഒരു റിട്ടയര്‍ ചെയ്ത വാടക കൊലയാളിയുമായി ഒരു ഇന്റര്‍വ്യൂ ..എങ്ങിനെയുണ്ട്..” എഡിറ്റര്‍ ആവേശത്തോടെ ചോദിച്ചു.

ട്രെയിന്‍ നിന്നു.

“പക്ഷേ സര്‍ ,അങ്ങിനെയുള്ളവര്‍ റിട്ടയര്‍ ചെയ്യുമോ ?”

പ്ലാറ്റ്ഫോമില്‍ ഇറങ്ങി ആ വൃദ്ധനെ തിരയുന്നതിനിടയില്‍ സുചിത്ര ചോദിച്ചു. അയാളെ അവിടെയെങ്ങും കാണുന്നില്ല.

ഇനിയൊരിക്കലും ആ വൃദ്ധനെ താന്‍ കാണില്ലെന്ന് അവളുടെ മനസ്സു പറയുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *