ഒരവസരം കിട്ടാന്‍ നില്‍ക്കുന്ന അമ്മായിയമ്മ പിന്നാലെ കൂടും, തൊട്ടത്തിലും പിടിച്ചതിലും സകലത്തിലും കുറ്റം..

ഇരുട്ടത്ത് പൊട്ടിയ നൂല് കെട്ട്
(രചന: Vipin PG)

തൂങ്ങാന്‍ വേണ്ടി ഷാള്‍ എടുത്ത ശേഷം അഞ്ജലി കുറച്ചു നേരം ഫാന്‍ നോക്കി ഇരുന്നു. ഇപ്പോഴും വേണമെന്ന് അവള്‍ ഉറപ്പിച്ചിട്ടില്ല.

പക്ഷെ ഉറപ്പിച്ച പോലെ തന്നെയാണ്. കാരണം നാളെ നേരം വെളുപ്പിക്കുന്നതിനെ കുറിച്ച് അവള്‍ ചിന്തിക്കുന്നെ ഇല്ല.

അതിന്റെ കാരണം ചേട്ടന്റെ മോളുടെ നൂല് കെട്ടാണ്. വലിയ കുടുംബം ആയത് കൊണ്ട് എല്ലാവരും ഒത്തുകൂടും. പകലും രാത്രിയുമായി ഇന്ന് വന്നവരുടെ കളിയാക്കല്‍ തന്നെ അവള്‍ക്ക് പറ്റുന്നില്ല.

ഒരവസരം കിട്ടാന്‍ നില്‍ക്കുന്ന അമ്മായിയമ്മ പിന്നാലെ കൂടും. തൊട്ടത്തിലും പിടിച്ചതിലും സകലത്തിലും കുറ്റം. ആര് കൂടെയുണ്ടോ ആരുടെ കൂടെയാണോ ഒന്നും നോക്കില്ല.

ജീവന്‍ അവളെ പ്രേമിച്ചു കെട്ടിയതാണ്. അന്ന് അമ്മ പറഞ്ഞത് അവന്‍ കേട്ടില്ല. അതിനു മുഴുവന്‍ അനുഭവിക്കുന്നത് ഇപ്പോള്‍ അഞ്ജലിയാണ്.

ചിലത് മനസ്സില്‍ തട്ടിയാല്‍ അങ്ങനെയാണ്,, അത് മനസ്സില്‍ നിന്ന് അങ്ങനെ പോകില്ല.

“ നിന്റെ തന്ത കിളയ്ക്കാന്‍ പോയപ്പോള്‍ ഉണ്ടായ സന്തതിയല്ലേ. അപ്പൊ ചേറിന്റെ മണം എല്ലാത്തിലും കാണും. അതോണ്ട് ഇന്ന് നീ അടുക്കളയില്‍ കയറണ്ട. നിനക്കുള്ളത് റൂമില്‍ തരും”.

ഇത്രയും പറഞ്ഞത് വൈകിട്ടെത്തിയ ബന്ധു മിത്രാദികളുടെ മുന്നില്‍ വച്ചാണ്.

കേട്ടവരില്‍ കുറച്ചു പേര് മരവിച്ച് ഇരുന്ന് പോയി. അനിയന്‍ പോയി ചോദിച്ചു. അമ്മ എന്താ പറഞ്ഞെന്ന്.

നീ നിന്റെ പണി എടുക്ക് എന്ന് അമ്മ മറുപടി പറഞ്ഞപ്പോള്‍ കൈയ്യില്‍ ഉണ്ടായ ഗ്ലാസ്സ് നിലത്തെറിഞ്ഞു പൊളിച്ചിട്ട്‌ അവന്‍ പോയി. അപ്പോഴും എല്ലാവരും ഒന്ന് മരവിച്ചിരുന്നു.

ആരെയും ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഈ വീട്ടില്‍ വന്നതിനു ശേഷമുള്ള ഓരോ കാര്യങ്ങളും ഒരു ഡയറിക്കുറിപ്പ്‌ പോലെ അവള്‍ അവളുടെ അമ്മയോട് പറയാറുണ്ട്. അത് നേര്‍ പകുതിയായി അവളുടെ അമ്മ അച്ഛനോടും.

പക്ഷെ പരാതി കൂടുന്നതല്ലാതെ യാതൊരു മാറ്റവും അവളുടെ ജീവിതത്തില്‍ സംഭവിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഒരു തിരിച്ചു പോക്ക് അസാധ്യമാണെന്ന് മനസ്സിലായപ്പോള്‍ മുതല്‍ അവള്‍ ചിന്തിക്കുന്നത് ഇങ്ങനൊരു മോമാന്റ്റ് ആണ്.

അറുപത് കഴിഞ്ഞ കാരണവന്മാരെ പറഞ്ഞ് മാറ്റാന്‍ പറ്റില്ല. പിന്നെ ഒരു വഴി മാറി താമസിക്കുകയാണ്. പക്ഷെ അത് ജീവന്‍ സമ്മതിക്കുന്നില്ല. കല്യാണം കഴിഞ്ഞ് നാലാം മാസം അവന്‍ ദുബായിക്ക് പോയതാണ്.

ലീവ് കിട്ടിയിട്ടും വരാത്തത് വീട്ടില്‍ ഈ അന്തരീക്ഷം ആയത് കൊണ്ടാണ്. അവനും പെരുമാറ്റ വൈകല്യം എന്നൊന്നുണ്ട്. ഒന്നേല്‍ എല്ലാം കേട്ടിരിക്കും,, അല്ലെങ്കില്‍ പൊട്ടി തെറിക്കും. ഇതിനു രണ്ടിനുമിടയില്‍ മറ്റൊന്നില്ല.

എന്തായാലും പുറത്തിറങ്ങില്ല,, നാളെ ഒരു പകല്‍ എങ്ങനെ തള്ളി നീങ്ങും. നാളെയും അപരാതിയെ പോലെ പറഞ്ഞാല്‍,, ചിലപ്പോള്‍ അച്ഛന്‍ കേട്ട് നില്‍ക്കെ പറഞ്ഞാല്‍.

വേണ്ട,, ഇവിടെ തീരട്ടെ. അവള്‍ എഴുന്നേറ്റു ഷാള്‍ കെട്ടാന്‍ നോക്കുമ്പോള്‍ പെട്ടെന്ന് ഡോറില്‍ മുട്ടുന്ന ശബ്ദം. ഷാള്‍ പെട്ടെന്ന് മാറ്റി അവള്‍ ഡോര്‍ തുറന്നു.

ജീവന്റെ അനിയത്തിയാണ്. അവള്‍ അഞ്ജലിയുടെ കൈ പിടിച്ചു.

“ചേച്ചി,, അമ്മ പറയുന്നതൊന്നും കാര്യമാക്കണ്ട എന്ന് ഞാന്‍ പറയില്ല,, കാരണം ആരെങ്കിലും എന്നെ അങ്ങനെ പറഞ്ഞാല്‍ പറഞ്ഞ ആളുടെ തല ഞാന്‍ അടിച്ചു പൊട്ടിക്കും. എനിക്ക് ചേച്ചിയെ പോലെ ക്ഷമയില്ല”

അവള്‍ അഞ്ജലിയുടെ കൈയ്യില്‍ ഒരു കവര്‍ കൊടുത്തു.

“എന്റെ അമ്മയെ സഹിക്കുന്നതിന് ഇവിടെ വന്നു ചേര്‍ന്ന എല്ലാവരും കൂടി തന്ന ക്ഷമയ്ക്കുള്ള നോബേല്‍ സമ്മാനമാണ്”

ഒറ്റ നിമിഷം കൊണ്ട് അഞ്ജലിക്ക് ചിരി വന്നു. അവള്‍ കൊടുത്ത ആ കവര്‍ വാങ്ങിയ അഞ്ജലി അതുമായി അകത്തേയ്ക്ക് കയറി.

വാതിലടച്ച ശേഷം കവര്‍ പൊട്ടിച്ചു നോക്കിയപ്പോള്‍ ഡ്രസ്സ് ആണ്. നാളെ ഇതിടണം എന്ന് ഒരു ലെറ്ററും. അഞ്ജലിക്ക് സന്തോഷമയി. സമാധാനമായി. അവളെ ഇഷ്ടപ്പെടാനും ഇവിടെ ആള്‍ക്കാര്‍ ഉണ്ടല്ലോ.

അഞ്ജലി വളരെ സമാധാനത്തോടെ ഇരിക്കുമ്പോള്‍ വീണ്ടും ഡോറില്‍ മുട്ടുന്ന ശബ്ദം കേട്ടു. അഞ്ജലി ഡോര്‍ തുറന്നപ്പോള്‍ അമ്മായിയമ്മയാണ്.

“ ആഹാ,, കതകടച്ച് ഇരിക്കുവാണോ.. വന്നിട്ട് ആ പാത്രം കഴുകിയെ.. അത് കൊള്ളാലോ”
ഒരു സന്തോഷന്തിന്റെ പുറകെയുള്ളതായത് കൊണ്ട് അഞ്ജലി ചിരിച്ചു തന്നെ കൈകാര്യം ചെയ്തു.

അഞ്ജലി പോയി പാത്രം കഴുകാന്‍ തുടങ്ങി. അവള്‍ ചിരിച്ചു കൊണ്ട് പോകുന്നത് അമ്മായിയമ്മയ്ക്ക് തീരെ പിടിച്ചില്ല.

അമ്മായിയമ്മ പുറകെ പോയി. ആ പോക്ക് അത്ര പന്തിയല്ലല്ലോ എന്ന് തോന്നിയപ്പോള്‍ മോള് അമ്മയുടെ പുറകെ പോയി.

“അമ്മയൊന്നു നിന്നെ”

“ നീ എങ്ങോട്ടാ”

“ അമ്മ എങ്ങോട്ടാ”

“ ഞാന്‍ പാത്രം കഴുകാന്‍ പോകുവാ”

“ ഞാനും വരാം”

“ വേണ്ട,, ഞാന്‍ മതി.. നീ പോയി കിടക്ക വിരിക്ക്” അതും പറഞ്ഞ് അമ്മ പോയി. ഇനി പുറകെ പോയിട്ട് കാര്യമില്ലെന്ന് അവള്‍ക്ക് മനസ്സിലായി. അമ്മ പോയി അഞ്ജലിയുടെ അടുത്തിരുന്നു.

ഇരുട്ടത്ത് നിന്ന് അഞ്ജലി പാത്രം കഴുകി തുടങ്ങി. അമ്മായിയമ്മ ലൈറ്റ് ഓഫ് ചെയ്തതാണ്. അവള്‍ക്കത് മനസ്സിലായി. അവള്‍ ഓരോ പാത്രം കഴുകുമ്പോഴും അമ്മായിയമ്മ ചൊറിയാന്‍ തുടങ്ങി.

അഞ്ജലി കാര്യമായി ഒന്നും പ്രതികരിക്കുന്ന കാണുന്നില്ലെന്ന് കണ്ടപ്പോള്‍ അവര്‍ മാന്താന്‍ തുടങ്ങി. ഒടുക്കം സാമ്പാറിന്റെ പാത്രം കഴുകുന്നതിന്റെ ഇടയില്‍ അമ്മായിയമ്മ വീണ്ടും പറഞ്ഞു.

“നിന്റെ അച്ഛനെ പറ്റി നടന്ന മണം നിനക്കും കാണും. അത് നീ എന്റെ മോന്റെ ദേഹത്ത് പറ്റിക്കരുതെന്ന്”

അത് കേട്ടപ്പോള്‍ സകല റിലെയും പോയ അഞ്ജലി സാമ്പാറും പാത്രം എടുത്ത് അമ്മായിയമ്മയുടെ നേരെ എറിഞ്ഞു.

സാമ്പാറില്‍ കുളിച്ച അമ്മായിയമ്മ ഉറക്കെ നില വിളിച്ചു. അലര്‍ച്ച കേട്ട് എല്ലാവരും ഓടി വന്നു. അഞ്ജലി ഒന്ന് റിയാക്റ്റ്‌ ചെയ്യണമെന്ന് ഏറെക്കുറെ എല്ലാവരും ആഗ്രഹിച്ചിരുന്നു എങ്കിലും ഇത് കുറച്ചു കടുത്തു പോയെന്നു തോന്നി.

രണ്ടുപേരും നില വിട്ടു നില്‍ക്കുന്നതായത് കൊണ്ട് ആരും അടുത്തേയ്ക്ക് പോയില്ല.

ജീവന്റെ അനിയന്‍ ഒരു തൊട്ടി വെള്ളമെടുത്ത് അമ്മയുടെ തല വഴി ഒഴിച്ചു. കണ്ണ് നേരെയായപ്പോള്‍ ആ സ്ത്രീ ആദ്യം നോക്കിയത് അഞ്ജലിയെയാണ്.

ഡീ എന്ന് പറഞ്ഞ് ആ സ്ത്രീ വീണ്ടും അഞ്ജലിയുടെ അടുത്തേയ്ക്ക് വന്നു. എന്തും നേരിടാന്‍ തയ്യാറായി അഞ്ജലി നിന്നപ്പോള്‍ അയ്യോ അയ്യോ എന്ന് ചുറ്റും നിലവിളി തുടങ്ങി.

ജീവന്റെ അനിയന്‍ കളി കാണാന്‍ ഗ്യാലറിയില്‍ ഇരിക്കുന്ന പോലെ ഒരു കസേരയും എടുത്തിട്ട് ഇരുന്നു.

അമ്മായിയമ്മ അഞ്ജലിയെ വീണ്ടും തല്ലാന്‍ കൈ ഓങ്ങിയപ്പോള്‍ അവള് കൈ പിടിച്ചു തിരിച്ചു. അമ്മായിയമ്മയുടെ വലിയ വായിലുള്ള നിലവിളി ആ വീട്ടില്‍ മുഴങ്ങി കേട്ടു.

ഇനി വയലന്റ് ആയാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് തോന്നിയപ്പോള്‍ ജീവന്റെ അനിയന്‍ ഇടയില്‍ കയറി അമ്മയെ പിടിച്ചു മാറ്റി.

അമ്മയെ ഹോസ്പിറ്റലില്‍ കൊണ്ട് പോകാന്‍ പറഞ്ഞ ശേഷം അഞ്ജലി പാത്രം കഴുക്ക് തുടര്‍ന്നു. ആരും ഒന്നും മിണ്ടുന്നില്ല.