ശേഷം അപർണയുടെ മേനിയിൽ പടർന്നു കയറാൻ ശ്രമിക്കുന്ന രാജീവന്റെ കൈകൾ. ശരിക്കും? രാജീവന്റെ കൈകൾ തടഞ്ഞു…

(രചന: Darsaraj R.)

നിന്നിൽ എനിക്ക് ഏറ്റവും ഇഷ്ടം എന്തെന്നറിയോ?

അറിയില്ല. പറ കേൾക്കട്ടെ…

നീ സെൽഫി എടുക്കുന്ന സമയത്ത് ചുണ്ട് ചെറുതായിട്ട് തുറന്ന് വെക്കില്ലേ? ആ സമയം നിന്നെ കാണാൻ വല്ലാത്തൊരു ഭംഗിയും വശ്യതയുമാണ്.

ശരിക്കും? അല്ലെങ്കിലും അടുത്ത് ഇല്ലാതെ ഇത് പോലെ കട്ടിലിൽ കിടന്ന് ചാറ്റ് ചെയ്യുമ്പോൾ ആണല്ലോ എന്റെ കെട്ടിയോന്റെ വായിൽ നിന്ന് ഇങ്ങനെയൊക്കെ കേൾക്കാൻ പറ്റുക. ബാക്കി പോരട്ടെ.

ബാക്കിയൊക്കെ പിന്നാലെ പറയാം. നീ അത് പോലത്തെ കുറച്ച് സെൽഫീസ് ഇപ്പോൾ അയക്ക്. I really miss you…

ശ്ശോ!!! ഇപ്പോഴോ? ഞാൻ ആകെ കോലം കെട്ട് ഇരിക്കാ.

അതിനെന്താ? നീ അയക്ക്…

അങ്ങനെ രാജീവിന്റെ ആഗ്രഹം നിറവേറ്റാൻ വേണ്ടി സ്മിത ചുണ്ട് ചെറുതായിട്ട് തുറന്ന് സെൽഫികൾ എടുക്കാൻ തുടങ്ങി.

മനഃപൂർവം എടുക്കാൻ നോക്കുമ്പോൾ എന്തോ പോലെ… കൊള്ളില്ല ചേട്ടാ…

ഒരു കൊള്ളരുതായ്മയുമില്ല.
ഇനി ആ നാക്ക് കൂടി ഒന്ന് നീട്ടിക്കേ.

അയ്യേ. ഒന്ന് പോയെ. ഇത് മതി.

പ്ലീസ്…

ഒടുവിൽ നാക്ക് നീട്ടിയും സെൽഫി എടുത്ത് സ്മിത രാജീവിന് അയച്ചു.

തന്നെ വർണ്ണിക്കുന്ന രാജീവിന്റെ പ്രണയം തുളുമ്പുന്ന വാക്കുകൾ കേട്ട് നവവധുവായ സ്മിതയിൽ ഒരേ സമയം സന്തോഷവും സ്നേഹവും നിറഞ്ഞൊഴുകി.

മോളെ എനിക്ക് ഡ്യൂട്ടിക്ക് പോവാൻ സമയമായി.

ശരി ചേട്ടാ… അതേ… ശരിക്കും ഇപ്പോൾ അയച്ച ഫോട്ടോസിൽ എന്നെ കാണാൻ ഭംഗി ഉണ്ടായിരുന്നോ?

സ്മിതയുടെ ആ ചോദ്യത്തിന് അടക്കത്തോടെ രാജീവ് മറുപടി നൽകി.

ശരിക്കും ഉണ്ടായിരുന്നു.

ഏതാനും മിനിറ്റുകൾക്ക് ശേഷം.

ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിൻ ഭാഷ
അർത്ഥം അനർത്ഥമായ് കാണാതിരുന്നാൽ
അക്ഷരതെറ്റു വരുത്താതിരുന്നാൽ
മഹാകാവ്യം ദാമ്പത്യം ഒരു മഹാകാവ്യം

ഹൈവേയിൽ കൂടി കാറിൽ പാട്ടും കേട്ട് സന്തോഷവാനായി പോകുന്ന രാജീവ്.

പക്ഷെ എതിരെ വന്ന സ്കൂൾ വാനിന് സൈഡ് കൊടുക്കാൻ ശ്രമിക്കവേ രാജീവിന്റെ കാർ ആക്‌സിഡന്റിൽ പെടുന്നു.

ഏതാനും മാസങ്ങൾക്ക് ശേഷമുള്ള രാജീവിന്റെ വീട്.

കിടക്കയിൽ നിന്നും മെല്ലെ എഴുന്നേൽപ്പിച്ച് രാജീവിന് പൊടിയരി കഞ്ഞി നൽകാൻ ശ്രമിക്കുന്ന സ്മിത.

ഒന്ന് സംസാരിക്കാനോ സ്വയം എഴുന്നേൽക്കാനോ പോലും പറ്റാത്ത വിധം രാജീവ് ആക്‌സിഡന്റിൽ അവശനായി എന്ന് അനുമാനിക്കാവുന്ന കാഴ്ച.

ചേട്ടൻ മെല്ലെ വായ തുറന്നേ…
ചേട്ടൻ പറയാറില്ലേ എന്നെ ഏറ്റവും കൂടുതൽ കാണാൻ ഇഷ്ടം ചുണ്ട് തുറന്ന് കാണുമ്പോൾ ആണെന്ന്?

സ്മിത ചുണ്ട് തുറന്ന് രാജീവിന് അയച്ച സെൽഫീസ് ഫോണിൽ കാണിച്ചു കൊടുത്തു കൊണ്ട് ;

ദാ ഇത് പോലെ ചുണ്ട് തുറന്നേ… നമുക്ക് വിശപ്പ് മാറ്റേണ്ടേ? ഇന്നലെയും ഒന്നും കഴിച്ചില്ല. ഇന്ന് മുതൽ വേറെയും ഗുളികകൾ ഉണ്ട്. ഇത് പോലെ തുറന്നേ..

നിസ്സഹായതയോടെ സ്മിതയെ നോക്കുന്ന രാജീവിന്റെ കണ്ണുകൾ.

ദൃശ്യം പതിയെ സ്മിതയുടെ ചുണ്ട് തുറന്നുള്ള സെൽഫികളിൽ നിന്നും നേരെ ഫ്ലാഷ്ബാക്കിലേക്ക്.

രാജീവിന്റെ ഫ്ലാറ്റ്.

നീ സെൽഫി എടുക്കുന്ന സമയത്ത് ചുണ്ട് ചെറുതായിട്ട് തുറന്ന് വെക്കില്ലേ? ആ സമയം നിന്നെ കാണാൻ വല്ലാത്തൊരു ഭംഗിയും വശ്യതയുമാണ്.

അപ്രകാരം സെൽഫി എടുത്ത് അയക്കുന്ന സ്മിതയുടെ ദൃശ്യങ്ങൾ.

രാജീവിന്റെ റൂമിലെ ദൃശ്യം വികസിക്കവേ സ്മിതയുടെ ഫോട്ടോ നോക്കി കൊണ്ട് കിടക്കുന്ന രാജീവിന്റെ നെഞ്ചിൽ തല വെച്ച് അർദ്ധ നഗ്നയായി കിടക്കുന്ന കാമുകി അപർണയുടെ ദൃശ്യം.

സ്മിത ചുണ്ട് ഓപ്പൺ ആക്കി അയച്ച ഫോട്ടോസ് അപർണക്ക് കാണിച്ചു കൊടുത്തോണ്ട് രാജീവ്.

ഇവൾക്ക് പോയി ചത്തൂടെ? ചാവാൻ കിടക്കുമ്പോൾ ചുണ്ട് തുറന്നിരിക്കും പോലുണ്ട്.

രാജീവിന്റെ കളിയാക്കൽ കേട്ട് പൊട്ടി ചിരിക്കുന്ന അപർണ.

അപർണയുടെ വായ പൊത്തുന്ന രാജീവ്.

അതേ സമയം മറ്റൊരു ഫ്രെയിമിൽ പിന്നേയും തന്റെ ഭർത്താവിന്റെ മധുരമുള്ള വാക്കുകൾ കേൾക്കാൻ ചുണ്ട് തുറന്ന് പിടിച്ച് സെൽഫി എടുക്കാൻ ശ്രമിക്കുന്ന സ്മിതയിലെ ഭാര്യ.

വീണ്ടും രാജീവന്റെ മുറിയിലേക്ക്.

അപ്പൂ, ചിരിക്കല്ലേ. അടുത്ത കോമഡി വന്നിട്ടുണ്ട്.

ഒരു പോസും കൂടി ചോദിച്ചിട്ട് അവളെ പറഞ്ഞു വിടാം. ഇല്ലെങ്കിൽ അവൾ ചിലപ്പോൾ വീഡിയോ കോളിൽ വന്നോട്ടെ എന്ന് ചോദിക്കും.

പൊടിയരി കഞ്ഞിയുമായി ഇരിക്കുന്ന സ്മിതയിലേക്ക് ദൃശ്യം വീണ്ടും ചേക്കേറുന്നു.

ഇനി ചേട്ടൻ ഈ ഫോട്ടോ നോക്കിക്കേ. ഇത് പോലെ ചെയ്യാൻ ശ്രമിക്കൂ.

അതായത് ഞാൻ ആദ്യം കാണിച്ച ഫോട്ടോയിലെ പോലെ ചുണ്ട് തുറന്നിട്ട്‌ മെല്ലെ ഇത് പോലെ നാക്ക് നീട്ടിയെ.

സ്മിതയുടെ നാക്ക് നീട്ടിയുള്ള സെൽഫിയിൽ നിന്നും ദൃശ്യം നേരെ വീണ്ടും ഫ്ലാഷ്ബാക്കിലേക്ക്.

ഇനി എന്റെ മോള് ആ നാക്ക് കൂടി ഒന്ന് നീട്ടിക്കേ.

നാക്ക് നീട്ടിയും സ്മിത സെൽഫി അയക്കുന്നു.

ആ ഫോട്ടോ നോക്കി രാജീവ് അപർണയോട്.

പട്ടി പാത്രത്തിലെ വെള്ളം കുടിക്കാൻ നാക്ക് നീട്ടും പോലുണ്ട്.

ഇത്തവണ സ്മിതയുടെ ഫോട്ടോ നോക്കി അപർണയും രാജീവും പൊട്ടി ചിരിക്കാൻ തുടങ്ങി.

എന്നാൽ അതേ സമയം സ്മിതയോട് വർണ്ണിച്ചും പറയുന്ന രാജീവിന്റെ ഭംഗി വാക്കുകൾ.

മോളെ എനിക്ക് ഡ്യൂട്ടിക്ക് പോവാൻ സമയമായി.

ശരി ചേട്ടാ… അതേ… ശരിക്കും ഇപ്പോൾ അയച്ച ഫോട്ടോസിൽ എന്നെ കാണാൻ ഭംഗി ഉണ്ടായിരുന്നോ?

സ്മിതയുടെ ആ ചോദ്യത്തിന് അടക്കത്തോടെ രാജീവ് മറുപടി നൽകി.

ശരിക്കും ഉണ്ടായിരുന്നു.

ശേഷം അപർണയുടെ മേനിയിൽ പടർന്നു കയറാൻ ശ്രമിക്കുന്ന രാജീവന്റെ കൈകൾ.

ശരിക്കും?

രാജീവന്റെ കൈകൾ തടഞ്ഞു കൊണ്ട് രാജീവന്റെ ചെവിയിൽ കടിക്കുന്ന അപർണ.

ഹലോ ചേട്ടാ, ദാ ഈ ഫോട്ടോയിൽ കാണും പോലെ നാക്ക് നീട്ട്.

ഇവിടെ ഒന്നും അല്ലേ? എന്ത് പറ്റി?

പെട്ടെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് സ്മിതയുടെ മാറിലേക്ക് തല വെച്ച് കുറ്റബോധത്തോടെ അവളുടെ കണ്ണിലേക്ക് വീണ്ടും നോക്കുന്ന രാജീവ്.

ഹൃദയം കൊണ്ടെഴുതുന്ന കവിതയും കേട്ട് കാറിൽ പോകുന്ന രാജീവിന്റെ ഫ്ലാഷ്ബാക്ക് ദൃശ്യം.

അരികത്തായി അപർണയും.

ഗിയർ മാറുന്നതിനിടയിൽ അപർണയുടെ കാലിലേക്ക് തടവുന്ന രാജീവിന്റെ കൈകൾ.

രാജീവിന്റെ ശ്രദ്ധ അവളിലേക്ക് മാറുന്നു.

എതിരെ വന്ന സ്കൂൾ വാനിലേക്ക് രാജീവിന്റെ കാർ ഇടിച്ചു കയറുന്നു.

അക്ഷരതെറ്റ് വരുത്താതിരുന്നാൽ ദാമ്പത്യം ഒരു മഹാകാവ്യം എന്ന വരി മുഴുവിക്കും മുമ്പേ കാറിൽ നിന്നും തെറിച്ച് റോഡിൽ ചോരയൊലിച്ച് കിടക്കുന്ന രാജീവിന്റെ ദൃശ്യം.

രാജീവന് ഗുളിക നൽകിയ ശേഷം തന്റെ ഫോണിലെ അടുത്ത വീഡിയോ സ്മിത പ്ലേ ചെയ്തു.

15 സെക്കന്റ്‌ ഉള്ള രാജീവന്റേയും അപർണയുടേയും ഒരു സ്വകാര്യ വീഡിയോ.

വീഡിയോയുടെ അവസാന ഭാഗത്തിൽ അപർണ രാജീവനോട്.

എന്നും ഞാൻ കൂടെ കാണും.

ഒരു പുച്ഛ ഭാവത്തോടെ സ്മിത രാജീവനെ നോക്കി കൊണ്ട് നടന്നു നീങ്ങി…

തെളിയാത്ത ബന്ധത്തിൻ ചിത്രങ്ങൾ വീണ്ടും
സഹനവർണ്ണങ്ങളാൽ എഴുതണം നമ്മൾ
വർഷംകൊണ്ടും വസന്തംകൊണ്ടും…
വേനലിൽ പാപം കഴുകുന്നു കാലം
ആ പരബ്രഹ്മമാം കാലം

-ശുഭം –

©️✍️ Darsaraj R.