നിന്റെയീ രാത്രി എനിക്ക് തരുമോ, ഫോണിലൂടെ ആ ചോദ്യം കേട്ടതും അവളൊരു..

സഖിയേ
(രചന: അഭിരാമി ആമി)

” നിന്റെയീ രാത്രി എനിക്ക് തരുമോ….??? ”

ഫോണിലൂടെ ആ ചോദ്യം കേട്ടതും അവളൊരുനിമിഷമൊന്ന് മൗനമായിരുന്നു. പിന്നെ പതിയെ ചിരിച്ചു.

” എടി പുല്ലേ എപ്പോഴത്തെയും പോലെ ചുമ്മാ നിന്റെ മറുപടി കേൾക്കാനുള്ള കൊതികൊണ്ട് ചോദിച്ചതല്ല. ”

” പിന്നേ…??? ” നെഞ്ചിടിപ്പിന്റെ വേഗമേറുന്നതറിഞ്ഞുകൊണ്ട് അവൾ ചോദിച്ചു.

” ഞാൻ കാര്യമായി തന്നെ ചോദിച്ചതാ. നിനക്ക് സമ്മതമാണേൽ ഇറങ്ങി പുറത്തുനിക്ക്. ഞാനിപ്പോ വരാം…. ”

” മ്മ്ഹ്…. ”

മറുപടിയൊരു മൂളലിലൊതുക്കി അവൾ ഫോൺ വച്ചു. എത്രയൊ രാത്രികളിൽ ചാറ്റിലൂടെ ഏതൊക്കെ വഴികളിലൂടെ തങ്ങൾ കൈ കോർത്തുപിടിച്ച് സഞ്ചരിച്ചിരിക്കുന്നു….

എത്രയൊ തവണ അവൻ തന്നെ ചേർത്ത് പിടിച്ചിരിക്കുന്നു….. ചുംബിച്ചിരിക്കുന്നു….

ആ നെഞ്ചോട് ചേർന്നുറങ്ങിയിരിക്കുന്നു. പക്ഷേ അപ്പോഴൊന്നും തങ്ങൾ അളന്നെടുക്കാൻ കഴിയാത്തത്ര ദൂരത്താണെന്ന് ഇരുവർക്കും തോന്നിയിട്ടില്ല.

ഓർത്തുകൊണ്ട് അവൾ വേഗമെണീറ്റ് ഡ്രസ്സ്‌ മാറ്റി പുറത്തേക്ക് ഇറങ്ങി. മുൻവാതിൽ പതിയെ തുറന്ന് മുറ്റത്തേക്കിറങ്ങി.

എല്ലാം നല്ല വ്യക്തമായി കാണും വിധം തന്നെ നിലാവ് ഉണ്ടായിരുന്നു. റോഡിലേക്കിറങ്ങിയതും അവന്റെ വണ്ടി മുന്നിൽ വന്നുനിന്നതും ഒരുമിച്ച് കഴിഞ്ഞു.

അവളെയും കൊണ്ട് വിജനമായ റോഡിലൂടെ വണ്ടി പായുമ്പോഴും പരസ്പരമൊന്നും മിണ്ടാനുണ്ടായിരുന്നില്ല ഇരുവർക്കും.

” ഡോ…. ”

പെട്ടന്നായിരുന്നു ഇടതുകൈത്തണ്ടയിൽ കടന്നുപിടിച്ചുകൊണ്ട് അവൾ വിളിച്ചത്. ഒന്നും മിണ്ടിയില്ലെങ്കിലും അവന്റെ നോട്ടമൊരുനിമിഷം ചോദ്യഭാവത്തിലവളിലേക്ക് പാഞ്ഞു.

” നമുക്കൊന്ന് നടന്നാലോ…. നമ്മളെപ്പോഴും പറയാറുള്ള പോലെ…. ”

ചോദിക്കുമ്പോൾ സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്തിൽ പെണ്ണിന്റെ മിഴികൾ തിളങ്ങിയിരുന്നു. നേർത്ത ഒരു ചിരിയോടെ വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി അവളേം കൂട്ടിയിറങ്ങി.

