ഒരു നില വിളിയോടെ അമ്മിണി ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേല്‍ക്കുകയും ചെയ്തു, എന്തിനാ നില വിളിച്ചത് എന്ന്..

ശശാങ്കന്റെ സ്വര്‍ണ്ണ കിണ്ടി
(രചന: Vipin PG)

ശശാങ്കന്‍ പാതിരാത്രി പറമ്പ് കിളക്കുന്നത് കണ്ടപ്പോള്‍ ഭാര്യ അമ്മിണി പറമ്പില്‍ ചെന്നു.

“ നിങ്ങളെന്തിനാ മനുഷ്യാ ഈ സമയത്ത് കിളക്കുന്നത്”

“ പകല്‍ കിളച്ചാല്‍ ആള് കാണൂലെ”

“ ആള് കണ്ടാലെന്താ”

“ ഡീ,, വെറുതെ കിളക്കുന്നതല്ല.. ഇതില്‍ നിധിയുണ്ട്” നിധിയെന്നു കേട്ടപ്പോള്‍ ഞെട്ടിയ അമ്മിണി പിന്നെ മിണ്ടിയില്ല.

“ നീ ആരേലും വരുന്നുണ്ടോ എന്ന് നോക്ക്.. എന്നിട്ട് ഞാന്‍ കിളയ്ക്കുന്ന മണ്ണെടുത്ത് മാറ്റിയിട്”

അമ്മിണി ശശാങ്കന്‍ പറയുന്നത് പോലെ ചെയ്തു. എന്നാലും ഇങ്ങേരു ഇതെപ്പോ ഇവിടെ കുഴിച്ചിട്ടു. മിണ്ടരുത് എന്ന് പറഞ്ഞത് കൊണ്ട് നിധി എന്താണെന്ന് ചോദിക്കാനും നിവര്‍ത്തിയില്ല. ശശാങ്കന്‍ കുഴിക്കുന്നു. അമ്മിണി മണ്ണ് മാറ്റിയിടുന്നു.

കുഴിച്ചു കുഴിച്ച് കുഴി വലുതായപ്പോള്‍ അതാ അതിലൊരു പൊതി. ശശാങ്കന്‍ കുഴിയില്‍ ഇറങ്ങി പൊതിയെടുത്തു. പൊതി അഴിച്ചപ്പോള്‍ അതില്‍ ഒരു സ്വര്‍ണ്ണ കിണ്ടി.

അമ്മണിയുടെ കണ്ണ് തള്ളി വന്നു.
“ ഇതെങ്ങനെ ഇവിടെ വന്നു”
അമ്മിണി ശബ്ദം കുറച്ചു ചോദിച്ചു.

“ ഡീ,, ഒരു കണിയാന്‍ പ്രശ്നം വച്ചപ്പോള്‍ കണ്ടതാ ഇവിടെ ഒരു നിധിയുണ്ടെന്ന്. അഥവാ കുഴിച്ചു കിട്ടിയാല്‍ പാതി അയാള്‍ക്ക് കൊടുക്കണമെന്ന് പറഞ്ഞു”

“ പാതിയോ മുക്കാലോ കൊടുക്കാം,, ആദ്യം ഇത് വിക്കണ്ടേ”

“ വില്‍ക്കണം,, നീ സമാധാനപ്പെട്,, എല്ലാത്തിനും ഞാന്‍ വഴി കണ്ടിട്ടുണ്ട്”

“ എന്ത് വഴി”

“ ഒരു സ്വര്‍ണ്ണ കടക്കാരനെ പിടിച്ചിട്ടുണ്ട്.. അയാള്‍ ഒരു പവന് മുക്കാ പവന്റെ വില തരും”

“ അതെന്താ അങ്ങനെ”

“ ഡീ ഇത് നമ്മള്‍ സര്‍ക്കാരില്‍ കൊടുക്കണ്ടതാ.. പുരത്തറിഞ്ഞാ പണിയാകും.. കിട്ടുന്ന പൈസയ്ക്ക് കൊടുത്ത് കാശ് വാങ്ങാം”
മുക്കാലെങ്കില്‍ മുക്കാല്. ശശാങ്കനും അമ്മിണിയും കിണ്ടി വീട്ടില്‍ കൊണ്ടുപോയി.

അമ്മിണി കിണ്ടി കഴുകി വൃത്തിയാക്കി. കിണ്ടി വൃത്തിയാക്കുമ്പോള്‍ അമ്മിണിക്ക് ബോധോദയം..

പാതി കണിയാന് കൊടുക്കണം. ബാക്കി പാതി കിട്ടൂള്ളല്ലോ. അതിന്റെ കാല്‍ പങ്ക് ജ്വല്ലറിയില്‍ കൊടുക്കണം. എല്ലാം പോയാല്‍ പിന്നെ കാലല്ലേ ഉള്ളു. മുക്കാലും പോകും. അത് പറ്റൂല.

“ ചേട്ടാ,, പറമ്പ് നമ്മുടെ ,,, അധ്വാനം നമ്മുടെ,, പിന്നെ എന്തിനാ വല്ലോര്‍ക്കും ഇതൊക്കെ വെറുതെ കൊടുക്കുന്നെ”

“ എന്നാലും ഞാന്‍ വാക്ക് പറഞ്ഞതല്ലേ”

“വാക്കും പഴേ ചാക്കും കണക്കാ.. ഒറ്റ വലിക്ക് കീറും… ചേട്ടനൊരു കാര്യം ചെയ്യ്‌.. ഈ കിണ്ടി ഉരുക്കി രണ്ടു കിണ്ടി ആക്കണം. ഒരെണ്ണം കണിയാനെ കാണിച്ചാ മതി”

അമ്മിണി പറഞ്ഞത് ബുദ്ധിയാണെന്നു ശശാങ്കനും തോന്നി. ശശാങ്കന്‍ സ്വര്‍ണ്ണ കടയില്‍ പോയി ആളെ കണ്ടു. ആയാള് ശശാങ്കനെ കൂട്ടി അയാളുടെ വീട്ടില്‍ പോയി.

ശശാങ്കന്‍ പറഞ്ഞപോലെ കിണ്ടി രണ്ടാക്കി. രണ്ട് കിണ്ടീടെയും ശശാങ്കന്റെ പങ്ക് മേടിച്ച ശേഷം തിരികെ വീട്ടില്‍ വന്നു. കിട്ടിയ വില കണ്ടപ്പോള്‍ അമ്മിണിയുടെ കണ്ണ് പിന്നെയും തള്ളി വന്നു. അമ്മിണി പറഞ്ഞു

“ ചേട്ടാ,, കിണ്ടി നാലാക്കായിരുന്നു.. നമ്മുടെ പറമ്പ് നമ്മുടെ അധ്വാനം.. കണിയാന് ഗണിച്ചു പറഞ്ഞാ പോരെ.. പണി നമുക്കല്ലേ”

“ എന്നാ ഒരു കാര്യം ചെയ്യാം… കിണ്ടി നാലാക്കിയിട്ട് ജ്വല്ലറിക്കാരനോട് ബില്ല് തിരുത്തി തരാന്‍ പറയാം”

“ അതാ നല്ലത്”

ശശാങ്കന്‍ പോയി ബില്ല് തിരുത്തി. ബില്ല് തിരുത്താന്‍ ജ്വല്ലറിക്കാരന്‍ വീണ്ടും പൈസ ചോദിച്ചു.

“ അതെന്തിനാ ചേട്ടാ വീണ്ടും പൈസ”

“ പണി എടുക്കുന്നതിനു പൈസ വേണ്ടേ ശശാങ്കാ,, അതും കള്ളപ്പണി”

വേറെ നിവര്‍ത്തിയില്ലാതെ ശശാങ്കന്‍ ബില്ലും തിരുത്തി അയാള് പറഞ്ഞ പൈസയും കൊടുത്തിട്ട് തിരിച്ചു പോന്നു. ജ്വല്ലറിയില്‍ നടന്ന കാര്യം പറഞ്ഞപ്പോള്‍ അമ്മിണിക്ക് വീണ്ടും വിഷമം.

