ആരാണ് സഞ്ജു, ഇന്നലെ ഉറക്കത്തിൽ നീ വിളിച്ചു കൂവുന്നത് കേട്ടതാ അനുജയിൽ..

(രചന: Anandhu Raghavan)

ഉറക്കത്തിന്റെ ആലസ്യത്തിൽ പതിവില്ലാതെ അവ്യക്തമായി അവൾ എന്തൊക്കെയോ പറയുന്നത് കേട്ടാണ് ദേവകി അമ്മ കണ്ണു തുറന്നത്…

ഞങ്ങളെ തമ്മിൽ പിരിക്കരുത് അമ്മേ.. അത്രയേറെ ഞാൻ സ്നേഹിച്ചു പോയ് എന്റെ സഞ്ജുവിനെ… അവനെയല്ലാതെ മറ്റൊരാളെ എന്റെ മനസ്സിൽ സങ്കല്പിക്കുവാൻ പോലുമാവില്ലെനിക്ക്…

അനുജയുടെ വാക്കുകൾ കാതോർത്തിരുന്ന അമ്മക്ക് മനസ്സിലായി , മകൾ ഏതോ ഒരാളുമായി കടുത്ത പ്രണയത്തിലാണെന്ന്….

മകളെ വിളിച്ചുണർത്തി ചോദിക്കണോ…? അതോ ഭർത്താവിനോട് പറയണോ…? എന്തു ചെയ്യണമെന്നറിയാതെ അവരുടെ ഉറക്കം നഷ്ടപെട്ടിരുന്നു…

അവൾക്ക് ഒരു പ്രണയം ഉണ്ടായിരുന്നെങ്കിൽ ഇത്ര നാളായിട്ടും തനിക്ക് ഒരു സൂചന പോലും കിട്ടിയില്ലല്ലോ എന്ന് കുറ്റബോധത്താൽ ദേവകി അമ്മ ഓർക്കുകയായിരുന്നു…

എന്തായാലും രാവിലെ അവളോട് തന്നെ ചോദിക്കാം…. എന്നിട്ടുമതി തീരുമാനങ്ങൾ ഒക്കെ… ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് അവർ ഉറക്കത്തിലേക്ക് വീണുപോയിരുന്നു…

രാവിലെ അമ്മ കൊടുത്ത ചായ ഊതിക്കുടിച്ചുകൊണ്ട് നിക്കുമ്പോൾ ആണ് അവൾ ശ്രദ്ധിച്ചത്.. ,തന്നെ ഉറ്റു നോക്കി നിൽക്കുകയാണ് അമ്മ…

അമ്മയുടെ നോട്ടം കണ്ട് അവൾ അമ്മക്ക് അരുകിലെത്തി ചോദിച്ചു.. എന്താണമ്മെ ഇങ്ങനെ ആദ്യം കാണുന്നതുപോലെ നോക്കുന്നത്…

കാണാത്തതൊക്കെ കാണുകയും , കേൾക്കാത്തതൊക്കെ കേൾക്കുകയും ചെയ്യുമ്പോൾ ആരായാലും നോക്കിപ്പോകും…

അമ്മ എന്താ ഇങ്ങനെ പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നത്…

നി എന്നിൽ നിന്നും അച്ഛനിൽ നിന്നും എന്തെങ്കിലും മറയ്ക്കുന്നുണ്ടോ..? ഞങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ നിനക്ക്..?

അതെന്താ അമ്മ അങ്ങനെ ചോദിച്ചത്… ??

ആരാണ് സഞ്ജു..?? ഇന്നലെ ഉറക്കത്തിൽ നീ വിളിച്ചു കൂവുന്നത് കേട്ടതാ…

അനുജയിൽ ഒരു നേരിയ പതർച്ച ഉണ്ടായി.. എങ്കിലും അച്ഛനോടും അമ്മയോടും ഇത് എങ്ങനെ പറയുമെന്നറിയതെ വീർപ്പുമുട്ടി നിന്ന അവളിൽ കുറച്ച് ആശ്വാസവും ഉണ്ടായിരുന്നു…

പ്ലസ് ടു മുതൽ ഞങ്ങൾ ഒന്നിച്ചു പടിക്കുന്നതാണ്.. മുഖാ മുഖം കണ്ടാൽ ഒന്നു ചിരിക്കും.. ഞങ്ങൾ തമ്മിൽ അധികം ഒന്നും സംസാരിച്ചിട്ടില്ല..

ഒരാളുടെ വ്യക്തിത്വം കൊണ്ട് അയാളുടെ സ്വഭാവം മനസിലാക്കാം എന്നു പറയുന്നത് ശരിയായിരിക്കാം.. നല്ല വ്യക്തിത്വം പോലെ തന്നെ സഞ്ജുവിന്റെ സ്വഭാവവും നല്ലതായിരുന്നു..

