സ്നേഹ കിളിക്കൂട്
(രചന: സഫി അലി താഹ)
കട്ടിലിന്റെ ശൂന്യമായ വശത്തേയ്ക്ക് അയാളുടെ കണ്ണുകൾ നീണ്ടു. കുസൃതിയും പുഞ്ചിരിയും പരിഭവവുമായി അവിടെ സുമയ്യ ഉള്ളതായി ഒരുനിമിഷം റസാഖിന് തോന്നി.
പെട്ടെന്നാണ് മേശപ്പുറത്തിരിക്കുന്ന കവറിലേയ്ക്ക് നോട്ടമെത്തിയത്… നെഞ്ചിൽ ഒരു വിങ്ങൽ നാളത്തെ ദിവസത്തെ കുറിച്ച് ഓർത്തപ്പോൾ തന്നെ വല്ലാതെ ശ്വാസംമുട്ടി.
ജീവിതത്തിന്റെ നല്ല കാലം മുഴുവൻ പ്രവാസിയായി കുടുംബത്തിന് വേണ്ടി വിളക്കായി എരിഞ്ഞ ഈ റസാഖിന്റെ ജീവിതം ഇരുട്ടിലാകുകയാണോ? അവൻ കഴിക്കാനായി ആഹാരമെടുത്തപ്പോൾ,
സുമി സ്നേഹത്തോടെ വാരിക്കൊടുക്കുന്നതോർത്തവന്റെ നെഞ്ചകം വിങ്ങി. കണ്ണുകൾ നിറഞ്ഞു. അവന്റെ ഓർമ്മകൾ വളരെ വേഗത്തിൽ പുറകിലേയ്ക്ക് ഓട്ടപ്രദക്ഷിണം തുടങ്ങി.
ബാധ്യതയുടെയും കടമകളുടെയും ഇടയിലേക്കാണ് നീറ്റുന്ന ജീവിതത്തിലൊരു കുളിർതെന്നൽ പോലെ സുമി കടന്നുവരുന്നത്.വളരെ കുറഞ്ഞ ദിവസങ്ങളിലെ മധുവിധു തീർന്നു ഏറെ ദുഖത്തോടെ അവളെന്നെ യാത്രയാക്കി.
മൂന്ന് സഹോദരിമാരെ കല്യാണം കഴിപ്പിച്ചയച്ച ബാധ്യത തീർക്കാൻ നാട്ടിൽ വരാത്ത മൂന്നുവർഷങ്ങൾ,അത് കഴിഞ്ഞു നാട്ടിൽ വന്ന സമയത്താണ് തന്റെ പ്രിയപ്പെട്ടവന്റെ സാമീപ്യം അവൾക്ക് കിട്ടുന്നത്.
സ്നേഹവും പ്രണയവും നിറഞ്ഞ മൂന്ന് മാസം മൂന്ന് നിമിഷങ്ങൾ പോലെ ഓടി മറഞ്ഞു.ഈ മൂന്നുമാസവും ഒരു കുഞ്ഞായിരുന്നു രണ്ടുപേരുടെയും മനസ്സ് നിറയെ. അത്രയ്ക്കായിരുന്നു ഉമ്മയും വാപ്പയും കൂടെയുണ്ടായിട്ടും റസാഖ് ഇല്ലാത്ത അവളുടെ ഒറ്റപ്പെടൽ.
അവൻ പോയി രണ്ടാഴ്ചയോളം അവർ പിന്നെയും പ്രതീക്ഷയോടെ കാത്തിരുന്നു.പ്രതീക്ഷകളെ അസ്തമിപ്പിച്ചു കൊണ്ട് അവളുടെ ഗർഭപാത്രം ആ മാസവും അവരെ പറ്റിച്ചു.
കുമ്മായമടർന്ന് പുറം കുപ്പായം വികൃതമായ ആ വീടിനെ ഒന്ന് പുതുക്കിയെടുക്കുവാൻ രണ്ട് വർഷമെടുത്തു.ജീവിതം മറന്ന്കൊണ്ട് പ്രവാസത്തിലായപ്പോഴും സുമയ്യ അവന്റെ ഖൽബിലുണ്ടായിരുന്നു.
ജീവിതത്തിനു വേണ്ടിയാണല്ലോ എന്ന് കരുതി അവളുടെ മനസ്സിൽ അവനും നിറഞ്ഞു നിന്നു. കിളിക്കൂട് എന്ന് പേരിട്ട ഈ വീട്ടിൽ കിളികുഞ്ഞുങ്ങൾ ഇല്ലെങ്കിലും എന്നും സ്നേഹത്തിന്റെ കലപിലയായി സന്തോഷം അനുഭവിച്ചിരുന്നു.
പുതുവീട്ടിൽ ഖാലിദിന്റെയും സൈനബയുടെയും ഏക മകളായിരുന്നു സുമയ്യ. അതുകൊണ്ട് തന്നെ സുമയ്യയുടെ ഒരു കുഞ്ഞിനെ അത്രയേറെ അവർ ആഗ്രഹിച്ചിരുന്നു.
ഉമ്മയുടെയും ഉപ്പയുടെയും വാക്കുകൾ സൂചിപോലെ നെഞ്ചിൽ തറയ്ക്കാൻ തുടങ്ങിയപ്പോൾ അവളുടെ മനസ്സിലും കുഞ്ഞെന്ന മോഹം അതിരില്ലാതെ വളർന്നു.
റസാഖിന്റെ യാത്രകളുടെ ഇടവേളകൾ കുറഞ്ഞു വന്നു, ഒരുവർഷത്തിൽ നിന്നും ആറുമാസത്തിലേയ്ക്ക് അതായി. ഒരുപാട് സമാഗമങ്ങൾ നടന്നിട്ടും തങ്ങളുടെ ആഗ്രഹം പൂവണിയുന്നില്ലല്ലോ എന്നോർത്തവർ ആശുപത്രിയിൽ ചികിത്സയ്ക്കായി പോയി.
ടെസ്റ്റുകൾക്ക് ശേഷം മെഡിക്കൽശാസ്ത്രം വിധിയെഴുതി, റസാഖിന് കുഞ്ഞുങ്ങൾ ഉണ്ടാകില്ല എന്ന്. ഒരായിരം കടന്നലുകൾ ചുറ്റാകെ മൂളിപ്പറക്കുന്നതായി അവർക്ക് തോന്നി. സുമയ്യ ബോധമറ്റ് നിലംപതിച്ചു.
ഹോസ്പിറ്റലിൽ പാഞ്ഞെത്തിയ അവളുടെ ഉമ്മയോടും ഉപ്പയോടും ഡോക്ടർ കാര്യം പറഞ്ഞു. അവളെയും കൊണ്ട് ഉമ്മയും ഉപ്പയും തിരികെ പോയി.
ഒരു കുറ്റവാളിയെ പോലെ നെഞ്ച്നുറുങ്ങി തളർന്ന റസാഖ് കാറിലേക്ക് കയറിയ അവളെ നോക്കിയെങ്കിലും അവൾ അവനെ നോക്കിയതേയില്ല.
ഇത്രപെട്ടെന്ന് താനവൾക്ക് ആരുമല്ലാതായോ? എന്നോർത്തുകൊണ്ട് ഹൃദയം പൊട്ടുന്ന വേദനയോടെ അവൻ ഹോസ്പിറ്റലിൽ നിന്നുമിറങ്ങി നടന്നു.
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ വിവാഹമോചനം ആവശ്യപ്പെട്ടുള്ള നോട്ടീസ് വീട്ടിലെത്തി. അത് കണ്ടപ്പോൾ റസാഖിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരു കുഞ്ഞിനെ സമ്മാനിക്കാൻ കഴിയാത്ത ഞാൻ ഒരു പുരുഷനല്ല എന്നയാൾക്ക് തോന്നി.
പപ്പടം വിൽക്കാൻ എത്തിയ നാണിയമ്മയാണ് പറഞ്ഞത്, സുമയ്യയുടെ വീട്ടിൽ കല്യാണത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുവെന്ന്.
അവളുടെ മുറച്ചെറുക്കൻ നവാസ് ആണ് വരൻ. ഈ വീട്ടിലെ ഓരോ വസ്തുക്കളും സുമയ്യയെ ആണ് തെരയുന്നത്. എവിടെ തിരിഞ്ഞാലും അവളുടെ ഓർമ്മകൾ അയാളെ വേട്ടയാടി.
എങ്കിലും എത്രപെട്ടെന്നാണ് അവൾ തന്നെ മറന്നത്. എനിക്ക് പകരം വേറൊരാളെ അവളെങ്ങനെ സ്വീകരിക്കും?ഓർമ്മകൾക്ക് ഇപ്പോൾ വല്ലാത്ത ഗന്ധമാണ്. അവൾ അടയാളപ്പെടുത്തിയ ഏതൊന്നിന്റെയും ഗന്ധം അവന്റെ നെഞ്ചിൽ വിങ്ങലുണ്ടാക്കി. അവൻ അവളുടെ സാമീപ്യത്തിനായി ഒരുപാട് കൊതിച്ചു.
യാന്ത്രികമായി ഫോണെടുത്തു അവളെ വിളിച്ചു. അപ്പുറത്ത് ഫോൺ അറ്റൻഡ് ചെയ്തു. ശബ്ദമൊന്നും കേൾക്കുന്നേയില്ല. സുമീ സുമീ എന്നയാൾ വിളിച്ചപ്പോൾ ഫോൺ കട്ട് ആയി. വീണ്ടും വിളിച്ചപ്പോൾ സ്വിച്ച്ഓഫ്.
മുൻപ് തന്റെ ശബ്ദം കേൾക്കാതെ അവൾ എങ്ങനെ ഒരു രാത്രിയെങ്കിലും കഴിച്ചുകൂട്ടും എന്ന് ചിന്തിച്ചിട്ടുണ്ട് പലപ്പോഴും.
ഇന്ന് അർധരാത്രി പന്ത്രണ്ട് മണിക്ക് അവളെ വിളിക്കുമ്പോൾ ഫോൺ എൻഗേജ്ഡ് ആയിരിക്കും.
തന്നെ ഇങ്ങനെ അവഗണിക്കാൻ താൻ എന്ത് തെറ്റാണ് ചെയ്തത്? അതേ തെറ്റ് തന്നെ, ആൺമക്കൾ ഇല്ലാത്ത അവർക്ക് കുടുംബം നിലനിർത്താൻ അവളിലൂടെ മാത്രേ കഴിയു.
അവളുടെ ഭാഗം ശരിയാണ്.നമുക്കൊപ്പം വിവാഹിതരായ എല്ലാവർക്കും കുട്ടികളായപ്പോഴും അവൾ ഒരിക്കൽപോലും തന്റെ മുന്നിൽ ദുഖിച്ചിട്ടില്ല. ആ സുമിയാണ് തന്നെ വേണ്ടെന്നു വെച്ച് വേറെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്.
അവൾ എന്താണോ ആഗ്രഹിക്കുന്നത് അത് നൽകുന്നതാണ് സ്നേഹം. കൂട് തുറന്ന് പറക്കാൻ കൊതിക്കുന്ന കിളിയെ പൂട്ടിയിടുന്നതിനല്ല സ്നേഹമെന്നു പറയുന്നത്, അതിന്റെ ഇഷ്ടം അംഗീകരിക്കുമ്പോഴാണ്…..
ഓരോന്നോർത്ത് രാത്രിയുടെ ഏതോ ഒരു നിമിഷത്തിൽ ഉറക്കം അവനെ കൂട്ടികൊണ്ട് പോയി.പിറ്റേന്ന് കോടതിയിലേക്ക് നടക്കുമ്പോൾ മനസ്സ് കിളിയൊഴിഞ്ഞ കൂട് പോലെയായിരുന്നു.
കാർ നിർത്തി കോടതിയ്ക്കകത്തേയ്ക്ക് കയറുമ്പോൾ കണ്ടു സുമിയുടെ ഉമ്മയും ഉപ്പയും നവാസും വിജയികളെ പോലെ നിൽക്കുന്നത് .
അവളെ കാണാത്തതിനാൽ അവൻ ചുറ്റാകെ നോക്കി. തെല്ലകലെ രണ്ടാമത്തെ നിലയിലേക്കുള്ള പടിയിലേയ്ക്ക് ചരിഞ്ഞു നിൽക്കുന്ന നെല്ലിമരത്തിനു താഴെ പറന്നപ്പോൾ ചിറകുറയ്ക്കാതെ നിലത്തേക്ക് വീണപോലെ അവൾ നിൽപ്പുണ്ടായിരുന്നു.
അവനെ കണ്ടതും ഒരു പൊട്ടിക്കരച്ചിലോടെ ഓടിവന്ന് അവന്റെ നെഞ്ചിലേക്ക് വീണു. കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു കൊണ്ട് ഓരോ തവണയും ഗൾഫിൽ നിന്നും വരുമ്പോൾ നൽകുന്ന ഒരു ഇടിയുണ്ട്, അതുപോലെ ചുമലിൽ ഒരിടി ഇടിച്ചു.
അവളുടെ ഉമ്മയും ഉപ്പയും ഓടിയിറങ്ങി പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും അവൾ അവരോട് പറഞ്ഞു,” നിങ്ങൾ മരിക്കുമെന്ന് പറഞ്ഞെന്നെ കൊണ്ട് ഇതുവരെ എത്തിച്ചു, അതിന് വേണ്ടി അർദ്ധരാത്രിയിൽ പോലും നവാസ് എന്നെ ഫോൺ വിളിച്ചു കൊണ്ടിരുന്നു.”
“എന്നിട്ടും നീ എൻഗേജ്ഡ് ആയിരുന്നല്ലോ, ഇവനോട് സംസാരിക്കുകയായിരുന്നു അല്ലെ, എന്തിനായിരുന്നു നാടകം നിനക്ക് അവനെ മതിയെന്ന് പറഞ്ഞൂടായിരുന്നോ സുമീ, ”
നവാസ് ചോദിച്ചു. അവൾ ചിരിച്ചു.
ശേഷം മാതാപിതാക്കളോടായി പറഞ്ഞു “നിങ്ങൾക്ക് പിൻഗാമി വേണമെന്നതായിരുന്നു ആവശ്യം , ഈ മകൾകൂടി നഷ്ടപ്പെടുന്നതിനെക്കുറിച്ചു ഓർത്തുനോക്കൂ. റസാഖ് ഇക്കയില്ലെങ്കിൽ നിങ്ങളുടെ സുമി മരിച്ചപോലെയാ….. “
“ഇക്കാ എനിക്ക് നിങ്ങൾ മാത്രം മതി,കുഞ്ഞുങ്ങൾ റബ്ബ് തരുമ്പോൾ തരട്ടെ അല്ലെങ്കിൽനമ്മുടെ കിളിക്കൂട്ടിൽ നമ്മൾ മതി.”
അന്തം വിട്ടു നിന്ന റസാഖിനെയും വലിച്ചു കൊണ്ടവൾ കാറിലേക്ക് നടന്നു. അപ്പോഴും അവന്റെ മനസ്സിൽ ആരോടാവും ഇവൾ രാത്രിയിൽ സംസാരിച്ചിട്ടുണ്ടാവുക എന്നായിരുന്നു.
വണ്ടിയിൽ കയറിയ അവൾ അവളുടെ ഒരു നമ്പറിൽ നിന്നും മറ്റേ നമ്പറിലേക്ക് ഫോൺ വിളിച്ചു സൈലന്റ് മോഡിലാക്കി സീറ്റിലേക്കിട്ടു.
ശേഷം അവനോടു പറഞ്ഞു “അല്ലെങ്കിൽ അവർ എന്നെ വിളിച്ചു കൊണ്ടേയിരിക്കും. സ്വിച്ച്ഓഫ് ചെയ്താൽ സങ്കടമാകും. മറ്റേത് ഉപ്പാടെ പഴയ ഫോണും സിംകാർഡുമാണ്. അതുപറഞ്ഞവൾ പൊട്ടിച്ചിരിച്ചു.
എൻഗേജ്ഡ് ആയതെങ്ങനെയെന്നു മനസ്സിലായ റസാഖ് അവളെ ആശ്ചര്യത്തോടെ നോക്കിയിരുന്നു ശേഷം ചോദിച്ചു.
“കുഞ്ഞിനെതരാത്ത എന്നെ നിനക്ക് എങ്ങനെ എന്നെ സ്നേഹിക്കാൻ കഴിയും സുമീ? “
ഇക്കാ നമ്മൾ വിവാഹിതരായപ്പോൾ മക്കൾ ഇല്ലായിരുന്നു. എന്നിട്ടും സ്നേഹിച്ചു. ജീവനോളം. പ്രതീക്ഷയില്ലെന്നു ഡോക്ടർ പറഞ്ഞപ്പോൾ തകർന്നു പോയി ഞാൻ. എനിക്ക് എന്നെ അവിടെ നഷ്ടപ്പെട്ടു, തളർന്നുപോയി.
അതാണ് ഹോസ്പിറ്റലിൽ വെച്ച് അവരോടൊപ്പം പോകേണ്ടി വന്നത്. പിന്നെ അവർ പറയുന്നത് അനുസരിച്ചപോലെ നിൽക്കേണ്ടി വന്നു.ഇക്കയെ ഫോണിൽ വിളിച്ചാൽ ചിലപ്പോൾ അവർ എന്നെ വിശ്വസിച്ചെന്നു വരില്ല. ഇക്ക എന്നെ കൂട്ടാൻ വരികയും ചെയ്യും. വീട്ടിൽ നിന്നും എനിക്ക് ഇതേപോലെ വരാൻ കഴിയുകയുമില്ല.
ഇനി മക്കൾ ഉണ്ടാകില്ല എന്നെങ്ങനെ നമ്മൾ ഉറപ്പിക്കും. സർവ്വശക്തൻ നൽകിയെങ്കിലോ. ചില ശാരീരികാവസ്ഥകൾ മനഃപൂർവം ഉള്ളതല്ലല്ലോ എനിക്കാണ് ഇങ്ങനെ വന്നതെങ്കിൽ എന്നെ ഉപേക്ഷിക്കുമോ?
“ഇല്ല” അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു. അവളപ്പോൾ പറയുന്നുണ്ടായിരുന്നു,
“എന്റിക്കാ ങ്ങളില്ലാതെ ഈ സുമിയില്ല. പക്ഷേ എന്റെ വീട്ടിൽ നിൽക്കുമ്പോൾ എനിക്ക് ഒന്നിനും കഴിയില്ല,അവർക്കും ഞാനേയുള്ളു….. ങ്ങള് വണ്ടിയെടുക്ക് ഇക്കാ “
അവന്റെ നെഞ്ചിലെ നെരിപ്പോടിലേയ്ക്ക് അവളുടെ സ്നേഹം തുളുമ്പുന്ന വാക്കുകൾ തണുപ്പായ് പടർന്നു…..റസാഖ് കാർ സ്റ്റാർട്ട് ചെയ്തു,അവന്റെ കാലുകൾ ആക്സിലേറ്ററിൽ അമർന്നു…..
പുത്തൻപ്രതീക്ഷകളുമായി അവരുടെ സ്നേഹത്തിന്റെ കിളിക്കൂട് ലക്ഷ്യമാക്കി ആ കാർ നീങ്ങി….