“ ചേട്ടാ ,, നമ്മുടെ പൈസ കുറെപ്പോയി.. നമ്മുടെ പറമ്പ് നമ്മുടെ അധ്വാനം… കിണ്ടി കിട്ടീല എന്ന് പറഞ്ഞാലോ”

“ അത് വേണോ അമ്മിണി.. ഒന്നുല്ലേലും അയാള് ഗണിച്ചിട്ടല്ലേ കിണ്ടി കണ്ടു പിടിച്ചത്”

“ അയാള് ഗണിച്ചതിന്റെ കാശ് കൊടുക്ക്,, വേണേല്‍ അതിന്റെ ഇരട്ടി കൊടുക്ക്… അല്ലാതെ നമ്മുടെ പറമ്പില്‍ നിന്ന് കിട്ടിയ മൊതല് അയാള്‍ക്ക് കൊടുക്കുന്നത് എന്തിനാ”

“ അമ്മിണി,, നിനക്ക് അയാളോട് മുന്‍ വൈരാഗ്യം വല്ലതുമുണ്ടോ”

“ ഇല്ല

“ പിന്നെ നീയെന്തിനാ അയാളോട് മാത്രം ഇങ്ങനെ ചെയ്യുന്നേ”

“ ജ്വല്ലറി ഇല്ലാതെ നമ്മുടെ കാര്യം നടക്കൂലല്ലോ.. അപ്പൊ പിന്നെ കൊടുക്കാതെ പറ്റൂല. പക്ഷെ കണിയാനെ എനിക്ക് പണ്ടേ ഇഷ്ടമല്ല”

“ അതെന്താ”

“ പണ്ട് ഞാന്‍ ചെയ്ത സകല ഉടായിപ്പും കണ്ടു പിടിച്ച് അമ്മയോട് പറഞ്ഞ് കൊടുക്കും. എല്ലാം കിറുകൃത്യം.. അന്ന് ഞാന്‍ വെറുത്തതാ കണിയാന്‍ ,മാരെ.. ഇപ്പൊ ഒരു ഉപകരത്തിലെത്തി.. പക വീട്ടാനുള്ളതാണ്… അയാള്‍ക്ക് ഒരു കിണ്ടിയും കൊടുക്കണ്ട”

അമ്മിണി പറഞ്ഞ പ്രതികാര കഥ കേട്ടപ്പോള്‍ ശശാങ്കനും കൂടെ നിന്നു.

അമ്മിണിയാണല്ലോ ഭാര്യ. അപ്പൊ ശശാങ്കന്‍ കൂടെ നില്‍ക്കേണ്ടതും അമ്മിണിടെ കൂടെയല്ലേ. ഇനിയെന്ത് വേണം. അമ്മിണിയും ശശാങ്കനും പ്ലാന്‍ ചെയ്തു. രാത്രിക്ക് രാത്രി നാട് വിടാം. അതാണ്‌ ഏറ്റവും നല്ലത്.. ഇനിയിവിടെ നില്‍ക്കണ്ട.

അമ്മിണി പറഞ്ഞത് ശരിയാണെന്ന് ശശാങ്കനും തോന്നി. അവര് വളരേ അത്യാവശ്യം വേണ്ടതൊക്കെ എടുത്ത് മടക്കി പെട്ടീല് വയ്ക്കാന്‍ തുടങ്ങി.

കാശ് തന്നെ വന്നു രണ്ടുപെട്ടി. തുണിയിടാന്‍ പെട്ടിയില്ല. കിട്ടുന്ന കവറിലൊക്കെ ഓരോന്നും പെറുക്കി വയ്ക്കുമ്പോള്‍ അതാ ഒരാള്‍ വീട് തേടി വരുന്നു.

അയാള്‍ക്ക് ചുറ്റും പ്രകാശമുണ്ട്. മുഖം വ്യക്തമല്ല. അയാളുടെ കൈയ്യില്‍ കത്തിച്ച ചൂട്ടുണ്ട്. ഇതാരാ ദൈവമേ ചൂട്ടു കത്തിച്ചു വരാന്‍ എന്ന് നോക്കിയപ്പോള്‍ അതാ വരുന്നു കള്ളന്‍ പവിത്രന്‍.

ചൂട്ടു കെടുത്തി ശശാങ്കന്റെ വീട്ടില്‍ കയറിയ പവിത്രന്‍ ശശാങ്കനോട് ചോദിച്ചു.

“ എന്റെ കിണ്ടി എവിടെ”

“ തന്റെ കിണ്ടിയോ,, ഏത് കിണ്ടി”

“ ഈ പറമ്പിന്റെ തെക്കേ മൂലയില്‍ കുഴിച്ചപ്പോ തനിക്ക് കിട്ടീലെ ഒരു സ്വര്‍ണ്ണ കിണ്ടി. അത് തന്നെ”

“ ഇവിടെ കിണ്ടിയുണ്ടെന്നു തനിക്കെങ്ങനെ അറിയാം”

“ ഞാനാണല്ലോ കിണ്ടി കുഴിച്ചിട്ടത്”

“ അപ്പൊ കണിയാന്‍ ഗണിച്ചു പറഞ്ഞതോ”

“ ഈ കിണ്ടി കിട്ടാന്‍ എന്തെങ്കിലും ഒരു വഴി പറഞ്ഞ് തരാന്‍ വേണ്ടി ഞാന്‍ കണിയാന്റെ അടുത്ത് പോയതാ. അപ്പൊ കണിയാന്‍ കിണ്ടി വിഴുങ്ങാന്‍ നോക്കി. എനിക്കെന്റെ കിണ്ടി വേണം”

“ പവിത്രാ,, ഇവിടെ കിണ്ടിയുമില്ല മൊന്തയുമില്ല,,, ഞങ്ങളൊരു ദൂരയാത്ര പോകാന്‍ നോക്കുവാ”

“ ശശാങ്കാ,, എന്റെ കിണ്ടി തന്നിട്ട് താന്‍ എങ്ങോട്ട് വേണേല്‍ പൊക്കോ,, അല്ലാണ്ട് താന്‍ ഒരടി ഇവിടുന്ന് അനങ്ങൂല”

അമ്മിണിയും ശശാങ്കനും പവിത്രനെ നോക്കാതെ പാക്കിംഗ് ആണ്. ചുറ്റും നോക്കിയ പവിത്രന്‍ അവിടെ മാറി ഒരു ഒലക്ക കണ്ടു. ഒലക്ക കൈയ്യിലെടുത്ത പവിത്രന്‍ ഒലക്ക കൊണ്ട് കുനിഞ്ഞു നില്‍ക്കുന്ന ശശാങ്കന്റെ തലയില്‍ ഒരൊറ്റ അടിയാണ്.

ഒരു നില വിളിയോടെ ശശാങ്കന്റെ ബോധം പോയി. അതേപോലെ ഒരു നില വിളിയോടെ അമ്മിണി ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേല്‍ക്കുകയും ചെയ്തു.

എന്തിനാ നില വിളിച്ചത് എന്ന് ചോദിച്ചിട്ട് ഒന്നും മിണ്ടാതെ പോയ അമ്മിണി വീട് മുഴുവന്‍ നോക്കിയപ്പോള്‍ വീടൊക്കെ പഴയത് പോലെ.

ടോര്‍ച്ച് എടുത്ത് പറമ്പില്‍ പോയപ്പോള്‍ പറമ്പില്‍ കുഴിയുമില്ല. പുറകെ ഓടിവന്ന ശശാങ്കന്‍ എന്താടി എന്ന് ചോദിച്ചപ്പോള്‍ കിണ്ടി എവിടെ എന്നായിരുന്നു അമ്മിണിയുടെ മറുപടി.

“ എന്ത് കിണ്ടി ഏത് കിണ്ടി”

“ നിങ്ങള്‍ കുഴിച്ചെടുത്ത കിണ്ടി”

“ പാതി രാത്രിക്ക് ഓരോ ഉറക്കപ്പിച്ചു പറയാതെ വീട്ടില്‍ കേറി പോടീ”

എന്ന് അലറിക്കൊണ്ട്‌ ശശാങ്കന്‍ വീട്ടില്‍ പോയി. ഈ കണ്ടതെല്ലാം ഒരു സ്വപ്നമായിരുന്നു എന്ന് ഉള്‍ക്കൊള്ളാന്‍ കുറച്ചു സമയമെടുത്ത അമ്മിണി വെളുപ്പാന്‍ കാലത്ത് ആ പറമ്പില്‍ തണുപ്പും കൊണ്ട് നിന്നു.

Leave a Reply

Your email address will not be published. Required fields are marked *