വിഭ നിന്നെ പ്രണയിക്കുന്നുണ്ട് നിരഞ്ജൻ, അത്രമേൽ ഭ്രാന്തമായി ഇനിയൊരു മടക്കം..

പ്രണയ മയൂരം
(രചന: ദയ ദക്ഷിണ)

നിരഞ്ജൻ….. നിനക്കെന്നെ ഓർമയുണ്ടോ….?? ഈ മൂന്ന് വർഷങ്ങൾക്കിടയിലെപ്പഴെങ്കിലും ആ ചിന്തകളിൽ ഞാൻ കടന്നു വന്നിട്ടുണ്ടോ….??

എന്തിന് വേണ്ടിയല്ലേ… തിരക്ക് പിടിച്ച ജീവിത യാത്രയ്ക്കിടയിലെന്നോ കണ്ടുമുട്ടിയൊരുവൾ…

അതല്ലേ അതുമാത്രമല്ലേ നീയെനിക്ക് നൽകുന്ന വിശേഷണം….. നിന്നെയൊരുപാട് ശല്യപ്പെടുത്തുന്നവൾ…. ചുണ്ടുകളെ വിശ്രമത്തിലാഴ്ത്താൻ ഒരുക്കമല്ലാത്തവൾ….

ഒരുപാട് പരാതി പറയുന്നവൾ…. ഏറെ കലഹിക്കുന്നവൾ… പരിഭവം നടിക്കുന്നവൾ….. അങ്ങനെയങ്ങനെ നിന്നിലേക്കോടിക്കേറി വന്നൊരു ക്ഷണിക്കപ്പെടാത്ത അതിഥി… അത്ര മാത്രം അല്ലെ ഞാൻ ??

പക്ഷെ അവളിലൊരു പ്രണയം തളിരിട്ടത് നീയറിഞ്ഞിരുന്നുവോ…… പതിയനെ താളമിട്ട ഹൃദയം നിന്റെ പേരുരുവിട്ടിരുന്നത് ചിന്തിക്കാനാകുമോ..?

ആ മൂന്നക്ഷരത്തിനെ പേടിസ്വപ്നമായി കരുതിയിരുന്നവളിൽ ആയിരമിരട്ടിയാഴത്തിൽ വേരാഴ്ത്തിയത് അറിഞ്ഞിരുന്നോ….?
അതിന് നിന്റെ മുഖമായിരുന്നെന്നറിയാമോ …..

പ്രണയമെന്തെന്നറിയാതെ അതിന്റെ ലഹരിയെ നുകരാതെ തൂലികയിൽ തളച്ചിട്ടുകൊണ്ട് ആനന്ദം കണ്ടെത്തിയപ്പോഴും ഉള്ളിലെവിടെയോ അവളിലെ പെണ്ണുണർന്നു കാണണം….അതിനാലാവാം നിന്നിലവൾ അടിമപ്പെട്ട് പോയത്……

ഒരു വിടപറച്ചിലിനുപോലുമവസരം നൽകാതെ നീയൊഴുകിയകന്നപ്പോഴാണവളിൽ അത്രമേൽ ഭ്രാന്തമായി നീയെന്ന നാമം പൂത്തുലഞ്ഞതെന്ന് വിശ്വസിക്കാനാകുമോ….??? പഴയെ വിഭയെ മറന്നു വച്ചത് നിന്നിലാണ്….

ഈ മൂന്നു വർഷങ്ങൾക്കിപ്പുറവും മറ്റൊരു വസന്തവും വേരിടാനില്ലാത്ത വണ്ണമാ ഹൃദയം വരണ്ടുപോയതറിയാമോ….??

ഓരോ തവണ പരിഭവങ്ങളും പരാതികളും… നോവുകളും നിന്നിലേക്കർപ്പിക്കുമ്പോഴും സൗഹൃദത്തിൽ കവിഞ്ഞൊരു വികാരമവളിൽ ആധിപത്യം സ്ഥാപിച്ചിരുന്നു……..

അതുകൊണ്ടാവണം അവളെ നിന്നിലൊതുക്കി നിർത്തിയത്…. നൊമ്പരങ്ങൾ നെഞ്ചിനെ അടക്കി വാഴുമ്പോൾ നിന്നിലേക്ക് ചുരുങ്ങാൻ കൊതിച്ചത്….

ചൊടിയിണകൾ കലഹത്തിലേർപ്പെടുമ്പഴൊക്കെ
മടുപ്പഴിച്ചു വച്ചുകൊണ്ട് കേൾക്കുന്നത് കൊണ്ടാകണം പിന്നെയുമോരൊന്നും ആവേശം ചോരാതെ പങ്കു വച്ചത്…..

വിഭ നിന്നെ പ്രണയിക്കുന്നുണ്ട് നിരഞ്ജൻ…. അത്രമേൽ ഭ്രാന്തമായി…. ഇനിയൊരു മടക്കം നിന്നിൽനിന്നു ആഗ്രഹിക്കാതെ….

എന്നിലേക്ക് തിരിയെ ചേർന്ന് കൂടെ നിനക്ക്….? കാലങ്ങൾ ഇതളൂർന്നു വീണിട്ടും അവളിപ്പഴും അവിടെയുണ്ട്…..
നിന്നിലൂടവളറിഞ്ഞ പ്രണയത്തെ മറ്റാർക്കും പകുത്ത് നൽകാൻ ഒരുക്കമല്ലെന്ന വാശിയെ കൂട്ട് പിടിച്ചുകൊണ്ട്. നിനക്കായ് മാത്രം….

എന്ന് വിഭ……

ജനലരികോട് ചേർന്നിരുന്നുകൊണ്ട് എഴുതിയവസാനിപ്പിക്കുമ്പോൾ ഓർമകളുടെ ബാക്കി പത്രമെന്നോണം അവളുടെ മിഴിയിണകളിൽ നീർ തുളുമ്പി…. പേപ്പറിന് തണലായി പേന വച്ചുകൊണ്ട് കസേരയിലേക്ക് ചാഞ്ഞു…

അപ്പോഴേക്കും കുഞ്ഞുറവയായി തുടങ്ങിയ നീർ കുമിളകൾ കവിളിനെയാകെ നനച്ചു കൊണ്ട് പൊട്ടിയൊലിച്ച് കഴുത്തിന്റെ ഗർത്തത്തിലേക്ക് മറഞ്ഞിരുന്നു….സന്ധ്യ മയങ്ങുന്ന നേരങ്ങളിൽ ഇതെന്നും പതിവാണ്….

