വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ സുനിത എന്നോട് പറയുമായിരുന്നു അപ്പോള്‍..

ശ്യാമേച്ചി പാവമാണ്
(രചന: Anish Francis)

“ഒരു പോലീസ് ഉദ്യോഗസ്ഥനായാതുകൊണ്ടാണ് എട്ടന് എല്ലാരെയും സംശയം.” വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ സുനിത എന്നോട് പറയുമായിരുന്നു. അപ്പോള്‍ ഞാന്‍ വെറുതെ ചിരിക്കും.

“മനുഷ്യരെല്ലാവരും നല്ലവരാണ്. ഉള്ളിന്റെ ഉള്ളില്‍ എല്ലാവരിലും ഒരു നന്മയുണ്ട്.”

സുനിത എല്ലായ്പ്പോഴും പറഞ്ഞുകൊണ്ടിരുന്നു. എങ്കിലും ഞാന്‍ അതൊരിക്കലും വിശ്വസിച്ചില്ല.

എങ്ങിനെ വിശ്വസിക്കും ? ഇന്ന് പാലത്തില്‍ നിന്ന് ചാടി മരിച്ച അമ്മയുടെയും കുഞ്ഞിന്റെയും ശവശരീരങ്ങള്‍ വീണ്ടെടുക്കുന്ന ജോലിയാണെങ്കില്‍

അടുത്ത ദിവസം പ്രണയനൈരാശ്യം മൂലം മരിച്ച കമിതാക്കളുടെ മരണ മഹസ്സര്‍ എഴുതുന്ന ജോലി.

വേറൊരു ദിവസം മോഷണശ്രമത്തിനിടയില്‍ കൊല്ലപ്പെട്ട വൃദ്ധദമ്പതികളുടെ കൊലയാളികളെ കണ്ടെത്തല്‍…

സുനിത ഒരു എല്‍. പി സ്കൂള്‍ അധ്യാപികയായിരുന്നു.

പുലര്‍ച്ചെ അടുക്കളവാതില്‍ക്കലെ ചീരിക്കും വെണ്ടക്കും വെള്ളം തളിച്ചും സന്ധ്യക്ക് മുറ്റത്തെ റോസയുടെയും മുല്ലയുടെയും അരികില്‍ വര്‍ത്തമാനം പറഞ്ഞും സുനിത ജീവിച്ചു.

അവളുടെ പകലുകള്‍ കുഞ്ഞുങ്ങളുടെ കളിചിരിയില്‍ മുങ്ങി. അതിനാല്‍ സുനിതയ്ക്ക് എന്നെ ഒരിക്കലും മനസ്സിലാവുമായിരുന്നില്ല. എനിക്കവളെയും.

ഇതിനിടയിലാണ് സ്കൂളിലെ താല്‍ക്കാലിക തൂപ്പുകാരിയായ ശ്യാമ എന്ന സ്ത്രീയെ കുറിച്ച് സുനിത എന്നോട് പറയുന്നത്.

ഒരുപാട് പരാധിനതകള്‍ ഉള്ള ആ സ്ത്രീയുടെ ജോലി പോയി.. അവര്‍ക്ക് പകരം സ്ഥിരം സ്വീപ്പര്‍ സര്‍ക്കാരില്‍ നിന്ന് നിയമനമായിരിക്കുന്നു.

ഒരു ദിവസം ഓഫിസില്‍ നിന്ന് വന്നപ്പോള്‍ സുനിത എന്നോട് മടിച്ചു മടിച്ചു പറഞു.

“നമുക്ക് ഒരാളെ വീട്ടു ജോലിക്ക് വച്ചാലോ ?”

“നിനക്കിപ്പോ എന്താ പറ്റിയെ ??

“ശ്യാമേച്ചിക്ക് ആരുമില്ല..അവരെ കെട്ടിയോന്‍ ഇട്ടേച്ചു പോയി.കഷ്ടമാണ് അവരുടെ കാര്യം. നമുക്ക് അവരെ വയ്ക്കാം.. “

“അതിനിപ്പോ നമ്മള്‍ രണ്ടുപേര്‍ മാത്രമേ ഇവിടെയുള്ളൂ . ഒരാള്‍ക്ക് തന്നെ ചെയ്യാന്‍ ഉള്ള ജോലി പോലുമില്ല ഇവിടെ.”

“എനിക്ക് വയ്യ ഏട്ടാ. ഈയിടെയായി ഭയങ്കര ക്ഷീണം..”