എപ്പോഴും എല്ലാവരോടും നല്ല രീതിയിൽ മാത്രമേ സംസാരിക്കുകയും പെരുമാറുകയുമുള്ളു…

അവന്റെ സാഹചര്യങ്ങളും കുടുംബവും അവനെപ്പറ്റിയുള്ള എല്ലാ കാര്യങ്ങളും ഞാൻ എന്റെ കൂട്ടുകാരിൽ നിന്നും മനസ്സിലാക്കിയിരുന്നു…

ആർക്കും അവനോട് ഒരിഷ്ടം തോന്നിപ്പോകും… എനിക്കും ഇഷ്ടമായിരുന്നു അവനെ.. പക്ഷെ ആ ഇഷ്ടം ഞാൻ തുറന്നു പറഞ്ഞിരുന്നില്ല…

ഡിഗ്രി ആയപ്പോഴും ഞങ്ങൾ ഒരു കോളേജിൽ തന്നെ എത്തിപ്പെട്ടു… അവിടെയും ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തിരുന്നില്ല…

പക്ഷെ ഞങ്ങൾ തമ്മിൽ പറയാതെ പറയുന്നുണ്ടായിരുന്നു ഇഷ്ടമാണ് ഒരുപാടെന്ന്..

എനിക്ക് ജോലി കിട്ടി കഴിഞ്ഞ് കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ സഞ്ജുവിനും ജോലി കിട്ടിയെന്ന് ഞാൻ കൂട്ടുകാരിലൂടെ അറിഞ്ഞു..

ഈ അടുത്ത ദിവസം സഞ്ജു എന്നെ കാണാൻ വന്നിരുന്നു…

ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞപ്പോൾ ആ മുഖത്തു നോക്കി കള്ളം പറയുവാൻ എനിക്ക് കഴിഞ്ഞില്ല അമ്മേ… അന്ന് ഞാൻ എന്റെ ഇഷ്ടവും തുറന്നു പറഞ്ഞു…

ദേവകി അമ്മ അത്ഭുതത്തോടെ അനുജയെ നോക്കി ഇരിക്കുകയായിരുന്നു… തന്റെ മകൾ തന്നെയാണോ ഈ പറഞ്ഞതൊക്കെ.. അവർക്ക് വിശ്വസിക്കുവാനെ കഴിഞ്ഞില്ല…

ഇന്നലെ ഞാൻ ഒരു സ്വപ്നം കണ്ടു.. സഞ്ജു ഇവിടെ വരുന്നതും അച്ഛനോടും അമ്മയോടും എന്നെ കെട്ടിച്ചു തരുമൊന്നും ചോദിക്കുന്നെ…

അച്ഛനും അമ്മയും പറ്റില്ല എന്നു പറയുന്നത് കേട്ടപ്പോൾ എന്റെ സർവ്വ നിയന്ത്രണവും പോയി അതാ ഇന്നലെ ഉറക്കത്തിൽ പറഞ്ഞതൊക്കെ…

അവൻ നല്ല പയ്യൻ തന്നെ ആണെന്ന് എനിക്കും തോന്നുന്നുണ്ട് മോളെ..

അതാണല്ലോ ജോലി കിട്ടി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി ആയപ്പോൾ ഇഷ്ടം വന്ന് തുറന്ന് പറഞ്ഞത്…

കഥ പറഞ്ഞിരുന്ന് നേരം പോയല്ലോ… നിനക്ക് ഓഫീസിൽ പോകണ്ടേ… വേഗം പോകാൻ നോക്ക്… ഞാൻ അച്ഛനോട് സംസാരിച്ചു നോക്കട്ടെ…

അമ്മയിൽ നിന്നും ആ മറുപടി കേട്ടപ്പോൾ അവൾക്ക് പകുതി ആശ്വാസമായി… അമ്മക്ക് സമ്മതം ആണ്… ഇനി അച്ഛന്റെ കാര്യം എന്താണാവോ…??

വൈകുന്നേരം ഓഫീസിൽ നിന്നും മടങ്ങി വന്നപ്പോൾ പതിവ് പോലെ തന്നെ അച്ഛൻ ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു… അമ്മ എന്തായാലും അച്ഛനോട് പറഞ്ഞിട്ടുണ്ടാവും..

ഇങ്ങനെ ഒരു കാര്യം ആയതുകൊണ്ട് എന്താവും അച്ഛന്റെ പ്രതികരണം എന്ന് പറയാൻ പറ്റില്ല… പേടിയോടുകൂടി ഞാൻ അച്ഛന്റെ മുൻപിൽ എത്തിയിരുന്നു….

ദേവകീ മോൾ വന്നു ചായ എടുത്ത് കൊടുക്ക്.. എന്നത്തേയും പോലെ തന്നെ അച്ഛൻ അമ്മയോട് പറഞ്ഞിട്ട് എന്റെ നേരെ നോക്കി ചരിച്ചു…

ആ ചിരി കണ്ടപ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്ന എല്ലാ ടെൻഷനും മാറി… എന്റെ മോൾടെ ഒരിഷ്ടം സാധിച്ചു തരാൻ പറ്റിയില്ലെങ്കിൽ ഞാൻ എന്തിനാ അച്ഛനാണെന്നും പറഞ്ഞ് ഇരിക്കുന്നത്…

അച്ഛൻ സഞ്ജുവിന്റെ വീട്ടിൽ പോയി സംസാരിക്കാം.. എന്നെ ചേർത്ത് പിടിച്ച് അച്ഛൻ അതു പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിനൊപ്പം സഞ്ജു തന്റെ കഴുത്തിൽ മിന്നുകെട്ടുന്നത് ഒരു ചിത്രം പോലെ മനസ്സിൽ തെളിയുന്നുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *