സത്യം പറഞ്ഞാൽ അവിടെ വച്ച് തന്നെ ആദ്യരാത്രി ആഘോഷിച്ചിട്ട് അവളെയും കൊണ്ട്..

(രചന: Syam Varkala)

“ഇനിയെന്ന് മഴ പെയ്യുന്നുവോ അന്ന് പറയാം ശ്യാമേ ഇഷ്ട്ടമാണോ അല്ലയോന്ന്…” കേട്ടില്ലേ… അവള് പറഞ്ഞത്…

മാസം രണ്ടല്ല, ദിവസം അറുപതാ ഞാനവളുടെ പിന്നാലെ നടന്നത്.. നടന്ന് നടന്ന് ചെരുപ്പിന്റെ മെഡുല്ല ഒബ്ലാങ്കട്ട വരെ ഓംലൈറ്റാക്കീട്ട് പന്നച്ചിങ്കാരക്കാമുകിമോള് പറഞ്ഞ പറച്ചിലാ…

പോരെങ്കീ വേനൽക്കാലം..വേനൽ മഴ വന്നാ വന്ന്.. എന്ന് വരും..ഇനി വരോ.. വരൂലേ..ആർക്കറിയാം.

സ്കൂളിലെ ബാക്ക് ബഞ്ചിലെ പൂജ്യം വെട്ടിക്കളിയും, ടീച്ചറിന്റെ ചോക്കേറും,
ക്ലാസിന് പുറത്തെ സെക്യൂരിറ്റിപ്പണിയും, പെൺകുട്ടികളുടെ മുട്ട (പൊരിച്ചേണേ…അടുക്കിലെ) മോട്ടിച്ചതിന് കിട്ടുന്ന ഡക്സ്റ്ററേറുമായി

ജീവിതമിങ്ങന അലസ മദാലസ കിടിലോൽഘചമായ് ഘോഷിച്ച് മുന്നേറുന്നതിനിടയിലാണ് അവളെന്റെ ചങ്കിൽ ചോക്ലേറ്റ് കട തുടങ്ങിയത്…ന്താ മധുരാല്ലേ റൊമാൻസ് ചോക്ലേറ്റിന്..

പിന്നൊരു പാളംതെറ്റലാർന്ന്….
കണ്ണാടിയിൽ കണ്ണായിരം നോക്കിയാലും കണ്ണ്‌ മുഴുക്കാത്ത അവസ്ഥ,..

യാതൊരു വിധ ആർട്ടിഫിഷ്യൽ ഇഫക്ട്സും‌ തൊട്ടു തീണ്ടാത്തെ എന്റെ ചിരിനടനോട്ടസംസാര ചേഷ്ട്ടകളൊക്കെ,..

‘പുതിയമുഖോ…ഓ…ഇനിയൊരു പുതിയമുഖോ..’ ന്ന് പാടിക്കൊണ്ട്‌ ഒരു പുതിയ മനിതനാക്കി എന്നെ മാറ്റി..

പൂവിനും, പൂമ്പാറ്റക്കും, പറവയ്ക്കും, മഴയ്ക്കുമൊക്കെ പണ്ടെങ്ങുമില്ലാത്ത എന്തോ ഒരു‌ എക്സ്ട്രാ ഫിറ്റിങ്ങ്സ് കണ്ട പോലെ നോക്കി നിന്നു…സർവ്വം പ്രണയം…

വെട്ടിക്കളിക്കാൻ ഉരുട്ടിയിട്ട പൂജ്യത്തിനുള്ളിൽ വരെ ലൗച്ചിഹ്നം ഒടുവിൽ പ്രണയം പൊട്ടിത്തെറിച്ചെന്റെ ഹൃദയരാജ്യം തകരുമെന്നായപ്പോൾ രണ്ടും കൽ.. (ല്ലേൽ വേണ്ട) രണ്ടായിരോം‌ കൽപ്പിച്ചു ഞാൻ ചോദിച്ചു…

“കുട്ടിക്കെന്നോട് പ്രേമമുള്ള പോലെ തോന്നുന്നു…ഇനിയെന്റെ തോന്നലാണോ..!!!???”…

“ഹൊ ഇമ്മാതിരി ശിക്ഷിക്കോന്നറിഞ്ഞില്ലമ്മച്ചീ…”
ഇനി മഴ പെയ്യണം..മനസ്സറിയാൻ..!
ഞാൻ കാത്തിരുന്നു…

വൈകിട്ട് ജനഗണമന പാടും നേരമുണ്ട് വേറാരോ കൂടെ പാടുന്നു… അതെ…മഴ….മഴ…

എന്റെ മനസ്സിൽ ലഡുവും, അച്ചപ്പോം, മുറുക്കും, അങ്ങങ്ങനെ കറു മുറാ പൊട്ടണ പലഹാരങ്ങളെല്ലാം കൂടങ്ങ് പൊട്ടി…. ങ്ങാ പിന്നെ കടുവും.., അതും കെടക്കട്ടെന്ന്…

ബെല്ലിന്റെ കൂട്ട നിലവിളിയേറ്റുപിടിച്ചു കൊണ്ട് ക്ലാസ്സുകളിൽ നന്നും ഒരിരമ്പൽ പുറത്തേക്ക് പാഞ്ഞു..