“നിനക്കിപ്പോ അവരെ ജോലിക്ക് നിര്‍ത്തണം. അതല്ലേ കാര്യം…

“ഞാന്‍ ശമ്പളം കൊടുത്തോളാം.”

“ഒരു പരിചയവും ഇല്ലാത്ത ഒരാളെ എങ്ങിനെയാ…” ഞാന്‍ വീണ്ടും സംശയിച്ചു.

“ശ്യാമേച്ചി പാവമാണ്. ഒരു കുഴപ്പവുമില്ല.”

സുനിത വാദിച്ചപ്പോള്‍ പിന്നെ എനിക്ക് എതിര്‍ക്കാന്‍ കഴിഞ്ഞില്ല.

ശ്യാമക്ക് നാല്‍പ്പത്തിയഞ്ചു കഴിഞ്ഞിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു മകളുണ്ട്. ശ്യാമ വന്നതോടെ സുനിതയുടെ മുഖം കൂടുതല്‍ പ്രസന്നമായി.

ശ്യാമ നന്നായി ആഹാരം പാകം ചെയ്യും. വീടും പരിസരവും നന്നായി ക്ലീന്‍ ചെയ്യും. സീരിയലിലെ കഥകള്‍ സുനിതയുമായി ചര്‍ച്ച ചെയ്യും. ശ്യാമ വന്നാല്‍ പിന്നെ സുനിത ശ്യാമയുടെ പിറകെ വര്‍ത്തമാനം പറഞ്ഞു നടക്കും.

എങ്കിലും എനിക്ക് ശ്യാമയെ അത്രക്കങ്ങു ബോധിച്ചില്ല. ശ്യാമയുടെ സംസാരത്തില്‍ ,ശരീരചലനങ്ങളില്‍ ഒരു വെപ്രാളമില്ലേ ? ഞാന്‍ സംശയിച്ചു.

സംസാരിക്കുന്നതിനിടെ ഇടംകണ്ണ് വട്ടം കറങ്ങുന്നില്ലേ ? അടുക്കളയിലെ പണികള്‍ക്കിടയില്‍ പുറം വാതിലില്‍ ചാരിനിന്ന് ശ്യാമ ചിന്തയില്‍ മുഴുകി നില്‍ക്കുന്നത് ഞാന്‍ പലവട്ടം കണ്ടു.

ഇടയ്ക്ക് ശ്യാമക്ക് ഫോണ്‍ വരുന്നതും മാറിനിന്ന് ആരുമായോ സംസാരിക്കുന്നതും ഞാന്‍ ശ്രദ്ധിച്ചു.

എങ്കിലും എനിക്ക് സുനിതയുടെ അടുത്ത് എന്റെ സംശയങ്ങള്‍ പറയാന്‍ കഴിഞ്ഞില്ല. അതിനു കാരണം ഇപ്പോള്‍ പകല്‍ സമയം കൂടുതല്‍ സുനിത, ശ്യാമയുടെ ഒപ്പമാണ് ചെലവഴിക്കുന്നത്.

ശ്യാമയുടെ ഒപ്പം മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങി വന്നു യൂട്യൂബില്‍ നോക്കി വിവിധ ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കി പരീക്ഷിക്കുകയാണ് ഇപ്പോള്‍ അവളുടെ ഹോബി.

രാത്രി കിടക്കാന്‍ നേരവും വീട്ടുജോലിക്കാരിയെപറ്റി പറയാനേ സുനിതയ്ക്ക് നേരമുള്ളൂ.

“കഷ്ടമാണ് ശ്യാമേച്ചിയുടെ കാര്യം. മുഴവന്‍ കാണാം. പിന്നെ ആ കൊച്ചിന്റെ ഹൃദയത്തിനു എന്തോ തകരാറുണ്ട്.”

“ഉം.”

“പി. എഫില്‍ കുറച്ചു പൈസ ഉണ്ടല്ലോ… ഞാന്‍ കുറച്ചു ശ്യാമേച്ചിക്ക് കൊടുക്കട്ടെ..” സുനിത മടിച്ചു മടിച്ചു ചോദിച്ചു.

“എന്റെ സുനിതേ ,നീയിങ്ങനെ ആളുകളെ കണ്ണടച്ച് വിശ്വസിക്കരുത്.” എന്റെ ശബ്ദം ഉയര്‍ന്നു.

“ശ്യാമേച്ചി പാവമാണ്.” സുനിത പറഞ്ഞു.അവളുടെ കണ്ണ് നിറഞ്ഞു.

