മുറിയിൽ ഭാര്യയോട് തട്ടിക്കയറുന്ന മകന്റെ പ്രകടനം ഇത്തിരി നേരം നോക്കി കണ്ടു, കുടിച്ച് ബോധം ഇല്ലാതെ എന്നും..

(രചന: Ammu’s)

എല്ല സുമേ ഇയ്യ് അന്റമ്പതുർപ്യ കണ്ടിനാ..?

“ഇല്ലാലോ രമേശേട്ടാ എന്തേനു….?”

“ഞ്ഞി ബെർതെ കള്ളം പറയറേ രാവിലത്തന്നെ… ഇയ്യല്ലാതെ ബേറാരാ ന്റെ കുപ്പായം ഈടെ നനക്ക്ന്ന്.?

ഇന്നലെ രാത്രി ഞാൻ മുറീല് അയിച്ചിട്ട ന്റെ ഷർട്ടിന്റെ പോക്കെറ്റിൽ രണ്ട് നൂറിന്റേം ഒരമ്പതിൻറേം നോട്ട് കെടന്നിന്.. രാവിലെ എല്ലാം കെട്ടി പൊതിഞ്ഞിയ്യ് തുണി നനക്കാൻ പോകുന്നത് ഞാങ്കണ്ട്.

സത്യം പറഞ്ഞോ സുമേ ഇയ്യ് അല്ലേ ന്റെ അമ്പുർപ്പ്യ മാറ്റീന്..അനക്ക് ഈടെ ന്തിന്റെ കൊറവാള്ളെ…

എന്റെൽ ഇല്ലെങ്കി അമ്മന്റേന്നായാലും അന്റെ കാര്യങ്ങൾ എല്ലാം ചെയ്തു തരുന്നില്ലേ ഞാൻ.. പോരാത്തേന് ഞ്ഞി ഇപ്പൊ തുന്നുന്നും ഇണ്ടല്ലോ, ന്നിട്ടും അന്റെ ആക്രാന്തം തീർന്നിനില്ലേ..??””

മീൻ കാരൻ ചാത്തോട്ടന്റെ കയ്യിന്ന് മീൻ തൂക്കി വാങ്ങുമ്പോൾ അടുക്കളയിൽ നിന്ന് രമേശന്റെ ഒച്ചയെടുത്തുള്ള സംസാരം ജാനകിയമ്മ കേൾക്കുന്നുണ്ടായിരുന്നു.

ഓറ് (അവര്)പിന്നോക്കം തല ചരിച്ചൊന്ന് പൊരേലേക്ക് നോക്കി.

പിന്നെ വേഗത്തിൽ അത് വാങ്ങി കാശും കൊടുത്തു മുറ്റത്തേക്ക് കയറി.

“ഇങ്ങളെന്തിനാ രമേശേട്ടാ അറിയാത്ത കാര്യത്തിന് ന്റെ മേലെ ചാടി തുള്ളുന്ന്.. ഞാൻ കണ്ടിട്ടുമില്ല എടുത്തിട്ടുമില്ല ങ്ങളെ പൈശ.. ന്റ മോളാണെ സത്യം..”

നെഞ്ചത്ത് കൈ വച്ച് സുമ ദേഷ്യത്തോടെ അത്രയും പറഞ്ഞു മുറിയിലേക്ക് പോയി.

രമേശൻ ചവിട്ടി തുള്ളി പുറത്തേക്കും.

ഉമ്മറത്തേക്ക് കയറിയ ജാനകി അമ്മേ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ചുണ്ടൊന്ന് കോട്ടി രമേശൻ കലിയോടെ പുറത്തേക്കിറങ്ങി പോകുന്നത് കണ്ടപ്പോൾ കാര്യം വ്യക്തമായില്ലെങ്കിലും

ഇന്നും പതിവ് പോലെ അവള്ടെ മേലെ കുതിര കേറിയിട്ടുള്ള പോക്കാണെന്നവർക്ക് മനസ്സിലായി.

“അല്ലേലും മകന് കള്ള് അകത്ത് ചെന്നാൽ അമ്മയോടും കെട്ട്യോളോടും മുടിഞ്ഞ സ്നേഹമാണ്.. എന്നാൽ കെട്ടിറങ്ങിയാലോ ഓന്റെ തനി സ്വരൂപം പുറത്തു ചാടും… കണ്ടില്ലേ ശകുനി പിടിച്ച പോലെ പായുന്നത്.”

മനസ്സിൽ ഓർത്തു കൊണ്ട് ജാനകി അമ്മ അടുക്കളയിലേക്ക് ചെല്ലുമ്പോൾ വാതിൽ പടിയിൽ ഇരുന്നു കണ്ണ് തുടക്കുന്ന സുമയെ ആണവർ കണ്ടത്.

“ഇതിപ്പോ പുതിയതൊന്നുമല്ലല്ലോ സുമേ ഇയ്യിരുന്ന് കരയാൻ മാത്രം… അവന്റെ കെട്ട് വിട്ടാൽ അവൻ ഇത് തന്നെ അല്ലേ എന്നും പിന്നെന്തിനാ നീ വെറുതേ കരഞ്ഞു ഈ കുഞ്ഞിനെ കൂടി വിഷമിപ്പിക്കുന്നെ..”

അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ആണവൾ തന്നെ നോക്കി ചുണ്ട് പിളർത്തി ഇരിക്കുന്ന കുഞ്ഞിനെ കണ്ടത്.

ഇട്ടിരിക്കുന്ന നൈറ്റിയിൽ തന്നെ കണ്ണും മുഖവും അമർത്തി തുടച്ച് കുഞ്ഞിനെ എടുത്തു മടിയിൽ വച്ചു.

ശേഷം ആ കുഞ്ഞു കവിളിൽ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തിട്ട് മോളെ അച്ഛമ്മയുടെ അടുത്ത് നിർത്തി മീൻ മുറിക്കാനായി മുറ്റത്തേക്കിറങ്ങിപ്പോയി.

“വേറെന്തും സൈക്കാം പക്കെങ്കി മ്മള് കട്ടെടുത്ത് ന്നെല്ലാം പർഞ്ഞാ സമ്മയ്ച്ചു കൊടുക്കാനൊന്നും ന്നെക്കൊണ്ട് പറ്റൂലമ്മേ.. ങ്ങള് കേട്ടിനാ ഇന്നോറ് പറഞ്ഞിറ്റ് പോയത്…

ഞാ ഓറ പൈശ കട്ടെടുത്ത് ന്ന്… ന്റെ മോളാണെ ഞാൻ കണ്ടിട്ട് കൂടിയില്ല.”

ഓള് പറേണ കേട്ടപ്പോൾ ആണ് രമേശന്റെ പോക്കറ്റിൽ നിന്ന് ഇന്നലെ നടുമുറിയിൽ വീണു കിടന്ന നോട്ടിന്റെ കാര്യം ജാനകിയോർത്തത്.

മീൻ വെട്ടി കഴിഞ്ഞു അകത്തേക്ക് വന്ന സുമ കണ്ടത് ചിന്തയിലാണ്ടു നിൽക്കുന്ന അമ്മയെ ആയിരുന്നു.

“അമ്മേന്താ ഓർക്കുന്നെ..”

പെട്ടന്നുള്ള സുമേടെ ചോദ്യം ആണ് അവരെ ചിന്തയിൽ നിന്നുണർത്തിയത്.. പിന്നെ ഒന്നുമില്ലെന്ന് തല കുലുക്കി കൊണ്ട് ഓരോ പണികൾ ചെയ്യാൻ തുടങ്ങി..

അതിനിടയിൽ അടുത്ത വീട്ടിലെ പാറു കുട്ടി പുത്തനുടുപ്പൊരെണ്ണം തുന്നാൻ കൊണ്ട് കൊടുത്തപ്പോൾ അതിന്റെ അളവ് എടുക്കാനും മറ്റുമായി സുമ ഹാളിലേക്കു പോയി.
പിന്നാലെ പാറുക്കുട്ടിയും ചെന്നപ്പോൾ അച്ഛമ്മയും പേരക്കുട്ടിയും മാത്രമായി അടുക്കളയിൽ.

അമ്മ പോയ തക്കം നോക്കി..