പതിയെ മുന്നോട്ട് നടക്കുമ്പോൾ ഇടയ്ക്കിടെ അവളുടെ തോളുമായ് തോളുരുമ്മുന്നുണ്ടായിരുന്നു.

” എന്ത് ധൈര്യത്തിലാടി പാതിരാത്രി നീയെന്റെ കൂടിങ്ങനെ ഇറങ്ങി വന്നത്….??? ”

ചോദിക്കുമ്പോൾ വല്ലാത്തൊരു കൗതുകമുണ്ടായിരുന്നു അവളുടെ മറുപടിയറിയുവാൻ.

” തന്റെ കൂടെയാണെന്ന ധൈര്യത്തിൽ….”

പതിവ് ചിരിയോടെ തന്നെ അവൾ മറുപടി നൽകുമ്പോൾ ആ തണുത്ത വിരലുകളിൽ വിരൽ കോർത്ത് പിടിച്ചിരുന്നു. ആ വിരലുകൾ എന്തിനോ വേണ്ടി വിറപൂണ്ടതറിഞ്ഞതും ഒന്നുകൂടി മുറുകെപിടിച്ചു.

” ഒട്ടും ദേഷ്യമില്ലേ നിനക്കെന്നോട്….??? ”

ഉത്തരം അവളിലും നന്നായറിയാമായിരുന്നുവെങ്കിലും വെറുതേ ചോദിച്ചു.

അവളെപ്പോഴും പറയും പോലെ തന്നെ അവളുടെ മറുപടികൾ കാണാപ്പാഠമായിരുന്നുവെങ്കിലും അവളുടെ നാവിൽ നിന്ന് കേൾക്കുമ്പോഴുള്ള ആ സുഖത്തിന് വേണ്ടിമാത്രമായിരുന്നു ആ ചോദ്യം.

” ഇല്ല….. ”

” അതെന്താ എന്നോട് മാത്രം നിനക്ക് ദേഷ്യം തോന്നാത്തത്…..??? ”

” തന്നോളം മറ്റാരെയും ഞാനിത്രമേൽ പ്രണയിച്ചിട്ടില്ലാത്തത് കൊണ്ട്…. ”

ശാന്തമായിരുന്നു മറുപടി. എങ്കിലും എവിടെയൊക്കെയൊ അവളുടെ സ്വരം ചിലമ്പിച്ചിരുന്നുവോ….

” താനില്ലാതെ ഞാനെങ്ങനെ ജീവിക്കുമെഡോ…..??? ”

പുഞ്ചിരിയോടെ തന്നെയായിരുന്നു അവളുടെ ചോദ്യം. മറുപടിയൊന്നും നൽകിയില്ല.

സത്യത്തിൽ അറിയില്ലായിരുന്നു ഈ ഭ്രാന്തിപ്പെണ്ണാ ദിനങ്ങളെയധിജീവിക്കുമോ എന്ന്. അപ്പോഴും വെറുതേ ചിരിച്ചു.

” അതെന്നാ ഒരൂള ചോദ്യാഡോ….. ഈ ഇരുപത്തിരണ്ട് വർഷം താനുണ്ടായിട്ടാണോ ഞാൻ ജീവിച്ചിരുന്നത്….??? ”

പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ തന്നെ ചോദിച്ചു.

