കൂടെയുള്ളവരെല്ലാം വിവാഹം കഴിച്ചപ്പോഴും അവർക്ക് രണ്ടു മൂന്നു കുഞ്ഞുങ്ങൾ ആയപ്പോഴും..

(രചന: J. K)

“”””കണ്ണാ “””” അമ്മയുടെ വിളി കേട്ടാണ് വ്യാസ് തിരിഞ്ഞു നോക്കിയത്…

വല്ലാത്ത ദയനീയതയായിരുന്നു അമ്മയുടെ മുഖത്ത്.

“”””അമ്മ പറഞ്ഞത് അമ്മേടെ കണ്ണൻ ഗൗരവത്തിൽ എടുക്കുമോ???'””

വാത്സല്യം നിറച്ച പ്രതീക്ഷയോടെ അമ്മ അത് ചോദിക്കുമ്പോൾ ഉത്തരം നൽകാനാവാതെ വ്യാസ് നിന്നു..

“””” ഇത്രയും നാളും കണ്ണനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയ അമ്മ വിവാഹത്തെ പറ്റി ഒന്നും സൂചിപ്പിക്കാതെ ഇരുന്നത്….

ഇപ്പോ ദൈവം ആയിട്ട് തന്നെ പറഞ്ഞിരിക്കുകയാണ് അധികനാൾ ഇല്ല എന്ന്….

അതാണ് ഇപ്പൊ കുട്ടിയോട് ഇങ്ങനെ ഒരു മോഹം പറയണത്…. അനുസരിക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയാം എന്നാലും അമ്മയ്ക്ക് വേണ്ടി….. “”””

അത്രയും പറഞ്ഞപ്പോഴേക്കും ആ സാധു സ്ത്രീ യുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു അത് കാണെ വ്യാസിന് ഉള്ളിൽ വല്ലാത്ത ഒരു വിമ്മിഷ്ടം അനുഭവപ്പെട്ടു….

അവർ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്… കൂടെയുള്ളവരെല്ലാം വിവാഹം കഴിച്ചപ്പോഴും അവർക്ക് രണ്ടു മൂന്നു കുഞ്ഞുങ്ങൾ ആയപ്പോഴും ഒന്നും തന്നെ നിർബന്ധിച്ചിട്ടില്ല…

പക്ഷേ അച്ഛൻ കൂടി വിട്ടു പോയപ്പോൾ…
കൂടെ കൂടെ അസുഖങ്ങൾ വന്നപ്പോൾ….
ആരും ഇല്ല എന്ന ബോധം ആവാം ഇപ്പോൾ അവരെക്കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചത്….

മകനെക്കൊണ്ട് ഉടനൊരു വിവാഹം കഴിപ്പിക്കുക എന്ന്.. എങ്ങനെ അവരെ കുറ്റം പറയും ഇത് നാട്ടുനടപ്പ് അല്ലേ…

എന്റെ മനസ്സ് അവർ കണ്ടില്ല എന്നും പറയാൻ കഴിയില്ല.. ഇത്രയും നാളും ഒന്നും പറഞ്ഞു ബുദ്ധിമുട്ടിച്ചിട്ടില്ല..

ഓർമ്മകൾ മെല്ലെ പിന്നിലേക്കൊഴുകി…
കോളേജ് കാലഘട്ടത്തിലേക്ക്…
അവിടെ തീപ്പൊരി പ്രസംഗം നടത്തുന്ന കുട്ടി സഖാവായി…

ഒപ്പം കൂടിയവർ ചങ്ക് പറിച്ചു കൊടുക്കുന്ന സൗഹൃദങ്ങൾ…
എല്ലാം കൊണ്ടും ജീവിതത്തിൽ ഇത്രയും ആഘോഷിച്ചിട്ടില്ല..

നമ്പൂതിരി കുട്ടി വ്യാസ് കൂട്ടുകാരന്റെ പാത്രത്തിൽ നിന്നു നോൺ വെജ് വരെ നുണഞ്ഞു… അവരിൽ ഒരാളായി.. എല്ലാം അമ്മയോടും അച്ഛനോടും പറഞ്ഞിരുന്നു..