“അച്ഛേടെ പോക്കെറ്റീന്ന് അമ്മ പൈശ എടുത്തച്ഛമ്മേ “ന്ന് അടക്കി പറയുന്ന
കുട്ടിക്കുറുമ്പിയെ ജാനകി അന്തിച്ച് നോക്കി നിന്നു.

കണ്ണൊക്കെ മിഴിച്ച് കൈ കൊണ്ട് ആംഗ്യം ഒക്കെ കാണിച്ചു വല്ല്യന്തോ കാര്യം കണ്ടു പിടിച്ച പോലെ ആണ് പെണ്ണത് പറയുന്നതെങ്കിലും പൊടുന്നനെ അവളുടെ ചുണ്ട് വിതുമ്പി പോകുന്നതും അച്ഛ മ്മേ വക്ക് പറഞ്ഞെന്നും പറഞ്ഞു കരയുന്നതും കണ്ടപ്പോൾ ചിരിച്ചു പോയി അവർ.

അമ്മ കരഞ്ഞത് അവളെ വിഷമിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ കണ്ണിലെ ഭാവം കണ്ടാൽ അമ്മ തന്നെ ആണ് കാശ് എടുത്തതെന്നുമേ കേട്ടാൽ ആർക്കും തോന്നൂ… പറയുമ്പോൾ അവൾ അച്ഛന്റെ മോള് തന്നെ എന്ന് ജാനകി മനസ്സിലോർത്തു.

അന്ന് സുമക്ക് തുന്നാൻ കുറച്ചധികം ഉണ്ടായിരുന്നു.

അമ്മയോടൊപ്പം പണികൾ ഒട്ടുമിക്കതും വേഗത്തിൽ തന്നെ ചെയ്തു തീർത്ത ശേഷമവൾ തുന്നാൻ ഇരുന്നു.

പണി കഴിഞ്ഞ് കലുങ്കിനരികിൽ കൂട്ടുകാരോടൊപ്പം മധ്യ സേവയിൽ ഉല്ലസിക്കുമ്പോൾ രമേശന്റെ മനസ്സിൽ രാവിലെ കാണാതേ പോയ തന്റെ അൻപത് രൂപയേ കുറിച്ചുള്ള ചിന്തയായിരുന്നു.

അവന് ഭാര്യയോട് അതിയായ ദേഷ്യം തോന്നി.

സ്വന്തം ആയി വരുമാനം ഉണ്ടായിട്ടും
അവളെന്തിനാ തന്റെ കാശ് എടുത്തത് എന്ന ചോദ്യം അവന്റെ ഉള്ളിൽ കിടന്നു നുരഞ്ഞു പൊന്തി.

എന്തായാലും അതിന്റെ കാരണം അറിഞ്ഞേ പറ്റൂ എന്നുറപ്പിച്ച് രമേശൻ മോൾക്കുള്ള കടല മിഠായിയും പൊതിഞ്ഞു വാങ്ങി ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടു വീട് പിടിച്ചു..

ഉമ്മറത്തേക്ക് ചെന്നു കയറുമ്പോഴേക്കും രമേശൻ നല്ല രീതിയിൽ തന്നെ ആടി കുഴയുന്നുണ്ടായിരുന്നു..

“അച്ഛാ…”എന്ന് വിളിച്ചു അകത്തു നിന്നും ഓടി വന്ന മകൾക്ക് നേരെ പോക്കറ്റിൽ നിന്നുമെടുത്ത മിഠായി പൊതി നീട്ടുമ്പോൾ പൊതിയോട് പറ്റിച്ചേർന്നൊരിരുന്നൂറിന്റെ പുത്തൻ നോട്ട് നിലത്തേക്ക് പറന്നു വീണു.

മുറിയിൽ തയ്ച്ചു കൊണ്ടിരിക്കുന്ന സുമയുടെ അരികിലേക്ക് പോകുന്ന മകന്റെ പിന്നാലെ അൽപ നേരത്തിനു ശേഷം നിലത്തു നിന്നെടുത്ത പുത്തൻ നോട്ടുമായി ജാനകിയമ്മയും അവിടേക്ക് ചെന്നു.

അടുക്കള വാതിലിനടുത്തെത്തിയ ജാനകി മുറിയിൽ ഭാര്യയോട് തട്ടിക്കയറുന്ന മകന്റെ പ്രകടനം ഇത്തിരി നേരം നോക്കി കണ്ടു.

“കുടിച്ച് ബോധം ഇല്ലാതെ എന്നും നാല് കാലിൽ കേറി വരുന്ന നിന്നോട് ചെയ്യാത്ത കാര്യം അവളെത്ര ചെയ്തില്ലന്ന് പറഞ്ഞാലും നിനക്ക് മനസ്സിലാകില്ല രമേശാ…”

പുറത്ത് നിന്നും അമ്മയുടെ ആക്രോശം കേട്ടപ്പോൾ രമേശൻ തിരിഞ്ഞു നോക്കി.

“അമ്മേ ങ്ങള് ബെർതെ ഓളെ ന്യായീകരിക്കാതെ ആടെങ്ങാനും പോയിരി.. ഞാൻ പറയിപ്പിച്ചോളാ ഓളെ കൊണ്ട്.”

“അങ്ങനെ പറഞ്ഞ ഓള് ചെയ്യാത്ത കാര്യം ചെയ്തെന്നെങ്ങനെ പറയും രമേശാ..”

“അമ്മേ ങ്ങള് ബെർതെ ഇവളെ വക്കാലത്ത് നിക്കാതെ ങ്ങളെ പണി നോക്കിൻ..”

അതും പറഞ്ഞവൻ കട്ടിലിലേക്ക് ഇരുന്നു.

ഏതാനും മിനിറ്റുകൾ അവർക്കിടയിൽ നിശബ്ദമായി കടന്ന് പോയി.

ആ നേരത്ത് ജാനകിയമ്മ പെട്ടെന്ന് മുറിയിൽ പോയി തിരികെ വന്നു.

“രമേശാ ഇതല്ലേ അന്റെ കാണാതെ പോയ അമ്പുർപ്പ്യ….?”

അമ്മയുടെ ചോദ്യം കേട്ടപ്പോൾ രമേശൻ തലയുയർത്തി നോട്ടിലേക്കും അമ്മയുടെ മുഖത്തേക്കും മാറി മാറി നോക്കി….

“ആ ഇത് തന്നെ ഇതെങ്ങനെ അമ്മേടെ കയ്യിൽ വന്നു… ഇവള് തന്നതാണോ..”

“അപ്പഴും പഴി ഇവൾക്ക് അല്ലെടാ…എന്താ അന്റെ കാശ് ഇവക്ക് മാത്രേ എടുക്കാൻ പറ്റൂ ഞാൻ എടുത്താൽ പറ്റൂലെ അനക്ക്…?”

“അമ്മ വെറുതെ ഇവളെ രക്ഷിക്കാൻ കള്ളം പറയണ്ട… എനക്കറിയാ…”

“എന്തറിയാന്ന്…നീ കണ്ടോ ഇവള് കാശ്ശെടുക്കുന്നത്…”

അമ്മേടെ ചോദ്യം കേട്ടപ്പോൾ രമേശൻ മുഖം ചരിച്ചു.

അപ്പോൾ അവർ ഇടത്തെ കയ്യിൽ ചുരുട്ടി പിടിച്ച ഇരുന്നൂറിന്റെ പുത്തൻ നോട്ടൊരെണ്ണം എടുത്തു ചുളിവുകൾ നിവർത്തി മകന്റെ നേർക്ക് നീട്ടി.

“ഈ കാശ് നിന്റേതല്ലേ…?”

അപ്പോഴാണ് രമേശൻ തന്റെ കീശയിൽ പരതി നോക്കിയതും കീശ കാലിയാണെന്നറിയുന്നതും.

രമേശൻ അമ്മേം പിന്നേ സുമേം നോക്കി

“ഇയ്യ് ഓളെ നോക്കണ്ട ഇന്നലേം ഇതന്ന ഉണ്ടായത്… അതെങ്ങനെ കുടിച്ച് ബോധത്തോടെ ഒരു ദിവസം എങ്കിലും നീ ഈ വീടിന്റെ പടി കയറീട്ടുണ്ടോ… എന്നും നാലു കാലിൽ അല്ലേ വരവ് ബോധോം കാഥേമില്ലാതെ.

