വിവാഹം കഴിഞ്ഞ് വന്നു കയറിയത് അച്ഛന്റെയും അമ്മയുടെയും ഒരേയൊരു മകന്റെ ഭാര്യ ആയിട്ടാണ്, അങ്ങനെ ഒരു ആലോചന..

(രചന: ആവണി)

” ഓഹ്.. ഇത്തവണയും നീയില്ല അല്ലെ.. അമ്മയ്ക്ക് പനി ആയിരിക്കും.. ”

പുച്ഛവും പരിഹാസവും കലർത്തി കൊണ്ട് രേഷ്മ പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു.

” മം… നീ വരണ്ട.. അല്ലെങ്കിലും നിന്നെ കാണണം മിണ്ടണം എന്നൊക്കെയുള്ള ആഗ്രഹം ഞങ്ങൾക്ക് മാത്രമാണ്. നല്ലൊരു വീട്ടിലേക്ക് കല്യാണം കഴിഞ്ഞ് ചെന്ന് കയറിയതിൽ പിന്നെ ഞങ്ങളുടെ കൂടെ ഒരു ആഘോഷത്തിനും നിന്നെ ഞങ്ങൾ ആരും കണ്ടിട്ടില്ല.

വല്ലപ്പോഴും നീ വീട്ടിലേക്ക് വരികയാണെങ്കിൽ തന്നെ വന്ന് മണിക്കൂറുകൾ കൊണ്ട് മടങ്ങിപ്പോവുകയും ചെയ്യും. സ്വന്തം വീട്ടിൽ രണ്ടുദിവസം നിൽക്കാൻ പോലും കഴിയാത്ത അത്രയും തിരക്കാണോ നിനക്ക് അവിടെ..? ”

അവൾ വീണ്ടും വീണ്ടും ചോദ്യങ്ങൾ കൊണ്ട് വീർപ്പു മുട്ടിക്കുന്നുണ്ട്.അതൊക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു അസ്വസ്ഥത തന്നെ വന്നു മൂടുന്നുമുണ്ട്.

“എന്തായാലും പറ്റുമെങ്കിൽ വരാൻ നോക്കൂ.. അല്ലാതെ നിർബന്ധിക്കാൻ ഒന്നും പറ്റില്ലല്ലോ..”

ദേഷ്യത്തോടെയും പരിഭവത്തോടെയും പറഞ്ഞു കൊണ്ട് രേഷ്മ ഫോൺ കട്ട് ചെയ്തു. ആ ഫോൺ ചെവിയിൽ നിന്ന് മാറ്റിയപ്പോൾ മുതൽ അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങിയതാണ്.

അവൾ അറിയാതെ തന്നെ ഒരു സങ്കടം ഉള്ളിൽ ആർത്തലച്ച് പെയ്യാൻ തുടങ്ങി. കണ്ണുകൾ നിറഞ്ഞൊഴുകാനും തുടങ്ങി.

അവരൊക്കെ ഇങ്ങനെ കുറ്റപ്പെടുത്തുന്നതിന് അവരെ ഒരിക്കലും ചീത്ത പറയാൻ പറ്റില്ല. അവരൊക്കെ പറയുന്നത് ഒരു യാഥാർത്ഥ്യം മാത്രമാണ്.

തന്റെ വീട്ടിൽ എന്തെങ്കിലും ഫംഗ്ഷൻ ഉണ്ടെങ്കിൽ, ഞങ്ങളെല്ലാവരും കൂടി ഒത്തുകൂടാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അന്നൊക്കെ കൃത്യമായും അമ്മായി അമ്മയ്ക്ക് പനിയോ ചുമയോ നടുവേദനയോ പുറം വേദനയോ ഒക്കെ വരും.

അതൊക്കെ എവിടെ നിന്നാണ് വരുന്നത് എന്ന് ഇപ്പോഴും അറിയില്ല.

വീട്ടിലേക്ക് പോകാനുള്ള സമയം കഴിയുമ്പോഴേക്കും അമ്മായിയമ്മയുടെ അസുഖങ്ങളൊക്കെ കാറ്റിൽ പറക്കുന്നത് പലപ്പോഴും കണ്ണീരോടെ കണ്ടു നിന്നിട്ടുണ്ട്.

