ലൈഫ് പാർട്ണർ
(രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ)
“അമ്മേ വർഷയെവിടെ..? അമ്മ കേട്ടതായി ഭാവിച്ചില്ല… ഞാൻ വീണ്ടും ചോദിച്ചു.. അമ്മേ വർഷയെവിടെ..
“ഓഹ് കല്യാണം കഴിഞ്ഞു ഒരു ദിവസം ആയതേയുള്ളൂ അപ്പോഴേക്കും അവന് ഭാര്യയേക്കുറിച്ച് മാത്രമായി ചിന്ത അമ്മ ഇവിടെയുണ്ടോ എന്നു പോലും അറിയണ്ടാ..
അമ്മയെന്താ ഇങ്ങനെയൊക്കെ സംസാരിയ്ക്കുന്നത്.. അവളെന്റെ ഭാര്യയല്ലേ ഞാൻ രാവിലേ എഴുന്നേറ്റപ്പോൾ അവളേ മുറിയിൽ
കണ്ടില്ല….. പുറത്ത് പോയി നോക്കി അവിടേയും കണ്ടില്ല അടുക്കളയിൽ കാണുമെന്ന് കരുതിയപ്പോൾ ഇവിടേയുമില്ല.. അവളെവിടേ പോയി…….
നിന്റെ ഭാര്യ എങ്ങും പോയിട്ടില്ല ദാ ഇപ്പോൾ ഇവിടേ നിന്നും മുറിയിലേയ്ക്ക് പോയതേയുള്ളൂ അവിടെയെങ്ങാനും ചെന്നു നോക്കൂ. എനിക്കിത്തിരി പണിയുണ്ട്…..
അമ്മയിൽ നിന്നും ഈ ഒരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചിരുന്നതാണ് അമ്മയ്ക്ക് അല്ലെങ്കിലും ഈ കല്യാണം അത്രയും ഇഷ്ടമായിട്ടില്ല.. പിന്നേ എന്റെ നിർബന്ധത്തിനു വഴങ്ങി കൂടേ നിന്നെന്നേയുള്ളൂ…..
മാമന്റെ മോൾ സിതാരയേ എന്നെക്കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു അമ്മയുടെയും ബന്ധുക്കളുടേയും ആഗ്രഹം..
സിതാര ഒരുപാട് പഠിച്ച കുട്ടിയാണ് നല്ല ജോലിയും.സമ്പത്തുമുള്ളവൾ അമ്മാവന്റെ ഒറ്റമോൾ…. അതിന്റേതായ അഹങ്കാരവും അവൾക്കുണ്ട്.. ആരേയും കൂസാത്ത പ്രകൃതം അങ്ങനെയൊരു പെണ്ണിനെ ഞാൻ ആഗ്രഹിച്ചിട്ടേയില്ല…വർഷയാണെങ്കിലോ സിതാരയുടെ നേർ വിപരീത സ്വഭാവം..
വീട്ടിലേ ബുദ്ധിമുട്ട് കാരണം പഠനം ഡിഗ്രിയ്ക്ക്
പാതി വഴിയിൽ നിർത്തി കുടുംബം നോക്കാൻ ഇറങ്ങിതിരിച്ചവൾ.ഒരു തനി നാട്ടിൻപുറത്തുകാരി . എല്ലാവരേയും ബഹുമാനിക്കാനും സ്നേഹിയ്ക്കാനും അവൾക്കറിയാം…
ഞാൻ ആദ്യമായി അവളേ കാണുന്നത് തുണിക്കടയിൽ സെയിൽസ് ഗേൾ ആയിട്ടാണ്.. ഞാൻ എന്റെ ഇഷ്ടം വീട്ടിൽ അവതരിപ്പിച്ചപ്പോൾ ബാങ്ക് ജോലിക്കാരനായ എനിക്ക് ചേരുന്ന കുട്ടിയല്ല വർഷയെന്നായിരുന്നു എല്ലാവരുടേയും പക്ഷം…….