“”ആഡ്യത്തം ഉള്ള നമ്പൂതിരി ആവുന്നേക്കാൾ മനുഷ്യത്വം ഉള്ള ചെറുപ്പക്കാരൻ ആവണതാ അവര്ക്കിഷ്ടം എന്ന് പറഞ്ഞു അവരെന്റെ കൂടെ നിന്നു..

പുതിയ കുട്ടികൾ വന്നു… അവരും കൂടെ കൂടി..അതിനിടയിൽ വ്യത്യസ്തമായി ഒരാൾ..

“”നേഹ”””

നാഷണൽ സർവീസ് സ്കീമിന്റെ സെക്രട്ടറി ആയി അവൾ വന്നത് മുതലാണ് അവളെ ശ്രെദ്ധിച്ചത്…

എന്നാണ് അവളിൽ പ്രത്യേകത തോന്നിയത് എന്നറിയില്ല..
അവളെ എന്നും മനസ്സും കണ്ണും തേടിയിരുന്നു…

ദൂരെ നിന്നൊന്നു കാണുമ്പോഴേക്ക് ഹൃദയം പെരുമ്പറ കൊട്ടിയിരുന്നു…

ഒരിക്കൽ അവളോട് അപമാര്യാദ കാണിച്ച മറ്റൊരു ജൂനിയറിനെ വല്ലാതെ മർദിച്ചു..

അവൾ തടഞ്ഞു…

“”നിങ്ങൾ എന്താ ഈ കാണിക്കുന്നത്???””” എന്ന് ദേഷ്യത്തിൽ ചോദിച്ചു… അപ്പോഴാണ് ഞാനും നോക്കിയത്…

അവൻ ചെയ്ത തെറ്റിനെക്കാൾ താൻ അവനെ ശിക്ഷിച്ചിട്ടുണ്ട്..

മെല്ലെ അവിടെ നിന്നും നടന്നു നീങ്ങുമ്പോൾ ചിന്തിച്ചിരുന്നു എന്താ തനിക്ക് പറ്റിയത് എന്ന്…

വേഗം ക്യാന്റീനിൽ പോയി… ചായ പറഞ്ഞ് അവിടെ ഇരുന്നപ്പോൾ മുന്നിൽ അവൾ വന്നിരുന്നു…

“”നേഹ”””

എന്തോ മുഖത്തു നോക്കിയില്ല….

എങ്ങോ നോക്കി ഇരുന്നപ്പോൾ അവൾ മെല്ലെ ചോദിച്ചു..

“””സഖാവിനു എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ???””
എന്ന്

ചോദ്യ ഭാവത്തോടെ അവളെ നോക്കിയപ്പോൾ പെണ്ണ് പറഞ്ഞിരുന്നു കുറെ നാളായി അവൾ എന്നേ ശ്രെദ്ധിക്കുകയാണെന്ന്..

കൊണ്ട് വന്ന ചായ അവൾക്കായി നീട്ടിയപ്പോൾ മടിക്കാതെ വാങ്ങി അവൾ..

“”അല്ല കുറെ നാളായി ഈ ഒളിച്ചു കളി ഞാൻ ശ്രെദ്ധിക്കുന്നു “””

അവളുടെ മുന്നിൽ ഇരുന്നു വിയർക്കാൻ തുടങ്ങി ഞാൻ….

പിന്നെ രണ്ടും കല്പിച്ചു പറഞ്ഞു,

“””എനിക്ക് തന്നെ ഇഷ്ടാ… ജീവിതത്തിൽ കൂടെ കൂട്ടിയാൽ കൊള്ളാം എന്നുണ്ട് എന്ന്…”””

അത് കേട്ട് അവൾക്കും സമ്മതം ആണെന്ന് പറഞ്ഞപ്പോൾ….

പിന്നെ ലോകം കീഴടക്കിയ പോലെയായിരുന്നു…

മൗനമായും പ്രണയിക്കാം എന്ന് ഞങ്ങൾ തെളിയിക്കുകയായിരുന്നു…
കൂടുതൽ സംസാരങ്ങൾ ഇല്ല..

കാട്ടിക്കൂട്ടലുകൾ ഇല്ല..
എങ്കിലും പ്രണയം അഗാധം ആയിരുന്നു…

അവൾ എന്നിലും ഞാൻ അവളിലും ആഴത്തിൽ വേരോടി കഴിഞ്ഞിരുന്നു…
പിഴുതെറിയാൻ കഴിയാത്ത അത്രയും ആഴത്തിൽ…. അച്ഛനോടും അമ്മയോടും എപ്പോഴാ ഞാൻ എന്റെ മനസ്സ് അറിയിച്ചിരുന്നു അവർക്കും പൂർണ്ണസമ്മതം ആയിരുന്നു..

അവർ രണ്ടുപേരും വന്നിരുന്നു എന്റെ പെണ്ണിനെ കാണാൻ.. അവൾടെ വീട്ടിലും അറിഞ്ഞു.. അവർക്കും സമ്മതം….

എല്ലാം സന്തോഷത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന സമയം,

അവളോട് ഞാൻ കൂടെക്കൂടെ പറയുമായിരുന്നു എല്ലാവരും ഇങ്ങനെ സമ്മതിക്കും എന്നറിഞ്ഞിരുന്നെങ്കിൽ
നിന്നെ ഞാൻ പ്രേമിക്കില്ലായിരുന്നടി ഇതിൽ ഒരു ത്രിൽ ഇല്ല എന്ന്”””

അപ്പോൾ പെണ്ണ് എന്നെ കടിച്ചു തിന്നാൻ വരുമായിരുന്നു… അവളെ അല്ലാതെ വേറൊരു പെണ്ണിനെ ഈ നെഞ്ചിൽ കയറ്റി പോകരുതെന്ന് പറഞ്ഞു…

അത് അവൾക്കും എനിക്കും വ്യക്തമായി അറിയാമായിരുന്നു മറ്റാരും ഇനി ഈ നെഞ്ചിൽ സ്ഥാനം പിടിക്കില്ല എന്ന്…

എന്റെ കോളേജ് പഠനം കഴിഞ്ഞപ്പോൾ ഞാൻ അവിടെ നിന്നും ഇറങ്ങിയിരുന്നു അവൾക്ക് ഇനിയും രണ്ടു വർഷം കൂടി പൂർത്തിയാക്കണം ആയിരുന്നു…

എനിക്കൊരു ജോലി കിട്ടി, അവളുടെ പഠനവും കഴിഞ്ഞതിനു ശേഷം വിവാഹം എന്നായിരുന്നു തീരുമാനം…

കാണാനുള്ള അവസരങ്ങൾ കുറഞ്ഞു വന്നു… വല്ലപ്പോഴും ഒരു ഫോൺവിളി മാത്രമായി..

എങ്കിലും പ്രണയം അതിന്റെ എല്ലാ തീവ്രതയോടു കൂടി തന്നെ ഞങ്ങൾ രണ്ടുപേരിലും നിറഞ്ഞുനിന്നു…

അകലും പ്രണയത്തെ തീവ്രം ആക്കുമെന്ന് എവിടെയോ പറഞ്ഞത് കേട്ടത് സത്യമാണ് എന്ന് ഞങ്ങൾ രണ്ടുപേർക്കും ബോധ്യമായിരുന്നു….

കൂടെ പഠിച്ച ഞങ്ങളുടെ രണ്ടുപേരുടെയും ഒരു കൂട്ടുകാരിയുടെ വിവാഹം വന്നപ്പോൾ പരസ്പരം ഒന്ന് കാണുക കൂടി ചെയ്യാമല്ലോ എന്നായിരുന്നു രണ്ടുപേരുടെയും വിചാരം ..

എനിക്ക് ജോലി കിട്ടിയിട്ട് അധികനാൾ ആയിരുന്നില്ല.. അതുകൊണ്ടുതന്നെ അന്ന് മാത്രമാണ് ലീവ് കിട്ടിയത്..

