അന്ന് ആ കിടപ്പിൽ കിടക്കുമ്പോൾ രേവതി വ്യക്തമായ ഒരു തീരുമാനം എടുത്തു കഴിഞ്ഞിരുന്നു, ഇന്ന് രാവിലെ ബാഗ് പാക്ക്..

(രചന: ആവണി)

” ഹ്മ്മ്.. എടുത്തു തലയിലേറ്റി വച്ചോ.. ഇവൾ ഒരുത്തി കാരണം ആണ് ആകെയുള്ള ഒരു ചെക്കൻ നാട്ടിലേക്ക് വരാത്തത്.”

കുശുമ്പ് കുത്തി കൊണ്ട് ദാക്ഷായണി ചേച്ചി പറഞ്ഞപ്പോൾ, ആകെ തകർന്നു നിൽപ്പായിരുന്നു വരദ. അത്രയും നേരം അവളിൽ ഉണ്ടായിരുന്ന കളിചിരികൾ ഒക്കെയും ആ ഒരു വാചകത്തിൽ നഷ്ടമായി പോയിരുന്നു.

അവൾ അറിയാതെ തന്നെ കണ്ണുകൾ പെയ്യാൻ തുടങ്ങി. പിന്നെ ആരെയും ശ്രദ്ധിക്കാതെ അവൾ തന്റെ മുറിയിലേക്ക് പാഞ്ഞു.

അവളുടെ പോക്ക് നോക്കി നിന്ന അച്ഛനും അമ്മയ്ക്കും അതൊരു സങ്കടം തന്നെയായി മാറി.അവർ വിഷമത്തോടെ പരസ്പരം നോക്കി. പിന്നെ ദേഷ്യത്തോടെ ദാക്ഷായണിയെയും.

“നിങ്ങൾ എന്നെ നോക്കി പേടിപ്പിക്കേണ്ട കാര്യമൊന്നുമില്ല. ഞാൻ ഉള്ള സത്യം മുഖത്ത് നോക്കി പറഞ്ഞു എന്നെ ഉള്ളൂ.”

അത്രയും പറഞ്ഞു കൊണ്ട് അവർ അവിടെ നിന്ന് നടന്നു നീങ്ങി.

മുറിയിലെത്തിയ ആ പെണ്ണ് കരഞ്ഞു കൊണ്ട് കട്ടിലിലേക്ക് വീണു.

അവർ പറഞ്ഞത് ശരി തന്നെയല്ലേ..? താൻ കാരണമല്ലേ കണ്ണേട്ടൻ ഇതുവരെ നാട്ടിലേക്ക് വരാത്തത്.? എന്റെ സാമീപ്യം ഇവിടെ ഉള്ളടത്തോളം കാലം ഒരുപക്ഷേ കണ്ണേട്ടൻ ഇനി ഇവിടേക്ക് വരില്ലായിരിക്കും.

മകനെ കാണാൻ ആഗ്രഹിക്കുന്ന ഒരു അച്ഛനും അമ്മയും ഇവിടെയുണ്ട് എന്ന് പോലും അദ്ദേഹം ചിന്തിക്കുന്നില്ലല്ലോ.. അതിലും ഏറെ അദ്ദേഹത്തിന് എന്നോടുള്ള വാശിയാണ്..!

വേദനയോടെ അവൾ ഓർത്തു.

അതേ നിമിഷം താഴെ ആ അച്ഛനും അമ്മയും ചിന്തിച്ചത് അതേ കാര്യം തന്നെയായിരുന്നു.

” അവനെ നിർബന്ധിച്ച് ഇങ്ങനെ ഒരു വിവാഹം നടത്തേണ്ടിയിരുന്നില്ല അല്ലേ ചേട്ടാ..? അതുകൊണ്ടല്ലേ ഇപ്പോൾ ഇങ്ങനെ..? ”

കണ്ണീർ തുടച്ചുകൊണ്ട് അവർ പറഞ്ഞപ്പോൾ അയാളും അങ്ങനെ തന്നെയായിരുന്നു ചിന്തിച്ചത്.

” അവന്റെ സ്വഭാവത്തിന് എന്തെങ്കിലുമൊക്കെ മാറ്റം വരും എന്നായിരുന്നു ഞാൻ കരുതിയത്. പക്ഷേ ഇതിപ്പോൾ നിർബന്ധിച്ച് വിവാഹം നടത്തിയിട്ട് ഒരു പെൺകുട്ടിയുടെ ജീവിതം കൂടി നശിപ്പിച്ചു എന്ന് ആലോചിക്കുമ്പോൾ ആണ്… ”

വേദനയോടെ അയാളും അതുതന്നെ പറഞ്ഞപ്പോൾ ഇരുവരുടെയും ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങിയിരുന്നു.

ആ നിമിഷം രണ്ടാളും ചിന്തിച്ചത് അവന്റെ വിവാഹത്തെക്കുറിച്ച് ആയിരുന്നു.

അവൻ കണ്ണൻ എന്ന് വിളിപ്പേരുള്ള അർജുൻ. അധ്യാപക ദമ്പതികളായ അച്ഛന്റെയും അമ്മയുടെയും ഒരേ ഒരു മകൻ.

അച്ഛനെയും അമ്മയുടെയും പാത പിന്തുടരാതെ തനിക്ക് എൻജിനീയറിങ് ആണ് താല്പര്യം എന്ന് പറഞ്ഞ് ആ വഴിയിലേക്ക് വഴിമാറി പോയവൻ ആയിരുന്നു അത്.

അവന്റെ ആഗ്രഹം പോലെ എൻജിനീയറിങ് നല്ല രീതിയിൽ തന്നെ അവൻ പഠിച്ചു. കോഴ്സ് കഴിഞ്ഞ ഉടനെ തന്നെ അവന് നല്ലൊരു കമ്പനിയിൽ ജോലിയും കിട്ടി.

ജോലിയുടെ ആവശ്യപ്രകാരം അവൻ നഗരത്തിൽ ഒരു ഫ്ലാറ്റ് എടുത്ത് അവിടെയാണ് താമസം. അവന് 26 വയസ്സ് കഴിഞ്ഞപ്പോൾ മുതൽ തന്നെ വിവാഹം ആലോചിക്കാൻ തുടങ്ങിയിരുന്നു.

പക്ഷേ പെണ്ണുകാണൽ എന്ന് പറഞ്ഞ് അവനെ വിളിക്കുമ്പോൾ പല പല കാരണങ്ങൾ പറഞ്ഞു അവൻ അതിൽ നിന്ന് ഒഴിവാക്കുകയാണ് പതിവ്.

അവന് ഇനി ആരോടെങ്കിലും അടുപ്പം ഉണ്ടോ എന്ന് തരത്തിൽ അവർക്ക് അപ്പോഴേക്കും ഒരു സംശയം ഉണ്ടാവുകയും ചെയ്തു.

ഒരിക്കൽ വീട്ടിൽ ലീവിന് വന്ന അവനോട് അമ്മ അത് തുറന്നു ചോദിക്കുക തന്നെ ചെയ്തു.

” അമ്മയ്ക്ക് ഇതെന്താ..? എനിക്ക് ആരോടും അങ്ങനെ ഒരു അടുപ്പവുമില്ല. അങ്ങനെയുണ്ടെങ്കിൽ അത് തുറന്നു പറയാൻ എനിക്ക് ഒരു മടിയുമില്ല എന്നറിയാമല്ലോ. ഇതിപ്പോൾ എനിക്ക് ആകെ 26 വയസ്സല്ലേ ഉള്ളൂ.

ഈ പ്രായത്തിൽ തന്നെ കല്യാണം കഴിച്ച് കുട്ടികളും കുടുംബവുമായി ജീവിക്കുന്നതിനെപ്പറ്റി എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ.. ”

അവൻ ആ പറഞ്ഞത് ന്യായമാണെന്ന് തോന്നിയതു കൊണ്ടായിരിക്കാം പിന്നെയും രണ്ടു വർഷങ്ങൾ അവന്റെ വിവാഹ കാര്യത്തെക്കുറിച്ച് ആ മാതാപിതാക്കൾ അവനോട് സംസാരിക്കാതിരുന്നത്.

പക്ഷേ രണ്ടുവർഷം കഴിഞ്ഞപ്പോഴേക്കും വീണ്ടും വിവാഹം എന്നത് അവന്റെ മുന്നിൽ ഒരു സമസ്യയായി മാറി. വീണ്ടും പെണ്ണ് കാണലുകൾ പലതും നടന്നെങ്കിലും അവൻ താൽപര്യം കാണിച്ചില്ല.

അവസാനം അച്ഛനെയും അമ്മയുടെയും ഇഷ്ടത്തിന് എന്തെങ്കിലും കാണിക്കൂ എന്ന് അവൻ പറഞ്ഞതിന്റെ പ്രകാരം അച്ഛന്റെ സുഹൃത്തിന്റെ മകളെ അവനു വേണ്ടി വിവാഹം ആലോചിച്ചു.

ചെറുപ്പം മുതൽക്കേ അറിയുന്ന പെൺകുട്ടിയായിരുന്നു അവൾ.രേവതി.. അമ്മയില്ലാതെ വളർന്ന പെൺകുട്ടിയാണ് എന്നുള്ളതു കൊണ്ടു തന്നെ അവന്റെ അമ്മയ്ക്ക് അവളോട് ഒരു പ്രത്യേക അടുപ്പം ഉണ്ടായിരുന്നു.

ഒരു ദിവസം അവനെ വിളിച്ചിട്ട് അവന്റെ വിവാഹം ശരിയായെന്നും പെണ്ണിനെ കാണാൻ വേണമെങ്കിൽ നാട്ടിലേക്ക് വരണമെന്ന് അവന്റെ അമ്മ ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ കണ്ടുപിടിച്ച പെൺകുട്ടി ആരാണെങ്കിലും എനിക്ക് സമ്മതമാണ് എന്നാണ് അവൻ മറുപടി പറഞ്ഞത്.

അത് പ്രകാരം ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ അവർ വിവാഹം നിശ്ചയിച്ചു. വിവാഹത്തിന്റെ തലേദിവസമാണ് അവന് നാട്ടിൽ എത്താൻ കഴിഞ്ഞത്.

ആ സമയത്ത് ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട് അവന് വിദേശത്തേക്ക് പോകാൻ ഉണ്ടായിരുന്നതു കൊണ്ടാണ് വളരെ വൈകി അവൻ നാട്ടിലേക്ക് എത്തിയത്.

അതിനുശേഷം ആണ് താൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി ആരാണ് എന്ന് പോലും അവൻ അറിഞ്ഞത്.

” നിങ്ങളൊക്കെ എന്തു വിചാരിച്ചിട്ടാണ് ഇങ്ങനെ ഒരു വിവാഹം നടത്താം എന്ന് തീരുമാനിച്ചത്..?

എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഒരാളിനോട് ഒപ്പം എന്റെ ജീവിതകാലം മുഴുവൻ ഞാൻ ജീവിക്കണം എന്ന് പറയുന്നതിനേക്കാൾ വലിയ ക്രൂരത മറ്റെന്തെങ്കിലും ഉണ്ടോ..?”

അവൻ സങ്കടത്തോടെ ചോദിച്ചപ്പോൾ അച്ഛനും അമ്മയും പരസ്പരം നോക്കുകയായിരുന്നു.

ചെറുപ്പത്തിൽ അവനും രേവതിയും തമ്മിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അത് പ്രായത്തിന്റെതായ പ്രശ്നങ്ങൾ മാത്രമാണ് എന്നാണ് കരുതിയിരുന്നത്.

അവൻ എത്രയൊക്കെ പറഞ്ഞിട്ടും വിവാഹം എന്ന് തീരുമാനത്തിൽ നിന്ന് അവർ പിന്മാറില്ല എന്ന് കണ്ടതോടെ മനസ്സില്ലാ മനസ്സോടെ അവൻ രേവതിയുടെ കഴുത്തിൽ താലി ചാർത്തി.