പക്ഷേ എന്റെ തീരുമാനത്തിൽ ഞാനുറച്ചു നിന്നു.. അതിന്റെ ദേഷ്യം എല്ലാവർക്കും അവളോടുണ്ടാവും..
സാരമില്ല മെല്ലേ എല്ലാം ശരിയാകും..
ഇന്ന് ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിയ്ക്കുന്നത് എന്റെ വർഷയെയാണ്… ആദ്യമായി കണ്ട ദിവസം മുതൽ എന്റെ മനസ്സ് കീഴടക്കി കളഞ്ഞ തൊട്ടാവാടി…… എന്നാലും അവളെവിടെപ്പോയി… ഞാൻ മുറിയിൽ ചെല്ലുമ്പോൾ അവൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കിടക്കുകയായിരുന്നു ..
വർഷ ഇയാൾക്കിതു എന്തു പറ്റി..?
ഒന്നുമില്ല ഏട്ടാ…
അതല്ല തനിയ്ക്കെന്തോ ടെൻഷൻ ഉണ്ട്.. ഇന്നലെ രാത്രിയിൽ മുതൽ ഞാൻ കാണുന്നതാണ്..ഇന്നലെ ഞാൻ റൂമിൽ വന്നത് പോലും താൻ അറിഞ്ഞില്ല നല്ല ഉറക്കമായിരുന്നു.. അങ്ങനെ ആദ്യരാത്രി കുളമായി…
സോറി ഏട്ടാ… ക്ഷീണം കൊണ്ടു ഞാനുറങ്ങി പോയി… .
സാരമില്ലടോ അതിനാണോ താൻ ഇങ്ങനെ കരയുന്നത് നമുക്ക് ഇനിയും സമയമുണ്ടല്ലോ ….
അതല്ല ഏട്ടാ എനിക്ക് ഇന്നലേ രാത്രിയിൽ മുതൽ വയറു വേദനയുണ്ടായിരുന്നു. ഇന്ന് രാവിലെ പീരിയഡ്‌സ് ആയി. അതിന്റെ വേദന കൊണ്ട് കിടക്കാൻ പോലും മേലാ…….
അതിനാണോ താൻ കരയുന്നത് ഇതൊക്കെ എല്ലാമാസവും വരുന്നതല്ലേ. അതല്ല കാരണമെന്ന് എനിക്കറിയാം… ധൈര്യമായി പറഞ്ഞോളൂ.. എന്തിനും ഞാൻ കൂടെയുണ്ട്…
ഏട്ടാ അമ്മയ്ക്ക് എന്നേ തീരേ ഇഷ്ടമല്ല അല്ലേ… കാണുന്നത് കൂടി വെറുപ്പാണ്….
തന്നേ അമ്മ വഴക്ക് പറഞ്ഞോ…?
ഞാൻ രാവിലേ കുളിച്ചിട്ട് ഏട്ടനൊരു ചായ ഇടാൻ അടുക്കളയിൽ കയറിയതാണ്.. എന്റെ നല്ല ബുദ്ധിയ്ക്ക് പീരിയഡ്‌സ് കാര്യം അമ്മയോട് മറച്ചു വെയ്ക്കാൻ തോന്നിയില്ല….
അപ്പോൾ തുടങ്ങിയതാണ് അമ്മ എന്നേ വഴക്ക് പറയാൻ.. കുടുംബത്തിൽ പിറന്ന കുട്ടികളാണെങ്കിൽ ശുദ്ധവും വൃത്തിയുമുണ്ടാകും ഇവിടെയൊന്നും തൊട്ടു അശുദ്ധമാക്കില്ല എന്നൊക്കെ പറഞ്ഞു ദേഷ്യപ്പെട്ടു….
ഞാൻ ഇന്നലെ വന്നല്ലേയുളളൂ ഏട്ടാ ഇവിടുത്തെ രീതികൾ എനിക്കറിയില്ലല്ലോ.. പിന്നേ കുറേ കാര്യങ്ങൾ അമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്.. അത് കൊണ്ട് ഞാൻ പൂജാമുറിയിലും.. കാവിലുമൊന്നും പോകില്ല എന്നാലും അടുക്കളയിൽ കയറാൻ പാടില്ല എങ്ങും തൊടാൻ പാടില്ല.