അവളെ പിക് ചെയ്യാനും അതുകൊണ്ട് പറ്റിയില്ല…. സാരമില്ല അവളുടെ കസിൻറെ കൂടെ കല്യാണത്തിന് വന്നോളാം എന്നാണ് പറഞ്ഞിരുന്നത്….

നേരത്തെ എത്തിയ ഞാൻ അവളെ കാത്തു നിന്നു… പറഞ്ഞ സമയം കഴിഞ്ഞു അവർ വന്നില്ല…

വിളിച്ചപ്പോഴൊക്കെയും ഫോൺ അടിക്കുന്നത് അല്ലാതെ അറ്റൻഡ് ചെയ്യുന്നില്ല…

എന്തോ ഒരു ഭയം വന്നു മൂടിയിരുന്നു..

കുറച്ചു ദൂരത്തായി ഒരു ആക്സിഡന്റ് ഉണ്ടായി എന്ന് അറിഞു.. അത് കേട്ടതും അകാരണമായി എന്തോ ഒരു ഭയം വേഗം അങ്ങോട്ട് ഓടി…

ആക്സിഡന്റ് പറ്റിയവരെ അപ്പോഴേക്ക് ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു

അവിടെ ചെന്നതും കണ്ടത് വെള്ളയിൽ പുതച്ച അവളുടെ കസിനെ ആണ്…

ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി അവൾക്കായി അവിടെയെല്ലാം അന്വേഷിച്ചു….

ഐസിയുവിൽ ഉണ്ട് എന്നറിയാൻ കഴിഞ്ഞു…

പിന്നെ പ്രാർത്ഥനയായിരുന്നു ആദ്യമായി ജീവിതത്തിൽ ദൈവത്തെ മനസ്സുരുകി വിളിച്ചു…

ഏത് നിരീശ്വരവാദികളും വിശ്വാസികൾ ആകുന്ന ചില നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടാകുമല്ലോ…
രണ്ടുദിവസം അതേ കിടപ്പ് കിടന്നു അവളും എന്നെ വിട്ടുപോയി…

വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു ആർക്കും… അവളുടെ കുസൃതി നിറഞ്ഞ മുഖം ഇങ്ങനെ വന്നു അലട്ടിക്കൊണ്ടിരിക്കും..

അപ്പോഴൊക്കെയും മിഴി നിറഞ്ഞൊഴുകും..

അവൾ അല്ലാതെ ആരെയും ഈ നെഞ്ചിൽ കയറ്റില്ല എന്ന് അവളോട് പറഞ്ഞത് ഓർക്കും…

എന്റെ പ്രയാസം കണ്ടു ഇതുവരേക്കും അമ്മ നിർബന്ധിച്ചില്ല മറ്റൊരു വിവാഹത്തിനായി…

പക്ഷേ ഇപ്പോൾ ഇത് ആദ്യമായാണ് പറയുന്നത് ..

എത്രനാള് ഇതും പറഞ്ഞ് അമ്മയെ വിഷമിപ്പിക്കും…. ഇല്ലാതായ വരെ മറന്ന് ജീവിച്ചിരിപ്പുള്ള വർക്ക് സന്തോഷം നൽകുന്നത് ചെയ്യാമെന്ന് തീരുമാനത്തിലെത്തി അവസാനം…

അമ്മയോട് സമ്മതം മൂളുമ്പോൾ സന്തോഷത്തിന്റെ പാരമ്യത്തിൽ എത്തിയിരുന്നു അമ്മ….

എത്ര നാളു കൊണ്ട് പുതിയ പെൺകുട്ടിയെ ഉൾക്കൊള്ളാനാവും എന്ന് അറിയില്ല…

എങ്കിലും ആത്മാർത്ഥമായി അതിന് ശ്രമിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു..

ജീവിതം അങ്ങനെയാണ് കൊതിച്ചത് ഒന്നും കിട്ടിയെന്ന് വരില്ല പക്ഷേ ഉള്ളതിനെ സ്വീകരിക്കാൻ മനസ്സിനെ പാകമാക്കുക എന്നല്ലാതെ മനുഷ്യർക്ക് വേറെ എന്താണ് വിധി….

Leave a Reply

Your email address will not be published.