അമ്മേടെ വയറ്റിൽ ഒരു കുഞ്ഞിവാവയുണ്ട്, ചിറ്റ ചാരുവിന്റെ അമ്മയുടെ വയറ്റിലേക്ക്..

ചേച്ചിപെണ്ണ്
(രചന: അഥർവ ദക്ഷ)

“ചാരു മോൾക്ക് അനിയൻ വാവയെ ആണോ.. അനിയത്തി വാവയെയാണോ കൂടുതൽ ഇഷ്ട്ടം….” ചിറ്റ ചാരുവിനെ മടിയിൽ ഇരുത്തി തിരക്കി….

“അനിയൻ വാവ… പക്ഷേ ചാരൂന്… അനിയനും ഇല്ല…അനിയത്തിയും ഇല്ലാലോ… അതെന്നാ ചിറ്റേ എനിക്ക് ആരൂല്ലാത്തെ…..” ചാരുവിന്റെ ശബ്ദത്തിൽ സങ്കടം നിറഞ്ഞു…..

“അതേ… ചാരു കുഞ്ഞിന്റെ സങ്കടം മാറ്റാനായി… അമ്പാട്ടി ഒരു കുഞ്ഞാവയെ തരാൻ പോകുവാ….”ചിറ്റ അവളുടെ മുടിയിൽ തഴുകി

“സത്യാണോ…. എന്നിട്ട് എവിടെ….” അവൾ ഉത്സാഹത്തോടെ തിരക്കി

“അമ്മേടെ വയറ്റിൽ ഒരു കുഞ്ഞിവാവയുണ്ട്….” ചിറ്റ ചാരുവിന്റെ അമ്മയുടെ വയറ്റിലേക്ക് ചൂണ്ടി…..

“ആ…. ആന്നോ അമ്മേ കുഞ്ഞാവയുണ്ടോ…”അവൾ കുഞ്ഞി കണ്ണുകളിൽ കൗതുകം നിറച്ച് അമ്മയെ നോക്കി…

“ഉവ്വെല്ലോ…. അമ്മേടെ ചാരു കുഞ്ഞിന് കൂട്ടായി ഒരു കുഞ്ഞുവാവയുണ്ടല്ലോ….” അമ്മ അവളുടെ കവിളിൽ തലോടി…

“അയ്യടാ…. എനിക്കും കുഞ്ഞാവ വരുവാലോ…” അവൾ കൈകൊട്ടി കൊണ്ട് തുള്ളിച്ചാടി…..

ആ കുഞ്ഞി കണ്ണിലെ സന്തോഷം എല്ലാവരും നിറഞ്ഞ മനസോടെ നോക്കി നിന്നു….

ചാരു…. മോനിഷയുടെയും…. സജീവ്ന്റെയും മകളാണ് 10വയസുകാരി ചാരുവിന് തന്റെ കൂട്ടുകാർക്കുള്ള പോലെ…. സഹോദരങ്ങൾ ആരും ഇല്ലാത്തതിൽ എന്നും സങ്കടമായിരുന്നു എപ്പോളും…..

അമ്മയുടെ വയറ്റിൽ ഉണ്ണി വാവയുണ്ടെന്നുള്ള അറിവ് അവളിൽ ഉണ്ടാക്കിയ സന്തോഷം കുറച്ചൊന്നുമായിരുന്നില്ല…..

“അതേ എന്റെ അമ്മേടെ വയറ്റിൽ ഉണ്ണി വാവയുണ്ടല്ലോ… അനിയൻ വാവ…. “പരിചയം ഉള്ള എല്ലാവരോടും അവൾ പറഞ്ഞു നടന്നു….

“അനിയൻ വാവയോ…. അനിയത്തി വാവയാണെങ്കിലോ….”ചിലരൊക്കെ അവളോട് തിരക്കി….

“അല്ലല്ലോ… അനിയൻ വാവ തന്നെയാ….”അവൾ ഉറപ്പിച്ചു പറഞ്ഞു….

ഉണ്ണിവാവ വയറ്റിൽ ഉള്ളത് കൊണ്ട് അമ്മയ്ക്ക് കുഞ്ഞി സഹായങ്ങളൊക്കെ കുഞ്ഞിപെണ്ണ് ചെയ്തു കൊടുക്കുമായിരുന്നു…… സ്കൂളിൽ നിന്ന് മിഠായിയോ മറ്റോ കിട്ടിയാൽ ഒരു പങ്ക് കൊണ്ട് വന്ന് അമ്മയുടെ വായിൽ വെച്ച് കൊടുക്കും….

“ഇത്… കുഞ്ഞാവയ്ക്ക്…..”അമ്മയുടെ വയറ്റിൽ ഉമ്മ വെച്ചു കൊണ്ട് അവൾ പറയും….

ഒരിക്കൽ അമ്മ ഉണ്ണിമാങ്ങ ഇഷ്ടത്തോടെ കഴിക്കുന്നത് കണ്ട കുഞ്ഞിപ്പെണ്ണ് പിന്നെ ഒറ്റ ഉണ്ണിമാങ്ങ പോലും വെറുതെ കളയാതെ പിറക്കി കൂട്ടുമായിരുന്നു….

അമ്മയുടെ വയറ്റിലെ കുഞ്ഞി വാവയുടെ വളർച്ച കണ്ടും തൊട്ടുമാറിഞ്ഞ് അവൾ മിക്കവാറും അമ്മയ്‌ക്കൊപ്പം തന്നെ കൂടി….. എന്നാ കുഞ്ഞാവ വരാ എന്ന ചോദ്യം അവൾ ഇടയ്ക്കിടെ ചോദിച്ചു കൊണ്ടേ ഇരുന്നു….

മാസങ്ങൾ പോകെ ഒരു ദിവസം കുറച്ചകലെ താമസിക്കുന്ന അമ്മമ്മ അവരുടെ വീട്ടിലേക്ക് താമസിക്കുവാനായി എത്തി…..

കുഞ്ഞുവാവ വരാൻ സമയം ആയോണ്ടാ അമ്മമ്മ വന്നിരിക്കുന്നത് എന്നറിഞ്ഞതോടെ ചാരുവിന്റെ സന്തോഷം ഇരട്ടിച്ചു….

ആൾക്ക് ആകെ ഒരു ടെൻഷൻ മാത്രമേയുണ്ടായിരുന്നുള്ളൂ…. താനിനി സ്കൂളിൽ പോകുമ്പോളോ മറ്റോ കുഞ്ഞാവ വന്നാലോ…..വെക്കേഷൻ ആയപ്പോളാണ് ചാരുവിന് സന്തോഷമായത്……

പതിവ് പോലെ ഒരു ദിവസം അത്താഴം ഒക്കെ കഴിഞ്ഞ് അച്ഛനൊപ്പം ഉറങ്ങാൻ കിടന്ന ചാരു… തന്നെ ആരോ തട്ടി വിളിച്ചപ്പോൾ ഉറക്ക ചടവോടെ എഴുനേറ്റ് ഇരുന്നു….

“നമുക്കെ ഹോസ്പിറ്റൽ പോകാം….” അച്ഛൻ അവളുടെ കൈയ്യിൽ പിടിച്ചു…

“ന്തിനാ അച്ഛായി….”അവൾ കണ്ണു തിരുമി…

“അനിയൻവാവ വരുവാ കുറച്ചു കഴിയുമ്പോൾ അവൻ വരും …”അവളേയും കൊണ്ട് അച്ഛൻ വേഗത്തിൽ പുറത്തേക്ക് നടന്നു

അമ്മയും അമ്മമ്മയും കാറിലേക്ക് കയറിയിരുന്നു….. ചാരു മുന്നിലെ സീറ്റിൽ ഇരുന്ന് കൊണ്ട് തിരിഞ്ഞു അമ്മയെ നോക്കി…..

അമ്മ സീറ്റിൽ ഇരുന്ന് ഞെരിപിരി കൊള്ളും പോലെ തോന്നി അവൾക്ക്…. അച്ഛൻ കാർ വേഗത്തിൽ മുന്നോട്ട് എടുത്തു…..

“അമ്മായ്ക്ക് വയ്യായോ….”അത് കാണേ ആ കുഞ്ഞി കണ്ണു നിറഞ്ഞു…

“ഇല്ലപ്പാ… അമ്മായ്ക്ക് ഒന്നുമില്ലേ….” കുഞ്ഞിനെ നോക്കി മോനിഷ ചിരിക്കാൻ ശ്രെമിച്ചു….

ഹോസ്പിറ്റൽ എത്തിയതും അമ്മയെ മാത്രം ഒരു റൂമിലേക്ക് കൊണ്ട് പോയതും ഒക്കെ ചാരു ആശങ്കയോടെ നോക്കി നിന്നു….. അപ്പോളേക്കും ഒരുപാട് പേര് അവിടേക്ക് വന്നിരുന്നു….

അമ്മാവന്റെയും ചിറ്റയുടെയും ഒപ്പം ആയിരുന്നു ചാരു ഇരുന്നത്…. ഇടയ്ക്കിടെ കുഞ്ഞുവാവ എപ്പോളാ വരുന്നേ എന്ന് അവൾ തിരക്കികൊണ്ട് ഇരുന്നു…..

“ചാരൂന് അനിയൻ വാവ വന്നൂട്ടോ…” അവസാനം ആ ചില്ലു വാതിൽ തുറന്ന് പുറത്തേക്ക് വന്ന നേഴ്സ് ചാരുവിനെ നോക്കി പുഞ്ചിരി തൂകി കൊണ്ട് പറഞ്ഞു

ഓരോ മാസവും ചെക്കപ്പിന് വരുമ്പോൾ അമ്മയുടെ വയറ്റിൽ കിടക്കുന്ന തന്റെ അനിയൻ വാവയെ കുറിച്ച് അവർ അവരോടൊക്കെ പറയുമായിരുന്നു…

“ഞാൻ പറഞ്ഞില്ലേ അനിയൻ വാവയാണെന്ന്….”അത് കേട്ടതും അവൾ സന്തോഷത്തോടെ തുള്ളിചാടി……

തൊട്ട് പുറകെ തന്നെ കുഞ്ഞുവാവയുമായി ഡോക്ടർ പുറത്തേക്ക് വന്നു… അമ്മമ്മയുടെ കൈയ്യിലേക്ക് വെച്ചു കൊടുത്ത തന്റെ കുഞ്ഞനിയനെ അവൾ കൊതിതീരാതെ നോക്കി നിന്നു

അമ്മയെ കാണാൻ കയറിയപ്പോളും അവൾ ആ കുറച്ചു സമയത്തിനുള്ളിൽ അമ്മയോട് വാതോരാതെ കുഞ്ഞാവയെ കുറിച്ച് പറയുകയായിരുന്നു…..

അച്ഛൻ വാങ്ങി കൊടുത്ത ചോക്ലേറ്റ് ചാരു തന്നെ ഓടി നടന്ന് എല്ലാവർക്കും കൊടുത്തു… അന്ന് മാത്രമല്ല അമ്മയേയും..കുഞ്ഞാവാവയെയും ഹോസ്പിറ്റലിൽ നിന്ന് കൊണ്ട് വരും വരെ അവൾ അവർക്കൊപ്പം തന്നെയായിരുന്നു…..

“കുഞ്ഞാവയൊക്കെ വന്നല്ലോ…. ഇനി ഇയാളെ വേണ്ട എല്ലാവർക്കും കുഞ്ഞാവയെ മതി….”ഇടയ്ക്ക് വാവയെ കാണാൻ വന്നവർ പറയുന്നത് കേട്ട് ചാരൂന്റെ കുഞ്ഞി മുഖം വാടി….

“അതിന് കുഞ്ഞാവ ചാരൂന്റെ അല്ലേ…. അമ്മേടെ രണ്ട് കുഞ്ഞി കിളികൾ… അല്ലേടാ…”അമ്മ ചേർത്ത് പിടിച്ചതോടെ ആ കുഞ്ഞി മുഖം തെളിഞ്ഞു…

കുഞ്ഞാവയെ കുളിപ്പിക്കുന്നതും…. വാവയെ കണ്ണെഴുതിപ്പിക്കുന്നതും ഒക്കെ ചാരു കൗതുകത്തോടെ നോക്കി നിന്നു… അമ്മ കുളിക്കാൻ പോകുമ്പോളും മറ്റു ചേച്ചി പെണ്ണായിരുന്നു കുഞ്ഞിനെ നോക്കിയിരുന്നത്…..

വാവയ്ക്ക് ആരോമൽ എന്ന പേര് വിളിച്ചതും ചാരു തന്നെ ആയിരുന്നു… വാവയുടെ എല്ലാ കാര്യത്തിനും അവളുടെ കുഞ്ഞി അഭിപ്രായം അച്ഛനും അമ്മയും തിരക്കുമായിരുന്നു….

ഇടയ്ക്ക് മടിയിൽ വെച്ചു കൊടുക്കുമ്പോൾ… ആ കുഞ്ഞി വിരൽ ഒക്കെ അവൾ പിടിച്ചു നോക്കും…

കുഞ്ഞി ചെക്കൻ വളർന്നത്തോടെ നിലത്ത് വെയ്ക്കാതെ അവനെ എടുത്തു കൊണ്ട് നടക്കുമായിരുന്നു കുഞ്ഞിപ്പെണ്ണ്…..വർഷങ്ങൾ വേഗതത്തിൽ കടന്നു പോയി…. കുറുകുറുമ്പനായി ആരോമൽ വളർന്നു…

“എടീ…. ചേച്ചിയെ….”ഒരു ദിവസം ആരു നീട്ടി വിളിച്ചു….

“എടിയോ… ചേച്ചി…”അമ്മ അവനെ നോക്കി കണ്ണുരുട്ടി….

“അവൻ വിളിച്ചോട്ടെ അവൻ അങ്ങനെ വിളിക്കുന്നതാ എനിക്ക് ഇഷ്ട്ടം….”ആരുവിനെ ചേർത്തു നിറുത്തി ചാരു പറഞ്ഞു

“അയ്യോ ഒരു ചേച്ചിയും അനിയനും….”അമ്മ ചിരിച്ചു…..

സന്തോഷകരമായി പോയി കൊണ്ടിരുന്ന ആ ജീവിതത്തിലേക്ക് ഇടുത്തി ആയി ഒരു അപകടം പാഞ്ഞേത്തി…. ഒരുദിവസം ജോലിക്ക് വീട്ടിൽ നിന്നും ഇറങ്ങിയ ചാരുവിന്റെ അച്ഛൻ പിന്നെ വീട്ടിലേക്ക് തിരികെ വന്നില്ല….

ഒരു ആക്സിഡന്റിന്റെ രൂപത്തിൽ ആ വീട്ടിലെ സന്തോഷം അപ്പുപ്പൻ താടി കണക്കെ അങ്ങ് പറന്നു പോയി….. പത്തിൽ പഠിക്കുന്ന മകളും… രണ്ടിൽ പഠിക്കുന്ന മകനും… ആ അമ്മയ്ക്ക് തളരാൻ ആകില്ലാലോ…..

ആ കുഞ്ഞിമക്കളും അമ്മയ്ക്ക് സപ്പോർട്ട് ആയി തന്നെ കൂടെ നിന്നു… അതിരാവിലെ അമ്മയ്ക്ക് ജോലിക്ക് പോകണം അനിയന്റെയും… മറ്റു ചെറിയ വീട്ട് കാര്യങ്ങളും ചാരു ചെയ്യാൻ തുടങ്ങി….

കുഞ്ഞി കുട്ടികൾക്ക് ട്യൂഷൻ എടുത്തും മറ്റും ചാരു അമ്മയെ സഹായിച്ചു….ആരുടേയും മുന്നിൽ കൈ നീട്ടാതെ ആ അമ്മ മക്കളെ പോറ്റി…

ദിവസങ്ങൾ വീണ്ടും കടന്നു പോയി കൊണ്ടിരുന്നു…. ചാരു ഭാര്യയായി അമ്മയായി… അപ്പോളും അവൾക്ക് തന്റെ കുഞ്ഞനിയൻ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു….

അവന്റെ ഓരോ വളർച്ചയും അമ്മയേക്കാൾ ഏറെ കരുതലോടെയും സന്തോഷത്തോടെയും നോക്കി കണ്ടിരുന്നതും ചേച്ചി തന്നെയായിരുന്നു……

മുടി നീട്ടി വളർത്തി നടക്കുന്നതിന് വീട്ട്കാരിലും നാട്ടുകാരിലും പലരും മുറുമുറുത്തപ്പോൾ ചെക്കന് കട്ട സപ്പോർട്ടുമായി നിന്നത് ചേച്ചി തന്നെയായിരുന്നു…..

അവരുടെ നാട്ടിലെ മെയിൻ റോഡിന്റെ സൈഡിലായി ഒരു വലിയ തണൽ മരവും അതിനരികിൽ വലിയൊരു കുളവും ഉണ്ടായിരുന്നു….. ആരോമലും കൂട്ടുകാരും മിക്കവാറും ഒഴിവ് സമയങ്ങളിൽ അവിടെ ആയിരുന്നു ….