മറ്റുള്ളവർ ഇരിയ്ക്കുന്ന സ്ഥലത്തേയ്ക്ക് പോകാൻ പാടില്ല..കൂടെയിരുന്ന് ഭക്ഷണം കഴിയ്ക്കാൻ പാടില്ല .. മുറിയിൽ തന്നേ കഴിഞ്ഞോണം..
ഏട്ടനെക്കൂടി തൊടരുതെന്നാണ് അമ്മയുടെ കല്പന…. ഇത്രയൊക്കെ പറഞ്ഞപ്പോൾ എനിക്ക് സങ്കടമായി. സാരമില്ലടോ.. അവരൊക്കെ പഴയ ആളുകളല്ലേ.. ഓരോ ആചാരങ്ങൾ.. പറയും…. പിന്നേ തന്നോട് ഉള്ളിലുള്ള ദേഷ്യവും ഇങ്ങനെ പല പഴികൾക്കും കാരണമാകും.. പക്ഷേ താൻ വിഷമിക്കണ്ട ഞാനുണ്ടാകും എന്നും തന്റെ കൂടേ..
ആചാരങ്ങൾ കുറച്ചൊക്കെ നല്ലത് തന്നെയാണ് പക്ഷേ ഇതൊരു വിവേചനം അല്ലേ ഏട്ടാ…..
പെണ്ണ് ഉണ്ടാക്കുന്ന ഭക്ഷണം കഴിയ്ക്കാം പക്ഷേ അവളേ സ്പർശിയ്ക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ അനുവദിക്കില്ല…
” സ്വന്തം ഭർത്താവിനെ ഒന്ന് തൊടാൻ പോലും പറ്റില്ല എന്ന് വെച്ചാൽ കഷ്ടം തന്നെയാണ്.. ഏതായാലും ഏട്ടൻ അധികം നേരം ഇവിടേ നിൽക്കണ്ടാ അമ്മ കണ്ടാൽ അതു മതി പിന്നേ എന്നോടവും ദേഷ്യം മുഴുവനും…
വർഷ താൻ ഒന്ന് ചുമ്മാതിരിയ്ക്കൂ.. ഞാൻ തന്റെ ഭർത്താവാണ് എനിക്ക് വേറേ ആരേയും പേടിക്കണ്ട കാര്യമില്ല… തന്റെ വിഷമങ്ങൾ എന്റേയും കൂടെയാണ്.. അതു മനസ്സിലാക്കണം…. ഒരു സംഭോഗ വസ്തു മാത്രമായിട്ടല്ല ഞാൻ തന്നേ കാണുന്നത്.. പരസ്പരം മനസ്സും ശരീരവും പങ്കിട്ട് ജീവിയ്ക്കേണ്ടവരാണ് നമ്മൾ….
താൻ കേട്ടിട്ടില്ലേ ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ…. അതു കൊണ്ട് തന്റെ ആരോഗ്യം സംരക്ഷിയ്ക്കുക എന്റെ കടമയാണ്…. അമ്മയുടെ ദേഷ്യമൊക്ക താൻ ഒരാഴ്ച കൂടി സഹിച്ചാൽ മതി അതു കഴിഞ്ഞു നമ്മൾ പോകും എന്റെ ജോലി സ്ഥലത്തേയ്ക്ക് അവിടേ തനിക്ക് എല്ലാത്തിനും സ്വാതന്ത്ര്യമുണ്ടാവും …
ഇപ്പോൾ തനിക്ക് എന്തെങ്കിലും ആവശ്യമുണ്ടോ….?
അത് പിന്നേ ഏട്ടാ പുറത്ത് നിന്നും ഒരു പാഡ് വാങ്ങണം ഇനിയുള്ള ദിവസങ്ങളിൽ യൂസ് ചെയ്യാൻ…. എന്റെ കൈയിലുള്ളത് ഞാൻ യൂസ് ചെയ്തു..