” പക്ഷേ ഇരുപത്തിരണ്ട് കൊല്ലം തോന്നാത്തിരുന്ന എല്ലാ ഫീലിംഗ്സും എനിക്ക് തോന്നിയത് ഈ കുറച്ചുമാസങ്ങളായിരുന്നു. ഐ ആം ഓൾവെയ്‌സ് ഹാപ്പി വിത്ത്‌ യൂ…. ”

” അറിയാം പെണ്ണേ…. ”

” തന്നെ കാണുമ്പോൾ ഒക്കെ നെഞ്ച് ചുമ്മാ കിടന്നങ്ങിടിക്കാഡോ…. തനിക്കറിയോ തനിക്ക് തരാൻ വച്ച എന്തോരം ഉമ്മ ഞാൻ കൈ വെള്ളയിൽ തുടച്ചുകളഞ്ഞിട്ടുണ്ടെന്ന്…..

ഹോ എന്ത് ഫീലാന്നറിയോ മനുഷ്യാ…. ഉറക്കം വരൂലെഡോ… ”

വല്ലാത്തൊരുന്മാദത്തിൽ പറയുന്നവളെ നോക്കി നിൽക്കുമ്പോൾ അവളെയൊന്ന് ചേർത്ത് പിടിക്കാതിരിക്കാൻ കഴിഞ്ഞില്ല.

അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് തന്നോട് ചേർക്കുമ്പോൾ അവളുടെ ഹൃദയമിടിപ്പ് എന്റെ ഹൃദയവുമേറ്റ് ചൊല്ലിയിരുന്നു. ആ മിഴികൾ എന്റേതിനോട് കൊരുത്തിരുന്നു.

അധരങ്ങൾ വരണ്ടിരുന്നു. മെല്ലെ കുനിഞ്ഞവയേ സ്വന്തമാക്കുമ്പോൾ അവളുടെ വിരലുകൾ എന്റെ പുറത്ത് ചിത്രങ്ങൾ കോറിയിട്ടു. അവൾ കൂടുതൽ കൂടുതൽ എന്നോട് ചേർന്നു.

ദീർഘമായ ഒരു ചുംബനത്തിന് ശേഷം അവളിൽ നിന്നുമകന്ന് മാറുമ്പോൾ എരിവ് വലിച്ചുകൊണ്ടവൾ മനോഹരമായി പുഞ്ചിരിച്ചു.

” ഡീ….. ”

തിരികെ വന്ന് വീട്ടിലേക്ക് നടക്കാനാഞ്ഞവളെ പിടിച്ചുനിർത്തി വിളിച്ചു.

” മ്മ്ഹ്ഹ്….. ???? ”

” പൊട്ടിയോ….??? ”

” എന്ത്…..??? ”

” അല്ല ചുണ്ട്….. ”

അപ്പോഴും അവൾ ചിരിച്ചു. പഴയതിലും മനോഹരമായ്.

” തനൂ….. ”

” മ്മ്ഹ് ….??? ”

” ഓൾ ദി ബെസ്റ്റ്….. ആൻഡ് ഹാപ്പി മാരീഡ് ലൈഫ്….. നാളെയുണരുമ്പോൾ ജീവൻ ഉണ്ടാവരുത് നിന്റെയുള്ളിൽ. ഇത്രയൊക്കെയേ നമുക്ക് വിധിച്ചിട്ടുള്ളു പെണ്ണേ…. ”

” മ്മ്ഹ്…. ”

മറുപടിയൊരു മൂളലിലൊതുക്കി തിരിഞ്ഞുനടക്കുമ്പോൾ ഒരുതുള്ളി മിഴിനീരവളുടെ കവിളിലൂടെ ധൃതിയിലോടിയിറങ്ങി.

എന്തോ ഒരു ഭാരം ഹൃദയം പേറിത്തുടങ്ങുന്നതവനുമറിഞ്ഞു.

ചിലപ്രണയങ്ങൾ ഇങ്ങനെയാണ്. നേടാൻ കഴിയില്ലായിരിക്കാം. എങ്കിലും അതിന്റെ വേരുകൾ ഹൃദയത്തിലെവിടെയെങ്കിലും പച്ചപിടിച്ചങ്ങനെ നിൽക്കും. വെറുതേ….

Leave a Reply

Your email address will not be published.