മറ്റൊരു അടുക്കളയില്‍ അമ്മയെ പോലെ മറ്റൊരു പെണ്ണായി ജീവിതകാലം മുഴുവന്‍ നരകിക്കുന്നതിലും നല്ലത് നല്ല ജീവിതം..

യാത്രാ മൊഴി
(രചന: Vipin PG)

പത്ത് വര്‍ഷത്തിനു ശേഷം പഠിപ്പുര കടന്നു വരുമ്പോള്‍ ചുറ്റും കുട്ടിക്കാലത്തിന്റെ ശബ്ദം കേട്ടു. ആരൊക്കെയോ ഓടുന്ന ശബ്ദം,, ചാടുന്ന ശബ്ദം.

കുറെ നേരം ഒന്നും മിണ്ടാതെ നിന്ന എന്നെ തട്ടി വിളിച്ചുകൊണ്ട് അകത്ത് കയറണ്ടേ എന്ന് അരുണ്‍ ചോദിച്ചു. കയറാം,, കയറണം,,, അതിനാണല്ലോ വന്നെ.

ഇരുപത്തൊന്ന് തികഞ്ഞ അന്ന് ഇവിടുന്നു പോയതാണ്. പോലീസും കേസും നിയമവും കോടതിയുമോക്കെയായി അഞ്ചാറു മാസം. പിന്നെ മറ്റൊരു കര,, മറ്റൊരു ജീവിതം.

ഒരേ ക്ലാസ്സില്‍ ഏഴു വര്‍ഷം ഒന്നിച്ചു പഠിച്ചതാണ് രമയും അരുണും. രമ,, ആ പേര് തന്നെ പഴകിയതല്ലേ. അതേ,, അവളും പഴകി തുടങ്ങിയിരുന്നു. എല്ലാവരും പഴകിയ ഒരു വീട്ടില്‍ അവളും പഴകിയതിനെ പഴിക്കാന്‍ പറ്റില്ല.

അവളുടെ അച്ഛനും അമ്മയും ആ പഠിപ്പുര വീട്ടിലെ അവസാന കണ്ണികള്‍ ആയിരുന്നു. ചുറ്റുമുള്ള ജീവിതം കാണുന്നുണ്ടെങ്കിലും അത് ജീവിതത്തിന്റെ ഭാഗമാക്കാന്‍ കഴിയാതെ പോയ ഒരമ്മ.

കാരണം അവളുടെ അച്ഛന്റെ ജീര്‍ണ്ണിച്ച മനസ്സ് തന്നെയായിരുന്നു. അയാളുടെ കാരണവര്‍ പിന്നിട്ട വഴികളിലൂടെ മാത്രം അയാളും സഞ്ചരിച്ചു. മറ്റൊന്നും തന്നെ അയാള്‍ക്ക് മാതൃകയല്ല.

ആണ്ടിലൊരിക്കല്‍ വീട്ടില്‍ പോയിരുന്ന അമ്മ ജീവശ്വാസം വലിച്ചിരുന്നത് അവിടെ നിന്നാണ്. അച്ഛന്‍ അമ്മയുടെ വീട്ടിലേയ്ക്ക് പോകാറില്ല.

അതുകൊണ്ട് തന്നെ രമയ്ക്കും ആ വീട് അന്യമായി. ആണ്ടിലൊരിക്കല്‍ അമ്മയോടൊപ്പം കയറി ചെല്ലുന്ന അതിഥി.

രമ ഉണ്ടായ കാലം തൊട്ടേ ഇങ്ങനെയൊരു ബന്ധം വേണ്ടിയിരുന്നില്ല എന്ന് എല്ലാവരും ചിന്തിച്ചു. പറിച്ചെറിയണ്ട എന്ന് അവളുടെ അമ്മ തീരുമാനിച്ചത് കൊണ്ട് അത് മുന്നോട്ടു പോയി.

അച്ഛന്റെ പെങ്ങളാണ് അവള്‍ക്ക് പേരിട്ടത്. ആ അവകാശവും അവളുടെ അമ്മയ്ക്ക് നഷ്ടപ്പെട്ടു. ആരോടും പരാതിയും പരിഭവവും പറയാന്‍ പോയില്ല. അങ്ങനെ പറഞ്ഞ് തുടങ്ങിയാല്‍ പിന്നെ അതിനെ നേരം കാണൂ.

വിധിക്കപ്പെട്ടു,, ഇനി പൊരുത്തപ്പെടുക. അവര്‍ ഒരുമിച്ചു ജീവിച്ചു. പക്ഷെ കണ്ടതും കേട്ടതും കാണുന്നതും കേള്‍ക്കുന്നതുമെല്ലാം മക്കളും അംഗീകരിക്കണമെന്ന് പറഞ്ഞാല്‍ അത് നടക്കില്ല.

തന്റെ കൂട്ടുകാര്‍ക്കൊപ്പം വളരാന്‍ ആഗ്രഹിച്ച രമ ഒരു പ്രായമെത്തുന്നവരെ ക്ഷമിച്ചു. ആ ക്ഷമ ഇരുപത്തൊന്ന് വയസ്സ് വരെ നീണ്ടു.