എല്ലായിപ്പോഴും പരിപാടികൾ പ്ലാൻ ചെയ്തിട്ട് ഞാനില്ല എനിക്ക് സുഖമില്ല അല്ലെങ്കിൽ അമ്മായി അമ്മയ്ക്ക് വയ്യ ഇങ്ങനെ ഓരോരോ അവധികൾ വീട്ടിലേക്ക് വിളിച്ചു പറയുമ്പോൾ, ആകെ സങ്കടമാണ്..!

വിവാഹം കഴിഞ്ഞ് വന്നു കയറിയ നാൾ മുതലുള്ള അനുഭവങ്ങളിലേക്ക് അവളുടെ മനസ്സ് ഒരു ഓട്ടപ്രദക്ഷിണം നടത്തുകയായിരുന്നു.

വിവാഹത്തിനു മുൻപ് എല്ലാവിധ ആഘോഷങ്ങളിലും പങ്കെടുക്കാൻ ഒരുപാട് താൽപര്യം കാണിച്ചിരുന്ന ഒരാളായിരുന്നു താൻ.

കുടുംബത്തിൽ എന്തെങ്കിലും ആഘോഷങ്ങൾ ഉണ്ടെങ്കിൽ, അതിനും ഒരു മാസം മുൻപ് തന്നെ അന്ന് ഇടാനുള്ള കോസ്റ്റ്യൂമിനെക്കുറിച്ചും എങ്ങനെ ഒരുങ്ങണം എന്നതിനെ കുറിച്ചും കാര്യമായി തന്നെ ചിന്തിച്ചു കൂട്ടി ഓരോന്ന് ചെയ്തിരുന്ന ആളാണ് താൻ.

എല്ലാ ഫംഗ്ഷൻസിനും നിറസാന്നിധ്യമായി താൻ ഉണ്ടായിരുന്നു. എന്നാൽ അതിലൊക്കെ വ്യത്യാസം വന്നു തുടങ്ങിയത് തന്റെ വിവാഹശേഷം ആയിരുന്നു.

വിവാഹം കഴിഞ്ഞ് വന്നു കയറിയത് അച്ഛന്റെയും അമ്മയുടെയും ഒരേയൊരു മകന്റെ ഭാര്യ ആയിട്ടാണ്. അങ്ങനെ ഒരു ആലോചന വന്നപ്പോൾ, എല്ലാവരും പറഞ്ഞത് ഈ ബന്ധം തന്റെ ഭാഗ്യമാണ് എന്നായിരുന്നു.

അതിന് കാരണം മറ്റൊന്നുമായിരുന്നില്ല.

പെൺമക്കൾ ഇല്ലാത്ത അച്ഛനും അമ്മയും ആയതുകൊണ്ട് തന്നെ ചെന്ന് കയറുന്ന തന്നെ അവർ സ്വന്തം മകളെപ്പോലെ സ്നേഹിക്കുമെന്ന് എല്ലാവരും കരുതി. ആരൊക്കെയോ അങ്ങനെ പറഞ്ഞു കേട്ടപ്പോൾ തനിക്കും വല്ലാത്ത സന്തോഷം തന്നെയായിരുന്നു.

സാധാരണ കഥകളിലും സിനിമകളിലും ഒക്കെ കാണുന്നതു പോലെ അമ്മായിയമ്മ പോര് സഹിക്കേണ്ടി വരില്ലല്ലോ എന്നായിരുന്നു താൻ ഓർത്തത്..!

കല്യാണം കഴിഞ്ഞ് ചെന്ന് കയറിയപ്പോൾ മുതൽ അവർക്കൊക്കെ നല്ല സ്നേഹം തന്നെയായിരുന്നു.ബന്ധുക്കൾ ഒക്കെ പറഞ്ഞ വാക്കുകൾ സത്യമായല്ലോ എന്ന് ഞാൻ ആ നിമിഷം ഓർക്കുകയും ചെയ്തു.

പക്ഷേ അതൊക്കെ വരാനിരുന്ന പണികളുടെ തുടക്കമാണ് എന്ന് അറിഞ്ഞിരുന്നില്ല.

കല്യാണം കഴിഞ്ഞ് ഞങ്ങളുടെ നാട്ടിലെ ചടങ്ങുകൾ അനുസരിച്ച് നാലാം ദിവസമാണ് പെണ്ണിന്റെ വീട്ടിലേക്ക് വിരുന്നിനു പോകേണ്ടത്. കല്യാണം കഴിഞ്ഞ് പിറ്റേദിവസം തന്നെ വീട്ടിൽ നിന്ന് അച്ഛനും അമ്മയും ഏട്ടനും കൂടി വന്നു വിരുന്നിന് ക്ഷണിക്കുകയും ചെയ്തു.