ഞാന്‍ പിന്നെയും എന്തോ പറയാന്‍ തുടങ്ങിയതാണ്‌. വേണ്ടെന്നു വച്ചു. സുനിത സങ്കടപ്പെടാതിരിക്കാനാണ് ഞാന്‍ ജീവിക്കുന്നത് തന്നെ.

ഹരീഷ് ശിവരാമകൃഷ്ണന്റെ സംഗീതപ്രോഗ്രാം സുനിതയ്ക്ക് ഭയങ്കര ഇഷ്ടമാണ്.ഒരിക്കല്‍ കുറച്ചകലെയുള്ള അമ്പലത്തില്‍ ഹരീഷ് വന്നപ്പോള്‍ ഞങ്ങള്‍ പോയി.അന്ന് വീട്ടുകാവല്‍ ശ്യാമയായിരുന്നു.

തിരിച്ചു വന്നതിന്റെ പിറ്റേന്നാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. ടേബിളില്‍ വച്ചിരുന്ന പാര്‍ക്കര്‍ പേന കാണാതായിരിക്കുന്നു.

എന്റെ പേന ഭ്രാന്ത് അറിയാവുന്ന മേലുദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ജര്‍മ്മനിയില്‍ നിന്ന് വന്നപ്പോള്‍ വരുത്തിച്ചു തന്നതാണ് ആ പേന.

പത്തു പതിനായിരം രൂപയ്ക്ക് മുകളില്‍ വില വരുന്ന പേനയാണ്. എനിക്ക് ഭ്രാന്തു പിടിച്ചു.

ഞാനും വീട് മുഴുവന്‍ തിരഞ്ഞു. ഞാന്‍ ശ്യാമയെ സംശയിക്കുന്നു എന്ന് ഊഹിച്ചത്കൊണ്ടാകും സുനിതയ്ക്കും വല്ലാത്ത വീര്‍പ്പുമുട്ടലായിരുന്നു.

“അതെവിടെ പോകാനാ..ഇവിടെത്തന്നെ കാണും.” സുനിത പറഞ്ഞുകൊണ്ടിരുന്നു.

എത്ര തിരഞ്ഞിട്ടും സംഗതി കിട്ടിയില്ല.

“നാളെ ശ്യാമേച്ചി വരുമ്പോള്‍ ഞാന്‍ ചോദിക്കാം.” സുനിത പറഞ്ഞു.

“വേണ്ട. അത് ശരിയാവില്ല. നമ്മള്‍ സംശയിക്കുന്നു എന്ന് അവര്‍ അറിയുന്നത് ശരിയല്ല.”

“നമ്മളല്ല ഏട്ടന്‍…എനിക്ക് ശ്യാമയെ സംശയം ഒന്നുമില്ല.” സുനിത പറഞ്ഞു.

രണ്ടു ദിവസം കഴിഞ്ഞു അലമാരയുടെ അടിയില്‍ നിന്ന് ഞങ്ങള്‍ക്ക് പേന കിട്ടി.

“ശ്ശൊ ശ്യാമേച്ചിയോട് ചോദിക്കാഞ്ഞത് നന്നായി.” സുനിത പറഞ്ഞു.

“ശരിയാ. ഞാന്‍ ആ അലമാരയുടെ അടിയില്‍ നോക്കിയില്ല..ചിലപ്പോ പൂച്ച മേശയുടെ മുകളില്‍ കേറിയപ്പോള്‍ താഴെ വീണതായിരിക്കും.” ഞാന്‍ ഒരു നുണ പറഞ്ഞു.

ഞാന്‍ അലമാരയുടെ കീഴില്‍ ആദ്യം നോക്കിയിരുന്നു. ഇത്രയും ദിവസം അവിടെയില്ലാതിരുന്ന പേന ശ്യാമ ഭയന്നു തിരിച്ചിട്ടതാണ് എന്ന് എനിക്ക് ഉറപ്പായിരുന്നു.

“ഞാന്‍ പറഞ്ഞില്ലേ ഏട്ടാ.. ശ്യാമേച്ചി പാവമാണ്. എല്ലാ മനുഷ്യരുടെയും ഉള്ളില്‍ ഒരു നന്മയുണ്ട്.” സുനിത ആവര്‍ത്തിച്ചു.

ആ സംഭവത്തിനുശേഷം ഞാന്‍ ശ്യാമയെ അവര്‍ അറിയാതെ ശ്രദ്ധിക്കാന്‍ തുടങ്ങി.

