ഇവിടെ നിനക്ക് എന്തു മലമറിക്കുന്ന പണി ഉണ്ടെന്നാണ്, ഞാനും മക്കളും പോയി കഴിഞ്ഞാൽ പിന്നെ നീ ഇവിടെ ഒറ്റയ്ക്ക് വെറുതെയിരുന്ന്..

(രചന: ആവണി)

“എന്നാലും ഇവളിത് എന്ത് പോക്കാ പോയത്..? പോയി കഴിഞ്ഞിട്ട് എന്നെ ഒന്ന് വിളിക്കണം എന്ന് പോലും അവൾക്ക് തോന്നുന്നില്ലല്ലോ..”

പിറുപിറുത്തു കൊണ്ട് രാജേഷ് അടുക്കളയിലേക്ക് നടന്നു.

“വിശന്നിട്ട് മനുഷ്യനു കണ്ണ് കാണാൻ വയ്യ. ഇവൾ ഇവിടെ വല്ലതും ഉണ്ടാക്കി വച്ചിട്ടുണ്ടോ എന്തോ..”

അടുക്കളയിലെ ഓരോ പാത്രങ്ങളായി അടപ്പു തുറന്നു നോക്കിക്കൊണ്ട് അവൻ സ്വയം പറഞ്ഞു.

” അവളെയും കുറ്റം പറയാൻ പറ്റില്ല ഇന്നലെ രാവിലെ ഇവിടെ നിന്ന് പോയതല്ലേ. അതും അവളുടെ അമ്മയ്ക്ക് സുഖമില്ല എന്ന് വിളിച്ചു പറഞ്ഞിട്ട്.

അപ്പോൾ പിന്നെ അവിടുത്തെ കാര്യങ്ങളിലൊക്കെ എന്തെങ്കിലും തീരുമാനമാകാതെ ഇവിടെ ഓടി വരാൻ പറ്റില്ലല്ലോ..!”

ഒരേ സമയം അവളെ കുറ്റപ്പെടുത്തുകയും, അവളെക്കുറിച്ച് നല്ലത് പറയുകയും ചെയ്തു കൊണ്ടിരിക്കുകയായിരുന്നു രാജേഷ്.

” ഇത്രയും ദിവസം അവൾ ഇവിടെ ഉണ്ടായിരുന്നതു കൊണ്ട് ഒരു ബുദ്ധിമുട്ടും ഞാനറിഞ്ഞിട്ടില്ല. ഇനിയിപ്പോ ആഹാരം ഉണ്ടാക്കണമല്ലോ..!”

വയറു തടവിക്കൊണ്ട് രാജേഷ് പറഞ്ഞു.

” എന്നാലും എനിക്ക് വയ്യ. ഇന്നെന്തായാലും പുറത്തു നിന്ന് കഴിക്കാം.”

അവൻ പരിഹാര മാർഗം കണ്ടെത്തി. പിന്നെ പുറത്തേക്ക് പോകാം എന്നുള്ള ഉദ്ദേശത്തിൽ മുറിയിലേക്ക് ചെന്ന് ഷർട്ട് എടുത്തിട്ടു.

പിന്നെയാണ് മേശ തുറന്ന് പേഴ്സ് കയ്യിൽ എടുത്തത്. അതിനുള്ള പണം എണ്ണി നോക്കിയപ്പോൾ അവന് ഓരോ കാര്യങ്ങൾ ആയി മനസ്സിലേക്ക് വരാൻ തുടങ്ങി.

” നാളെ പത്രത്തിന്റെ പൈസ കൊടുക്കണം. പാലിന്റെയും കൊടുക്കണം. പിന്നെ വേറെന്തിനാ നാളെ പണം കൊടുക്കാനുള്ളത്..? അവൾ വേറെ ഏതോ ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ടായിരുന്നു..”

അവൻ ചിന്തയിലാണ്ടു.

“ആ അതുതന്നെ.. നാളെ ഗ്യാസ് വരും. അപ്പോൾ അതിന്റെ പൈസയും വേണം. ഇതെല്ലാം കൂടി കൂട്ടി വരുമ്പോൾ കയ്യിലുള്ള പൈസ തികയാതെ വരുമല്ലോ..”

രാജേഷിന് വല്ലാത്ത നിരാശ തോന്നി.

” ഇനിയിപ്പോ എന്ത് ചെയ്യും..? ”

അവൻ സ്വയം എന്നതുപോലെ ചോദിച്ചു.

” എന്തായാലും ഇവിടെ വേറെ ആരും ഇല്ലല്ലോ. അപ്പോൾ പിന്നെ സ്വന്തമായി എന്തെങ്കിലും വച്ച് ഉണ്ടാക്കി കഴിക്കാം.

അത് മോശമായാലും നല്ലതായാലും ഞാൻ തന്നെ അറിഞ്ഞാൽ പോരെ.. കയ്യിലുള്ള പൈസ ചെലവായി പോകുന്നതിനേക്കാൾ നല്ലത് അതാണ്.. ”

സ്വയം പറഞ്ഞുകൊണ്ട് അവൻ ഷർട്ടും മാറ്റി അടുക്കളയിലേക്ക് ചെന്നു.

അരി എടുത്ത് കഴുകി അടുപ്പത്തേക്ക് ഇട്ടു. അതിന് ഒന്ന് തീ കത്തിച്ചു കൊടുത്തിട്ട് നേരെ ഹാളിലേക്ക് വന്നിരുന്നു ടിവി ഓൺ ചെയ്തു.

” ഇവിടെ ഈ ഗ്യാസ് ഉള്ളപ്പോൾ ഇവൾ എന്തിനാണ് വിറകടുപ്പിൽ പാചകം ചെയ്യുന്നതെന്ന് എനിക്ക് ഇന്നു വരെ മനസ്സിലായിട്ടില്ല. ചോറ് വയ്ക്കുന്നുണ്ടെങ്കിൽ വിറകടുപ്പിൽ മാത്രമേ അവളത് ചെയ്യൂ. ”

അവൻ പിറുപിറുത്തു. പെട്ടെന്ന് അവന്റെ മനസ്സിലേക്ക് മറ്റൊരു സംഭാഷണം ഓർമ്മ വന്നു.

“ചേട്ടാ ഗ്യാസ് കഴിഞ്ഞു. ഗ്യാസിനുള്ള പൈസ തരണേ..”

ഒരു ദിവസം രാത്രിയിൽ അവൾ പറഞ്ഞപ്പോൾ അവളുടെ മുഖത്തേക്ക് രൂക്ഷമായി നോക്കുകയാണ് താൻ ചെയ്തത്.

” ഗ്യാസ് മുഴുവൻ നീ ഇവിടെ എന്താ ചെയ്യുന്നത്..? ഗ്യാസ് ഉണ്ട് എന്ന് കരുതി എല്ലാം കൂടി അതിന്റെ മേളിൽ തന്നെ വേണമെന്ന നിർബന്ധമൊന്നുമില്ല.

ഇവിടെ വിറകടുപ്പ് ഉണ്ടല്ലോ. നിനക്ക് ആരോഗ്യത്തിന് ഒരു കുറവുമില്ല താനും. ആ സ്ഥിതിക്ക് നിനക്ക് ചില പാചകങ്ങൾ ഒക്കെ വിറകടുപ്പിൽ ചെയ്യാമല്ലോ..

അത്യാവശ്യത്തിന് ഒരു ചായ വയ്ക്കാനോ വീട്ടിൽ ഗസ്റ്റ് ആരെങ്കിലും വരുമ്പോൾ പെട്ടെന്ന് എന്തെങ്കിലും ഉണ്ടാക്കാനോ ഒക്കെയാണ് ഗ്യാസിന്റെ ആവശ്യം.

അല്ലാതെ വീട്ടിലെ എല്ലാ പാചകങ്ങളും കൂടി അതിൽ ചെയ്താൽ ഓരോ മാസവും ഇതിന്റെ ചെലവ് ഞാൻ എങ്ങനെ കൂട്ടിമുട്ടിക്കും എന്നാണ്.. ”

അന്ന് താൻ അത് ചോദിക്കുമ്പോൾ അവൾ മറുപടിയൊന്നും ഇല്ലാതെ തിരിഞ്ഞു നടന്നു.

പിറ്റേന്ന് മുതൽ വിറകടുപ്പിൽ തന്നെയായിരുന്നു അവളുടെ പാചകങ്ങൾ ഒക്കെയും. രാവിലെ മക്കൾക്ക് സ്കൂളിൽ കൊണ്ടുപോകാൻ ഉള്ളതും തനിക്ക് കൊണ്ടുപോകാൻ ഉള്ളതും മാത്രമാണ് അവൾ തിടുക്കപ്പെട്ട് ഗ്യാസിൽ ചെയ്തിരുന്നത്.

അല്ലാത്ത ദിവസങ്ങളിൽ ഒക്കെയും ഫുൾടൈം പാചകം വിറകടുപ്പിൽ തന്നെ.

ഇപ്പോഴാണ് അവൾ എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്ന് പോലും അവന് ഓർമ്മ വന്നത്.

ടിവിയും കണ്ടു സമയം കുറെ പോയിക്കഴിഞ്ഞപ്പോൾ വീണ്ടും വിശപ്പിന്റെ വിളി വന്നു.

അപ്പോഴാണ് അടുപ്പിൽ ഒരു സാധനം വച്ചിട്ടുണ്ട് എന്നതിനെക്കുറിച്ച് വരെ അവന് ഓർമ്മ വന്നത്. നേരെ ഓടി അടുക്കളയിലേക്ക് ചെല്ലുമ്പോൾ തീ പോലും ഇല്ലാതെ അടുപ്പിൽ സാധനം കിടപ്പുണ്ട്.

“ദൈവമേ..”

അവൻ അറിയാതെ നെഞ്ചത്ത് കൈവച്ചു പോയി.

“ഇനി ഇത് ഞാൻ എങ്ങനെ ശരിയാക്കിയെടുക്കാനാണ്..”

അവൻ അറിയാതെ തന്നെ ദൈവത്തെ വിളിച്ചു പോകുന്നുണ്ടായിരുന്നു.ആ നിമിഷം അവളെ ഒന്ന് സ്മരിക്കുകയും ചെയ്തു.

ഒരിക്കൽ ചോറിന് ഇത്തിരി വേവു കൂടിപ്പോയി എന്ന് പറഞ്ഞ് താൻ ഇവിടെ എന്തെല്ലാം ബഹളം നടത്തിയതാണ്..

” നിനക്ക് ഇവിടെ ഈ സാധനങ്ങളൊക്കെ ഉണ്ടാക്കാൻ അല്ലാതെ വേറെ എന്ത് പണിയാണുള്ളത്..? നീ വേറെ ജോലിക്കൊന്നും പോകുന്നില്ലല്ലോ.

ഈ സാധനങ്ങളെല്ലാം കൂടി അടുപ്പിൽ എടുത്തിട്ട് അപ്പുറത്തും ഇപ്പുറത്തും പോയി വായ് നോക്കി നിൽക്കുന്നുണ്ടായിരിക്കും. ഇതുകൂടി ശ്രദ്ധിക്കാൻ പറ്റില്ലെങ്കിൽ പിന്നെ നിനക്ക് വേറെ എന്താണ് പണി..”

അന്ന് താനത് ചോദിക്കുമ്പോൾ കണ്ണ് നിറച്ച് നോക്കി നിന്ന അവളെ ഇപ്പോഴും ഓർമ്മയുണ്ട്. അന്ന് അവളോട് പ്രത്യേകിച്ച് സഹതാപം ഒന്നും തോന്നിയില്ല. മറിച്ച് തന്റെ ഒരു നേരത്തെ ആഹാരം മോശമാക്കി എന്നുള്ള ദേഷ്യം മാത്രമാണ് അവളോട് തോന്നിയത്.

എങ്ങനെയൊക്കെയോ ആ ചോറും ഇത്തിരി അച്ചാറും കൂട്ടി കഴിച്ചു. അപ്പോഴാണ് അടുത്ത പ്രശ്നം മുറിയിൽ കയറിയപ്പോൾ കഴുകാനുള്ള തുണികൾ ഒരു കുന്നുപോലെ കൂട്ടിയിട്ടുണ്ട്.

ഇങ്ങനെ കൂട്ടിയിടാൻ സാധാരണ അവൾ സമ്മതിക്കാറില്ല.എല്ലാ ദിവസവും അവൾ തുണി അലക്കി ഇടാറുള്ളതാണ്.

അഥവാ ഇങ്ങനെ തുണികൾ കൂടി കിടക്കുന്നത് കണ്ടാൽ താൻ തന്നെയാണ് അവളെ ചീത്ത വിളിക്കാറുള്ളത്. അതൊന്നും വേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നുണ്ട്.

ഓരോന്ന് പിറുപിറുത്തു കൊണ്ട് തുണിയും എടുത്ത് അലക്ക് കല്ലിന്റെ അടുത്തേക്ക് നടന്നു.

“ഒരു വാഷിംഗ് മെഷീൻ വാങ്ങി താ ചേട്ടാ.. ഇവിടെ ഇത്രയും പണിയുടെ ഇടയിൽ ഇനി തുണിയലക്കൽ കൂടി അലക്കുകല്ലിൽ ചെയ്യാൻ എന്നെക്കൊണ്ട് പറ്റില്ല..”