അതാണോ കാര്യം ഞാൻ ഉടനേ വാങ്ങി വരാം താൻ വിശ്രമിച്ചോളൂ.. ഞാൻ വണ്ടിയുമെടുത്തു അടുത്തുള്ള ഡ്യൂട്ടി പെയ്ഡ് ഷോപ്പിലെത്തി..
എന്താ വേണ്ടത് ചേട്ടാ …
ഒരു പാഡ് വേണം സൈസും പറഞ്ഞു കൊടുത്തു
ആർക്കാണ് ചേട്ടാ?
ചിരിച്ചികൊണ്ടുള്ള അവന്റെ ചോദ്യം കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു .. എന്റെ ഭാര്യക്കാടോ… ഇനി തനിയ്‌ക്കെന്താ അറിയേണ്ടത് വേഗം സാധനം എടുക്കടോ.. അയാൾ വേഗം പാഡ് പൊതിഞ്ഞു തന്നു…
ഞാൻ അയാളെ അടുത്തേയ്ക്ക് വിളിച്ചു. “അതേ ഭായ് നിങ്ങൾ ഇങ്ങനെ പരിഹാസയ്ക്കാൻ നിൽക്കാതെ വല്ലപ്പോഴെങ്കിലും വീട്ടിലുള്ള സ്ത്രീകളുടെ കഷ്ടപ്പാടുകൾ അറിയാൻ ശ്രമിക്കണം.
ഈ സമയങ്ങളിൽ അവർ അനുഭവിയ്ക്കുന്ന വേദനയും ടെൻഷനും മനസ്സിലാക്കണം കൂടേ നിൽക്കണം. അല്ലാതെ അവർ വെച്ചു തരുന്ന ഭക്ഷണം വലിച്ചു കേറ്റി അറപ്പോടെ അവരെ അകത്തി നിർത്തുകയല്ല വേണ്ടത്..,മനസ്സിലായോ…
വണ്ടിയുമെടുത്തു വീട്ടിൽ എത്തിയപ്പോൾ അവൾ റൂമിൽ തന്നെയുണ്ടായിരുന്നു..
ഇന്നാ താൻ പറഞ്ഞ പാഡ്.. ഇനി ടെൻഷൻ വേണ്ട…. വൈകുന്നേരം നമുക്ക് ഒന്ന് പുറത്ത് പോകാം.. ഒരു സിനിമയും കണ്ടു ബീച്ചിലും പോയി ഒരു ഷോപ്പിങ്ങും നടത്തിപ്പോരാം…. നാളെ കഴിഞ്ഞു നമുക്ക് തന്റെ വീട്ടിലേയ്ക്ക് പോകണ്ടേ . . അവർക്കുള്ള ഡ്രെസ്സും എടുക്കാം…. താൻ കിടന്നോളൂ തനിക്കുള്ള ചൂട് വെള്ളവും എടുത്തിട്ട് ഞാനിപ്പോൾ വരാം…..
ആർക്കാടാ മോനേ നീ ചൂട് വെള്ളം തിളപ്പിയ്ക്കുന്നതു..?
അത് വർഷയ്ക്കാണമ്മേ…
അതെന്താ അവൾക്ക് വന്നു എടുത്തൂടെ..
അവൾക്ക് മേല പിന്നേ അവളോട് അടുക്കളയിൽ കയറരുതെന്നല്ലേ അമ്മയുടെ ഉത്തരവ്…
ഓഹ് അവളെല്ലാം പറഞ്ഞോ നിന്നോട്..
പറഞ്ഞു അമ്മയൊന്നു മനസ്സിലാക്കണം.. അവൾക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല ബോധ്യമുള്ള കുട്ടിയാണ് നല്ല അച്ചടക്കവും അവൾക്കുണ്ട്.. മനസ്സിൽ അവളോടുള്ള വെറുപ്പ് കാരണം ഇത്രയും വേദനിപ്പിക്കണോ.
ഇവിടെ അമ്മയ്ക്കും ഒരു മകളുണ്ട് അവൾക്കും നാളെ ചെന്നു കയറുന്ന വീട്ടിൽ നിന്നും ഇങ്ങനെയുള്ള അനുഭവങ്ങളുണ്ടായാൽ അമ്മയുടെ പ്രതികരണം എന്താവും…. അത് മനസ്സിലാക്കി അവളോട് സ്നേഹത്തോടെ പെരുമാറിയ്ക്കൂടെ…
എന്തായാലും എനിക്ക് അവളേ ഉപേക്ഷിയ്ക്കാൻ കഴിയില്ലല്ലോ എന്നേ വിശ്വസിച്ചു അവളുടേ വീട്ടുകാർ കൈപിടിച്ചു തന്നതാണ്…… അമ്മ അതോർത്താൽ നന്ന്. പിന്നേ ഇവൾക്കിവിടെ എന്തൊക്കെ സ്വാതന്ത്ര്യമുണ്ടോ അതൊക്കെ വർഷയ്ക്കുമുണ്ടാകും……
ഒരു പക്ഷേ അതിനേക്കാളേറെ സ്വാതന്ത്ര്യം അവൾക്കുണ്ടാകും…. അതാരും മറക്കണ്ടാ.. ഞാൻ റൂമിൽ ചെല്ലുമ്പോൾ അവൾ നല്ല ഉറക്കത്തിലായിരുന്നു… വർഷേ,,..
ആ ഏട്ടൻ വേഗം വന്നുവോ. ഞാൻ ഒന്നുറങ്ങി പോയി.
അത് സാരമില്ല ഇപ്പോൾ വേദനയുണ്ടോ..?
കുറച്ചു .
ഇയാൾ ഈ ചൂട് വെള്ളം അടി വയറ്റിൽ വെയ്ക്കൂ.. വേദന കുറഞ്ഞോളും..
ഇതൊക്കെ ഏട്ടനറിയാമോ..?
കുറെയൊക്കെ അറിയാം.. ഒരു ഭർത്താവ് ഇതൊക്കെ കുറച്ചു അറിഞ്ഞിരിയ്‌ക്കേണ്ടേ……
ഏട്ടൻ എനിക്കായി ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലേ..
സാരമില്ല ഇയാളതൊന്നും ചിന്തിയ്ക്കണ്ടാ താൻ എന്റെ ജീവനാണ്. തനിയ്ക്കായി ഇത്രയൊക്കെ ചെയ്യാൻ പറ്റുന്നുണ്ടല്ലോ എന്നതിൽ സന്തോഷമുണ്ട്…. ഭക്ഷണം നമ്മൾ ഒരുമിച്ചിരുന്നു കഴിയ്ക്കും അതിനിവിടെ ആരും വിലക്കില്ല .താൻ എന്റെ ഭാര്യയാണ് ഈ വീടിന്റെ വിളക്കാണ്..
ഇനിയെന്തെങ്കിലും വേണോ തനിക്ക്..?
ഇതിൽ കൂടുതൽ എനിക്ക് എന്താണ് വേണ്ടത് എന്തും ഷെയർ ചെയ്യാൻ കഴിയുന്ന ഒരു ലൈഫ് പാർട്ണറെ കിട്ടുന്നതിലും വലിയ ഭാഗ്യം വേറെയെന്താണ് വേണ്ടത് ഒരു പെണ്ണിന്……
ശരിയാണ് വർഷേ പരസ്പരം മനസ്സിലാക്കാൻ കഴിയുന്ന ഉത്തമ പങ്കാളികൾ.. അതാണ് ദാമ്പത്യത്തിന്റെ വിജയം…. നമ്മളെന്നും അങ്ങനെയായിരിയ്ക്കും…. അതേ ഏട്ടാ.. അവൾ എന്റെ മടിയിലേക്ക് ചാഞ്ഞു..
അതേ നമ്മുടെ ശാന്തി മുഹൂർത്തം ബാക്കി നിൽക്കുന്നു കേട്ടോ… ഞാൻ അവളുടെ കാതിൽ മെല്ലേ പറഞ്ഞു.. ചെറു പുഞ്ചിരിയോടെ അവൾ എന്റെ നെഞ്ചിൽ മയങ്ങി…