അന്ന് നിറഞ്ഞ ചിരിയോടെ തന്നെ നാലാം ദിവസം രാവിലെ പിള്ളേര് 2നെയും പറഞ്ഞു വിട്ടേക്കാം എന്ന് പറഞ്ഞ അമ്മയെ എനിക്ക് ഓർമ്മയുണ്ട്.

പക്ഷേ സംഗതി വഷളായി തുടങ്ങിയത് അതിനു ശേഷം ആണ്. വിരുന്നിനു പോകുന്നതിന്റെ തലേദിവസം രാവിലെ മുതൽ അമ്മയ്ക്ക് ഒരു വയ്യായ്ക..!

കൈ കാൽ വേദനയും നടുവേദനയും ഒക്കെയായി ആകെ ക്ഷീണം. കല്യാണത്തിന് ഓടി നടന്നു പണി ചെയ്തത് കൊണ്ടായിരിക്കും എന്ന് അവർ ഒരു ന്യായം പറയുകയും ചെയ്തു.

അത് കേട്ടപ്പോൾ അത് ശരിയായിരിക്കും എന്ന് തനിക്കും തോന്നിയിരുന്നു.

വീട്ടിലേക്ക് വിരുന്നു പോകുന്ന സമയം ആയപ്പോഴേക്കും അമ്മയ്ക്ക് തീരെ സുഖമില്ലാതെ ആയി. ഇങ്ങനെയുള്ള അമ്മയെ കണ്ടുകൊണ്ട് എങ്ങനെ വീട്ടിലേക്ക് പോകും എന്നായി ഭർത്താവ്..

ചിന്തിച്ചപ്പോൾ അത് ശരിയാണെന്ന് തനിക്കും തോന്നുന്നുണ്ടായിരുന്നു. വീട്ടിലേക്ക് പോകാൻ സാധിക്കാത്തതിൽ വിഷമം ഉണ്ടെങ്കിലും, ചെന്ന് കയറിയ ഉടനെ ഒരു പ്രശ്നം ഉണ്ടാക്കുന്നത് ശരിയല്ലല്ലോ എന്നാണ് ആ നിമിഷം ഓർത്തത്.

“നിങ്ങൾ രണ്ടാളും കൂടി പോയി വാ മക്കളെ.. പോയിട്ട് വേഗം ഇങ്ങു തിരിച്ചു വന്നാൽ മതി.. അവിടെ തങ്ങാൻ ഒന്നും നിൽക്കണ്ട..”

അമ്മ സ്നേഹപൂർണ്ണമായി ഒരു പരിഹാരം പറഞ്ഞു തന്നപ്പോൾ വീട്ടിലേക്ക് പോകാൻ കഴിയുമല്ലോ എന്നോർത്ത് ആശ്വാസം തോന്നി. അതേ നിമിഷം തന്നെ അമ്മയോട് ഒരു നന്ദിയും. കാരണം,വീട്ടിലേക്ക് പോകണ്ട എന്നുള്ള ഭർത്താവിന്റെ തീരുമാനം മാറ്റിയത് അമ്മയാണല്ലോ..!

അന്ന് വിരുന്നിനു ചെന്നിട്ട് രണ്ടു ദിവസം പോലും അവിടെ നിൽക്കാൻ കഴിയാതെ വൈകുന്നേരം തന്നെ തിരക്കു പിടിച്ചു വീട്ടിലേക്ക് മടങ്ങിപ്പോരേണ്ടി വന്നു.

പക്ഷേ അത്ഭുതമെന്നു പറയട്ടെ വൈകുന്നേരം ഞങ്ങൾ വീട്ടിലെത്തിയപ്പോൾ അമ്മയ്ക്ക് പ്രത്യേകിച്ച് യാതൊരു അസുഖവും ഉണ്ടായിരുന്നില്ല. അസുഖം മാറിയ വിവരം വിളിച്ചു പറയാമായിരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ,

” എന്തായാലും നിങ്ങൾ ഇങ്ങോട്ടല്ലേ വരണേ.. പിന്നെന്തിനാ വിളിച്ചു പറയണേ.. ”

എന്നായി അമ്മ..!

