ഭദ്രയുടെ ഉള്ളിൽ തോന്നിയൊരിഷ്ടം പറഞ്ഞപ്പോഴേക്കും വൈകിപോയിരുന്നു അമ്മു തനിക്ക്..

ഭദ്ര
(രചന: Aneesh Anu)

“ദേവേട്ടാ മീറ്റിംഗ് കഴിഞ്ഞു എപ്പോഴാ തിരിച്ചെത്തുക ”

ഡ്രസ്സ്‌ എല്ലാം പെട്ടിയിൽ വെക്കുന്നതിനിടയിൽ ആണ് അമ്മു ചോദിച്ചത്.

“നാളെ രാവിലെ കേറും , എന്ത്‌ പറ്റി”?
ദേവൻ അമ്മുനെ നോക്കി.

“ഒന്നുമില്ല നാട്ടിലേക്കു ആവോണ്ട് ഇനീപ്പോ ഒരു കറക്കം ഒക്കെ കഴിഞ്ഞേ എത്തുകയുള്ളോയെന്ന് എന്ന് പറയാൻ പറ്റില്ലാലോ, അതാണ് ”

അവളൊന്നുകുത്തി പറഞ്ഞത് പോലെ തോന്നി ദേവന്.

” പെട്ടെന്ന് ഉണ്ടായ മീറ്റിംഗ് അല്ലേ അതോണ്ട് ആരോടും പറഞ്ഞില്ല” ദേവൻ ബാഗ് എടുത്തു ഇറങ്ങാൻ റെഡിയായി.

“ഹാവു ഭാഗ്യം അല്ലേൽ ഞാനും മക്കളും ഒരാഴ്ച ഇവിടെ ഒറ്റക്ക് ആയേനെ” വീണ്ടുമൊരു നെടുവീർപ്പ്.

എവിടെ ടെ ഈ തിരക്കുള്ള സിറ്റിയിലോ? നാലുപുറം ഫ്ലാറ്റുകളിൽ ആളുള്ളപ്പോഴോ? എന്താ അമ്മുക്കുട്ടിയേ ഈ പറയുന്നേ.”

അവൻ അവളുടെ മുഖത്തേക്ക് നോക്കി.
ആ കണ്ണുകൾ ഈറനണിഞ്ഞു തുടങ്ങിയിരുന്നു.

“ആരൊക്കെ ഉണ്ടെങ്കിലും ദേവേട്ടൻ ഇല്ലാലോ”.

ചിണുങ്ങി കൊണ്ടവൾ നെഞ്ചിലേക്ക് ചാഞ്ഞു. ചേർത്തു പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ വെച്ചു, പാവത്തിനെ പറ്റിക്കാൻ ആണ് പോകുന്നത്.

അവൾക്ക് അധികം മുഖം കൊടുക്കാതെ ഉറങ്ങി കിടക്കുന്ന മോനുവിനും മോൾക്കും ഒരു നോട്ടം നൽകി യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങി.

പോകാനുള്ള ടാക്സി താഴെ എത്തിയിരുന്നു. നേരത്തെ ഇറങ്ങിയത് കൊണ്ട് കൃത്യ സമയത്ത് എയർപോർട്ടിൽ എത്തി.

ബോർഡിങ് കഴിഞ്ഞു ഫ്ലൈറ്റിൽ തന്റെ സീറ്റിൽ എത്തിയെങ്കിലും വല്ലാതെ വൈകുന്നത് പോലെ തോന്നി ദേവന്.

സിറ്റിയിലെ തിരക്കുകളിൽ നിന്നും ഗ്രാമക്കാഴ്ചയിലേക്ക് അവന്റെ ചിന്തകൾ പാഞ്ഞു.

ചാണകം മിഴുകിയ മുറ്റവും ഉമ്മറത്തു നിൽക്കുന്ന തുളസിചെടിയും, കോലായിലിരിക്കുന്ന റേഡിയോയിൽ ആകാശവാണിയിലൂടൊഴുകുന്ന സിനിമാപാട്ടുകളും.

തെക്കേ തൊടിയിലെ വരിക്കപ്ലാവിന്റെ ചക്കയും മൂവാണ്ടൻ മാവിലെ മാങ്ങയും പഴുത്തിരിക്കുന്നു മണം ഉമ്മറത്തു എത്തുന്നുണ്ട്.

മേടമാസപുലരിയിൽ കണിക്കൊന്ന പൂത്തുലഞ്ഞു പൊൻവെളിച്ചമായി നിൽക്കുന്നു.

