ഉടനെ ഈ കുട്ടിക്ക് ഒരു കല്യാണം പറ്റുമെന്ന് തോന്നുന്നില്ല ആനന്ദ്, ഇവൾക്ക്..

ജീവിതം സഫലം
(രചന: Ammu Santhosh)

എനിക്ക് അന്ന് ഒപിയിൽ തിരക്ക് കൂടുതലായിരുന്നു. അവസാനത്തെ ആളെയും നോക്കിയിട്ട് ഒരു ചായ കുടിക്കുമ്പോഴാണ് നഴ്സ് വന്നു പറഞ്ഞത്

ഒരു പെൺകുട്ടിയും പയ്യനും കാണാൻ വന്നിരിക്കുന്നു എന്ന്. നാളെ വരാൻ പറയു സിസ്റ്റർ ഞാൻ ഒരു പാട് ക്ഷീണിച്ചു എന്ന് ഞാൻ പറഞ്ഞു

“ഡോക്ടറെ എന്റെ വീടിന് അടുത്തുള്ള പിള്ളാരാ ഡോക്ടർ ഒന്നു നോക്ക്. ആ കൊച്ചിനെന്തോ വയ്യ എന്ന് പറയുന്നു ”

ഞാൻ ഒടുവിൽ അവരോടു വരാൻ പറഞ്ഞു. കഷ്ടിച്ച് ഇരുപത്തിയഞ്ചു വയസ്സ് പ്രായം വരുന്ന ഒരു ചെറുപ്പക്കാരൻ, അത്ര പോലും പ്രായമില്ലാത്ത ഒരു പെൺകുട്ടി.

“പറയു ”

പെട്ടെന്ന് പെൺകുട്ടി പൊട്ടിക്കരയാൻ തുടങ്ങി. കൂടെയുള്ള ആൾ അവളെ ഒന്ന് ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു.

“ഇവൾക്ക് ഭയങ്കര വയർ വേദന ആണ് ഡോക്ടറെ.. വേറെ ഒരു ഡോക്ടറെ കണ്ടു സ്കാൻ ചെയ്തു..

എന്തൊ പ്രശ്നം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു..വിശദമായി ഒന്നും പറഞ്ഞില്ല. ഡോക്ടറെ വന്നു കാണാൻ പറഞ്ഞു അതാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത് ”

ഞാൻ ആ സ്കാൻ റിപ്പോർട്ട്‌ വായിച്ചു നോക്കി.

“കാൻസറസ് ട്യൂമർ..ഗർഭപാത്രത്തിൽ ”

എന്റെ ഉള്ളിൽ ഒരു വേദന വന്നു.

“നിങ്ങൾ കല്യാണം കഴിച്ചതാണോ?”

“അല്ല.. നിശ്ചയം കഴിഞ്ഞു. ഒരു വർഷം ആയി.. ഇവൾ എപ്പോഴും ഈ വേദനയേ കുറിച്ച് പറയും.

എനിക്ക് അമ്മയില്ല ഡോക്ടറെ. അച്ഛൻ, രണ്ടു അനിയന്മാർ എന്റെ വീട്ടില്. ഇവളുടെ വീട്ടിൽ അച്ഛൻ മാത്രം. ഇവൾക്ക് മടി അച്ഛനോട് പറയാൻ.. അതാണ് എന്നോട് പറഞ്ഞത്. എന്താ ഡോക്ടറെ കാര്യം?”

“എന്താ പേര്?” ഞാൻ അവനോട് ചോദിച്ചു

“ആനന്ദ് ”

“ആനന്ദിന് എന്താ ജോലി?”

“ഞാൻ ഓട്ടോ ഓടിക്കുകയാണ് . സ്വന്തം ഓട്ടോ തന്നെ..കൊറോണ ആയപ്പോൾ കുറച്ചു ഓട്ടം കുറഞ്ഞു. എന്ന് വെച്ച് ബുദ്ധിമുട്ടൊന്നുമില്ല ഡോക്ടറെ.

ഞാൻ കെട്ടിടം പണിക്കും പോകാറുണ്ട്. ഇവൾക്ക് ഇനിയും പഠിക്കണമെന്ന് പറയുന്നുണ്ട്. പഠിപ്പിക്കണം ഇവൾക്ക് കൂടി ഒരു ജോലിയാവട്ടെ. അടുത്ത മാസം കല്യാണമാണ് ഡോക്ടർ.”

ആ ചെറുപ്പക്കാരന്റെ ആത്മവിശ്വാസത്തിലേക്ക്, അവളോടുള്ള സ്നേഹത്തിലേക്ക് ഞാൻ നോക്കിയിരുന്നു.

“ഉടനെ ഈ കുട്ടിക്ക് ഒരു കല്യാണം.. പറ്റുമെന്ന് തോന്നുന്നില്ല ആനന്ദ്. ഇവൾക്ക് ഒരു സർജറി വേണ്ടി വരും..”

ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. അവന്റെ മുഖത്ത് ഒരു പകപ്പ് നിറഞ്ഞു
പെൺകുട്ടി ദീനമായി അവനെ നോക്കി.

ഞാൻ കുറച്ചു ടെസ്റ്റുകൾക്കും വീണ്ടും ഒരു സ്കാനിങ് നും കൂടി എഴുതി അവരെ വിട്ടു.

ടെസ്റ്റ്‌ റിസൾട്ട്‌കളും സ്കാനിംഗ് റിപ്പോർട്ടുകളും കൊണ്ട് അവനാണ് വന്നത് ഒപ്പം അവളുടെ അച്ഛനുമുണ്ട്

“അവൾക്ക് നല്ല ക്ഷീണം ഉണ്ട് കിടക്കുകയാണ്.”

ഞാൻ അതൊക്കെ വായിച്ചു നോക്കി.

“അഡ്മിറ്റ് ചെയ്യാം.. u terus remove ചെയ്യേണ്ടി വരും “ഞാൻ മെല്ലെ പറഞ്ഞു

അച്ഛൻ സർവതും തകർന്ന പോലെ എന്നെ നോക്കി.

“അവൾക്ക് ഇനി പ്രസവിക്കാൻ കഴിയില്ല അല്ലെ ഡോക്ടറെ?” അയാൾ പൊട്ടിക്കരഞ്ഞു.

“എന്റെ മോൾക്ക് ഇരുപത് വയസ്സേ ഉള്ളു. എന്താ ഡോക്ടറെ ഇത്രയും കുഞ്ഞിലേ ഇങ്ങനെ? അവൾക്ക് കുഞ്ഞുങ്ങൾ എന്ന് വെച്ചാ ജീവനാ. ഇത് അറിഞ്ഞാ അവൾ എന്ത് ചെയ്യും എന്ന് ഊഹിക്കാൻ പോലും വയ്യ.”

ഞാൻ എന്താ പറയേണ്ടത് എന്ന് പോലും അറിയാതെ നിശബ്ദയായി

“അച്ഛൻ എന്താ ഈ പറയുന്നത്? കുഞ്ഞുങ്ങൾ ആണോ അത്ര വലിയ കാര്യം? അവളുടെ ജീവനല്ലേ അത് ആണ് പ്രധാനം ഡോക്ടറെ.. എനിക്ക് അവളെ കിട്ടിയ മാത്രം മതി..” അവൻ പെട്ടെന്ന് പറഞ്ഞു.

അച്ഛൻ വിങ്ങിക്കരഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു

“ഇവരൊക്കെ ഇങ്ങനെ ചെറിയൊരു കാര്യത്തിന് എന്തിനാ ഇത്രയും പ്രാധാന്യം കൊടുക്കുന്നത്? അസുഖം ആർക്കും വരും അല്ലെ ഡോക്ടറെ?”

ഞാൻ അവന്റെ ധൈര്യത്തിലേക്ക് അതിശയത്തോട് നോക്കിയിരുന്നു

“ഡോക്ടർക്കറിയുമോ ഞങ്ങളുടേത് പ്രണയ വിവാഹം ഒന്നുമല്ല.

ഞാൻ അവളെ കാണാൻ ചെല്ലുമ്പോൾ വേറെ ഒരു പയ്യൻ കണ്ടിട്ട് പോയതേയുള്ളു. നല്ല ജോലിയൊക്കെ ഉള്ള പയ്യൻ ആയിരുന്നു അത്. എന്നിട്ടും അവൾ എന്നെ മതി എന്ന് പറഞ്ഞു.

കാരണം ചോദിച്ചപ്പോൾ പറഞ്ഞു കണ്ടപ്പോൾ ഇഷ്ടം തോന്നിയെന്ന്. അവൾക്ക് എന്നേക്കാൾ യോഗ്യത ഉള്ള ഒരാളെ കിട്ടുമായിരുന്നു. ഞാൻ ഒരു ഓട്ടോക്കാരൻ.

അവളെന്തു കണ്ടിട്ടാവും എന്നെ ഇഷ്ടപ്പെട്ടിരിക്കുക. ഡോക്ടർ കണ്ടില്ലേ അവളെ? എന്ത് സുന്ദരി കുട്ടിയാ? ഡിഗ്രിക്ക് എൺപതു ശതമാനം മാർക്കുമുണ്ട്.

ഇനിം പിജി ചെയ്യും, നല്ല ഒരു ജോലിയും വാങ്ങും അവൾ. മിടുക്കിയാ. എനിക്ക് ബഹുമാനമാ ഡോക്ടറെ അവളെ.. എന്റെ ഭാഗ്യാ അവൾ.. അവളുടെ അച്ഛൻ ചിലപ്പോൾ വിചാരിക്കും ഞാൻ ഈ കല്യാണത്തിൽ നിന്നു മാറുമെന്ന്..

അതാണ് ഇത്രയും സങ്കടം. അങ്ങനെ ഒക്കെ പറ്റുവോ മനുഷ്യർക്ക്? എനിക്ക് അവളെ വേണം. ആയുസ്സോടെ തന്നെ. അത് ഡോക്ടർ ഏൽക്കണം ”

ഞാൻ അവനെ സ്വയം അറിയാതെ ചേർത്ത് പിടിച്ചു

“തരും.. വാക്ക് ”

എന്റെ വാക്കായിരുന്നു അത്. അവളുടെ കാൻസർ കുറച്ചു മോശം അവസ്ഥ ആയിരുന്നിട്ടും രക്ഷപെടാൻ വളരെ കുറച്ചു സാധ്യതയേ ഉള്ളു എന്ന് അറിയാമായിരുന്നിട്ടും.

ഞാൻ ആ വാക്ക് കൊടുത്തത് എല്ലാത്തിനും മുകളിൽ പരമ കാരുണ്യവാനായ ഒരാളുടെ ഇടപെടൽ ഉണ്ടാകും എന്ന് ഉറപ്പുള്ളത് കൊണ്ടാണ്. അവന്റെ സ്നേഹത്തിന്റെ മുന്നിൽ വിധിക്ക് തോറ്റെ പറ്റു.

“ആനന്ദ് ചേട്ടനോട് എന്നെ മറക്കാൻ പറയുവോ?”

ഒരു ദിവസം അവൾ എന്റെ കൈ പിടിച്ചു വിങ്ങി കരഞ്ഞു കൊണ്ട് ചോദിച്ചു

“ഡോക്ടറേ വലിയ ഇഷ്ടാ. പറഞ്ഞാ കേൾക്കും. ഇപ്പൊ തന്നെ ഓട്ടോ വിറ്റു. അച്ഛൻ ചിലവാക്കും പോലെയാണോ ഡോക്ടറെ..?

ആൾക്കാർ എന്താ പറയുക? ഇനി സ്വന്തം പേരിലുള്ള സ്ഥലം കൂടി വിൽക്കാൻ ആളെ നോക്കി നടക്കുകയാ ഇപ്പൊ. ഞാൻ.. എനിക്ക്… കുഞ്ഞുങ്ങൾ പോലും ഉണ്ടാവില്ല.. എന്നെ എന്തിനാ ഡോക്ടറെ ചേട്ടന്?”

അവളെ ചേർത്ത് പിടിക്കുമ്പോൾ സത്യത്തിൽ ഒരു രോഗിയുടെ മുന്നിൽ വെച്ച് ഞാൻ ആദ്യമായി കരഞ്ഞു പോയി.

“ആനന്ദ് ചേട്ടനെ എനിക്ക് വലിയ ഇഷ്ടാ. അത് കൊണ്ട ഞാൻ ഈ പറയുന്നത്.. എന്നെ മറക്കണമെന്നും എന്നെ ഉപേക്ഷിച്ചു പോകണം ഒന്ന് പറയാമോ?”

“നിനക്ക് പറ്റുമോ കാണാതിരിക്കാൻ?”

ഞാൻ ഇടർച്ചയോടെ ചോദിച്ചു. അവൾ അമ്പരപ്പിൽ എന്നെ നോക്കി.

“നീ അവന്റെ സന്തോഷമാണ്. നിനക്ക് വന്ന ഈ അസുഖമൊന്നും അവന്റെ സ്നേഹത്തിന്റെ ആഴം കുറച്ചിട്ടുമില്ല. അവനെ പോലൊരാളെ കിട്ടുക ഭാഗ്യം ചെയ്ത ഒരു പെണ്ണിന് മാത്രമാ . You are the luckiest.”

ഞാൻ ആ നിറുകയിൽ ചുംബിച്ചു
അതേ ഞാൻ കണ്ട ഏറ്റവും ഭാഗ്യവതിയായ പെണ്ണായിരുന്നു അവൾ.

എന്റെ എല്ലാ കോൺടാക്ട്ടുകളും ഞാൻ അവൾക്കായ് ഉപയോഗിച്ചു. എന്റെ മകൾ കല്യാണിയെ പോലെ എനിക്ക് അവൾ പെട്ടെന്ന് പ്രിയപ്പെട്ട വളായി.

അവൾ പൂർണമായി രോഗമുക്തി നേടിയ ദിവസം ആനന്ദ് എന്റെ മുറിയിൽ വന്നു. തീരെ നിനച്ചിരിക്കാതെ ഒരു നിമിഷത്തിൽ അവനെന്റെ കാലിൽ വീണു

“ഹേയ് ആനന്ദ്..”ഞാൻ അവനെ വേഗം എഴുനേൽപ്പിച്ചു

ആദ്യമായി അവൻ കരയുന്നത് ഞാൻ കണ്ടു. എന്നെ തൊഴുത് നിൽക്കുന്ന വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

“നന്ദിയുണ്ട് എന്റെ പ്രാണനെ എനിക്ക് തിരിച്ചു തന്നതിന്. ഇത് വരെ തീ വിഴുങ്ങിയ പോലെ നടക്കുവാരുന്നു. ഇത് കണ്ടോ ”

അവന്റെ പോക്കറ്റിൽ ഒരു ചെറിയൊരു കുപ്പി

“അവൾ പോയാൽ കൂടെ ചെല്ലാൻ കരുതി വെച്ചതാ.. എന്റെ വിവരക്കേട് എന്ന് ഡോക്ടർ പറഞ്ഞേക്കും. പക്ഷെ.. അവളില്ലാത്ത ഒരു ലോകം എന്തിനാ എനിക്ക്. ഒരു വർഷം കൊണ്ട് അവളെന്റെ എല്ലാമായിപ്പോയി ഡോക്ടർ.”

ഞാൻ പകച്ചു നിൽക്കെ അവൻ ആ ബോട്ടിൽ എന്റെ വേസ്റ്റ് ഡസ്ബിനിൽ ഇട്ടു

“ഡോക്ടർ രക്ഷിച്ചത് ഒരാളെയല്ല രണ്ടു ജീവനാ..”

“ഞാൻ അല്ല..ദൈവം “ഞാൻ പെട്ടെന്ന് പറഞ്ഞു.”പിന്നെ നിന്റെ സ്നേഹം.. അത് കൂടി ആണ് അവളെ.. സന്തോഷം ആയി ജീവിക്ക് ”

അവൻ പോയി.

അവരുടെ കല്യാണത്തിന് ഞാൻ പോയിരുന്നു.

പിന്നെയും വർഷങ്ങൾ കഴിഞ്ഞു. അവൾക്ക് ടീച്ചർ ആയി ജോലി കിട്ടി. ഒരു കുഞ്ഞിനേയും കൊണ്ട് അവർ ഒരിക്കൽ എന്നെ കാണാൻ വന്നു.

“ജനിച്ചിട്ട് കഷ്ടിച്ച് രണ്ടു മാസമേ ആയുള്ളൂ. ദത്തെടുത്തതാ.. പെൺകുഞ്ഞാ.”

ഞാൻ നിറകണ്ണുകളോടെ ആ കുഞ്ഞിനെ നെഞ്ചിൽ ചേർത്ത് പിടിച്ചു

“പേരെന്താ മോളുടെ?”

“ദുർഗ ”

ആനന്ദ് പുഞ്ചിരിച്ചു.

ഞാൻ എന്താ പറയേണ്ടത് എന്ന് അറിയാതെ അവരെ നോക്കി.
അവർ പുഞ്ചിരിക്കുകയാണ്

“ദുർഗ ”

എന്റെ പേര്….

“ഡോക്ടറുടെ പേരോളം ഭംഗിയുള്ള മറ്റൊരു പേര് ഞങ്ങൾക്ക്
കണ്ടെത്താനായില്ല” അവൾ പറഞ്ഞു…

ജീവിതം സഫലമെന്നു തോന്നിയ നിമിഷമായിരുന്നു അത് .. ചില നിമിഷങ്ങൾ അങ്ങനെയാണ്. ആയുസ്സിന്റ വിലയുള്ള നിമിഷങ്ങൾ…

Leave a Reply

Your email address will not be published. Required fields are marked *