അവളുടെ ക്ലാസ്സിൽ അവൾ മാത്രം, എന്റെ ക്ലാസിൽ ഞാൻ മാത്രം..
നമ്മൾ രണ്ടും ഒരു ക്ലാസിലായിരുന്നതിനാൽ ആ ക്ലാസിൽ നമ്മൾ രണ്ടും മാത്രം..!!… (ഒരു ഗ്ലാസ്സ് വെള്ളം തരോ?)

പട..പട..പട…പട…പട… അതായത് നെഞ്ചിടിപ്പ്…….????

ഒടുവിൽ അവൾ ചിരിച്ചു… പതിയെ… പതിയെ… നടന്നരികിൽ വന്നു…മഴ ബാക്ഗ്രൗണ്ട് സ്കോറുമായി ചുറ്റിലും തിമിർക്കുന്നു…

ഹൊ…..കിട്ടിപ്പോയി.. കവിളിൽ…ലുമ്മം…!!
ങ്ങ്ഹാന്ന്… ഉമ്മ വച്ചവൾ… ഞാൻ വല്ലാണ്ടങ്ങ് തരള ലോകത്തെ രാജകുമാരനായിപ്പോയി…

അവളുടെ ചുണ്ടുകൾ എന്റെ കവിൾ ചേരുമ്പോൾ മണ്ണിൽ പുതു മഴ വീണുയർന്ന മണ്ണിന്റെ ഗന്ധമായിരുന്നു….മൺ മണമുള്ളൊരുമ്മ…!!

പുറത്ത് മഴ മണ്ണിലുമ്മ… അകത്ത് അവളെൻ കവിളിലുമ്മ.. പുറത്ത് മഴ,…അകത്ത് അവൾ… മഴ.. അവൾ.. മഴ … അവൾ…. ഇങ്ങനെ മാറി മാറി….ഹൊ‌..

സത്യം പറഞ്ഞാൽ അവിടെ വച്ച് തന്നെ ആദ്യരാത്രി ആഘോഷിച്ചിട്ട്
അവളെയും കൊണ്ട് വീട്ടിൽ ചെന്ന് അമ്മയോട്…

“അമ്മാ… എനിക്കിവളെ ഇഷ്ട്ടമാണ്, ഞാൻ ഗർഭണനാണ്, അമ്മ ഞങ്ങളുടെ കല്ല്യാണം നടത്തിത്തരണം…”

പക്ഷേ.‌. ഈ ആദ്യരാത്രി പ്രോഗ്രാമിനെക്കുറിച്ച് വല്ല്യ ക്ണോളജില്ലാത്തതിനാൽ അത് നടന്നില്ല..അല്ലേൽ അന്ന് ഞാൻ പെറേണ്ടതാ…ബാഡ് ലക്ക്..

ബയോളജിയിൽ പൂജ്യത്തിൽ താഴെയൊരു മാർക്കില്ലാത്തതിനാൽ അതീവ നിരാശയോടെ മനസ്സില്ലാ മനസ്സോടെ എന്റെ പരീക്ഷാ പേപ്പറിൽ പൂജ്യമിട്ടു തന്നിരുന്ന നഹീന ടീച്ചർ ഞെട്ടിത്തരിച്ചു പോയി…

ഓണപ്പരീക്ഷയിൽ എനിക്ക് ബയോളജിക്ക് ഇരുപത്തി നാല് മാർക്ക്…..എല്ലാം പ്രണയത്തിന്റെ മായ…. അല്ലാ മ്മള് മോശക്കാരനാകാൻ പാടില്ലല്ല്…ഏത്…??

ഒക്കെ വെറുതെയായി, ഓൾ വന്ന് കല്ല്യാണം വിളിച്ചപ്പോ ഞാനും പോയി..

ഓളുടെ മാഗല്ല്യം തന്തുനാനേനെ ആകും നേരം ചൊരിയാൻ എനിക്കും കിട്ടി ഒരു പിടി പൂക്കൾ..!! എന്ത് ഊള പ്രേമം..ല്ലേ..?….