ഫ്ലൈറ്റ് ലാൻഡിങ്ങിനായി ഒന്നുലഞ്ഞപ്പോഴാണ് ദേവൻ ഉറക്കം വിട്ടുണർന്നത്. ഇത്രയും നേരം കണ്ടതെല്ലാം വെറും സ്വപ്നമായായിരുന്നോ ദൈവമേ..

അവൻ മനസ്സിലോർത്തു.

ലഗ്ഗേജ് എടുത്തു പുറത്തേക്ക് ഇറങ്ങി. ഇനി കഷ്ടി ഒരു മണിക്കൂർ യാത്ര ടാക്സിയിൽ കയറി. ഫോണെടുത്തു ഭദ്രയെ വിളിച്ചു.

“ആ ദേവാ ഫ്ലൈറ്റ് ഇറങ്ങിയോ, നേരെ തറവാട്ടിൽ വന്നോളൂ ഞാൻ അവിടെ ഉണ്ട്”. കൂടുതൽ ഒന്നും പറയാതെ അവൾ ഫോൺ വെച്ചു.

ദേവന് തെല്ലുനീരസം തോണിയെങ്കിലും അവൻ പിന്നെ വിളിക്കാൻ നിന്നില്ല. യാത്രയിൽ തനിക്ക് അന്യമായ പലകാഴ്ചകളും മുന്നിൽ തെളിഞ്ഞു.

മുറുക്കി ചുവപ്പിച്ച ചുണ്ടുകളുമായി നിൽക്കുന്ന നാണി തള്ള, കൊയ്തൊഴിഞ്ഞ പാടത്തു കളിക്കുന്ന കുട്ടികൾ,

മുളളു വെട്ടി വേലികെട്ടുന്ന കണാരനും കൂട്ടരെയും കണ്ടപ്പോഴാണ് മുള്ളുവേലി ഒക്കെ ഇപ്പോഴും ഉണ്ടോ എന്നോർത്തത്.

ഇപ്പോൾ ഇവിടെ മാത്രേ ഇത് കാണാൻ ഉള്ളു.

അമ്പലക്കുളത്തിലെ കല്ലുകളോട് കഥപറയുന്ന തുണികളുടെ ശബ്ദം പെണ്ണുങ്ങളുടെ ശബ്ദത്തേക്കാൾ ഉച്ചത്തിൽ കേൾക്കാമായിരുന്നു.

കാർ തറവാട്ടിൽ എത്തി പഴയൊരു ഇരുനില കെട്ടിടം താനും ഭദ്രയും ജനിച്ചു വളർന്ന വീട്, ഇവിടിപ്പോൾ അവൾ മാത്രമേ ഉള്ളു. അതും കൊല്ലത്തിൽ ഒരിക്കൽ വരുന്നതാണ് ഉൽസവത്തിനു എന്ന പേരിൽ തന്നെ കാണാൻ.

ദേവൻ പടികെട്ടു കയറാൻ തുടങ്ങിയപ്പോഴേക്കും ഭദ്ര വന്നു ബാഗ് വാങ്ങി. കാച്ചിയ എണ്ണയുടെ മണമുള്ള അവളുടെ മണം ഇപ്പോഴും മാറിയിട്ടില്ല.

നല്ല തണുത്ത മോരിൽ ഒരു കഷ്ണം ഇഞ്ചിയും നാരങ്ങാ ഇലയും കാന്താരി മുളകും ഇട്ടൊരു സംഭാരം നല്കിയവൾ.

” യാത്ര ചെയ്തു വന്നതല്ലേ ഒന്ന് ഫ്രഷ് ആവണ്ടേ ദേവാ” അവൾ തിരക്കി.

” വേണം ഭദ്രേ, നീയാ ബാഗിന്നു ഒരു മുണ്ട് ഇങ്ങ് എടുത്തോ.”

” വാ നമുക്ക് തറവാട്ടുകുളത്തിൽ പോയി കുളിക്കാം ദേവാ, നിനക്കെന്നും ഈ ഷവർ കുളി തന്നല്ലേ വാ” മാറാനുള്ള ഡ്രസ്സ്‌ എടുത്തവൾ വന്നു.

മുംബൈയിൽ ഫ്ലാറ്റിൽ ഷോർട്സ് ഇട്ടു നടന്ന ഞാൻ ഇവിടെ കൈലി ഉടുത്തു തോർത്തുമെടുത്തു അവളുടെപുറകേ നടന്നു.