ഇതാ ഇതിന്നന്നലെ ഇയ്യ് അന്റെ കുട്ടിക്ക് കൊടുത്ത മിഠായി പൊതീന്റൊപ്പം ചാടി പോയത്….ആദ്യത്തെ അമ്പുർപ്പ്യെന്റെ നോട്ട് രമേശന്റെ കയ്യിലേക്ക് വച്ച് കൊടുക്കുമ്പോ അമ്മ പറഞ്ഞത് കേട്ട് രമേശൻ അങ്ങേയറ്റം നാണം കെട്ട് തല കുമ്പിട്ട് നിന്നു.

രണ്ടാമത് ഇരുന്നൂറിന്റെ പുത്യേ നോട്ടും കയ്യിൽ കൊടുത്ത് “ഇതും അങ്ങനെത്തന്നെ വീണതാന്ന് ഇന്ന്..”എന്നും പറഞ്ഞ് പുച്ഛത്തോടെ മകനെ ഒന്നിരുത്തി നോക്കിയ ശേഷം,

“പിന്നെ രമേശാ ഇയ്യ് പണി എടുക്കുന്ന പോലെ ഇവളും ഈടെ പണി എടുക്കുന്ന്ണ്ട് പൈശേം ഇണ്ടാക്കുന്നുണ്ട്.. ഓള ആവശ്യത്തിനും ഈ വീട്ടിലെ ആവശ്യത്തിനും എല്ലാം ഓൾക്ക് കിട്ടുന്ന കാശ് തികയുന്നുമുണ്ട്.

അല്ലാതെ ഒരു പണി പണീന്നും പറഞ്ഞു രാവിലെ വീട്ടീന്ന് ഇറങ്ങി പോയി കിട്ടുന്ന കാശ് മുഴുവനും അന്നെ പോലെ ദൂർത്തടിച്ച് കളയല്ല…. അതോണ്ട് തന്നെ ഓൾക്ക് അന്റെ നക്കാ പിച്ച കാശ് മോട്ടിക്കേണ്ട കാര്യോമില്ല.

അനക്ക് ഞാൻ പറേണത് വല്ലോം തലേല് കേറിയാ…”

കുടിച്ച കള്ള് മൊത്തം അമ്മേന്റെ വെറഞ്ഞു തുള്ളലിൽ കെട്ടിറങ്ങി പോകുന്നത് രമേശൻ അറിഞ്ഞു.

കള്ളം പിടിക്കപ്പെട്ട കുട്ട്യേ പോലെ തലയും താഴ്ത്തി നിൽക്കുന്ന രമേശനെ കണ്ടപ്പോൾ സുമക്കപ്പോൾ ചിരിയാണ് വന്നത്.

“കള്ളും കുടിച്ച് ഭാര്യേടെ മെക്കിട്ടും കേറി നടക്കുന്നത് അത്ര നല്ല പരിപാടി അല്ല രമേശാ അതോണ്ട് ഇനി മേലിൽ ചെയ്യാത്ത കാര്യത്തിന് ഇയ്യ് ഓള മേലെ ചാടി തുള്ളുന്നെങ്ങാനും ഞാനീടെ കണ്ടാ അന്റെ അവസാനം ആയിരിക്കും നോക്കിക്കോയ്യ്. ”

അതും പറഞ്ഞവർ പോയപ്പോൾ സുമ രമേശനെ തുറിച്ചു നോക്കി.

രണ്ടുപേ‌രുടേം മുന്നിൽ നാണം കെട്ടതിന്റെ ചളിപ്പ് അപ്പോൾ രമേശന്റെ മുഖത്ത് പ്രകടമായിരുന്നു.

അമ്മക്ക് പുറകെ മുറിയിൽ നിന്നുമിറങ്ങി പോകുമ്പോൾ സുമ രമേശനെ ഒന്ന് നോക്കി..

ആ നോട്ടത്തിൽ “അയ്യേ കഷ്ടം…”എന്നൊരു പദപ്രയോഗം അവന്റെ നാവിൽ നിന്നും പുറത്തേക്ക് വീണു.