ഒരു ദിവസം മകളെ സ്കൂളിലേക്ക് വിട്ടതിനുശേഷം ചാരു ഒന്ന് വീട്ടിലേക്ക് ഇറങ്ങി…. വണ്ടിക്ക് വരുമ്പോൾ തന്നെ കണ്ടു തണൽ മരത്തിന്റെ അടുത്ത് ആരൊക്കെയോ ഇരിക്കുന്നത്……

അടുതെത്തിയപ്പോൾ മനസിലായി അവിടെ എന്തോ തർക്കം നടക്കുന്നതാണെന്ന്… ആരോമലിന് കൂട്ടത്തിൽ കണ്ടതോടെ അവൾ വണ്ടി നിറുത്തി ഇറങ്ങി ഹെൽമെറ്റ് ഊരി അതിൽ വെച്ച് കൊണ്ട് ചാരു അവിടേക്ക് ചെന്നു…..

“ഈ.. ഇരിക്കുന്നവന്മാർ ഒക്കെ ക ഞ്ചാ വാണ്…..”ഒരു ചേട്ടൻ ഉറക്കെ പറഞ്ഞു…..

ചാരു അയാളെ നോക്കി.. അവൾക്ക് അറിയാം അയാളെ വീടിന് കുറച്ചു മാറിയുള്ളതാണ്….ആരോമലിനെയും കൂട്ട് കാരേയും ചൂണ്ടിയാണ് അയാൾ പറയുന്നത്…..

“അത് ചേട്ടന് എങ്ങനെ അറിയാം….”ചാരു അയാൾക്ക് നേരെ തിരിഞ്ഞു….

“ഇവനെയൊക്കെ കണ്ടാൽ അറിയില്ലേ…. മുടിയും വളർത്തി നടക്കുന്ന കണ്ടില്ലേ…
“വേറെ ആരോ അയാളുടെ പക്ഷം കൂടി

“മുടി നീട്ടി വളർത്തുന്നവരൊക്കെ ക ഞ്ചാ വാണോ…. അല്ല ചേട്ടന്റെ കാല് നിലത്ത് ഉറയ്ക്കുന്നില്ലല്ലോ… അത് എന്നാവോ….”അവൾ സരിതലപ്പ് ഇടുപ്പിലേക്ക് തിരുകി….

“വീട്ട്കാർ സപ്പോർട്ട് ആണ്…. രാവിലെ മുതൽ ഇവൻ മാര് ഇവിടെ ഫോണും പിടിച്ച് ഇരിപ്പാ… എന്തൊക്കെയാവോ ഫോണിൽ കാണുന്നെ….”മറ്റൊരാൾ പരിഹസിച്ചു….

“പൊന്നു ചേട്ടാ അവർ ഒരിടത്ത് പോയി ഒളിഞ്ഞിരുന്നിട്ടേലല്ലോ ഫോണിൽ നോക്കുന്നെ… നേരെ നിങ്ങളുടെയൊക്കെ മുന്നിൽ ഇരുന്നല്ലേ….

കുട്ടികൾ നമ്മുടെ കണ്ണെത്തു നിടത്ത് അവർ ഉണ്ടാകുന്നതല്ലേ നല്ലത് കഷ്ട്ടം…..”അവൾ വിട്ട് കൊടുക്കാൻ തയ്യാറായില്ല…

“മതി… ചാരു….”ആരോമൽ അവളെ കൈയ്യിൽ പിടിച്ചു വലിച്ചു…..

“ചേച്ചി മുത്താണ്….”തങ്ങളുടെ ഭാഗം ചെന്നതിലുള്ള സന്തോഷത്തിലായിരുന്നു എല്ലാവരും

“ഉവ്വാ…. അല്ല കുരിപ്പോളെ… നിങ്ങൾ ഈ പറഞ്ഞത് വല്ലതും വെക്കുന്നുണ്ടോ…” വണ്ടിയിൽ കയറും വഴി കപട ദേഷ്യത്തോടെ അവൾ എല്ലാവരെയും നോക്കി….

“ഒന്ന് പോ ചാരു… ഇവിടേ ഫോൺ ചാർജ് ചെയ്യുന്നേ തന്നെ അമ്മയോട് കെഞ്ചിയിട്ടാ…..അതെന്നല്ലാടി ദേ ദിതിനോടുള്ള ലഹരി വേറെ ഒന്നിലും കിട്ടൂല്ലന്നെ…”ആരോമൽ ചിരിയോടെ തന്റെ ബൈക്ക് മുന്നോട്ട് എടുത്തു….