തോട്ടം നിറഞ്ഞു കിടക്കുന്ന തെങ്ങ്, കവുങ്ങുകൾക്കിടയിലൂടെ നടന്നു. തോട്ടത്തിനുനടുക്കൊരു കുളം കണ്ണാടി പോലുള്ള വെള്ളത്തിൽ മതിവരുവോളം നീന്തികുളിച്ചു. ഭദ്ര കുളപടവിൽ എന്നെയും നോക്കിയിരുപ്പുണ്ട്

കുളികഴിഞ്ഞു തിരികെ നടക്കുമ്പോൾ കണ്ടു പൂത്തുനിൽക്കുന്ന കൊന്ന മരം.

അടുക്കളയിൽ കുഞ്ഞിമാളുവമ്മ ഭക്ഷണം പാകം ചെയുന്ന തിരക്കിലാണ്. പൂമുഖത്തേക്ക് ഒഴുകിയെത്തുന്ന പഴുത്ത മാങ്ങയുടെയും ചക്കയുടെയും മണം നാവിനെ കൊതിയൂറിച്ചു.

ചാരുകസേരയിൽ ഇരുന്നു പതിയെ ചിന്തകളെ പുൽകി.

“ഭദ്ര “….

ആരാണവൾ തനിക്ക്, നേരമ്മാവന്റെ മകൾ.

തന്റെ മുറപ്പെണ്ണ്, ഒരിക്കൽ പോലും അവളോട്‌ അങ്ങനെ ഒരിഷ്ടം തോന്നിയിരുന്നില്ല.

അങ്ങനെ തോന്നിയിരുന്നുവെങ്കിൽ അമ്മുവിനെ താൻ വിവാഹം കഴിക്കില്ലായിരുന്നു.

ഭദ്രയുടെ ഉള്ളിൽ തോന്നിയൊരിഷ്ടം പറഞ്ഞപ്പോഴേക്കും വൈകിപോയിരുന്നു അമ്മു തനിക്ക് സ്വന്തമായി.

ഭദ്രയെ വേറൊരു വിവാഹത്തിന് നിർബന്ധിച്ചുവെങ്കിലും ചൊവ്വാദോഷക്കാരിയെന്ന ജാതകം അവളെ അതിൽ നിന്നും അകറ്റി. അതിലവൾ സ്വയം സന്തോഷം കണ്ടെത്തി എന്ന് തന്നെ പറയാം.

ആകെ ഉള്ളത് ഈ ഒരു ദിവസത്തെ കണ്ടുമുട്ടൽ മാത്രം കഴിഞ്ഞ 10 വർഷമായി ഒരുമുടക്കവും വരാതെ താൻ അവൾക്ക് വേണ്ടി ചെയുന്നത് ഇത് മാത്രമാണ്.

“ദേവാ വാ ഊണ് കഴിക്കാം”

ഭദ്ര വിളിച്ചപ്പോഴാണ് ചിന്തകളിൽ നിന്നുണർന്നത്.

ഊണ് മേശയിൽ വിഭവങ്ങൾ നിരന്നു തനിക്ക് പ്രിയപെട്ട മാമ്പഴപുളിശ്ശേരി, മാങ്ങാ അച്ചാർ, കാച്ചിയ മോര്, പുളിയിഞ്ചി, പപ്പടം, അവിയൽ,

പച്ചക്കറികൾക്ക് അപ്പുറത്തു ഉണക്കമീനിന്റെ മഹിമ പറഞ്ഞു വറുത്ത സ്രാവിൻകഷ്ണങ്ങളും ഇലയിൽ നിലയുറപ്പിച്ചു.

ഭദ്രയുടെ കൂടെയിരുന്നു ഊണ് കഴിച്ചു. അതിനിടയിൽ നാടും വീടും വിശേഷങ്ങളുമായി ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്തു.

അമ്മുവിന്റെ വാശിയും സ്നേഹവും കുട്ടികളുടെ കുസൃതിയും കുറുമ്പുമെല്ലാം ഇടയ്ക്ക് വന്നു പോയി.

വിശേഷങ്ങൾ പങ്കുവയ്ക്കാനില്ലാത്ത വെറുമൊരു കേൾവിക്കാരി മാത്രമായിരുന്നു അവളെനിക്ക് മുൻപിൽ.

ഊണ് കഴിഞ്ഞു അമ്മാളുവമ്മയുടെ വക സ്പെഷ്യൽ ചക്ക പായസവും കഴിച്ചു. അതിന്റെ ആലസ്യത്തിൽ ഒരു ഉച്ചമയക്കം കഴിഞ്ഞു.

“എന്ത്‌ ഉറക്കമാ ദേവാ ഇത് നമുക്ക് അമ്പലത്തിൽ പോവണ്ടേ നേരം സന്ധ്യാവറായി” ഭദ്ര വന്നു കുലുക്കി വിളിച്ചപ്പോഴാണ് നേരം ഇത്രയും ആയി എന്നറിഞ്ഞത്.