അവളെയും കൊണ്ട് ആ വീട്ടിലേക്ക് കയറിച്ചെന്നതിനു ശേഷം നിമിഷങ്ങൾക്കകം തന്നെ അവൻ അവിടെ നിന്ന് ഇറങ്ങിപ്പോയി.

ഒരു കുന്നിൻ മുകളിൽ കയറി അവൻ ആ രാത്രി മുഴുവൻ അവിടെത്തന്നെ ചിലവഴിച്ചപ്പോൾ, അവന്റെ ഇങ്ങനെയൊരു ഭാവമാറ്റത്തിൽ ആകെ വിഷമത്തിലായിരുന്നു അച്ഛനും അമ്മയും രേവതിയും.

എത്രയൊക്കെ ഫോണിൽ വിളിച്ചിട്ടും കോളുകൾ അറ്റൻഡ് ചെയ്യാൻ പോലും അവൻ ശ്രമിച്ചിരുന്നില്ല. പിറ്റേന്ന് രാവിലെ വീട്ടിലേക്ക് വന്ന അവൻ വീട്ടിൽ ഒരാളിനോട് പോലും സംസാരിക്കാതെ ബാഗും പാക്ക് ചെയ്ത് ജോലി സ്ഥലത്തേക്ക് മടങ്ങി പോവുകയായിരുന്നു.

അതുകൂടി ആയതോടെ തന്നോടുള്ള ഇഷ്ടക്കേടാണ് അവൻ കാണിക്കുന്നത് എന്ന് രേവതിക്ക് മനസ്സിലായിരുന്നു. ആകെ വിഷമത്തിലായ അവളെ ഓരോന്നും പറഞ്ഞ് മാറ്റിയെടുത്തത് അവന്റെ അമ്മ തന്നെയായിരുന്നു.

വിവാഹം കഴിഞ്ഞ് ആറേഴു മാസങ്ങളായെങ്കിലും ഇതിനിടയിൽ ഒരിക്കൽ പോലും അവൻ നാട്ടിലേക്ക് വന്നിരുന്നില്ല. വീട്ടിലേക്ക് വിളിക്കാറുണ്ടെങ്കിലും സംസാരം വളരെ കുറവാണ്. ഒരിക്കൽ പോലും അവളെ അവൻ അന്വേഷിച്ചിട്ടില്ല.

ഇതിനിടയിലാണ് ഇന്ന് അയൽക്കാരുടെ ഇങ്ങനെയുള്ള വർത്തമാനങ്ങൾ..!

അന്ന് ആ കിടപ്പിൽ കിടക്കുമ്പോൾ രേവതി വ്യക്തമായ ഒരു തീരുമാനം എടുത്തു കഴിഞ്ഞിരുന്നു. ഇന്ന് രാവിലെ ബാഗ് പാക്ക് ചെയ്ത് അവൾ വീട്ടിലേക്ക് പോകാനായി ഇറങ്ങുമ്പോൾ അവളെ തടയാൻ അച്ഛനും അമ്മയും കഴിയുന്നതും ശ്രമിച്ചിരുന്നു.

” എനിക്ക് കണ്ണേട്ടനോടുള്ള ഇഷ്ടം മനസ്സിലാക്കിയത് കൊണ്ടാണ് നിങ്ങൾ രണ്ടാളും എനിക്ക് വേണ്ടി നിന്നത് എന്നെനിക്കറിയാം.

പക്ഷേ എന്റെ സ്വാർത്ഥത നിമിത്തം നിങ്ങൾക്ക് നഷ്ടപ്പെട്ടത് ഒരേ ഒരു മകനെയാണ്. ഞാനിവിടെ ഉള്ളടത്തോളം കാലം കണ്ണേട്ടൻ തിരികെ വരാൻ പോകുന്നില്ല.

അതുകൊണ്ട് ഞാൻ എന്റെ വീട്ടിലേക്ക് പോവുകയാണ്. എന്നെ വേണ്ട എന്നാണ് കണ്ണേട്ടന്റെ തീരുമാനം എങ്കിൽ അതിനുള്ള തയ്യാറെടുപ്പുകൾ എന്താണെന്ന് വെച്ചാൽ ചെയ്യാൻ പറയണം.. ”

അവരോട് അത്രയും പറയുമ്പോൾ കരയാതിരിക്കാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു.തടയാൻ ശ്രമിച്ചിട്ടും അവരുടെ വാക്കുകൾ കേൾക്കാതെ അവൾ സ്വന്തം വീട്ടിലേക്ക് മടങ്ങി.

നാളുകൾക്കു ശേഷം അന്ന് ആ അമ്മ അവനെ ഫോൺ വിളിച്ചു.

” ഇനി നിനക്ക് സന്തോഷമായിട്ട് ഈ വീട്ടിലേക്ക് കയറി വരാം. നിന്നെ ശല്യം ചെയ്യാനായിട്ട് ഇവിടെ ഉണ്ടായിരുന്നവൾ നിന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയി. അത് ഒന്ന് അറിയിക്കാൻ വേണ്ടി വിളിച്ചെന്ന് മാത്രം. ”

അത്രയും പറഞ്ഞു അമ്മ ഫോൺ കട്ട് ചെയ്യുമ്പോൾ കാര്യം വ്യക്തമായി ഒന്നും മനസ്സിലായില്ലെങ്കിലും രേവതിയുമായി ബന്ധപ്പെട്ട് എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട് എന്ന് മാത്രം അവന് മനസ്സിലായി.

രേവതിയാണ് വിഷയം എന്നറിഞ്ഞതോടെ അവന് അവിടെ ഇരിക്കപ്പൊറുതി ഇല്ലാതെയായി.

പെട്ടെന്ന് തന്നെ ലീവ് ശരിയാക്കി നാട്ടിലേക്ക് മടങ്ങുമ്പോൾ ദിവസങ്ങളായി തന്റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന രേവതിയുടെ ഓർമ്മകൾ മാത്രമായിരുന്നു അവനുള്ളിൽ ഉണ്ടായിരുന്നത്.

സ്വന്തം വീട്ടിലേക്ക് പോലും പോകാതെ അവളുടെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അവന്റെ ഉള്ളിൽ വല്ലാത്തൊരു നാണക്കേട് തോന്നിത്തുടങ്ങിയിരുന്നു.

എങ്കിലും ആ നിമിഷം അവളെ കണ്ടില്ലെങ്കിൽ തനിക്ക് സമാധാനം കിട്ടില്ല എന്ന് തോന്നൽ ഉണ്ടായപ്പോൾ അവന്റെ നാണക്കേട് അവൻ സ്വയം മറന്നു പോയിരുന്നു.

അവളുടെ അച്ഛന്റെ സഹായത്തോടെ വീടിനകത്തേക്ക് കയറി ചെല്ലുമ്പോൾ ഉറങ്ങാതിരിക്കുന്ന പെണ്ണ് ഒരു അത്ഭുതം തന്നെയായിരുന്നു. പെട്ടെന്ന് അവനെ മുന്നിൽ കണ്ടപ്പോൾ അവൾ പൊട്ടി കരയുക തന്നെ ചെയ്തു.

” എന്തിനാടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നത്..? നമ്മുടെ വിവാഹം ആദ്യം എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇപ്പോൾ എനിക്ക് അതിന് കഴിയുന്നുണ്ട്.

സമയമെടുത്ത് ആയാലും നിന്നെ സ്നേഹിക്കാൻ എനിക്ക് പറ്റും. നീയല്ലാതെ മറ്റാരും എന്റെ ജീവിതത്തിലേക്ക് വരാനും പോകുന്നില്ല.. ”

ഒരു ഉറപ്പ് എന്നതുപോലെ അവൻ അത് പറയുമ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ അവന്റെ മാറിലേക്ക് ചാഞ്ഞിരുന്നു.