അസ്തമയ സൂര്യനെ കണ്ണുകളിലേക്ക് ആവാഹിച്ച് ജനൽ പാളികളിലൂടെ മിഴിയെറിഞ്ഞിരിക്കുമ്പോൾ അവന്റെ ചിന്തകളവളെ പുണരും….

അതിന്റെ ഫലമെന്നോണം കൈകൾ അടുക്കിവച്ച വെള്ള പേപ്പറുകളിലൊന്നിൽ ചെന്ന് നിൽക്കും…. കണ്ണും മനസും ആവേശത്തോടെ അവനെ തേടും…. ഒടുക്കം….

എഴുതി മുഴുമിപ്പിച്ചതൊക്കെയും അഗ്നിക്കെറിയും…. കനലായ് അവയെരിഞ്ഞടങ്ങി വായുവിലേക്കുയരുമ്പോൾ ഒരുന്മാദിയെപ്പോലെ നോക്കി നിന്നാനന്ദിക്കും…. വെറുതെ…. സ്വയം തോറ്റിട്ടില്ലെന്ന് വിശ്വസിപ്പിക്കാൻ….

അന്നേരമവൾ നിരഞ്ജനെ തേടുന്ന വിഭയല്ല… നിരഞ്ജന്റെ വിടവിലും ഒന്നും നഷ്ടപ്പെടാത്ത…. അല്ലെങ്കിൽ നഷ്ടപ്പെട്ടില്ലെന്ന് ലോകത്തെ അറിയിക്കാൻ വെമ്പൽ കൊള്ളുന്ന വിഭ മാത്രമായിതീരും…..

“”””മുകിലുനുള്ളിൽ മാരിയെന്ന പോൽ
മെല്ലെയെന്നിൽ മിണ്ടിച്ചേക്കേറിയതും….
മനസിന്റെ മറുപാതി കട്ടെടുത്തതും……
മറു വാക്ക് മൊഴിയാതെ മാഞ്ഞു പോയതും മിഴി നീരിനൊപ്പം കിനാവുകൾ കുഴിച്ചു മൂടിയതും…

മൗനമായുള്ളം തേങ്ങുമ്പോൾ മറക്കണമെന്നുരുവിട്ടതും മഞ്ഞു പെയ്യുന്ന ഇടവഴിയിലോരോർമയായി
മറഞ്ഞു പോയതും നീ തന്നെ….””””

നിരഞ്ജൻ

നിരഞ്ജൻ മേനോൻ അപ്ഡേറ്റഡ് എ ന്യൂ ഫോട്ടോ…..

അന്ധകാരം വിഴുങ്ങിയ മുറിയിൽ ഫോണിലെ നീല വെളിച്ചം മാത്രം ആധിപത്യം സ്ഥാപിച്ചു തുടങ്ങിയിരുന്നു…..

ഹെഡ് റെസ്റ്റിലേക്ക് ചാരിയിരിക്കുന്ന അവളുടെ മിഴികളൊന്ന് തിളങ്ങിയോ….? കണ്ണുകൾ ആർത്തിയോടെയാ സ്ക്രീനിലെ ഫോട്ടോയിലേക്കും അതിനു മുകളിലായുള്ള വരികളിലും പാഞ്ഞു നടന്നു….

ഒന്നിനുമല്ലാതെയവളുടെ ചൊടികൾക്കിടയിൽ ആ പേര് ഉതിർന്ന് വീണു…..

നിരഞ്ജൻ….

മടുപ്പ് മനസിനെ കാർന്നു തിന്നാൻ തുടങ്ങിയ വേളയിലെപ്പഴോ എഫ്ബിയിലെ സാഹിത്യ ഗ്രൂപ്പിൽ ചേർന്നതാണ്…. മനോഹരങ്ങളായ കഥകളും കവിതകളും മറ്റേഴുത്തുകളും പൂക്കുന്ന വേദി…

അതിൽ പലരുടെയും സൃഷ്ട്ടികളോട് വല്ലാത്ത ഇഷ്ട്ടമായിരുന്നു….. തേടിപിടിച്ച് വായിക്കുവാൻ പാകത്തിന് ഓരോ വരികളിലും മാന്ത്രികതയൊളിപ്പിക്കുന്ന അനേകം എഴുത്തുകാർക്കിടയിൽ പെട്ടെന്ന് കണ്ണിലുടക്കിയ പേര്…… നിരഞ്ജൻ….!!

ന്തോ ഒരു കൗതുകം കണ്ട നാൾ മുതൽ ആ പേരിനോട് തോന്നി തുടങ്ങിയിരുന്നു…. അതേ കൗതുകം തന്നെ അയാളുടെ അക്ഷരക്കൂട്ടങ്ങളിലേക്കും എന്നെ കൊണ്ടെത്തിച്ചു…. രണ്ടു വരിയിൽ പോലും പ്രണയത്തിനെ ആവാഹിക്കാൻ കഴിയുന്നൊരുവൻ….

വിരഹ നൊമ്പരത്തിനെ ഹൃദയത്തിന്റെ ആഴങ്ങളിൽ കുടിയിരുത്തുന്നവൻ…..മിഴികളിൽ നോവിന്റ കയ്പ് തീർക്കുന്നവൻ….. അങ്ങനെയങ്ങനെ അത്രമേൽ മനസിൽ വേരാഴ്‌ത്തിയൊരു പേര്….. യഥാർത്ഥ നാമം അതാണോ എന്നുപോലും അറിയില്ല ….

മുഖം മറങ്ങുന്ന രീതിയിലാണ് ചിത്രങ്ങളെറേയുമെങ്കിലും ….. അക്ഷരങ്ങളിലൂടെ മെനഞ്ഞെടുത്ത അവന്റെ മുഖത്തിനോടെന്നും ആരാധനയായിരുന്നു…. പിന്നീട് പ്രണയത്തിന്റെ ചുഴിയിലേക്ക് തള്ളിയിടുമെന്നറിയാതെ പോയ ആരാധന….