പാടവരമ്പിലൂടെ അങ്ങനെ നടന്നു അമ്പലനടയിൽ ചെന്നെത്തി. വഴിപാട് ചീട്ടാക്കി വന്നപ്പോഴാണ് തൊഴുത്തുനിൽകുന്ന ഭദ്രയെ കണ്ടത് സെറ്റ് സാരിയിൽ അവളെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്.

ദേവിയിറങ്ങി വന്ന പോലെ. തൊഴുതു ഇറങ്ങിയപ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു ഭദ്ര കയ്യിൽകരുതിയ ടോർച്ചു തെളിച്ചു മുന്നേ നടന്നു.

ഈ ഗ്രാമത്തിൽ ഒറ്റക്ക് കഴിയാനുള്ള തന്റേടം തന്നെയാണ് അവളെ കരുത്തയാക്കുന്നത്.

ഒറ്റക്ക് ജീവിക്കാൻ പലരും മടിക്കുമ്പോൾ അവൾ ഒരിക്കലും ഒരു തണൽ തേടി പോയിട്ടില്ല.

തന്നെപോലും ഒരാവശ്യം പറഞ്ഞു വിളിക്കാറില്ല അവളും തറവാടും പാടങ്ങളും കാവും പിന്നെ കുറെയേറെ പുസ്തകങ്ങളും അതാണിന്നു അവളുടെ ലോകം.തിരികെ മടങ്ങുബോൾ ഞങ്ങൾക്കിടയിൽ മൗനം വല്ലാതെ നിറഞ്ഞു നിന്നു.

അത്താഴം കഴിഞ്ഞു കിടക്കാൻ നേരം പതിവുപോലെ ഒരു ഗ്ലാസ്‌ പാൽ കൊണ്ട് തന്നു. പാതിയുറക്കത്തിൽ തന്റെ മേലിൽ പുതപ്പു നേരെയാക്കി പോകുന്ന ഭദ്രയെ ഞാനറിഞ്ഞു.

പിറ്റേന്ന് രാവിലെ കുളി കഴിഞ്ഞു വസ്ത്രം മാറി വന്നപ്പോഴേക്കും പ്രാതൽ റെഡിയായിരുന്നു.

ഭദ്ര കുളിച്ചു വസ്ത്രം മാറി നെറ്റിയിലൊരു ചന്ദനക്കുറിയും, കരിമഷിയെഴുതിയ കണ്ണുകളും, മടിയൊതുക്കിയ മുടിക്കുള്ളിൽ ഒരു തുളസിക്കതിരുമുണ്ട്. സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ആധിക്യം അവിടെ കാണാനില്ല.

അവളോട്‌ ഒന്നിച്ചിരുന്നു കഴിച്ചു. യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ആ കണ്ണുകളിലേക്ക് നോക്കി അവിടെയൊരു വിഷമവും എനിക്ക് വായിച്ചെടുക്കാൻ ആയില്ല.

ഒരുകൈയകലത്തിൽ നിന്നും നഷ്ടമായത് നേടിയെടുക്കാൻ അവൾ ഇന്ന് വരെ ശ്രമിച്ചിട്ടില്ല, ഉള്ളിലുള്ള നഷ്ടബോധം മാത്രമേ ആ കണ്ണുകളിൽ കാണാൻ കഴിയൂ.

ഇനി അടുത്ത വർഷം കാണും വരെ ഈ നാളിന്റെ ഓർമയിൽ കുരുങ്ങി ഇരിക്കണം. യാത്രയാക്കാൻ പടിപ്പുരവരെ കൂടെ നടന്നവൾ വഴിക്കണ്ണുമായി കാർ കണ്ണിൽ നിന്ന് മായുന്നത് വരെ പടിപ്പുരയിലുണ്ടാവും.

കാർ മുന്നോട്ട് പോകുംതോറും ഭദ്ര എന്ന ഓർമകളിൽ നിന്നുമടങ്ങി ഞാൻ അമ്മുവിലേക്കും മക്കളിലേക്കും മുംബൈയിലെ തിരക്കിലേക്കും ചേക്കേറിയിരുന്നു.

ഇനിയൊരിക്കലും തിരികെ ലഭിക്കാത്ത ഭദ്രയെന്ന സ്നേഹം കളങ്കമാക്കാതെ മനസ്സിൽ കൊണ്ട് നടന്നു തീർക്കണം.

മനോഹരമായൊരാനുഭൂതി തന്നെയാണത്. എന്നും ബാല്യത്തിന്റെ ഓർമ്മകൾ തനിക്കുനൽകുന്ന യാത്ര.

Leave a Reply

Your email address will not be published. Required fields are marked *