ഒരു ദിവസം ദയനീയമായി അവൾ പറഞ്ഞപ്പോൾ അവളെ നോക്കി പേടിപ്പിച്ചുകൊണ്ട് അവളോട് ദേഷ്യപ്പെടുകയാണ് ചെയ്തത്.

” ഇവിടെ നിനക്ക് എന്തു മലമറിക്കുന്ന പണി ഉണ്ടെന്നാണ്..

ഞാനും മക്കളും പോയി കഴിഞ്ഞാൽ പിന്നെ നീ ഇവിടെ ഒറ്റയ്ക്ക് വെറുതെയിരുന്ന് ടിവിയും കണ്ട് സമയം കളയുകയല്ലേ.. ആ നേരത്തിന് നിനക്ക് ഇങ്ങനെ എന്തെങ്കിലും പണികൾ ചെയ്തു കൂടെ..

ഈ വാഷിംഗ് മെഷീൻ വാങ്ങണം അതിന്റെ കറണ്ട് ബില്ല് ഞാൻ അടയ്ക്കണം എന്തെല്ലാം ചെലവുകളാണ്. അതിനേക്കാൾ ഒക്കെ ഭേദം നീ ഇത്തിരി കഷ്ടപ്പെട്ട് കല്ലിൽ അലക്കുന്നതാണ്..”

അന്ന് അവളോട് പറയുമ്പോൾ അതൊരു ക്രൂരതയായിട്ട് എനിക്ക് തോന്നിയതേയില്ല. മറിച്ച് എന്റെ ഒരു ആവശ്യമായിട്ടാണ് തോന്നിയത്. പക്ഷേ ആ സമയം മുതൽ അവൾ എത്രമാത്രം കഷ്ടപ്പെട്ടിരുന്നു എന്ന് തനിക്ക് അറിയുമായിരുന്നില്ല.

ഇന്ന് ഒരു ദിവസം അവൾ വീട്ടിൽ നിന്ന് മാറി നിന്നപ്പോഴാണ് എത്രത്തോളം ഈ വീട്ടിൽ അവൾ കഷ്ടപ്പെടുന്നുണ്ട് എന്നൊരു ബോധം പോലും തനിക്കുണ്ടായത്.

ശരിക്കും കേൾക്കുന്നവർക്ക് ഒരുപക്ഷേ അത്ഭുതവും പുച്ഛവും ഒക്കെ തോന്നുന്നുണ്ടായിരിക്കും.

നമ്മുടെ കൺമുന്നിൽ ഇത്രയും ദിവസം കഷ്ടപ്പെട്ട ഭാര്യയെ ഒരു ദിവസം നമ്മുടെ കൺമുന്നിൽ നിന്ന് മാറി നിൽക്കുമ്പോഴാണ് അവരുടെ കഷ്ടപ്പാട് മനസ്സിലാവുന്നത് എന്നൊക്കെ പറയുമ്പോൾ സാധാരണ ചിന്തിക്കുന്നവർക്ക് അതൊരു പൂച്ഛമായിരിക്കും.

പക്ഷേ എന്നെപ്പോലുള്ള ഭർത്താക്കന്മാർക്ക് ഇതൊക്കെയാണ് അനുഭവങ്ങൾ എന്ന് പറയുന്നത്. കാരണം ഇത്രയും ദിവസം നമ്മുടെ കാര്യങ്ങളൊക്കെ യാതൊരു മടിയും കൂടാതെ ചെയ്തു തരാൻ ഭാര്യയുണ്ടായിരുന്നു.

ഇപ്പോൾ ഒരു ദിവസം അവളുടെ അസാന്നിധ്യം ജീവിതത്തിൽ ഉണ്ടായപ്പോഴാണ് അവൾ എന്തൊക്കെയാണ് തനിക്ക് ചെയ്തു തന്നിരുന്നത് എന്ന് പോലും ഓർമ്മ വരുന്നത്.

ഇവിടെ രണ്ടു കാര്യങ്ങൾ ചെയ്തപ്പോൾ തന്നെ എനിക്ക് ഇങ്ങനെ തോന്നുന്നുണ്ടെങ്കിൽ ഒരു ദിവസം മുഴുവൻ വീട്ടിൽ കിടന്ന് കഷ്ടപ്പെടുന്ന സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും എന്ന് ഓർക്കുമ്പോൾ വല്ലാതെ സങ്കടം തോന്നുന്നുണ്ട്..!

എന്തായാലും അവൾ വീട്ടിൽ നിന്ന് വന്നു കഴിയുമ്പോൾ അവളുടെ പരാതികൾ എല്ലാം പരിഹരിക്കണമെന്ന് ആ നിമിഷം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു.