(രചന: Aneesha Sudhish)
“ദേവാ എന്താ പറ്റ്യേ ന്റെ കുട്ടിക്ക് എന്തിനാ മാലതി കരഞ്ഞേ ?”
“ഒന്നൂല്ല്യ അമ്മ കിടന്നോളൂ ”
“നീ എന്തോ എന്നെ മറയ്ക്കുന്നുണ്ട് എന്തായാലും പറ ന്റെ ഉണ്ണിമോൾക്ക് കാര്യായ എന്തോ പറ്റിയിട്ടുണ്ട് . “അവർ എഴുന്നേൽക്കാൻ ശ്രമിച്ചു.
“അമ്മ ഇതെവിടിക്കാ ? അവിടെയെങ്ങാനും കിടക്കുന്നുണ്ടോ ഇനി എവിടെയെങ്കിലും പോയി വീണിട്ട് വേണം എന്തെങ്കിലും വരുത്തി വെയ്ക്കാൻ വയസ്സായാൽ ഒന്ന് അടങ്ങി കിടക്കില്ലെന്ന് വെച്ചാൽ എന്താ ചെയ്യാ ”
“ആർക്കും ഒരു ഭാരമാവില്ലെന്നും പറഞ്ഞ് ന്നെ കെട്ടിപ്പിടിച്ച് അവളിന്നലെ ഒരു പാട് കരഞ്ഞതാ . പ്രായം തെകഞ്ഞ പെണ്ണാ നീയ്യ് തല്ലീപ്പോ ന്റെ കുട്ടി ഉള്ളു നീറ്യാ കരഞ്ഞ “ചുളിവു വീണ ആ മുഖത്തിലൂടെ കണ്ണീർ ചാലുകളായി ഒലിച്ചിറങ്ങി.
മറുപടി പറയാനാവാതെ തകർന്ന ഹൃദയത്തോടെ ദേവൻ മുറിക്ക് പുറത്തേക്കിറങ്ങി.
എന്തു പറയണം അമ്മയോട് അച്ഛമ്മേ എന്നു വിളിച്ച് പിന്നാലെ നടന്ന എന്റെ പൊന്നു മോൾ ഇനി വരില്ലന്നോ ? അയ്യാൾ തളർച്ചയോടെ താഴേക്കിരുന്നു.
ആരൊക്കെയോ വീടിനു ചുറ്റും വന്നു നിൽക്കുന്നുണ്ടായിരുന്നു. അവസാനമായി അവളെ കാണാൻ വന്നവരായിരിക്കും. കാണട്ടെ എല്ലാവരും കാണട്ടെ ഇനി അവളെ ആർക്കും കാണണ്ടല്ലോ
തഴ പായേൽ കിടന്ന് മാലതി എന്തൊക്കെയോ എണ്ണിപ്പെറുക്കുന്നുണ്ട്. കുടുംബശ്രീയിലെ പെണ്ണുങ്ങൾ അവളെ ആശ്വസിപ്പിക്കുന്നുണ്ട്. അവർക്കും പറഞ്ഞു നടക്കാൻ ഒരു കഥയായി.
“ആ ദേവന്റെ മോളില്ലേ കോളേജിൽ പോണ, ഏതോ ചെക്കനായിട്ട് ഇഷ്ടായിരുന്നെന്ന് വയറ്റിലിണ്ടായിരുന്നെന്നാ പറയണേ ചെക്കൻ പറ്റിച്ചപ്പോ പെണ്ണ് തൂങ്ങി ചത്തു ” നാളത്തെ സംസാരം ഇങ്ങനെയാവും
ദേവൻ മാലതിയെ നോക്കി.
“എന്തു പറഞ്ഞാ അവളേം ആശ്വസിപ്പിക്കേണ്ടത് ? ആണായിട്ടും പെണ്ണായിട്ടും ആകെ കിട്ടിയ പൊന്നു മോൾ ഒരു കുറവും ഇതുവരെ അറിയിച്ചിട്ടില്ല. എല്ലാത്തിനും വാശിയായിരുന്നു. ഇപ്പോഴും അവളുടെ വാശി തന്നെ ജയിച്ചിരിക്കുന്നു ”
” ദേവാ അവരെത്താറായി” രാഘവേട്ടനാണ്.
പുറത്തേക്കിറങ്ങി വടക്കേപ്പറത്ത് ചെന്ന് രണ്ടു കുടം വെള്ളം തലയിലേക്കൊഴിച്ചു.
“എന്തൊക്കെയാ ദേവാ നീയീ കാണിക്കുന്നത് ” രാഘവേട്ടൻ തന്നെ പിടിച്ചു മാറ്റുന്നുണ്ടായിരുന്നു.
“ഞാനല്ലേ രാഘവേട്ടാ കർമ്മങ്ങളൊക്കെ ചെയ്യേണ്ടേ അല്ലാതെ ആരാ അവൾക്കുള്ളത് ? ന്റെ കർമ്മങ്ങൾക്കു പകരം അവളുടെ ചിത കത്തിക്കേണ്ടി വന്നല്ലോ ” കരഞ്ഞു കൊണ്ട് രാഘവേട്ടനെ ചുറ്റി പിടിക്കുമ്പോൾ അയ്യാളുടെ കണ്ണുകളിലും നനവു വന്നു.
ആംബുലൻസിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ മാലതി അലമുറയിട്ട് കരയുന്നുണ്ടായിരുന്നു.
“രാഘവേട്ട എനിക്ക് കാണണ്ടാട്ടാ , അവളിങ്ങനെ കെടക്കണ കാണാൻ എനിക്ക് വയ്യ . അധികനേരം വെയ്ക്കണ്ടാന്ന് പറ അവൾക്കേ തണുപ്പിഷ്ടല്ല ചൂടാ ഇഷ്ടം . നല്ല തണുപ്പുള്ള ദിവസം എന്നേം കെട്ടിപിടിച്ച് ചുരുണ്ടു കൂടി …. വാക്കുകൾ മുഴുവനാക്കും മുമ്പേ അയ്യാൾ തളർന്നു വീണിരുന്നു.
ആരൊക്കെയോ ചേർത്തുപിടിച്ച് ദേവനെ ഉമ്മറ പടിയിലേക്ക് ഇരുത്തുമ്പോൾ മാലതിയുടെ അലറി കരച്ചിലുകൾ നിശബ്ദതയെ ഭേതിച്ചു കൊണ്ടിരുന്നു. ആരൊക്കെയോ ചേർന്ന് അമ്മയെ കൂട്ടി അവളെ കാണിക്കുന്നുണ്ടായിരുന്നു.
“ന്റെ കുട്ടി കുറുമ്പ് കാണിച്ചോണ്ടല്ലേ അവൻ നിന്നെ തല്ലേ അതിന് അവനെ ഇങ്ങനെ ശിക്ഷിക്കണോ ഉണ്ണിമോളെ ….”
“അമ്മ ഒന്ന് പോകുന്നുണ്ടോ അപ്റത്തേക്ക് ….., അവളേ ഉറങ്ങാ …. ഉണർത്തണ്ടാ…. നമ്മളെയൊക്കെ വേദനിപ്പിച്ച് അവൾക്കണ്ട് ഉറങ്ങ്യാ മതില്ലോ …. ഇവിടെ നമ്മുടെ പെടച്ചിലൊന്നും അവൾക്കറിയണ്ടല്ലോ …. അവൾക്ക് അവൾടെ സുഖം മതി ….. ആ സുഖം തേടി പോയതല്ലേ …. പോട്ടെ എല്ലാവരും പോട്ടെ … അമ്മയ്ക്കും പോണോ….”
മുറ്റത്ത് വലിച്ചു കെട്ടിയ ടാർപ്പായയ്ക്കു താഴെ കത്തിച്ച നിലവിളക്കിനടുത്ത് കിടത്തിയ ഉണ്ണിമോളെ കണ്ട് ആ വൃദ്ധ ഏന്തി ഏന്തി കരഞ്ഞു. അവൾക്കായി ഒരു മുത്തം കൊടുത്തപ്പോൾ ആ കണ്ണിൽ നിന്നും ചുടുകണ്ണീർ പ്രവഹിക്കുന്നുണ്ടായിരുന്നു.
“മാലതിയും തളർന്നു വീഴുന്നുണ്ടായിരുന്നു. ഒരു പാട് ആഗ്രഹിച്ച് കിട്ടിയതല്ലേ കരയട്ടെ കരഞ്ഞ് കരഞ്ഞ് ഉള്ളിലെ വേദന മുഴുവൻ പുറത്തേക്ക് പോകട്ടെ . ഞാൻ എന്തിന് കരയണം ഒരു തരത്തിൽ പറഞ്ഞാൽ ഞാനല്ലേ അവളെ കൊന്നത്. മക്കളെ വളർത്താൻ അറിയാതെ അവളെ മരണത്തിലേക്ക് തള്ളിവിട്ടില്ലേ ”
“ദേവാ എടുക്കട്ടെ ഇനി ആരും വരാനില്ലല്ലോ ” രാഘവേട്ടൻ തന്റെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
“ആരും ഇല്ല രാഘവേട്ടാ ആരും ഉണ്ടായിരുന്നേൽ ന്റെ മോൾക്ക് ഈ ഗതി വരില്ലായിരുന്നു. “ദേവൻ എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി.
അവൾ നട്ടുവളർത്തിയ മുല്ലയിൽ പൂ വിരിഞ്ഞിരിക്കുന്നു. മുല്ല പൂവിന്റെ ഗന്ധം ചുറ്റിലും പരന്നിരുന്നു.
അവൾക്കായ് ഒരുക്കിയ ചിതയിലേക്ക് അഗ്നി പകരുമ്പോൾ ദേവന്റെ കൈകൾ വിറച്ചിരുന്നു. ഈ കൈ കൊണ്ടാ ഇത്രയും നാൾ അവളെ ഊട്ടിയത് അതേ കൈ കൊണ്ട് തന്നെ അവൾക്കുള്ള അവസാന കർമ്മവും ചെയ്തിരിക്കുന്നു.
തെറ്റാണ് എല്ലാം തന്റെ തെറ്റാണ് ഇല്ലായ്മകൾ അറിയിക്കാതെ മകളെ വളർത്തിയപ്പോൾ അവൾ തെറ്റിലേക്ക് പോകുന്നത് അറിയാതെ പോയി. ശ്രദ്ധിച്ചില്ല അവളുടെ മാറ്റങ്ങൾ ഒരിക്കലും ശ്രദ്ധിച്ചില്ല. തകർന്ന ഹൃദയത്തോടെ ദേവൻ തിരിഞ്ഞു നടന്നു.
അയ്യാൾ ആ മുല്ല ചോട്ടിലേക്ക് ചെന്നു.മുല്ല പൂവിന്റെ ഗന്ധം മാഞ്ഞിരിക്കുന്നു. ചുറ്റിലും അവളുടെ മാംസം കത്തിയ ഗന്ധം മാത്രം …..
മക്കളെ അളവറ്റ് സ്നേഹിക്കുമ്പോൾ നാം പലപ്പോഴും മറന്നു പോകുന്ന കാര്യമുണ്ട് അവരുടെ പോക്ക് തെറ്റിലേക്കാണോ എന്ന്. തന്റെ മക്കൾ ഒരിക്കലും തെറ്റ് ചെയ്യില്ല എന്നു കരുതുന്നവരുടെ മക്കളാക്കാം കൂടുതൽ തെറ്റിലേക്ക് പോകുന്നത്…
“ഇന്നു വാർത്തയിൽ കണ്ട ഒരു മരണമാണ് എന്നെ ഇത് എഴുതുവാൻ പ്രേരിപ്പിച്ചത്. കൂടുതലും എന്റെ ഭാവനയാണ്.
“മരണം അത് വല്ലാത്തൊരു വേദനയാണ് അല്ലേ ….”
അനു