ശ്യാമ കള്ളിയാണ്. എനിക്ക് ഉറപ്പായി.

ആ ദിവസങ്ങളിലാണ് സുനിതയ്ക്ക് ഓര്‍മ്മക്കുറവ് തുടങ്ങിയത്. പല സാധനങ്ങളും വയ്ക്കുന്നത് മറന്നു പോകും.

ഒരു ദിവസം അവളുടെ ഐടാബ് കാണാതായി. സ്കൂളില്‍ വച്ച് മറന്നതാകും എന്നാണ് കരുതിയത്‌. പക്ഷേ സ്കൂളിലും ഉണ്ടായിരുന്നില്ല. എനിക്കതില്‍ ശ്യാമയെ സംശയം ഉണ്ടായിരുന്നെങ്കിലും മിണ്ടിയില്ല.

ഓര്‍മ്മക്കുറവ് വഷളായി. ഒപ്പം കടുത്ത തലവേദനയും. അവള്‍ നാള്‍ക്കുനാള്‍ മെലിയാന്‍ തുടങ്ങി. വിദഗ്ധചീകിത്സയ്ക്കായി ഞങ്ങള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി.

“ശിരസ്സില്‍ ഒരു ട്യൂമറുണ്ട്. വൈകിപ്പോയി. സര്‍ജറിക്ക് സ്കോപ്പില്ല. ഏറിയാല്‍ ആറു മാസം…”

ഡോക്ടര്‍ ഹൃദയം തകര്‍ക്കുന്ന സത്യം എന്നെ അറിയിച്ചു.

എത്ര പെട്ടെന്നാണ് ജീവിതം അങ്ങില്ലാതാകുന്നത്. ശാന്തമായി ഒഴുകുന്ന അരുവി ഒരു ദിവസം പ്രളയമാകുന്നത്. സുനിതയുടെ ആരോഗ്യം ക്ഷയിച്ചു വന്നു.ഒരു തിരി മെല്ലെ അണഞ്ഞു തീരുന്നത് പോലെ.

ഒരു ആശുപത്രിയിലെ ഐ.സി.യു സൌകര്യമുള്ള ഒരു മുറി ഞാന്‍ വീട്ടില്‍ സജ്ജീകരിച്ചു. അവള്‍ക്കിഷ്ടമുള്ള പാട്ടുകള്‍ സ്പീക്കറില്‍ കൂടി കേള്‍പ്പിച്ചു.

അവള്‍ക്കൊപ്പമിരുന്നു അവളുടെ പ്രിയപ്പെട്ട ചെറു കഥകള്‍ വായിച്ചു കേള്‍പ്പിച്ചു. അവളെ ശുശ്രൂഷിച്ചുകൊണ്ടു ശ്യാമ സദാ വീട്ടില്‍നിന്നു .

ഒരു ദിവസം ഞാന്‍ വരുമ്പോള്‍ സുനിത കനത്ത മുഖവുമായി എന്നെ കാത്തിരിക്കുകയായിരുന്നു.

“നാളെ ശ്യാമേച്ചിയെ പറഞ്ഞുവിടണം.”
ഞാന്‍ അമ്പരന്നു .

“ജ്യുവല്‍ ബോക്സില്‍ നിന്ന് അഞ്ചു പവന്റെ മാല കാണാതായി. ഞാന്‍ എല്ലായിടത്തും തിരഞ്ഞു. എനിക്ക് ഏട്ടനോട് പറയാന്‍ മടിയായിരുന്നു.”

“എന്നിട്ട് .ശ്യാമയോട് ചോദിച്ചോ ?”

“ഇല്ല.”

“അതെന്താ..?”

“ശ്യാമ പാവമല്ല. ആരും പാവമല്ല. ജീവിതം ഞാന്‍ വിചാരിച്ച പോലെല്ല.” സുനിത പൊട്ടിക്കരഞ്ഞു.

അന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. പിറ്റേന്ന് ശ്യാമ ജോലിക്ക് വന്നില്ല. അതിന്റെ പിറ്റേന്നും. ഞാന്‍ അവരുടെ താമസസ്ഥലത്ത് ചെന്നപ്പോള്‍ വീട് അടച്ചു പൂട്ടി കിടക്കുകയായിരുന്നു.

“ശ്യാമേച്ചിയെ കണ്ടോ ?” അന്ന് വൈകുന്നേരം സുനിത ചോദിച്ചു.

“ഇല്ല.”

“അതെന്താ…?”