കവിതകളോടാണവന് ഏറെ പ്രിയം…… എ അയ്യപ്പന്റെയും മാധവിക്കുട്ടിയുടെയും ആരാധകൻ…. രേണുകയുടെ പ്രണയിതാവ്……

നഷ്ടപ്രണയത്തിന്റെ കാമുകിയായ നന്ദിതയുടെ എഴുത്തുകളെ ഇത്രമേൽ ഹൃദയ സ്പർശിയായി വർണിച്ചെഴുതിയത് വേറെയെവിടെയും കണ്ടിട്ടില്ല…. അക്ഷരങ്ങളോരോന്നിലും വിസ്മയങ്ങൾ ഒളിപ്പിക്കുന്നവൻ….

തൂലിക തുമ്പിനാൽ ഹൃദയത്തിന്റെ വാതിൽ തള്ളി തുറന്ന് കൊണ്ട് നമ്മളിൽ പ്രതിഷ്ഠ നേടുന്നവൻ… അങ്ങനെയങ്ങനെ… എണ്ണിയാലൊടുങ്ങാത്ത വിശേഷങ്ങളാൽ മനസ്സിൽ കുടിയേറി പാർക്കുന്ന മായാജാലക്കാരൻ…..

അവന്റെ പേര് തെളിയുന്ന നിമിഷമോരോന്നിലും ഉള്ളിന്റെയുള്ളിൽ വിവേചിച്ചറിയാൻ സാധിക്കാത്ത വിധമൊരു അനുഭൂതി നാമ്പിടാറുണ്ട്… എന്തിനെന്നറിയാതെ താളം തെറ്റി മിടിക്കുന്ന ഹൃദയത്തേ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്……

എന്നോ അവന്റെ എഴുത്തുകളെ കുറിച്ച് പറയാൻ മെസ്സേജ് അയച്ചിരുന്നു….അന്നും മനസെന്തിനിത്ര മേൽ അവനിലേക്ക് ചായുന്നെന്നറിയാതെ നിന്നിട്ടുണ്ട്……..

വെറുമൊരു ആരാധികയെന്നതിലുപരി അവനോടെന്താണ് എന്ന് കണ്ടുപിടിക്കാൻ പറ്റാതെ വലഞ്ഞിട്ടുണ്ട്…….. ചോദ്യങ്ങൾ മാത്രം ശേഷിക്കേ മനസ് അതി വേഗത്തിൽ തിരതല്ലുകയായിരുന്നു……

പിന്നീടെപ്പഴോ ഒരു കൗതുകത്തിന് അങ്ങോട്ടേക്ക് വീണ്ടുമൊരു മെസ്സേജ് അയച്ചു…… പക്ഷെ മറുപടി വന്നില്ല… ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു…. നിരാശയായിരുന്നു ഫലം… ഒടുക്കം രണ്ടു ദിവസങ്ങൾക്കിപ്പുറം അവന്റെ മെസ്സേജ് എന്നെ തേടി വന്നു…

ഹൃദയം ആഞ്ഞു മിടിക്കുന്നതറിഞ്ഞു ….ലോകം കീഴടക്കിയ പോലെ സന്തോഷമായിരുന്നു ഉള്ളു നിറയെ….. പിന്നീടങ്ങോട്ട് ദിവസ്സവും മെസ്സേജുകൾ വന്നു…. ആദ്യത്തെ വിമുഖത വിശേഷം തിരക്കലുകളിലേക്ക് വഴി മാറി….

സുഖാന്വേഷങ്ങളും… കരിയറും കടന്നു കൊണ്ട് സംസാരം നീണ്ടു പോയി… ഇഷ്ടവും ഇഷ്ടക്കേടുകളുമടക്കം പരാതിയും… പരിഭവവും കലഹങ്ങളും ആശ്വാസ വാക്കുകളും പതിവായി…

വീട്ടുകാരും കൂട്ടുകാരുമടക്കം സുപരിചിതരായി…. കുറുമ്പും കുസൃതിയും സങ്കടവും സന്തോഷവും പരസ്പരം പങ്കുവച്ചുകൊണ്ട് നാമിരുവർക്കിടയിൽ മാത്രം ഒതുങ്ങുന്ന പ്രിയപ്പെട്ട പേരുകൾ പോലും പിറവിയെടുത്തു…..

നമുക്ക് മാത്രം പരസ്പരം വിളിക്കാൻ അവകാശമുള്ള പുറം ലോകത്തിന് വിട്ടുകൊടുക്കാത്ത പേരുകൾ…. കണ്ണ് കലങ്ങുമ്പോൾ അവനിലേക്ക് ഓടിക്കയറാൻ ശീലിച്ചു…..
നിമിഷങ്ങൾ മാത്രമായുസുള്ള പിണക്കങ്ങൾ ജനിച്ചു……

വാഗ്വാദങ്ങൾക്ക് വേദിയൊരുക്കി… എഴുത്തിലേക്ക് പിച്ച വെപ്പിച്ചുകൊണ്ടെവനെന്റെ ഗുരുനാഥനായി…..
അങ്ങനെയെങ്ങനെ ഒരു ചില്ലു ഗ്ലാസ്സിന്റെ ഇരു ധ്രുവങ്ങളിലിരുന്ന് രണ്ടുപേർ പരസ്പരമറിഞ്ഞു……

പിന്നീടൊരിക്കൽ പതിവുള്ള കലഹത്തിനിടയിലവനെറിഞ്ഞ
ചോദ്യത്തിൽ ഒന്നാകെയുലഞ്ഞു പോയിരുന്നു ഞാൻ…..

“””വിഭാ…. തനിക്ക് പ്രണയമുണ്ടോ…..?””

അവന്റെ വിഭയെന്ന വിളിയിൽ പോലും എന്നും ഞാൻ തളർന്നു പോകും…. എന്തോ ആ വിളിയിൽ വല്ലാത്തൊരു ഗൗരവം നിറയുന്നതുപോലെ ….

ഹൃദയം നിലച്ചു പോകുമ്പോലെ തോന്നും……. കള്ളം പിടിക്കപ്പട്ട കുട്ടിയെന്ന പോൽ അവന്റെ മെസ്സേജുകൾക്ക് മറുപടിയയ്ക്കുമ്പോൾ വല്ലാത്തൊരു പേടി മനസിനെ കവരാറുണ്ട്….