അത് കേട്ടപ്പോൾ എനിക്കെന്തോ ദേഷ്യം തോന്നി.കാരണം, അമ്മ ഒരു പക്ഷെ വിളിച്ചു പറഞ്ഞെങ്കിൽ ഞങ്ങൾക്ക് അവിടെ നിൽക്കാൻ കഴിയുമായിരുന്നില്ലേ എന്ന് ചിന്തിച്ചു.

പിന്നീട് പല അവസരങ്ങളിലും ഇത് തന്നെ ആവർത്തിച്ചു. ആദ്യമൊക്കെ അമ്മ പറയുന്നത് ശരിയായിരിക്കും എന്ന് കരുതി.

പക്ഷേ പിന്നീട് പിന്നീട് ഞാൻ എന്റെ വീട്ടിലേക്ക് പോകുന്നു എന്ന് പറയുമ്പോൾ മാത്രം വരുന്ന ഈ അസുഖത്തെ ഞാൻ ശ്രദ്ധിച്ചു തുടങ്ങി. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഇത്രയും കാലമായി അമ്മ എന്നെ പറ്റിക്കുകയായിരുന്നു എന്നും.

ഇപ്പോൾ വീട്ടിൽ ഒരു കസിന്റെ കല്യാണ നിശ്ചയമാണ്.ഞങ്ങളുടെ കൂട്ടത്തിലുള്ള എല്ലാവരും എത്തിയിട്ടുണ്ട്.

ഒരുപാട് ദൂരേക്ക് വിവാഹം കഴിപ്പിച്ചു അയച്ചവർ വരെ വീട്ടിലെത്തിയിട്ടുണ്ട്. എന്നിട്ടും തൊട്ടടുത്തുള്ള എനിക്കാണ് അവിടേക്ക് പോകാൻ ഇതുവരെയും സമയം കിട്ടാത്തത്.

പ്രതീക്ഷിച്ചത് പോലെ തന്നെ അമ്മയ്ക്ക് രാവിലെ മുതൽ പല തരത്തിലുള്ള അസുഖങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. ഇത്തവണയും വീട്ടിലേക്ക് പോകാൻ നടക്കില്ല എന്ന് ഉറപ്പാണ്.

പക്ഷേ പോകാനും എല്ലാരോടൊപ്പം ചേരാനും മനസ്സിന് വല്ലാത്ത കൊതിയുണ്ട് താനും.. എന്ത് ചെയ്യാനാണ്..?

നെടുവീർപ്പോടെ അവൾ ഓർത്തു.

വിവാഹ ശേഷം ഇതു പോലെ ഭർത്താവിന്റെ വീടുകളിൽ തളച്ചിടപ്പെടുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ടെന്ന് അവൾ വേദനയോടെ ചിന്തിച്ചു.

മരുമക്കളെ വീട്ടിലേക്ക് വിടാത്ത അമ്മായിയമ്മമാർക്ക് സ്വന്തം മക്കൾ വീട്ടിലേക്ക് എന്നും വന്നു നിൽക്കണം എന്നാണ് ആഗ്രഹം. മരുമക്കളും ഒരു വീട്ടിലെ മക്കളാണ് എന്ന് അവർ ആരും ഓർക്കാറില്ല.

സ്വന്തം മക്കളെ കാണാൻ അവർ കൊതിക്കുന്നത് പോലെ തന്നെ കൊതിയോടെ കാത്തിരിക്കുന്ന മറ്റൊരു അച്ഛനും അമ്മയും ഉണ്ടാകും എന്നും അവർ ഓർക്കാറില്ല.

ഏതൊരു പെൺകുട്ടിക്കും സ്വന്തം വീട്ടിലേക്ക് പോകുന്നത് ഒരു കൊതിയായി മാറുന്നത് ഭർത്താവിന്റെ വീട്ടിൽ നിൽക്കുമ്പോഴാണ്.

ഇത്രയുമൊക്കെ ചിന്തിച്ചു കൂട്ടുമ്പോഴും എന്തെങ്കിലും മഹാത്ഭുതം നടന്ന തനിക്ക് നാളെ ഫംഗ്ഷന് പോകാൻ സാധിച്ചിരുന്നെങ്കിൽ എന്നൊരു കൊതി അവൾക്ക് തോന്നി. അത് വെറുതെയാണെന്ന് അറിയാമെങ്കിൽ കൂടി…