“ആ മാല ഞാനാ എടുത്തത് സുനിതേ.. പണയം വയ്ക്കാന്‍..നിന്റെ ചികിത്സയ്ക്കായി..”

കല്ലുകള്‍ പെറുക്കുന്നത് പോലെ ഞാൻ നുണവാക്കുകള്‍ ഉച്ചരിച്ചു.

സുനിതയുടെ മുഖം പ്രസന്നമായി. അവളെന്റെ കൈ കവര്‍ന്നു.

“ശ്യാമേച്ചി പാവമാണ്. ഞാന്‍ പറഞ്ഞില്ലേ ഏട്ടാ.. അവർ മോഷ്ടിക്കില്ല.” സുനിത പറഞ്ഞു.

ശ്യാമ എന്ന് വരുമെന്ന ചോദ്യത്തിന് ഞാന്‍ അവളുടെ കുട്ടിക്ക് അസുഖം വഷളായെന്നും ആശുപത്രിയിലാണ് എന്നും നുണ പറഞ്ഞു.

സുനിതയുടെ മുഖത്തു വിഷമം നിറഞ്ഞെങ്കിലും , ശ്യാമയല്ല മോഷ്ടിച്ചതെന്ന ആശ്വാസം ഉത്സാഹം പകര്‍ന്നു.

“എനിക്കൊന്നു എണീറ്റ് ഇരിക്കാന്‍ കഴിയട്ടെ. എന്നിട്ട് നമുക്ക് ഒരുമിച്ചു ശ്യാമേച്ചിയുടെ വീട്ടില്‍ പോകാം. ആ മാല പണയത്തിൽ നിന്നെടുത്ത് നമുക്ക് അവർക്ക് തന്നെ കൊടുക്കാം.”

സുനിത പറഞ്ഞു. ഞാന്‍ തലയാട്ടി.

അപ്പറഞ്ഞതിന്റെ പിറ്റേന്ന് സുനിത മരിച്ചു. ഞാന്‍ തനിച്ചായി.

വലിയ ഒരു വീട്ടിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. സുനിതയില്ലാത്ത ആ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ കഴിയില്ലായിരുന്നു.

ദൂരെ ഗ്രാമപ്രദേശത്ത് ഒരു ചെറുവീട് വാടകയ്ക്ക് എടുത്തു. താമസം മാറുന്നതിന്റെ തലേന്ന് വൈകുന്നേരം ശ്യാമ വീട്ടില്‍ വന്നു. അവളുടെ രൂപം മാറിപ്പോയിരുന്നു. കണ്ണുകള്‍ കുഴിഞ്ഞു, ദേഹം ശുഷ്ക്കിച്ചു മുഖമൊട്ടി..

കയ്യിലെ ഷിമ്മിക്കൂടില്‍ നിന്ന് അവള്‍ ഒരു ഐപാഡും മാലയും എടുത്തു.

“മോള്‍ക്ക്‌ വേണ്ടി…മോള്‍ക്ക് വേണ്ടിയായിരുന്നു.” ശ്യാമ ശബ്ദമില്ലാതെ കരഞ്ഞു.

“തന്നെ തുഴയാന്‍ പാടാ.. ഗതികേട്.. ഇതിനു മുന്‍പും ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്..

പക്ഷേ..എനിക്ക് …എനിക്ക് സുനിത മോളെ പറ്റിക്കാന്‍ കഴിയില്ലായിരുന്നു. എന്നെ അത്രക്ക് സ്നേഹിച്ചിരുന്നു. അത്രക്ക് പാവാരുന്നു…”

“കൊണ്ട് പൊക്കോ..” ഞാന്‍ ഷിമ്മിക്കൂട് ശ്യാമക്ക് തിരികെ നല്‍കി.

“അത് രണ്ടും ശ്യാമയുടെയാണ്. സുനിത ശ്യാമക്ക് തന്നതാണ്.” ഞാന്‍ പറഞ്ഞു.

ശ്യാമ പൊട്ടിക്കരഞ്ഞു.

അന്ന് രാത്രി സുനിതയുടെ മണമുള്ള മുറിയില്‍ അവസാനമായി ഉറങ്ങാന്‍ കിടക്കെ ഞാന്‍ സുനിതയുടെ സന്തോഷം നിറഞ്ഞ വാക്കുകള്‍ വീണ്ടും കേട്ടു. “ശ്യാമേച്ചി പാവമാണ്”

Leave a Reply

Your email address will not be published. Required fields are marked *