“എന്നെ കുറിച്ച് ഇവിടേ ആരേലും വന്ന് ഇങ്ങനെ പറഞ്ഞിരുന്നേൽ… അതിൽ ശരിയുണ്ടോ.. തെറ്റുണ്ടോ എന്നൊന്നും എന്റെ അച്ഛനും അമ്മയും നോക്കില്ലായിരുന്നു…. എനിക്ക് അപ്പോൾ തന്നെ കിട്ടിയാനെ….”

എല്ലാം കേട്ടറിഞ്ഞ ചാരുവിന്റെ ഹസ്ബൻഡ് നിതീഷ് ദേഷ്യത്തിലായിരുന്നു….

“ഞാൻ ഇപ്പോൾ ആരൂനെ തല്ലാത്തതാണോ ഏട്ടന്റെ പ്രശ്നം….”ചാരുവിന് മനസിലായില്ല

“നി എപ്പോളും അനുജന്റെ കൂടെയല്ലേ നിൽക്കൂ… അവസാനം കാണാം….”

“എന്റെ അനിയന്റെ ഭാഗത്താണ്‌ ശെരിയെങ്കിൽ ഞാൻ അവന്റെ ഭാഗത്തെ നിൽക്കൂ… ആരേലും എന്തേലും പറയുന്നത് കേട്ട് അവനെ കൊല്ലേണ്ട ആവിശ്യം എന്താ എനിക്ക്…..” അവൾ ശാന്തമായി തന്നെ പറഞ്ഞു…..

“എനിക്കെന്താ ആയിക്കോ…”

“ഏട്ടാ…. അവർക്ക് നമ്മളോട് അവർക്ക് ഒരു വിശ്വാസവും സ്വാതന്ത്രവും ഇല്ലാതെ അയാൽ അല്ലേ അവർ നമ്മളെ ഒളിച്ച് ഓരോന്ന് ചെയ്യൂ…. അങ്ങനെയാണോ വേണ്ടേ….”അവൾ അവനോട് തിരക്കി….

നിതീഷ് പിന്നെ ഒന്നും മിണ്ടിയില്ല ആരോമലിലുള്ള അവളുടെ കരുതൽ ഇതിന് മുന്നേ തന്നെ അവന് അറിയാമായിരുന്നു….

+2വിന് അവൻ പഠിക്കുന്ന ടൈമിൽ ക്ലാസ്സ്‌ കട്ട് ചെയ്തു നടക്കുന്ന അവനെ ആരോ കണ്ടു എന്ന് പറഞ്ഞ് എല്ലാവരും അവനെ ചീത്ത പറഞ്ഞപ്പോളും ചാരു സൈലന്റ് ആയി നിന്നേയുള്ളൂ…

അന്ന് അവളുടെ മൗനം കണ്ടപ്പോൾ എല്ലാവരും അവളെയും കുറ്റപ്പെടുത്തി…. പക്ഷേ പിറ്റേന്ന് കോളേജിൽ പോകാൻ ഇറങ്ങിയ ആരൂന്റെ കൂടെ ചാരുവും ഇറങ്ങി…..

കോളേജിൽ ചെന്ന് വിശദമായി തന്നെ അന്വേഷിച്ചു….. വീട്ടിൽ നിന്നും കോളേജിലേക്ക് ഇറങ്ങിയ ദിവസമത്രയും അവൻ ക്ലാസ്സിൽ ഉണ്ടായിരുന്നു എന്ന് ഉറപ്പിച്ചിട്ടാണ്‌ അവൾ അവിടെ നിന്നും മടങ്ങിയത്….

R15 ബൈക്ക് വാങ്ങാൻ ഇറങ്ങി തിരിച്ച അവനെ സപ്പോർട്ട് ചെയ്തതും അവൾ തന്നെ ആയിരുന്നു…. എന്തും ഏതും അവൻ ആദ്യം ഷെയർ ചെയ്തിരുന്നത് തന്റെ ചേച്ചിയോട് തന്നെ ആയിരുന്നു…… അതായിരുന്നു ആ ചേച്ചി പെണ്ണിന്റെ ബലവും….

ഇലക്ട്രിഷൻ കോഴ്സ് ഒക്കെ പാസ്സ് ആയി ഒരു കമ്പനിയിൽ ജോയിൻ ചെയ്ത തന്റെ അനിയനെ ഒരിക്കൽ കണ്ണെടുക്കാതെ അവൾ നോക്കി നിന്നു…..

അവന്റെ കയ്യിൽ ഇരുന്ന ഐഡി കാർഡ് വാങ്ങി നോക്കിയപ്പോൾ…അവന്റെ ഫോട്ടോയ്ക്കും… പേരിനും താഴെ സർവീസ് എഞ്ചിനീയർ എന്ന് എഴുതിയിരിക്കുന്നത് കണ്ട് ചാരുവിന്റെ കണ്ണു നിറഞ്ഞു….

“അയ്യേ… എന്താടി…”ആരു അവളെ കളിയാക്കി…

“അത്… പറഞ്ഞാൽ മനസിലാകില്ല….” കണ്ണീരിലും അവൾ സന്തോഷത്തോടെ പുഞ്ചിരി തൂകി…

“ചാരു ഞാൻ ഇപ്പോൾ എന്താ ചെയ്യേണ്ടത്…. അവളുടെ വീട്ടിൽ സമ്മതിക്കുമോ എന്നാ …..”ആരോമൽ ചാരുവിനെ നോക്കി….

“ഞങ്ങൾ പോയി ഒന്ന് സംസാരിക്കട്ടെ… അമ്മാവനെയും കൂട്ടാം എന്താ….”നിതീഷ് പറഞ്ഞു…..

“ഇന്നിപ്പോൾ അവിടെ എല്ലാവരും ഉണ്ടേൽ വിളിച്ച് ചോദിക്ക്… നമുക്ക് ഇപ്പോൾ തന്നെ പോകാം എന്താ….”ചാരു അതിനോട് യോജിച്ചു….

“ഇപ്പോൾ തന്നെയോ…”അമ്മ ഒന്നു സംശയിച്ചു….

“അമ്മയ്ക്ക് ഇഷ്ട്ട കുറവൊന്നും ഇല്ലാലോ….”

“ഏയ്… അവന് ഇഷ്ട്ടാണെൽ എനിക്കെന്താ.,”അമ്മ സമ്മതം മൂളി….

ആരോമലിനു ഒരു അഫയറുണ്ട് അത് വീട്ടിൽ എല്ലാവര്ക്കും അറിയുകയും ചെയ്യാം വേദ എന്നാണ് കുട്ടിയുടെ പേര്….. ജാതിയും പ്രായവും അവരുടെ റിലേഷനിൽ ഒരു വിലങ്ങു തടിയായി വന്നു……

ആരൂ വേദയോട് വിളിച്ച് ചോദിച്ചതിന് ശേഷം… ചാരുവും നിതീഷും വേദയുടെ വീട്ടിലേക്ക് പുറപ്പെട്ടു… പോകും വഴി അമ്മാവനെ കൂടെ കൂട്ടാനും അവർ മറന്നില്ല……

അവർ അവളുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ അവിടെ വേദയുടെ അച്ഛനും അമ്മയും… ചേട്ടനും ഒക്കെയുണ്ടായിരുന്നു…..വളരെ നല്ല രീതിയിൽ തന്നെ അമ്മാവൻ അവർക്ക് മുന്നിൽ വിഷയം അവതരിപ്പിച്ചു….

“ജാതി പോകട്ടെ എന്ന് വെച്ചാലും..അവളെക്കാൾ ഒരു വയസിന് ഇളയതാണ് ആരോമൽ..”വേദയുടെ അച്ഛൻ അവരെ നോക്കി….

“അത് അവർക്ക് പ്രശ്നം ഇല്ലങ്കിൽ പിന്നെ നമുക്കെന്താ….”നിതീഷ് തിരക്കി….

“എന്നാലും കേൾക്കുന്നവർ എന്ത് പറയും എന്നാ…”അവളുടെ ചേട്ടൻ ഒന്ന് സംശയിച്ചു

“കേൾക്കുന്നവർക്ക് ഇതല്ലേൽ വേറൊന്ന് പറയാൻ എന്തായാലും ഉണ്ടാകും….അവനെ കുറിച്ചും ഞങ്ങളുടെ ഫാമിലിയെ കുറിച്ചും ഒക്കെ അന്വേഷിച്ചിട്ട് മതി….”