കാരണം അവന്റെ കൂടെ പോകാനോ അവനവളെ കൂടെ കൂട്ടാനോ അവന് ഇരുപത്തൊന്ന് തികയണം. അവര്‍ രണ്ടുപേരും അതിനു വേണ്ടി കാത്തിരുന്നു.

അഞ്ചാം ക്ലാസ്സില്‍ വച്ചാണ് അവര്‍ മുഖത്തോടു മുഖം കാണാന്‍ തുടങ്ങിയത്. ഒരു കുട്ടിക്കളിയുടെ ലാഘവത്തില്‍ എല്ലാവരും തള്ളി കളഞ്ഞെങ്ങിലും പ്രായം കൂടുംതോറും ആ കുട്ടിക്കളി വലിയ കാര്യമായി മാറി.

വെറും പതിനഞ്ചു വയസ്സില്‍ അവര്‍ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനമെടുത്തു. ബാലിശമായ കുട്ടിക്കളിയെന്ന് അന്നും ചിലര്‍ അതിനെ കളിയാക്കിയെങ്കിലും അത് മനസ്സില്‍ ഉടക്കിയ തീരുമാനമായിരുന്നെന്നു പിന്നീട് എല്ലാവര്‍ക്കും മനസ്സിലായി.

അവളുടെ ഒന്നുമില്ലായ്മയിലും അവന്‍ അവളെ ഇഷ്ടപ്പെട്ടു. അന്നൊന്നും അവള്‍ ഉടുത്തൊരുങ്ങി കണ്ടിട്ടില്ല.

ഒരിക്കല്‍ അവളുടെ വീട്ടില്‍ ഒരു ചടങ്ങില്‍ വച്ച് അവളെ ആദ്യമായി അങ്ങനെ കണ്ടപ്പോള്‍ അവളൊരു മാലഖയാണെന്ന് അവനും തോന്നി. അത് വെറും തോന്നലല്ല,, അവള് മാലാഖ തന്നെയാണ്.

പട്ടു പാവാടയിട്ട് നെറ്റിയില്‍ ചന്തനം തൊട്ട മാലാഖ.

സ്വന്തം കാര്യം സ്വയം നോക്കിയിരുന്ന അരുണിനെ സംബന്ധിച്ചിടത്തോളം അവന്റെ തീരുമാനമെന്തോ അത് കേള്‍ക്കുക എന്നെ വീട്ടില്‍ ചെയ്യാന്‍ ഉണ്ടായിരുന്നുള്ളൂ.

അതുകൊണ്ട് തന്നെ പെണ്ണിന് പതിനെട്ടു വയസ്സായപ്പോള്‍ അരുണിന്റെ വീട്ടില്‍ നിന്ന് വന്നു കാര്യം പറഞ്ഞു. ജാതി വേറെ മതം വേറെ,, പഠിപ്പുര കടന്നു വരുന്നവരെ ആട്ടി വിടുന്ന ശീലമില്ലെന്നു പറഞ്ഞ അവളുടെ അച്ഛന്‍ ആ വാക്കുകളിലൂടെ അവരെ ആട്ടി.

എന്തായാലും അച്ഛന്‍ മരിക്കുന്നത് കാത്ത് നില്‍ക്കാന്‍ പറ്റില്ല,, പിന്നെ പറ്റുന്നത് ഇറങ്ങി പോകുക എന്ന് മാത്രമാണ്.

അങ്ങനെ പോകണമെങ്കില്‍ അവന് ഇരുപത്തൊന്ന് വേണം. അവര്‍ അതിനു വേണ്ടി കാത്തിരുന്നു. തനിക്ക് വന്നത് മകള്‍ക്ക് കൂടി വരാന്‍ അമ്മ തയ്യാറായില്ല.

അതുകൊണ്ട് തന്നെ അവളുടെ ഒരു തീരുമാനത്തിനും അമ്മ എതിര് നിന്നില്ല. ഒരു നല്ല ജീവിതം അവള്‍ക്ക് കിട്ടുമെങ്കില്‍ അവള്‍ക്ക് പോകാം. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാം.

അമ്മയും കാത്തിരുന്നു,, വര്‍ഷങ്ങള്‍ കടന്നു പോയപ്പോള്‍ പ്രായവും പക്വതയും എത്തിയപ്പോള്‍ അവള്‍ അവന്റെ കൂടെ പടിയിറങ്ങി. അമ്മ അവളെ ആശിര്‍വദിച്ചു. അവള്‍ സന്തോഷത്തോടെ പോയി.

നിയമം അനുവദിക്കുന്നുണ്ടെങ്കിലും ആ പോക്ക് അത്ര നിസ്സരമല്ലായിരുന്നു. അമ്മ സമ്മതം മൂളിയതിനു ശേഷം പിന്നീട് അങ്ങോട്ട്‌ ഇരുപത്തൊന്ന് കൊല്ലം ആ അമ്മ കണ്ടിട്ടില്ലാത്ത പീഡനം ഏല്‍ക്കേണ്ടി വന്നു.

അവളുടെ കണ്മുന്നില്‍ ഇട്ട് പൊതിരെ തല്ലി. വാശി ജയിക്കാനാണ്,, മറ്റൊന്നിനും വേണ്ടിയല്ല. തോറ്റ് കൊടുക്കാന്‍ മനസ്സില്ല.

തോല്‍പ്പിക്കാന്‍ ആരും ശ്രമിക്കുകയും വേണ്ട. വീടിനു പായല്‍ പിടിച്ചാല്‍ ചുരണ്ടിക്കളയാം,, പക്ഷെ മനസ്സില്‍ പായല്‍ പിടിച്ചാല്‍ അത് പറ്റില്ല. മകള്‍ പോയതിന് ആയ കാലം മുഴുവന്‍ അമ്മ തല്ലു കൊണ്ടു.

പതിയെ പതിയെ അമ്മ തളര്‍ന്നു. നേരെ നില്‍ക്കാനും നടക്കാനും വയ്യെന്നായി. അതവളുടെ മനസ്സിനെയും നോവിച്ചു. കാരണം,, അവള് കാരണമാണ് അമ്മയ്ക്ക് ഇത്രയും ദ്രോഹം സഹിക്കേണ്ടി വന്നത്.

പക്ഷേ എന്ത് ചെയ്യാം,, മറ്റൊരു അടുക്കളയില്‍ അമ്മയെ പോലെ മറ്റൊരു പെണ്ണായി ജീവിതകാലം മുഴുവന്‍ നരകിക്കുന്നതിലും നല്ലത് നല്ല ജീവിതം തെരഞ്ഞെടുത്തത് തന്നെയാണ്.

അവളുടെ കൂടെ വന്നു നില്‍ക്കാന്‍ പല തവണ നിര്‍ബന്ധിച്ചിട്ടും അമ്മയാണ് വരാഞ്ഞത്. അവര്‍ക്കൊക്കെ അവരുടെതായ കാഴ്ചപ്പാടുണ്ട്. അത് പറഞ്ഞ് മാറ്റാന്‍ പറ്റില്ല

പിന്നെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ തിരിച്ചു പോക്ക്,, അച്ഛനും വയ്യാതായി. ഒരു നോക്ക് കാണാന്‍,, ഒരു വാക്ക് മിണ്ടാന്‍ പറ്റാതെ അച്ഛന്‍ പോയാല്‍ പിന്നെ അതൊരു വിഷമമാകും.

എല്ലാവരും തിരിഞ്ഞു ചിന്തിക്കുക കിടപ്പിലാകുമ്പോള്‍ ആണല്ലോ. മരണത്തോട് അടുക്കുമ്പോള്‍ അതുവരെ ചെയ്ത് കൂട്ടിയത് മുഴുവന്‍ അവരുടെ കണ്മുന്നില്‍ തെളിഞ്ഞു വരും.

അതില്‍ പലതും അവര്‍ക്ക് വേണ്ടായിരുന്നു എന്ന് തോന്നും. അച്ഛന് മുന്നില്‍ കാണുന്നത് മുഴുവന്‍ വേണ്ടെന്ന് തോന്നാനെ തരമുള്ളൂ. കാരണം ചെയ്തത് മുഴുവന്‍ അതാണല്ലോ.

അന്നും കാര്യങ്ങള്‍ വിപരീതമായിരുന്നില്ല. അവരുടെ കൂടി കാഴ്ചയ്ക്ക് വേണ്ടി അമ്മയും അരുണും മാറിക്കൊടുത്തപ്പോള്‍ ആയ കാലത്ത് അച്ഛന്‍ കരുതി വച്ചതും അവള്‍ കരിച്ചു കളഞ്ഞതുമായ ഓര്‍മ്മകള്‍ മാത്രം പറഞ്ഞു.

അച്ഛന് ഓര്‍മ്മകള്‍ മാത്രമേ പറയാനുള്ളൂ,, കാരണം അച്ഛന് പുതിയതൊന്നും അറിയില്ല,, പുതിയതൊന്നും പറയാനുമില്ല. അവള്‍ക്ക് കരച്ചില്‍ വന്നു.

കാലം കടന്നു പോയിട്ടും എന്താണിങ്ങനെ,, മനസ്സില്‍ ഇട്ട് ചീഞ്ഞു നാറി. എന്റെ മനസ്സ് നോവിച്ചതിന് നീ അനുഭവിക്കും എന്നാണ് അച്ഛന്‍ അവസാനം പറഞ്ഞ് നിര്‍ത്തിയത്. അച്ഛന് സുഖ മരണം നേര്‍ന്നു കൊണ്ട് അവളും ഇറങ്ങി.

അവള്‍ക്കും ഇനി പറയാന്‍ അത് മാത്രമേ ഉള്ളൂ. എല്ലാം കണ്ടും കേട്ടും വിങ്ങി പൊട്ടിയ അമ്മ അവളെ വീണ്ടും യാത്രയാക്കി. അവര്‍ പോയതിന് പിന്നാലെ അച്ഛനും യാത്രയായി.