അത്രമേൽ ദേഷ്യം നിറയുമ്പോൾ അത്രമേൽ സങ്കടം വരുമ്പോൾ അതുമല്ലങ്കിൽ കുട്ടിക്കളികൾക്കുമപ്പുറം ചിലത് പറയാനുണ്ടെങ്കിൽ മാത്രമാണവൻ ഇങ്ങനെ വിളിക്കാറുള്ളതെന്ന് ഓർത്തു…

കുറച്ചു നിമിഷങ്ങൾ മൗനത്തെ കൂട്ട് പിടിച്ചു…. അപ്പഴും മനസ് യുദ്ധത്തിലായിരുന്നു….. എന്തിനാണ് ഇങ്ങനൊരു ചോദ്യമെന്നറിയാൻ…

“”ഇല്ലല്ലോ…. ന്തേ അങ്ങനൊരു ചോദ്യം……..?””

ആഞ്ഞു മിടിക്കുന്ന ഹൃദയത്തെ വരുതിയിലാക്കി കൊണ്ട് ഉത്തരമേകുമ്പോൾ അവന്റെ മറുപടിയറിയാനുള്ള വ്യഗ്രതയായിരുന്നു ഉള്ളിൽ….

പിന്നിടവൻ ഒന്നും മിണ്ടിയില്ല… വെറുതേ ചോദിച്ചതാണെന്ന് മാത്രം പറഞ്ഞു….. അതേ ചോദ്യം ഞാൻ തിരിച്ചു തൊടുത്തപ്പോൾ ഉത്തരം ഒരു ചിരിയിലൊതുക്കി കളഞ്ഞു…..
പറയാൻ ഇഷ്ടമില്ലാഞ്ഞിട്ടാകാം എന്നു കരുതിയിടത്ത് നിന്നവന്റെ മറുപടി വന്നു..

ഉണ്ടായിരുന്നെടോ…. കുറച്ചു വർഷങ്ങൾക്ക് മുൻപ്… ഹൃദയത്തിൽ ഒരു പേര് കൊത്തി വച്ചിരുന്നു…. ഇപ്പഴും മായ്ച്ചു കളഞ്ഞിട്ടൊന്നുമില്ല പക്ഷെ അയാൾ എന്നിലിന്നോരോർമയായ് അവശേഷിക്കുന്നെന്ന് മാത്രം….

“”ആരാ അത്……. അത്രയ്ക്ക്‌ ഇഷ്ട്ടമായിരുന്നോ….?””

ആകാംക്ഷയായിരുന്നു ഉള്ളു നിറയെ….

“”അങ്ങനെ ചോദിച്ചാൽ…. ആദ്യമൊക്കെ ഒരു സുഹൃത്ത് മാത്രമായിരുന്നു.. ഒന്നിച്ച്
ഒരേ ക്ലാസിൽ. പഠിക്കുന്നവൾ…. പതിവായി കാണുന്നവൾ…..

പക്ഷെ… പതിയെ പതിയെ അത് പേരറിയാത്തൊരിഷ്ടത്തിലേക്ക്‌ വഴുതി വീണു… അവസാനം കുഞ്ഞ് നൊമ്പരവും സമ്മാനിച്ച് പടിയിറങ്ങി….””

ചുരുങ്ങിയ വാക്കുകളിലൂടവൻ അവളെ വിവരിക്കുമ്പോൾ കേട്ടിരുന്നു പോയി…. പിന്നീടതൊരു ചോദ്യത്തിൽ എത്തി നിന്നു….

“”ഇപ്പഴും ഇഷ്ട്ടമാണോ അവളെ….?””

“”ഇഷ്ടമെന്നല്ല…. എന്നെങ്കിലുമിനിയൊരിക്കൽ കൂടി കണ്ടാൽ വെറുപ്പോടെയല്ലാതെ ചിരിക്കാൻ കഴിയണം… അത്രമാത്രം…. ആദ്യ പ്രണയം അത്ര പെട്ടെന്നൊന്നും മാഞ്ഞു പോകില്ലല്ലോ…. എനിക്കുമങ്ങനെ തന്നെ….

അപ്രതീക്ഷിതമായി എന്നിലേക്ക്
കടന്നു വന്നിട്ട് കുറച്ച് നല്ല നിമിഷങ്ങളും പകർന്നു തന്നിട്ടൊടുക്കമൊരു പാഠവും പഠിപ്പിച്ചിട്ടവളങ്ങു പോയി……
പ്രണയമിങ്ങനല്ലെന്നുള്ള പാഠം…..””

“”വെറുപ്പ് തോന്നിയിട്ടില്ലേ അവളോട്…..?””

“”എന്തിന്….ഓരോ അനുഭവങ്ങളും ഓരോ പാഠമല്ലേ….. അതുപോലെ തന്നെയിതും…. സങ്കടമുണ്ടായിരുന്നു… തനിച്ചാക്കി പോയതിൽ…. ഒരുപാട് കരഞ്ഞിട്ടുമുണ്ട്… പക്ഷെ വെറുക്കാൻ മാത്രമൊന്നും ഇല്ല…. “”

പ്രണയം നിരസിച്ചാലുടനെ കൊലക്കയറുകൾ സമ്മാനിക്കുന്നവർക്കിടയിൽ അവനെനിക്കൊരു പുതുമയായിരുന്നു…..

കാലമിത്ര കഴിഞ്ഞിട്ടും ആദ്യ പ്രണയത്തിനെ സുഖമുള്ളോരോർമ്മയായി നെഞ്ചോട് ചേർക്കുന്നവനെ ഞാൻ നോക്കി കണ്ടു….

ഭൂതകാലത്തെ കുറിച്ച് പറയുമ്പോഴൊരിക്കൽ പോലും ആ പെൺകുട്ടിയെ വാക്കുകളാൽ മുറിപ്പെടുത്താനോ ദേഷ്യത്താൽ പൊള്ളലേൽപ്പിക്കാനോ അവൻ മുതിർന്നിരുന്നില്ല….

എല്ലാം തന്നിലേക്ക് മാത്രമൊതുക്കാനിഷ്ടപ്പെടുന്നവനിൽ അന്നുമുതൽ എവിടെയോ എന്റെ ഹൃദയവും കുരുങ്ങി പോയിരുന്നു….

പിന്നീട് ഓരോ തവണയവൻ പ്രണയത്തെകുറിച്ച് പറയുമ്പോഴും ആവേശത്തോടെ ഞാൻ കാത് കൊടുത്തിട്ടുണ്ട്….

അന്നാദ്യമായെന്നിലാ മൂന്നക്ഷരം കുടിയേറിപ്പാർക്കുന്നതറിഞ്ഞു….. പിന്നെയും പിന്നെയും പ്രണയത്തെ കുറിച്ചവന്റെ കാഴ്ചപ്പാടുകൾ പങ്കു വയ്ക്കുമ്പോൾ മറ്റെല്ലാം വിസ്മരിക്കും…..
മടുപ്പെന്തെന്നറിയാതെ അവനേ കേട്ടിരിക്കാൻ തന്നെ വല്ലാത്തൊരു രസമാണ്…

എന്തോ ഒന്ന് അവനിലങ്ങനെ തളച്ചിടും പോലൊരു തോന്നൽ… പരസ്പരമൊന്ന് കാണാതെ ഒരാൾക്ക്‌ മറ്റൊരാളെ വാക്കുകളാൽ കീഴ്പ്പെടുത്താൻ കഴിയുമോ എന്ന് ചിന്തിച്ചു പോയ നിമിഷങ്ങൾ…..

അന്നതവിടെ പറഞ്ഞു തീർത്തെങ്കിലും ഇടയ്ക്കിടെയവന്റെ ചോദ്യങ്ങളുയർന്നിരുന്നു…. ഒരു കളി തമാശ പോലെ…..

“”തനിക്ക് പ്രണയിക്കണമെന്ന് ഇന്നുവരെ തോന്നിയിട്ടില്ലേ വിഭ…..?””

വീണ്ടുമതേ ചോദ്യം….! എന്തിനു വേണ്ടി??

മനസെന്നോട് ആരാഞ്ഞു കൊണ്ടിരുന്നു….. ഹൃദയം വീണ്ടും താളം തെറ്റാൻ തുടങ്ങി…. ആകെയൊരു മരവിപ്പ് മൂടുന്ന പോലെ…. എനിലുടലെടുക്കുന്ന മാറ്റങ്ങളെ വരിഞ്ഞു മുറുക്കി ഉത്തരം കൊടുത്തു….

“””എനിക്ക്… എനിക്കെന്തോ പേടിയാണെടോ… ഇന്നുവരെ അങ്ങനൊരു സാഹചര്യത്തിലൂടെ കടന്നുപോയിട്ടില്ലാത്തിനാലാവണം പ്രണയം എന്നിൽ നിന്നൊരുപാടകലെയാണ്….. പിന്നെ വീട്ടുകാരെ കൂടിയോർത്തിട്ടാ…..”””

“”ഹാ ഹാ… ഇത് ഒരു പുതിയ അറിവാണല്ലോ… പ്രണയത്തെ പേടി… അല്ല പ്രണയിക്കാൻ വീട്ടുകാരുടെ അനുവാദം വേണമെന്ന് തന്നോടാരാ പറഞ്ഞെ….?””

അല്ല…. എനിക്ക് വയ്യാഞ്ഞിട്ടാ വെറുതെ… വീട്ടുകാരെ വിഷമിപ്പിച്ചിട്ടൊരു പ്രണയം വേണ്ടെന്ന് വച്ചിട്ടാ….

“”ആഹാ അപ്പോ തന്റെ ജീവിതം ആര് ജീവിക്കും….വീട്ടുകാർക്ക് മുൻ‌തൂക്കം കൊടുക്കേണ്ടെന്നല്ല അതും വേണം…. പക്ഷെ സ്വയം ജീവിക്കാൻ മറന്നു പോകരുത്…. സ്വന്തമിഷ്ടങ്ങളെ ബലിയാടാക്കിയിട്ട് ഒരു ജീവിതം അത് വേണോ?””

“”അറിയില്ല നിരഞ്ജൻ… ഒരാളെ പ്രണയിച്ചിട്ട് എനിക്ക് നോവാണ് തിരികെ ലഭിക്കുന്നതെങ്കിലോ…. അയാളെന്നിൽ നിന്നകന്ന് പോയാലോ….? സഹിക്കില്ലെടോ… അതാ ഞാൻ…””

“””എടൊ… താൻ കേട്ടിട്ടില്ലേ നഷ്ടപ്പെട്ടേക്കാം പക്ഷെ പ്രണയിക്കാതിരിക്കരുതെന്ന്….. അതുപോലെ… ഏതോ ഒരാളെയല്ല തന്നെ താനായിട്ടറിയുന്നൊരാൾ വന്നാൽ സ്വീകരിച്ചുകൂടെ?”””

“”പ്രണയമൊരു അനുഭൂതിയാണെടോ അത് തന്റെ എഴുത്തുകളിൽ മാത്രമൊതുക്കരുത്…. അനുഭവിക്കാതെ എഴുതുന്നതിനൊന്നും ജീവനുണ്ടാവില്ല…”””

“”അങ്ങനൊരാൾ വരുമോ?'””

“””ഉറപ്പായും വരും വിഭാ…. നീ നിർബന്ധിക്കാതെ നിന്റെ മനസതിന് തയ്യാറാവും….ഒരു ഭയവും സങ്കടവും വേദനയുമില്ലാതെ തന്നെ നീ പ്രണയിക്കും….പക്ഷെ അപ്പോഴും വീട്ടുകാരെ മറക്കരുത്….മനസ് ബോധത്തെ ജയിക്കാൻ വിടരുത്….””

അവൻ പറഞ്ഞു നിർത്തുമ്പോൾ ഇത്ര നാളും ഭയം മുറ്റിയ കണ്ണുകളോടെ നോക്കിയതിനോടൊക്കെ ഒരു പ്രത്യേക ഇഷ്ട്ടം ചേക്കേറുന്നതറിഞ്ഞു….

ദിവസങ്ങൾ പോകെ…….നിരഞ്ജൻ എന്ന എഴുത്തുകാരൻ എനിക്കാരല്ലാമോ ആയി തീരുകയായിരുന്നു……

എന്തെന്ന് ഉറപ്പിച്ചു പറയാനാകാത്ത തരത്തിൽ അവനിലേക്ക് ചേർന്നു പോയിരുന്നു ഉള്ളം… കാണാതിരിക്കുമ്പോഴൊക്കെ ഒരു തരം വിങ്ങൽ മനസിനെ പൊതിയും…. സൗഹൃദം മാത്രമാണോ എന്ന് പലവുരു ആലോചിച്ചിട്ടുണ്ട്….

ആണെന്ന് സമർത്ഥിക്കാൻ ശ്രമിക്കുമ്പോഴും ഹൃദയം സമ്മതിക്കാറില്ല…. സൗഹൃദത്തിലും കവിഞ്ഞു അവനോടൊരു ഇഷ്ട്ടം…. ചുരുക്കിപ്പറഞ്ഞാൽ എന്തിനോടുപമിക്കണം എന്നറിയാത്തൊരടുപ്പം എന്നിൽ ഉരുതിരിഞ്ഞിരുന്നു…..

വേർപിരിഞ്ഞു പോകാനാകാത്ത വണ്ണം… മറ്റാർക്കും പകരം വയ്ക്കാൻ കഴിയാത്ത രീതിയിൽ…. നിരഞ്ജനെന്ന വ്യക്തിയെന്നിൽ വേരുറപ്പിച്ചു കഴിഞ്ഞിരുന്നു……

“””ഞാൻ പെട്ടെന്ന് ഒരു ദിവസം മരിച്ചാൽ നീയെങ്ങനെ അറിയും വിഭ??

അതുവരെ കുറുമ്പും കുസൃതിയും കളിയാക്കലുകളും അരങ്ങു വാണയിടം പെട്ടെന്ന് മൗനത്തിന്റെ താഴ്‌വാരങ്ങളിലേക്ക് ഊളിയിട്ടു…..

“”എന്ത്…. എന്താ….?

വാക്കുകൾ പിണക്കം നടിച്ചു…. വിറയലോടെ ഞാൻ പറഞ്ഞൊപ്പിച്ചു…..

എടൊ… ഞാൻ പറഞ്ഞത് മനസിലായില്ലെന്നുണ്ടോ….. എടൊ….വിഭാ…..

എന്റെ മറുപടിയൊന്നും കാണാഞ്ഞ് വീണ്ടും വീണ്ടുമവൻ വിളിക്കുമ്പോഴും പിടയ്ക്കുന്ന നെഞ്ചിനെ അടക്കി നിർത്താൻ പാട് പെടുകയായിരുന്നു ഞാൻ….

ശക്തിയിൽ എന്തോ വന്നിടിച്ചത് പോലെ ഹൃദയം നിലച്ചുവെന്ന് തോന്നി…. കണ്ണുകൾ നിറയാൻ മുതിരുന്നു… ചുണ്ടുകൾ വിറ പൂണ്ടു നിൽക്കുന്നു…. ശ്വാസ താളം പോലും വിലങ്ങിപ്പോയെന്ന് തോന്നി….. ഏറെ നേരമാ നിശബ്ദത തുടർന്നു….

അപ്പോഴും കയ്യിലെ മൊബൈൽ ഫോണിൽ അവന്റെ മെസ്സേജുകൾ വെളിച്ചം വീശിക്കൊണ്ടിരുന്നു….. എങ്കിലും പ്രകഷുബ്ധമായ കടൽ പോലെയെന്നിലപ്പോഴുമവന്റെ വാക്കുകൾ അലയടിച്ചു കൊണ്ടിരുന്നു…. കണ്ണുകൾ കവിഞ്ഞൊഴുകി…..

മറ്റൊന്നിലും ശ്രദ്ധയുടക്കാത്ത വണ്ണം ആ വാക്കുകളെന്നെ ചുട്ടു പൊള്ളിച്ചു…. അതിൽ തന്നെ കുരുങ്ങിക്കിടന്നു….. മറക്കാൻ ശ്രമിക്കും തോറും അതിനനുവദിക്കാതെ കാതുകളിൽ വന്നലച്ചു…..

എന്റെ മറുപടി പ്രതീക്ഷിച്ചു നിൽക്കുന്നവനോട്‌ മൗനം കൊണ്ട് പോരടിച്ചു…….ഇടവേളകൾക്കവസരമൊരുക്കാതെ മെസ്സേജയക്കുന്നവനോട്‌ ആദ്യമായി ദേഷ്യം ജനിച്ചു….. അവസാനം നിറ മിഴികളോടെ ഇച്ചിരി തിരക്കുണ്ടെന്ന് പറഞ് ഫോൺ ഓഫ്‌ ചെയ്യുമ്പോൾ മനസിന് വല്ലാത്ത ഭാരം തോന്നി….

ഇനിയൊരിക്കലും മിണ്ടാൻ പോകില്ലെന്ന വാശിയെന്നിൽ പിടി മുറുക്കി….. അപ്പോഴും അവനു വേണ്ടി അലമുറയിടുന്ന ഹൃദയത്തിന് തട തീർക്കാൻ മാത്രമെനിക്ക് കഴിഞ്ഞില്ല….

പിന്നീട് രണ്ടു മൂന്ന് ദിവസത്തേക്ക് അവനോടൊന്നും മിണ്ടിയില്ല…. പച്ച വെളിച്ചത്തിലേക് കൺ പാർത്തില്ല….

കാണാഞ്ഞാൽ തിരഞ്ഞിറങ്ങിയില്ല… ആഹാരം കഴിച്ചോയെന്നന്വേഷിച്ചില്ല…. വരവിനായി കാത്തിരുന്നില്ല…. അഥവാ അവനവിടെ ഉണ്ടായാലും കണ്ടില്ലെന്ന ഭാവം നടിച്ചു കൊണ്ട് വരുന്ന മെസ്സേജുകളെ മനഃപൂർവം അവഗണിച്ചു…

അപ്പോഴും എന്റെ വേദനയ്ക്കായിരുന്നു മുൻ‌തൂക്കം… അവന്റെ വാക്കുകൾ തീർത്ത കനലിൽ പൊള്ളി പിടയുന്ന ഹൃദയത്തെ ശമിപ്പിക്കാൻ ഈ മൗനം അനിവാര്യമാണെന്ന് തോന്നി….

കുറച്ചുദിവസങ്ങൾ അങ്ങനെ കടന്നു പോയെങ്കിലും അധികം അവനോട് മൗനം ഭവിക്കാൻ തോന്നിയില്ല… വല്ലാത്തൊരു ശ്വാസം മുട്ടൽ പോലെ….. അവന്റെ ശൂന്യത എന്നെ ഏറെ തളർത്തിയിരുന്നു….

മനസ് തുറന്നൊന്നു കരയാൻ… പൊട്ടി ചിരിക്കാൻ….. വേണ്ടുവോളം സംസാരിക്കാൻ….. നിമിഷങ്ങളുടെ വ്യത്യാസത്തിൽ എനിക്ക് ചുറ്റും നടക്കുന്നതെല്ലാം പങ്കുവയ്ക്കാൻ….. ഒക്കെ… ഒക്കെത്തിനും ഒരാളെ ഞാൻ കൊതിച്ചിരുന്നു….

അവനോളമാർക്കുമെന്റെ വട്ടുകളെ സഹിക്കാൻ കഴിയില്ലെന്ന് കാലങ്ങൾ മുൻപേ മനസിലാക്കിയതെങ്കിലും വീണ്ടും വീണ്ടും അതെന്നിൽ ഒരു ഓർമ്മപ്പെടുത്തലായി….

അവനില്ലായ്മയിൽ ഉഴറുന്ന മനസിനെ തൃപ്പ്തിപ്പെടുത്താൻ ഒരു മെസ്സേജിന്റെ ദൂരം മാത്രമേ വേണ്ടി വന്നുള്ളൂ…

ഒരു പിണക്കത്തിന് യുഗങ്ങളുടെ കണക്കു പറയാൻ ഉള്ളതുപോലെ തോന്നി…… തിരിയെ ഒന്നുകൂടി അവനിലേക്കടുക്കുമ്പോൾ ഇത്ര നാളുമുണ്ടായിരുന്ന ശൂന്യതയുടെ മേലാപ്പ് ഒഴുകിയകലുന്നതറിഞ്ഞു…..

ദിനങ്ങൾ കൊഴിഞ്ഞു പോകവേ ആ ചോദ്യത്തിൽ നിന്നൊരു മുക്തിയവൻ ആഗ്രഹിച്ചിരുന്നില്ല… വീണ്ടും വീണ്ടും അതെന്നോട് ആരാഞ്ഞു കൊണ്ടിരുന്നു….

ഞാൻ വിങ്ങുന്നതറിഞ്ഞിട്ടും എന്തോ വാശിയായിരുന്നു ഉത്തരമറിയാൻ…. പക്ഷെ പറയാൻ ഞാൻ ഒരിക്കലും തയ്യാറില്ല….. ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു…..

തന്നെ ചൊടിപ്പിക്കാനെന്ന വണ്ണം സംസാരങ്ങളിൽ മരണത്തിന്റെ ചേരുവകൾ വിതറി രസിച്ചു നിരഞ്ജൻ…. അവസാനം എന്നിലടക്കി നിർത്തിയ അഗ്നിപർവ്വതം അതിന്റെ അതിർവരമ്പുകളെയാകെ പൊട്ടിച്ചെറിഞ്ഞു കൊണ്ട് പുറം തള്ളി….

അവന്റെ തമാശയ്ക്ക് നേരെയെന്റെ നാവ് ആയുധമായി…. മൂർച്ചയേറിയ അക്ഷരങ്ങൾ കൊണ്ടവനെ നോവേൽപ്പിച്ചു….

ഇനിയൊരിക്കൽ കൂടി മരണമെന്ന വാക്കവനിൽ പുനർജനിക്കാതിരിക്കാൻ തക്ക വണ്ണം ശക്തമായി എതിർത്തു…… ഒരു നിശ്വാസത്തിന്റെ ദൂരത്തിനിപ്പുറം അവന്റെ സാമീപ്യമുള്ള പോലെ പല്ലുകൾ ഞെരിഞ്ഞമർന്നു….

നേരിട്ടൊന്ന് കണ്ടിട്ട് കൂടിയില്ലാത്ത ഒരുവന്റെ വാക്കുകളിൽ പൊള്ളിയടരുന്ന മനസിനെ അടക്കി നിർത്താൻ പാട് പെട്ടു…..
കണ്ണുകൾ ഇടതടവില്ലാതെ പെയ്തു…..

അപ്പോഴും അവനോടെനിക്ക് പ്രണയമാണെന്ന് സമ്മതിക്കാൻ മാത്രം കഴിഞ്ഞില്ല….. മനസത് അംഗീകരിക്കുന്നെങ്കിലും ബുദ്ധിയാൽ അതിനെ പിൻ വലിക്കാനൊരു പാഴ് ശ്രമം ഞാൻ തുടർന്നു കൊണ്ടേയിരുന്നു……

പതിവ് പോലെയന്നും രാത്രിയിലെ അവസാന സന്ദേശവുമയച്ചൊരു പുഞ്ചിരിയോടെ ഉറക്കത്തെ പുൽകി…. പിറ്റേന്ന് സ്ഥിരം സമയം കഴിഞ്ഞിട്ടും നിരഞ്ജന്റെ മെസ്സേജ് കണ്ടില്ല….. തിരക്കായിരിക്കുമെന്ന് വിശ്വസിച്ചു..

രാത്രിയിലും വന്നില്ല … അയച്ച മെസ്സേജ് ഒന്ന് നോക്കിയിട്ട് പോലുമില്ല….. അടുത്ത ദിവസവും ഇതേ പല്ലവി… നെറ്റ് തീർന്നതാവുമെന്ന് കരുതി സമാധാനിച്ചു….

പക്ഷെ ദിവസങ്ങൾ ആഴ്ചകളായി…… വർത്താനം പറയാനും കൂട്ടുകൂടാനും ആൾക്കാർ പലതും വന്നു……എങ്കിലും വിഭയുടെ സന്തോഷത്തിന്റെ താക്കോൽ കയ്യിലുള്ളവൻ തിരികേയെത്തിയില്ല…..

“” ഒരുദിവസം ഞാൻ വന്നില്ലെങ്കിൽ നീയെന്ത് കരുതും വിഭാ…. തിരക്കാകുമെന്ന്… പിന്നെയും കണ്ടില്ലെങ്കിൽ….

ഡാറ്റ കഴിഞ്ഞെന്ന് കരുതും…. പിന്നെയും കുറച്ചു കാലം കാത്തിരിക്കും… മെല്ലെ മെല്ലെ മറക്കും… അപ്പോഴും ഞാൻ മരിച്ചെന്നു നീയറിയില്ലല്ലോ ….””””?

ഒരിക്കലവൻ പറഞ്ഞ വാക്കുകൾ തീ ഗോളങ്ങൾ പോൽ നെഞ്ചിലാഞ്ഞു പതിച്ചു…… അരുതാത്തതൊന്നും സംഭവിച്ചു കാണല്ലേയെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച ദിവസങ്ങൾ….

അപ്പോഴും ക്രമാതീതമായി ഉയരുന്ന നെഞ്ചിടിപ്പും ഉള്ളിലെ ഭയവും എന്നിലെ ആധിയുടെ അളവേറ്റാൻ പാകത്തിനായിരുന്നു….. അവനൊന്ന് വന്നിരുന്നെങ്കിൽ ആശിച്ചു പോയി….

ആർത്തലച്ച് കരയാൻ തോന്നി…..എന്റെ സന്തോഷങ്ങളും…. നോവും… പ്രതീക്ഷകളുമടക്കം അവനിൽ പണയത്തിലാണെന്ന് തോന്നി… ചുണ്ടിലെ പുഞ്ചിരി പോലും കളവ് പോയിരുന്നു…..

ചുരുങ്ങിയ കാലം കൊണ്ട് അറുത്ത് മാറ്റാനാവാത്ത വിധം…. വിട്ടുകൊടുക്കാൻ സാധിക്കാത്ത വണ്ണം നിരഞ്ജനിൽ വിഭയെന്ന പെണ്ണ് ആഴ്ന്നു കഴിഞ്ഞിരുന്നു…

അവന്റെ അഭാവം അത്രമേൽ തളർത്തി തുടങ്ങിയിരുന്നു…..പതിയെ പതിയെ ആ പേര് അവളിലെ പ്രണയത്തിന്റെ ഉപമയായി മാറുന്നതറിഞ്ഞു……

ഓർമകളുടെ വള്ളിപടർപ്പിൽ നിന്നു മടങ്ങവേ…. വിഭയുടെ തോളിലൊരു കര സ്പർശമറിഞ്ഞു…… കോട്ടയത്തെ സ്വകാര്യ വിദ്യാലയത്തിൽ ജോലി കിട്ടിയപ്പോൾ മുതലുള്ള കൂട്ട്…..

ദേവിക…. നിരഞ്ജന്റെ അഭാവത്തിൽ താങ്ങായി നിന്നവൾ….. എല്ലാം പറയാമെന്ന സ്വാതന്ത്ര്യം കൈവന്നപ്പോൾ തന്നെ കേൾക്കാൻ കൂടെയുണ്ടായവൾ….

ജോലി സംബന്ധമായ യാത്രകൾക്ക് ദൂരം വിലങ്ങു തടിയായപ്പോൾ വാടകയ്ക്കൊരു വീട് എടുത്ത് തന്നൊപ്പം താമസിക്കാൻ മുതിർന്നവൾ…. കണ്ണ് നിറയുമ്പോൾ തോളിൽ കൈ ചേർത്ത് പൊതിഞ്ഞു പിടിക്കാനടുക്കും……

ഇന്നുമത് തെറ്റിയില്ല… ഈ കാത്തിരിപ്പിനെ മാത്രം ഇഷ്ടക്കേട് കൂടിയൊന്ന് നോക്കുമെങ്കിലും വിലക്കാൻ മുതിർന്നിട്ടില്ല…. അതിനു മാത്രം താൻ സമ്മതമേകുകയുമില്ല…

“”ഇനിയുമൊരു കാത്തിരിപ്പ് അത് വേണോ വിഭാ..?””

വേണം…. എനിക്കത് വേണം….

ഇനിയുമെത്ര നാളുണ്ടാവും ഇതിങ്ങനെ…..??

അറിയില്ല… പക്ഷെ ഈ കാത്തിരിപ്പ് അതിനുമുണ്ടെടോ ഒരു ലഹരി… അത്രമേൽ ഭ്രാന്തമായി എന്നിലൊരു വസന്തം സൃഷ്ട്ടിച്ചവന് വേണ്ടിയുള്ള കാത്തിരിപ്പിന് ഒരു സുഖമാണ്…

“””ഇനിയുമീ വഴിയേ വന്നില്ലെങ്കിലോ…..??”””

“”നോ ദേവിക…!!! അത്… അത് ഒരിക്കലും സാധ്യമല്ല…. എന്നെങ്കിലുമൊരിക്കൽ ഈ വഴിയേ ഒരു മടങ്ങിവരവ് അവനാഗ്രഹിക്കും… അന്നും ഞാനിവിടെ വേണം…

ഈ കണ്ണുകളിൽ അവനായുള്ള പ്രതീക്ഷ വറ്റുമ്പോൾ…. ഈ കാലുകൾ അവനിലേക്കുള്ള പാത തിരയാതെയാവുമ്പോൾ…

ഈ ചുണ്ടുകളിൽ അവനോടുള്ള പുഞ്ചിരി പൂക്കുന്നില്ലെങ്കിൽ…. ഈ ഹൃദയത്തിൽ അവനോടുള്ള പ്രണയം തുടിക്കുന്നില്ലെങ്കിൽ.
ആ വരവും നിലയ്ക്കും… “”

“”വരുമെന്ന് ഉറപ്പാണോ ….?”””

“””വരും… എനിക്കറിയാം…. അന്നീ ജനൽ പാളികൾ മുഴുവനായും തുറക്കും…. അതിന്റെ രണ്ടറ്റത്ത് ഞങ്ങളുണ്ടാവും…. അവന്റെ കൈകൾ എന്റെ കരങ്ങളെ ചുംബിക്കും…. കെട്ടി പുണരും….

കണ്ണുകളിൽ പ്രണയത്തിന്റെ അലകളിളകും… കാലത്തിന്റെ കണക്ക് പുസ്തകത്തിൽ അവനായി കാത്തു വച്ച ദിനങ്ങൾ പൂർണമാവും…. എന്റെ പ്രണയം അവനായി ഞാൻ ചൊരിയും വിലക്കുളേതുമില്ലാതെ……””

ആവേശത്തോടെ പറയുന്നവളുടെ കയ്യിലൊന്ന് പിടിച്ചു കൊണ്ട് അകത്തേക്ക് നടക്കുമ്പോൾ മേശമേൽ സ്ഥാനമുറപ്പിച്ച വെള്ള പേപ്പറുകൾ വിഭയുടെ പ്രണയത്തെയറിയാനുള്ള കാത്തിരിപ്പിലായിരുന്നു……

പ്രിയപ്പെട്ടവന് വേണ്ടി ഒരായിരം തവണ മഷി പടർത്തിയാലും മരിക്കാത്ത മനസും പേറി അവളുമാ ജാലക പഴുതിനരികെ നിന്നിരുന്നു അവന്റെ വരവിനായി…..

Leave a Reply

Your email address will not be published. Required fields are marked *