പായസം രണ്ട് വട്ടം ഇരന്ന് ചോദിച്ചിട്ടും ഒരണ്ടിപ്പരിപ്പ് പോലും എനിക്ക് കിട്ടീല..
ആരോ പ്ലാൻ ചെയ്ത് വിളമ്പിയ പോലെ…

ഇലയിൽ വിരൽപ്പാട് മാത്രം അവശേഷിച്ച് ഞാൻ എഴുന്നേറ്റപ്പോൾ തൊട്ടടുത്തിരുന്ന ഒരാൾ പുളിശ്ശേരിയിൽ നിന്നും കറിവേപ്പില ഇലത്തുമ്പിലേയ്ക്ക് മാറ്റി വയ്ക്കുന്നത് കണ്ട് ചങ്കൊന്നു പിടഞ്ഞു…

സിമ്പോളികായി അയാളും എന്നെ വെറുംഊപ്പയാക്കി..

ദൈവമേ.. നീയെന്തിന് കറിവേപ്പിലയെ ഭൂമിയിൽ നട്ടു പിടിപ്പിച്ചു..എന്റെ ചങ്കിലിട്ടു കടുകുവറുക്കാനോ…??
രസിക്ക്..രസിക്ക്‌ട്ടാ…

“ഇതാരാഡീ ശ്യാം…?? നിനക്കൊരു കൊറിയർ വന്നതാ, ഞാൻ പൊട്ടിച്ചു നോക്കിയപ്പോൾ ഒരു അയൺ ബോക്സ്..!!?.”

“ശ്യാമോ..!!!അയൺ ബോക്സോ…!!
ഹ..ഹ..ഹ…അതെന്റെ പിന്നാലെ നടന്ന ഒരുത്തനാ…തേപ്പ്…തേപ്പ്..
എനിക്കിട്ട് കൊട്ടിയതാ….!!

അവൾക്കൊപ്പം അവനും ചിരിച്ചു..
ചിരിക്കിടെ അവൻ ചിന്തിച്ചു…
“ഇനിയിവൾ എന്നെയും….!!!ഏയ്…!!.”

അതേ ക്ലാസ് റൂം. ഉമ്മ കിട്ടിയ അതേ ഇടം… അതേ ബ്ലാക് ബോർഡ്..!
അതേ ചുവര്. അതേ മേൽക്കൂര ..!
അതേ ഉത്തരം…!

അതേ…അതല്ല..അതല്ല….
ഉത്തരത്തിലൊരുത്തി തൂങ്ങി നിൽക്കുന്നു..!! പേര് ഉഷ‌.. ചത്ത് നിൽക്കുവാണെങ്കിലും സ്വിച്ചിട്ടാൽ കറങ്ങും…!! ടെക്നോളജി…!!!ഹൗ!!!

തൂങ്ങിയ ഉഷയുടെ അരക്കെട്ടിൽ തൂങ്ങുന്ന കയർതുമ്പത്തൊരു പൂജ്യം
തൊട്ട് താഴെയിരിക്കുന്ന പഴയ പൂജ്യം വെട്ടിക്കളിക്കാരനായ സമ്പൂജ്യനെ കാത്തിരിക്കുന്നു..

യുവ എഴുത്തുകാരനാകാൻ ഒരു കടുകു മണി അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ ചാൻസുണ്ടായിരുന്ന ശ്യാം വർക്കലയെന്ന യുവാവ് ആത്മഹത്യാ ശ്രമത്തിൽ നിന്നും അതിസാഹസികമായി രക്ഷപ്പെട്ടു..

ചൂടുള്ള വാർത്ത .. ചൂടുള്ള വാർത്ത…

തൂങ്ങാനിട്ട കയർ വഴി ഇറങ്ങി വന്ന ഒരു തേൾ കടിച്ച അസഹ്യമായ വേദനയിൽ പ്രാണഭയവിഹ്വലനായ യുവാവ് തൂങ്ങിക്കിടക്കുന്ന കയറിനെ വെറും അപഹാസ്യമണുകുണാഞ്ചനാക്കി ആത്മഹത്യാ ശ്രമത്തിൽ നിന്നും പിന്മാറുകയായിരുന്നത്രേ…

ഫെയ്സ്ബുക്കിൽ അവിചാരിതാ പ്രതീക്ഷിതസ്ത്ബ്ദനിമിഷത്തിലെന്റെ പ്രൊഫൈൽ കണ്ട അവൾ ഇൻബോക്സിൽ വന്നു ചോദിച്ചു…”..

ഹായ് ശ്യാം… എത്രഭംഗിയായ് എഴുതുന്നു… പഴയതൊന്നും മനസ്സിൽ വച്ച് പെരുമാറില്ലെങ്കിൽ ഞാനൊരു ഹെൽപ്പ് ചോദിച്ചോട്ടെ…???

ശ്യാമിന്റെ കമ്പനീൽ ന്റെ ഹസ്ബന്റിനൊരു ചാൻസ്…??

അല്ലേലും ഈ ദൈവമിങ്ങനാ..

Leave a Reply

Your email address will not be published.