“ജീവിക്കേണ്ടത് അവരല്ലേ… അവന് നല്ലൊരു ജോലി ഇപ്പോൾ തന്നെയുണ്ട്… പുറത്തേക്ക് പോകാനുള്ളതും ശെരിയായി വരുന്നു…. ഇതൊക്കെയല്ലേ നമ്മൾ നോക്കേണ്ടത്….”അമ്മാവൻ പറഞ്ഞു….

“പെട്ടന്ന് ഒന്നും പറയാൻ പറ്റുന്നില്ല എല്ലാവരുമായി ഒന്ന് സംസാരിച്ചിട്ട്….”വേദയുടെ അച്ഛൻ ഒന്ന് സംശയിച്ചു…..

“മതി… ഞങ്ങൾക്ക് ധൃതി ഒന്നും ഇല്ല….”അവർക്ക് അത് സമ്മതമായിരുന്നു….

അവിടെ നിന്ന് നല്ലരീതിയിൽ സംസാരിച്ച് ഇറങ്ങും മുന്നേ ചാരു വേദയുടെ കൈയ്യിൽ പിടിച്ചു കൊണ്ട് അവളുടെ അമ്മയുടെ അടുത്തേക്ക് ചെന്നു….

“എന്റെ കൈയ്യിൽ കിടന്ന് വളർന്ന മോനാ അവനെ അച്ഛനും അമ്മയ്ക്കും വിശ്വാസിക്കാം… ഞങ്ങൾക്ക് തന്നാൽ ഞാൻ നോക്കി കൊള്ളാം ഇവളെ ചേച്ചിയായിട്ടല്ല അമ്മയായിട്ട് തന്നെ… ആ ഉറപ്പ് ഞാൻ തരാം….”

വേദുവിന്റെ കൈയ്യിൽ പിടിച്ച് അവളുടെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് നോക്കി ചാരു പറഞ്ഞു….

അവർ അവിടെ നിന്ന് വന്ന് രണ്ടിന്റെ അന്ന് അവർ വിളിച്ചു അവർക്ക് വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചു……..

പിന്നെ എല്ലാം പെട്ടന്നായിരുന്നു… മോതിരം മാറ്റം നടത്തി വെയ്ക്കാം എന്നിട്ട് ആരോമൽ അബ്രോഡ് പോയി വന്നിട്ട് മാര്യേജ് എന്നായിരുന്നു ഇരു കൂട്ടരുടെയും തീരുമാനം….

അമ്മയ്ക്ക് റസ്റ്റ്‌ കൊടുത്ത് കൊണ്ട് ആ റോളിൽ എല്ലാം ഓടി നടന്നത് ചാരു തന്നെ ആയിരുന്നു……

“എടാ അതിനെ ഇങ്ങ് തന്നെക്കൊ….”നിശ്ചയത്തിന്റെ അന്ന് അതീവ സന്തോഷത്തോടെ എല്ലാവരുടെയും അടുത്തേക്ക് ചെന്നു സംസാരിക്കുന്ന ചാരുവിനെ നോക്കി ആരൂന്റെ ഫ്രണ്ട് തിരക്കി….

“ശെരിയാ ഇത് പോലെ ഒരു ചേച്ചിയെ ആരാ ആഗ്രഹിക്കാത്തെ…..”ആരോ അതിനൊപ്പം കൂടി…..

“അതിനെ പോലെ ആഗ്രഹിചോ… അതിനെ ചോദിച്ചാൽ കൊന്നിടുവേ.. അത് എന്റേതാണ് എന്റെ മാത്രം ചേച്ചിപ്പെണ്ണ്… എന്റെ സ്വത്ത്….”

താഴെ ആരോടോ സംസാരിച്ചു കൊണ്ടിരിക്കുന്ന ചാരുവിനെ നോക്കി അവൻ പറഞ്ഞു എന്നിട്ട് വേദയുടെ നേരെ തിരിഞ്ഞു…

“എന്റെ അമ്മ എനിക്ക് തന്നെ നിധിയാണത്…. ആ ഓർമ്മ എപ്പോളും നിന്നിൽ ഉണ്ടാകണം….”അത് പറയുമ്പോൾ എന്തു കൊണ്ടോ ആരോമലിന്റെ കണ്ണുകൾ നിറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *